കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം
നിക്ഷേപക ബോധവൽക്കരണം ശക്തിപ്പെടുത്താന്‍ ധാരണാപത്രം ഒപ്പുവെച്ച് IEPFA-യും പ്രസാർ ഭാരതിയും
പോസ്റ്റഡ് ഓണ്‍:
13 MAY 2026 5:22PM by PIB Thiruvananthpuram
രാജ്യത്ത് നിക്ഷേപക ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താന്‍ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലെ ഇൻവെസ്റ്റർ എജ്യുക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ട് അതോറിറ്റി (IEPFA) രാജ്യത്തെ പൊതുപ്രക്ഷേപകരായ പ്രസാര്‍ ഭാരതിയുമായി ധാരണാപത്രം ഒപ്പുവെച്ചു. ദൂരദർശൻ്റെ ദേശീയ-പ്രാദേശിക ചാനലുകളിലൂടെ വിവരദായകമായ സ്ക്രോൾ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് ധാരണാപത്രത്തിൻ്റെ ലക്ഷ്യം.
IEPFA സി.ഇ.ഒയും കോർപ്പറേറ്റ്കാര്യ മന്ത്രാലയ ജോയിൻ്റ് സെക്രട്ടറിയുമായ ശ്രീമതി അനിത ഷാ അക്കെല്ലയുടെ അധ്യക്ഷതയിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. രാജ്യത്തെ പൗരന്മാർക്കിടയിൽ സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കാനും നിക്ഷേപക ബോധവൽക്കരണം ശക്തിപ്പെടുത്താനും സഹകരണാടിസ്ഥാനത്തില്‍ നടത്തുന്ന ഇത്തരം പൊതുജനസമ്പർക്ക പരിപാടികൾ അനിവാര്യമാണെന്ന് അവർ വ്യക്തമാക്കി.
ദൂരദർശൻ പോലെ വിശ്വസനീയ പൊതുപ്രക്ഷേപണ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി നിക്ഷേപക സംരക്ഷണം, അവകാശവാദമുന്നയിക്കാത്ത ലാഭവിഹിതങ്ങളും ഓഹരികളും, സുരക്ഷിത നിക്ഷേപ രീതികൾ എന്നിവ സംബന്ധിച്ച പ്രധാന വിവരങ്ങൾ വിദൂര ഗ്രാമങ്ങളിലും സേവനമെത്താത്ത പ്രദേശങ്ങളിലും വലിയൊരു വിഭാഗം ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.
IEPFA ജനറൽ മാനേജർ ലഫ്റ്റനൻ്റ് കേണൽ ആദിത്യ സിൻഹയും പ്രസാർ ഭാരതി (സെയിൽസ്) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശ്രീ സഞ്ജയ് പ്രസാദും ചേർന്നാണ് ഔദ്യോഗികമായി ധാരണാപത്രം ഒപ്പുവെച്ചത്. തന്ത്രപരമായ സഹകരണത്തിലൂടെ രാജ്യവ്യാപക നിക്ഷേപക ബോധവൽക്കരണം വര്‍ധിപ്പിക്കുന്ന സുപ്രധാന ചുവടുവെപ്പാണിത്.
നിക്ഷേപക ബോധവൽക്കരണം, ഇൻവെസ്റ്റർ എജ്യുക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ട് അതോറിറ്റിയിലേക്ക് മാറ്റപ്പെട്ട ലാഭവിഹിതങ്ങളും ഓഹരികളും തിരിച്ചുപിടിക്കുന്ന നടപടിക്രമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന സന്ദേശങ്ങൾ പ്രസാർ ഭാരതിയുടെ വിപുലമായ ശൃംഖല ഉപയോഗിച്ച് ജനങ്ങളിലെത്തിക്കുകയാണ് തന്ത്രപരമായ ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. സ്ക്രോൾ സന്ദേശങ്ങൾ ദൂരദർശൻ ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യുന്നത് വിദൂര മേഖലകളിലടക്കം സന്ദേശം ലഭ്യമാക്കും.

നിക്ഷേപകർക്ക് കൃത്യമായ വിവരങ്ങൾ കൃത്യസമയത്ത് നൽകി അവരെ ശാക്തീകരിക്കുന്നതിനും 'സെർച്ച് സൗകര്യം' പ്രയോജനപ്പെടുത്തി IEPF-5 ഫോം വഴി അവകാശവാദം ഉന്നയിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും IEPFA ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നു. സാമ്പത്തിക തട്ടിപ്പുകൾ തടയുന്നത് സംബന്ധിച്ചും സുരക്ഷിത നിക്ഷേപ രീതികളുടെ പ്രാധാന്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിൽ ഈ കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കും.
പ്രധാന പൊതുസ്ഥാപനങ്ങളുമായി സഹകരിച്ച് അറിവുള്ള നിക്ഷേപക സമൂഹത്തെ വളര്‍ത്തിയെടുക്കാനും സാമ്പത്തിക ഉൾച്ചേർക്കൽ പ്രോത്സാഹിപ്പിക്കാനും IEPFA പുലര്‍ത്തുന്ന തുടർച്ചയായ പ്രതിബദ്ധതയാണ് ഈ ധാരണാപത്രത്തിലൂടെ വ്യക്തമാകുന്നത്.
***
( റിലീസ് ഐ.ഡി: 2260824)
സന്ദര്‍ശക കൗണ്ടര്‍ : 8