PIB Backgrounder
azadi ka amrit mahotsav

ഇന്ത്യയിലെ ഉള്‍നാടന്‍ ജലപാതകളിലൂടെയുള്ള ഒരു പ്രയാണം

प्रविष्टि तिथि: 27 APR 2026 11:59AM by PIB Thiruvananthpuram

പ്രധാന വസ്തുതകള്‍

23 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 20,187 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 111 ദേശീയ ജലപാതകളുടെ വിപുലമായ ശൃംഖല ഇന്ത്യയ്ക്കുണ്ട്. ഇതില്‍ 32 ദേശീയ ജലപാതകള്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമാണ്.

അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 20 പുതിയ ദേശീയ ജലപാതകള്‍ (NWs) കൂടി പ്രവര്‍ത്തനക്ഷമമാകുമെന്ന് 2026-27 ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചു.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ ജലപാതകളിലൂടെയുള്ള ചരക്ക് ഗതാഗതം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 145.84 ദശലക്ഷം മെട്രിക് ടണ്ണിലെത്തി.


ആമുഖം

നദികള്‍, കനാലുകള്‍, കായലുകള്‍, അരുവികള്‍ എന്നിവയടങ്ങുന്ന ഉള്‍നാടന്‍ ജലപാതകളുടെ വിപുലമായ ശൃംഖല ഇന്ത്യയ്ക്കുണ്ട്. ഇന്ധന ഉപയോഗം കാര്യക്ഷമമാക്കുകയും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയും ചെയ്യുന്നതിനാല്‍, പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ചരക്ക് നീക്കത്തിനുള്ള സുസ്ഥിര മാര്‍ഗമായി ഉള്‍നാടന്‍ ജലപാതകള്‍ കണക്കാക്കപ്പെടുന്നു. അവയ്ക്ക് കുറഞ്ഞ അളവിലുള്ള ഭൂമി ഏറ്റെടുക്കല്‍ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ഉള്‍നാടന്‍ ജലപാതകളിലൂടെ വലിയ അളവിലും വലിപ്പത്തിലും ഉള്ള ചരക്കുകള്‍ (ബള്‍ക്ക്/ഓവര്‍-ഡൈമന്‍ഷണല്‍ കാര്‍ഗോ) ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സുരക്ഷിതമായി കൊണ്ടുപോകാന്‍ കഴിയും. റോഡുകളിലെയും റെയില്‍വേയിലെയും തിരക്ക് ലഘൂകരിക്കാനും, റോള്‍-ഓണ്‍/റോള്‍-ഓഫ് (റോ-റോ) ഫെറികളിലൂടെയുള്ള വാഹന ഗതാഗത സേവനങ്ങളെ പിന്തുണയ്ക്കാനും, വിനോദസഞ്ചാരം മെച്ചപ്പെടുത്താനും ഉള്‍നാടന്‍ ജലപാതകള്‍ സഹായിക്കുന്നു. ഈ മേഖല ഗണ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. വിശ്വസനീയമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുകയും പരിപാലനച്ചെലവ് തുലോം കുറഞ്ഞ ജലപാതാ ശൃംഖല സുപ്രധാന വ്യവസായങ്ങളെയും ഉപഭോക്താക്കളെയും സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ്.

ഈ സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ട്, 2026-27 ലെ കേന്ദ്ര ബജറ്റ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 പുതിയ ദേശീയ ജലപാതകള്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചരക്ക് നീക്കത്തെ റോഡ്, റെയില്‍ മാര്‍ഗ്ഗങ്ങളില്‍ നിന്ന് ജലഗതാഗതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള തീരദേശ ചരക്കു ഗതാഗത പ്രോത്സാഹന പദ്ധതി (Coastal Cargo Promotion Scheme) അവതരിപ്പിക്കുകയും ചെയ്തു. 2047 ആകുമ്പോഴേക്കും ചരക്കുനീക്കത്തില്‍ ഉള്‍നാടന്‍ ജലപാതകളുടെയും തീരദേശ ഷിപ്പിംഗിന്റെയും സംയുക്ത വിഹിതം 6 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ദ്ധിപ്പിക്കുക എന്നതാണ് നയപരമായ ഈ മുന്നേറ്റത്തിന്റെ ലക്ഷ്യം. ഈ മുന്നേറ്റത്തിന്റെ ഭാഗമായി, താല്‍ച്ചര്‍, അംഗുല്‍ തുടങ്ങിയ ധാതു സമ്പന്നമായ പ്രദേശങ്ങളെ കലിംഗ നഗര്‍ പോലുള്ള വ്യാവസായിക കേന്ദ്രങ്ങളുമായും പാരദീപ്, ധമ്ര തുറമുഖങ്ങളുമായും ബന്ധിപ്പിക്കുന്നതിന് ഒഡീഷയിലെ ദേശീയ ജലപാത-5 വികസിപ്പിക്കും. നൈപുണ്യയുക്തമായ മാനവവിഭവശേഷി വികസിപ്പിക്കുന്നതിനും തദ്ദേശീയരായ യുവാക്കള്‍ക്ക് പ്രയോജനം ലഭിക്കുന്നതിനുമായി NW-5 സ്‌ട്രെച്ചില്‍ പ്രാദേശിക മികവിന്റെ കേന്ദ്രങ്ങളെന്ന നിലയില്‍ പരിശീലന സ്ഥാപനങ്ങള്‍ ആരംഭിക്കും. ഒപ്പം, വാരണാസിയിലും പട്‌നയിലും ഉള്‍നാടന്‍ ജലപാതകള്‍ക്കായി ഒരു സമര്‍പ്പിത കപ്പല്‍ അറ്റകുറ്റപ്പണി സൗകര്യം സ്ഥാപിക്കും.

ഇന്ത്യയിലെ ഉള്‍നാടന്‍ ജലപാതകളെയും അവയുടെ ശൃംഖകലളെയും കുറിച്ചുള്ള അവലോകനം

ഉള്‍നാടന്‍ ജലപാതകളെക്കുറിച്ചുള്ള അവബോധം  

ഒരു രാജ്യത്തിനുള്ളിലെ സമുദ്രത്തിന്റെ ഭാഗമല്ലാത്ത ഗതാഗതയോഗ്യമായ ജലപാതകളാണ് ഉള്‍നാടന്‍ ജലപാതകള്‍. നദികള്‍, കനാലുകള്‍, തടാകങ്ങള്‍, ലഗൂണുകള്‍, നദീമുഖങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പ്രകൃതിദത്തമോ മനുഷ്യനിര്‍മ്മിതമോ ആയ സവിശേഷതകള്‍ കാരണം അവ സഞ്ചാരയോഗ്യമായി കണക്കാക്കപ്പെടുന്നു. കൂടാതെ സാധാരണ പ്രവര്‍ത്തന സാഹചര്യങ്ങളില്‍ കുറഞ്ഞത് 50 ടണ്‍ ഭാരം വഹിക്കാന്‍ കഴിയുന്ന കപ്പലുകള്‍ക്ക് ഇവയിലൂടെ സഞ്ചരിക്കാന്‍ കഴിയും. സ്വാഭാവികമായോ കനാലുകളുടെ നിര്‍മ്മാണത്തിലൂടെയോ വാണിജ്യ ഗതാഗതത്തിനായി ഉപയോഗപ്പെടുത്താന്‍ കഴിയുമ്പോഴാണ് നദികളെയും തടാകങ്ങളെയും സഞ്ചാരയോഗ്യമായി കണക്കാക്കുന്നത്.
 
കപ്പലുകള്‍ ഉപയോഗിക്കുന്ന സമുദ്രത്തിലൂടെയുള്ളതും സമുദ്രവുമായി ബന്ധിപ്പിച്ചിരിക്കുന്നതുമായ  ജലപാതകളെയും ഇതില്‍ ഉള്‍പ്പെടുത്താം. നദികളുടെയും കനാലുകളുടെയും നീളം മധ്യഭാഗത്തുകൂടിയാണ് അളക്കുന്നത്, അതേസമയം ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഏറ്റവും കുറഞ്ഞ സഞ്ചാരയോഗ്യമായ പാതയിലൂടെയാണ് തടാകങ്ങളുടെയും ലഗൂണുകളുടെയും നീളം അളക്കുന്നത്. താഴ്ന്ന വേലിയേറ്റത്തില്‍ നദിയുടെ വീതി 3 കിലോമീറ്ററില്‍ താഴെയും ഉയര്‍ന്ന വേലിയേറ്റത്തില്‍ 5 കിലോമീറ്ററില്‍ താഴെയുമുള്ള കടലിനോട് ഏറ്റവും അടുത്ത സ്ഥലം വരെയുള്ള ഉള്‍നാടന്‍ ജലപാതകളാണിവ.

പ്രകൃതിദത്ത നദീതടങ്ങള്‍ മുതല്‍ പൂര്‍ണ്ണമായും മനുഷ്യ നിര്‍മ്മിതമായ ചാനലുകള്‍ വരെയുള്ള വാണിജ്യ ഗതാഗതം അവ സുഗമമാക്കുന്നു, സാധാരണയായി അവയെ മൂന്നായി തരം തിരിച്ചിരിക്കുന്നു :

തുറന്ന നദീജലപാതകള്‍ സ്വാഭാവിക നദികളാണ്, അവിടെ ബോട്ടുകളും കപ്പലുകളും സ്വതന്ത്രമായി ഒഴുകുന്ന നദീതടത്തിലൂടെ സഞ്ചരിക്കുന്നു, നാവിഗേഷന് ആവശ്യമായ ആഴം ഉറപ്പാക്കുന്നതിന് വളരെ കുറഞ്ഞ മാറ്റങ്ങള്‍ മാത്രമേ വരുത്താറുള്ളു.

കനാലൈസ്ഡ് ജലപാതകള്‍ എന്നത് ലോക്കുകള്‍, അണക്കെട്ടുകള്‍ തുടങ്ങിയ നിര്‍മ്മാണ ഘടനകള്‍ ഉപയോഗിച്ച് മാറ്റം വരുത്തിയ നദികളാണ്, അവ നിയന്ത്രിത ഭാഗങ്ങള്‍ സൃഷ്ടിക്കുകയും ഗതാഗതത്തെ പിന്തുണയ്ക്കുന്നതിനായി കൂടുതല്‍ സ്ഥിരതയുള്ള ജലനിരപ്പ് നിലനിര്‍ത്തുകയും ചെയ്യുന്നു.

ഗതാഗതത്തിനായി നിര്‍മ്മിച്ച കൃത്രിമ ജലപാതകളാണ് കനാലുകള്‍, സാധാരണയായി പ്രകൃതിദത്ത തടസ്സങ്ങള്‍ മറികടക്കുന്നതിനോ വ്യത്യസ്ത നദികളെയും തടാകങ്ങളെയും ബന്ധിപ്പിക്കുന്നതിനോ വേണ്ടിയാണിത്. ചരക്കുകളുടെയും യാത്രക്കാരുടെയും ഗതാഗതത്തിന് നിയന്ത്രിതവും സുസ്ഥിരവുമായ സാഹചര്യങ്ങള്‍ ഒരുക്കുന്നു.

ഒരു ഉള്‍നാടന്‍ ജലപാത രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ അതിര്‍ത്തി സൃഷ്ടിക്കുകയാണെങ്കില്‍, അത്  രണ്ട് രാജ്യങ്ങളുടെയും ഭാഗമായി  അംഗീകരിക്കപ്പെടുന്നു. ലോകബാങ്കിന്റെ അഭിപ്രായത്തില്‍, ഉള്‍നാടന്‍ ജലപാതകള്‍ മറ്റ് നിരവധി പ്രധാന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നു. വിനോദ ബോട്ടുകള്‍, ഒഴിവുസമയ മേഖലകള്‍, മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ എന്നിവയെ പിന്തുണച്ചുകൊണ്ട് അവ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നു.  വെള്ളപ്പൊക്ക നിയന്ത്രണം, ജലസേചനം, വ്യാവസായിക ഉപയോഗം, ഗാര്‍ഹിക ആവശ്യങ്ങള്‍ എന്നിവയിലൂടെ അവ ജല പരിപാലനത്തില്‍ സഹായിക്കുന്നു. വന്യജീവി ആവാസ വ്യവസ്ഥകള്‍ പരിപാലിക്കുന്നതിലൂടെയും പ്രകൃതി സംരക്ഷണത്തെ പിന്തുണയ്ക്കുന്നതിലൂടെയും അവ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നു. റിയല്‍ എസ്റ്റേറ്റ് മൂല്യം വര്‍ദ്ധിപ്പിക്കാനും, ബോട്ടുകള്‍ സൂക്ഷിക്കുന്നതിനുള്ള സ്ഥലമൊരുക്കാനും, വികസനത്തിനായി നദീ ദ്വീപുകള്‍ സൃഷ്ടിക്കാനും ജലപാതകള്‍ക്ക് കഴിയും.

 

A diagram of a marine waterwayAI-generated content may be incorrect.
 

ഉള്‍നാടന്‍ ജലപാതകള്‍ മുഖേനയുള്ള ഗതാഗതം

ഉള്‍നാടന്‍ ജലപാതകളിലൂടെയുള്ള ഗതാഗതം കൂടുതല്‍ സുസ്ഥിരമാണെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന (ILO) വ്യക്തമാക്കുന്നു, ഊര്‍ജ്ജ ഉപയോഗം റോഡ് ഗതാഗതത്തേക്കാള്‍ ഏകദേശം 3-6 മടങ്ങ് കുറവും റെയിലിനേക്കാള്‍ 2 മടങ്ങ് വരെ കുറവുമാണ്. ഇത് കുറഞ്ഞ ശബ്ദ മലിനീകരണവും കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനവും സാധ്യമാക്കുന്നു. ഏകദേശം 2,000 ടണ്‍ വഹിക്കാന്‍ ശേഷിയുള്ള ഒരു സാധാരണ ഉള്‍നാടന്‍ കപ്പലിന് 16 ടണ്‍ ശേഷിയുള്ള ഏകദേശം 125 ട്രക്കുകള്‍ക്ക് പകരമാകാന്‍ കഴിയും. ബള്‍ക്ക് കാര്‍ഗോ നീക്കത്തില്‍ അതിന്റെ കാര്യക്ഷമത ഇതിലൂടെ വ്യക്തമാകുന്നു. സാമ്പത്തികമായി, ഉള്‍നാടന്‍ ജലഗതാഗതം (IWT) ലാഭകരമാണ്, കാരണം ഇത് പ്രകൃതിദത്ത പാതകള്‍ ഉപയോഗിക്കുന്നു. കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമുള്ള ഇതിന്റെ പ്രവര്‍ത്തനച്ചെലവ് കരയിലൂടെയുള്ള ഗതാഗതത്തേക്കാള്‍ കുറവാണ്, കൂടാതെ ഇത് പ്രധാനമായും റോഡ്, റെയില്‍ എന്നിവയുമായി മത്സരിക്കുന്നു. സാധാരണയായി യാത്രക്കാരുടെ ഒരു ചെറിയ പങ്കിനെ വഹിക്കുന്ന ഇത്, ചരക്ക് നീക്കത്തില്‍ വളരെ വലിയ പങ്ക് വഹിക്കുന്നു. ഉള്‍നാടന്‍ ജലപാതകള്‍ക്ക് തുറമുഖങ്ങള്‍, ടെര്‍മിനലുകള്‍, കണക്റ്റിംഗ് റോഡുകള്‍, റെയില്‍ ലിങ്കുകള്‍, നാവിഗേഷന്‍ സഹായങ്ങള്‍, മതിയായ ആഴം നിലനിര്‍ത്താന്‍ പതിവ് ഡ്രെഡ്ജിംഗ് തുടങ്ങിയ പ്രധാന സൗകര്യങ്ങള്‍ ആവശ്യമാണെന്ന് ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നു.  മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും ഗതാഗതക്കുരുക്കും സ്ഥലപരിമിതിയും നേരിടാറുണ്ട്. ഇതില്‍ നിന്ന് വ്യത്യസ്തമായി, ഉള്‍നാടന്‍ ജലപാതകള്‍ കൂടുതല്‍ വിശ്വസനീയവും പ്രവചനാത്മകവുമായ  അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു, എന്നാല്‍ പല റൂട്ടുകളും ഇപ്പോഴും പൂര്‍ണ്ണമായും ഉപയോഗിക്കപ്പെട്ടിട്ടില്ല.

 



 

ഉള്‍നാടന്‍ ജലഗതാഗത (IWT) മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം

ഉള്‍നാടന്‍ ജലഗതാഗത (IWT) മേഖലയുടെ വികസനത്തിനായി ഭാരത സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിച്ചു പോരുന്നു. ജലപാതകള്‍ വികസിപ്പിക്കുന്നതിന് ഉള്‍നാടന്‍ ജലഗതാഗതവുമായി ബന്ധപ്പെട്ട മൂന്ന് അടിസ്ഥാന സൗകര്യങ്ങള്‍ അനിവാര്യമാണ്:

i.  നാവിഗേഷന്‍ ചാനല്‍ (കപ്പല്‍ പോകുന്ന പാത) കപ്പലിനെ സുരക്ഷിതമായി ഉള്‍ക്കൊള്ളാന്‍ തക്ക വീതിയും ആഴവുമുള്ളതായിരിക്കണം.

ii. കപ്പലുകള്‍ നങ്കൂരമിടുന്നതിനായി തുറമുഖത്ത് പ്രത്യേകം നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളുണ്ട്, അവിടെ ചരക്കുകള്‍ കയറ്റാനും ഇറക്കാനും കഴിയും, കൂടാതെ റോഡ്, റെയില്‍ സംവിധാനങ്ങളുമായി ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നു.

iii. കപ്പലുകളുടെ സുരക്ഷിതമായ ചലനത്തെ സഹായിക്കുന്ന നാവിഗേഷന്‍ പിന്തുണ

ഗതാഗതത്തിനായി നദികള്‍, കനാലുകള്‍ അല്ലെങ്കില്‍ മറ്റ് ഉള്‍നാടന്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ പ്രയോജനകരമാണ്, കാരണം അവ കൂടുതല്‍ വിഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്നു, കൂടുതല്‍ ചരക്കുകള്‍  കൊണ്ടുപോകാന്‍ കഴിയും, കൂടാതെ പ്രതികൂല സാമൂഹിക ചെലവുകള്‍ കുറവാണ്.

ഉള്‍നാടന്‍ ജലപാതകളിലെയും ചില തീരദേശ പാതകളിലെയും ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി രാജ്യത്ത് ഒരു നിയമ ചട്ടക്കൂട് സ്ഥാപിച്ചിട്ടുണ്ട്. ഈ പാതകളിലെ ഗതാഗത സേവനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഒരു ഏകോപിത പദ്ധതി ഈ ചട്ടക്കൂട് പ്രദാനം ചെയ്യുന്നു. സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് വഴികാട്ടുന്നു. ഈ ചട്ടക്കൂടിന് കീഴിലുള്ള എല്ലാ വികസന പദ്ധതികളുടെയും ഗുണനിലവാരവും സ്ഥിരതയും ഉറപ്പാക്കുന്നതിന് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രകടന മാനദണ്ഡങ്ങള്‍ പാലിക്കണം.

 


 

ഈ വികസനങ്ങള്‍ക്ക് പുറമേ, മാരിടൈം അമൃത് കാല്‍ ദര്‍ശനത്തില്‍ വിഭാവനം ചെയ്യുന്നത് പോലെ, ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ വിഹിതം 2 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി ഉയര്‍ത്താനും 2030 ആകുമ്പോഴേക്കും ചരക്ക് നീക്കം 200 MMT-യായും 2047 ആകുമ്പോഴേക്കും 500 MMT-യായും വര്‍ദ്ധിപ്പിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. ഇത് കൈവരിക്കുന്നതിനായി, തുറമുഖങ്ങള്‍, IWT ടെര്‍മിനലുകള്‍, വ്യാവസായിക ഇടനാഴികള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന ഹൈവേ പദ്ധതികളുടെ വികസനത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു, ഇത് മൊത്തത്തിലുള്ള ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കുന്നതിനും ഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സഹായിക്കും.

ഇന്ത്യയിലെ ഉള്‍നാടന്‍ ജലപാതകള്‍ |

ഷിപ്പിംഗ്, നാവിഗേഷന്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ജലപാത നിയമം 2016  രാജ്യത്തുടനീളമുള്ള 111 ഉള്‍നാടന്‍ ജലപാതകളെ 'ദേശീയ ജലപാതകള്‍' ആയി  പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദേശീയ ജലപാതകളുടെ ആകെ നീളം 20,187 കിലോമീറ്ററാണ്, അവ ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. 2026 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച്, 32 ദേശീയ ജലപാതകള്‍ പ്രവര്‍ത്തനക്ഷമമാണ്, ചരക്ക്, രാജ്യത്തുടനീളം 5,155 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജലപാതകള്‍ ചരക്ക് ഗതാഗതത്തിനും യാത്രക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നു, അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഈ എണ്ണം 52 ആയി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. പ്രവര്‍ത്തനക്ഷമമായ ജലപാതകളെല്ലാം സുരക്ഷിതവും സുസ്ഥിരവുമായ കപ്പല്‍ ഗതാഗതത്തിന് ആവശ്യമായ  സൗകര്യങ്ങള്‍ ഉള്ളവയാണ്. മതിയായ ആഴവും വീതിയും ഉള്ള ഒരു ഫെയര്‍വേ, കപ്പല്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള പ്രവര്‍ത്തനക്ഷമമായ ടെര്‍മിനലുകള്‍, വിശ്വസനീയമായ നാവിഗേഷന്‍ സഹായങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ ഘടകങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍, പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയും, ഇത് യന്ത്രവല്‍കൃത കപ്പലുകള്‍ക്കും വ്യത്യസ്ത ശേഷിയുള്ള നാടന്‍ ബോട്ടുകള്‍ക്കും റൂട്ടിലൂടെ സഞ്ചരിക്കാന്‍ സൗകര്യമൊരുക്കുന്നു. ഈ സൗകര്യങ്ങള്‍ നിലവിലുള്ള ഒരു ജലപാത ഉള്‍നാടന്‍ ജലഗതാഗതത്തിന് ഉപയോഗപ്പെടുകയും വിപണി ആവശ്യകതയെ അടിസ്ഥാനമാക്കി ഉള്‍നാടന്‍ കപ്പലുകളില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ദേശീയ ജലപാതകളിലുടനീളം നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ ഈ സൗകര്യങ്ങള്‍ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക, കൂടുതല്‍ ജലപാതകള്‍ പ്രവര്‍ത്തനക്ഷമമാക്കുക, ഉള്‍നാടന്‍ ഗതാഗതത്തിന്റെ വളര്‍ച്ചയെ പിന്തുണയ്ക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

Operational NWs in India (as of March, 2026)

S. No.

State(s)

NW No.

Limits of NW

1

Andhra Pradesh

NW-4

Krishna-Godavari River Systems

2

Assam

NW-2

Brahmaputra River (Dhubri-Sadiya)

3

NW-16

Barak River

4

NW-31

Dhansiri / Chathe

5

NW-57

Kopili River

6

Bihar

NW-94

Sone River

7

Goa

NW-68

Mandovi River

8

NW-27

Cumberjua River

9

NW-111

Zuari River

10

Gujarat

NW-48

Jawai-Luni-Rann of Kutch River

11

NW-73

Narmada River

12

NW-87

Sabarmati River

13

NW-100

Tapi River

14

Kerala

NW-3

West Coast Canal

15

NW-8

Alappuzha-Changanassery Canal

16

NW-9

Alappuzha-Kottayam-Athirampuzha Canal

17

Maharashtra

NW-10

Amba River

18

NW-53

Kalyan-Thane-Mumbai Waterway, Vasai Creek and Ulhas River

19

NW-83

Rajpuri Creek

20

NW-85

Revadanda Creek-Kundalika River System

21

NW-91

Shastri River-Jaigad Creek System

22

Odisha

NW-5

East Coast Canal and Matai River/Brahmani-Kharsua-Dhamra Rivers/Mahanadi Delta Rivers

23

NW-14

Baitarani River

24

NW-23

Budha Balanga

25

NW-64

Mahanadi River

26

Uttar Pradesh

NW-110

Yamuna River

27

NW-40

Ghaghra River

28

Uttar Pradesh, Bihar, Jharkhand, West Bengal

NW-1

Ganga-Bhagirathi-Hooghly River System (Haldia-Allahabad)

29

West Bengal

NW-44

Ichamati River

30

NW-47

Jalangi River

31

NW-86

Rupnarayan River

32

NW-97

Sundarbans Waterway



ഇന്ത്യയിലെ ഉള്‍നാടന്‍ ജലപാതകളും ശൃംഖലകളും- ഒരു അവലോകനം

ദേശീയ ജലപാതകളിലെ ചരക്ക് നീക്കവും വരുമാനവും


വളരെ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ഗതാഗത മാര്‍ഗ്ഗമാണ് ജലപാതകള്‍. മറ്റ് മാര്‍ഗ്ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരേ അളവിലുള്ള ഇന്ധനം ഉപയോഗിച്ച് ജലപാതകള്‍ മുഖേന നാലിരട്ടി വരെ കൂടുതല്‍ ചരക്ക് നീക്കം സാധ്യമാകും.  ഇത് അവയെ വ്യാപാരത്തിനുള്ള ചെലവ് കുറഞ്ഞ ഗതാഗത മാര്‍ഗ്ഗമാക്കി മാറ്റുന്നു. അവ കുറഞ്ഞ അളവില്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നു, കുറഞ്ഞ തോതില്‍ ശബ്ദം സൃഷ്ടിക്കുന്നു. കാര്‍ബണ്‍ ബഹിര്‍ഗമന തോതും കുറവാണ്, ഇത് ജലഗതാഗതത്തെ ചരക്കു നീക്കത്തിനുള്ള  ശുദ്ധവും വിശ്വസനീയവുമായ മാര്‍ഗമാക്കി മാറ്റുന്നു. 2025-26 ലെ സാമ്പത്തിക സര്‍വേ പ്രകാരം, 2025 നവംബര്‍ വരെ, 29 ദേശീയ ജലപാതകളില്‍ ചരക്ക് നീക്കം, 15 ദേശീയ ജലപാതകളിലെ ക്രൂയിസ് പ്രവര്‍ത്തനങ്ങള്‍, 23 ദേശീയ ജലപാതകളിലെ പാസഞ്ചര്‍ സേവനങ്ങള്‍ എന്നിവ നടന്നു വരുന്നു. മൊത്തം 11 ദേശീയ ജലപാതകള്‍ കാര്‍ഗോ, ക്രൂയിസ്, പാസഞ്ചര്‍ മൂവ്മെന്റ് എന്നിങ്ങനെ മൂന്ന് ഗതാഗത രീതികളെയും പിന്തുണയ്ക്കുന്നു, ഇത് ശക്തമായ ബഹുമാതൃകാ സംയോജനത്തെ സൂചിപ്പിക്കുന്നു. യാത്രക്കാരുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചു, 2023-24 ല്‍ 1.61 കോടിയില്‍ നിന്ന് 2024-25 ല്‍ 7.6 കോടിയായി ഉയര്‍ന്നു.ദേശീയ ജലപാതകളിലൂടെയുള്ള ചരക്ക് ഗതാഗതം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 145.84 ദശലക്ഷം മെട്രിക് ടണ്ണിലും 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 198 MMT (2026 ഫെബ്രുവരി വരെ) യിലും എത്തി. പ്രധാന തുറമുഖങ്ങളുടെ  ചരക്ക് കൈകാര്യത്തിലെ സംയോജിത ശേഷി 2013-14 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിവര്‍ഷം 555 ദശലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് (MTPA) 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1,681 MTPA ആയി ഉയര്‍ന്നു. കണ്ടെയ്‌നര്‍ കപ്പലുകളുടെ ടേണ്‍എറൗണ്ട് സമയം 2013-14 ലെ 41.76 മണിക്കൂറില്‍ നിന്ന് 2024-25 ല്‍ 28.5 മണിക്കൂറായി കുറഞ്ഞു. ഇന്ത്യയിലുടനീളം ചരക്കു നീക്കം സുഗമമാക്കുന്നതില്‍ ഉള്‍നാടന്‍ ജലപാതകള്‍ പ്രധാനപ്പെട്ടതും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായ മാര്‍ഗമായി മാറുന്നുവെന്ന് ഈ സുസ്ഥിര  വളര്‍ച്ച വ്യക്തമാക്കുന്നു.

 


 

പ്രധാന സംരംഭങ്ങള്‍, പദ്ധതികള്‍  

രാജ്യത്ത് ഉള്‍നാടന്‍ ജലഗതാഗതം (IWT) വിപുലീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി സര്‍ക്കാര്‍ നിയമപരവും, നയപരവും, പദ്ധതി അധിഷ്ഠിതവുമായ ഉദ്യമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം, ചരക്ക് നീക്കം, സുസ്ഥിരത, വിനോദസഞ്ചാര മേഖലയുടെ പ്രോത്സാഹനം, പ്രാദേശിക കണക്റ്റിവിറ്റി എന്നിവയില്‍ ഈ നടപടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി ഓഫ് ഇന്ത്യ നിയമം 1985

1985 ഡിസംബര്‍ 30-ന് കൊണ്ടുവന്ന ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി ഓഫ് ഇന്ത്യ നിയമം 1985, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, ഷിപ്പിംഗിനും നാവിഗേഷനുമായി ഉള്‍നാടന്‍ ജലഗതാഗതം നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി ഒരു സമര്‍പ്പിത അതോറിറ്റി രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു. ഈ നിയമപ്രകാരം, ഷിപ്പിംഗിനും നാവിഗേഷനുമുള്ള ഉള്‍നാടന്‍ ജലഗതാഗതം വികസിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ഒരു ഔദ്യോഗിക വിജ്ഞാപനത്തിലൂടെ ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (IWAI) സ്ഥാപിച്ചു. ദേശീയ ജലഗതാഗതത്തിന്റെ ഭാഗമായി ഉള്‍നാടന്‍ ജലഗതാഗത (IWT) അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമാണ് IWAI പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.

 


 
 

ദേശീയ ജലപാത നിയമം 2016

2016 മാര്‍ച്ച് 25 ന് കൊണ്ടുവന്ന ദേശീയ ജലപാത നിയമം, പ്രത്യേക നിയമങ്ങളിലൂടെ മുമ്പ് സ്ഥാപിതമായ ആദ്യത്തെ അഞ്ച് ദേശീയ ജലപാതകളുടെ നൈരന്തര്യത്തിന് നിയമപരമായ ചട്ടക്കൂട് ഒരുക്കി. കൂടാതെ 106  ജലപാതകളെക്കൂടി ദേശീയ ജലപാതകളായി പ്രഖ്യാപിച്ചു. ഷിപ്പിംഗ്, നാവിഗേഷന്‍ എന്നിവയെ പിന്തുണയ്ക്കുന്നതിനായി ഈ ജലപാതകളുടെ നിയന്ത്രണം, വികസനം, പരിപാലനം എന്നിവയ്ക്കുള്ള വ്യവസ്ഥകളും മറ്റ് അനുബന്ധ വശങ്ങളും ഈ നിയമം വിശദീകരിക്കുന്നു. പാര്‍ലമെന്റ് പിന്നീട് മറ്റേതെങ്കിലും ജലപാതയെ ദേശീയ ജലപാതയായി പ്രഖ്യാപിക്കുകയാണെങ്കില്‍, പ്രഖ്യാപന തീയതി മുതല്‍ ജലപാതയെ അപ്രകാരം കണക്കാക്കും. ആവശ്യമായ ക്രമീകരണങ്ങളോടെ നിയമത്തിലെ വ്യവസ്ഥകള്‍ അതിനും ബാധകമാവുന്നു. പ്രഖ്യാപന തീയതി ആ ജലപാതയെ നിയന്ത്രിക്കുന്ന ഔദ്യോഗിക തീയതിയായി മാറുന്നു.

 



 

ജല്‍വാഹക്-കാര്‍ഗോ പ്രൊമോഷന്‍ സ്‌കീം, 2024

2024 ഡിസംബര്‍ 15-ന് അവതരിപ്പിച്ച ജല്‍വാഹക് പദ്ധതി, റോഡ്, റെയില്‍ പോലുള്ള പരമ്പരാഗത ഗതാഗത രീതികള്‍ക്ക് പകരം ഉള്‍നാടന്‍ ജലപാതകളിലൂടെയുള്ള ചരക്ക് നീക്കത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സര്‍ക്കാര്‍ സംരംഭമാണ്. കപ്പല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് സാമ്പത്തിക പ്രോത്സാഹനങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടും ഇന്തോ-ബംഗ്ലാദേശ് പ്രോട്ടോക്കോള്‍ റൂട്ട് മുഖേന പ്രധാന ദേശീയ ജലപാതകളിലൂടെ (NW-1, NW-2, NW-16) പതിവ് ചരക്ക് ഗതാഗതത്തെ പിന്തുണച്ചുകൊണ്ടും ഇത് സാധ്യമാക്കുന്നു. ഈ പദ്ധതി കേരളത്തിലെ ജലപാതകളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ മൂന്നാം IWDC സമ്മേളനത്തില്‍ ആദരണീയ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി, നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം, ഒരു ജലപാത യാത്രയുടെ യഥാര്‍ത്ഥ പ്രവര്‍ത്തന ചെലവിന്റെ 35% വരെ തിരികെ ലഭിക്കും. മൊത്തത്തില്‍, ഏകദേശം 800 ദശലക്ഷം ടണ്‍ കിലോമീറ്റര്‍ ചരക്ക് മാറ്റുന്നതിലൂടെ ഉള്‍നാടന്‍ ജലപാതകളുടെ ഉപയോഗം ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് പദ്ധതി പ്രതീക്ഷിക്കുന്നു, നിലവില്‍ ദേശീയ ജലപാതകളില്‍ നടത്തുന്ന മൊത്തം ചരക്ക് നീക്കത്തിന്റെ ഏകദേശം 17% ആണിത്.

 



 

ദേശീയ ജലപാത (ജെട്ടികളുടെ/ടെര്‍മിനലുകളുടെ നിര്‍മ്മാണം) നിയന്ത്രണ ചട്ടങ്ങള്‍, 2025

രാജ്യത്തുടനീളമുള്ള ദേശീയ ജലപാതകളില്‍ ജെട്ടികളും ടെര്‍മിനലുകളും നിര്‍മ്മിക്കുന്നതില്‍ സ്വകാര്യ കമ്പനികള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സംയുക്ത സംരംഭങ്ങള്‍ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രക്രിയകള്‍ ലളിതമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തവയാണ് ദേശീയ ജലപാത (ജെട്ടികളുടെ/ടെര്‍മിനലുകളുടെ നിര്‍മ്മാണം) നിയന്ത്രണ ചട്ടങ്ങള്‍, 2025. ജലപാത അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൂടുതലായി ആകര്‍ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

 


 
 

ഉള്‍നാടന്‍ ജലയാനങ്ങളുമായി ബന്ധപ്പെട്ട നിയമം 2021

2021 ഓഗസ്റ്റ് 11 ന് ഉള്‍നാടന്‍ ജലയാനങ്ങളുമായി ബന്ധപ്പെട്ട നിയമം പാസാക്കി. രാജ്യത്തുടനീളം ഉള്‍നാടന്‍ ജലപാതകളിലൂടെ സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ഗതാഗതവും വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നിയമം ലക്ഷ്യമിടുന്നത്. യാത്രക്കാരെയും ചരക്കുകളെയും സംരക്ഷിക്കുന്നതിനൊപ്പം സുരക്ഷിതമായ ജലയാത്ര ഉറപ്പാക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കൂടാതെ ഉള്‍നാടന്‍ ജലയാനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ സുതാര്യവും ഉത്തരവാദിത്തപൂര്‍ണ്ണവുമായ  ഭരണനിര്‍വ്വഹണത്തെ ഈ നിയമം പ്രോത്സാഹിപ്പിക്കുകയും കപ്പല്‍ നിര്‍മ്മാണം, പരിശോധന, രജിസ്‌ട്രേഷന്‍, സ്റ്റാഫിംഗ്, നാവിഗേഷന്‍ നടപടിക്രമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ആവശ്യമുള്ളപ്പോള്‍ അതിന്റെ അധികാരങ്ങള്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്, അതേസമയം ഈ വ്യവസ്ഥകള്‍ നിര്‍വ്വഹിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഉത്തരവാദിത്തമുള്ള പ്രധാന അതോറിറ്റിയായി ഇന്ത്യ ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ തുടരുന്നു.

 



 

തീരദേശ ഷിപ്പിംഗ് നിയമം 2025

2025 ഓഗസ്റ്റ് 9-ന് കൊണ്ടുവന്ന തീരദേശ ഷിപ്പിംഗ് നിയമം 2025, കേന്ദ്ര സര്‍ക്കാര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു ദേശീയ തീരദേശ, ഉള്‍നാടന്‍ ഷിപ്പിംഗ് സ്ട്രാറ്റജിക് പ്ലാന്‍ തയ്യാറാക്കണമെന്നും ഓരോ രണ്ട് വര്‍ഷത്തിലും അത് പുതുക്കണമെന്നും നിദ്ദേശിക്കുന്നു. ഉള്‍നാടന്‍ ജലപാതകളുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട തീരദേശ ഷിപ്പിംഗ് റൂട്ടുകളെ ഈ പദ്ധതി വിശദീകരിക്കുന്നു, കൂടാതെ ചരക്കുകളുടെയും യാത്രക്കാരുടെയും ഗതാഗതം കൂടുതല്‍ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമാക്കുന്നതിനുള്ള  നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. തീരദേശ ഷിപ്പിംഗിനും ഉള്‍നാടന്‍ ജലപാത ശൃംഖലയ്ക്കുമുള്ള ദീര്‍ഘകാല ഗതാഗത പ്രവചനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, മൊത്തത്തിലുള്ള കണക്റ്റിവിറ്റിക്കായി പുതിയ റൂട്ടുകള്‍ തിരിച്ചറിയുകയും നിലവിലുള്ളവയുമായി സംയോജിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം, തീരദേശ ഷിപ്പിംഗ്, ഉള്‍നാടന്‍ ജലപാതകള്‍, മറ്റ് ഗതാഗത സംവിധാനങ്ങള്‍ എന്നിവ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച രീതികളും ഈ പദ്ധതി മുന്നോട്ട് വയ്ക്കുന്നു.

 



 

'ഹരിത നൗക' ഉള്‍നാടന്‍ ജല യാനങ്ങള്‍ക്കുള്ള ഹരിത പരിവര്‍ത്തന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

2024 ജനുവരി 8 ന് ആരംഭിച്ച 'ഹരിത നൗക' ഉള്‍നാടന്‍ ജല യാനങ്ങള്‍ക്കുള്ള ഹരിത പരിവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഇന്ത്യയുടെ ദേശീയ സമുദ്ര ദര്‍ശനത്തിന് അനുസൃതമായി ഉള്‍നാടന്‍ ജലഗതാഗതം കൂടുതല്‍ ശുദ്ധവും കാര്യക്ഷമവും ഭാവി സജ്ജവുമാക്കുന്നതിനുള്ള തന്ത്രപരമായ ചട്ടക്കൂട് ഒരുക്കുന്നു.

 

Key Provisions and Targets of the Harit Nauka Inland Vessels Green Transition Guidelines

Focus Area

Key Provisions / Targets

Green Vessel Ecosystem

Promotion of green inland vessels, supporting infrastructure, and development of an operational ecosystem.

Alignment with Maritime India Vision 2030

Supports the objectives of Maritime India Vision 2030 by promoting a higher share of inland waterways in the national transport system and encouraging greater cargo movement.

Alignment with Maritime Amrit Kaal Vision 2047

Aligns with the long-term goals of Maritime Amrit Kaal Vision 2047, which aims for a complete transition to green inland vessels and a significant expansion of inland waterway cargo capacity.

Linkage with Sustainability

Builds upon earlier sustainability initiatives, including the Harit Sagar Guidelines 2023, by extending green practices from ports to inland vessels.

Complementary Programmes

Complements the Green Tug Transition Programme, ensuring a consistent approach to decarbonisation across maritime and inland water transport.

Carbon Intensity Targets

Targets 30% reduction in carbon intensity of inland waterway-based passenger transport by 2030 and 70% reduction by 2047

State-Level Transition Roadmap

Serves as a roadmap for States to shift 50% of passenger fleet to green fuels by 2033 and 100% by 2045.

Vessel Greening Targets

Aims to green at least 1,000 inland vessels over the next 10 years and achieve 100% green vessels across all Indian water bodies by 2047



നദീ ക്രൂയിസ് വിനോദ സഞ്ചാര രൂപരേഖ, 2047

2024 ജനുവരി 8-ന് ആരംഭിച്ച നദീ ക്രൂയിസ് വിനോദ സഞ്ചാര രൂപരേഖ, 2047, ഇന്ത്യയില്‍ നദീ ക്രൂയിസ് വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഘടനാപരമായ ചട്ടക്കൂട് ഒരുക്കുന്നു. ഇത് നാല് പ്രധാന മേഖലകളെ അടിസ്ഥാനമാക്കിയുള്ളതാണ്: അടിസ്ഥാന സൗകര്യ വികസനം, സംവിധാനങ്ങള്‍ തമ്മിലുള്ള സംയോജനം, പ്രവേശനക്ഷമത വര്‍ദ്ധിപ്പിക്കല്‍, പിന്തുണയ്ക്കുന്നതിനുള്ള നയങ്ങള്‍ നടപ്പിലാക്കല്‍ എന്നിങ്ങനെ നാല് പ്രധാന സ്തംഭങ്ങളില്‍ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഇന്ത്യയുടെ ദേശീയ ജലപാതകളുടെ വലിയ ശൃംഖല പ്രകൃതി സൗന്ദര്യത്തിനും, വന്യജീവികള്‍ക്കും, സാംസ്‌കാരിക പൈതൃകത്തിനും പേരുകേട്ട പ്രദേശങ്ങളിലൂടെ കടന്നുപോകുന്നു, ക്രൂയിസ് അധിഷ്ഠിത വിനോദസഞ്ചാരത്തിന് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നു.

 



 

നദി ക്രൂയിസ് യാത്രകള്‍:

ഇന്ത്യയിലെ നദി ക്രൂയിസ് വിനോദസഞ്ചാരം ശക്തമായ വളര്‍ച്ച കൈവരിച്ചു, വടക്കുപടിഞ്ഞാറന്‍ നദികളിലെ ക്രൂയിസ് യാത്രകളുടെ എണ്ണം 2023-24 ല്‍ 371 ല്‍ നിന്ന് 2024-25 ല്‍ 443 ആയി ഉയര്‍ന്നു. ഈ 19.4% വര്‍ദ്ധനവ് രാജ്യത്തെ ഉള്‍നാടന്‍ ജലപാതകളിലുടനീളമുള്ള നദി ക്രൂയിസുകളുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയെയും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളെയും പ്രതിഫലിപ്പിക്കുന്നു.

ക്രൂയിസ് വെസ്സലുകളുടെ എണ്ണത്തില്‍ വര്‍ദ്ധന:

ക്രൂയിസ് വെസ്സലുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. 2013-14 ല്‍ വെറും 3 കപ്പലുകള്‍ മാത്രമായിരുന്ന ക്രൂയിസ് കപ്പലുകളുടെ എണ്ണം 2024-25 ല്‍ 25 കപ്പലുകളായി ഗണ്യമായി വര്‍ദ്ധിച്ചു. ഒമ്പത് സംസ്ഥാനങ്ങളിലെ 13 ദേശീയ ജലപാതകളിലായി 17 വ്യത്യസ്ത റൂട്ടുകളിലാണ് ഈ കപ്പലുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വാരണാസിക്കും ദിബ്രുഗഡിനും ഇടയിലുള്ള 4,000 കിലോമീറ്റര്‍ നീളമുള്ള ഇടനാഴി ഈ വളര്‍ച്ചയെ പിന്തുണയ്ക്കുന്നു, ഇതില്‍ 129 ടെര്‍മിനലുകള്‍ സജ്ജീകരിച്ചിരിക്കുന്നു, ഇത് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ക്രൂയിസ് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.

2027 ഓടെ സില്‍ഘട്ട്, ബിശ്വനാഥ് ഘട്ട്, നീമാതി, ഗുയിജാന്‍ എന്നിവിടങ്ങളിലെ നാല് പുതിയ ക്രൂയിസ് ടെര്‍മിനലുകള്‍ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു.

നദീ ക്രൂയിസ് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി 34 ദേശീയ ജലപാതകളും, ഇന്തോ-ബംഗ്ലാദേശ് പ്രോട്ടോക്കോള്‍ (IBP) റൂട്ടും, രണ്ട് സംസ്ഥാന ജലപാതകളും തിരഞ്ഞെടുത്തിട്ടുണ്ട്.

നിലവില്‍, ഇന്ത്യയില്‍ ഏതാനും ഉള്‍നാടന്‍ ജലപാതകളില്‍ മാത്രമേ നദീ ക്രൂയിസ് വിനോദസഞ്ചാരം നടപ്പാക്കിയിട്ടുള്ളൂ:

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഉള്‍നാടന്‍ ജലഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനുള്ള സംരംഭങ്ങള്‍

ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ ഉള്‍നാടന്‍ ജലഗതാഗതം (IWT) ക്രമാനുഗതമായി മെച്ചപ്പെട്ടുവരികയാണെന്ന് 2025-26 ലെ സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. ദേശീയ ജലപാത-2 (NW-2), ദേശീയ ജലപാത-16 (NW-16) എന്നിവയില്‍ IWT പദ്ധതികള്‍ പുരോഗമിക്കുന്നുണ്ടെന്ന് സര്‍വേ സൂചിപ്പിക്കുന്നു. കൂടാതെ, നാഗാലാന്‍ഡിലെയും മിസോറാമിലെയും പദ്ധതികള്‍ക്കായുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ (DPR-കള്‍) അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ഇന്ത്യയിലെ ഗുംതി നദിയും ബംഗ്ലാദേശിലെ മേഘ്ന നദിയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി ത്രിപുര 24.53 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും സര്‍വേ രേഖപ്പെടുത്തുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഉള്‍നാടന്‍ ജലഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ശക്തിപ്പെടുത്താനും വിവിധ സര്‍ക്കാര്‍ ശ്രമങ്ങള്‍ സഹായിക്കുന്നുണ്ടെന്ന് സര്‍വേ സൂചിപ്പിക്കുന്നു.

ജല്‍ മാര്‍ഗ് വികാസ് പദ്ധതി

ദേശീയ ജലപാത-1-ലെ സഞ്ചാരക്ഷമത മെച്ചപ്പെടുത്തുന്നതിനും ഗംഗാ നദീതീരങ്ങളിലെ സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുന്നതിനുമായി ജല്‍ മാര്‍ഗ് വികാസ് പദ്ധതി, ജല്‍ മാര്‍ഗ് വികാസ് പദ്ധതി-II (അര്‍ഥ് ഗംഗ) എന്നിവ നടപ്പിലാക്കുന്നു.

പ്രധാന ഡിജിറ്റല്‍ സംരംഭങ്ങള്‍

സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഭരണനിര്‍വ്വഹണത്തിലൂടെയും തത്സമയ വിവര വിനിമയത്തിലൂടെയും ഉള്‍നാടന്‍ ജലഗതാഗതം നവീകരിക്കുന്നതിനായി സര്‍ക്കാര്‍ നിരവധി ഡിജിറ്റല്‍ സംരംഭങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ദേശീയ ജലപാതകളിലെ ചരക്ക്, ക്രൂയിസ് നീക്കങ്ങളെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും പങ്കിടുന്നതിനുമായി ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (IWAI) വികസിപ്പിച്ചെടുത്ത ഒരു വെബ് അധിഷ്ഠിത പോര്‍ട്ടലാണ് CAR-D (കാര്‍ഗോ ഡാറ്റ).

 



 

തിരഞ്ഞെടുത്ത ദേശീയ ജലപാതകളിലെ നാവിഗേഷന്‍ ചാനലുകളിലെ ഏറ്റവും കുറഞ്ഞ  ആഴത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടുന്നതിനായി ലീസ്റ്റ് അവൈലബിള്‍ ഡെപ്ത് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (LADIS) അവതരിപ്പിച്ചു. കപ്പലുകളുടെ സുഗമമായ ചലനത്തിന് നിശ്ചിത ആഴം അത്യാവശ്യമാണ്.

 



 

ഉള്‍നാടന്‍ ജലപാതകളിലെ സുരക്ഷ, കാര്യക്ഷമത, ഗതാഗത മാനേജ്‌മെന്റ് എന്നിവ മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു സംയോജിത ഡിജിറ്റല്‍ സംവിധാനമാണ് റിവര്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (RIS). ഇത് തത്സമയ കപ്പല്‍ നിരീക്ഷണം സാധ്യമാക്കുന്നു. ജലപാത, നാവിഗേഷന്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നു, കാലാവസ്ഥയെയും ജലനിരപ്പിനെയും കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കുന്നു. കപ്പലുകളും നിയന്ത്രണ കേന്ദ്രങ്ങളും തമ്മിലുള്ള ആശയവിനിമയത്തെയും   പിന്തുണയ്ക്കുന്നു. തല്‍ഫലമായി, RIS നാവിഗേഷന്‍ സുരക്ഷ മെച്ചപ്പെടുത്തുന്നു, കാലതാമസം കുറയ്ക്കുന്നു, മികച്ച ആസൂത്രണത്തെ പിന്തുണയ്ക്കുന്നു, പങ്കാളികള്‍ക്കിടയില്‍ ഏകോപനം ശക്തിപ്പെടുത്തുന്നു. മൊത്തത്തില്‍, ഇത് ഉള്‍നാടന്‍ ജലപാത ഗതാഗതത്തിന്റെ വിശ്വാസ്യതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നു.

 



 

IWAI വെസ്സല്‍ ട്രാക്കറും PANI പോര്‍ട്ടലും സംയുക്തമായി ഉള്‍നാടന്‍ ജലപാതകളിലെ ഇ-നാവിഗേഷനായി ഒരു ഡിജിറ്റല്‍ പരിഹാരം വാഗ്ദാനം ചെയ്യുന്നു. അവ ഒരു വെബ് പോര്‍ട്ടലായും മൊബൈല്‍ ആപ്ലിക്കേഷനായും ലഭ്യമാണ്. അപ്ഡേറ്റ് ചെയ്ത നാവിഗേഷന്‍ റൂട്ടുകള്‍, ജലത്തിന്റെ ആഴ വിശദാംശങ്ങള്‍, കപ്പലുകളുടെ തത്സമയ നിരീക്ഷണം തുടങ്ങിയ പ്രധാന വിവരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഉള്‍നാടന്‍ ജലപാതകളിലൂടെ കപ്പലുകള്‍ക്ക് സുരക്ഷിതമായും കാര്യക്ഷമമായും സഞ്ചരിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നു.

 



 

ദേശീയ ജലപാതകളിലെ ജെട്ടികളുടെയും ടെര്‍മിനലുകളുടെയും വികസനം സുഗമമാക്കുന്നതിനാണ് ജല്‍ സമൃദ്ധി പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ദേശീയ ജലപാതകളിലെ ജെട്ടികള്‍/ടെര്‍മിനലുകള്‍ നിര്‍മ്മിക്കുന്നതിന് സ്വകാര്യ കമ്പനികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സംയുക്ത സംരംഭങ്ങള്‍ എന്നിവയ്ക്ക് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിനായി (NoC) ഡിജിറ്റലായി അപേക്ഷിക്കാന്‍ ഇത് സൗകര്യമൊരുക്കുന്നു. സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ പ്രക്രിയയിലൂടെ ഇത് സുതാര്യതയും സുഗമമായ ബിസിനസും പ്രോത്സാഹിപ്പിക്കുന്നു.

 



 

ജല്‍ യാനും നാവിക് പോര്‍ട്ടലും ഇന്ത്യയുടെ ഉള്‍നാടന്‍ ജലഗതാഗത മേഖലയുടെ വളര്‍ച്ചയെയും നിയന്ത്രണത്തെയും പിന്തുണയ്ക്കുന്നു. കപ്പല്‍ പ്രവര്‍ത്തനങ്ങള്‍, പരിശീലന പരിപാടികള്‍, അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, വ്യത്യസ്ത പങ്കാളികള്‍ക്കുള്ള സഹായം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

 



 

മുന്നോട്ടുള്ള പ്രയാണം

ഇന്ത്യയുടെ ഉള്‍നാടന്‍ ജലപാതകളുടെ വികസനം കാഴ്ചപ്പാടിലെ വ്യക്തമായ പരിവര്‍ത്തനത്തെ  സൂചിപ്പിക്കുന്നു., അവിടെ നദികളെ പ്രകൃതിവിഭവങ്ങളായി മാത്രമല്ല, സാമ്പത്തിക വളര്‍ച്ച, പരിസ്ഥിതി സുസ്ഥിരത, സാമൂഹിക ശാക്തീകരണം എന്നിവയ്ക്കുള്ള പ്രധാന ഉപാധിയായും വീക്ഷിക്കുന്നു.

ഉള്‍നാടന്‍ ജലപാത അതോറിറ്റി ഓഫ് ഇന്ത്യ ആക്ട് 1985,ദേശീയ ജലപാത നിയമം  2016 തുടങ്ങിയ നിയമങ്ങളിലൂടെ, രാജ്യവ്യാപകമായ ജലപാത ശൃംഖലയ്ക്ക് ശക്തമായ സ്ഥാപന അടിത്തറ ഒരുക്കി. ജല്‍വാഹക് കാര്‍ഗോ പ്രമോഷന്‍ സ്‌കീം, ജല്‍ മാര്‍ഗ് വികാസ് പ്രോജക്റ്റ് (JMVP), അര്‍ത്ഥ ഗംഗ (JMVP II) തുടങ്ങിയ കേന്ദ്രീകൃത പദ്ധതികളിലൂടെ ഈ ചട്ടക്കൂട് പ്രവര്‍ത്തനക്ഷമമാക്കുന്നു, ഇവ നദീതീര സമൂഹങ്ങളെ വിപണികളുമായും ഉപജീവനമാര്‍ഗ്ഗങ്ങളുമായും ബന്ധിപ്പിക്കുന്നതിനൊപ്പം ചരക്ക് നീക്കത്തെ ശക്തിപ്പെടുത്തുന്നു.

ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം, CAR-D, PANI, JALYAN and NAVIC, LADIS, റിവര്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (RIS), ജല്‍ സമൃദ്ധി പോര്‍ട്ടല്‍ തുടങ്ങിയ സംരംഭങ്ങളിലൂടെ സര്‍ക്കാര്‍ ഡിജിറ്റല്‍ ഭരണ നിര്‍വ്വഹണം കാര്യക്ഷമമാക്കിയിട്ടുണ്ട്, ഇത് ദേശീയ ജലപാതകളിലുടനീളം സുരക്ഷ, സുതാര്യത, തത്സമയ തീരുമാനമെടുക്കല്‍ പ്രക്രിയ, ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പം എന്നിവ മെച്ചപ്പെടുത്തുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ലക്ഷ്യവേധിയായ നിക്ഷേപങ്ങള്‍ സന്തുലിതമായ പ്രാദേശിക വികസനത്തിനുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നു, അതേസമയം 'ഹരിത നൗക' ഉള്‍നാടന്‍ ജല യാനങ്ങള്‍ക്കുള്ള ഹരിത പരിവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍നാടന്‍ ഗതാഗത വളര്‍ച്ചയുടെ കേന്ദ്ര ബിന്ദുവായി പാരിസ്ഥിതിക ഉത്തരവാദിത്തത്തെ പ്രതിഷ്ഠിക്കുന്നു. സമാന്തരമായി, നദീ ക്രൂയിസ് വിനോദസഞ്ചാര രൂപരേഖ 2047 ഇന്ത്യയിലെ നദികളുടെ സാംസ്‌കാരിക, പൈതൃക, വിനോദസഞ്ചാര സാധ്യതകള്‍ തുറന്നു നല്‍കുന്നു.

ഇന്ത്യയുടെ ഉള്‍നാടന്‍ ജലപാതകളും തീരദേശ ഗതാഗത സംവിധാനവും ശക്തിപ്പെടുത്തുന്നതിന് 2026-27 ലെ കേന്ദ്ര ബജറ്റ് നിരവധി നടപടികള്‍ നിര്‍ദ്ദേശിക്കുന്നു. പുതിയ ദേശീയ ജലപാതകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും ഈ മേഖലയിലെ സവിശേഷ ശേഷികള്‍ വികസിപ്പിക്കുന്നതിനുമായി പ്രാദേശിക മികവിന്റെ കേന്ദ്രങ്ങളായ പരിശീലന സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അറ്റകുറ്റപ്പണി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഒരു കപ്പല്‍ അറ്റകുറ്റപ്പണി ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ചരക്ക് ഗതാഗതത്തിനായി ഉള്‍നാടന്‍ ജലപാതകളുടെയും തീരദേശ ഷിപ്പിംഗിന്റെയും ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനും ഒരു തീരദേശ കാര്‍ഗോ പ്രമോഷന്‍ പദ്ധതി അവതരിപ്പിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു.

നയപരമായ പിന്തുണ, അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക പുരോഗതി, സുസ്ഥിരതാ നടപടികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ സംരംഭങ്ങള്‍, ഇന്ത്യയുടെ ഉള്‍നാടന്‍ ജലപാതകള്‍ക്ക് പുതിയ ദിശ പകര്‍ന്നു നല്‍കുന്നു. സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്നതോടൊപ്പം പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും രാജ്യത്തിന്റെ സമഗ്ര വികസനത്തിന് ആക്കം കൂട്ടുകയും ചെയ്യുന്ന പ്രധാന ഗതാഗത പാതകളായി അവയെ മാറ്റുകയാണ് പ്രധാന ലക്ഷ്യം.

സൂചനകള്‍

 

Parliament of India

India Code - National Informatics Centre (NIC), Government of India

   Ministry of Finance, Government of India

Ministry of Ports, Shipping and Waterways (MoPSW), Government of India

Inland Waterways Authority of India (IWAI), Government of India

Press Information Bureau (PIB), Government of India

Open Government Data Portal - NIC, Government of India

Food and Agriculture Organization (FAO)

United Nations

United Nations Economic and Social Commission for Asia and the Pacific (UNESCAP)

United Nations Conference on Trade and Development (UNCTAD)

European Union

The World Bank

International Labour Organization (ILO)

International Finance Corporation (IFC), World Bank Group

National Oceanic and Atmospheric Administration (NOAA), U.S. Department of Commerce

Click Here To Seee PDF

***


(रिलीज़ आईडी: 2256759) आगंतुक पटल : 23
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Gujarati