PIB Backgrounder
കൽക്കരിയിൽ നിന്ന് അതിവേഗത്തിലേക്ക്: ഇന്ത്യൻ റെയിൽവേയുടെ നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന യാത്ര
പോസ്റ്റഡ് ഓണ്‍:
15 APR 2026 12:21PM by PIB Thiruvananthpuram
പ്രധാന വസ്തുതകൾ
• 1853 ഏപ്രിൽ 16-ന് ബോംബെയ്ക്കും താനെയ്ക്കും ഇടയിൽ സർവീസ് നടത്തിയ ആദ്യത്തെ പാസഞ്ചർ ട്രെയിനിൽ നിന്നാണ് ഇന്ത്യയിൽ റെയിൽവേയുടെ ചരിത്രം ആരംഭിക്കുന്നത്.
• ആദ്യകാല സ്റ്റീം ലോക്കോമോട്ടീവുകളിൽ നിന്ന് പരിണമിച്ച ഇന്ത്യൻ റെയിൽവേ, 2026 മാർച്ച് മാസം വരെയുള്ള കണക്കനുസരിച്ച് ബ്രോഡ് ഗേജ് ശൃംഖലയുടെ 99.6 ശതമാനവും വൈദ്യുതീകരണം പൂർത്തിയാക്കിയിട്ടുണ്ട്.
• രാജ്യത്തുടനീളം വിശ്വസനീയമായ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന ഈ ശൃംഖലയുടെ കീഴിൽ ഇപ്പോൾ പ്രതിദിനം ഏകദേശം 25,000 ട്രെയിനുകൾ സർവീസ് നടത്തുന്നു.
• ആദ്യകാലങ്ങളിൽ നൂറുകണക്കിന് യാത്രക്കാരെ മാത്രം വഹിച്ചിരുന്ന ഇന്ത്യൻ റെയിൽവേ, 2025–26 കാലഘട്ടത്തിൽ ഏകദേശം 741 കോടി യാത്രക്കാരെയാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചത്.
• സുരക്ഷാ സംവിധാനമായ കവച് 3,100 റൂട്ട് കിലോമീറ്ററിലധികം ദൂരത്തിൽ കമ്മീഷൻ ചെയ്തു, കൂടാതെ 24,400 കിലോമീറ്ററിലധികം ദൂരത്തിൽ ഇതിൻ്റെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ആമുഖം
173 വർഷങ്ങൾക്ക് മുമ്പ് മുഴങ്ങിയ ഒരു സ്റ്റീം എൻജിൻ്റെ ശബ്ദം ഇന്ത്യയുടെ ചരിത്രഗതിയെ തന്നെ മാറ്റിമറിച്ചു. 1853-ൽ ബോംബെയിൽ നിന്ന് താനെയിലേക്കുള്ള ആദ്യത്തെ പാസഞ്ചർ ട്രെയിൻ പുറപ്പെട്ടപ്പോൾ, അത് കേവലം യാത്രക്കാരെ മാത്രമല്ല, ഗതാഗതത്തിൻ്റേയും കണക്റ്റിവിറ്റിയുടേയും ഒരു പുതിയ യുഗത്തിൻ്റെ വാഗ്ദാനവും കൂടിയാണ് വഹിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ, നഗരങ്ങളേയും പട്ടണങ്ങളേയും ഗ്രാമങ്ങളേയും ബന്ധിപ്പിച്ചുകൊണ്ട് റെയിൽവേ അതിവേഗം വ്യാപിക്കുകയും ആളുകളേയും ചരക്കുകളേയും ആശയങ്ങളേയും മുമ്പൊരിക്കലുമില്ലാത്തവിധം ബന്ധിപ്പിക്കുകയും ചെയ്തു. സ്റ്റീം എൻജിനുകൾ ഡീസൽ ലോക്കോമോട്ടീവുകൾക്കും, പിന്നീട് കൂടുതൽ വേഗതയേറിയതും വൃത്തിയുള്ളതും കാര്യക്ഷമവുമായ ഇലക്ട്രിക് ട്രെയിനുകൾക്കും വഴിമാറി. കാലക്രമേണ, റെയിൽവേ സ്റ്റേഷനുകൾ കേവലം പ്ലാറ്റ്‌ഫോമുകൾ എന്ന നിലയിൽ നിന്ന് തിരക്കേറിയ പ്രവർത്തന കേന്ദ്രങ്ങളായി പരിണമിച്ചു. മുൻകാല നേട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള ഓരോ പുതിയ സാങ്കേതിക മുന്നേറ്റവും ദശലക്ഷക്കണക്കിന് യാത്രക്കാരുടെ യാത്രാവേഗതയും സുരക്ഷയും സൗകര്യങ്ങളും ക്രമാനുഗതമായി വർദ്ധിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ മന്ദഗതിയിൽ ആരംഭിച്ച ഈ പ്രയാണം വൈകാതെ തന്നെ ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിലൊന്നായി വളർന്നു പന്തലിച്ചു.
ഇന്ന്, ഇന്ത്യൻ റെയിൽവേ യാത്രക്കാരുടെ സേവനത്തിലും ചരക്ക് നീക്കത്തിലും പുതിയ നാഴികക്കല്ലുകൾ കൈവരിച്ചുകൊണ്ട് ആ പ്രയാണം കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുകയാണ്. 2025–26 കാലയളവിൽ 741 കോടി യാത്രക്കാരെയാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചത്. ഓരോ ദിവസവും റെയിൽവേ രാജ്യത്തിന് നല്കുന്ന സേവനത്തിൻ്റെ വ്യാപ്തി ഇത് വ്യക്തമാക്കുന്നു. ഇതേ കാലയളവിൽ, റെയിൽവേയുടെ ആകെ വരുമാനം ഏകദേശം 80,000 കോടി രൂപയിൽ എത്തുകയും ചരക്ക് നീക്കം 1,670 ദശലക്ഷം ടൺ എന്ന റെക്കോർഡ് നേട്ടം കൈവരിക്കുകയും ചെയ്തു. ഒരു മുൻനിര ഗതാഗത സംവിധാനത്തിൽ നിന്ന് സാമ്പത്തിക വളർച്ചയുടെ സുപ്രധാന ചാലകശക്തിയായി റെയിൽവേ എപ്രകാരം പരിണമിച്ചു എന്നതിലേക്കാണ് ഈ നേട്ടങ്ങൾ വിരൽചൂണ്ടുന്നത്. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് സുരക്ഷിതവും വിശ്വസനീയവും പ്രാപ്യവുമായ യാത്രാസൗകര്യം ഒരുക്കുന്നതിനോടൊപ്പം രാജ്യത്തിൻ്റെ ലോജിസ്റ്റിക് ശൃംഖലയുടെ നട്ടെല്ലായും ഇന്ത്യൻ റെയിൽവേ നിലകൊള്ളുന്നു.
ഇന്ത്യൻ റെയിൽവേയുടെ തുടക്കം
1853 ഏപ്രിൽ 16-ന് ബോംബെയ്ക്കും (ഇന്നത്തെ മുംബൈ) താനെയ്ക്കും ഇടയിൽ ആദ്യത്തെ പാസഞ്ചർ ട്രെയിൻ സർവീസ് നടത്തിയ ചരിത്രപ്രധാനമായ സംഭവത്തോടെയാണ് ഇന്ത്യയിൽ റെയിൽവേയുടെ പ്രയാണത്തിന് തുടക്കം കുറിച്ചത്. ഈ സന്ദർഭത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് ബോംബെയിൽ അന്ന് പൊതു അവധി പ്രഖ്യാപിച്ചിരുന്നു, പുതിയ ഗതാഗത സംവിധാനത്തിൻ്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാൻ ഇത് പൗരന്മാരെ സഹായിച്ചു. ബോറി ബന്ദർ സ്റ്റേഷനിൽ വൻ ജനക്കൂട്ടമാണ് അന്ന് തടിച്ചുകൂടിയത്.
ഏകദേശം 400 യാത്രക്കാരാണ് ആദ്യ യാത്രയ്ക്കായി ട്രെയിനിൽ കയറിയത്. ഗ്രേറ്റ് ഇന്ത്യൻ പെനിൻസുല റെയിൽവേ പ്രവർത്തിപ്പിച്ചിരുന്ന ഈ ട്രെയിനിൽ 14 പാസഞ്ചർ കോച്ചുകൾ ഉണ്ടായിരുന്നു. ഫാക്ക്‌ലാൻഡ് എന്ന സ്റ്റീം എൻജിനാണ് ട്രെയിൻ വലിച്ചിരുന്നത്. ഇന്ത്യയിൽ റെയിൽ ഗതാഗതത്തിൻ്റെ തുടക്കം കുറിച്ചുകൊണ്ട് 21 ആചാര വെടിമുഴക്കങ്ങളോടെയാണ് ട്രെയിൻ പുറപ്പെട്ടത്.
ഏകദേശം 34–35 കിലോമീറ്റർ ദൂരം വിജയകരമായി പിന്നിട്ട ഈ യാത്ര, യാത്രക്കാരുടെ സഞ്ചാരത്തിന് റെയിൽവേ എത്രത്തോളം പ്രായോഗികമാണെന്ന് തെളിയിച്ചു. ഈ സംഭവം ഇന്ത്യൻ റെയിൽവേ സംവിധാനത്തിൻ്റെ അടിത്തറ പാകുകയും രാജ്യത്തുടനീളം റെയിൽവേയുടെ അതിവേഗ വ്യാപനത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
കൽക്കരി യുഗത്തിലെ റെയിൽവേ ശൃംഖലയുടെ വളർച്ച
ആദ്യ പാസഞ്ചർ ട്രെയിനിൻ്റെ വരവിനു പിന്നാലെ, സ്റ്റീം ലോക്കോമോട്ടീവ് സാങ്കേതികവിദ്യയുടെ കരുത്തിൽ ഇന്ത്യൻ റെയിൽവേ അതിവേഗ വികസനത്തിൻ്റെ ഘട്ടത്തിലേക്ക് കടന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരൊറ്റ പാതയിൽ നിന്ന് വലിയൊരു ഗതാഗത ശൃംഖലയായി മാറിക്കൊണ്ട് റെയിൽവേ സംവിധാനം വിവിധ മേഖലകളിലേക്ക് അതിവേഗം വ്യാപിച്ചു. 1880 ആയപ്പോഴേക്കും, റെയിൽവേ ഏകദേശം 9,000 മൈൽ (ഏകദേശം 14,500 കിലോമീറ്റർ) ദൈർഘ്യമുള്ള പാത വികസിപ്പിച്ചെടുത്തു, ഇത് റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ച പ്രകടമാക്കുന്നു.
ട്രാക്കിൻ്റെ വീതി (ഗേജ്) അനുസരിച്ച് ഇന്ത്യൻ റെയിൽവേയുടെ പാതകളെ താഴെ പറയുന്ന വിഭാഗങ്ങളായി തരംതിരിക്കാം:
ബ്രോഡ് ഗേജ് - 1.6 മീറ്റർ
മീറ്റർ ഗേജ് - 1 മീറ്റർ
നാരോ ഗേജ് - 0.76 മീറ്റർ, 0.6 മീറ്റർ
സ്റ്റാൻഡേർഡ് ഗേജ് - 1.43 മീറ്റർ
വ്യത്യസ്ത ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ റെയിൽവേ വ്യാപിപ്പിക്കുന്നതിനായി വിവിധ റെയിൽവേ ഗേജുകൾ അവലംബിച്ചു എന്നത് കൽക്കരി യുഗത്തിലെ ഒരു പ്രധാനപ്പെട്ട പ്രവർത്തന വികസനമായിരുന്നു. രണ്ട് പാളങ്ങളുടെ ഉൾവശങ്ങൾ തമ്മിലുള്ള കൃത്യമായ കുറഞ്ഞ ദൂരത്തെയാണ് 'ഗേജ്' എന്ന് വിളിക്കുന്നത്. ആദ്യകാല റെയിൽവേ ലൈനുകളിൽ ഉപയോഗിച്ചിരുന്ന 5 അടി 6 ഇഞ്ച് (1.6 മീറ്റർ) ബ്രോഡ് ഗേജിന് പിന്നാലെ, 1871-ൽ മീറ്റർ ഗേജ് ഇന്ത്യയിലെ രണ്ടാമത്തെ സ്റ്റാൻഡേർഡ് ഗേജായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. പിന്നാക്ക മേഖലകളുടെ വികസനത്തിനും പ്രധാന റെയിൽവേ ലൈനുകളിലേക്ക് ചരക്കുകൾ എത്തിക്കുന്നതിനുമായി മീറ്റർ ഗേജിനേക്കാൾ വീതി കുറഞ്ഞ ഗേജുകളും ഉപയോഗിച്ചിരുന്നു.
ഈ വിപുലീകരണത്തോടൊപ്പം തന്നെ, ദുർഘടമായ ഭൂപ്രദേശങ്ങളിൽ പ്രത്യേക റെയിൽ സംവിധാനങ്ങൾ നിർമ്മിച്ചുകൊണ്ട് റെയിൽവേ എൻജിനീയറിംഗ് മേഖലയും ഗണ്യമായ പുരോഗതി കൈവരിച്ചു. 1881-ൽ ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ ആരംഭിച്ചത് ഈ രംഗത്തെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. ഇത് പശ്ചിമ ബംഗാളിലെ സമതല പ്രദേശമായ ന്യൂ ജൽപായ്ഗുരിയെ ഡാർജിലിംഗുമായി ബന്ധിപ്പിച്ചു. പർവത മേഖലകളിലെ ഗതാഗതത്തിന് നൂതനമായ എൻജിനീയറിംഗ് പരിഹാരങ്ങൾ കണ്ടെത്താനും മലയോര മേഖലകളിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്താനും ഇത് സഹായിച്ചു. ആഭ്യന്തര നിർമ്മാണ ശേഷിയുടെ വികസനമായിരുന്നു മറ്റൊരു പ്രധാന സാങ്കേതിക നാഴികക്കല്ല്. 1895-ൽ രാജ്പുത്താന മാൾവ റെയിൽവേയുടെ അജ്മീർ വർക്ക്‌ഷോപ്പിൽ നിന്നാണ് ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സ്റ്റീം ലോക്കോമോട്ടീവ് പുറത്തിറങ്ങിയത്. ആഭ്യന്തര റെയിൽവേ എൻജിനീയറിംഗ്, പരിപാലന ശേഷി എന്നിവയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിലേക്കുള്ള സുപ്രധാനമായ ഒരു ചുവടുവെയ്പ്പായിരുന്നു ഇത്.

പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ സ്റ്റീം ലോക്കോമോട്ടീവുകൾ ദീർഘദൂര യാത്രകളും വലിയ തോതിലുള്ള ചരക്ക് നീക്കവും രാജ്യവ്യാപകമായ കണക്റ്റിവിറ്റിയും സാധ്യമാക്കി. ഈ വികാസങ്ങൾ ഇന്ത്യൻ റെയിൽവേയുടെ വളർച്ചയ്ക്ക് ആവശ്യമായ എൻജിനീയറിംഗ്, പ്രവർത്തന, ഭരണപരമായ അടിത്തറകൾ സ്ഥാപിച്ചു.
ഇരുപതാം നൂറ്റാണ്ടിൽ, ലോകമെമ്പാടുമുള്ള റെയിൽവേ സംവിധാനങ്ങൾ ക്രമേണ സ്റ്റീം ലോക്കോമോട്ടീവുകൾക്ക് പകരം കൂടുതൽ കാര്യക്ഷമമായ മറ്റ് ട്രാക്ഷൻ രീതികൾ ഉപയോഗിച്ചു തുടങ്ങി. ഇന്ത്യയിൽ വൈദ്യുത ട്രാക്ഷനിലേക്കുള്ള മാറ്റം ആരംഭിച്ചത് 1925-ലാണ്, രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ ബോംബെ വിക്ടോറിയ ടെർമിനസിനും കുർള ഹാർബറിനും ഇടയിൽ സർവീസ് നടത്തി. ആധുനികവൽക്കരണത്തിലേക്കുള്ള പ്രധാന ചുവടുവെയ്പ്പായിരുന്നു ഇത്. ഇത് ട്രെയിനുകൾക്ക് വേഗത്തിലുള്ള ആക്സിലറേഷൻ നല്കുകയും സ്റ്റീം ലോക്കോമോട്ടീവുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്തു. തുടർന്നുള്ള ദശകങ്ങളിൽ വൈദ്യുതീകരണത്തിലെ പുരോഗതി ക്രമാനുഗതമായി തുടർന്നു.
• 1947: സ്വാതന്ത്ര്യാനന്തരം, വലിയ മെച്ചപ്പെടുത്തലുകൾ ആവശ്യമായ ഒരു റെയിൽവേ ശൃംഖലയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. പ്രധാന നഗരങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനായി റെയിൽ പാതകൾ പുനഃക്രമീകരിക്കുകയും പുതിയ ലൈനുകൾ നിർമ്മിക്കുകയും ചെയ്തു. മുൻ നാട്ടുരാജ്യങ്ങളുടേതടക്കം 42 റെയിൽവേ സംവിധാനങ്ങളെ കൂട്ടിച്ചേർത്താണ് ഇന്ത്യൻ റെയിൽവേ രൂപീകരിച്ചത്.
• 1952: കാര്യക്ഷമതയും മാനേജ്‌മെൻ്റും മെച്ചപ്പെടുത്തുന്നതിനായി റെയിൽവേ ശൃംഖലയെ ആറ് ഭരണ മേഖലകളായി പുനഃസംഘടിപ്പിച്ചു. ഈ കാലയളവിൽ കൽക്കരി, ഡീസൽ ലോക്കോമോട്ടീവുകൾ തന്നെയായിരുന്നു റെയിൽവേ പ്രവർത്തനങ്ങളിൽ പ്രധാനമായും ഉപയോഗിച്ചിരുന്നത്.
• 1985: സ്റ്റീം ലോക്കോമോട്ടീവുകൾ ക്രമേണ നിർത്തലാക്കുകയും, റെയിൽവേ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായ ഡീസൽ, ഇലക്ട്രിക് ലോക്കോമോട്ടീവുകളിലേക്ക് മാറുകയും ചെയ്തു, ഇത് റെയിൽവേ സംവിധാനത്തിൻ്റെ ആധുനികവൽക്കരണത്തിലെ ഒരു പ്രധാന ഘട്ടമെന്ന നിലയിൽ അടയാളപ്പെടുത്തപ്പെട്ടു.
ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാന ദശകങ്ങളിൽ, കൂടുതൽ യാത്രക്കാരേയും ചരക്കുകളേയും പിന്തുണയ്ക്കാൻ ശേഷിയുള്ള ശക്തമായ ഒരു പ്രവർത്തന അടിത്തറ റെയിൽവേ കൈവരിച്ചു. ശൃംഖല വിപുലീകരിക്കുന്നതിൽ മാത്രമല്ല, വേഗത, സുരക്ഷ, കാര്യക്ഷമത, യാത്രാ സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വികസനത്തിൻ്റെ പുതിയ ഘട്ടത്തിനാണ് ഈ കാലഘട്ടം സാക്ഷ്യം വഹിച്ചത്.
ഇന്ത്യൻ റെയിൽവേയുടെ ആധുനിക കാലഘട്ടം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടന്നതോടെ ഇന്ത്യൻ റെയിൽവേ നവീകരിച്ച സാങ്കേതികവിദ്യകളും അടിസ്ഥാന സൗകര്യ വികസനങ്ങളും വേഗത്തിൽ നടപ്പിലാക്കി തുടങ്ങി. വൈദ്യുതീകരണം, ആധുനിക ട്രെയിൻ രൂപകൽപ്പന, സുരക്ഷാ സംവിധാനങ്ങൾ, സ്റ്റേഷൻ പുനർവികസനം, ഡിജിറ്റൽ സേവനങ്ങൾ എന്നീ മേഖലകളിൽ വലിയ പുരോഗതിയാണ് കൈവരിച്ചത്. വെറും വിപുലീകരണം എന്നതിനപ്പുറം സുസ്ഥിരത, യാത്രാസൗകര്യം, പ്രവർത്തനക്ഷമത, തടസ്സമില്ലാത്ത കണക്റ്റിവിറ്റി എന്നിവയിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള, ആധുനികവൽക്കരണത്തിലേക്കുള്ള മാറ്റമാണ് ഈ വികാസങ്ങൾ പ്രതിഫലിപ്പിക്കുന്നത്.
റെയിൽവേയുടെ വൈദ്യുതീകരണം
കഴിഞ്ഞ ദശകത്തിൽ, റെയിൽ പാതകളുടെ വൈദ്യുതീകരണം അഭൂതപൂർവമായ വേഗതയിലാണ് മുന്നേറിയത്. 2014-ന് മുമ്പ് ഇന്ത്യയിലെ റെയിൽവേ ശൃംഖലയുടെ ഏകദേശം 20 ശതമാനം മാത്രമേ വൈദ്യുതീകരിച്ചിരുന്നുള്ളൂ. ഇത് പ്രവർത്തനക്ഷമതയെ പരിമിതപ്പെടുത്തുകയും ഡീസൽ ഇന്ധനത്തെ കൂടുതലായി ആശ്രയിക്കാൻ കാരണമാവുകയും ചെയ്തു. എന്നാൽ ഇന്ന് ഈ പരിവർത്തനം ഏകദേശം പൂർത്തിയായിക്കഴിഞ്ഞു, മൊത്തം 70,142 ബ്രോഡ് ഗേജ് റൂട്ട് കിലോമീറ്ററിൽ 99.6 ശതമാനം ശൃംഖലയും വൈദ്യുതീകരിച്ചു. വിപുലീകരണത്തിൽ ഗണ്യമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. 2014-ൽ 21,801 റൂട്ട് കിലോമീറ്റർ ആയിരുന്ന വൈദ്യുതീകരിച്ച പാത, 2026 മാർച്ചിലെ കണക്കനുസരിച്ച് 69,873 റൂട്ട് കിലോമീറ്ററായി വർദ്ധിച്ചു.
ഇലക്ട്രിക് ട്രാക്ഷനിലേക്കുള്ള ഈ മാറ്റം രാജ്യത്തിൻ്റെ ഊർജ്ജ സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധേയമായ ഗുണഫലങ്ങൾ സൃഷ്ടിച്ചു. പ്രധാനമായും:
• റെയിൽവേ വൈദ്യുതീകരണം വഴി 2024–25 കാലയളവിൽ ഏകദേശം 180 കോടി ലിറ്റർ ഡീസൽ ലാഭിക്കാൻ സാധിച്ചു, ഇത് അസംസ്‌കൃത എണ്ണയുടെ ആവശ്യകത കുറയ്ക്കാൻ സഹായിച്ചു.
• ഇലക്ട്രിക് ട്രാക്ഷൻ പരിസ്ഥിതി സൗഹൃദമാണ്, കൂടാതെ ഡീസൽ ട്രാക്ഷനേക്കാൾ ഏകദേശം 70 ശതമാനം കൂടുതൽ ലാഭകരവുമാണ്.
• ഡീസൽ ഉപഭോഗം ക്രമാനുഗതമായി കുറയുകയും, വൈദ്യുതീകരണം വഴി ഏകദേശം 6,000 കോടി രൂപയുടെ ലാഭമുണ്ടാകുകയും ചെയ്തു.

ഇത് ഇന്ത്യയെ ലോകത്തിലെ പല പ്രമുഖ റെയിൽ ശൃംഖലകളേക്കാളും മുന്നിലെത്തിക്കുന്നു. യുകെ (39 ശതമാനം), റഷ്യ (52 ശതമാനം), ചൈന (82 ശതമാനം) എന്നീ രാജ്യങ്ങളേക്കാൾ ഉയർന്നതാണ് ഇന്ത്യയിലെ വൈദ്യുതീകരണ നിരക്ക്.
ട്രാക്ക് നവീകരണവും വേഗത വർദ്ധിപ്പിക്കലും
കഴിഞ്ഞ പത്ത് വർഷത്തിനിടെ റെയിൽ പാതകളുടെ അടിസ്ഥാന സൗകര്യങ്ങൾ ശാസ്ത്രീയമായി ശക്തിപ്പെടുത്തി. 2014–26 കാലയളവിൽ മൊത്തം 54,600 കിലോമീറ്റർ റെയിൽവേ ട്രാക്കുകൾ പുതുക്കിപ്പണിതു, ഇത് റെയിൽവേയുടെ വിശ്വാസ്യതയും പ്രവർത്തനക്ഷമതയും വർദ്ധിപ്പിച്ചു. മണിക്കൂറിൽ 110 കിലോമീറ്ററോ അതിലധികമോ വേഗത കൈവരിക്കാൻ ശേഷിയുള്ള ട്രാക്കുകളുടെ ദൈർഘ്യം 2014-ൽ 31,445 കിലോമീറ്ററായിരുന്നത് (ശൃംഖലയുടെ 40 ശതമാനം), 2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 85,000 കിലോമീറ്ററിലധികമായി (ശൃംഖലയുടെ 80 ശതമാനത്തിലധികം) വർദ്ധിച്ചു. ഇത് ട്രെയിനുകളുടെ വേഗതയേറിയതും കൂടുതൽ കാര്യക്ഷമവുമായ പ്രവർത്തനത്തിന് വഴിയൊരുക്കി.
ആധുനിക ട്രെയിൻ സർവീസുകളിലൂടെ യാത്രക്കാരുടെ വ്യാപ്തി വർദ്ധിപ്പിക്കൽ
വന്ദേ ഭാരത് ശൃംഖല
യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ വന്ദേ ഭാരത് എക്സ്പ്രസ് അവതരിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്തു. ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച രാജ്യത്തെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിനാണിത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 2019 ഫെബ്രുവരിയിൽ ആരംഭിച്ച ഈ സർവീസ് ആധുനികവും സുഖകരവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ റെയിൽ യാത്രയിലേക്കുള്ള വലിയൊരു ചുവടുവെയ്പ്പിനെയാണ് പ്രതിനിധീകരിക്കുന്നത്.
• 2025–26 സാമ്പത്തിക വർഷത്തിൽ ഏകദേശം 3.98 കോടി യാത്രക്കാർ വന്ദേ ഭാരത് എക്സ്പ്രസ് ശൃംഖല പ്രയോജനപ്പെടുത്തി, ഇത് യാത്രക്കാരുടെ എണ്ണത്തിലുള്ള വലിയ വർദ്ധനയെ സൂചിപ്പിക്കുന്നു.
• ആരംഭിച്ചതിനുശേഷം ഇതുവരെ വന്ദേ ഭാരത് എക്സ്പ്രസ് ഒരു ലക്ഷം ട്രിപ്പുകളിലായി 9.1 കോടിയിലധികം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ചു.
• 2026 ജനുവരിയിൽ ആരംഭിച്ച വന്ദേ ഭാരത് സ്ലീപ്പർ സർവീസ്, അതിൻ്റെ ആദ്യ മൂന്ന് മാസത്തെ പ്രവർത്തനത്തിനിടെ 119 ട്രിപ്പുകളിലായി 1.21 ലക്ഷം യാത്രക്കാരെ വഹിച്ചു.
അമൃത് ഭാരത് എക്‌സ്പ്രസ്
കുറഞ്ഞ വരുമാനമുള്ളവർക്കും ഇടത്തരക്കാർക്കും കുറഞ്ഞ ചെലവിൽ യാത്രാസൗകര്യം ഒരുക്കുന്നതിനായി ഇന്ത്യൻ റെയിൽവേ അമൃത് ഭാരത് എക്സ്പ്രസ് അവതരിപ്പിച്ചു. സാമ്പത്തിക ലാഭത്തോടൊപ്പം തന്നെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്ന പുതിയ തലമുറ നോൺ-എസി ട്രെയിനുകളാണിവ. ഈ ട്രെയിനുകളിൽ 11 ജനറൽ ക്ലാസ് കോച്ചുകൾ, 8 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, ഒരു പാൻട്രി കാർ, 2 ലഗേജ്-കം-ദിവ്യാംഗ്ജൻ കോച്ചുകൾ എന്നിവ ഉൾപ്പെടുന്നു. ഇത് വ്യത്യസ്ത യാത്രാ ആവശ്യങ്ങളുള്ള യാത്രക്കാർക്ക് മതിയായ സൗകര്യങ്ങൾ ഉറപ്പാക്കുന്നു. 2026 മാർച്ച് 18-ലെ കണക്കനുസരിച്ച്, ഇന്ത്യൻ റെയിൽവേ ശൃംഖലയിലുടനീളം ആകെ 60 അമൃത് ഭാരത് എക്സ്പ്രസ് സർവീസുകൾ സർവീസ് നടത്തുന്നുണ്ട്.
ഇന്ത്യയിലെ അതിവേഗ റെയിൽ വികസനം
2026–27 ലെ കേന്ദ്ര ബജറ്റിൽ ഇന്ത്യൻ റെയിൽവേയ്ക്കായി 2,78,000 കോടി രൂപയുടെ റെക്കോർഡ് മൂലധന വിഹിതമാണ് വകയിരുത്തിയത്, ഈ മേഖലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയാണിത്. റെയിൽവേ വികസനത്തിന് നല്കുന്ന തന്ത്രപരമായ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്. ഈ ദർശനത്തിൻ്റെ ഭാഗമായി, വികസനത്തിൻ്റെ വേഗത വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചു. പ്രധാന നഗരങ്ങളേയും മേഖലകളേയും തമ്മിൽ ബന്ധിപ്പിക്കാനും ആളുകളുടെ കാര്യക്ഷമമായ സഞ്ചാരം ഉറപ്പാക്കാനും സംസ്ഥാനങ്ങൾ തമ്മിലുള്ള സാമ്പത്തിക ഇടപെടലുകളെ പിന്തുണയ്ക്കാനുമാണ് ഈ ഇടനാഴികൾ ലക്ഷ്യമിടുന്നത്. മുംബൈ-പൂനെ, ഡൽഹി-വാരാണസി, ഹൈദരാബാദ്-ബെംഗളൂരു തുടങ്ങിയ നിർദ്ദിഷ്ട റൂട്ടുകൾ ഉൾപ്പെടെ ഏകദേശം 4,000 കിലോമീറ്റർ ദൂരത്തിലാണ് ഈ പാതകൾ വിഭാവനം ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ അതിവേഗ റെയിൽ സംവിധാനത്തിലേക്കുള്ള ആദ്യത്തെ സുപ്രധാന ചുവടുവെയ്പ്പാണ് മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴി. അതിവേഗ യാത്രയ്ക്കായി മാത്രമുള്ള ഈ പാതയ്ക്ക് ഏകദേശം 508 കിലോമീറ്റർ നീളമുണ്ട്. മണിക്കൂറിൽ 320 കിലോമീറ്റർ പരമാവധി വേഗതയിൽ സഞ്ചരിക്കാവുന്ന രീതിയിലാണ് ഈ ഇടനാഴി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈ വികാസങ്ങൾ ഇന്ത്യ അതിവേഗ റെയിൽ യുഗത്തിലേക്ക് പ്രവേശിക്കുന്നതിൻ്റെ സൂചനയാണ് നല്കുന്നത്, നഗരങ്ങൾ തമ്മിലുള്ള വേഗതയേറിയതും കൂടുതൽ കാര്യക്ഷമവുമായ യാത്രയ്ക്ക് ഇത് ശക്തമായ അടിത്തറ പാകുന്നു.
ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും യാത്രക്കാരുടെ സുരക്ഷയും ശക്തിപ്പെടുത്തുന്നു
സുരക്ഷ, പ്രവർത്തനക്ഷമത, യാത്രാ സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ റെയിൽവേ അതിൻ്റെ ടെലികോം-ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. 2025-2026 കാലയളവിൽ നൂതന സാങ്കേതികവിദ്യകളും സംയോജിത ആശയവിനിമയ സംവിധാനങ്ങളും നടപ്പിലാക്കിയത് ഡിജിറ്റൽ സംവിധാനങ്ങളാൽ ബന്ധിപ്പിക്കപ്പെട്ട റെയിൽവേ ശൃംഖല കെട്ടിപ്പടുക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണ്.
• യൂണിഫൈഡ് ടെലികോം ബാക്ക്ബോൺ ഇൻഫ്രാസ്ട്രക്ചർ : ഉയർന്ന ശേഷിയുള്ളതും അതീവ പ്രാധാന്യമുള്ളതുമായ റെയിൽവേ ആപ്ലിക്കേഷനുകളെ പിന്തുണയ്ക്കുന്നതിനായി റെയിൽവേ അതിൻ്റെ ടെലികോം ശൃംഖലയെ ഇൻ്റർനെറ്റ് പ്രോട്ടോക്കോൾ മൾട്ടി-പ്രോട്ടോക്കോൾ ലേബൽ സ്വിച്ചിംഗ് (IP MPLS) സാങ്കേതികവിദ്യയിലേക്ക് ഉയർത്തി. കേന്ദ്രീകൃത വീഡിയോ നിരീക്ഷണം സാധ്യമാക്കുന്ന ഈ സംവിധാനം, മൊബൈൽ ട്രെയിൻ റേഡിയോ കമ്മ്യൂണിക്കേഷൻ (MTRC), പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS), സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡാറ്റ അക്വിസിഷൻ (SCADA) തുടങ്ങിയ സുപ്രധാന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഡിജിറ്റൽ സംയോജിത റെയിൽവേ ആവാസവ്യവസ്ഥയുടെ അടിത്തറ ശക്തിപ്പെടുത്തിക്കൊണ്ട്, നിലവിൽ 1,396 റെയിൽവേ സ്റ്റേഷനുകളിൽ IP MPLS ശൃംഖല വിജയകരമായി കമ്മീഷൻ ചെയ്തിട്ടുണ്ട്.
• കവച് : തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കവച് ഓട്ടോമാറ്റിക് ട്രെയിൻ സുരക്ഷാ സംവിധാനം വ്യാപിപ്പിച്ചുകൊണ്ട് സുരക്ഷാ സംരംഭങ്ങൾ കൂടുതൽ ശക്തമാക്കി. 3,100 റൂട്ട് കിലോമീറ്ററിൽ ഈ സംവിധാനം കമ്മീഷൻ ചെയ്തുകഴിഞ്ഞു, കൂടാതെ 24,400 കിലോമീറ്ററിലധികം പാതകളിൽ ഇതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനും പ്രവർത്തനങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
• നിർമ്മിതബുദ്ധി (AI) അധിഷ്ഠിത വീഡിയോ നിരീക്ഷണം: യാത്രക്കാരുടെ സുരക്ഷയും നിരീക്ഷണവും ശക്തമാക്കുന്നതിനായി നിർമ്മിതബുദ്ധി (AI), ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചുള്ള വീഡിയോ നിരീക്ഷണ സംവിധാനം (VSS) 1,874 റെയിൽവേ സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിച്ചു.
• തത്സമയ യാത്രാ വിവരങ്ങൾ: നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റവുമായി (NTES) ബന്ധിപ്പിച്ചിട്ടുള്ള ഇൻ്റഗ്രേറ്റഡ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം (IPIS) 1,405 സ്റ്റേഷനുകളിൽ നടപ്പിലാക്കി. ഇത് ട്രെയിനുകളെക്കുറിച്ചുള്ള സമയബന്ധിതമായ അറിയിപ്പുകളും മെച്ചപ്പെട്ട ആശയവിനിമയവും ഉറപ്പാക്കുന്നു.
• ടണൽ ആശയവിനിമയ സംവിധാനങ്ങൾ : തുരങ്കങ്ങൾക്കുള്ളിൽ തടസ്സമില്ലാത്ത ആശയവിനിമയവും സുരക്ഷിതമായ പ്രവർത്തനവും ഉറപ്പാക്കുന്നതിനായി ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (USBRL) ഉൾപ്പെടെയുള്ള പ്രധാന പദ്ധതികളിൽ അത്യാധുനിക ആശയവിനിമയ സംവിധാനങ്ങൾ അവതരിപ്പിച്ചു.

സുരക്ഷിതവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ റെയിൽവേ ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയെയാണ് ഈ സംരംഭങ്ങൾ എടുത്തുകാണിക്കുന്നത്. ഡിജിറ്റൽ പരിവർത്തനത്തിനും മെച്ചപ്പെട്ട യാത്രാ സേവനങ്ങൾക്കുമുള്ള റെയിൽവേയുടെ വിശാലമായ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നതാണ് ഇവ.
2025–2026 കാലയളവിലെ പ്രവർത്തന, അടിസ്ഥാന സൗകര്യ നേട്ടങ്ങൾ
പതിറ്റാണ്ടുകളായി തുടരുന്ന ആധുനികവൽക്കരണത്തിൻ്റെ തുടർച്ചയെന്നോണം, 2025–2026 സാമ്പത്തിക വർഷത്തിൽ കൈവരിച്ച നേട്ടങ്ങൾ റെയിൽവേയുടെ പുരോഗതിയിലെ ഏറ്റവും പുതിയ ഘട്ടത്തെ പ്രതിനിധീകരിക്കുന്നു.
• 2025–2026 കാലയളവിൽ റെയിൽവേ പ്രവർത്തനങ്ങൾ അതീവ ശക്തമായിരുന്നു. പ്രതിദിനം ഏകദേശം 25,000 ട്രെയിനുകൾ സർവീസ് നടത്തിക്കൊണ്ട് രാജ്യത്തുടനീളം വിശ്വസനീയവും വിപുലവുമായ കണക്റ്റിവിറ്റി ഉറപ്പാക്കി.
• യാത്രക്കാരുടെ വർദ്ധിച്ച ആവശ്യം പരിഗണിച്ച് തിരക്കേറിയ സമയങ്ങളിൽ കൂടുതൽ പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിച്ചു. ഇതിലൂടെ യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യവും എളുപ്പത്തിലുള്ള ലഭ്യതയും ഉറപ്പാക്കുന്നു. ദീപാവലി, ഛഠ് പൂജ പോലുള്ള ഉത്സവകാലങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ഇത്തരം പ്രത്യേക സർവീസുകൾ നടത്തുന്നു. 2025-26 വർഷത്തിൽ (2025 ഡിസംബർ വരെ) ഏകദേശം 65,000 പ്രത്യേക ട്രെയിനുകളാണ് സർവീസ് നടത്തിയത്.
• മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 1,674 ലോക്കോമോട്ടീവുകൾ ഉത്പാദിപ്പിച്ചുകൊണ്ട് ഇന്ത്യൻ റെയിൽവേ ആഭ്യന്തര നിർമ്മാണ ശേഷി ശക്തിപ്പെടുത്തി. റെയിൽവേ ഉത്പാദനത്തിൽ രാജ്യം കൈവരിക്കുന്ന സ്വയംപര്യാപ്തതയെ ഇത് പ്രതിഫലിപ്പിക്കുന്നു.
• 2025 ജൂലൈയിൽ റെയിൽവൺ ആപ്പ് ആരംഭിച്ചതോടെ യാത്രാ സേവനങ്ങൾ പുതിയ ഡിജിറ്റൽ ഘട്ടത്തിലേക്ക് പ്രവേശിച്ചു. ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ അന്വേഷണങ്ങൾ, പരാതി പരിഹാരം എന്നിവയ്‌ക്കായി ഒരു ഏകീകൃത പ്ലാറ്റ്‌ഫോം ഇതിലൂടെ ലഭ്യമാക്കി.
• 35 ഗതി ശക്തി കാർഗോ ടെർമിനലുകൾ കമ്മീഷൻ ചെയ്തതോടെ ചരക്ക് നീക്കത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു. ഇത് ലോജിസ്റ്റിക്സ് കാര്യക്ഷമതയും മൾട്ടിമോഡൽ കണക്റ്റിവിറ്റിയും മെച്ചപ്പെടുത്താൻ സഹായിച്ചു.
• അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ 119 റെയിൽവേ സ്റ്റേഷനുകൾ പുനർവികസിപ്പിച്ചതോടെ യാത്രാ സൗകര്യങ്ങളിൽ വലിയ പുരോഗതി കൈവരിക്കാനായി. ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനോടൊപ്പം യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാനുഭവവും ഇത് പ്രദാനം ചെയ്യുന്നു.

ഉപസംഹാരം
ഒന്നര നൂറ്റാണ്ടിലധികം നീണ്ട ചരിത്രത്തിൽ, മാറുന്ന ആവശ്യങ്ങൾക്കും സാങ്കേതികവിദ്യകൾക്കും പ്രതീക്ഷകൾക്കും അനുസൃതമായി ഇന്ത്യൻ റെയിൽവേ നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്നു. കുറഞ്ഞ ദൂരത്തിൽ സ്റ്റീം എൻജിൻ ഉപയോഗിച്ച് ആരംഭിച്ച ഒരു ചെറിയ സേവനം ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വിപുലവും സങ്കീർണ്ണവുമായ ഗതാഗത സംവിധാനമായി വളർന്നു പന്തലിച്ചിരിക്കുന്നു. ദശലക്ഷക്കണക്കിന് യാത്രക്കാരേയും വൻതോതിലുള്ള ചരക്കുകളേയും ദിവസവും ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഇന്ന് ഇന്ത്യൻ റെയിൽവേയ്ക്ക് ശേഷിയുണ്ട്. സ്റ്റീം ലോക്കോമോട്ടീവുകളിൽ നിന്നും ആദ്യകാല എൻജിനീയറിംഗ് നവീകരണങ്ങളിൽ നിന്നും തുടങ്ങി, വൈദ്യുതീകരിച്ച ശൃംഖലകൾ, അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വരെയുള്ള ഓരോ ഘട്ടവും റെയിൽവേയ്ക്ക് പുതിയ കരുത്ത് പകർന്നു. ഓരോ പുരോഗതിയും മുൻ പതിറ്റാണ്ടുകളിൽ പാകിയ അടിത്തറയ്ക്ക് മേലാണ് കെട്ടിപ്പടുത്തിരിക്കുന്നത്. ഇന്ന്, ഈ റെയിൽ ശൃംഖല നിരന്തരമായ എൻജിനീയറിംഗ് പ്രയത്നത്തിൻ്റേയും പ്രവർത്തന അച്ചടക്കത്തിൻ്റേയും നിരന്തരമായ പുരോഗതിയുടേയും പ്രതിഫലനമായി നിലകൊള്ളുന്നു.
വ്യാപ്തി കൂടുന്നതിനോടൊപ്പം കാര്യക്ഷമതയും, മിതമായ നിരക്കിനൊപ്പം നവീകരണവും, പാരമ്പര്യത്തിനൊപ്പം പുതിയ സാങ്കേതികവിദ്യയും സമന്വയിപ്പിക്കാനുള്ള ഇന്ത്യൻ റെയിൽവേയുടെ കഴിവ്, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ഒരു ചരിത്ര സ്ഥാപനത്തിന് എങ്ങനെ പ്രസക്തി നിലനിർത്താൻ കഴിയുമെന്ന് തെളിയിക്കുന്നു. രാജ്യം മുന്നോട്ട് കുതിക്കുമ്പോൾ, റെയിൽവേ കേവലമൊരു ഗതാഗത മാർഗ്ഗം മാത്രമായല്ല, മറിച്ച് ദൈനംദിന ജീവിതത്തെ പിന്തുണയ്ക്കുകയും, വ്യവസായങ്ങളെ ശക്തിപ്പെടുത്തുകയും, രാജ്യത്തിൻ്റെ വികസനത്തിന് സംഭാവന നല്കുകയും ചെയ്യുന്ന വിശ്വസനീയമായ ഒരു ചാലകശക്തി കൂടിയായി തുടരും.
സൂചനകൾ
Ministry of Railways
https://indianrailways.gov.in/railwayboard/view_section.jsp?lang=0&id=0,1
https://nr.indianrailways.gov.in/view_section.jsp?lang=0&id=0,1,283
https://indianrailways.gov.in/railwayboard/uploads/codesmanual/ADMIN_FINANCE/AdminFinanceCh1_Data.htm
https://indianrailways.gov.in/railwayboard/view_section.jsp?id=0%2C1&lang=0
https://indianrailways.gov.in/Indian%20Railways%20Whistling%20Ahead-%20%20Story%20of%20Growth%20and%20Modernisation-Booklet.pdf
https://dhr.indianrailways.gov.in/view_section.jsp?id=0%2C6%2C337&lang=0
https://indianrailways.gov.in/Indian%20Railways%20Whistling%20Ahead-%20%20Story%20of%20Growth%20and%20Modernisation-Booklet.pdf
https://indianrailways.gov.in/railwayboard/uploads/directorate/ele_engg/RE/2026/Status%20of%20Railway%20Electrification%20(as%20on%2031_03_2026).pdf
https://nfr.indianrailways.gov.in/railwayboard/uploads/directorate/eff_res/camtech/Civil%20Engineering/SubjactWise/Induction%20Course%20of%20Track%20Maintainer%20-%20Part%20I%20Introduction%20-%20Aug%202024.pdf
https://nair.indianrailways.gov.in/uploads/files/1388381997736-AFP1-v1-301213.pdf
https://www.facebook.com/SouthernRly/posts/the-dawn-of-the-steam-era-in-india-on-april-16-1853-the-first-passenger-train-ch/1083382407303819/
https://www.facebook.com/RailMinIndia/videos/on-april-16-1853-a-significant-chapter-in-indias-transportation-history-began-wi/1178086770182854/
https://www.pib.gov.in/PressReleasePage.aspx?PRID=2247768®=3&lang=1
https://www.pib.gov.in/newsite/erelcontent.aspx?relid=46428®=3&lang=2
https://www.pib.gov.in/PressNoteDetails.aspx?ModuleId=3&NoteId=156834
https://www.pib.gov.in/PressReleasePage.aspx?PRID=2239313®=3&lang=2
https://www.pib.gov.in/PressNoteDetails.aspx?NoteId=156834&ModuleId=3®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2241516®=3&lang=1
https://www.pib.gov.in/PressNoteDetails.aspx?NoteId=156834&ModuleId=3®=3&lang=1
https://www.pib.gov.in/PressReleseDetailm.aspx?PRID=2238376®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2215807®=6&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2239313®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2250963®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2245694®=3&lang=1
https://www.pib.gov.in/PressNoteDetails.aspx?NoteId=157295&ModuleId=3®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2249823®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2248962®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2209199®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2226596®=3&lang=2
Ministry of Finance
https://www.indiabudget.gov.in/doc/bh1.pdf
Others
https://www.nhsrcl.in/index.php/en/project/project-overview
See in PDF
*****
( റിലീസ് ഐ.ഡി: 2252561)
സന്ദര്‍ശക കൗണ്ടര്‍ : 25