PIB Backgrounder
ഗ്രേറ്റ് നിക്കോബാർ പദ്ധതി
പോസ്റ്റഡ് ഓണ്‍:
01 MAY 2026 9:29AM by PIB Thiruvananthpuram
പ്രധാന വസ്തുതകൾ
പ്രതിരോധ, ദേശസുരക്ഷാ താത്പര്യങ്ങൾ കണക്കിലെടുത്ത് വിദേശ ചരക്ക് കൈമാറ്റ തുറമുഖങ്ങളെ ആശ്രയിക്കുന്നത് പരിമിതപ്പെടുത്തുന്നതിലൂടെയും കിഴക്ക്-പടിഞ്ഞാറൻ അന്താരാഷ്ട്ര സമുദ്ര പാതയുടെ സാമീപ്യം (ഏകദേശം 40 നോട്ടിക്കൽ മൈൽ ദൂരം മാത്രം) പ്രയോജനപ്പെടുത്തുന്നതിലൂടെയും ഗ്രേറ്റ് നിക്കോബാറിനെ തന്ത്രപ്രധാനമായ ഒരു സമുദ്ര-സാമ്പത്തിക കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഗ്രേറ്റ് നിക്കോബാർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇതിൽ സുപ്രധാനമായ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ ഉൾപ്പെടുന്നു: 14.2 ദശലക്ഷം MTEU ശേഷിയുള്ള ഒരു അന്താരാഷ്ട്ര ചരക്ക് കൈമാറ്റ തുറമുഖം, തിരക്കേറിയ സമയങ്ങളിൽ ഏകദേശം 4,000 യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു പ്രകൃതി സൗഹൃദ അന്താരാഷ്ട്ര വിമാനത്താവളം, ഗ്യാസും സൗരോർജ്ജവും ഉപയോഗിച്ചുള്ള 450 MVA ഊർജ്ജ പ്ലാന്റ്, ഒരു ആസൂത്രിത ടൗൺഷിപ്പ് എന്നിവയാണ് പദ്ധതികൾ
പരിസ്ഥിതി നിയന്ത്രണങ്ങൾ പാലിച്ചാണ് ഈ വികസന പദ്ധതികൾ നടപ്പാക്കുന്നത്. 2006 ലെ EIA വിജ്ഞാപനം, 2019 ലെ ICRZ വിജ്ഞാപനം അടക്കമുള്ള രണ്ട് പ്രധാന വിജ്ഞാപനങ്ങൾക്ക് കീഴിൽ അവശ്യം വേണ്ട അനുമതികൾ ലഭിച്ചു. ഇതിനായി 42 അനുവർത്തന വ്യവസ്ഥകൾ പാലിക്കണം. പദ്ധതിയ്ക്കായി ദ്വീപിന്റെ വനമേഖലയുടെ 1.82% ഉപയോഗിക്കേണ്ടതായി വരും. എന്നാൽ വനമേഖലയ്ക്കുണ്ടാകുന്ന നഷ്ടം നികത്താൻ 97.30 ചതുരശ്ര കിലോമീറ്ററിൽ പരിഹാര വനവത്ക്കരണം (പകരംവനവത്ക്കരണം) നടപ്പാക്കും.
ഈ പദ്ധതിയിൽ ഗോത്ര സമൂഹങ്ങളുടെ ക്ഷേമം ഒരു പ്രധാന ശ്രദ്ധാകേന്ദ്രമാണ്. ഷോംപെൻ, നിക്കോബാറീസ് ഗോത്രങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശിച്ചിട്ടില്ല. കൂടാതെ, റിസർവ് അതിർത്തികൾ പുനർവിജ്ഞാപനം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിനാൽ, നിർദ്ദിഷ്ട ഗോത്ര റിസർവ് പ്രദേശം യഥാർത്ഥത്തിൽ വർദ്ധിക്കും.
ആമുഖം
ആൻഡമാൻ കടലിലും തെക്കുകിഴക്കൻ ഏഷ്യയിലും ഇന്ത്യയുടെ സാന്നിധ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു പ്രധാന സംരംഭമാണ് ഗ്രേറ്റ് നിക്കോബാർ പദ്ധതി. പരിസ്ഥിതി സംരക്ഷണവും തദ്ദേശീയ സമൂഹങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നതിനൊപ്പം തുറമുഖ വികസനത്തിലൂടെ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഗ്രേറ്റ് നിക്കോബാറിന്റെ വികസനം സുസ്ഥിരവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, ഇന്ത്യയുടെ വിശാലമായ ദേശീയ താത്പര്യങ്ങൾക്ക് അനുപൂരകവുമാണെന്ന് ഉറപ്പാക്കുന്നതിനും, തന്ത്രപരവും സാമ്പത്തികവും, പാരിസ്ഥിതികവുമായ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനുമായാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇനിപ്പറയുന്ന കാര്യങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നു:
1. പ്രതിവർഷം 14.2 ദശലക്ഷം ഇരുപത് അടി കണ്ടെയ്നറുകൾ (TEU) കൈകാര്യം ചെയ്യാൻ ശേഷിയുള്ള അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ(ICTT)
2. തിരക്കേറിയ സമയങ്ങളിൽ ഏകദേശം 4,000 യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം, ഗ്യാസും സൗരോർജ്ജവും ഉപയോഗിക്കുന്ന 450 MVA ഊർജ്ജ പ്ലാന്റ്
3. 16,610 ഹെക്ടർ വിസ്തൃതിയുള്ള ഒരു പുതിയ ആസൂത്രിത ടൗൺഷിപ്പ്.
തദ്ദേശീയ സമൂഹങ്ങളുടെ ക്ഷേമത്തിലും ദ്വീപിന്റെ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച്, സംവേദനക്ഷമവും സമഗ്രവുമായ ഒരു സമീപനമാണ് വികസന പദ്ധതികളുടെ നിർവ്വഹണത്തിൽ സ്വീകരിക്കുന്നത്. പരിസ്ഥിതി സംരക്ഷണം, സാമൂഹിക ക്ഷേമം, സാമ്പത്തിക വളർച്ച എന്നിവയുമായി ബന്ധപ്പെട്ട് സന്തുലിതാവസ്ഥ പുലർത്താൻ സാധിക്കുന്ന പരിഹാരങ്ങൾ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ, സാമൂഹിക, സാംസ്കാരിക, പാരിസ്ഥിതിക ആഘാതങ്ങൾ ശ്രദ്ധാപൂർവ്വം വിലയിരുത്തുന്നു.
ഗ്രേറ്റ് നിക്കോബാർ പദ്ധതിയുടെ പ്രധാന അടിസ്ഥാന സൗകര്യഘടകങ്ങൾ
1. അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ
ഇന്ത്യയിലെ തുറമുഖങ്ങളിൽ നിലവിൽ വലിയ കപ്പലുകൾക്ക് സൗകര്യപ്രദമാം വിധമുള്ള ആഴക്കടൽ ബെർത്തുകൾ ഇല്ല. ആയതിനാൽ കൊളംബോ, സിംഗപ്പൂർ തുറമുഖങ്ങളെ ആശ്രയിച്ചാണ് ഗണ്യമായ തോതിൽ ചരക്ക് നീക്കം സാധ്യമാക്കുന്നത്. തത്ഫലമായി ഇന്ത്യയ്ക്ക് ഗണ്യമായ വരുമാനം നഷ്ടപ്പെടുന്നു. എന്നാൽ, മ്യാൻമർ, ചൈന, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ തുറമുഖ വ്യാപാരം ആകർഷിക്കുന്നനായി ആഴക്കടൽ സൗകര്യങ്ങൾ ഇതിനോടകം നിർമ്മിച്ചുവരികയാണ്.
ഇന്ത്യയുടെ ദ്വീപ് വികസന പരിപാടിയുടെ കീഴിൽ ഗ്രേറ്റ് നിക്കോബാർ ദ്വീപിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായി ഗലാത്തിയ ബേയിൽ അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം (ICTP) വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിമാനത്താവളം, ടൗൺഷിപ്പ്, ഊർജ്ജ പ്ലാന്റ് എന്നിവയ്‌ക്കൊപ്പം, ഈ തുറമുഖം പദ്ധതിയുടെ ഒരു പ്രധാന അടിസ്ഥാന സൗകര്യ ഘടകമാണ്. കിഴക്ക്-പടിഞ്ഞാറൻ അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്ന് കേവലം 40 നോട്ടിക്കൽ മൈൽ അകലെ സ്ഥിതി ചെയ്യുന്ന ഇതിന്റെ തന്ത്രപ്രധാനമായ സ്ഥാനം, 20 മീറ്ററിലധികം വരുന്ന പ്രകൃതിദത്ത ആഴം എന്നിവ ട്രാൻസ്ഷിപ്പ്മെന്റ് ചരക്ക് കൈകാര്യം ചെയ്യുന്നതിന് തുറമുഖത്തെ അനുയോജ്യമാക്കുന്നു. ഇത് കൊളംബോ, സിംഗപ്പൂർ, ക്ലാങ് തുടങ്ങിയ വിദേശ തുറമുഖങ്ങളോടുള്ള ഇന്ത്യയുടെ ആശ്രിതത്വം കുറയ്ക്കും. ദേശസുരക്ഷ ശക്തിപ്പെടുത്തുക, തന്ത്രപരവും പ്രതിരോധപരവുമായ സാന്നിധ്യം ശക്തിപ്പെടുത്തുക, ദ്വീപുകളുടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുക, മേഖലയുടെ സമഗ്ര വികസനത്തെ പിന്തുണയ്ക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
2. ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം
ദേശീയ, അന്തർദേശീയ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന ലോകോത്തര പാരിസ്ഥിതിക വിഭവങ്ങൾ ഈ ദ്വീപിലുണ്ട്. കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ദ്വീപിനെ വിനോദസഞ്ചാരത്തിനായി തുറന്നുകൊടുക്കുന്നതിനും ഒരു അന്താരാഷ്ട്ര വിമാനത്താവളം അനിവാര്യമാണ്. സെനാങ് സിറ്റി, ഫുക്കറ്റ് ദ്വീപ്, ലങ്കാവി ദ്വീപ് തുടങ്ങിയ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളുമായുള്ള സാമീപ്യം ദ്വീപിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു. നിലവിൽ പോർട്ട് ബ്ലെയർ വിമാനത്താവളം പ്രതിവർഷം ഏകദേശം 1.8 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്നു. പുതിയ വിമാനത്താവളം കുറഞ്ഞത് 1 ദശലക്ഷം യാത്രക്കാരെയെങ്കിലും കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, ഭാവിയിൽ പ്രതിവർഷം ഏകദേശം 10 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനാകും.
3. ടൗൺഷിപ്പും മേഖലാ വികസനവും
ദ്വീപിന്റെ തുറമുഖാധിഷ്ഠിത വികസനത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന പാർപ്പിട, വാണിജ്യ, സ്ഥാപന ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ആസൂത്രിത ടൗൺഷിപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തൊഴിലാളികളുടെയും സേവന ദാതാക്കളുടെയും ആവശ്യങ്ങൾക്കും തുറമുഖവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതിന് അത്യാവശ്യമായ നഗര അടിസ്ഥാന സൗകര്യങ്ങൾ ഇത് വാഗ്ദാനം ചെയ്യും. ദ്വീപിന്റെ സമഗ്ര വളർച്ചയ്ക്കുള്ള വിശാലമായ പദ്ധതിയ്ക്കനുപൂരകമാണിത്.
4. ഊർജ്ജ പ്ലാന്റ്
ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ, വിമാനത്താവളം, അനുബന്ധ നഗര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ സുഗമമായ പ്രവർത്തനത്തിന് വിശ്വസനീയമായ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ നിർണായകമാണ്. നിലവിൽ, ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലെ പ്രധാന ഊർജ്ജ സ്രോതസ്സ് ഡീസൽ ജനറേറ്ററുകളാണ്. തടസ്സരഹിതവും ഉന്നത നിലവാരമുള്ളതും വിശ്വസനീയവുമായ വൈദ്യുതി ലഭ്യമാക്കുക എന്നതാണ് പുതിയ വൈദ്യുത നിലയത്തിന്റെ ലക്ഷ്യം. ഒരു പ്രാഥമിക ഉറവിടം പരാജയപ്പെട്ടാലും തുടർച്ചയായ വൈദ്യുതി വിതരണം ഉറപ്പാക്കാനാകും വിധം ഈ സംവിധാനം രൂപകൽപ്പന ചെയ്യും. വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കും. ദ്വീപിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിലും, സമഗ്ര വികസനത്തെ പിന്തുണയ്ക്കുന്നതിലും തടസ്സരഹിത ഊർജ്ജ വിതരണം സുപ്രധാന പങ്ക് വഹിക്കും.
തന്ത്രപരവും സാമ്പത്തികവുമായ പ്രാധാന്യം
ഗ്രേറ്റ് നിക്കോബാർ പദ്ധതി മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്-

ഘട്ടം I (2025–35, 72.12 ചതുരശ്ര കിലോമീറ്റർ),
ഘട്ടം II (2036–41, 45.27 ചതുരശ്ര കിലോമീറ്റർ),
ഘട്ടം II (2042–47, 48.71 ചതുരശ്ര കിലോമീറ്റർ)
166.10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഈ പദ്ധതിയിൽ 35.35 ചതുരശ്ര കിലോമീറ്റർ റവന്യൂ ഭൂമിയും 130.75 ചതുരശ്ര കിലോമീറ്റർ വനഭൂമിയും ഉൾപ്പെടുന്നു. ഘട്ടം ഘട്ടമായി വികസനം സാധ്യമാക്കും, ഇത് വ്യവസ്ഥാപിതവും സംഘടിതവുമായ അടിസ്ഥാന സൗകര്യ വികസനത്തിന് വഴിയൊരുക്കുന്നു. ഈ സമീപനം പദ്ധതിയുടെ ഓരോ ഘട്ടത്തിലും പരിസ്ഥിതി സംരക്ഷണവും ഗോത്രവർഗ്ഗ ക്ഷേമത്തെ പിന്തുണയ്ക്കുന്നതിനുള്ള നടപടികളും ഉറപ്പാക്കുന്നു, സന്തുലിതവും ഉത്തരവാദിത്തപൂർണ്ണവുമായ വികസന പ്രക്രിയ ഇതിലൂടെ ഉറപ്പാക്കുന്നു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഒരു നിർണായക കേന്ദ്രമായി ഗ്രേറ്റ് നിക്കോബാറിനെ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതിയ്ക്ക് തന്ത്രപരവും സാമ്പത്തികവുമായ പ്രാധാന്യമുണ്ട്. ഭൂവിനിയോഗം പരമാവധിയാക്കുന്നതിലും പരിസ്ഥിതി പരിപാലനം ഏകോപിപ്പിക്കുന്നതിലും മേഖലയ്ക്ക് ദീർഘകാല നേട്ടങ്ങൾ ഉളവാക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പാരിസ്ഥിതിക ആഘാത വിലയിരുത്തൽ (EIA) ചട്ടങ്ങളും നിയമപരമായ അംഗീകാരങ്ങളും പൂർണ്ണമായും പാലിക്കുന്നതിനൊപ്പം, പരമാവധി ഭൂവിനിയോഗം, ഏകോപിത പരിസ്ഥിതി പരിപാലനം, ദീർഘകാല പ്രാദേശിക നേട്ടങ്ങൾ എന്നിവ പദ്ധതി ഉറപ്പാക്കുന്നു.
പാരിസ്ഥിതിക ആഘാത വിലയിരുത്തൽ (EIA) എന്നത് സുസ്ഥിര വികസനത്തിനായി പ്രകൃതിവിഭവങ്ങൾ ഉത്തരവാദിത്തത്തോടെ വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു പ്രക്രിയയാണ്. 2006 ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനത്തിൽ പറയുന്നത് പ്രകാരം, നിർദ്ദിഷ്ട വിഭാഗത്തിലുള്ള പദ്ധതികൾക്ക് EIA നിർബന്ധമാണ്. വിവിധ മേഖലകൾക്കായുള്ള വിദഗ്ദ്ധ സമിതികൾ പദ്ധതി നിർദ്ദേശങ്ങൾ അവലോകനം ചെയ്യുകയും അവയുടെ പാരിസ്ഥിതിക ആഘാതങ്ങൾ വിലയിരുത്തുകയും കണ്ടെത്തലുകളെ അടിസ്ഥാനമാക്കി അംഗീകാരത്തിനോ നിരസിക്കലിനോ ഉള്ള ശുപാർശകൾ നൽകുകയും ചെയ്യുന്നു.
ഗ്രേറ്റ് നിക്കോബാർ ദ്വീപ് പദ്ധതിയുടെ പാരിസ്ഥിതിക ആഘാത വിലയിരുത്തൽ
സമഗ്രമായ സ്‌ക്രീനിംഗ്, സ്കോപ്പിംഗ്, പൊതുജനാഭിപ്രായം, വിലയിരുത്തൽ എന്നിവയിലൂടെ കടന്നുപോയതിന് ശേഷമാണ് 2006 ലെ EIA വിജ്ഞാപന പ്രകാരം പദ്ധതിക്ക് മുൻകൂർ പാരിസ്ഥിതിക അനുമതി ലഭിച്ചത്.
പാരിസ്ഥിതിക അനുമതിയിൽ വായു, ജലം, ശബ്ദം, മാലിന്യ സംസ്കരണം, സമുദ്ര പരിസ്ഥിതി, മനുഷ്യരുടെ ആരോഗ്യം, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട 42 പ്രത്യേക വ്യവസ്ഥകളും സമഗ്രമായ പരിസ്ഥിതി മാനേജ്മെന്റ് പ്ലാനും (EMP) ഉൾപ്പെടുന്നു.
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ZSI), സലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി (SACON), വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (WII), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് (IISc) തുടങ്ങിയ വിദഗ്ദ്ധ സ്ഥാപനങ്ങൾ പഠനങ്ങൾ നടത്തി, കൃത്യമായ സുരക്ഷാ മുൻകരുതലുകളോടെ പദ്ധതി തുടരാമെന്ന് ZSI സ്ഥിരീകരിച്ചു.
ഷോംപെൻ, നിക്കോബാറീസ് സമൂഹങ്ങളുമായി ബന്ധപ്പെട്ട മലിനീകരണ നിയന്ത്രണം, ജൈവവൈവിധ്യ സംരക്ഷണം, ക്ഷേമം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനായി മൂന്ന് സ്വതന്ത്ര മോണിറ്ററിംഗ് കമ്മിറ്റികൾ സ്ഥാപിച്ചിട്ടുണ്ട്. താഴെ പറയുന്നവയാണ് കമ്മിറ്റികൾ:
i. മലിനീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാനുള്ള കമ്മിറ്റി
ii. ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാനുള്ള കമ്മിറ്റി
iii. ഷോംപെൻ, നിക്കോബാറീസ് സമൂഹങ്ങളുടെ ക്ഷേമം നിരീക്ഷിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമുള്ള കമ്മിറ്റി
പാരിസ്ഥിതിക അനുമതി (EC)/ തീരദേശ നിയന്ത്രണ മേഖല (CRZ) വ്യവസ്ഥകൾ ഫലപ്രദമായ ഏകോപനത്തോടെ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആൻഡമാൻ നിക്കോബാർ ഭരണകൂടത്തിന്റെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഒരു ഉന്നതതല സമിതി രൂപീകരിച്ചു. പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള മേൽനോട്ടം, നിരീക്ഷണം, ഏകോപനം എന്നിവയ്ക്കുള്ള കേന്ദ്ര സ്ഥാപനമായി ഈ സമിതി പ്രവർത്തിക്കുന്നു.
പരിസ്ഥിതി സംരക്ഷണ നടപടികളും വനവത്ക്കരണ പദ്ധതിയും
അനുമതി ലഭിക്കുന്നതിന് മുമ്പ്, വിവിധ തലത്തിലുള്ള നിയമപരമായ അവലോകനത്തിന് പദ്ധതി വിധേയമായിട്ടുണ്ട്. ഒരു പരിസ്ഥിതി മാനേജ്മെന്റ് പ്ലാൻ (EMP) അതിൽ ഉൾപ്പെടുന്നു. പദ്ധതിയുടെ നിർമ്മാണ ഘട്ടത്തിലും പ്രവർത്തന ഘട്ടത്തിലും പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് നടപ്പിലാക്കേണ്ട ലഘൂകരണ നടപടികൾ EMP വിശദമായി പ്രതിപാദിക്കുന്നു.
ഒരു നിർദ്ദിഷ്ട പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള സുസ്ഥിര വികസനം ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്ത ഒരു തന്ത്രമാണ് പരിസ്ഥിതി മാനേജ്മെന്റ് പ്ലാൻ (EMP). പരിസ്ഥിതി ആഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിനും ലഘൂകരിക്കുന്നതിനും വ്യവസായം, സർക്കാർ, മലിനീകരണ നിയന്ത്രണ ബോർഡുകൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവ തമ്മിലുള്ള സഹകരണം ഇതിൽ ഉൾപ്പെടുന്നു.
പാരിസ്ഥിതിക ആഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ EMP-യിൽ ഉൾപ്പെടുന്നു, കൂടാതെ ഉറവിടത്തിലും പദ്ധതി പ്രദേശത്തും നേരിട്ടുള്ള ലഘൂകരണ തന്ത്രങ്ങളും നടപ്പിലാക്കുന്നു. പ്രവർത്തന ഘട്ടത്തിൽ, സാമ്പത്തിക വികസനം സുസ്ഥിരവും ഉത്തരവാദിത്തപൂർണ്ണവുമായ രീതിയിൽ തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം നിലവിലുള്ള പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കുന്നതിലും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഗ്രേറ്റ് നിക്കോബാർ പദ്ധതി ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മൊത്തം വനമേഖലയുടെ 1.82% ഉപയോഗയോഗ്യമാക്കുന്നതിന് കാരണമാകും, ഇത് ഏകദേശം 18.65 ലക്ഷം മരങ്ങളെ ബാധിക്കും. എന്നിരുന്നാലും 49.86 ചതുരശ്ര കിലോമീറ്റർ വനത്തിനുള്ളിൽ പരമാവധി 7.11 ലക്ഷം മരങ്ങൾ മാത്രമേ വെട്ടിമാറ്റേണ്ടി വരികയുള്ളൂ എന്നാണ് പ്രതീക്ഷിക്കുന്നത്, പദ്ധതിയുടെ ഘട്ടം ഘട്ടമായുള്ള വികസനത്തിന് അനുസൃതമായി ഇതും ഘട്ടം ഘട്ടമായി നടപ്പാക്കും. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിന്, 65.99 ചതുരശ്ര കിലോമീറ്റർ ഭൂമി ഹരിത മേഖലകളായി സംരക്ഷിക്കപ്പെടും, അവിടെ മരംമുറിക്കൽ ഉണ്ടാകില്ല. ദ്വീപുകളിൽ ഇതിനകം 75% ത്തിലധികം വനവിസ്തൃതിയുള്ളതിനാൽ, പ്രാദേശികമായി പരിഹാര വനവത്ക്കരണം പ്രായോഗികമല്ല. പകരം, ഹരിയാനയിൽ വനവത്ക്കരണത്തിനുള്ള നടപടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്, ഒന്നാം ഘട്ടത്തിൽ വനമേഖലയുടെ നഷ്ടപരിഹാരത്തിനായി 97.30 ചതുരശ്ര കിലോമീറ്റർ ഭൂമി നീക്കിവച്ചിരിക്കുന്നു. "ഏക് പെഡ് മാ കേ നാം" സംരംഭത്തിന്റെ ഭാഗമായി, ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇതിനകം 2.4 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
ഗോത്രക്ഷേമവും സാമൂഹിക പരിഗണനകളും
ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ രണ്ട് ആദിവാസി മംഗോളോയിഡ് ഗോത്രങ്ങളുണ്ട്: വേട്ടയാടൽ-വനവിഭവ ശേഖരണത്തിലേർപ്പെടുന്ന ഏകദേശം 237 പേരടങ്ങുന്ന ഒരു ചെറിയ സംഘമായ ഷോംപെൻസും, ഉപജീവനത്തിനായി പ്രധാനമായും മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന തീരദേശ വാസസ്ഥലങ്ങളിൽ താമസിക്കുന്ന ഏകദേശം 1,094 പേരടങ്ങുന്ന നിക്കോബാറീസും. ഷോംപെനോ നിക്കോബാറീസ് ഗോത്രങ്ങൾ കുടിയിറക്കപ്പെടില്ലെന്ന് ഉറപ്പാക്കാൻ ശ്രദ്ധാപൂർവ്വമാണ് ഗ്രേറ്റ് നിക്കോബാർ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതി പ്രദേശത്തിനുള്ളിലെ ഗോത്ര വാസസ്ഥലങ്ങൾ ന്യൂ ചിൻഗെൻ, രാജീവ് നഗർ എന്നിവിടങ്ങളിലാണ്, കൂടാതെ ഈ സമൂഹങ്ങളെ പദ്ധതിയുടെ ഭാഗമായി മാറ്റിപ്പാർപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
2015 ലെ ഷോംപെൻ നയവും 2004 ലെ ജരാവ നയവും ഗ്രേറ്റ് നിക്കോബാർ പദ്ധതി പൂർണ്ണമായും പാലിക്കുന്നു. ഇവ പ്രകാരം വൻതോതിലുള്ള വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ അതിദുർബല ഗോത്ര വിഭാഗങ്ങളുടെ (PVTGs) ക്ഷേമത്തിനും സംരക്ഷണത്തിനും മുൻഗണന നൽകുകയും ഘടനാപരമായ കൂടിയാലോചന പ്രക്രിയ പിന്തുടരുകയും വേണം. ഈ ഗോത്രങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി, നിർമ്മാണ ഘട്ടങ്ങളിലും പ്രവർത്തന ഘട്ടങ്ങളിലും ഷോംപെൻ, നിക്കോബാറീസ് സമൂഹങ്ങളിൽ പദ്ധതി മൂലമുള്ള ആഘാതം നിരീക്ഷിക്കുന്നതിനായി പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഒരു സ്വതന്ത്ര മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ, ഗോത്രകാര്യ മന്ത്രാലയം, ഗോത്രക്ഷേമ ഡയറക്ടറേറ്റ്, ആൻഡമാൻ ആദിം ജൻജാതി വികാസ് സമിതി (AAJVS), ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യ പോലുള്ള ഗോത്ര വിദഗ്ധരുമായി സമൂഹങ്ങളുടെ സുരക്ഷ, സംരക്ഷണം, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനായി കൂടിയാലോചനകൾ നടത്തി വരുന്നു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 338A (9) അടിസ്ഥാനമാക്കിയാണ് പദ്ധതി നിർവ്വഹണ ചട്ടക്കൂട് രൂപപ്പെടുത്തിയിരിക്കുന്നത്, ഇത് മേഖലയിലെ പട്ടികവർഗക്കാരുടെയും വിശിഷ്യാ അതിദുർബല ഗോത്ര വിഭാഗങ്ങളുടെയും (PVTGs) താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഊന്നൽ നൽകുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപ് ഭരണകൂടം ഈ വികസന പദ്ധതിയിൽ, ഗോത്ര വിഭാഗങ്ങളെ ബാധിക്കുന്ന പുതിയ നയങ്ങളൊന്നും അവതരിപ്പിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പദ്ധതിയുടെ ആസൂത്രണത്തിലും നിർവ്വഹണത്തിലും ഗോത്രസമൂഹങ്ങളുടെ അവകാശങ്ങളും ക്ഷേമവും ആസൂത്രണ പ്രക്രിയയുടെ കേന്ദ്രബിന്ദുവായി തുടരുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.
ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ നിർദ്ദിഷ്ട ഗോത്ര സംരക്ഷണ കേന്ദ്രമായി രേഖപ്പെടുത്തിയിരിക്കുന്ന ആകെ 751.070 ചതുരശ്ര കിലോമീറ്റർ ഭൂമിയിൽ, വികസനത്തിനായി ആസൂത്രണം ചെയ്തിരിക്കുന്ന 166.10 ചതുരശ്ര കിലോമീറ്ററിൽ 84.10 ചതുരശ്ര കിലോമീറ്ററും ഈ സംരക്ഷിത ഗോത്ര മേഖലയിലാണ് വരുന്നത്, അതായത് നിർദ്ദിഷ്ട വികസനത്തിന്റെ ഒരു ഭാഗം തദ്ദേശീയ സമൂഹങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന ഭൂമിയിലായിരിക്കും എന്നർത്ഥം. എന്നിരുന്നാലും, ഈ പ്രദേശത്തിന്റെ 11.032 ചതുരശ്ര കിലോമീറ്റർ 1972 മുതൽ കുടിയേറുകയും റവന്യൂ ഭൂമിയായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. തത്ഫലമായി, ശേഷിക്കുന്ന 73.07 ചതുരശ്ര കിലോമീറ്റർ പദ്ധതിക്കായി ഡീ-നോട്ടിഫൈ ചെയ്യുന്നു. ഇത് നികത്താൻ, 76.98 ചതുരശ്ര കിലോമീറ്റർ ട്രൈബൽ റിസർവായി പുനർവിജ്ഞാപനം ചെയ്യുന്നു, ഇത് റിസർവിൽ 3.912 ചതുരശ്ര കിലോമീറ്ററിന്റെ മൊത്തം വർദ്ധനവിന് കാരണമാകുന്നു. പ്രത്യേകിച്ചും, പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ, 40.01 ചതുരശ്ര കിലോമീറ്റർ ഗോത്രഭൂമിയെ മാത്രമേ ബാധിക്കുകയുള്ളു, ഇതിനോടകം 11.032 ചതുരശ്ര കിലോമീറ്റർ 1972 മുതൽ റവന്യൂ ഭൂമിയായി ഉപയോഗിച്ചുവരുന്നു.
അപകടസാധ്യതാ വിലയിരുത്തലും ദുരന്തനിവാരണവും
ഭൂകമ്പ സാധ്യതയുള്ളതും ചുഴലിക്കാറ്റ് സാധ്യതയുള്ളതുമായ മേഖലയിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്, അതിനാൽ പ്രകൃതി ദുരന്തങ്ങൾ (സുനാമി, ഭൂകമ്പം, ചുഴലിക്കാറ്റുകൾ പോലുള്ളവ) മനുഷ്യനിർമ്മിത അപകടസാധ്യതകൾ (വ്യാവസായിക അപകടങ്ങൾ, മറ്റപകടങ്ങൾ എന്നിവ) വിലയിരുത്തുന്നതിന് സമഗ്രമായ അപകടസാധ്യതാ വിലയിരുത്തൽ നടത്തുകയുണ്ടായി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള ഫലപ്രദമായ തയ്യാറെടുപ്പ് ഉറപ്പാക്കുന്നതിനായി അപകടസാധ്യതകൾ തിരിച്ചറിയുന്നതിനും ബലഹീനതകൾ കുറയ്ക്കുന്നതിനും ഉള്ള സമഗ്ര ദുരന്തനിവാരണ പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ, വാതകവും സൗരോർജ്ജവും ഉപയോഗിക്കുന്ന ഒരു ഹൈബ്രിഡ് പവർ പ്ലാന്റിനെയാണ് പദ്ധതി ആശ്രയിക്കുന്നത്, ഇത് തടസ്സരഹിത ഊർജ്ജ വിതരണം ഉറപ്പാക്കുന്നതിനൊപ്പം കാർബൺ ബഹിർഗമനം കുറയ്ക്കുകയും ചെയ്യും.
ഉപസംഹാരം
സാമ്പത്തിക വളർച്ച, പരിസ്ഥിതി സംരക്ഷണം, സാമൂഹിക സർവ്വാശ്ലേഷിത്വം എന്നിവയിലൂന്നി സമഗ്ര വികസനം എങ്ങനെ സന്തുലിതമായി നടപ്പാക്കാമെന്നതിന്റെ മകുടോദാഹരണമാണ് ഗ്രേറ്റ് നിക്കോബാർ പദ്ധതി. ഒപ്പം ദേശസുരക്ഷയും ഇന്തോ-പസഫിക്കിലെ സമുദ്ര, പ്രതിരോധ സാന്നിധ്യവും ശക്തിപ്പെടുത്തുന്നതിലൂടെ ഗ്രേറ്റ് നിക്കോബാറിന്റെ തന്ത്രപ്രധാനമായ സ്ഥാനം പ്രയോജനപ്പെടുത്തിക്കൊണ്ട് ശക്തമായ പരിസ്ഥിതി സംരക്ഷണ നടപടികൾ കൈക്കൊള്ളുകയും ഗോത്രക്ഷേമത്തിന് മുൻഗണന നൽകുകയും ചെയ്യുന്നു. വന്യജീവി സംരക്ഷണം, പരിഹാര വനവത്ക്കരണം, ദുരന്ത നിവാരണം, സാമൂഹിക സർവ്വാശ്ലേഷിത്വം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, പരിസ്ഥിതിയെ ബലികഴിക്കാതെ വികസനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് സർക്കാർ തെളിയിക്കുന്നു.
ആത്യന്തികമായി, പരിസ്ഥിതിലോല മേഖലകളിലെ വൻതോതിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ഭാവി മാതൃകയായി ഗ്രേറ്റ് നിക്കോബാർ പദ്ധതി വർത്തിക്കുന്നു, സാമ്പത്തിക വളർച്ചയും പരിസ്ഥിതി സംരക്ഷണവും എങ്ങനെ പരസ്പര പൂരകമാകുമെന്ന് പദ്ധതി വിളിച്ചോതുന്നു. വൈരുദ്ധ്യങ്ങൾ പരിഹരിച്ച് ദേശീയവും ആഗോളവുമായ താത്പര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ സമ്പദ്‌വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും എങ്ങനെ സഹവർത്തിത്വത്തോടെ മുന്നേറാനാകുമെന്ന് ഇത് തെളിയിക്കുന്നു.
സൂചനകൾ:
Click here to see pdf
****
( റിലീസ് ഐ.ഡി: 2257587)
സന്ദര്‍ശക കൗണ്ടര്‍ : 16