പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

പ്രോജക്ട് ചീറ്റ: ഇന്ത്യയുടെ ചരിത്രപരമായ വന്യജീവി പുനരുദ്ധാരണ പദ്ധതി പ്രകടമാക്കുന്നത് മികച്ച പുരോഗതിയും ശോഭനമായ ഭാവിയും

പോസ്റ്റഡ് ഓണ്‍: 19 MAY 2026 5:02PM by PIB Thiruvananthpuram
പ്രോജക്ട് ചീറ്റ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനും ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമായി പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ശ്രീ ഭൂപേന്ദർ യാദവിൻ്റെ അധ്യക്ഷതയിൽ ഇന്ന് പ്രോജക്ട് ചീറ്റയുടെ ഉന്നതതല അവലോകന യോഗം ചേർന്നു. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ (MoEFCC) മുതിർന്ന ഉദ്യോഗസ്ഥർ, പദ്ധതി വിദഗ്ധർ, രാജ്യത്തെ വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട മുതിർന്ന ഫീൽഡ് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ പുനരവതരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു വഴിത്തിരിവായ സംരംഭമാണ് പ്രോജക്ട് ചീറ്റ. അന്താരാഷ്ട്ര സഹകരണത്തിലൂടെയും ശാസ്ത്രീയ ആസൂത്രണത്തിലൂടെയും നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് 20 ചീറ്റകളെ കൊണ്ടുവന്നാണ് ഈ പദ്ധതി ആരംഭിച്ചത്. പിന്നീട് ബോട്സ്വാനയിൽ നിന്ന് 9 ചീറ്റകളെക്കൂടി എത്തിച്ച് ഇതിന് കൂടുതൽ കരുത്തേകി.

വന്യജീവികളെ സ്ഥലംമാറ്റി എത്തിക്കുന്നതുമായി ബന്ധപ്പെട്ട സ്വാഭാവിക വെല്ലുവിളികൾ ഉണ്ടായിരുന്നുവെങ്കിലും, വളരെ ശുഭകരമായ ഫലങ്ങളാണ് പദ്ധതി രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ചീറ്റകളുടെ എണ്ണം 53 ആണ്, ഇതിൽ 33 എണ്ണം ഇന്ത്യയിൽ ജനിച്ചവയാണ്. എത്തിച്ച ചീറ്റകൾക്ക് ഇന്ത്യൻ സാഹചര്യങ്ങളുമായി വിജയകരമായി പൊരുത്തപ്പെടാനും വംശവർദ്ധന നടത്താനും കഴിഞ്ഞതായാണ് ഈ എണ്ണം സൂചിപ്പിക്കുന്നത്. വിദേശത്ത് നിന്നു കൊണ്ടുവന്ന ചീറ്റകളുടെയും അവയുടെ കുട്ടികളുടെയും അതിജീവന നിരക്ക് ആഗോള മാനദണ്ഡങ്ങൾക്ക് അനുസൃതമാണെന്നും ചില സന്ദർഭങ്ങളിൽ അതിനേക്കാൾ മികച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് ശാസ്ത്രീയമായ പരിപാലനത്തിൻ്റെയും നിരീക്ഷണ പ്രോട്ടോക്കോളുകളുടെയും ഫലപ്രാപ്തി തെളിയിക്കുന്നു.

ദീർഘകാലാടിസ്ഥാനത്തിലുള്ള നിലനിൽപ്പിനായി പ്രകൃതിദത്ത ഭൂപ്രകൃതിയെ ആശ്രയിച്ചുള്ള സമീപനമാണ് പദ്ധതിയുടെ നിർവഹണത്തിൽ സ്വീകരിച്ചിരിക്കുന്നത്. ചീറ്റകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള പ്രാഥമിക കേന്ദ്രമായി കുനോ ദേശീയോദ്യാനം വികസിപ്പിച്ചെടുത്തു. അതോടൊപ്പം കൂടുതൽ ആവാസമേഖല പിന്തുണയേകുന്നതിനായി ഗാന്ധിസാഗർ വന്യജീവി സങ്കേതവും ഒരുക്കിയിട്ടുണ്ട്. ചീറ്റകളുടെ സഞ്ചാരവും ജനിതക കൈമാറ്റവും സുഗമമാക്കുന്ന വിധത്തിൽ മധ്യ ഇന്ത്യയിലുടനീളം പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഒരു വലിയ ഭൂപ്രദേശത്തിൻ്റെ ഭാഗമാണ് ഈ കേന്ദ്രങ്ങൾ. ഗുജറാത്തിലെ ബന്നി പുൽമേടുകൾ ഉൾപ്പെടെയുള്ള പുതിയ പ്രദേശങ്ങളിലേക്ക് പ്രോജക്റ്റ്‌ ചീറ്റ വ്യാപിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്. ഇവിടെ ആവാസവ്യവസ്ഥ സജ്ജമാക്കലും ഇരകളുടെ വർദ്ധനയും തൃപ്തികരമായ തലത്തിൽ എത്തിയിട്ടുണ്ട്.

ചീറ്റകൾ ഇന്ത്യൻ സാഹചര്യങ്ങളുമായി മികച്ച രീതിയിൽ പൊരുത്തപ്പെടുന്നുണ്ടെന്നാണ് ശാസ്ത്രീയ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. അവ സ്ഥിരതയുള്ള സഞ്ചാര സ്വഭാവവും മികച്ച ഇരതേടൽ രീതിയും കാണിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട രീതിയിലുള്ള ശാരീരിക സമ്മർദ്ദങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

കൂടുതൽ ചീറ്റകളെ എത്തിച്ചുകൊണ്ടുള്ള വിപുലീകരണം, മധ്യപ്രദേശിലെ നൗരാദേഹി വന്യജീവി സങ്കേതം പോലുള്ള പുതിയ ആവാസ കേന്ദ്രങ്ങളുടെ വികസനം, കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങളിലുടനീളമുള്ള ചീറ്റകളുടെ ആവാസഘടന ശക്തിപ്പെടുത്തൽ എന്നിവയിലായിരിക്കും പദ്ധതിയുടെ അടുത്ത ഘട്ടം ശ്രദ്ധ കേന്ദ്രീകരിക്കുക. ജനിതക വൈവിധ്യം നിലനിർത്തുന്നതിനും ചീറ്റകളുടെ എണ്ണത്തിലെ വർധനയെ പിന്തുണയ്ക്കുന്നതിനുമായി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് തുടർച്ചയായി ചീറ്റകളെ ലഭ്യമാക്കുന്നത് പരിഗണനയിലുണ്ട്.

പ്രോജക്ട് ചീറ്റ സ്ഥിരമായ പുരോഗതി കൈവരിച്ചുകൊണ്ട് ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമായ ഒരു സംരക്ഷണ സംരംഭമായി നിലകൊള്ളുന്നു. ശാസ്ത്രീയ മാർഗ്ഗനിർദ്ദേശങ്ങൾ, സ്ഥാപനപരമായ പിന്തുണ, ഏകോപനത്തോടെയുള്ള നടപ്പാക്കൽ എന്നിവയിലൂടെ ദീർഘകാല വിജയത്തിനായി പദ്ധതി സജ്ജമായിക്കഴിഞ്ഞു. ഇത് രാജ്യത്ത് ചീറ്റകളുടെ സംരക്ഷണത്തിനും തുറന്ന പ്രകൃതിദത്ത ആവാസവ്യവസ്ഥകളുടെ പുനരുദ്ധാരണത്തിനും ഗണ്യമായ സംഭാവന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
*****

( റിലീസ് ഐ.ഡി: 2262914) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil , Kannada