രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

സ്പ്രിങ് ടേം 2026 പാസിങ് ഔട്ട് പരേഡിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഏഴിമല ഇന്ത്യൻ നാവിക അക്കാദമി

പോസ്റ്റഡ് ഓണ്‍: 25 MAY 2026 5:00PM by PIB Thiruvananthpuram
ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമി സ്പ്രിങ് ടേം 2026-ന്റെ പാസിങ് ഔട്ട് പരേഡിന് 2026 മേയ് 28-ന് ആതിഥേയത്വം വഹിക്കും.  ഔദ്യോഗിക ചടങ്ങിൽ ദക്ഷിണ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിങ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേന മുഖ്യാതിഥിയായും പരേഡ് നിരീക്ഷണ ഉദ്യോഗസ്ഥനായും പങ്കെടുക്കുന്നത് ചടങ്ങിന് കൂടുതൽ പ്രൗഢിയേകും. കഠിന പരിശീലനം പൂർത്തിയാക്കിയ യുവ പരിശീലനാര്‍ത്ഥികളെ ഇന്ത്യൻ നാവികസേന, തീരസംരക്ഷണസേന, വിദേശ സുഹൃദ് രാജ്യങ്ങളിലെ സമുദ്ര സുരക്ഷാ സേനകൾ എന്നിവയിലുള്‍പ്പെടുത്തുന്നതിനെ ഔദ്യോഗികമായി അടയാളപ്പെടുത്തുന്ന ഈ പാസിങ് ഔട്ട് പരേഡ് ഓരോ കേഡറ്റിന്റെയും ജീവിതത്തിലെ നിർണായക നാഴികക്കല്ലാണ്.

കുറ്റമറ്റ സൈനിക പരേഡിന്റെയും അതിരറ്റ അഭിമാനത്തിന്റെയും ദേശഭക്തിയുടെ ആവേശത്തിന്റെയും പ്രചോദനാത്മക മിശ്രണമെന്ന നിലയിൽ സൈനിക പാരമ്പര്യങ്ങളിലെ ആദരണീയ ചടങ്ങാണ് ഈ ഔദ്യോഗിക പാസിങ് ഔട്ട് പരേഡ്. വിജയകരമായി പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകൾ രാജ്യത്തിന്റെ സമുദ്ര അതിർത്തികളും സുരക്ഷാ താല്പര്യങ്ങളും സംരക്ഷിക്കുന്ന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാന്‍  സന്നദ്ധത പ്രകടിപ്പിച്ച് പരേഡ് ഗ്രൗണ്ടിലേക്ക് മാർച്ച് ചെയ്യും. ഇന്ത്യൻ നാവികസേനയിലെയും തീരസംരക്ഷണ സേനയിലെയും പരിശീലനാര്‍ത്ഥികള്‍ക്കൊപ്പം സീഷെൽസ്, ടാൻസാനിയ, വിയറ്റ്നാം എന്നീ മൂന്ന് സുഹൃദ് വിദേശ രാജ്യങ്ങളിലെ അന്താരാഷ്ട്ര പരിശീലനാര്‍ത്ഥികളും സ്പ്രിങ് ടേം 2026-ലെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുക്കും.  അന്താരാഷ്ട്ര സമുദ്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലെ ഇന്ത്യയുടെ നിരന്തര പ്രതിബദ്ധതയെ ഇത് അടിവരയിടുന്നു.

യുവ പരിശീലനാര്‍ത്ഥികളെ സമുദ്ര സുരക്ഷാ സേനയുടെ ഭാവി നേതൃനിരയിലേക്ക് എത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച പ്രതിരോധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരും വിദേശ മിലിറ്ററി അറ്റാഷെമാരും പരിശീലനാര്‍ത്ഥികളുടെ  മാതാപിതാക്കളും ഇന്ത്യന്‍ നാവികസേന പരിശീലകരും ചടങ്ങിന് സാക്ഷ്യം വഹിക്കും.  മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് മെഡലുകളും ട്രോഫികളും പരേഡിൽ വിതരണം ചെയ്യുന്നത് പരിപാടിയുടെ മാറ്റുകൂട്ടും. തുടർന്ന് പരിശീലനാര്‍ത്ഥിയില്‍നിന്ന്  സൈനിക  ഉദ്യോഗസ്ഥനെന്ന നിലയിലേക്കുള്ള മാറ്റം അടയാളപ്പെടുത്തുന്ന പരമ്പരാഗത 'ഷിപ്പിങ് ഓഫ് സ്ട്രൈപ്സ്' ചടങ്ങുമുണ്ടാകും.  

ഇന്ത്യൻ നാവികസേനയുടെ ഔദ്യോഗിക ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിൽ ചടങ്ങ് തത്സമയം ലഭ്യമാക്കുന്നതിലൂടെ  ലോകത്തെവിടെയും ചടങ്ങിന് ഡിജിറ്റലായി സാക്ഷ്യം വഹിക്കാൻ അവസരമുണ്ടാകും.  
 
*****

( റിലീസ് ഐ.ഡി: 2265289) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil