PIB Backgrounder
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ നെതർലാൻഡ്‌സ് സന്ദർശനം

ഊർജ്ജം, സാങ്കേതികവിദ്യ, തന്ത്രപരമായ സഹകരണം എന്നീ മേഖലകളിൽ പുരോഗതി

പോസ്റ്റഡ് ഓണ്‍: 21 MAY 2026 5:28PM by PIB Thiruvananthpuram

ഇന്ത്യയും നെതർലാൻഡ്‌സും തമ്മിലുള്ള ബന്ധം സമീപ വർഷങ്ങളിൽ ഗണ്യമായ പുരോഗതിയ്ക്ക് സാക്ഷ്യം വഹിച്ചു. പരമ്പരാഗത മേഖലകൾക്കപ്പുറം നൂതനവും തന്ത്രപരവുമായ മേഖലകളിലേക്ക് ഇപ്പോൾ സഹകരണം വ്യാപിച്ചിരിക്കുന്നു. 2026 മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം സെമികണ്ടക്ടറുകൾ, ഊർജ്ജ സുരക്ഷ, ശുദ്ധമായ ഊർജ്ജം, സാങ്കേതികവിദ്യകൾ, നൂതനാശയങ്ങൾ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സഹകരണം ത്വരിതപ്പെടുത്തി. സുസ്ഥിര വളർച്ച, സാമ്പത്തിക പ്രതിരോധശേഷി, ഭാവിയിലെ സഹകരണം എന്നീ മേഖലകളിലെ സമാന പ്രതിബദ്ധതയാണ് സന്ദർശനത്തിലൂടെ വെളിവായത്. കൂടുതൽ ശക്തവും ഭാവിസജ്ജവുമായ പങ്കാളിത്തമെന്ന ദർശനത്തെയും ഇത് ശക്തിപ്പെടുത്തി.

ഉയർന്നുവരുന്ന ലോകക്രമത്തിലെ ഇന്ത്യ-നെതർലാൻഡ്‌സ് ബന്ധങ്ങൾ

ഇന്ത്യയും നെതർലാൻഡ്‌സും 1947-ൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിനുശേഷം ശക്തവും വികസ്വരവുമായ ബന്ധങ്ങൾ പങ്കിടുന്നു. കാലാന്തരത്തിൽ, വ്യാപാരം, നിക്ഷേപം, ജല പരിപാലനം, കൃഷി, ആരോഗ്യം, നൂതനാശയങ്ങൾ തുടങ്ങിയ മേഖലകളിലേക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വികസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല വിനിമയങ്ങൾ ബന്ധം ശക്തിപ്പെടുത്തുകയും മികച്ച സാമ്പത്തിക, സാങ്കേതിക സഹകരണത്തിന് വഴിയൊരുക്കുകയും ചെയ്തു. ഇന്ന്, സെമികണ്ടക്ടറുകൾ, പുനരുപയോഗ ഊർജ്ജം, സമുദ്ര സാങ്കേതികവിദ്യ, പ്രതിരോധം, വിദ്യാഭ്യാസം, ഡിജിറ്റൽ നൂതനാശയങ്ങൾ എന്നിവയിൽ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുന്നു. സുസ്ഥിര വികസനം, ഈടുള്ള ആഗോള വിതരണ ശൃംഖലകൾ, നിയമാധിഷ്ഠിതമായ ലോകക്രമം എന്നിവയും ഈ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നു. ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധങ്ങളും വർദ്ധിച്ചുവരുന്ന ബിസിനസ്സ് സഹകരണവും ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി. 2026 മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം യൂറോപ്പുമായുള്ള ഇന്ത്യയുടെ ഭാവി ബന്ധങ്ങളിലേക്കുള്ള ദിശാ  സൂചികയാണ്.
 
ഇന്ത്യ–നെതർലാൻഡ്‌സ്: നൂതനാശയങ്ങൾ, വ്യാപാരം, സുസ്ഥിരത എന്നിവയ്ക്ക് പ്രോത്സാഹനം  

ശക്തമായ ചരിത്ര ബന്ധങ്ങളിലും അനുദിനം പുരോഗതി പ്രാപിക്കുന്ന തന്ത്രപരമായ സഹകരണത്തിലും അടിയുറച്ചതാണ് ഇന്ത്യ-ഡച്ച് പങ്കാളിത്തം. ഇന്ത്യയുടെ അതിവിപുലമായ നൂതനാശയ ശേഷിയെയും നൂതന സാങ്കേതികവിദ്യകളിലെ ഡച്ച് വൈദഗ്ധ്യത്തെയും ഈ പങ്കാളിത്തം സമന്വയിപ്പിക്കുന്നു. സെമികണ്ടക്ടറുകൾ, ഹരിത ഹൈഡ്രജൻ, സമുദ്ര സാങ്കേതികവിദ്യ, നൈപുണ്യയുക്തമായ തൊഴിൽ ശക്തിയുടെ കൈമാറ്റം തുടങ്ങിയ മേഖലകളിൽ സഹകരണം വികസിക്കുന്നു. സാങ്കേതികവിദ്യയ്ക്കും വ്യാപാരത്തിനും അപ്പുറം, പൊതുവായ ആഗോള അഭിലാഷങ്ങൾ, സാമ്പത്തിക സ്ഥിരത, സുസ്ഥിര വികസനം എന്നിവയ്ക്കും ഈ പങ്കാളിത്തം സംഭാവന നൽകുന്നു. സമഗ്രവീക്ഷണത്തിൽ, ആഗോള വേദിയിലെ സമാന സാമ്പത്തിക ലക്ഷ്യങ്ങൾ, സാങ്കേതിക സഹകരണം, പൊതു അഭിലാഷങ്ങൾ എന്നിവയും ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നു.

തന്ത്രപരവും ഭൗമരാഷ്ട്രീയവുമായ ഘടകങ്ങൾ: ഇന്ന്, നെതർലാൻഡ്‌സ്, ഒരു വിപണി എന്ന നിലയിൽ മാത്രമല്ല, ഒരു പ്രധാന ആഗോള പങ്കാളി എന്ന നിലയിലും ഇന്ത്യയുമായി ഇടപഴകുന്നു. നൂതന സാങ്കേതികവിദ്യകളിലെ ഡച്ച് വൈദഗ്ധ്യവും ഇന്ത്യയുടെ വിപുലമായ നിർവ്വഹണ ശേഷിയും സമന്വയിപ്പിക്കുന്നതിലൂടെ, ഈ പങ്കാളിത്തം 'ഇന്നൊവേഷൻ മീറ്റ്‌സ് സ്കെയിൽ' (പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും വിജയകരമായി വികസിപ്പിക്കുക) എന്ന ആശയത്തെ സാക്ഷാത്ക്കരിക്കുന്നു. സെമികണ്ടക്ടറുകൾ, ജലം, ഹൈഡ്രജൻ, ഊർജ്ജം, സമുദ്ര സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഈ സഹകരണം കൂടുതൽ ദൃശ്യമാണ്.

വ്യാപാരം, നിക്ഷേപം, ഇയു എഫ് ടി എ ഗേറ്റ്‌വേ: യൂറോപ്പിലെ ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളിൽ ഒന്നാണ് നെതർലാൻഡ്‌സ്. 2024–25 ൽ 27.8 ബില്യൺ യുഎസ് ഡോളറിൻ്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ആകെ 55.6 ബില്യൺ യുഎസ് ഡോളർ നേരിട്ടുള്ള വിദേശ നിക്ഷേപവുമായി ഇന്ത്യയുടെ നാലാമത്തെ വലിയ നിക്ഷേപക രാജ്യം കൂടിയാണ് നെതർലാൻഡ്‌സ്. നെതർലാൻഡ്‌സുമായുള്ള ഇന്ത്യയുടെ വ്യാപാരം മൊത്തം വ്യാപാരത്തിൻ്റെ 2.46% വരും. കൂടാതെ  17.393 ബില്യൺ യുഎസ് ഡോളറിൻ്റെ (144,095 കോടി രൂപ) വ്യാപാര മിച്ചവും ഇന്ത്യയ്ക്കുണ്ട്.  

300-ലധികം ഡച്ച് കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നു, 300-ലധികം ഇന്ത്യൻ കമ്പനികൾക്ക് നെതർലാൻഡ്‌സിൽ സാന്നിധ്യമുണ്ട്. നെതർലാൻഡ്‌സ് ഇന്ത്യ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ട്രേഡ് (NICCT), ഇന്ത്യൻ ബിസിനസ് ചേംബർ (IBC) തുടങ്ങിയ സംഘടനകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെയും നിക്ഷേപത്തെയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

സെമികണ്ടക്ടർ സഹകരണം: 2024-ൽ, നൈപുണ്യ വികസനം, പരിശീലന പരിപാടികൾ, സംയുക്ത ഗവേഷണ വികസനം, സ്റ്റാർട്ടപ്പുകളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കൽ എന്നിവയിലൂടെ ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്നതിനായി ഒരു പങ്കാളിത്തം കെട്ടിപ്പടുത്തു.

ഊർജ്ജ സുരക്ഷയും ശുദ്ധമായ ഊർജ്ജവും: കാലാവസ്ഥാ വ്യതിയാന ലഘൂകരണവും പൊരുത്തപ്പെടലുമായി ബന്ധപ്പെട്ട സമാന ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇന്ത്യയും നെതർലാൻഡ്‌സും സഹകരിക്കുന്നു. വിവിധ മേഖലകളിലെ പങ്കാളികളെ ബന്ധിപ്പിക്കൽ, വിജ്ഞാന വിനിമയം, സാങ്കേതികവിദ്യകൾ സഹകരിച്ച് വികസിപ്പിക്കൽ, മികച്ച രീതികൾ പങ്കിടൽ, അടിസ്ഥാന സൗകര്യ വികസനത്തിനും പ്രവർത്തന സുരക്ഷയ്ക്കും പിന്തുണ നൽകൽ എന്നിവയിൽ ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഹരിത ഹൈഡ്രജൻ പ്രോത്സാഹിപ്പിക്കുന്നതും ഹരിത തുറമുഖങ്ങൾ വികസിപ്പിക്കുന്നതും സഹകരണത്തിൻ്റെ പ്രധാന മേഖലകളാണ്.
 
യാത്രാസൗകര്യം, പ്രവാസിസമൂഹം, വിനോദസഞ്ചാരം: യുകെ കഴിഞ്ഞാൽ യൂറോപ്പിൽ ഇന്ത്യൻ വംശജരുടെ രണ്ടാമത്തെ വലിയ ജനസംഖ്യയുള്ളത് നെതർലാൻഡ്‌സിലാണ്, ഏകദേശം 240,000 ഇന്ത്യൻ പ്രവാസികൾ ഇവിടെയുണ്ട്. ഇതിൽ ഹിന്ദുസ്ഥാനി-സുരിനാമി സമൂഹത്തിൽ നിന്നുള്ള ഏകദേശം 20,0000 പേർ ഉൾപ്പെടുന്നു, അവർ ഡച്ച് സമൂഹവുമായി പൂർണ്ണമായും ഇഴുകിച്ചേർന്നിരിക്കുന്നു. കുടിയേറ്റ, യാത്രാസൗകര്യങ്ങൾ സുഗമമാക്കുന്നതിനായി ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുന്നു.

ഇന്ത്യയും നെതർലാൻഡ്‌സും തമ്മിലുള്ള ചരിത്രപരമായ പങ്കാളിത്തം ഭാവിലക്ഷ്യമിട്ടുള്ള തന്ത്രപരമായ സഹകരണമായി വികസിച്ചു. ഈ സമഗ്ര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിലും ബഹുധ്രുവ ലോകത്ത് യൂറോപ്പുമായുള്ള ഇന്ത്യയുടെ ഇടപെടൽ വർദ്ധിപ്പിക്കുന്നതിലും സുപ്രധാന നാഴികക്കല്ലായിരുന്നു പ്രധാനമന്ത്രി മോദിയുടെ സന്ദർശനം.

ഉഭയകക്ഷി വ്യാപാരവും സാങ്കേതിക പങ്കാളിത്തവും വിപുലീകരിക്കുന്നതിനായി പ്രധാനമന്ത്രിയുടെ സന്ദർശനം

ഇന്ത്യ-നെതർലാൻഡ്‌സ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യുന്നതിനായി നെതർലാൻഡ്‌സ് രാജാവ് വില്ലെം-അലക്സാണ്ടർ, രാജ്ഞി മാക്സിമ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസം, നൂതനാശയങ്ങൾ, സെമികണ്ടക്ടറുകൾ, ഡിജിറ്റൽ സാങ്കേതികവിദ്യ, ജല പരിപാലനം, ഹരിത സംരംഭങ്ങൾ തുടങ്ങിയ മേഖലകളിലെ സഹകരണത്തിലും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ.

സമീപ വർഷങ്ങളിൽ ചില സുപ്രധാന മേഖലകളിൽ കൈവരിച്ച ഗണ്യമായ പുരോഗതി നേതാക്കൾ ഉയർത്തിക്കാട്ടുകയും ഇന്ത്യയും നെതർലാൻഡ്‌സും തമ്മിൽ വികസിക്കുന്ന തന്ത്രപരമായ സഹകരണം അംഗീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതർലാൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റനും ഉഭയകക്ഷി ബന്ധങ്ങളെ 2026–2030 കാലഘട്ടത്തിൽ "തന്ത്രപരമായ പങ്കാളിത്ത"മായി ഉയർത്താൻ തീരുമാനിച്ചു. പതിവ് ഉന്നതതല നയ സംഭാഷണങ്ങളിലും ഉഭയകക്ഷി താത്പര്യമുള്ള മേഖലകളിലെ സഹകരണത്തിലും ഇരുരാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സാമ്പത്തിക, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. അതിങ്ങനെ:

 

  • ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുക
  • വിപണി പ്രവേശനം മെച്ചപ്പെടുത്തുക
  • എസ്എംഇ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക
  • നിക്ഷേപങ്ങൾ സുഗമമാക്കുക
  • ഈടുള്ള മൂല്യ ശൃംഖലകൾ സൃഷ്ടിക്കുക

കൂടാതെ, ഇനിപ്പറയുന്ന മേഖലകളിലും സഹകരണം മെച്ചപ്പെടുത്തും

  • ജലം, കൃഷി, ആരോഗ്യം
  • പുതുതലമുറ സാങ്കേതികവിദ്യകൾ
  • നൂതനാശയങ്ങൾ, ശാസ്ത്രം, വിദ്യാഭ്യാസം
  • ഊർജ്ജ പരിവർത്തനവും സുസ്ഥിര വികസനവും
  • സമുദ്രകാര്യങ്ങൾ
  • പ്രതിരോധ, സുരക്ഷാ സഹകരണം
  • കുടിയേറ്റവും യാത്രാസൗകര്യങ്ങളും
  • സാംസ്കാരിക വിനിമയവും ജനങ്ങൾ തമ്മിലുള്ള സഹകരണവും

പൊതുവായ ആഗോള വെല്ലുവിളികൾ നേരിടുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര സഹകരണം വഹിക്കുന്ന പ്രാധാന്യം പ്രധാനമന്ത്രിയുടെ സന്ദർശനം ആവർത്തിച്ചുറപ്പിച്ചു. നൂതനാശയങ്ങൾ, സാമ്പത്തിക പ്രതിരോധശേഷി, നിയമാധിഷ്ഠിത ആഗോള സഹകരണം എന്നിവ ശക്തിപ്പെടുത്തുന്നതിൽ തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ വർദ്ധിച്ചുവരുന്ന പങ്കും സന്ദർശനം ഉയർത്തിക്കാട്ടി.

ഉഭയകക്ഷി ചർച്ചയുടെ ഗുണഫലങ്ങൾ

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ ഗുണഫലങ്ങൾ വിശകലനം ചെയ്യുമ്പോൾ, തന്ത്രപരമായ മേഖലകളിൽ ദീർഘകാല, സ്ഥിരതയാർന്ന സഹകരണത്തിനുള്ള വർദ്ധിച്ചുവരുന്ന സാധ്യതകളും ഇന്ത്യ-നെതർലാൻഡ്‌സ് ബന്ധങ്ങളുടെ ദൃഢതയും വെളിവാകുന്നു. ആഗോള ഭരണ നിർവ്വഹണം ശക്തിപ്പെടുത്തുന്നതിനും, സുസ്ഥിര വികസനം നയിക്കുന്നതിനും, നൂതനാശയങ്ങളാൽ നയിക്കപ്പെടുന്ന വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും, ഉഭയകക്ഷി, ബഹുമുഖ ഇടപെടലുകളിലൂടെ, ഉയർന്നുവരുന്ന ആഗോള വെല്ലുവിളികളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള സമാന പ്രതിബദ്ധതയും അവ പ്രതിഫലിപ്പിക്കുന്നു.

ഫലം 1: ഇന്ത്യ-നെതർലാൻഡ്‌സ് തന്ത്രപരമായ പങ്കാളിത്തത്തിൽ ഒപ്പുവച്ചു

 



 

തന്ത്രപരമായ പങ്കാളിത്തം ഇന്ത്യ-നെതർലാൻഡ്‌സ് ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും വികസിത ഇന്ത്യയെന്ന ദർശനത്തിന് അനുപൂരകമായി സ്ഥിരതയാർന്ന സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യും. ഇത് ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുകയും ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും, അതോടൊപ്പം നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും അക്കാദമിക, ഗവേഷണ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഗുണം ചെയ്യും. കൂടാതെ, ഇന്ത്യയുടെ സുരക്ഷ, വികസന ലക്ഷ്യങ്ങളിൽ തന്ത്രപരമായ പ്രാധാന്യമുള്ള മേഖലകളെയും ഇത് ഉൾക്കൊള്ളുന്നു.

ഫലം 2: ചോള സാമ്രാജ്യകാലത്തെ ചെമ്പ് ഫലകങ്ങൾ ഇന്ത്യാ ഗവണ്മെൻ്റിന് തിരികെ നൽകും

 



 

11-ാം നൂറ്റാണ്ടിലെ ചോള സാമ്രാജ്യകാലത്തെ ചെമ്പ് ഫലകങ്ങളുടെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് ഒരു സുപ്രധാന സാംസ്കാരിക നാഴികക്കല്ലാണ്. ചോള രാജാക്കന്മാർ പുറപ്പെടുവിച്ച ഈ രാജകീയ വിളംബരങ്ങളിൽ തമിഴിലും സംസ്കൃതത്തിലുമുള്ള ലിഖിതങ്ങൾ അടങ്ങിയിരിക്കുന്നു, കൂടാതെ തമിഴ്‌നാട്ടിലെ നാഗപട്ടണത്തുള്ള ഒരു ബുദ്ധ വിഹാരത്തിന് ആനമംഗലം ഗ്രാമം ദാനം ചെയ്തതായി അവയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകത്തെക്കുറിച്ചുള്ള കൂടുതൽ ഗവേഷണത്തിനും നിരൂപണത്തിനും ഇവയുടെ തിരിച്ചുവരവ് പ്രോത്സാഹനം നൽകും.

ഫലം 3: പ്രവാസി സഹകരണം ശക്തിപ്പെടുത്തും 

 



 

മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളും പ്രവാസി സഹകരണവും ഇന്ത്യയ്ക്കും നെതർലാൻഡ്‌സിനും മധ്യേയുള്ള യാത്ര സുഗമവും പ്രാപ്യവുമാക്കും. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട അക്കാദമിക, ഗവേഷണ, ഇൻ്റേൺഷിപ്പ് അവസരങ്ങൾ ലഭിക്കും. അതിദ്രുതവും കൂടുതൽ ലളിതവുമായ വീസ ലഭ്യത വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. ഈ പങ്കാളിത്തം ഇന്ത്യൻ യുവാക്കൾക്കായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ജനസമൂഹങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും വിദ്യാഭ്യാസപരവും പ്രൊഫഷണലുമായ സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ഫലം 4: ടാറ്റ ഇലക്ട്രോണിക്സും എഎസ്എംഎല്ലും തമ്മിലുള്ള സഹകരണം

 



 

ഇന്ത്യയുടെ അഭിലാഷപൂർണമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സെമികണ്ടക്ടർ മേഖലയിലെ സഹകരണം ഒരു പ്രധാന ചുവടുവയ്പ്പായിരിക്കും. ഗുജറാത്തിലെ ധോലേരയിൽ ഒരു സെമികണ്ടക്ടർ ഫാബ്രിക്കേഷൻ സൗകര്യത്തിൻ്റെ വികസനത്തെ ഇത് പിന്തുണയ്ക്കുന്നു. ആഗോള സെമികണ്ടക്ടർ മൂല്യ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും സാങ്കേതിക സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പങ്കാളിത്തമാണിത്. ഇന്ത്യ സെമികണ്ടക്ടർ മിഷൻ്റെ ലക്ഷ്യങ്ങൾക്കനുപൂരകമായി വിപുലമായ ഉത്പാദന ശേഷിയെ പിന്തുണയ്ക്കുന്നു.

ഫലം 5: നിർണായക ധാതുക്കളുടെ മേഖലയിലെ സഹകരണം

 



 

നിർണായക ധാതുക്കളിലെ സഹകരണം അവശ്യ വിഭവങ്ങൾക്കായി വിശ്വസനീയമായ വിതരണ ശൃംഖലകൾ സൃഷ്ടിക്കാൻ സഹായിക്കുകയും ഇന്ത്യയുടെ ശുദ്ധമായ ഊർജ്ജത്തെയും നൂതന ഉൽ‌പാദന അഭിലാഷങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യും. ഈ പങ്കാളിത്തം നൂതന സാങ്കേതികവിദ്യകൾ, നിക്ഷേപങ്ങൾ, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ എന്നിവ കൊണ്ടുവരും. തന്ത്രപ്രധാനമായ ധാതുക്കളിൽ ഇന്ത്യയുടെ ഖനന, സംസ്കരണ ശേഷികൾ ശക്തിപ്പെടുത്തും.

ഫലം 6: ഗുജറാത്തിലെ കൽപസർ പദ്ധതിയിൽ നെതർലാൻഡ്‌സുമായി സാങ്കേതിക സഹകരണം

 



 

ജലവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ വെല്ലുവിളികളെ നേരിടുന്നതിനായി ഡച്ച് വൈദഗ്ധ്യത്തോടെ തന്ത്രപരമായ ജല പങ്കാളിത്തം ശക്തിപ്പെടുത്തും. ഗാർഹിക, കാർഷിക ആവശ്യങ്ങൾക്കായി ശുദ്ധജല ലഭ്യത മെച്ചപ്പെടുത്തുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും ഇത് ലക്ഷ്യമിടുന്നു. ഖംഭാട്ട് ഉൾക്കടലിലുടനീളം ഒരു ശുദ്ധജല സംഭരണി വിഭാവനം ചെയ്യുന്ന കൽപസർ പദ്ധതി, വേലിയേറ്റ വൈദ്യുതി പദ്ധതി, ജലസേചനം, ഗതാഗത ബന്ധങ്ങൾ എന്നിവ സമന്വയിപ്പിക്കുന്നു. ഈ സഹകരണം സുസ്ഥിര ജല പരിപാലനത്തിനും വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും പിന്തുണ നൽകും.

ഫലം 7 ഹരിത ഹൈഡ്രജൻ സംബന്ധിച്ച രൂപരേഖ  

 



 

ഹരിത ഹൈഡ്രജൻ സംബന്ധിച്ച ഇന്ത്യ-നെതർലാൻഡ്‌സ് രൂപരേഖ പുനരുപയോഗ ഊർജ്ജത്തിലും നിക്ഷേപങ്ങളിലും സഹകരണം ശക്തിപ്പെടുത്തും. ഹരിത ഹൈഡ്രജൻ ഉത്പാദനം, ഉപയോഗം, കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ലക്ഷ്യങ്ങളെ ഇത് പിന്തുണയ്ക്കുന്നു. ഇരു രാജ്യങ്ങളിലും ശുദ്ധമായ ഊർജ്ജ സ്രോതസ്സായി ഹരിത ഹൈഡ്രജൻ അതിവേഗം സ്വീകരിക്കുന്നതിനെ ഈ സംരംഭം പ്രോത്സാഹിപ്പിക്കുന്നു. ഇത് പുതിയ വിപണികൾ സൃഷ്ടിക്കുകയും നിക്ഷേപം ആകർഷിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ശുദ്ധമായ ഇന്ധനങ്ങളിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഫലം 8: പുനരുപയോഗ ഊർജ്ജം സംബന്ധിച്ച ഒരു സംയുക്ത കർമ്മസമിതി രൂപീകരിച്ചു

 



 

സഹകരണം ശക്തിപ്പെടുത്തുന്നതിനും മികച്ച രീതികൾ പങ്കിടുന്നതിനുമായി ഇന്ത്യയും നെതർലാൻഡ്‌സും പുനരുപയോഗ ഊർജ്ജം സംബന്ധിച്ച ഒരു സംയുക്ത കർമ്മസമിതി രൂപീകരിച്ചു. വ്യാവസായിക പങ്കാളിത്തവും വിജ്ഞാന വിനിമയവും പ്രോത്സാഹിപ്പിക്കുന്നതിനായി ഹരിത ഹൈഡ്രജൻ, ജൈവ ഊർജ്ജം, ബയോ-കെമിക്കൽസ്, പുനരുപയോഗിക്കാവുന്ന അസംസ്കൃത വസ്തുക്കൾ, പുനരുപയോഗ ഊർജ്ജം, ബാറ്ററി സംഭരണം എന്നിവയിൽ കർമ്മസമിതി ശ്രദ്ധ കേന്ദ്രീകരിക്കും. തൊഴിലവസരങ്ങളും ഗവേഷണ അവസരങ്ങളും സൃഷ്ടിക്കുന്നതിനൊപ്പം ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തെ പിന്തുണയ്ക്കും.

ഫലം 9: ഊർജ്ജ പരിവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനായി നീതി ആയോഗും നെതർലാൻഡ്‌സും തമ്മിൽ സംയുക്ത പ്രസ്താവന പുതുക്കും

 



 

സുസ്ഥിര ഊർജ്ജ പരിവർത്തന മേഖലയിലെ പദ്ധതികളും പങ്കാളിത്തങ്ങളും ഊർജ്ജ സുരക്ഷയിലും ശുദ്ധമായ ഊർജ്ജ വികസനത്തിലും സഹകരണം ശക്തിപ്പെടുത്തും. ആഴത്തിലുള്ള സഹകരണവും വിജ്ഞാന വിനിമയവും വളർത്തിയെടുക്കുന്നതിന് നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, സാങ്കേതിക വിദഗ്ധർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരും. ഈ സംരംഭങ്ങൾ പങ്കാളികൾക്കിടയിൽ ഏകോപനം മെച്ചപ്പെടുത്തുകയും, സാങ്കേതിക സഹകരണത്തെ പിന്തുണയ്ക്കുകയും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, ദീർഘകാല സുസ്ഥിര വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഫലം 10: പടിഞ്ഞാറൻ ത്രിപുരയിൽ പൂക്കൾക്കായുള്ള ഇൻഡോ-ഡച്ച് സെൻ്റർ ഓഫ് എക്സലൻസ് (CoE) സ്ഥാപിക്കൽ

 



 

പൂക്കൾക്കായുള്ള ഒരു മികവിൻ്റെ കേന്ദ്രം (CoE) സ്ഥാപിക്കാനുള്ള സംരംഭം ത്രിപുരയിൽ പുഷ്പകൃഷി പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യും. ഇത് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുകയും, ആത്യന്തികമായി ഗ്രാമപ്രദേശങ്ങളിലെ ജീവിത നിലവാരം ഉയർത്തുകയും ചെയ്യും.


ഫലം 11: ബെംഗളൂരുവിലെ സെൻ്റർ ഓഫ് എക്സലൻസ് ഫോർ അനിമൽ ഹസ്ബൻഡറിയിൽ ഇൻഡോ-ഡച്ച് സെൻ്റർ ഫോർ എക്സലൻസ് ഇൻ ട്രെയിനിംഗ് ഇൻ ഡയറി സ്ഥാപിക്കും

 



 

ബംഗളൂരുവിലെ സെൻ്റർ ഓഫ് എക്സലൻസ് ഫോർ അനിമൽ ഹസ്ബൻഡറിയിൽ (CEAH) ഒരു ഇന്തോ-ഡച്ച് സെൻ്റർ ഓഫ് എക്സലൻസ് ഓൺ ഡയറി ട്രെയിനിംഗ് സ്ഥാപിക്കും. ഇത് ഇന്ത്യയും നെതർലാൻഡ്‌സും തമ്മിലുള്ള ക്ഷീര, അനുബന്ധ കൃഷി, ഭക്ഷ്യ സംസ്കരണ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും. പരിശീലനവും വിജ്ഞാന വിനിമയവും ഈ മേഖലയിലെ ഉത്പാദനക്ഷമത, ഗുണനിലവാരം, നൈപുണ്യങ്ങൾ എന്നിവ മെച്ചപ്പെടുത്തും. ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും മൃഗസംരക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യും.

ഫലം 12: മൃഗസംരക്ഷണത്തിലും ക്ഷീരോത്പാദനത്തിലും സഹകരണം

 



 

വിപണി പ്രവേശനം, കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷി, ഭക്ഷ്യസുരക്ഷ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകളിൽ ഇന്ത്യ-നെതർലാൻഡ്‌സ് സഹകരണം ശക്തിപ്പെടുത്താൻ ഈ സഹകരണം സഹായിക്കും. വിള ഉത്പാദനക്ഷമത മെച്ചപ്പെടുത്തുക, കന്നുകാലികളുടെ ആരോഗ്യവും രോഗ പ്രതിരോധവും ശക്തിപ്പെടുത്തുക, വിതരണ ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള വിജ്ഞാന വിനിമയം, സാങ്കേതിക സഹകരണം, സുസ്ഥിര കൃഷി രീതികൾ എന്നിവയെ ഇത് പ്രോത്സാഹിപ്പിക്കും. ഇത് ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളെ പിന്തുണയ്ക്കുകയും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, ദീർഘകാല കാർഷിക സുസ്ഥിരതയ്ക്ക് സംഭാവന നൽകുകയും ചെയ്യും.

ഫലം 13: ആരോഗ്യ മേഖലയിലെ സഹകരണത്തിനുള്ള ക്രമീകരണം

 



 

ഗവേഷണം, സഹകരണം, വിജ്ഞാന വിനിമയം എന്നിവയിലൂടെ ആഗോള ആരോഗ്യ അപകടസാധ്യതകൾ പരിഹരിക്കുന്നതിന് ആരോഗ്യ മേഖലയിലെ സഹകരണം ഇന്ത്യ-നെതർലാൻഡ്‌സ് ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും. പകർച്ചവ്യാധികൾ, ആൻ്റിമൈക്രോബയൽ പ്രതിരോധം, സാംക്രമികേതര രോഗങ്ങൾ, ഡിജിറ്റൽ ആരോഗ്യം, കാലാവസ്ഥാ-ആരോഗ്യ ബന്ധങ്ങൾ എന്നിവയിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് ഹെൽത്ത് ആൻഡ് എൻവയോൺമെൻ്റ് (RIVM), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) എന്നിവ തമ്മിലുള്ള സഹകരണം ഇതിന് കൂടുതൽ സഹായകമാകും.

ഫലം 14: കസ്റ്റംസ് പരസ്പര ഭരണ സഹായ കരാർ 

 



 

കസ്റ്റംസ് അധികാരികൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുക എന്നതാണ് കസ്റ്റംസ് മ്യൂച്വൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻസ് എഗ്രിമെൻ്റ് കൊണ്ട് ലക്ഷ്യമിടുന്നത്. ഇന്ത്യയും നെതർലാൻഡ്‌സും തമ്മിലുള്ള നിയമാനുസൃത വ്യാപാരം സുഗമമാക്കുന്നതിനും നിർവ്വഹണം മെച്ചപ്പെടുത്തുന്നതിനും വിവരവിനിമയം സഹായിക്കും. സുതാര്യതയും കയറ്റുമതി മത്സരക്ഷമതയും മെച്ചപ്പെടുത്തുന്നതിനൊപ്പം ചെലവും കാലതാമസവും കുറയ്ക്കുന്നതിലൂടെയും ഈ കരാർ വ്യാപാരത്തെ കൂടുതൽ കാര്യക്ഷമമാക്കും.

 ഫലം 15: ഉന്നത വിദ്യാഭ്യാസ മേഖലയിലെ സഹകരണം

 



 

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഉഭയകക്ഷി സഹകരണം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പരസ്പര കൈമാറ്റത്തെയും സംയുക്ത ഗവേഷണ പദ്ധതികളെയും പ്രോത്സാഹിപ്പിക്കും. നൈപുണ്യവും  തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുക, ഗവേഷണ ഉൽ‌പാദനം മെച്ചപ്പെടുത്തുക, പുതിയ തൊഴിലവസരങ്ങളും സംരംഭക അവസരങ്ങളും സൃഷ്ടിക്കുക എന്നിവയാണ് ഈ സഹകരണത്തിൻ്റെ ലക്ഷ്യം.

ഫലം 16: നളന്ദ സർവകലാശാലയും നെതർലാൻഡ്‌സിലെ ഗ്രോണിൻഗെൻ സർവകലാശാലയും തമ്മിലുള്ള സഹകരണം

 



 

നളന്ദ സർവകലാശാലയും ഗ്രോണിൻഗെൻ സർവകലാശാലയും തമ്മിലുള്ള സഹകരണം ഇന്ത്യയും നെതർലാൻഡ്‌സും തമ്മിലുള്ള അക്കാദമികവും സ്ഥാപനപരവുമായ സഹകരണത്തെ കൂടുതൽ ശക്തിപ്പെടുത്തും. സംയുക്ത അക്കാദമിക് പ്രവർത്തനങ്ങൾ, വിനിമയങ്ങൾ, സഹകരണ പരിപാടികൾ എന്നിവയിലൂടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൂടുതൽ ആഗോള പങ്കാളിത്തത്തിന് അവസരം ലഭിക്കും. ഈ പങ്കാളിത്തം, ഉയർന്നുവരുന്ന പഠന മേഖലകളിൽ ഇൻ്റർ ഡിസിപ്ലിനറി ഗവേഷണം, അധ്യാപന സഹകരണം, വിജ്ഞാന വിനിമയം എന്നിവയ്ക്കുള്ള അവസരങ്ങൾ സൃഷ്ടിക്കും. കൂടാതെ, അന്താരാഷ്ട്ര ധനസഹായങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും, നൂതനാശയ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും, ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രതിഭകളുടെ വളർച്ചയ്ക്കും കാര്യക്ഷമത വർദ്ധിപ്പിക്കലിനും പിന്തുണ നൽകുകയും ചെയ്യും.

ഫലം 17: ലൈഡൻ യൂണിവേഴ്സിറ്റി ലൈബ്രറീസും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും തമ്മിലുള്ള സഹകരണം

 



 

ലൈഡൻ യൂണിവേഴ്സിറ്റി ലൈബ്രറീസും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും തമ്മിലുള്ള സഹകരണം ചരിത്ര ഗവേഷണം, ആർക്കൈവൽ സംരക്ഷണം, സാംസ്കാരിക വിനിമയം എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തും. ചോള കാലഘട്ടത്തെക്കുറിച്ചുള്ള സംയുക്ത ഗവേഷണത്തിന് ഈ സംരംഭം പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും അക്കാദമിക് സഹകരണം പ്രോത്സാഹിപ്പിക്കുകയും വിലപ്പെട്ട ചരിത്ര രേഖകളിലേക്കും കൈയെഴുത്തു പ്രതികളിലേക്കും ഉള്ള പ്രവേശനം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് സാംസ്കാരിക നയതന്ത്രത്തെ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ സമ്പന്നമായ നാഗരികതയെയും പുരാവസ്തു പൈതൃകത്തെയും കുറിച്ചുള്ള ആഗോള അവബോധം വർദ്ധിപ്പിക്കുകയും ചെയ്യും.

സമഗ്രവീക്ഷണത്തിൽ, ഈ ഗുണഫലങ്ങൾ പരമ്പരാഗത സഹകരണത്തിൽ നിന്ന് ഭാവിസജ്ജവും തന്ത്രപരവുമായ പങ്കാളിത്തത്തിലേക്കുള്ള പരിവർത്തനത്തെ  അടയാളപ്പെടുത്തുന്നു. സ്ഥിരതയാർന്ന വളർച്ച, സാങ്കേതിക പുരോഗതി, ആഗോള വെല്ലുവിളികൾ നേരിടുന്നതിൽ ശക്തമായ ഏകോപനം എന്നിവ സമാന കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു. വികസിക്കുന്ന ഇന്ത്യ-നെതർലാൻഡ്‌സ് പങ്കാളിത്തം നൂതനാശയധിഷ്ഠിത അന്താരാഷ്ട്ര സഹകരണത്തിൻ്റെ ഒരു പ്രധാന സ്തംഭമായി മാറാൻ തക്കവണ്ണം സുസജ്ജമാണ്.

ഭാവിസജ്ജമായ ഇന്ത്യ-നെതർലാൻഡ്‌സ് പങ്കാളിത്തം  

ഇന്ത്യയും നെതർലാൻഡ്‌സും തമ്മിലുള്ള ബന്ധങ്ങൾ വിശാലവും ഭാവിസജ്ജവുമായ പങ്കാളിത്തത്തിലേക്ക് ക്രമേണ വികസിക്കുകയാണ്. സാങ്കേതികവിദ്യ, ശുദ്ധമായ ഊർജ്ജം, സെമികണ്ടക്ടറുകൾ, ജല പരിപാലനം, നൂതനാശയങ്ങൾ, വ്യാപാരം എന്നീ മേഖലകളിലെ പരസ്പരപൂരകമായ സമാനതകൾ കൂടുതൽ ആഴത്തിലുള്ള ഇടപെടലിന് ശക്തമായ അടിത്തറ പാകുന്നു. തന്ത്രപരമായ പങ്കാളിത്തത്തിലേക്കുള്ള ബന്ധങ്ങളുടെ ഉയർച്ച വർദ്ധിച്ചുവരുന്ന പരസ്പര വിശ്വാസത്തെയും ആഗോള മുൻഗണനകളെയും പ്രതിഫലിപ്പിക്കുന്നു. സാമ്പത്തിക, സാങ്കേതിക സഹകരണവും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളും ശക്തിപ്പെടുത്തി, സുസ്ഥിര വളർച്ച, ഈടുള്ള വിതരണ ശൃംഖലകൾ, അന്താരാഷ്ട്ര സഹകരണം എന്നിവയ്ക്ക് അർത്ഥവത്തായ സംഭാവനകൾ നൽകാൻ ഇരു രാജ്യങ്ങളും സുസജ്ജമാണ്.


അവലംബം:

  1. Ministry of External Affairs
  1. Press Information Bureau
  1. Embassy of the Netherlands in India

· https://www.netherlandsandyou.nl/web/india/w/the-netherlands-and-india-work-together-to-boost-the-semiconductor-industry

·  https://www.netherlandsandyou.nl/web/india/themes/climate-energy

Click here to see pdf

PIB Research

 

***


( റിലീസ് ഐ.ഡി: 2264591) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Manipuri , Bengali , Gujarati , Tamil