രാജ്യരക്ഷാ മന്ത്രാലയം
രാജ്യരക്ഷാ മന്ത്രിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അനൗദ്യോഗിക മന്ത്രിതല സമിതി പശ്ചിമേഷ്യൻ സാഹചര്യങ്ങളും ഇന്ത്യയുടെ തയ്യാറെടുപ്പുകളും വിലയിരുത്തി
സംഘർഷ ലഘൂകരണവും സംഘർഷം വീണ്ടും വർധിക്കാനുള്ള സാധ്യതകളും അഭിമുഖീകരിക്കാന്‍ ഇന്ത്യ ഒരുപോലെ സജ്ജമായിരിക്കണമെന്ന് രാജ്യരക്ഷാ മന്ത്രി
പോസ്റ്റഡ് ഓണ്‍:
18 APR 2026 8:10PM by PIB Thiruvananthpuram
രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അനൗദ്യോഗിക മന്ത്രിതല സമിതിയുടെ നാലാമത് യോഗം 2026 ഏപ്രിൽ 18-ന് ന്യൂഡൽഹിയിലെ കർത്തവ്യ ഭവൻ-2-ൽ ചേര്‍ന്നു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം വിലയിരുത്തിയ സമിതി ഇന്ത്യയുടെ തയ്യാറെടുപ്പുകളും ഭാവി നടപടികളും ചർച്ച ചെയ്തു.
V2G5.jpeg)
സംഘർഷ മേഖലയിലെ സ്ഥിതിഗതികൾ അനിശ്ചിതത്വത്തിലാണെന്നും ഏതു നിമിഷവും മാറിക്കൊണ്ടിരിക്കുന്നതാണെന്നും രാജ്യരക്ഷാ മന്ത്രി പറഞ്ഞു. സംഘർഷ ലഘൂകരണത്തിന് മാത്രമല്ല, മറിച്ച് സംഘർഷം വീണ്ടും വർധിക്കാനുള്ള സാഹചര്യങ്ങളെ നേരിടാനും ഇന്ത്യ സജ്ജമായിരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി. സംഘർഷം മൂലമുണ്ടായേക്കാവുന്ന അപകടസാധ്യതകളോ പ്രശ്നങ്ങളോ ലഘൂകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ഗവൺമെന്റ് ദ്രുതഗതിയില്‍ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നത് തുടരുന്നതായി എക്സില്‍ പങ്കിട്ട കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.
തുടർച്ചയായ സമുദ്ര ഇൻഷുറൻസ് പരിരക്ഷ സുഗമമാക്കുന്നതിന്റെ ഭാഗമായി 12,980 കോടി രൂപയുടെ പരമാധികാര ഗ്യാരന്റിയോടെ 'ഭാരത് മാരിടൈം ഇൻഷുറൻസ് പൂൾ' രൂപീകരിക്കുന്നത് സംബന്ധിച്ച നിർദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് രാജ്യരക്ഷാ മന്ത്രി പ്രത്യേകം പരാമർശിച്ചു. ഏതെങ്കിലും അന്താരാഷ്ട്ര ഉറവിടങ്ങളിൽ നിന്ന് ഇന്ത്യൻ തുറമുഖങ്ങളിലേക്കും തിരിച്ചും ചരക്കുകള്‍ വഹിക്കുന്ന കപ്പലുകൾക്ക് അസ്ഥിര സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന സമുദ്ര ഇടനാഴികളിലൂടെ സഞ്ചരിക്കുമ്പോൾ പോലും താങ്ങാവുന്ന നിരക്കിൽ ഇൻഷുറൻസ് ലഭ്യമാണെന്ന് ഈ ആഭ്യന്തര ഇൻഷുറൻസ് പൂൾ ഉറപ്പാക്കുന്നു.
ആഗോളതലത്തിൽ വിതരണ മേഖലയില്‍ വലിയ ആഘാതമുണ്ടായിട്ടും തടസരഹിത വിതരണം ഉറപ്പാക്കാന്‍ നടത്തുന്ന സജീവ ശ്രമങ്ങള്‍ക്കൊപ്പം ഇന്ത്യ മതിയായ ഇന്ധന ശേഖരം നിലനിർത്തുന്നതായി അധികൃതര്‍ അനൗദ്യോഗിക മന്ത്രിതല സമിതിയെ അറിയിച്ചു. നിലവിൽ ഇന്ത്യയിൽ 60 ദിവസത്തെ ഉപഭോഗത്തിനാവശ്യമായ അസംസ്‌കൃത എണ്ണ, പെട്രോൾ, ഡീസൽ, വ്യോമയാന ഇന്ധനം എന്നിവയുടെ ശേഖരമുണ്ട്. ആഭ്യന്തര ഉല്പാദന പിന്തുണയോടെ ഏകദേശം യഥാക്രമം 50 ദിവസത്തേക്കാവശ്യമായ ദ്രവീകൃത പ്രകൃതിവാതക ശേഖരവും 40 ദിവസത്തേക്കാവശ്യമായ എൽ.പി.ജി ശേഖരവും രാജ്യം നിലനിർത്തുന്നു. ഹോർമുസ് കടലിടുക്കിനെ അമിതമായി ആശ്രയിക്കുന്നത് മൂലമുണ്ടാകുന്ന അപകടസാധ്യതകൾ കുറയ്ക്കാന്‍ അമേരിക്ക, ഓസ്‌ട്രേലിയ, ലാറ്റിൻ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് അസംസ്‌കൃത എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും എൽ.പി.ജി-യും ലഭ്യമാക്കി ഇറക്കുമതി സ്രോതസ്സുകൾ ഗവൺമെന്റ് സജീവമായി വൈവിധ്യവൽക്കരിച്ചിട്ടുണ്ട്. 2026 ഏപ്രിൽ, മെയ് മാസങ്ങളിലെ ഇറക്കുമതി ആവശ്യകതകൾ ഭൂരിഭാഗവും നിറവേറ്റിയത് വിതരണത്തിലെ തുടർച്ച ഉറപ്പാക്കുന്നു.
SPQH.jpeg)
എൽ.പി.ജി ആശ്രിതത്വം കുറയ്ക്കുന്നതിന് സാധ്യമായ ഇടങ്ങളിലെല്ലാം പൈപ്പ് ലൈൻ പ്രകൃതിവാതകം സജീവമായി പ്രോത്സാഹിപ്പിക്കുന്നു. 2026 മാർച്ച് മുതൽ ഇതുവരെ 4.76 ലക്ഷത്തിലധികം പി.എൻ.ജി കണക്ഷനുകൾ പ്രവര്‍ത്തനക്ഷമമാക്കി. കൂടാതെ 5.33 ലക്ഷത്തിലധികം ഉപഭോക്താക്കൾ പുതിയ കണക്ഷനുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2026 ഏപ്രിൽ 17 വരെ 37,500-ലധികം പി.എൻ.ജി ഉപഭോക്താക്കൾ MYPNGD.in എന്ന വെബ്സൈറ്റ് വഴി എൽ.പി.ജി കണക്ഷനുകൾ സറണ്ടർ ചെയ്തു. പ്രതിദിനം 15 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്നത് പി.എൻ.ജിയിലേക്ക് രാജ്യം നടത്തുന്ന ഗണ്യമായ മാറ്റത്തിന്റെ സൂചനയാണ്.
ആഭ്യന്തര വിപണിയിൽ പെട്രോകെമിക്കൽ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ അന്തര്‍ മന്ത്രാലയ സംയുക്ത പ്രവർത്തക സമിതി രൂപീകരിച്ചിട്ടുണ്ട്.
VNEK.jpeg)
മൊത്തവ്യാപാര വില സൂചികയും എല്ലാ ഭക്ഷ്യവസ്തുക്കളുടെയും ചില്ലറ വിൽപന വിലയും സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നും നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ മന്ത്രിമാരെ അറിയിച്ചു. കയറ്റുമതിക്കായി 25 ലക്ഷം മെട്രിക് ടൺ ഗോതമ്പ് കൂടി അധികമായി അനുവദിക്കാൻ ഐ.എം.സി ശിപാർശ ചെയ്തിട്ടുണ്ട്. ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനായ 1915-ൽ എൽ.പി.ജി സംബന്ധിച്ച ഉപഭോക്തൃ പരാതികൾ കുറഞ്ഞുവരുന്ന പ്രവണതയാണ് കാണിക്കുന്നത്. പ്രൊപ്പിലീന്‍ വിതരണത്തിന് ബി.പി.സി.എൽ കൊച്ചി, മുംബൈ എണ്ണസംസ്കരണ ശാലകളുമായും മെഥനോള്‍ വിതരണത്തിന് അസം പെട്രോകെമിക്കൽസ്, ജി.എൻ.എഫ്.സി എന്നിവയുമായും ധാരണയിലെത്തിയിട്ടുണ്ട്. പ്രൊപ്പിലീൻ, മെഥനോൾ എന്നിവയ്ക്ക് നിലവിൽ പ്രകടമായ ക്ഷാമമില്ല.
ഇന്ത്യയിൽ യൂറിയ, ഡി.എ.പി, എൻ.പി.കെ, എസ്.എസ്.പി, എം.ഒ.പി എന്നിവയുടെ മതിയായ വളം ശേഖരമുണ്ടെന്ന് അനൗദ്യോഗിക മന്ത്രിതല സമിതിയെ അധികൃതര്‍ അറിയിച്ചു. 2026 മാർച്ച് 1 മുതൽ ഏപ്രിൽ 16 വരെ 28.22 ലക്ഷം ടൺ യൂറിയ, 10.17 ലക്ഷം ടൺ എൻ.പി.കെ, 3.34 ലക്ഷം ടൺ ഡി.എ.പി, 5.77 ലക്ഷം ടൺ എസ്.എസ്.പി എന്നിവയടക്കം ആകെ 47.50 ലക്ഷം ടൺ വളം ശേഖരത്തിലേക്ക് അധികമായി എത്തിയിട്ടുണ്ട്. യൂറിയ ഉല്പാദനത്തിന് ദ്രവീകൃത പ്രകൃതിവാതകം സംഭരിക്കാന്‍ വളംവകുപ്പ് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയവുമായി ഏകോപനത്തോടെ നടത്തിയ പ്രത്യേക ക്രമീകരണം വിജയകരമായി. ഫോസ്ഫോറിക് ആസിഡ് സംബന്ധിച്ച പ്രശ്നം പരിഹരിക്കപ്പെടുകയും ബദൽ വളമായി ഗണ്യമായ അളവിൽ അമോണിയം സൾഫേറ്റ് ഇറക്കുമതി ചെയ്യാന്‍ ധാരണയാവുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ ഉപയോഗിക്കാനാവശ്യമായ വിവിധ തരം വളങ്ങൾക്കും അസംസ്‌കൃത വസ്തുക്കൾക്കുമായി വിദേശത്തെ നിരവധി ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങള്‍ ഏകോപനം നടത്തിവരികയാണെന്ന് യോഗത്തിൽ അറിയിച്ചു. വളം വഴിതിരിച്ചുവിടൽ, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, ചിലയിടങ്ങളിലെ അമിത വിൽപന എന്നിവയ്‌ക്കെതിരെ ഫലപ്രദമായ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്. വളങ്ങളുടെ സന്തുലിത ഉപയോഗത്തിന് പ്രാദേശിക ഉദ്യോഗസ്ഥരെ ബോധവൽക്കരിക്കാനും ഫലപ്രദമായ നടപടികൾ സ്വീകരിക്കാനും സംസ്ഥാനങ്ങളിലെ കൃഷി വകുപ്പ് സെക്രട്ടറിമാരുമായി ഇതിനകം രണ്ട് യോഗങ്ങൾ ചേര്‍ന്നു. കൂടാതെ 459 ജില്ലാതല ദൗത്യസേനകളും പ്രവർത്തനക്ഷമമാണ്. ഏപ്രിലില്‍ മാത്രം സംസ്ഥാനങ്ങൾ 8,330 പരിശോധനകള്‍ നടത്തുകയും 171 ലൈസൻസുകൾ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുകയും 32 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. വളങ്ങളുടെ വിവേകപൂർണമായ ഉപയോഗത്തെക്കുറിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാന്‍ 1.85 ലക്ഷത്തിലധികം 'നിഗ്രാണി സമിതികൾ' രൂപീകരിച്ചിട്ടുണ്ട്.
വിദേശത്തെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമമാണ് ഗവൺമെന്റിന്റെ മുൻഗണനയെന്ന് വിശേഷിപ്പിച്ച ശ്രീ രാജ്‌നാഥ് സിങ് അവർക്കും ഗൾഫ് മേഖലയിലെ ബന്ധപ്പെട്ട രാജ്യങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും നൽകാന്‍ നിരന്തര ആശയവിനിമയം നിലനിർത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി. രാജ്യത്ത് സംഘർഷത്തിന്റെ ആഘാതം കുറയ്ക്കാന്‍ സ്വീകരിക്കുന്ന നടപടികൾ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരുപോലെ ഫലപ്രദമാക്കാന്‍ നടപടികളിലെ സ്ഥിരത അനിവാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
നിലവിലെ വെല്ലുവിളി നേരിടാൻ വിവിധ രാജ്യങ്ങൾ അവലംബിക്കുന്ന ലഘൂകരണ നടപടികൾ കൃത്യമായി കണക്കിലെടുക്കേണ്ടതുണ്ടെന്നും രാജ്യരക്ഷാമന്ത്രി കൂട്ടിച്ചേർത്തു.
****
( റിലീസ് ഐ.ഡി: 2253478)
സന്ദര്‍ശക കൗണ്ടര്‍ : 7