PIB Backgrounder
ജൻ വിശ്വാസ് (ഭേദഗതി) ബിൽ, 2026
നിയമങ്ങൾ ലളിതമാക്കുന്നു, വിശ്വാസം ഊട്ടിയുറപ്പിക്കുന്നു
प्रविष्टि तिथि:
04 APR 2026 11:59AM by PIB Thiruvananthpuram
പ്രധാന വസ്തുതകൾ
ജൻ വിശ്വാസ് (ഭേദഗതി) ബിൽ 2026, 23 മന്ത്രാലയങ്ങൾ കൈകാര്യം ചെയ്യുന്ന 79 കേന്ദ്ര നിയമങ്ങൾക്ക് ഭദഗതികൾ നിർദ്ദേശിക്കുന്നു, വിവിധ മേഖലകളിലായി 784 വ്യവസ്ഥകളിൽ മാറ്റം വരും.
നടപടിക്രമങ്ങളിലെ പിഴവുകൾ മൂലമുള്ള ചെറുകിട നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ നിന്നൊഴിവാക്കുകയും ശിക്ഷ ലഘൂകരിക്കുകയും, അവയ്ക്ക് സിവിൽ പിഴകളോ ഭരണപരമായ നടപടിക്രമങ്ങളോ നിർദ്ദേശിക്കുകയും ചെയ്യുന്നു.
മോട്ടോർ വാഹന നിയമം 1988, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ നിയമം,1994 എന്നിവയിലെ പരിഷ്‌ക്കാരങ്ങൾ ഉൾപ്പെടെ, ജീവിതം സുഗമമാക്കുന്നത് ലക്ഷ്യമിട്ടുള്ള ഒട്ടേറെ ഭേദഗതികൾ ബിൽ അവതരിപ്പിക്കുന്നു.
പിഴകൾ ചുമത്തുന്നതിന് മുമ്പ് ഉപദേശ രൂപേണയുള്ള അറിയിപ്പുകളും മുന്നറിയിപ്പുകളും അടക്കമുള്ള ശ്രേണീബദ്ധമായ നിർവ്വഹണ സംവിധാനം അവതരിപ്പിക്കുന്നതിലൂടെ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും ബിസിനസുകളുടെയും അനുവർത്തന ഭാരം ലഘൂകരിക്കുന്നു.
ആമുഖം:
അവിശ്വാസത്തിൽ നിന്ന് ആത്മവിശ്വാസത്തിലേക്കുള്ള പ്രയാണം
നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുന്നതിലെ ചെറിയ തെറ്റുകൾ പോലും - ഫയലിംഗിൽ സമയപരിധി പാലിക്കാതിരിക്കൽ, ഫോം തെറ്റായി പൂരിപ്പിക്കൽ, കടലാസ്സ് ജോലികളിലെ ചെറിയ പിഴവുകൾ പോലുള്ളവ- വർഷങ്ങളായി ക്രിമിനൽ കുറ്റങ്ങളെന്ന നിലയിലാണ് ഇന്ത്യയിൽ പരിഗണിച്ചു പോരുന്നത്. ഇത് പലപ്പോഴും പൗരന്മാരെയും ബിസിനസുകളെയും ജയിൽവാസം ഉൾപ്പെടെയുള്ള ക്രിമിനൽ നടപടികൾക്ക് വിധേയമാക്കാൻ കാരണമായി. ഈ വ്യവസ്ഥകളിൽ പലതും പഴയ നിയന്ത്രണ സംവിധാനങ്ങളിൽ നിന്ന് പാരമ്പര്യമായി ലഭിച്ചതാണ്. അത്തരം നിയമങ്ങൾ കഠിനവും അപ്രായോഗികവുമാണെന്ന് തിരിച്ചറിഞ്ഞ ഗവൺമെൻറ് അവ പുനഃപരിശോധിക്കാൻ ആരംഭിച്ചു. നിയമങ്ങൾ സന്തുലിതവും പ്രായോഗികവുമാകേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ ഗവൺമെൻറ്, ഈ ദിശയിലുള്ള ഒരു പ്രധാന ചുവടുവയ്പ്പ് എന്ന നിലയിലാണ് ജൻ വിശ്വാസ് (ഭേദഗതി) നിയമം 2023 കൊണ്ടുവന്നത്. വിവിധ കേന്ദ്ര നിയമങ്ങൾക്ക് കീഴിലുള്ള നിരവധി ചെറിയ കുറ്റകൃത്യങ്ങൾക്കുള്ള ക്രിമിനൽ ശിക്ഷകൾ ഇതിലൂടെ നീക്കം ചെയ്യപ്പെട്ടു. ഇത് നിയമവ്യവസ്ഥയെ കൂടുതൽ സന്തുലിതവും നീതിയുക്തവുമാക്കി.
ചെറിയ നിയമ ലംഘനങ്ങളെ ക്രിമിനൽ കുറ്റങ്ങളായി കണക്കാക്കുന്നത് അവസാനിപ്പിച്ച്, അവയെ പരിഷ്കരിക്കാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളെ ജൻ വിശ്വാസ് (ഭേദഗതി) ബിൽ, 2026 ശക്തിപ്പെടുത്തുന്നു. ചെറിയ തെറ്റുകൾക്ക് ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ശിക്ഷിക്കുന്നതിനുപകരം, സിവിൽ ശിക്ഷകൾ (പിഴകൾ പോലുള്ളവ), ഭരണപരമായ പ്രക്രിയകൾ എന്നിവ അടക്കമുള്ള ന്യായമായ രീതികൾ അവലംബിക്കുക എന്നതാണ് ബിൽ ലക്ഷ്യമിടുന്നത്.
ജൻ വിശ്വാസ് (ഭേദഗതി) ബിൽ, 2026 ന്റെ പ്രധാന സ്തംഭങ്ങൾ
നാല് പ്രധാന തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ബിൽ. നിയമം അനുസരിക്കുന്നത് സുഗമമാക്കുന്ന ഒരു സംവിധാനം സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സങ്കീർണ്ണമോ ഭയപ്പെടുത്തുന്നതോ ആയ വ്യവസ്ഥകൾക്ക് പകരം, ദൈനംദിന നിയമ പ്രക്രിയകൾ ലളിതമാക്കാനും സ്വമേധയാ ഉള്ള അനുവർത്തനത്തിന് ജനങ്ങളെയും ബിസിനസുകളെയും പ്രോത്സാഹിപ്പിക്കാനും നിയമപരമായ ഇടപെടലുകൾ കൂടുതൽ ലളിതവും ഉപയോക്തൃ സൗഹൃദവുമാക്കാനും ബില്ലിലൂടെ ലക്ഷ്യമിടുന്നു.
ശിക്ഷയ്ക്ക് മുമ്പുള്ള മുന്നറിയിപ്പ്:
ആദ്യ തവണ സംഭവിക്കുന്നതും നിസ്സാരവുമായ തെറ്റുകൾക്ക് ഉടനടി ശിക്ഷ ചുമത്തുന്നതിന് പകരം ആദ്യം ഒരു മുന്നറിയിപ്പ് നൽകുന്നു. ഇത് പൗരന്മാർക്കും ബിസിനസുകൾക്കും അവരുടെ തെറ്റുകൾ തിരുത്തി ശരിയായ അനുവർത്തനത്തിനുള്ള അവസരം നൽകുന്നു, കൂടുതൽ പിന്തുണ നൽകുന്ന നീതിയുക്തമായ സമീപനം സ്വീകരിക്കുന്നു.
പിഴകൾ ആനുപാതികമാക്കുന്നു: കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് ശിക്ഷകൾ ക്രമീകരിക്കപ്പെടുന്നു, അതിനാൽ ശിക്ഷ ന്യായവും സന്തുലിതവും ഉചിതവുമായിരിക്കും.
വേഗത്തിലും നീതിയുക്തമായും പരിഹാരം: കേസുകൾ വേഗത്തിലും സുതാര്യമായും കൈകാര്യം ചെയ്യുന്ന, സമർപ്പിതരായ തർക്ക പരിഹാര ഉദ്യോഗസ്ഥരും അപ്പീൽ അധികാരികളും പരിഹാരം സാധ്യമാക്കുന്നു, ഒപ്പം കോടതികളുടെ ജോലിഭാരം കുറയ്ക്കുന്നു.
ചലനാത്മകമായ പരിഹാര ചട്ടക്കൂട് :ശിക്ഷകൾ കാലാനുസൃതമായ പരിഷ്കരണത്തിന് വിധേയമാണ്, ഇത് കാലക്രമേണ നിർവ്വഹണം ഫലപ്രദവും പ്രസക്തവും പ്രതികരണശേഷിയുള്ളതുമായി മാറുന്നുവെന്ന് ഉറപ്പാക്കുന്നു.

കർശനവും കഠിനവുമായ ശിക്ഷകൾക്ക് പകരം കൂടുതൽ സന്തുലിതവും മാനുഷികവുമായ സമീപനം സ്വീകരിച്ചുകൊണ്ട് നിയമവ്യവസ്ഥയെ പരിവർത്തനം ചെയ്യുക എന്നതാണ് ജൻ വിശ്വാസ് (ഭേദഗതി) ബിൽ, 2026 ലക്ഷ്യമിടുന്നത്. പിഴ, തടവ് അടക്കമുള്ള നിരവധി ശിക്ഷകളെ ലളിതമായ സിവിൽ ശിക്ഷകളാക്കി മാറ്റുകയോ അവ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്തുകൊണ്ട് ചെറിയ കുറ്റകൃത്യങ്ങൾക്ക് ക്രിമിനൽ ശിക്ഷകൾ കുറയ്ക്കുന്നു. ചെറിയ കുറ്റകൃത്യങ്ങളുടെ സംയോജനം സാധ്യമാക്കുന്ന ബിൽ ശിക്ഷയ്ക്ക് പകരം അനുവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു. കോടതിയിൽ പോകുന്നതിനുപകരം പിഴ അടച്ച് ചില കുറ്റകൃത്യങ്ങൾ പരിഹരിക്കാൻ അനുവദിക്കുന്നത് ഉൾപ്പെടെ, നിയമങ്ങൾ പാലിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലാണ് ബിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് കുറ്റകൃത്യങ്ങളുടെ എണ്ണം പരിമിതപ്പെടുത്തി അനാവശ്യമായ തടവ് ശിക്ഷകൾ ഒഴിവാക്കുന്നു. ചെറുതോ സാങ്കേതികമോ ആയ തെറ്റുകൾക്ക് കഠിനമായ ശിക്ഷ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു.

ചെറുതോ സാങ്കേതികമോ ആയ തെറ്റുകൾക്കുള്ള ക്രിമിനൽ ശിക്ഷകൾ നീക്കം ചെയ്യുന്നതിനും അവയ്ക്ക് പകരം ആളുകൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന ലളിതവും പ്രായോഗികവുമായ പരിഹാരങ്ങൾ ഉറപ്പാക്കുന്നതിലും ഈ പരിഷ്കാരങ്ങളെല്ലാം ഒത്തുചേർന്ന് പ്രവർത്തിക്കുന്നു. ഇത് പൗരന്മാർക്കും ബിസിനസുകൾക്കും നിയമങ്ങളെ സൗഹൃദപരമായി വീക്ഷിക്കാനും ദൈനംദിന ജീവിതം മെച്ചപ്പെടുത്താനും ബിസിനസുകൾ നടത്താനും കൈകാര്യം ചെയ്യാനും സഹായിക്കുന്നു.
ചെറുതോ നടപടിക്രമപരമോ ആയ ലംഘനങ്ങൾക്കുള്ള ക്രിമിനൽ ശിക്ഷകൾക്ക് പകരം കൂടുതൽ പ്രായോഗികവും പൗര സൗഹൃദപരവുമായ ബദലുകൾ ഈ പരിവർത്തനത്തിലൂടെ നിർദ്ദേശിക്കപ്പെടുന്നു, ഇത് ജീവിതവും ബിസിനസും സുഗമാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തെ സാധൂകരിക്കുന്നു.
നിയമനിഭേദഗതിയിലേക്കുള്ള പ്രയാണം: ചർച്ചയിലും സമവായത്തിലും ഊന്നിയുള്ള പരിഷ്‌ക്കാരം
2023-ലെ ജൻ വിശ്വാസ് (ഭേദഗതി) നിയമം പാസാക്കിയതോടെയാണ് പരിഷ്കരണ സംരംഭം ആരംഭിച്ചത്. 42 കേന്ദ്ര നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നു. തടവിന് പകരം സാമ്പത്തിക പിഴകളും മറ്റ് ഭരണപരമായ നടപടികളും ഏർപ്പെടുത്തിക്കൊണ്ട് ഈ നിയമം 183 വ്യവസ്ഥകളെ കുറ്റവിമുക്തമാക്കി. വിവിധ നിയമങ്ങളിലെ ചെറുതും നടപടിക്രമപരവുമായ ലംഘനങ്ങൾക്കുള്ള ക്രിമിനൽ നടപടികൾ വ്യവസ്ഥാപിതമായി നീക്കം ചെയ്യുന്നതിനുള്ള ആദ്യ ഏകീകൃത നിയമനിർമ്മാണ ഉദ്യമമായിരുന്നു ഇത്.
പ്രാരംഭ പരിഷ്കാരത്തെത്തുടർന്ന്, വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും കൈകാര്യം ചെയ്യുന്ന വിവിധ കേന്ദ്ര നിയമങ്ങളിലെ ക്രിമിനൽ വ്യവസ്ഥകളെക്കുറിച്ച് സർക്കാർ വിപുലമായ അവലോകനം ആരംഭിച്ചു. പരിഷ്കാരങ്ങളുടെ തുടർ ഘട്ടത്തിന്റെ ഭാഗമായി, 2025 ഓഗസ്റ്റ് 18 ന് ലോക്സഭയിൽ ജൻ വിശ്വാസ് (ഭേദഗതി) ബിൽ, 2025 അവതരിപ്പിച്ചു. 10 വ്യത്യസ്ത മന്ത്രാലയങ്ങൾ മേൽനോട്ടം വഹിക്കുന്ന 16 കേന്ദ്ര നിയമങ്ങളിൽ മാറ്റങ്ങൾ നിർദ്ദേശിച്ച ഈ ബിൽ, വിവിധ മേഖലകളിലുടനീളമുള്ള ചെറുതും നടപടിക്രമപരവുമായ കുറ്റകൃത്യങ്ങൾ ക്രിമിനൽ കുറ്റമല്ലാതാക്കാനുള്ള ശ്രമങ്ങൾ വ്യാപിപ്പിക്കുകയും മൊത്തം 355 വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു.
അവതരിപ്പിച്ചതിനുശേഷം, ബിൽ സമഗ്രമായ അവലോകനത്തിനായി പാർലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിട്ടു. കമ്മിറ്റി 49 സിറ്റിങ്ങുകൾ നടത്തുകയും 2026 മാർച്ച് 13 ന് ലോക്‌സഭയിൽ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. നിർദ്ദിഷ്ട പരിഷ്കാരങ്ങളിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ സമിതി ശുപാർശ ചെയ്യുകയും ഡീക്രിമിനലൈസേഷൻ പ്രക്രിയയയുടെ വ്യാപ്തി വിപുലീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. 288 വ്യവസ്ഥകൾ അവലോകനം ചെയ്തതിനു പുറമേ, വിവിധ നിയമങ്ങളിലുടനീളം ചെറിയ കുറ്റകൃത്യങ്ങൾക്കുള്ള ക്രിമിനൽ ശിക്ഷകൾ നീക്കം ചെയ്യാനുള്ള ശ്രമം കൂടുതൽ ശക്തമാക്കുന്നതിനായി, 62 നിയമങ്ങൾ പരിശോധിക്കുകയും ഭേദഗതികൾ നിർദ്ദേശിക്കുകയും ചെയ്തു.
കമ്മിറ്റിയുടെ ശുപാർശകളുടെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും നടത്തിയ കൂടിയാലോചനകളുടെയും അടിസ്ഥാനത്തിൽ, ജീവിതവും ബിസിനസും സുഗമമാക്കുന്നതിനായി പരിഷ്കാരങ്ങളുടെ വ്യാപ്തി വിപുലീകരിച്ചു. ജൻ വിശ്വാസ് (ഭേദഗതി) ബിൽ, 2026 എന്നറിയപ്പെടുന്ന പുതിയ നിയമനിർമ്മാണം, 23 മന്ത്രാലയങ്ങൾ കൈകാര്യം ചെയ്യുന്ന 79 കേന്ദ്ര നിയമങ്ങളിൽ ഭേദഗതികൾ നിർദ്ദേശിക്കുന്നു. ചെറിയ കുറ്റകൃത്യങ്ങൾ കുറ്റകരമല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള 717 വ്യവസ്ഥകളും പൗരന്മാരുടെ ജീവിതം സുഗമമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത 67 വ്യവസ്ഥകളും ഉൾപ്പെടെ ആകെ 784 വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുന്നു, ഇത് നിയമപരവും ഭരണപരവുമായ പ്രക്രിയകൾ ലളിതമാക്കുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധതയെ ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു.

പൗര കേന്ദ്രീകൃത പരിഷ്കാരങ്ങൾ: സാധാരണക്കാർക്ക് നേട്ടം
ജൻ വിശ്വാസ് (ഭേദഗതി) ബിൽ, 2026, സാധാരണ പൗരന്മാർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന ഒട്ടേറെ പരിഷ്കാരങ്ങൾ അവതരിപ്പിക്കുന്നു. ദൈനംദിന ജീവിതത്തിലെ ചെറിയ പിഴവുകളെയും നിയമ ലംഘനങ്ങളെയും ക്രിമിനൽ കുറ്റകൃത്യങ്ങളായി കണക്കാക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിലൂടെ, അനാവശ്യമായ നിയമനടപടികളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നു.
ഉദാഹരണമായി, 1989-ലെ റെയിൽവേ നിയമ പ്രകാരം, ഒരു യാത്രക്കാരന് വേണ്ടി റിസർവ് ചെയ്ത സീറ്റോ ബെർത്തോ ഒഴിയാൻ മറ്റൊരാൾ വിസമ്മതിക്കുന്നത് മുൻകാലങ്ങളിൽ ക്രിമിനൽ കുറ്റമായി കണക്കാക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. അതിപ്പോൾ ₹1,000 വരെയുള്ള സാമ്പത്തിക പിഴയാക്കി മാറ്റിയിരിക്കുന്നു, അതായത് ക്രിമിനൽ നടപടികൾക്ക് പകരം ഭരണപരമായ നടപടികളിലൂടെ പ്രശ്നം കൈകാര്യം ചെയ്യാൻ കഴിയുമെന്നർത്ഥം.
1870-ലെ കോർട്ട് ഫീസ് ആക്ട് പ്രകാരം, കോർട്ട് ഫീ സ്റ്റാമ്പുകൾ അനധികൃതമായി വിൽക്കുകയോ അനുബന്ധ നിയമങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്യുന്നത് ആറ് മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായിരുന്നു. വഞ്ചനാപരമല്ലാത്ത പ്രവർത്തനങ്ങൾക്ക് തടവ് ശിക്ഷയ്ക്കുള്ള വ്യവസ്ഥ നീക്കം ചെയ്തുകൊണ്ട്, സാമ്പത്തിക പിഴ ഈടാക്കാൻ പരിഷ്കരണത്തിലൂടെ വ്യവസ്ഥ ചെയ്യുന്നു.
ആരോഗ്യ സംരക്ഷണ മേഖലയിൽ, എളുപ്പത്തിൽ പരിഹരിക്കാവുന്ന ചെറിയ പോരായ്മകൾക്ക് പോലും ക്ലിനിക്കുകൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ 2010-ലെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് ആക്റ്റ് അനുവദിച്ചിരുന്നു. പകരം ₹10,000 വരെ പിഴ ഏർപ്പെടുത്തിക്കൊണ്ട് പരിഷ്‌കരിക്കും. ക്രിമിനൽ കുറ്റങ്ങൾ നേരിടാതെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് ആരോഗ്യ സംരക്ഷണ ദാതാക്കളെ അനുവദിക്കുന്നു.
1985 ലെ കൽക്കട്ട മെട്രോ റെയിൽവേ ആക്ട് പ്രകാരം, മെട്രോ ട്രെയിനിലോ ഭൂഗർഭ സ്റ്റേഷനിലോ പുകവലിക്കുന്ന യാത്രക്കാരെ മുമ്പ് ക്രിമിനൽ നടപടികൾക്ക് വിധേയമാക്കിയിരുന്നു. പൊതു ഇടങ്ങളിലെ അത്തരം ചെറിയ പിഴവുകൾ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലൂടെയല്ല, ഭരണപരമായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, 2,000 രൂപ പിഴ ചുമത്താൻ നിർദ്ദേശിക്കുന്നു.
ഈ പരിഷ്കാരങ്ങളിലൂടെ, ദൈനംദിനാടിസ്ഥാനത്തിലുള്ള ചെറിയ തെറ്റുകളോ സാധാരണ വീഴ്ചകളോ ഇനി ക്രിമിനൽ പ്രോസിക്യൂഷനിൽ കലാശിക്കുന്നില്ലെന്ന് ബിൽ ഉറപ്പാക്കുന്നു. ഈ സമീപനം നിയമവ്യവസ്ഥയെ ലളിതമാക്കുകയും സാധാരണ പൗരന്മാരെ സംബന്ധിച്ചിടത്തോളം നീതി യുക്തമാക്കുകയും ചെയ്യുന്നു.

ജീവിതം സുഗമമാക്കുന്നതിനായി ജൻ വിശ്വാസ് ബില്ലിൽ ഉൾക്കൊള്ളുന്ന വ്യവസ്ഥകൾ
നിരവധി നിയമങ്ങളിൽ നിന്ന് ക്രിമിനൽ നടപടികൾക്കുള്ള വ്യവസ്ഥകൾ നീക്കം ചെയ്യുന്നതിനു പുറമേ, നിയന്ത്രണ ആവശ്യകതകൾ ലളിതമാക്കുന്നതിനും പൗരന്മാരും സർക്കാർ ഉദ്യോഗസ്ഥരും തമ്മിലുള്ള ദൈനംദിന ഇടപെടലുകൾ സുഗമവും കാര്യക്ഷമവുമാക്കുന്നതിനും ജൻ വിശ്വാസ് (ഭേദഗതി) ബിൽ, 2026 വഴിയൊരുക്കും.

1994 ലെ NDMC നിയമത്തിലെ സെക്ഷൻ 295 പ്രകാരം, പൊതുജലത്തിന്റെ നിയമവിരുദ്ധ ഉപയോഗത്തിന് ക്രിമിനൽ നടപടിയ്ക്ക് പകരം പിഴശിക്ഷ.
മുമ്പ്, നിയന്ത്രണങ്ങൾ ലംഘിച്ച് കിണറുകളിൽ നിന്നോ ടാങ്കുകളിൽ നിന്നോ വെള്ളം എടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് ക്രിമിനൽ നടപടി ക്ഷണിച്ചു വരുത്തുന്നതും പിഴയുൾപ്പെടെ ശിക്ഷ ലഭിക്കുന്നതുമായ കുറ്റമായിരുന്നു. ഇതിന് പകരം ₹1,000 സാമ്പത്തിക പിഴ ഏർപ്പെടുത്തി, പൊതുജലം ദുരുപയോഗം ചെയ്യുന്നതിതിന് വ്യക്തികൾ ഉത്തരവാദികളായിരിക്കുമെന്ന് ഇത് ഉറപ്പാക്കുന്നു. അതേസമയം ചെറിയ നിയമ ലംഘനങ്ങളിൽ ക്രിമിനൽ നടപടികൾ ഒഴിവാക്കുന്നു.
കാലാവധി കഴിഞ്ഞ ശേഷം 30 ദിവസത്തേക്ക് കൂടി ഡ്രൈവിംഗ് ലൈസൻസിന് സാധുതയുണ്ടാകും - ഉടനടി പിഴയില്ല (മോട്ടോർ വെഹിക്കിൾസ് ആക്റ്റ്, 1988)
നേരത്തെ, ഒരു ദിവസത്തേക്ക് പോലും ഡ്രൈവിംഗ് ലൈസൻസ് കാലഹരണപ്പെട്ടാൽ, ഡ്രൈവർ സാങ്കേതികമായി നിയമലംഘനം നടത്തിയതായി കണക്കാക്കപ്പെട്ടിരുന്നു. പരിഷ്കരണം 30 ദിവസത്തെ ഗ്രേസ് പിരീഡ് അവതരിപ്പിക്കുന്നു, ഈ കാലയളവിൽ ലൈസൻസ് സാധുവായി തുടരും, ഇത് സാധാരണ ഡ്രൈവർമാരെ ആകസ്മിക പിഴകളിൽ നിന്ന് സംരക്ഷിക്കുകയും ലൈസൻസ് പുതുക്കാൻ ന്യായമായ സമയം നൽകുകയും ചെയ്യുന്നു.
1994-ലെ NDMC നിയമത്തിലെ പരിഷ്കരണം സ്വത്ത് നികുതി നിയമങ്ങളിൽ വ്യക്തത വരുത്തുന്നു, ദീർഘകാലമായി നിലനിൽക്കുന്ന ആശയക്കുഴപ്പം പരിഹരിക്കുന്നു.
NDMC പ്രദേശത്തെ താമസക്കാർ മുമ്പ് പൊരുത്തക്കേടുള്ള സ്വത്ത് നികുതി സമ്പ്രദായത്താൽ ബുദ്ധിമുട്ടിയിരുന്നു, അവിടെ 5% സ്വത്തുക്കൾക്ക് ഇപ്പോഴും പഴയ റേറ്റബിൾ വാല്യൂ രീതിയിലാണ് നികുതി ചുമത്തിയിരുന്നത്, അതേസമയം 95% ആധുനിക യൂണിറ്റ്-ഏരിയ രീതി ഉപയോഗിച്ചു നികുതി ചുമത്തുന്നു. എല്ലാ സ്വത്തുക്കളിലും സുതാര്യമായ യൂണിറ്റ് ഏരിയ രീതി പിന്തുടരുന്ന രീതിയിലുള്ള പരിഷ്കരണം സ്വത്ത് നികുതിയെ മാനദണ്ഡമാക്കുന്നു.
അപകടത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം തേടാൻ കൂടുതൽ സമയം ലഭിക്കും (മോട്ടോർ വാഹന നിയമം, 1988 - സെക്ഷൻ 166)
പ്രാഥമിക ഫയലിംഗ് സമയപരിധി പാലിക്കാൻ കഴിയാത്ത മോട്ടോർ അപകടത്തിലെ ഇരകൾക്ക് ഇപ്പോൾ നിശ്ചിത കാലയളവിനപ്പുറം പന്ത്രണ്ട് മാസം വരെ, മതിയായ കാരണം ബോധിപ്പിച്ചാൽ ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിക്കാം. പലപ്പോഴും അപകട ആഘാതം, വൈദ്യചികിത്സ, വൈകല്യം, സാമ്പത്തിക ബുദ്ധിമുട്ട് എന്നിവ നേരിടുന്ന കുടുംബങ്ങൾക്ക് ഉടനടി നടപടിയെടുക്കാൻ കഴിഞ്ഞേക്കില്ലെന്ന വസ്തുത ഈ പരിഷ്കാരം അംഗീകരിക്കുന്നു, കാലതാമസം കാരണം നഷ്ടപരിഹാരത്തിനുള്ള അവകാശം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു.
1978 ലെ ഡൽഹി പോലീസ് നിയമത്തിലെ സെക്ഷൻ 102(c) പ്രകാരം, രാത്രിയിൽ വെറുതെ പുറത്ത് നിൽക്കുന്നത് സംശയാസ്പദമായ കുറ്റകൃത്യമായി കണക്കാക്കില്ല.
നേരത്തെ, "തൃപ്തികരമായ വിശദീകരണം" ഇല്ലാതെ സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിൽ ഒരു വീട്ടിലോ കെട്ടിടത്തിലോ വാഹനത്തിലോ കാണപ്പെട്ടാൽ മൂന്ന് മാസം വരെ തടവ് ലഭിക്കുമായിരുന്നു. സാധാരണ യാത്രകളെപ്പോലും കുറ്റകരമായി കണക്കാക്കുന്ന കൊളോണിയൽ കാലഘട്ടത്തിലെ സംശയാധിഷ്ഠിത സമീപനത്തെയെയാണ് ഈ വ്യവസ്ഥ പ്രതിഫലിപ്പിച്ചിരുന്നത്. ആധുനിക തത്വങ്ങളുമായി നിയമത്തെ സമന്വയിപ്പിച്ചു കൊണ്ടുള്ള ഈ പരിഷ്കരണം കുറ്റകൃത്യമെന്ന സമീപനത്തെ പൂർണ്ണമായും ഒഴിവാക്കുന്നു. ഭാരതീയ ന്യായ സംഹിതയും സമകാലിക പോലീസിംഗ് മാനദണ്ഡങ്ങളും പ്രകാരം, സംശയത്തിന്റെ അവ്യക്തമായ ധാരണകളേക്കാൾ സ്വാതന്ത്ര്യം, ഉദ്ദേശ്യം, തെളിവുകൾ എന്നിവയിലാണ് കൂടുതൽ ഊന്നൽ നൽകുന്നത്. തൽഫലമായി, രാത്രിയിൽ പൊതു സ്വകാര്യ ഇടങ്ങളിൽ സന്നിഹിതരായതിന് പൗരന്മാർ ഇനി ക്രിമിനൽ ബാധ്യതയ്ക്ക് വിധേയരാകില്ല.
1988-ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 178 പ്രകാരം, ടിക്കറ്റുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ഇപ്പോൾ ക്രിമിനൽ കുറ്റങ്ങളായി കണക്കാക്കുന്നതിനുപകരം ഭരണപരമായാണ് കൈകാര്യം ചെയ്യുന്നത്.
മുമ്പ്, ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ ടിക്കറ്റ് കാണിക്കാൻ വിസമ്മതിക്കുകയോ ചെയ്താൽ ₹500 വരെ പിഴ ഈടാക്കാമായിരുന്നു. പരിഷ്കരണം ഈ കുറ്റകൃത്യങ്ങളെ സിവിൽ നിയമലംഘനങ്ങളായി കണക്കാക്കി ₹500 വരെ പിഴ ചുമത്തുന്നു, പതിവ് വീഴ്ചകൾ ക്രിമിനൽ കുറ്റമല്ലാതാക്കുകയും കൂടുതൽ പൗര സൗഹൃദപരവുമായ നിർവ്വഹണം അനുവദിക്കുകയും ചെയ്യുന്നു.
ഈ പരിഷ്കാരങ്ങൾ പൗരന്മാർക്കുള്ള നിയന്ത്രണങ്ങൾ ലളിതമാക്കുന്നു, നിയമങ്ങൾ പിന്തുടരുന്നത് സുഗമമാക്കുന്നു, നിർവ്വഹണം ന്യായമായും ഫലപ്രദവും പ്രായോഗികവുമാക്കുന്നു.
ജൻ വിശ്വാസ് ബില്ലിന് കീഴിലെ ബിസിനസ് സുഗമാക്കുന്നതിനുള്ള വസ്ഥകൾ
പൗരന്മാരുടെ ദൈനംദിന ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നതിനു പുറമേ, ബിസിനസുകൾക്ക് അനുവർത്തനം സുഗമാക്കുന്നതിനും ജൻ വിശ്വാസ് (ഭേദഗതി) ബിൽ, 2026 ഒട്ടേറെ പരിഷ്കാരങ്ങൾ അവതരിപ്പിക്കുന്നു.
ക്രിമിനൽ ശിക്ഷകൾക്ക് പകരം സിവിൽ പിഴകൾ
ശിക്ഷകളെ ക്രിമിനൽ കുറ്റങ്ങളിൽ നിന്ന് സിവിൽ പിഴകളിലേക്കോ ഭരണപരമായ ശിക്ഷകളിലേക്കോ മാറ്റുക.
ചെറിയ അനുവർത്തന പിഴവുകൾക്ക് ബിസിനസുകൾ ക്രിമിനൽ പ്രോസിക്യൂഷന് വിധേയമാകാതിരിക്കാൻ ബിൽ തടവ് ശിക്ഷ വ്യവസ്ഥകൾക്ക് പകരം സിവിൽ ശിക്ഷകൾ നൽകുന്നു.
ഉദാഹരണത്തിന്, 1948 ലെ സെൻട്രൽ സിൽക്ക് ബോർഡ് ആക്ട് പ്രകാരം, തെറ്റായ വിവരങ്ങൾ നൽകുകയോ നേരത്തെ രേഖകൾ ഹാജരാക്കാതിരിക്കുകയോ ചെയ്യുന്നത് തടവിന് സാധ്യതയുള്ളതായിരുന്നു. ആദ്യ ലംഘനത്തിന് മുന്നറിയിപ്പും ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് സാമ്പത്തിക പിഴയും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറുകിട സെറികൾച്ചർ ബിസിനസുകൾക്ക് നടപടിക്രമങ്ങളിലെ പിഴവുകൾ തിരുത്താൻ അവസരം നൽകുന്നതിലൂടെ ഈ വ്യവസ്ഥ എംഎസ്എംഇകൾക്ക് പ്രയോജനം ചെയ്യുന്നു.
ഗ്രേഡഡ് എൻഫോഴ്‌സ്‌മെന്റ് സംവിധാനങ്ങൾ അവതരിപ്പിക്കുന്നു
പല നിയമങ്ങളിലും, ബിൽ എൻഫോഴ്‌സ്‌മെന്റിനായി ഒരു ഗ്രേഡഡ് സമീപനം അവതരിപ്പിക്കുന്നു, പിഴകൾ നേരിടുന്നതിന് മുമ്പ് തെറ്റുകൾ തിരുത്താൻ ബിസിനസുകളെ അനുവദിക്കുന്നു.
1953 ലെ ടീ ആക്ട് പ്രകാരം, റിട്ടേണുകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെടുന്നതോ തെറ്റായ റിട്ടേണുകൾ നൽകുന്നതോ പിഴകൾ ഈടാക്കാവുന്ന കുറ്റമായിരുന്നു. ഭേദഗതി ചെയ്ത ചട്ടക്കൂട് ആദ്യ ലംഘനത്തിന് ഒരു മുന്നറിയിപ്പും തുടർന്നുള്ള ലംഘനങ്ങൾക്ക് മാത്രം പിഴയും നൽകുന്നു.

അതുപോലെ, 1957 ലെ പകർപ്പവകാശ നിയമപ്രകാരം, നേരത്തെ പകർപ്പവകാശ രജിസ്റ്ററിൽ തെറ്റായി രേഖപ്പെടുത്തിയാൽ ഒരു വർഷം വരെ തടവ് ലഭിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. ഭരണപരമായ അല്ലെങ്കിൽ കടലാസ്സ് ജോലികളിലെ പിശകുകൾക്ക് രചയിതാക്കൾ, കലാകാരന്മാർ, സ്രഷ്ടാക്കൾ എന്നിവർക്ക് ക്രിമിനൽ ബാധ്യതയില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് ഈ വ്യവസ്ഥ നീക്കം ചെയ്യുന്നു.
കയറ്റുമതി, വ്യാപാര മേഖലകൾക്കുള്ള അനുവർത്തനം ലളിതമാക്കുന്നു
കയറ്റുമതിക്കാരുടെ മേലുള്ള അനുവർത്തന ഭാരം കുറയ്ക്കുന്നതിനായി വ്യാപാര, കയറ്റുമതി നിയമങ്ങളിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
1985 ലെ കാർഷിക, സംസ്കരിച്ച ഭക്ഷ്യ ഉത്പന്ന കയറ്റുമതി വികസന അതോറിറ്റി (APEDA) നിയമപ്രകാരം, റിട്ടേണുകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെടുന്നത് പോലുള്ള നടപടിക്രമപരമായ കുറ്റകൃത്യങ്ങൾക്ക് ഉടനടി ശിക്ഷാ നടപടിക്ക് പകരം ഒരു മുന്നറിയിപ്പ്-ശിക്ഷാ ചട്ടക്കൂട് പിന്തുടരും. ഇത് കയറ്റുമതിക്കാർക്ക് യഥാർത്ഥ തെറ്റുകൾ തിരുത്താൻ സമയം നൽകുന്നു.
കാലഹരണപ്പെട്ടതോ അനാവശ്യമായതോ ആയ വ്യവസ്ഥകൾ നീക്കംചെയ്യൽ
കാലഹരണപ്പെട്ടതോ അനാവശ്യമായ അനുവർത്തന ഭാരങ്ങൾ ചുമത്തപ്പെട്ടതോ ആയ ചില വ്യവസ്ഥകൾ പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്.
ഉദാഹരണത്തിന്, 1953 ലെ കയർ വ്യവസായ നിയമം അനുസരിച്ച്, കാലഹരണപ്പെട്ട ഒരു നിയന്ത്രണ ചട്ടക്കൂടിന് കീഴിൽ ലൈസൻസില്ലാതെ കയർ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന് നേരത്തെ പിഴ ഈടാക്കിയിരുന്നു. ഈ വ്യവസ്ഥ നീക്കം ചെയ്തു, കാലഹരണപ്പെട്ട ഒരു അനുവർത്തന ആവശ്യകത ഇല്ലാതാക്കി, ചെറുകിട കയർ എംഎസ്എംഇ കയറ്റുമതിക്കാർക്ക് കൂടുതൽ പ്രയോജനം ചെയ്തു.
ഈ നടപടികളിലൂടെ, ഗുരുതരമായ ലംഘനങ്ങൾ തുടർന്നും ഉചിതമായ ശിക്ഷകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട്, കൂടുതൽ പ്രവചനാത്മകവും പ്രായോഗികവും ബിസിനസ്സ് പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതുമായ ഒരു നിയന്ത്രണ അന്തരീക്ഷം സൃഷ്ടിക്കാൻ ബിൽ ശ്രമിക്കുന്നു.
ജൻ വിശ്വാസ് ബില്ലിന് കീഴിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള (MSME) ആനുകൂല്യങ്ങൾ
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (MSME) അനുവർത്തന ഭാരം കുറയ്ക്കുന്ന ഒട്ടേറെ പരിഷ്കാരങ്ങൾ ജൻ വിശ്വാസ് (ഭേദഗതി) ബിൽ, 2026 അവതരിപ്പിക്കുന്നു. അടിയന്തര ശിക്ഷാ നടപടി നേരിടാതെ തന്നെ തെറ്റുകൾ തിരുത്താനുള്ള അവസരം ചെറുകിട ബിസിനസുകൾക്ക് ബിൽ നൽകുന്നു.
2009 ലെ ലീഗൽ മെട്രോളജി ആക്ട് പ്രകാരം, ആവശ്യമായ രേഖകൾ സൂക്ഷിക്കുന്നതിലോ ഹാജരാക്കുന്നതിലോ പരാജയപ്പെടുന്നത് മുമ്പ് ഉടനടി പിഴ വിധിക്കുന്നതും ശിക്ഷാർഹവുമായിരുന്നു. ആദ്യ ലംഘനത്തിന് ഇപ്പോൾ അറിയിപ്പ് നൽകുന്നു. ഇത് പിഴ ചുമത്തുന്നതിന് മുമ്പ് അനുവർത്തന പരിമിതികൾ പരിഹരിക്കാനുള്ള അവസരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് നൽകുന്നു, ഇത് നിർവ്വഹണം സുഗമമവും കൂടുതൽ ന്യായയുക്തമാക്കുന്നു.

2005-ലെ സ്വകാര്യ സുരക്ഷാ ഏജൻസി നിയമപ്രകാരം, ബിസിനസ് സ്ഥലങ്ങളിൽ ലൈസൻസ് പ്രദർശിപ്പിക്കുന്നതിൽ പരാജയപ്പെടുന്നത് മുമ്പ് ₹25,000 വരെ ക്രിമിനൽ പിഴ ചുമത്താവുന്ന കുറ്റമായിരുന്നു. ഇത്തരം ചെറിയ നടപടിക്രമങ്ങളിലെ പിഴവുകൾ ക്രിമിനൽ ബാധ്യതയിലേക്ക് നയിക്കരുതെന്ന് അംഗീകരിച്ചുകൊണ്ട് ഈ വ്യവസ്ഥ നീക്കം ചെയ്തിട്ടുണ്ട്, ഇത് നിയമം കൂടുതൽ പ്രായോഗികവും ബിസിനസ് സൗഹൃദവുമാക്കുന്നു.
പുസ്തകങ്ങളുടെയും പത്രങ്ങളുടെയും വിതരണ (പൊതു ലൈബ്രറികൾ) നിയമപ്രകാരം, പൊതു ലൈബ്രറികളിൽ പകർപ്പുകൾ ലഭ്യമാകാത്ത പ്രസാധകർക്ക് മുമ്പ് പിഴ ചുമത്തിയിരുന്നു. നടപടിക്രമവുമായി ബന്ധപ്പട്ട കാലതാമസത്തിനുള്ള ആനുപാതികമല്ലാത്ത പിഴകളിൽ നിന്ന് ചെറുകിട പ്രസാധകരെ സംരക്ഷിക്കുന്ന ഒരു മുന്നറിയിപ്പ് സംവിധാനം ഈ പരിഷ്കരണത്തിലൂടെ അവതരിപ്പിക്കുന്നു.
1957 ലെ മൈൻസ് ആൻഡ് മിനറൽസ് (വികസനവും നിയന്ത്രണവും) നിയമപ്രകാരം, ലംഘനങ്ങൾക്ക് മുമ്പ് രണ്ട് വർഷം വരെ തടവോ പിഴയോ ശിക്ഷ ലഭിച്ചിരുന്നു. ഈ പരിഷ്കരണത്തിലൂടെ തടവ് ശിക്ഷയ്ക്ക് പകരം ₹50 ലക്ഷം വരെ സാമ്പത്തിക പിഴ ചുമത്തുന്നു, ചെറുകിട ഖനന, ധാതു അധിഷ്ഠിത ബിസിനസുകൾ നടപടിക്രമ ലംഘനങ്ങൾക്ക് ക്രിമിനൽ പ്രോസിക്യൂഷന് പകരം ആനുപാതികമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഉറപ്പാക്കുന്നു.
അനുവർത്തന ആവശ്യകതകൾ ലളിതമാക്കുന്നതിലൂടെയും, നിയന്ത്രണ അനിശ്ചിതത്വം കുറയ്ക്കുന്നതിലൂടെയും, ഗുരുതരമായ ലംഘനങ്ങൾ ഉചിതമായ ശിക്ഷകൾ തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെയും ബിൽ MSME-കളെ പിന്തുണയ്ക്കുന്നു.
മാറ്റങ്ങൾ: പ്രധാന നിയമങ്ങൾ ഭേദഗതി ചെയ്തു
വൈവിധ്യമാർന്ന മേഖലകളെയും നിയന്ത്രണ സംവിധാനങ്ങളെയും ഉൾക്കൊള്ളുന്ന, 2026 ലെ ജൻ വിശ്വാസ് (ഭേദഗതി) ബിൽ, ആനുപാതികമായ പിഴ ശിക്ഷകൾ, മുന്നറിയിപ്പുകൾ, ഭരണപരമായ നടപടികൾ എന്നിവ അവതരിപ്പിച്ചുകൊണ്ട് നിരവധി കേന്ദ്ര നിയമങ്ങളിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്നു.
1940-ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം, ചില മരുന്നുകൾ (ആയുർവേദ, സിദ്ധ, യുനാനി മരുന്നുകൾ) നിർമ്മിക്കുന്നതോ സൂക്ഷിച്ചിരിക്കുന്നതോ ആയ സ്ഥലം വെളിപ്പെടുത്താത്തത് മുമ്പ് ആറ് മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായിരുന്നു. ഭേദഗതി പ്രകാരം തടവ് ശിക്ഷയ്ക്ക് പകരം സാമ്പത്തിക പിഴ ചുമത്തുന്നു.
1957 ലെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നിയമത്തിലെ നിരവധി വ്യവസ്ഥകൾ ലഘൂകരിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ കച്ചവടം നടത്തുക, മുനിസിപ്പൽ അധികാരികളുടെ ജോലി തടസ്സപ്പെടുത്തുക, ചില ശുചിത്വ സംബന്ധമായ ലംഘനങ്ങൾ പോലുള്ള ചെറിയ കുറ്റകൃത്യങ്ങൾക്ക് മുമ്പ് ക്രിമിനൽ പിഴ ചുമത്തിയിരുന്നു. ഈ കുറ്റകൃത്യങ്ങൾ ഇപ്പോൾ സിവിൽ ശിക്ഷകളായി പരിവർത്തനം ചെയ്തിട്ടുണ്ട്, കൂടാതെ ചില കാലഹരണപ്പെട്ട വ്യവസ്ഥകൾ പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്.
1961-ലെ അപ്രന്റീസ് ആക്ടിലും പരിഷ്കാരങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്, നടപടിക്രമങ്ങൾ പാലിക്കാത്ത നിരവധി കുറ്റകൃത്യങ്ങൾക്ക് ഇപ്പോൾ മൂന്ന് ഘട്ട എൻഫോഴ്‌സ്‌മെന്റ് സമീപനം പിന്തുടരാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്: ആദ്യ ലംഘനത്തിന് ഉപദേശം, രണ്ടാമത്തേതിന് മുന്നറിയിപ്പ്, ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് സാമ്പത്തിക പിഴകൾ എന്നിവ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
കൂടാതെ, 1985-ലെ കാർഷിക ഉത്പന്നങ്ങളുടെയും, സംസ്കരിച്ച ഭക്ഷ്യ ഉത്പന്നങ്ങളുടെയും കയറ്റുമതി വികസന അതോറിറ്റി നിയമം, 1950-ലെ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നിയമം, 1953-ലെ കയർ വ്യവസായ നിയമം തുടങ്ങിയവയിലും ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മുമ്പ് തടവോ ക്രിമിനൽ പിഴയോ ലഭിച്ചിരുന്ന ചെറിയ നടപടിക്രമ ലംഘനങ്ങൾ ഇപ്പോൾ സിവിൽ പിഴകളാക്കി മാറ്റിയിട്ടുണ്ട്. ചിലത് പൂർണ്ണമായും നീക്കം ചെയ്തു.
ഉപസംഹാരം
ഇന്ത്യയുടെ നിയന്ത്രണ ചട്ടക്കൂടിനെ ആധുനികവത്ക്കരിക്കാനുള്ള ഗവൺമെന്റിന്റെ ഉദ്യമങ്ങൾക്ക് അനുപൂരകമാണ് ജൻ വിശ്വാസ് (ഭേദഗതി) ബിൽ, 2026. ചെറിയ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷകൾ നീക്കം ചെയ്തും ഗ്രേഡഡ് എൻഫോഴ്‌സ്‌മെന്റ് നടപടികൾ അവതരിപ്പിച്ചും, നിയമങ്ങൾ കൂടുതൽ പ്രായോഗികവും ന്യായയുക്തവും ആനുപാതികവുമാണെന്ന് ബിൽ ഉറപ്പാക്കുന്നു, ഫലപ്രദമായ നിയന്ത്രണം നിലനിർത്തുന്നതിനൊപ്പം അനുവർത്തനം സുഗമമാക്കുന്നു.
ഈ പരിഷ്കാരങ്ങൾ പൗരന്മാർക്കും ബിസിനസുകൾക്കും മേലുള്ള അനാവശ്യമായ അനുവർത്തന ഭാരം കുറയ്ക്കുകയും നിയമവുമായി ബന്ധപ്പെട്ട ദൈനംദിന ഇടപെടലുകൾ ലളിതമാക്കുകയും ചെയ്യുന്നു. എന്നാൽ, ഗുരുതരമായ നിയമ ലംഘനങ്ങൾക്ക് ഉചിതമായ ശിക്ഷകൾ നേരിടേണ്ടിവരും. ജീവിതത്തെയും ബിസിനസിനെയും പിന്തുണയ്ക്കുന്ന സന്തുലിതവും വിശ്വാസാധിഷ്ഠിതവുമായ ഒരു നിയന്ത്രണ സംവിധാനം ബിൽ പ്രോത്സാഹിപ്പിക്കുന്നു.
സൂചനകൾ
Ministry of Commerce & Industry
https://www.pib.gov.in/PressReleaseIframePage.aspx?PRID=1945263®=3&lang=2
PIB Research
See in PDF
****
(रिलीज़ आईडी: 2249189)
आगंतुक पटल : 67