വാണിജ്യ വ്യവസായ മന്ത്രാലയം
2026 സെപ്റ്റംബർ മുതൽ യൂറോപ്യൻ വിപണിയിലേക്ക് സമുദ്രോല്പന്ന കയറ്റുമതി തുടരുന്നതിന് പുതുക്കിയ കരട് പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തി യൂറോപ്യൻ യൂണിയൻ
2025–26 സാമ്പത്തിക വർഷം ഇന്ത്യയുടെ മൂന്നാമത് വലിയ സമുദ്രോല്പന്ന കയറ്റുമതി വിപണിയായി യൂറോപ്യൻ യൂണിയൻ; കയറ്റുമതി മൂല്യത്തിൽ 41 ശതമാനത്തിലേറെ വർധന
പോസ്റ്റഡ് ഓണ്‍:
14 MAY 2026 3:03PM by PIB Thiruvananthpuram
2026 സെപ്റ്റംബർ മുതൽ യൂറോപ്യൻ യൂണിയൻ വിപണിയിലേക്ക് സമുദ്രോല്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് തുടരാൻ അനുമതി നല്‍കിയ രാജ്യങ്ങളുടെ പുതുക്കിയ കരട് പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തി. 2026 മെയ് 12-നാണ് യൂറോപ്യൻ യൂണിയൻ ഈ പട്ടിക പ്രസിദ്ധീകരിച്ചത്. 2024 ഒക്ടോബർ 4-ന് പുറപ്പെടുവിച്ച യൂറോപ്യന്‍ യൂണിയന്‍ റെഗുലേഷൻ 2024/2598-ൽ നിന്ന് ഇന്ത്യ ഒഴിവാക്കപ്പെട്ടതിനെത്തുടർന്നുണ്ടായ ആശങ്കകൾക്ക് ഇതോടെ പരിഹാരമായി. നേരത്തെ പുറപ്പെടുവിച്ച റെഗുലേഷൻ പ്രകാരം 2026 സെപ്റ്റംബർ മുതൽ യൂറോപ്യൻ യൂണിയനിലേക്ക് സമുദ്രോല്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ അനുമതിയുള്ള അംഗരാജ്യങ്ങളല്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിരുന്നില്ല.
യൂറോപ്യൻ കമ്മീഷൻ ഡെലിഗേറ്റഡ് റെഗുലേഷൻ 2023/905 പ്രകാരമുള്ള മാനദണ്ഡങ്ങൾ ഇന്ത്യ പാലിച്ച പശ്ചാത്തലത്തിലാണ് പുതിയ നടപടി. കയറ്റുമതി ചെയ്യുന്ന ജന്തുജന്യ ഉല്പന്നങ്ങളിൽ വളർച്ചാ വർധനയ്ക്കായി ആന്റിമൈക്രോബിയൽ മരുന്നുകളോ മനുഷ്യ ചികിത്സയ്ക്കായി മാറ്റിവെച്ച ആന്റിബയോട്ടിക്കുകളോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചട്ടം നിഷ്കർഷിക്കുന്നു.
ഭക്ഷ്യയോഗ്യമായ മൃഗങ്ങളിൽ ആന്റിമൈക്രോബിയൽ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച നിയന്ത്രണങ്ങൾ പാലിക്കുകയും ആവശ്യമായ ഉറപ്പുകൾ നൽകുകയും ചെയ്ത രാജ്യങ്ങളെയാണ് പുതുക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് 2026 മെയ് 12-ലെ പത്രക്കുറിപ്പിൽ യൂറോപ്യൻ കമ്മീഷൻ വ്യക്തമാക്കി.
ഇന്ത്യയുടെ സമുദ്രോല്പന്ന കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസം പകരുന്ന ഈ തീരുമാനം രാജ്യത്തെ നിയന്ത്രണ സംവിധാനങ്ങളിലും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളിലും യൂറോപ്യൻ യൂണിയന്‍ പുലര്‍ത്തുന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. പുതുക്കിയ റെഗുലേഷന്‍ യൂറോപ്യൻ കമ്മീഷൻ ഔദ്യോഗികമായി അംഗീകരിക്കുന്നതോടെ 2026 സെപ്റ്റംബറിന് ശേഷവും ഇന്ത്യയിൽനിന്ന് സമുദ്രോല്പന്ന കയറ്റുമതി തടസ്സമില്ലാതെ തുടരാനാകും.
ഇന്ത്യൻ സമുദ്രോല്പന്നങ്ങളുടെ പ്രധാന വിപണികളിലൊന്നാണ് യൂറോപ്യൻ യൂണിയൻ. 2025–26 കാലയളവിൽ ഇന്ത്യയുടെ സമുദ്രോല്പന്ന കയറ്റുമതിയുടെ 18.94 ശതമാനവും യൂറോപ്യൻ വിപണിയിലേക്കായിരുന്നു. 1.593 ബില്യൺ യുഎസ് ഡോളറിന്റെ ഉല്പന്നങ്ങളാണ് ഇക്കാലയളവിൽ കയറ്റുമതി ചെയ്തത്. 2024–25-നെ അപേക്ഷിച്ച് കയറ്റുമതി മൂല്യത്തിൽ 41.45 ശതമാനവും അളവിൽ 38.29 ശതമാനവും വർധന രേഖപ്പെടുത്തി. വളർത്തു ചെമ്മീനുകളാണ് കയറ്റുമതി ഇനങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നത്.
നിയന്ത്രണ നടപടികള്‍ ശക്തിപ്പെടുത്താനും ഉത്തരവാദിത്തപൂര്‍ണമായ സമുദ്രോല്പാദന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കേന്ദ്ര വാണിജ്യ മന്ത്രാലയം, സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി, കയറ്റുമതി പരിശോധന സമിതി എന്നിവ വഴി നടത്തിയ നിരന്തര ഇടപെടലുകളുടെ അംഗീകാരം കൂടിയാണിത്.
നാഷണൽ റെസിഡ്യൂ കൺട്രോൾ പ്രോഗ്രാം, പോസ്റ്റ് ഹാർവെസ്റ്റ് ടെസ്റ്റിങ് പ്രോഗ്രാം, നിരോധിത ആന്റിബയോട്ടിക്കുകളും ഔഷധ രാസവസ്തുക്കളും കണ്ടെത്താന്‍ നടത്തിവരുന്ന കർശന പരിശോധനകൾ, സമുദ്രോല്പന്ന മേഖലയിലെ വിവിധ പങ്കാളികള്‍ക്കായി നടത്തുന്ന ബോധവൽക്കരണ പരിപാടികൾ എന്നിവ ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിരീക്ഷണ സംവിധാനത്തെ ശക്തിപ്പെടുത്തി.
മൃഗചികിത്സാ മരുന്നുകൾ, ആന്റിമൈക്രോബിയൽ ശേഷിപ്പുകള്‍, ഉല്പന്നങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള സംവിധാനം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ഇന്ത്യ തുടർച്ചയായി പരിഷ്കരിച്ചു വരികയാണ്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലെ സാങ്കേതിക സഹകരണത്തിന്റെ ഗുണപരമായ ഫലമായാണ് ഈ തീരുമാനത്തെ വിലിരുത്തുന്നത്. കയറ്റുമതി വർധനയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വിദേശനാണ്യ വരുമാനം വർധിപ്പിക്കാനും ഇത് വഴിയൊരുക്കും.
****
( റിലീസ് ഐ.ഡി: 2261093)
സന്ദര്‍ശക കൗണ്ടര്‍ : 15