വാണിജ്യ വ്യവസായ മന്ത്രാലയം
ഗാന്ധിനഗറിൽ നടന്ന ബ്രിക്സ് യോഗത്തിൽ വാണിജ്യ വകുപ്പ് സെക്രട്ടറി ശ്രീ രാജേഷ് അഗ്രവാൾ വ്യാപാര, സാമ്പത്തിക സഹകരണം ഉയർത്തിക്കാട്ടി
പോസ്റ്റഡ് ഓണ്‍:
16 MAY 2026 4:17PM by PIB Thiruvananthpuram
ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ബ്രിക്സ് കോൺടാക്റ്റ് ഗ്രൂപ്പ് ഓൺ ട്രേഡ് ആൻഡ് ഇക്കണോമിക് ഇഷ്യൂസിൻ്റെ (സി.ജി.ഇ.ടി.ഐ) രണ്ടാമത് യോഗത്തിൽ വാണിജ്യ വകുപ്പ് സെക്രട്ടറി ശ്രീ രാജേഷ് അഗ്രവാൾ മുഖ്യപ്രഭാഷണം നടത്തി. 2026 മാർച്ചിൽ വെർച്വലായി നടന്ന ആദ്യ സി.ജി.ഇ.ടി.ഐ യോഗത്തിന് ശേഷമാണ് ഈ യോഗം നടന്നത്.
ബ്രിക്സ് കൂടുതൽ ശക്തമായി വളരുകയാണെന്നും വളർന്നുവരുന്ന വിപണികളുടേയും വികസ്വര സമ്പദ് വ്യവസ്ഥകളുടേയും അഭിലാഷങ്ങളേയും മുൻഗണനകളേയും പ്രതിനിധീകരിക്കുന്ന സ്വാധീനമുള്ള ഒരു ശബ്ദമായി അത് ഉയർന്നുവന്നിട്ടുണ്ടെന്നും ശ്രീ അഗ്രവാൾ അടിവരയിട്ടു പറഞ്ഞു. വർദ്ധിച്ചുവരുന്ന സംരക്ഷണവാദം, ഭൗമ രാഷ്ട്രീയ പിരിമുറുക്കങ്ങൾ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, പണപ്പെരുപ്പ സമ്മർദ്ദങ്ങൾ, വർദ്ധിച്ചുവരുന്ന അനിശ്ചിതത്വം എന്നിവയ്ക്കിടയിലും ഇത് സംഭവിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിക്സ് അംഗരാജ്യങ്ങൾ തമ്മിലുള്ള ആഭ്യന്തര ചരക്ക് വ്യാപാരം, 2003-ലെ 84 ബില്യൺ യു.എസ് ഡോളറിൽ നിന്ന് 2024-ൽ 1.17 ട്രില്യൺ യു.എസ് ഡോളറായി 13 മടങ്ങ് വർദ്ധിച്ചതായും, ഇത് ആഗോള വ്യാപാരത്തിലെ വളർച്ചയെ മറികടന്നതായും, കൂടാതെ അംഗരാജ്യങ്ങൾക്ക് കൂടുതൽ പ്രതിരോധശേഷിയും വൈവിധ്യവൽക്കരണവും നല്കുന്നതിന് കാരണമായതായും അദ്ദേഹം എടുത്തുപറഞ്ഞു. ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള ആഭ്യന്തര വ്യാപാരം ഇപ്പോഴും ആഗോള വ്യാപാരത്തിൻ്റെ ഏകദേശം 5 ശതമാനം മാത്രമാണ് പ്രതിനിധീകരിക്കുന്നതെന്നും ഇത് ആഴത്തിലുള്ള വ്യാപാര സംയോജനം, ശക്തമായ മൂല്യ ശൃംഖല ബന്ധങ്ങൾ, മെച്ചപ്പെട്ട സാമ്പത്തിക സഹകരണം എന്നിവയ്ക്കുള്ള വലിയ തോതിലുള്ളതും ഇതുവരെ പ്രയോജനപ്പെടുത്താത്തതുമായ സാധ്യതകളെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി കെട്ടിപ്പടുക്കുക" എന്ന പ്രമേയത്തിൽ നടന്ന ഈ യോഗം മുൻ അധ്യക്ഷൻമാരുടെ കീഴിൽ ഏറ്റെടുത്ത പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. 2012, 2016, 2021 വർഷങ്ങൾക്ക് ശേഷം ഇത് നാലാം തവണയാണ് ഇന്ത്യ ബ്രിക്സ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ബഹുമുഖ വ്യാപാര സംവിധാനം ശക്തിപ്പെടുത്തൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ അന്താരാഷ്ട്രവൽക്കരണത്തെ പിന്തുണയ്ക്കൽ, ആഗോള മൂല്യശൃംഖലകളെ കൂടുതൽ പ്രതിരോധശേഷിയുള്ളതും വൈവിധ്യപൂർണ്ണവുമാക്കൽ, സേവന വ്യാപാരം വിപുലീകരിക്കൽ എന്നിവയുൾപ്പെടെയുള്ള സമകാലിക വ്യാപാര വിഷയങ്ങളിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂടുതൽ സന്തുലിതമായ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും, സേവന മേഖലയിൽ പുതിയ അവസരങ്ങൾ തുറക്കുന്നതിനും, ഒപ്പം ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിലൂടെ കർഷകർ, സ്ത്രീകൾ, സംരംഭകർ, ബിസിനസുകൾ തുടങ്ങിയ പ്രധാന പങ്കാളികളുടെ സമൃദ്ധി വർധിപ്പിക്കുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്യുന്നതിനും യോഗം അവസരമൊരുക്കി.
2026 മെയ് 15-ന് പ്രതിനിധികൾ ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റി സന്ദർശിക്കുകയും കമാൻഡ് ആൻഡ് കൺട്രോൾ സെൻ്റർ ഉൾപ്പെടെയുള്ള അവിടുത്തെ സൗകര്യങ്ങൾ കണ്ടറിയുകയും ചെയ്തു. ഗിഫ്റ്റ് സിറ്റിയെ ഒരു ലോകോത്തര സാമ്പത്തിക കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള സംരംഭങ്ങളെക്കുറിച്ച് ഒരു അവതരണവും നടത്തി. അന്താരാഷ്ട്ര വ്യാപാരത്തെ പിന്തുണയ്ക്കുന്നതിനായി ബാങ്കിംഗ്, മൂലധന വിപണികൾ, ഫണ്ട് മാനേജ്‌മെൻ്റ്, ലീസിംഗ്, മറ്റ് സാമ്പത്തിക സേവനങ്ങൾ എന്നിവയ്ക്കായുള്ള ഒരു ആഗോള കേന്ദ്രം കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ചുള്ള ഒരു അവലോകനം ഈ സന്ദർശനം പ്രതിനിധികൾക്ക് നല്കി.
സി.ജി ഇ.ടി.ഐയിലെ ചർച്ചകൾ ബ്രിക്സുമായുള്ള ഇന്ത്യയുടെ ഇടപെടലുകളെ കൂടുതൽ വിപുലമായ ഒരു വ്യാപാര പശ്ചാത്തലത്തിൽ ഉൾപ്പെടുത്തുന്നതായിരുന്നു. ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, 2025-26 സാമ്പത്തിക വർഷത്തിൽ ബ്രിക്സ് അംഗരാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ ചരക്ക് കയറ്റുമതി 82.0 ബില്യൺ യുഎസ് ഡോളറും, 2024 കലണ്ടർ വർഷത്തിൽ സേവന കയറ്റുമതി 31.3 ബില്യൺ യുഎസ് ഡോളറുമായി കണക്കാക്കപ്പെടുന്നു. സേവനങ്ങളും കണക്റ്റിവിറ്റിയും ഭാവി വളർച്ചയുടെ പ്രധാന ചാലകശക്തികളായി ഉയർന്നുവരുന്ന സാഹചര്യത്തിൽ, ബ്രിക്സ് രാജ്യങ്ങൾക്കിടയിലുള്ള വ്യാപാരം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള സാധ്യതകളിലേക്കാണ് ഇവ വിരൽ ചൂണ്ടുന്നത്.
*****
( റിലീസ് ഐ.ഡി: 2261811)
സന്ദര്‍ശക കൗണ്ടര്‍ : 4