പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര പരിസ്ഥിതി മന്ത്രി ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ മിഡ്-കരിയർ ട്രെയിനിംഗ് പങ്കാളികളുമായി സംവദിച്ചു. "വാക്കുകളില്ലാത്ത സസ്യ-ജീവജാലങ്ങളുടെ ശബ്ദം' എന്ന് അദ്ദേഹം അവരെ വിശേഷിപ്പിച്ചു."

പോസ്റ്റഡ് ഓണ്‍: 20 MAY 2026 7:10PM by PIB Thiruvananthpuram

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി  ഭൂപേന്ദർ യാദവ് ഇന്ന് ന്യൂഡൽഹിയിൽ ഇന്ത്യൻ ഫോറസ്റ്റ് സർവീസിൻ്റെ   (IFS) മിഡ്-കരിയർ ട്രെയിനിംഗ് പ്രോഗ്രാമിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു. മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് പുറമെ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി  കീർത്തി വർദ്ധൻ സിംഗും ചടങ്ങിൽ പങ്കെടുത്തു.  

 

'വികസിത ഭാരത'ത്തിലേക്കുള്ള പാത കടന്നുപോകുന്നത് 'ഹരിത ഭാരത'ത്തിലൂടെയാണെന്ന്   പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള സംരക്ഷണ ശ്രമങ്ങളിൽ ഇന്ത്യയുടെ  നേതൃത്വത്തിൻ്റെ പ്രാധാന്യം വര്ധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഫോറസ്റ്റ് ഓഫീസറുടെ ഉത്തരവാദിത്തം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷവും അവസാനിക്കുന്നില്ലെന്നും  കാരണം അവർ സംസാരിക്കാൻ കഴിയാത്ത സസ്യ-ജീവജാലങ്ങളുടെ ശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു. ജൂൺ ആദ്യവാരത്തിൽ രാജ്യം ചരിത്രത്തിലാദ്യമായി ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് (IBCA) ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമെന്നും, ലോകമെമ്പാടുമുള്ള 95-ഓളം രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ഇതിൽ പങ്കാളികളാകുമെന്നും മന്ത്രി ട്രെയിനികളെ അറിയിച്ചു.

 

തുടർന്നു നടന്ന ചോദ്യോത്തര വേളയിൽ വനം, വന്യജീവി, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ശ്രീ യാദവ് പരാമർശിച്ചു. ചീറ്റകളുടെ സംരക്ഷണം, കൃത്രിമ മുട്ട വിരിയിക്കൽ (artificial incubation) വഴിയുള്ള ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് പക്ഷികളുടെ സംരക്ഷണം, നദീതട ആവാസ വ്യവസ്ഥ നിലനിർത്തുന്നതിൽ ടൈഗർ റിസർവുകളുടെ പങ്ക്, വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിൽ തുലനം ചെയ്യേണ്ടതിൻ്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിൽ ഇന്ത്യ കൈവരിച്ച പുരോഗതി, നിശ്ചിത സമയത്തിന് മുമ്പുതന്നെ എൻ.ഡി.സി (NDC) ലക്ഷ്യങ്ങൾ കൈവരിച്ചത്, വനം-വന്യജീവി ഭരണസംവിധാനങ്ങളിലെ മെച്ചപ്പെടുത്തലുകൾ, പരിസ്ഥിതി മാനേജ്‌മെൻ്റിനായി അത്യാധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയും അദ്ദേഹം എടുത്തുപറഞ്ഞു.

 

ആഗോള സംരക്ഷണ നയതന്ത്രത്തിൽ (global conservation diplomacy) ഇന്ത്യക്കുള്ള നേതൃത്വപരമായ പങ്ക് കേന്ദ്ര സഹമന്ത്രി കീർത്തിവർദ്ധൻ സിംഗ് ചൂണ്ടിക്കാണിക്കുകയും, പരിസ്ഥിതി സംരക്ഷണത്തോടൊപ്പം വികസനവും  കൊണ്ടുപോകേണ്ടതിൻ്റെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു.

 

മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം സെക്രട്ടറി (EFCC) തന്മയ് കുമാർ; ഡി.ജി (ഫോറസ്റ്റ്) & സ്പെഷ്യൽ സെക്രട്ടറി (EFCC)  എസ്.കെ. അവസ്തി; ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി (IGNFA) ഡയറക്ടർ  ഭാരതി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

****

 

 


( റിലീസ് ഐ.ഡി: 2263506) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: Urdu , English , हिन्दी , Gujarati