തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

പശ്ചിമ ബംഗാളിൽ അധിക വോട്ടെണ്ണല്‍ നിരീക്ഷകരെയും പൊലീസ് നിരീക്ഷകരെയും വിന്യസിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

പോസ്റ്റഡ് ഓണ്‍: 02 MAY 2026 3:53PM by PIB Thiruvananthpuram
  1. 2026-ലെ പശ്ചിമ ബംഗാൾ നിയമസഭ പൊതുതിരഞ്ഞെടുപ്പിൽ വോട്ടെണ്ണല്‍ നിരീക്ഷകരെ സഹായിക്കാനായി 165 അധിക വോട്ടെണ്ണല്‍ നിരീക്ഷകരെയും സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനും വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റും ക്രമസമാധാന നില നിരീക്ഷിക്കുന്നതിനുമായി 77 പൊലീസ് നിരീക്ഷകരെയും  തിരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചു.
  2. വോട്ടെണ്ണൽ നടപടികൾ സുരക്ഷിതവും സമാധാനപരവും ഭയരഹിതവും സുതാര്യവുമായ അന്തരീക്ഷത്തിൽ നടക്കുന്നുവെന്ന് ഉറപ്പാക്കാനാണ് അധിക വോട്ടെണ്ണല്‍ നിരീക്ഷകരെയും പൊലീസ് നിരീക്ഷകരെയും നിയോഗിച്ചിരിക്കുന്നത്.
  3. ഭരണഘടനയുടെ 324-ാം അനുച്ഛേദവും 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 20B-യും പ്രകാരം കമ്മീഷനിൽ നിക്ഷിപ്തമായ അധികാരങ്ങളുപയോഗിച്ചാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്.  ഇക്കാലയളവിൽ നിരീക്ഷകര്‍ കമ്മീഷന് കീഴിൽ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ പരിഗണിക്കപ്പെടുകയും കമ്മീഷന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലും പ്രവർത്തിക്കുകയും ചെയ്യും.
  4. ആകെയുള്ള 165 നിയമസഭാ മണ്ഡലങ്ങളിലെ ഒന്നിലേറെ വോട്ടെണ്ണൽ ഹാളുകള്‍ ക്രമീകരിച്ച മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നിരീക്ഷകരെ സഹായിക്കാനാണ് അധിക വോട്ടെണ്ണല്‍ നിരീക്ഷകരെ നിയമിച്ചിരിക്കുന്നത്.
  5. പൊലീസ് നിരീക്ഷകര്‍ അവർക്ക് അനുവദിച്ച നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റും സുരക്ഷാ-ക്രമസമാധാന ക്രമീകരണങ്ങൾ നിരീക്ഷിക്കുകയും വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ കമ്മീഷന്റെ നിർദേശങ്ങൾക്കനുസൃതമാണെന്ന്   ഉറപ്പാക്കുകയും ചെയ്യും. എന്നാല്‍ വോട്ടെണ്ണൽ ദിവസം ഒരു കാരണവശാലും പൊലീസ് നിരീക്ഷകര്‍ വോട്ടെണ്ണൽ ഹാളിനകത്ത് പ്രവേശിക്കാൻ പാടില്ല.  
  6. പൊലീസ് നിരീക്ഷകര്‍ വോട്ടെണ്ണല്‍ നിരീക്ഷകരുമായും വോട്ടെണ്ണൽ പ്രക്രിയയ്ക്കായി നിയോഗിച്ച മറ്റ് തിരഞ്ഞെടുപ്പ് സംവിധാനങ്ങളുമായും അടുത്ത ഏകോപനത്തോടെ പ്രവർത്തിക്കും.
  7. റിട്ടേണിങ് ഓഫീസർ, വോട്ടെണ്ണൽ ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, അവരുടെ ഏജന്റുമാർ എന്നിവരുടെ തിരിച്ചറിയൽ കാർഡുകൾ ECINet-ലെ  പ്രത്യേക മൊഡ്യൂൾ വഴി റിട്ടേണിങ് ഓഫീസർ വിതരണം ചെയ്യും.
  8. വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം റിട്ടേണിങ് ഓഫീസർമാർ, വോട്ടെണ്ണൽ ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, അവരുടെ ഏജന്റുമാർ എന്നിവർക്കായി ECINet വഴി നൽകുന്ന ക്യു.ആർ കോഡ് അധിഷ്ഠിത ഫോട്ടോ തിരിച്ചറിയല്‍ കാർഡ് ഉപയോഗിച്ച്  മാത്രമായിരിക്കും.
  9. വോട്ടെണ്ണല്‍ നിരീക്ഷകര്‍ക്കും റിട്ടേണിങ് ഓഫീസർക്കുമൊഴികെ മറ്റാർക്കും വോട്ടെണ്ണൽ ഹാളിനകത്ത് മൊബൈൽ ഫോൺ കൊണ്ടുപോകാൻ അനുവാദമില്ലെന്നും നിർദേശിച്ചിട്ടുണ്ട്.
  10. കൺട്രോൾ യൂണിറ്റുകളിലെ വോട്ടെണ്ണൽ ഫലങ്ങൾ അടങ്ങിയ ഫോം 17C-II വോട്ടെണ്ണല്‍ ഏജന്റുമാരുടെ സാന്നിധ്യത്തിൽ വോട്ടെണ്ണല്‍ സൂപ്പർവൈസർമാർ തയ്യാറാക്കുകയും  ഒപ്പിനായി വോട്ടെണ്ണല്‍ ഏജന്റുമാർക്ക് നൽകുകയും ചെയ്യും. വോട്ടെണ്ണല്‍ ഏജന്റുമാർ ആവശ്യപ്പെട്ടാല്‍ ഈ പ്രക്രിയ ആവർത്തിക്കും.
  11. ഓരോ ടേബിളിലും വിന്യസിച്ച മൈക്രോ ഒബ്സർവർമാർ കൺട്രോൾ യൂണിറ്റില്‍ രേഖപ്പെടുത്തിയ ഫലം സ്വതന്ത്രമായി കുറിച്ചെടുക്കുകയും ഓരോ റൗണ്ടിന്റെയും അവസാനം പുനഃപരിശോധനയ്ക്കായി വോട്ടെണ്ണല്‍ നിരീക്ഷകര്‍ക്ക് കൈമാറുകയും ചെയ്യും.

****


( റിലീസ് ഐ.ഡി: 2257528) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: English , Gujarati , Urdu , हिन्दी , Bengali , Tamil