PIB Backgrounder
azadi ka amrit mahotsav

അണക്കെട്ട് പുനരുദ്ധാരണം: നയത്തിലൂടെയും സാങ്കേതികവിദ്യയിലൂടെയും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ

പോസ്റ്റഡ് ഓണ്‍: 15 MAY 2026 1:32PM by PIB Thiruvananthpuram

വലിയ അണക്കെട്ടുകളുടെ കാര്യത്തിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണ്. രാജ്യത്ത് 6628 നിർദ്ദിഷ്ട അണക്കെട്ടുകളുണ്ട്. 26 ശതമാനത്തിലധികം അണക്കെട്ടുകളും 50 വർഷത്തിലധികം പഴക്കമുള്ളവയാണ്. അതിനാൽ വ്യവസ്ഥാപിതമായ പുനരുദ്ധാരണവും സുരക്ഷാ നവീകരണവും അത്യാവശ്യമാണ്. അണക്കെട്ടുകളുടെ സുരക്ഷയും പ്രവർത്തന മികവും മെച്ചപ്പെടുത്തുന്നതിനായി അണക്കെട്ട് പുനരുദ്ധാരണ, മെച്ചപ്പെടുത്തൽ പദ്ധതി (ഡ്രിപ്) ഘട്ടം ഘട്ടമായി നടപ്പിലാക്കി വരുന്നു. അണക്കെട്ട് തകർച്ചയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ തടയുന്നതിനായി നിർദ്ദിഷ്ട അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, പ്രവർത്തനം, പരിപാലനം എന്നിവ 2021 ലെ അണക്കെട്ട് സുരക്ഷാ നിയമം വ്യവസ്ഥ ചെയ്യുന്നു. അതിനോടൊപ്പം, അണക്കെട്ടുകളുടെ സുരക്ഷിത പ്രവർത്തനം ഉറപ്പാക്കുന്നതിനും അതുമായി ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുമായി ഒരു വ്യവസ്ഥാപിത സംവിധാനവും ഇത് ഒരുക്കുന്നു.


'ധർമ്മ' പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, അളവ് നിയന്ത്രണോപകരണ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവയ്‌ക്കൊപ്പം തത്സമയ നിരീക്ഷണവും ഡാറ്റാധിഷ്ഠിത അണക്കെട്ട് സുരക്ഷാ സംവിധാനവും ശക്തിപ്പെടുത്തുന്നു.


ആമുഖം

ജലസേചനം, ജലവൈദ്യുത ഉൽപാദനം, വെള്ളപ്പൊക്ക നിയന്ത്രണം, കുടിവെള്ള വിതരണം, മൊത്തത്തിലുള്ള ജലസുരക്ഷ എന്നിവയിൽ ഇന്ത്യയിലെ അണക്കെട്ടുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി, രാജ്യത്തുടനീളമുള്ള കാർഷിക വളർച്ച, വ്യാവസായിക വികസനം, സാമൂഹിക-സാമ്പത്തിക പുരോഗതി എന്നിവയിൽ അണക്കെട്ടുകൾ ഗണ്യമായ സംഭാവന നൽകിയിട്ടുമുണ്ട്.

ധാരാളം അണക്കെട്ടുകൾക്ക് കാലപ്പഴക്കം കൊണ്ടും കാലാവസ്ഥാ വ്യതിയാനത്താലും മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ അണക്കെട്ടുകളുടെ പുനരുദ്ധാരണം, പ്രവർത്തന സുരക്ഷ, ദീർഘകാലാടിസ്ഥാനത്തിലുള്ള അതിജീവനശേഷി എന്നീ വിഷയങ്ങൾ പ്രാധാന്യമർഹിക്കുന്നു. ഘടനാപരമായ പുനരധിവാസം, വ്യവസ്ഥാപിത പരിഷ്‌കാരങ്ങൾ, ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങൾ, അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള സുരക്ഷാ സംവിധാനങ്ങൾ എന്നിവ സംയോജിപ്പിച്ച് സമഗ്രമായ ഒരു സമീപനത്തിലൂടെയാണ് ഇന്ത്യാ ഗവണ്മെൻ്റ് ഇതിനെ അഭിസംബോധന ചെയ്യുന്നത്.

ഇന്ത്യയിലെ അണക്കെട്ടുകളുടെ സ്ഥിതി

ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ശൃംഖലകളിൽ ഒന്നാണ് ഇക്കാലത്ത് ഇന്ത്യ കൈകാര്യം ചെയ്യുന്നത്. പ്രവർത്തനക്ഷമായ 6,545 അണക്കെട്ടുകളും, നിർമാണത്തിലുള്ള 83 എണ്ണവുമുൾപ്പെടെ 6,628 നിർദിഷ്ട അണക്കെട്ടുകളുള്ള ഇന്ത്യ ഈ രംഗത്ത് ലോകത്ത് മൂന്നാം സ്ഥാനത്താണ്. ഈ അണക്കെട്ടുകളുടെ മൊത്തം ജലസംഭരണ ശേഷി ഏകദേശം 330 ബില്യൺ ക്യുബിക് മീറ്ററാണ്. ദേശീയ ഭക്ഷ്യ, ഊർജ്ജ, ജല സുരക്ഷ ഉറപ്പാക്കുന്നതിൽ അവ നിർണായകമാണ്.

ഈ അണക്കെട്ടുകളിൽ ഏകദേശം 26 ശതമാനം (1,681 അണക്കെട്ടുകൾ) 50 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ളവയാണ്. 100 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 291 എണ്ണവും ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 42 ശതമാനം അണക്കെട്ടുകൾ 25 മുതൽ 50 വർഷം വരെയുള്ള പ്രായപരിധിയിൽ ഉൾപ്പെട്ടതാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടായ തമിഴ്നാട്ടിലെ കല്ലണൈ (ഗ്രാൻഡ് ആനിക്കട്ട്) ഏകദേശം 2,000 വർഷമായി പ്രവർത്തിക്കുന്നു. ഇത് കാലത്തെ അതിജീവിക്കുന്ന എൻജിനീയറിങ് മികവും പരിപാലനവും എടുത്തുകാണിക്കുന്നു.  

ഈ അണക്കെട്ടുകളിൽ ഏകദേശം 98.5 ശതമാനം, അതായത് 6,448 എണ്ണം, സംസ്ഥാന ഗവണ്മെൻ്റുകളുടെ ഉടമസ്ഥതയിലാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 49 അണക്കെട്ടുകൾ അഥവാ 0.7 ശതമാനം അണക്കെട്ടുകൾ ഉണ്ട്. സ്വകാര്യ സ്ഥാപനങ്ങൾക്കാവട്ടെ 0.6 ശതമാനം അല്ലെങ്കിൽ 36 അണക്കെട്ടുകളാണ് നിലവിലുള്ളത്. കേന്ദ്ര ഗവണ്മെൻ്റിന് 0.2 ശതമാനം അല്ലെങ്കിൽ 12 അണക്കെട്ടുകളുടെ ഉടമസ്ഥതയുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ നിർദ്ദിഷ്ട അണക്കെട്ടുകൾ ഉള്ളത്, തൊട്ടുപിന്നിൽ മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, കർണാടക, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ്.

അടിസ്ഥാന സൗകര്യങ്ങളുടെ കാലപ്പഴക്കം, അവശിഷ്ടങ്ങൾ അടിഞ്ഞു കൂടൽ, മാറിക്കൊണ്ടിരിക്കുന്ന ജലശാസ്ത്ര രീതികൾ, വർദ്ധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനം എന്നിവ വ്യവസ്ഥാപിത പുനരുദ്ധാരണത്തിൻ്റെയും സുരക്ഷാ സംവിധാനത്തിൻ്റെയും ആവശ്യകത എടുത്തുകാണിക്കുന്നു.
ഇന്ത്യയിലെ 439 ജലസംഭരണികളുടെ വിശകലനം (സി.ഡബ്ല്യു.സി ഡാറ്റ) കാണിക്കുന്നത് 42 വർഷം ശരാശരി പഴക്കമുള്ള ജലസംഭരണികളിൽ അവയുടെ ആകെ സംഭരണ ശേഷിയുടെ ശരാശരി 19 ശതമാനം നഷ്ടപ്പെടുന്നുവെന്നാണ്. ശരാശരി വാർഷിക സംഭരണനഷ്ടം 0.74 ശതമാനം ആണെന്ന് കണക്കാക്കപ്പെടുന്നു, ഇത് പ്രതിവർഷം ഒരു ജലസംഭരണിയ്ക്ക് ഏകദേശം 1.81 മില്യൺ ക്യുബിക് മീറ്ററിന് തുല്യമാണ്.

 



 

അണക്കെട്ട് പുനരുദ്ധാരണ, മെച്ചപ്പെടുത്തൽ പദ്ധതി (ഡ്രിപ്)

ഘടനാപരമായ അറ്റകുറ്റപ്പണികൾ, സ്പിൽവേകളുടെയും ഗേറ്റുകളുടെയും ആധുനികവൽക്കരണം, നൂതന നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കൽ എന്നിവയിലൂടെ നിലവിലുള്ള അണക്കെട്ടുകളുടെ സുരക്ഷയും പ്രവർത്തന പ്രകടനവും മെച്ചപ്പെടുത്തുന്നതിനായി മൂന്ന് ഘട്ടങ്ങളിലായാണ് മുൻനിര സംരംഭമായ അണക്കെട്ട് പുനരധിവാസ, മെച്ചപ്പെടുത്തൽ പദ്ധതി നടപ്പിലാക്കുന്നത്. അണക്കെട്ട് സുരക്ഷാ നിയന്ത്രണത്തിൽ വ്യവസ്ഥാപിതവും അപകടസാധ്യതാധിഷ്ഠിതവുമായ സമീപനത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തെ പ്രതിഫലിപ്പിക്കുന്ന, ലോകത്തെ ഏറ്റവും വലിയ അണക്കെട്ട് പുനരുദ്ധാരണ പദ്ധതികളിൽ ഒന്നാണ് ഡ്രിപ്.

 



 

ഡ്രിപ് ഒന്നാം ഘട്ടം (2012-2021)


ലോകബാങ്കിൻ്റെ പിന്തുണയോടെ 2012 ഏപ്രിലിലാണ് ഡ്രിപ് ഒന്നാം ഘട്ടം ആരംഭിച്ചത്. ജാർഖണ്ഡ്, കർണാടക, കേരളം, മധ്യപ്രദേശ്, ഒഡീഷ, തമിഴ്നാട്, ഉത്തരാഖണ്ഡ് തുടങ്ങിയ ഏഴ് സംസ്ഥാനങ്ങളിലായി 223 അണക്കെട്ടുകളാണ് ഈ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയത്. പങ്കാളികളാവുന്ന സംസ്ഥാനങ്ങളിലും ഏജൻസികളിലും അണക്കെട്ട് സുരക്ഷാ രീതികളും വ്യവസ്ഥാപിത കാര്യക്ഷമതയും ശക്തിപ്പെടുത്തുന്നതിന് ഈ പരിപാടി ഗണ്യമായി സംഭാവന നൽകി. 223 അണക്കെട്ടുകൾക്കായുള്ള വെള്ളപ്പൊക്ക സാധ്യതാ അവലോകനം, അണക്കെട്ടിൻ്റെ ക്ഷമതാ പരിശോധനകൾ, പുനരുദ്ധാരണ നിർദ്ദേശങ്ങളുടെ അന്തിമവത്കരണം എന്നിവ പൂർത്തിയാക്കുകയും 144 അണക്കെട്ടുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് അനുമതി നൽകുകയും ചെയ്തു. പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചത് ഇവയിലാണ്:

  • അണക്കെട്ട് ഘടനകളുടെ പുനരുദ്ധാരണവും ആധുനികവത്കരണവും.
  • അണക്കെട്ടുകളുടെ സുരക്ഷാ പരിശോധനകളും വിലയിരുത്തലുകളും.
  • അടിയന്തര പ്രവർത്തന പദ്ധതികളുടെ വികസനം.
  • ശേഷി വികസനവും പരിശീലന പരിപാടികളും.
  • അണക്കെട്ട് സുരക്ഷാ, പുനരുദ്ധാരണ അവലോകന സംവിധാനത്തിൻ്റെ  (ഡാം ഹെൽത്ത് ആൻഡ് റിഹാബിലിറ്റേഷൻ മോണിറ്ററിങ് ആപ്ലിക്കേഷൻ/ധർമ്മ) അവതരണം.


ഡ്രിപ് രണ്ട്, മൂന്ന് ഘട്ടങ്ങൾ

 ഡ്രിപ് രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും 2021 ഒക്ടോബറിൽ പ്രവർത്തനക്ഷമമായി. രണ്ടാം തല പദ്ധതിക്ക് ലോകബാങ്കും എ.ഐ.ഐ.ബിയും സഹകരിച്ചാണ് ധനസഹായം ലഭ്യമാക്കിയത്. മൊത്തം പദ്ധതി വിഹിതം 10,211 കോടി രൂപയാണ് (രണ്ടാം ഘട്ടത്തിന് 5,107 കോടി രൂപയും, മൂന്നാം ഘട്ടത്തിന് 5,104 കോടിയും), ഇതിൽ 7,000 കോടി രൂപ ബാഹ്യ വായ്പയായും 3,211 കോടി രൂപ പദ്ധതിയിൽ പങ്കാളികളായ സംസ്ഥാനങ്ങളും കേന്ദ്ര ഏജൻസികളും വഹിക്കുകയും ചെയ്യുന്നു.

രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും ഒരുമിച്ച് പത്ത് വർഷത്തോളം നീണ്ടു നിൽക്കും. ഓരോ ഘട്ടവും രണ്ട് വർഷത്തെ ഇടവേളയോടെ ആറ് വർഷം നീണ്ടുനിൽക്കും. 191 അണക്കെട്ടുകൾക്കായി 5,053 കോടി രൂപയുടെ പുനരുദ്ധാരണ നിർദ്ദേശങ്ങൾക്ക് (പ്രോജക്ട് സ്‌ക്രീനിംഗ് ടെംപ്ലേറ്റുകൾ - പി.എസ്.ടി കൾ) അംഗീകാരം ലഭിച്ചു. 2025 മാർച്ച് 31 വരെ ഡ്രിപ് രണ്ടാം ഘട്ടത്തിന് കീഴിലുള്ള ആകെ പദ്ധതി ചെലവ് 2,225 കോടി രൂപയാണ്. ഇതിൽ 43 അണക്കെട്ടുകളിൽ പ്രധാന ഭൗതിക പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്.

19 സംസ്ഥാനങ്ങളിലെ 736 അണക്കെട്ടുകളും മൂന്ന് കേന്ദ്ര ഏജൻസികളും (സി.ഡബ്ലിയു.സി, ഭക്ര ബിയാസ് മാനേജ്‌മെൻ്റ് ബോർഡ്, ദാമോദർ വാലി കോർപ്പറേഷൻ) ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഭക്ര അണക്കെട്ട് (ഹിമാചൽ പ്രദേശ്), രഞ്ജിത് സാഗർ അണക്കെട്ട് (പഞ്ചാബ്), എൻ.ടി.ആർ സാഗർ (തെലങ്കാന), നാഗാർജുന സാഗർ അണക്കെട്ട് (തെലങ്കാന), ഗാന്ധി സാഗർ അണക്കെട്ട് (മധ്യപ്രദേശ്), കഡന (ഗുജറാത്ത്), ജിർഗോ അണക്കെട്ട് (ഉത്തർപ്രദേശ്), ഇംഫാൽ ബാരേജ് (മണിപ്പൂർ), മിൻഡൂലേഷ്‌ക അണക്കെട്ട് (മേഘാലയ), ശിലാബതി ബാരേജ് (പശ്ചിമ ബംഗാൾ), ഗായത്രി അണക്കെട്ട് (പശ്ചിമ ബംഗാൾ) തുടങ്ങിയവ ഡ്രിപ് രണ്ടും മൂന്നും ഘട്ടങ്ങളിൽ സുരക്ഷാ മെച്ചപ്പെടുത്തലിനായി ആസൂത്രണം ചെയ്തിരിക്കുന്ന പ്രധാന അണക്കെട്ടുകളിൽ  ഉൾപ്പെടുന്നു.  

ഡ്രിപ് രണ്ടും മൂന്നും ഘട്ടങ്ങൾക്ക് നാല് ഘടകങ്ങളുണ്ട്:

  • സുരക്ഷയും പ്രകടനവും മെച്ചപ്പെടുത്തുന്നതിനായി അണക്കെട്ടുകളുടെയും അനുബന്ധ ഘടനകളുടെയും പുനരുദ്ധാരണം.
  • സംസ്ഥാന, കേന്ദ്ര തലങ്ങളിൽ അണക്കെട്ട് സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വ്യവസ്ഥാപിത ശാക്തീകരണം.
  • സുസ്ഥിരമായ പ്രവർത്തന, പരിപാലനത്തിന് പിന്തുണ നൽകുന്നതിനായി വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ.
  • ഫലപ്രദമായ നിർവഹണത്തിനായുള്ള പദ്ധതി നടത്തിപ്പ്.

സ്ഥാപനപരമായ ചട്ടക്കൂട്: 2021 ലെ അണക്കെട്ട് സുരക്ഷാ നിയമം

2021 ഡിസംബർ 30-ന് പ്രാബല്യത്തിൽ വന്ന 2021 ലെ അണക്കെട്ട് സുരക്ഷാ നിയമം, രാജ്യത്തുടനീളമുള്ള നിർദ്ദിഷ്ട അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, പ്രവർത്തനം, പരിപാലനം എന്നിവയ്ക്കുള്ള സമഗ്രമായ ഒരു ചട്ടക്കൂട് നൽകുന്നു. ഈ നിയമത്തിന് കീഴിൽ നിർദ്ദിഷ്ട അണക്കെട്ട് എന്നതുകൊണ്ട് 15 മീറ്ററിൽ കൂടുതൽ ഉയരമുള്ളതോ, നിർദ്ദിഷ്ട സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ 10 നും 15 മീറ്ററിനും ഇടയിൽ ഉയരമുള്ളതോ ആയ അണക്കെട്ടിനെയാണ് സൂചിപ്പിക്കുന്നത്. നിയമത്തിലെ വിവിധ വ്യവസ്ഥകൾ പാലിക്കുന്നത് ഇപ്പോൾ അണക്കെട്ട് ഉടമകളുടെ നിയമപരമായ ബാധ്യതയായി മാറിയിരിക്കുന്നു, അതോടൊപ്പം ഇതിനായി കൃത്യമായ സമയപരിധികളും നിശ്ചയിച്ചിട്ടുണ്ട്.

ഇത് നാല് തലങ്ങളിലുള്ള ഒരു ചിട്ടയായ പ്രവർത്തന സംവിധാനം സ്ഥാപിക്കുന്നു: പരമോന്നത സ്ഥാപനമായി ദേശീയ അണക്കെട്ട് സുരക്ഷാ സമിതി (എൻ.സി.ഡി.എസ്), നിയന്ത്രണ, നിർവ്വഹണ വിഭാഗമായി ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി (എൻ.ഡി.എസ്.എ), സംസ്ഥാന തലത്തിൽ നിരീക്ഷണം, പരിശോധന, ചട്ടപാലനം എന്നിവയ്ക്ക് ഉത്തരവാദികളായ സംസ്ഥാന അണക്കെട്ട് സുരക്ഷാ സമിതികൾ (എസ്.സി.ഡി.എസ്), സംസ്ഥാന അണക്കെട്ട് സുരക്ഷാ സംഘടനകൾ (എസ്.ഡി.എസ്.ഒ കൾ) എന്നിവയാണവ. അണക്കെട്ടുകളുടെ ഉടമസ്ഥാവകാശമുള്ള 31 സംസ്ഥാനങ്ങളും എസ്.ഡി.എസ്.ഒ രൂപവത്കരിച്ചു.

 



 

പതിവ് പരിശോധനകൾ, നിയന്ത്രണോപകരണ വിവരശേഖരണ സംവിധാനങ്ങളുടെ സ്ഥാപനം, അളവ്-നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കൽ, സമഗ്രമായ അണക്കെട്ട് സുരക്ഷാ വിലയിരുത്തലുകൾ, അപകടസാധ്യത വിലയിരുത്തൽ പഠനങ്ങൾ, ഉള്ളൊഴുക്ക് പ്രവചനം, നേരത്തെ മുന്നറിയിപ്പ് നൽകുന്ന സംവിധാനം, ജലസംഭരണികളുടെ സംയോജിത പ്രവർത്തനം, അപകട സാധ്യത, പ്രവർത്തന-പരിപാലന മാർഗരേഖയും അടിയന്തര പ്രവർത്തന പദ്ധതിയും (ഇ.എ.പി) തയ്യാറാക്കൽ എന്നിവ ഉൾപ്പെടെയുള്ള പ്രധാന സുരക്ഷാ വ്യവസ്ഥകൾ ഈ നിയമം നിർബന്ധമാക്കുന്നു.
അണക്കെട്ടിൻ്റെ പരിപാലനത്തിനും അറ്റകുറ്റപ്പണികൾക്കും മതിയായ ഫണ്ട് അനുവദിക്കുന്നതിനുള്ള ഉത്തരവാദിത്തവും ഇത് അണക്കെട്ട് ഉടമകളിൽ ചുമത്തുന്നു, അതുവഴി സുരക്ഷാ പാലനത്തെ സുസ്ഥിരമായ സാമ്പത്തിക വ്യവസ്ഥകളുമായി ബന്ധിപ്പിക്കുന്നു.

ചില പ്രധാന നേട്ടങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • ഡാം ഹെൽത്ത് ആൻഡ് റീഹാബിലിറ്റേഷൻ മോണിറ്ററിങ് ആപ്ലിക്കേഷൻ (ധർമ്മ) പ്ലാറ്റ്‌ഫോമിൽ 6,628 നിർദ്ദിഷ്ട അണക്കെട്ടുകളുടെയും രജിസ്‌ട്രേഷൻ.
  • മെച്ചപ്പെട്ട അണക്കെട്ട് സുരക്ഷാ അവലോകനത്തിനും ഡാറ്റ കൈകാര്യത്തിനുമായി ധർമ്മ വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോമും മൊബൈൽ ആപ്ലിക്കേഷനും ആരംഭിച്ചു.
  • രേഖകൾ ഡിജിറ്റലായി സൂക്ഷിച്ചുകൊണ്ട് പ്രതിവർഷം ഏകദേശം 13,000 അണക്കെട്ട് പരിശോധനകൾ നടത്തുന്നു.
  • വെബ് അധിഷ്ഠിത വിലയിരുത്തൽ ഉപകരണം ഉപയോഗിച്ച് രാജ്യത്തുടനീളമുള്ള നിർദ്ദിഷ്ട അണക്കെട്ടുകളുടെ ദ്രുത അപകടസാധ്യതാ പരിശോധന നടപ്പിലാക്കൽ. ഇതുവരെ, നിർദ്ദിഷ്ട 5553 അണക്കെട്ടുകൾക്ക് ഈ പ്രക്രിയ പൂർത്തിയായി.
  • 2021 ലെ അണക്കെട്ട് സുരക്ഷാ നിയമപ്രകാരം ഔദ്യോഗിക ഗസറ്റിൽ 20 നിയന്ത്രണങ്ങൾ പ്രസിദ്ധീകരിക്കൽ.
  • ജയ്പൂരിലെ എം.എൻ.ഐ.ടിയിൽ അണക്കെട്ടുകളുടെ ഭൂകമ്പ സുരക്ഷയ്ക്കായുള്ള ദേശീയ കേന്ദ്രം സ്ഥാപിച്ചു.


ദേശീയ അണക്കെട്ട് സുരക്ഷാ സമിതി (എൻ.സി.ഡി.എസ്)


2021-ലെ അണക്കെട്ട് സുരക്ഷാ നിയമപ്രകാരമുള്ള ഉന്നത നയരൂപവത്കരണ സ്ഥാപനമാണ് എൻ.സി.ഡി.എസ്. രാജ്യത്തുടനീളം ഏകീകൃത ഡാം സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുന്നതിനും നിയന്ത്രണങ്ങൾ ശുപാർശ ചെയ്യുന്നതിനും ഇത് ഉത്തരവാദപ്പെട്ടിരിക്കുന്നു. അണക്കെട്ട് തകർച്ചയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ തടയുന്നതിനും അണക്കെട്ട് സുരക്ഷാ മാനദണ്ഡങ്ങൾ നിലനിർത്തുന്നതിനും ആവശ്യമായേക്കാവുന്ന ഒന്നാം ഷെഡ്യൂളിൽ വ്യക്തമാക്കിയിട്ടുള്ള പ്രവർത്തനങ്ങൾ ഇത് നിർവഹിക്കുന്നു. അണക്കെട്ടുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ തടയുന്നതിനുള്ള സാങ്കേതികവും നിയന്ത്രണപരവുമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചുകൊണ്ട് ഇത് ദേശീയ അണക്കെട്ട് സുരക്ഷാ ചട്ടക്കൂടിനെ നയിക്കുന്നു. 2022 ഫെബ്രുവരിയിൽ രൂപവത്കരിച്ചതിനുശേഷം, എൻ.സി.ഡി.എസ് പതിനൊന്ന് യോഗങ്ങൾ നടത്തുകയും അണക്കെട്ട് സുരക്ഷയ്ക്കുള്ള നിയന്ത്രണ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്.

ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി (എൻ.ഡി.എസ്.എ)


നിർദ്ദിഷ്ട അണക്കെട്ടുകളുടെ കൃത്യമായ മേൽനോട്ടം, പരിശോധന, പരിപാലനം എന്നിവയ്ക്കായി ദേശീയ സമിതി, വികസിപ്പിച്ചെടുത്ത നയം, മാർഗ്ഗനിർദ്ദേശങ്ങൾ, മാനദണ്ഡങ്ങൾ എന്നിവ നടപ്പിലാക്കുന്നതിന് ആവശ്യമായേക്കാവുന്ന രണ്ടാം ഷെഡ്യൂളിൽ വ്യക്തമാക്കിയിട്ടുള്ള പ്രവർത്തനങ്ങൾ എൻ.ഡി.എസ്.എ നിർവഹിക്കുന്നു.

('അണക്കെട്ട് ഉടമകൾ' എന്നാൽ ഒരു നിർദ്ദിഷ്ട അണക്കെട്ടിൻ്റെ ഉടമസ്ഥതയോ, നിയന്ത്രണമോ, നടത്തിപ്പോ, പരിപാലനമോ നിർവഹിക്കുന്ന കേന്ദ്ര ഗവണ്മെൻ്റോ സംസ്ഥാന ഗവണ്മെൻ്റോ അല്ലെങ്കിൽ ഒന്നോ അതിലധികമോ ഗവണ്മെൻ്റുകളോ പൊതുമേഖലാ സ്ഥാപനങ്ങളോ തദ്ദേശ സ്ഥാപനങ്ങളോ കമ്പനിയോ ഏതെങ്കിലും അല്ലെങ്കിൽ അത്തരം എല്ലാ വ്യക്തികളോ സംഘടനകളോ ആണ്.)

സംസ്ഥാനതല സ്ഥാപനങ്ങളും അണക്കെട്ട് ഉടമകളും


2021 ലെ അണക്കെട്ട് സുരക്ഷാ നിയമം, സംസ്ഥാന അണക്കെട്ട് സുരക്ഷാ സമിതികളുടെ (എസ്.സി.ഡി.എസ്)) വ്യവസ്ഥാപനവും സംസ്ഥാന അണക്കെട്ട് സുരക്ഷാ സംഘടനകളുടെ (എസ്.ഡി.എസ്.ഒ കൾ) രൂപീകരണവും നിർബന്ധമാക്കുന്നു. നിർദ്ദിഷ്ട അണക്കെട്ടുകളുടെ ഉടമസ്ഥാവകാശമുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിയമത്തിന് അനുസൃതമായി എസ്.സി.ഡി.എസുകളും എസ്.ഡി.എസ്.ഒകളും സ്ഥാപിച്ചിട്ടുണ്ട്. അണക്കെട്ടുകളുടെ ഡാറ്റാബേസുകളുടെ പരിപാലനം; എൻ.ഡി.എസ്.എ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾക്കനുസൃതമായി അണക്കെട്ടുകളുടെ ദൗർഭല്യവും അപകടസാദ്ധ്യതയും തരംതിരിക്കൽ; അണക്കെട്ട് ഉടമകൾക്ക് തിരുത്തൽ സുരക്ഷാ നടപടികൾ ശുപാർശ ചെയ്യൽ തുടങ്ങി അവരുടെ അധികാരപരിധിയിലുള്ള എല്ലാ നിർദ്ദിഷ്ട അണക്കെട്ടുകളുടെയും നിരന്തര നിരീക്ഷണം, പരിശോധന, അവലോകനം എന്നിവയ്ക്ക് എസ്.ഡി.എസ്.ഒകൾ ഉത്തരവാദപ്പെട്ടവരാണ്.

അണക്കെട്ട് ഉടമകൾ നിയമപ്രകാരം വിവിധ പ്രവർത്തനങ്ങൾക്ക് ബാധ്യസ്ഥരാണ്, അവയിൽ ചിലത് ഇവയാണ്:

  • ഓരോ അണക്കെട്ടിലും ഒരു അണക്കെട്ട് സുരക്ഷാ യൂണിറ്റ് സ്ഥാപിക്കുക.
  • മൺസൂണിന് മുമ്പും ശേഷവുമുള്ള പരിശോധനകൾ നടത്തുക. അതുപോലെ തന്നെ ഏതെങ്കിലും ദുരന്ത, ആപത്‌സൂചനാ കാലയളവിലോ അതിന് ശേഷമോ പരിശോധനകൾ നടത്തുക.
  • പരിപാലനത്തിനും അറ്റകുറ്റപ്പണികൾക്കുമായി ഫണ്ട് നീക്കിവെക്കുക.
  • അടിയന്തര പ്രവർത്തന പദ്ധതി തയ്യാറാക്കുക.
  • നിർദ്ദിഷ്ട ഇടവേളകളിൽ അപകടസാധ്യതാ വിലയിരുത്തൽ പഠനങ്ങൾ നടത്തുക.
  • സാങ്കേതിക രേഖകൾ സമാഹരിക്കുക.
  • വിദഗ്ധ സമിതികൾ വഴി കൃത്യമായ ഇടവേളകളിൽ സമഗ്രമായ അണക്കെട്ട് സുരക്ഷാ വിലയിരുത്തലുകൾ നടത്തുക.
  • ജല-കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങളും സ്ഥാപിക്കൽ.
  • അണക്കെട്ട് സുരക്ഷയ്ക്കായി ഉപകരണങ്ങൾ സജ്ജമാക്കൽ.
  • മുൻകൂർ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കൽ.

 

നിർബന്ധിത പരിശോധനകൾ

2024 ഏപ്രിൽ 24-ന് വിജ്ഞാപനം ചെയ്ത ചട്ടം അനുസരിച്ച്, എല്ലാ നിർദ്ദിഷ്ട അണക്കെട്ടുകളിലും മഴക്കാലത്തിനു മുമ്പും ശേഷവുമുള്ള പരിശോധനകൾ അണക്കെട്ട് ഉടമകൾ നിർബന്ധമായും നടത്തേണ്ടതുണ്ട്. മഴക്കാലപൂർവ്വ, മഴക്കാല ശേഷ പരിശോധനകളെ അടിസ്ഥാനമാക്കി, അവയെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒന്നാമത്തെ വിഭാഗം എന്നത് പരിഹരിക്കപ്പെട്ടില്ലെങ്കിൽ പരാജയത്തിലേക്ക് നയിച്ചേക്കാവുന്ന ഗുരുതരമായ പോരായ്മകളെ സൂചിപ്പിക്കുന്നു. രണ്ടാം വിഭാഗത്തിൽ ഉടനടി പരിഹാര നടപടി ആവശ്യമുള്ള, പ്രധാന പോരായ്മകളുള്ള അണക്കെട്ടുകൾ ഉൾപ്പെടുന്നു.

 

മൂന്നാമത്തെ വിഭാഗത്തിൽ ചെറിയ പോരായ്മകളുള്ളവയോ, പോരായ്മകളില്ലാത്തതോ ആയ അണക്കെട്ടുകൾ ഉൾപ്പെടുന്നു. 2025-ലെ മൺസൂൺ കാലത്തിന് ശേഷമുള്ള പരിശോധനകളുടെ അടിസ്ഥാനത്തിൽ, 3 അണക്കെട്ടുകൾ ഒന്നാം വിഭാഗത്തിലും 188 അണക്കെട്ടുകൾ രണ്ടാം വിഭാഗത്തിലും ഉൾപ്പെടുന്നു. അണക്കെട്ടിൻ്റെ വിഭാഗത്തെ ആശ്രയിച്ച്, അണക്കെട്ട് ഉടമകൾ സമയബന്ധിതമായി ഉചിത പരിഹാര നടപടികൾ സ്വീകരിക്കുന്നു.

 



 

കാര്യക്ഷമതാ വികസനം


ഭൂകമ്പ സാധ്യതാനിർണ്ണയവും ജലസംഭരണികളിൽ എക്കൽ അടിയുന്ന പ്രക്രിയയും മുഖ്യ ശ്രദ്ധാതലങ്ങളാക്കിക്കൊണ്ട്, ഐ.ഐ.ടി റൂർക്കിയിൽ അണക്കെട്ടുകളുടെ സുരക്ഷയ്ക്കായുള്ള മികവിൻ്റെ കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെടുകയാണ്. അണക്കെട്ടുകളുടെ സമഗ്ര അപകടസാധ്യതാ വിലയിരുത്തലും അണക്കെട്ടുകൾക്കായുള്ള നൂതന നിർമ്മാണവും പുനരധിവാസവും അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാര പരിശോധനയുമാണ് ഐ.ഐ.എസ്.സി ബംഗളൂരുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകൾ.

അണക്കെട്ടുകളുടെ ഭൂകമ്പ പ്രതിരോധ സുരക്ഷയ്ക്കുള്ള ദേശീയ കേന്ദ്രവും (നാഷണൽ സെൻ്റർ ഫോർ എർത്ത്ക്വേക്ക് സേഫ്റ്റി ഓഫ് ഡാംസ്) ജയ്പൂരിലെ എം.എൻ.ഐ.ടിയിൽ സ്ഥാപിക്കുന്നുണ്ട്. 2021-22 മുതൽ ഐ.ഐ.ടി റൂർക്കിയിലും ബംഗളൂരുവിലെ ഐ.ഐ.എസ്.സിയിലും അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച് എം. ടെക് പാഠ്യപദ്ധതി ആരംഭിച്ചു.

കുറ്റകൃത്യങ്ങളും പിഴകളും


അണക്കെട്ട് സുരക്ഷാ നിയമത്തിൻ്റെ പത്താം അദ്ധ്യായത്തിൽ, കേന്ദ്ര ഗവണ്മെൻ്റോ സംസ്ഥാന ഗവണ്മെൻ്റോ ദേശീയ സമിതിയോ അതോറിറ്റിയോ സംസ്ഥാന സമിതിയോ എസ്.ഡി.എസ്.ഒയോ ഈ നിയമപ്രകാരം നൽകുന്ന ഏതെങ്കിലും നിർദ്ദേശങ്ങൾ തടസ്സപ്പെടുത്തുന്നതിനും പാലിക്കാൻ വിസമ്മതിക്കുന്നതിനും കുറ്റകൃത്യങ്ങളും പിഴകളും വ്യവസ്ഥ ചെയ്യുന്നു. ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉള്ള ശിക്ഷ ഉൾപ്പെടുന്നു. നിർദ്ദേശങ്ങൾ പാലിക്കാൻ വിസമ്മതിക്കുകയോ അല്ലെങ്കിൽ അത്തരം തടസ്സങ്ങൾ സൃഷ്ടിക്കുകയോ ചെയ്യുന്നത് ജീവഹാനിയ്‌ക്കോ ആസന്നമായ അപകടത്തിനോ കാരണമായാൽ, രണ്ട് വർഷം വരെ നീണ്ടുനിൽക്കാവുന്ന തടവ് ശിക്ഷ ലഭിക്കും.

ഭാവിയിലേക്കുള്ള ദൃഷ്ടി


പതിറ്റാണ്ടുകളിലായി നിർമ്മിച്ച ഇന്ത്യയുടെ വിപുലമായ അണക്കെട്ട് ശൃംഖല സമ്പദ് വ്യവസ്ഥയുടെ നിർണായക മേഖലകളെ പിന്തുണയ്ക്കുന്നു. ഈ ആസ്തികൾക്ക് കാലപ്പഴക്കമേറുകയും വർധിത വ്യതിയാനം അനുഭവപ്പെടുന്ന കാലാവസ്ഥാ സാഹചര്യങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, വികസനമെന്ന തലത്തിൽ നിന്ന് സുരക്ഷ, അതിജീവനശേഷി, ജീവിതചക്ര പരിപാലനം എന്നിവയിലേക്ക് ശ്രദ്ധ മാറിക്കഴിഞ്ഞു. 2021 ലെ അണക്കെട്ട് സുരക്ഷാ നിയമത്തിന് കീഴിലുള്ള വ്യവസ്ഥാപിത മേൽനോട്ടം, ധർമ്മ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങിയ ബൃഹദ് പരിപാടികളുടെ സംയോജനം ഇന്ത്യയിലെ പക്വതയാർജ്ജിക്കുന്ന അണക്കെട്ട് സുരക്ഷാ ആവാസവ്യവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ഈ സംരംഭങ്ങൾ ഒരുമിച്ച്, അണക്കെട്ട് സുരക്ഷയെ ശക്തിപ്പെടുത്തുകയും, കാലപ്പഴക്കം ചെന്ന അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും, ഉയർന്നുവരുന്ന അപകടസാധ്യതകളോടുള്ള അതിജീവനശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

അവലംബം

 

Ministry of Jal Shakti

International Commission on Irrigation & Drainage

World Bank

Others

Click here to see pdf 

***


( റിലീസ് ഐ.ഡി: 2261739) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Tamil