തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

അന്താരാഷ്ട്ര തെരഞ്ഞെടുപ്പ് സന്ദര്‍ശക പരിപാടി (IEVP) 2026: രണ്ടാം ഘട്ടത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ന്യൂഡല്‍ഹിയില്‍ തുടക്കം കുറിച്ചു

प्रविष्टि तिथि: 21 APR 2026 6:11PM by PIB Thiruvananthpuram

തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നിരീക്ഷിക്കുന്നതിനായുള്ള അന്താരാഷ്ട്ര തെരഞ്ഞെടുപ്പ് നിരീക്ഷക പരിപാടിയുടെ രണ്ടാം ഘട്ടം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചു. ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെമോക്രസി ആന്‍ഡ് ഇലക്ഷന്‍ മാനേജ്‌മെന്റില്‍ (IIIDEM) നടന്ന ചടങ്ങില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ഡല്‍ഹിയിലെ വിവിധ വിദേശ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും, ഇന്റര്‍നാഷണല്‍ ഐഡിയയുടെ പ്രതിനിധിയും ഉള്‍പ്പെടെ 17 രാജ്യങ്ങളില്‍ നിന്നുള്ള 34 പ്രതിനിധികള്‍ പരിപാടിയുടെ രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കും. ഇവര്‍ 2026 ഏപ്രില്‍ 22 മുതല്‍ ഏപ്രില്‍ 23 വരെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. 2026 ഏപ്രില്‍ 8 മുതല്‍ ഏപ്രില്‍ 9 വരെയുണ്ടായിരുന്ന ആദ്യഘട്ടത്തില്‍, പ്രതിനിധികള്‍ അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.

ഇന്ന് ന്യൂഡല്‍ഹിയിലെ IIIDEMല്‍ നടന്ന ചടങ്ങില്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (EVM) പ്രവര്‍ത്തനത്തെക്കുറിച്ച് വിദേശ പ്രതിനിധികള്‍ക്ക് വിശദമായ ക്ലാസുകള്‍ നല്‍കി. വോട്ടിംഗ് പ്രക്രിയ നേരിട്ട് മനസ്സിലാക്കാനായി മോക്‌പോളില്‍ (mock poll) അവര്‍ പങ്കെടുക്കുകയും ചെയ്തു.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യകളിലും കൃത്രിമങ്ങള്‍ തടയാനായി ഏര്‍പ്പെടുത്തിയിട്ടുള്ള ഭരണപരമായ സുരക്ഷാ മാനദണ്ഡങ്ങളിലും പ്രതിനിധികള്‍ വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചു. വിദഗ്ധരുമായി നടന്ന ആശയവിനിമയ സെഷനില്‍, വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത, വിവിപാറ്റ് (VVPAT) സംവിധാനം, തെരഞ്ഞെടുപ്പ് സുരക്ഷ എന്നിവയെക്കുറിച്ചുള്ള തങ്ങളുടെ സംശയങ്ങള്‍ പ്രതിനിധികള്‍ ചോദിച്ചറിയുകയും വിദഗ്ധര്‍ അവയ്ക്ക് മറുപടി നല്‍കുകയും ചെയ്തു.

2026 ഏപ്രില്‍ 22 ന് പ്രതിനിധികള്‍ പശ്ചിമ ബംഗാളും തമിഴ്‌നാടും സന്ദര്‍ശിക്കും. അവിടങ്ങളിലെ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങള്‍, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ , മീഡിയ മോണിറ്ററിംഗ് സെന്ററുകള്‍ എന്നിവ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഏപ്രില്‍ 23ന് രാവിലെ പോളിംഗ് സ്‌റ്റേഷനുകളിലെത്തി വോട്ടെടുപ്പ് പ്രക്രിയ അവര്‍ നേരിട്ട് നിരീക്ഷിക്കും.
മറ്റ് രാജ്യങ്ങളിലെയും അന്താരാഷ്ട്ര സംഘടനകളിലെയും തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ബോഡികളുമായുള്ള അന്താരാഷ്ട്ര സഹകരണത്തിനും ഇടപെടലിനുമുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു പ്രധാന പരിപാടിയാണ് ഇന്റര്‍നാഷണല്‍ ഇലക്ഷന്‍ വിസിറ്റേഴ്‌സ് പ്രോഗ്രാം (IEVP).

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചട്ടക്കൂട് , ഭരണഘടനാ സംവിധാനങ്ങള്‍, പ്രവര്‍ത്തന ശൈലി എന്നിവയെക്കുറിച്ചുള്ള സമഗ്രമായ ധാരണ ഈ പരിപാടി വിദേശ പ്രതിനിധികള്‍ക്ക് ലഭ്യമാക്കുന്നു. തെരഞ്ഞെടുപ്പ് മാനേജ്‌മെന്റിലെ മികച്ച മാതൃകകളും നൂതന മാറ്റങ്ങളും മറ്റ് രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് ബോഡികള്‍ക്ക് പരിചയപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ശക്തി അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ തെരഞ്ഞെടുപ്പു നടത്തുന്നതിനായി സ്വീകരിച്ചിരിക്കുന്ന മികച്ച പ്രവര്‍ത്തന രീതികള്‍ പങ്കുവെക്കുകയും ചെയ്യാന്‍ IEVP പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.

***


(रिलीज़ आईडी: 2254304) आगंतुक पटल : 40
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , हिन्दी , Bengali , Bengali-TR