വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-കാനഡ സി.ഇ.പി.എ (CEPA) ചർച്ചകൾക്കും ഉന്നതതല ബിസിനസ്സ് കൂടിക്കാഴ്ചകൾക്കുമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ കാനഡ സന്ദർശിക്കും

പോസ്റ്റഡ് ഓണ്‍: 23 MAY 2026 7:45PM by PIB Thiruvananthpuram

ഇന്ത്യയും കാനഡയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ചർച്ചകൾ കാര്യക്ഷമമാക്കുന്നതിനും ഔദ്യോഗിക-വ്യവസായ കൂടിക്കാഴ്ചകൾക്കുമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ മെയ് 25 മുതൽ 27 വരെ കാനഡ സന്ദർശിക്കും. ലോഹങ്ങൾ & ഖനനം, ഊർജം, വാഹനങ്ങൾ & മൂലധന ഉൽപ്പന്നങ്ങൾ, എയ്‌റോസ്‌പേസ്, ടൂറിസം, തുകലും തുണിത്തരങ്ങളും, കൃഷി, ടെലികോം, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള നൂറിലധികം ഇന്ത്യൻ ബിസിനസ്സ് സ്ഥാപനങ്ങളുടെ മുതിർന്ന പ്രതിനിധികൾ ശ്രീ ഗോയലിനെ അനുഗമിക്കുന്നുണ്ട്.

 

 

സന്ദർശന വേളയിൽ ശ്രീ ഗോയൽ കാനഡയുടെ അന്താരാഷ്ട്ര വ്യാപാര മന്ത്രി മനീന്ദർ സിദ്ധുവുമായി കൂടിക്കാഴ്ച നടത്തുകയും, ഇന്ത്യ-കാനഡ സി.ഇ.പി.എ-യുടെ പുരോഗതി വിലയിരുത്തുകയും, വ്യാപാര-നിക്ഷേപ മേഖലകളിലെ പുതിയ സാധ്യതകൾ സംബന്ധിച്ച് ചർച്ചകൾ നടത്തുകയും ചെയ്യും. 2025-26 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 8 ബില്യൺ യു.എസ് ഡോളറായിരുന്നു. ഇതിൽ ഇന്ത്യയുടെ കയറ്റുമതി 4.67 ബില്യൺ യു.എസ് ഡോളറും ഇന്ത്യയുടെ ഇറക്കുമതി 3.28 ബില്യൺ യു.എസ് ഡോളറുമാണ്.

 

 

മുൻഗണനാ മേഖലകളിലെ തന്ത്രപ്രധാനമായ സഹകരണം ശക്തിപ്പെടുത്തുന്നതിനായി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയെ ശ്രീ ഗോയൽ സന്ദർശിക്കും.കൂടാതെ വിദേശകാര്യ മന്ത്രി അനിത ആനന്ദുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ നിരവധി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്യും. കൂടാതെ പ്രമുഖ കനേഡിയൻ കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, പെൻഷൻ ഫണ്ടുകൾ എന്നിവയുടെ സി.ഇ.ഒമാരുമായും അദ്ദേഹം ആശയവിനിമയം നടത്തും.

 

 

 ഇരുരാജ്യങ്ങളുടെയും പ്രധാന മുൻഗണന മേഖലയാണ് ഊർജ സുരക്ഷയും ഊർജ പരിവർത്തനവും . കാനഡയുടെ വിശാലമായ ഊർജ-പ്രകൃതിവിഭവ ശേഖരവും ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യകതകളും പരസ്പരം പൂരകങ്ങളാകുന്നു. കൂടാതെ, ഇന്ത്യയും കാനഡയും തമ്മിലുള്ള സിവിൽ ആണവ സഹകരണം ഊർജ്ജ പങ്കാളിത്തത്തിൻ്റെ   ഒരു പ്രധാന സ്തംഭമായി നിലകൊള്ളുന്നു.

 

 

ശാസ്ത്ര-സാങ്കേതിക മേഖലകളിലെ സഹകരണം, സ്ഥാപനപരമായ ഇടപെടലുകളുടെ പിന്തുണയോടെ ഈ മേഖലയിൽ ശക്തമായ അടിത്തറ സൃഷ്ടിച്ചിട്ടുണ്ട്. എ.ഐ ഗവേഷണം, മാനദണ്ഡങ്ങൾ, നൂതനാശയങ്ങൾ എന്നിവയിൽ ഇന്ത്യ-കാനഡ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള അവസരമുണ്ട്.

 

 

2025 മധ്യത്തോടെയാണ് ഇന്ത്യയും കാനഡയും തമ്മിൽ ഉന്നതതല ഇടപെടലുകൾ ആരംഭിച്ചത്. ഇതിൽ 2026 മാർച്ച് 2-ന് പ്രധാനമന്ത്രി കാർണിയുടെ ഇന്ത്യ സന്ദർശനവും ഉൾപ്പെടുന്നു. ഉഭയകക്ഷി ബന്ധത്തിലും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിലും പുതിയ ഉണർവ്വ് നൽകാൻ ഈ നടപടികൾ  സഹായിച്ചിട്ടുണ്ട്. ഈ സന്ദർശന വേളയിലാണ് ഇന്ത്യ-കാനഡ സി.ഇ.പി.എ ചർച്ചകൾക്ക് തുടക്കമിട്ടത്.

 

 

ഇന്ത്യ-കാനഡ സി.ഇ.പി.എ-യുടെ രണ്ടാം ഘട്ട ചർച്ചകൾക്കായി കാനഡയിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘം 2026 മെയ് 4 മുതൽ 7 വരെ ന്യൂഡൽഹി സന്ദർശിച്ചിരുന്നു. സി.ഇ.പി.എ-യുടെ രണ്ടാം ഘട്ട ചർച്ചകൾ തുടരുന്നതിനായി ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിയെ അനുഗമിക്കുന്നുണ്ട് . ചർച്ചകൾ വേഗത്തിലാക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണ്. 2030-ഓടെ ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 50 ബില്യൺ യു.എസ് ഡോളറായി ഉയർത്താനാണ് ഇരുപക്ഷവും ലക്ഷ്യമിടുന്നത്.

 

 

കാനഡയിൽ 28 ലക്ഷത്തോളം വരുന്ന വലിയൊരു ഇന്ത്യൻ പ്രവാസി സമൂഹമുണ്ട് (18 ലക്ഷം ഇൻഡോ-കാനഡ പൗരന്മാരും,   വിദ്യാർത്ഥികൾ ഉൾപ്പെടെ ഏകദേശം 10 ലക്ഷം എൻ.ആർ.ഐമാരും). ഇവർ ഇരുരാജ്യങ്ങൾക്കുമിടയിലായി സജീവ പാലമായി വർത്തിക്കുന്നു. കാനഡയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെയും അവരുടെ നേട്ടങ്ങളെയും കുറിച്ച് ഇന്ത്യ ഏറെ അഭിമാനിക്കുന്നു.

 

ഇന്ത്യയും കാനഡയും തമ്മിലുള്ള തന്ത്രപരവും സുരക്ഷാപരവുമായ മേഖലയിലെ  ഘടനാപരമായ ഇടപെടലുകൾ, ഉഭയകക്ഷി ബന്ധങ്ങളിലെ വിപുലമായ രാഷ്ട്രീയ-സാമ്പത്തിക നൂതനാശയങ്ങൾ എന്നിവ പുനരാരംഭിച്ചിട്ടുണ്ട്. ഈ സന്ദർശനം പരസ്പര പ്രാധാന്യമുള്ള മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനും, പരസ്പര വിശ്വാസം ശക്തിപ്പെടുത്തുന്നതിനും, ഗണ്യമായ വികസനത്തിന് സാധ്യതയുള്ള പങ്കാളിത്തത്തിന് കൂടുതൽ വേഗത പകരുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

***


( റിലീസ് ഐ.ഡി: 2264697) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Tamil