ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

2026-ലെ ലോക മെട്രോളജി ദിനം ആചരിച്ച് ഇന്ത്യ; നയരൂപീകരണത്തിൽ വിശ്വാസ്യത വളർത്തുന്നതിൽ കൃത്യമായ അളവുതൂക്കങ്ങൾ വഹിക്കുന്ന പങ്കിനെ ശ്രീ പ്രൾഹാദ് ജോഷി എടുത്തുകാട്ടി

പോസ്റ്റഡ് ഓണ്‍: 20 MAY 2026 5:42PM by PIB Thiruvananthpuram

കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പ് ഇന്ന് 2026-ലെ ലോക മെട്രോളജി ദിനം ആചരിച്ചു. 1875 മെയ് 20-ന് പാരീസിൽ ഒപ്പുവെച്ച ചരിത്രപരമായ മീറ്റർ കൺവെൻഷൻ്റെ 151-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ദിനാചരണം. "മെട്രോളജി: നയരൂപീകരണത്തിൽ വിശ്വാസ്യത വളർത്തുന്നു" എന്നതാണ് ഈ വർഷത്തെ ലോക മെട്രോളജി ദിനത്തിൻ്റെ പ്രമേയം.

സുതാര്യത, ഉപഭോക്തൃ സംരക്ഷണം, ശാസ്ത്രീയമായ വിശ്വാസ്യത, സുതാര്യമായ ഭരണനിർവ്വഹണം എന്നിവ ഉറപ്പാക്കുന്നതിൽ മെട്രോളജിക്കുള്ള സുപ്രധാന പങ്കിനെക്കുറിച്ച് കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി ശ്രീ പ്രൾഹാദ് ജോഷി തൻ്റെ വെർച്വൽ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഈ വർഷത്തെ പ്രമേയത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, കൃത്യവും വിശ്വസനീയവുമായ അളവുതൂക്കങ്ങൾ  ഫലപ്രദമായ പൊതുനയം, വ്യാപാരം, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, വ്യാവസായിക വളർച്ച എന്നിവയുടെ അടിത്തറയാണെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.

  

   

 

യോഗ്യതയുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് 40 സർക്കാർ അംഗീകൃത ടെസ്റ്റ് സെൻ്റർ (GATC) സർട്ടിഫിക്കറ്റുകൾ നല്കിക്കൊണ്ട് വകുപ്പ്  ഇന്ത്യയുടെ ലീഗൽ മെട്രോളജി പരിശോധനാ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തിയതായും ഇത് രാജ്യത്തിൻ്റെ പരിശോധനാ ശേഷി വികസിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

വിശ്വാസ്യതയെ അടിസ്ഥാനമാക്കിയുള്ളതും സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്നതുമായ ഭരണനിർവ്വഹണമെന്ന സർക്കാരിൻ്റെ കാഴ്ചപ്പാട് എടുത്തുപറഞ്ഞുകൊണ്ട്, ഉപഭോക്തൃ കാര്യ വകുപ്പ്  നടപ്പിലാക്കിയ നിരവധി സുപ്രധാന പരിഷ്കാരങ്ങളെക്കുറിച്ച്  ശ്രീ പ്രൾഹാദ് ജോഷി അടിവരയിട്ടു പറഞ്ഞു. 2026-ലെ ജൻ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) നിയമപ്രകാരം ചെറിയ കുറ്റകൃത്യങ്ങളെ ക്രിമിനൽ കുറ്റമല്ലാതാക്കുക, ചില ചെറിയ ലംഘനങ്ങൾക്ക് ഇംപ്രൂവ്‌മെൻ്റ്  നോട്ടീസുകൾ ഏർപ്പെടുത്തുക, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനായി ലൈസൻസിംഗ് സമ്പ്രദായത്തിൽ നിന്ന് രജിസ്ട്രേഷൻ അധിഷ്ഠിത സംവിധാനത്തിലേക്കുള്ള മാറ്റം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ലീഗൽ മെട്രോളജിക്ക് കീഴിലുള്ള രജിസ്ട്രേഷൻ, എൻഫോഴ്സ്മെൻ്റ്  സംബന്ധമായ സേവനങ്ങൾക്കായുള്ള ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി ഇ-മാപ്പ് പോർട്ടൽ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. കേന്ദ്ര-സംസ്ഥാന തലങ്ങളിൽ അളവുതൂക്കങ്ങളുടെ പരിശോധന, രജിസ്ട്രേഷനുകൾ, മാതൃകാ അംഗീകാരങ്ങൾ, എൻഫോഴ്സ്മെൻ്റ്  സംബന്ധമായ പ്രവർത്തനങ്ങൾ തുടങ്ങിയ സേവനങ്ങൾ ഈ പോർട്ടൽ
സുഗമമാക്കും.
 
ഒഐഎംഎൽ പാറ്റേൺ അംഗീകാര സർട്ടിഫിക്കറ്റുകൾ നല്കാൻ അധികാരമുള്ള 13-ാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്നും, അതുവഴി ഇന്ത്യയുടെ ആഗോള നിലവാരം ശക്തിപ്പെടുകയും അളവ്-തൂക്ക ഉപകരണങ്ങളുടെ കയറ്റുമതിയെ പിന്തുണയ്ക്കുകയും ചെയ്തതായി ശ്രീ പ്രൾഹാദ് ജോഷി പറഞ്ഞു. "മേക്ക് ഇൻ ഇന്ത്യ" സംരംഭത്തിന് കീഴിൽ ആഭ്യന്തര ഉത്പാദന ശേഷി ശക്തിപ്പെടുത്തുന്നതിനും ആഗോള മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി സി-ഡാക്കുമായി സഹകരിച്ച് റീജിയണൽ റഫറൻസ് സ്റ്റാൻഡേർഡ് ലബോറട്ടറികളിൽ അളവ്-തൂക്ക ഉപകരണങ്ങൾക്കായുള്ള സോഫ്റ്റ്‌വെയർ പരിശോധനാ സൗകര്യങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം പ്രചരിപ്പിക്കുന്നതിനുള്ള സംരംഭത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, നാഷണൽ ഫിസിക്കൽ ലബോറട്ടറിയും ഐഎസ്ആർഒയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. റീജിയണൽ റഫറൻസ് സ്റ്റാൻഡേർഡ് ലബോറട്ടറികൾ വഴി രാജ്യത്തുടനീളം ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഉയർന്ന കൃത്യതയോടെ പ്രചരിപ്പിക്കാനാണ് "ഒരു രാഷ്ട്രം, ഒരു സമയം"  സംരംഭം ലക്ഷ്യമിടുന്നത്.

ഭരണനിർവ്വഹണത്തിലും വ്യാപാരത്തിലും നീതിയും സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിൽ കൃത്യമായ അളവുതൂക്ക സംവിധാനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി ശ്രീ ബി. എൽ. വർമ്മ തൻ്റെ മുഖ്യപ്രഭാഷണത്തിൽ എടുത്തുപറഞ്ഞു. ഭക്ഷണം, ഇന്ധനം, മരുന്നുകൾ, വൈദ്യുതി, പാക്ക് ചെയ്ത സാധനങ്ങൾ തുടങ്ങിയ മേഖലകളിലെ കൃത്യമായ അളവുകൾ പൗരന്മാരുടെ ദൈനംദിന ജീവിതത്തെ നേരിട്ട് സ്വാധീനിക്കുന്നുണ്ടെന്നും, അതുവഴി ഉപഭോക്തൃ ആത്മവിശ്വാസം ശക്തിപ്പെടുത്തുകയും നീതിയുക്തമായ ബിസിനസ്സ് രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെഡിക്കൽ ഉപകരണങ്ങളിലെ കൃത്യതയും പൊതുജന സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി 2026 ജനുവരിയിൽ നോൺ-ഇൻവേസിവ് സ്ഫിഗ്മോമാനോമീറ്ററുകൾക്കായുള്ള (രക്തസമ്മർദ്ദം അളക്കുന്ന ഉപകരണങ്ങൾ) മാനദണ്ഡങ്ങൾ അവതരിപ്പിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ അളവവുതൂക്ക ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ വ്യവസായങ്ങൾ, ഉത്പാദകർ, ഉപഭോക്തൃ സംഘടനകൾ, ടെസ്റ്റിംഗ് ലബോറട്ടറികൾ, അക്കാദമിക് സ്ഥാപനങ്ങൾ, സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പുകൾ എന്നിവ നല്കിയ സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു.

തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണം, ഉപഭോക്തൃ സംരക്ഷണം, സുതാര്യമായ ഭരണനിർവ്വഹണം എന്നിവയിൽ വിശ്വസനീയവും കൃത്യവുമായ അളവുകൾക്കുള്ള വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെയാണ്  ഈ വർഷത്തെ ദിനാചരണത്തിൻ്റെ  പ്രമേയം പ്രതിഫലിപ്പിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി ശ്രീമതി നിമുബെൻ ജയന്തിഭായ് ബംഭാനിയ പറഞ്ഞു.

നീതിയുക്തമായ വ്യാപാര രീതികളും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കുന്നതിൽ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ലീഗൽ മെട്രോളജി വകുപ്പുകൾ നടത്തുന്ന ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. രാജ്യത്ത് നിയമപാലനം, ഗുണനിലവാര മാനദണ്ഡങ്ങൾ, ഉപഭോക്തൃ ആത്മവിശ്വാസം എന്നിവ ശക്തിപ്പെടുത്തുന്നതിനായി മെട്രോളജിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യവസായങ്ങൾ, ഉത്പാദകർ, ടെസ്റ്റിംഗ് ലബോറട്ടറികൾ, ഉപഭോക്തൃ സംഘടനകൾ, അക്കാദമിക് സ്ഥാപനങ്ങൾ, മറ്റ് പങ്കാളികൾ എന്നിവർ നല്കിയ സംഭാവനകളേയും അവർ  പ്രശംസിച്ചു.

ഇന്ത്യയിലെ ലീഗൽ മെട്രോളജിയുടെ സ്ഥിരതയാർന്ന വളർച്ചയെക്കുറിച്ച്  ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറി ശ്രീമതി നിധി ഖരെ എടുത്തുപറഞ്ഞു. ബിസിനസ്സ്  അസോസിയേഷനുകളുടെ സ്വമേധയാ ഉള്ള നിയമപാലനത്തിലൂടെ തടസ്സരഹിതമായ നിയമപാലന സംവിധാനങ്ങൾ, സംവിധാനങ്ങളിലെ പരിഷ്കരണങ്ങൾ, വ്യവസായ സൗഹൃദ നിയന്ത്രണങ്ങൾ എന്നിവയുടെ ആവശ്യകതയും അവർ  ഊന്നിപ്പറഞ്ഞു. പരിശോധന, അളവുതൂക്ക  സംവിധാനങ്ങൾ എന്നിവ നവീകരിക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള സർക്കാരിൻ്റെ പ്രതിബദ്ധത അവർ ആവർത്തിച്ചു.

വാഹനങ്ങളുടെ വേഗത അളക്കുന്നതിനുള്ള റഡാർ ഉപകരണങ്ങൾ, ബ്രീത്ത് അനലൈസറുകൾ, മോയിസ്ചർ മീറ്ററുകൾ, ഗ്യാസ് മീറ്ററുകൾ എന്നിവയ്ക്കുള്ള ചട്ടങ്ങൾ വകുപ്പ് വിജ്ഞാപനം ചെയ്തിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. സി‌എസ്‌ഐ‌ആർ-എൻ‌പി‌എൽ, ഐ‌എസ്‌ആർ‌ഒ എന്നിവയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം  പ്രചരിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ പുരോഗതിയും അവർ എടുത്തുപറഞ്ഞു. അളവുതൂക്ക സംവിധാനങ്ങളിൽ വിശ്വാസ്യത വളർത്തുന്നതിനായി ഇ-മാപ്പ് പോർട്ടലിൻ്റേയും മറ്റ് ഡിജിറ്റൽ സംരംഭങ്ങളുടേയും പ്രാധാന്യത്തെക്കുറിച്ചും  അവർ ഊന്നിപ്പറഞ്ഞു.

ഉപഭോക്തൃ കാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീ അനുപം മിശ്ര, ചടങ്ങിൽ  പങ്കെടുത്തവരെ സ്വാഗതം ചെയ്യുകയും 1875 മെയ് 20-ന് ഒപ്പുവച്ച ചരിത്രപരമായ മീറ്റർ കൺവെൻഷൻ്റെ വാർഷികത്തോടനുബന്ധിച്ച് വർഷം തോറും ആചരിക്കുന്ന ലോക മെട്രോളജി ദിനത്തിൻ്റെ  പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്തു.

തുടർന്ന് മെട്രോളജി, സ്റ്റാൻഡേർഡൈസേഷൻ എന്നീ മേഖലകളിലെ പുതിയ സംഭവവികാസങ്ങളേയും മികച്ച ആഗോള രീതികളേയും സംബന്ധിച്ച ദേശീയ-അന്തർദ്ദേശീയ വിദഗ്ധർ പങ്കെടുത്ത ഒരു സാങ്കേതിക സെഷനും നടന്നു.

എൻപിഎൽ ഇന്ത്യയിലെ മുൻ ഒഫീഷ്യേറ്റിംഗ് ഡയറക്ടർ പ്രൊഫ. (ഡോ.) അമിതാവ സെൻ ഗുപ്ത, സ്റ്റാൻഡേർഡ് സമയത്തിൻ്റെ  ആഗോള മാനേജ്‌മെൻ്റിനെക്കുറിച്ച് പ്രഭാഷണം നടത്തി. അത്യാധുനിക അറ്റോമിക് ക്ലോക്ക് സാങ്കേതികവിദ്യകളിലൂടെയും അന്താരാഷ്ട്ര സിൻക്രണൈസേഷൻ സംവിധാനങ്ങളിലൂടെയും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) വളരെ ഉയർന്ന കൃത്യതയോടെ നിലനിർത്തുന്നതിൽ സിഎസ്ഐആർ-എൻപിഎല്ലിൻ്റെ പങ്കിനെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു.

ബിഎആർസി-യിലെ ശാസ്ത്രജ്ഞനായ ഡോ. സുനിൽ കെ. സിംഗ്,  "അയോണൈസിംഗ് റേഡിയേഷൻ മെട്രോളജി: ദേശീയ ആരോഗ്യ-സുരക്ഷാ നയങ്ങൾ ശക്തിപ്പെടുത്തുന്നു" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഇന്ത്യയിൽ അയോണൈസിംഗ് റേഡിയേഷൻ മെട്രോളജിക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥാപനമായ ഭാഭ അറ്റോമിക് റിസർച്ച് സെൻ്ററിലൂടെ (ബിഎആർസി) റേഡിയേഷൻ അളക്കൽ മാനദണ്ഡങ്ങളിലും സുരക്ഷാ സംവിധാനങ്ങളിലും ഇന്ത്യ കൈവരിച്ചുവരുന്ന വളർച്ചയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി.

സിഐഎംഎൽ പ്രസിഡൻ്റ്  ഡോ. ബോബ് ജോസഫ് മാത്യു "സ്വിറ്റ്സർലൻഡിലെ ലീഗൽ മെട്രോളജി" എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ, സ്വിറ്റ്സർലൻഡിൻ്റെ  സുതാര്യമായ ലീഗൽ മെട്രോളജി ചട്ടക്കൂടിനെക്കുറിച്ചും വ്യാപാരത്തിലും വാണിജ്യത്തിലും കൃത്യത, നീതി, ഉപഭോക്തൃ വിശ്വാസം എന്നിവ ഉറപ്പാക്കുന്നതിൽ അത് വഹിക്കുന്ന പങ്കിനെക്കുറിച്ചും വിശദീകരിച്ചു.

നയരൂപീകരണം, ഉപഭോക്തൃ സംരക്ഷണം, ആരോഗ്യ സംരക്ഷണം, വ്യാപാരം, പരിസ്ഥിതി നിരീക്ഷണം എന്നിവയിലെ കൃത്യവും വിശ്വസനീയവുമായ അളവുകളുടെ പ്രാധാന്യത്തെക്കുറിച്ച്  ഒഐഎംഎൽ ഡയറക്ടർ ആൻ്റണി ഡൊനെല്ലൻ ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിൽ ഇന്ത്യ കൈവരിച്ചുവരുന്ന നേതൃത്വത്തെ അദ്ദേഹം അഭിനന്ദിക്കുകയും, 2026 ഒക്ടോബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന 'ഇൻ്റർനാഷണൽ കമ്മിറ്റി ഓഫ് ലീഗൽ മെട്രോളജി'യുടെ 61-ാമത് യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിനെ സ്വാഗതം ചെയ്യുകയും ചെയ്തു.

ലീഗൽ മെട്രോളജി ഡയറക്ടർ ശ്രീ അശുതോഷ് അഗർവാൾ ചർച്ചകൾ സംഗ്രഹിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

രാജ്യത്ത് ആധുനികവും കാര്യക്ഷമവും വിശ്വസനീയവുമായ ഒരു അളവുതൂക്ക സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ടാണ് ലോക മെട്രോളജി ദിനാചരണം സമാപിച്ചത്.

****


( റിലീസ് ഐ.ഡി: 2263460) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: Kannada , English , Urdu , हिन्दी , Gujarati