PIB Headquarters
azadi ka amrit mahotsav

ഇന്ത്യയുടെ മൾട്ടി-ഹാസാർഡ് ഏർലി വാണിംഗ് ഡിസിഷൻ സപ്പോർട്ട് സിസ്റ്റം (MHEW-DSS)

ദുരന്തങ്ങൾ സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകുകയും ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സഹായിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ നൂതന സംവിധാനം


കാലാവസ്ഥാ പ്രവചനത്തിലും ദുരന്തസാധ്യതാ ലഘൂകരണത്തിലും ഡിജിറ്റൽ പരിവർത്തനം

പോസ്റ്റഡ് ഓണ്‍: 02 APR 2026 11:24AM by PIB Thiruvananthpuram

പ്രധാന വസ്തുതകൾ

വെവ്വേറെയുള്ള പ്രവചന രീതികൾ ഒഴിവാക്കി ഏകീകൃതവും പരസ്പരബന്ധിതവും യന്ത്രവത്കൃതവുമായ ഡിജിറ്റൽ സംവിധാനത്തിലേക്കുള്ള പരിവർത്തനമാണ് മൾട്ടി-ഹാസാർഡ് ഏർലി വാണിംഗ് ഡിസിഷൻ സപ്പോർട്ട് സിസ്റ്റം (MHEW-DSS) മുന്നോട്ട് വയ്ക്കുന്നത്.

ദുരന്ത മുന്നറിയിപ്പുകൾ ഇപ്പോൾ കൂടുതൽ വിപുലവും ഫലപ്രദവുമായി മാറിയിട്ടുണ്ട്. അവ യഥാർത്ഥ ആഘാതത്തെ അടിസ്ഥാനമാക്കിയുള്ളതും പ്രാദേശികാധിഷ്ഠിതവുമാണ്. ജനസംഖ്യയുടെ ഏകദേശം 80% പേരിലേക്കും കൃത്യമായി മുന്നറിയിപ്പുകൾ എത്തുന്നു.

തത്സമയ പ്രവചനരീതികളും ആഘാതാധിഷ്ഠിത മുന്നറിയിപ്പുകളും പ്രവചനങ്ങൾ തയ്യാറാക്കാൻ ആവശ്യമായ സമയം പകുതിയായി കുറച്ചു (50%) പ്രവചനങ്ങളുടെ കൃത്യത 30% മെച്ചപ്പെട്ടു

MHEW-DSS നടപ്പിലാക്കിയ ശേഷം, 1999 നും 2024 നും മദ്ധ്യേ ചുഴലിക്കാറ്റുകളിൽ ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള ചെലവ്  മൂന്നിലൊന്നായി കുറഞ്ഞു. ചുഴലിക്കാറ്റ് തീരം തൊടുന്ന സ്ഥലം 3–5 ദിവസം മുമ്പ് കൃത്യമായി പ്രവചിക്കാൻ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് (IMD) കഴിയുന്നതിനാലാണിത്.  


ആമുഖം

വൈവിധ്യമാർന്ന ഭൂമിശാസ്ത്രം, ദൈർഘ്യമേറിയ തീരപ്രദേശം, മൺസൂൺ ആശ്രിത കാലാവസ്ഥ എന്നിവ കാരണം ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങൾ, വരൾച്ച, മണ്ണിടിച്ചിൽ തുടങ്ങിയ തീവ്ര കാലാവസ്ഥാ സംഭവങ്ങൾക്ക് ഇന്ത്യ വളരെ എളുപ്പത്തിൽ വിധേയമാകുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പും (IMD) ഭൗമ ശാസ്ത്ര മന്ത്രാലയവും വ്യക്തമാക്കുന്നത് അനുസരിച്ച്, എല്ലാ വർഷവും നൂറുകണക്കിന് തീവ്ര കാലാവസ്ഥാ സംഭവങ്ങൾ ഇന്ത്യ നേരിടുന്നു, വെള്ളപ്പൊക്കം ഏകദേശം 40 ദശലക്ഷം ഹെക്ടർ ഭൂപ്രദേശത്തെ ബാധിക്കുന്നു, സമീപ ദശകങ്ങളിൽ ഉഷ്ണതരംഗങ്ങൾ പതിവായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ 75%-ത്തിലധികം ജില്ലകളും പലതരം കാലാവസ്ഥാ ദുരന്തങ്ങൾ നേരിടുന്നു. എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടർ കൗൺസിലിന്റെ (CEEW) വിലയിരുത്തൽ പ്രകാരം, ചുഴലിക്കാറ്റുകളും വെള്ളപ്പൊക്കവും മൂലമാണ് ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളിൽ ഭൂരിഭാഗവും സംഭവിക്കുന്നത്. ഈ സാഹചര്യത്തിൽ, മൾട്ടി-ഹാസാർഡ് ഏർലി വാർണിംഗ് ഡിസിഷൻ സപ്പോർട്ട് സിസ്റ്റം (MHEW-DSS) പോലെയുള്ള ഒരു സംവിധാനത്തിന്റെ തദ്ദേശീയ വികസനം സമയോചിതവും തന്ത്രപ്രധാനവുമായ ഒരു നടപടിയാണ്. വ്യത്യസ്ത തരം ദുരന്തങ്ങൾ കൃത്യമായി പ്രവചിക്കാനും അപകടസാധ്യതകൾ സംയോജിതമായി വിശകലനം ചെയ്യാനും അത്തരമൊരു സംവിധാനം സഹായിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കാനും, ആളുകളെ നേരത്തെ ഒഴിപ്പിക്കാനും, തയ്യാറെടുപ്പുക്കൾ മെച്ചപ്പെടുത്താനും   കഴിയും. സങ്കീർണ്ണമായ കാലാവസ്ഥാ ഡാറ്റയെ സർക്കാരുകൾക്കും ജനസമൂഹങ്ങൾക്കും അടിയന്തര പ്രതികരണ സംഘങ്ങൾക്കും എളുപ്പത്തിൽ മനസ്സിലാക്കാനും പ്രവർത്തിക്കാനും കഴിയുന്ന വ്യക്തവും ഉപയോഗപ്രദവുമായ മുന്നറിയിപ്പുകളാക്കി മാറ്റുന്നതിലൂടെ ഇത് പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നു.


MHEW-DSS ന്റെ പ്രധാന ലക്ഷ്യങ്ങൾ

ഓപ്പൺ സോഴ്‌സ് സാങ്കേതികവിദ്യകളും സ്വന്തം സാങ്കേതിക വൈദഗ്ധ്യവും ഉപയോഗിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) സൃഷ്ടിച്ച സങ്കീർണ്ണമായ ഒരു ഡിജിറ്റൽ പ്രവചന പ്ലാറ്റ്‌ഫോമാണ് MHEW-DSS. മിഷൻ മൗസമിന് കീഴിലുള്ള സുപ്രധാന ഡിജിറ്റൽ പരിവർത്തന സംരംഭമായി ആരംഭിച്ച ഈ സംവിധാനം, ഇന്ത്യയുടെ തത്സമയ കാലാവസ്ഥാ നിരീക്ഷണ ശേഷിയും മുന്നറിയിപ്പുകൾ നൽകാനുള്ള ശേഷിയും വർദ്ധിപ്പിക്കുന്നു.  

2024 ജനുവരിയിൽ ഔദ്യോഗികമായി ആരംഭിച്ച MHEW-DSS, ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (GIS) മാപ്പുകൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് തത്സമയം പ്രവർത്തിക്കുന്നു. വ്യക്തവും ഉപയോക്തൃ സൗഹൃദവുമായ രീതിയിൽ കാലാവസ്ഥാ വിവരങ്ങൾ വേഗത്തിൽ ശേഖരിക്കാനും വിശകലനം ചെയ്യാനും പ്രചരിപ്പിക്കാനും ഇത് കാലാവസ്ഥാ പ്രവചനക്കാരെ പ്രാപ്തമാക്കുന്നു. ആധുനിക പ്രവചന ഉപകരണങ്ങൾക്കൊപ്പം ഉപഗ്രഹ, റഡാർ വിവരങ്ങൾ ഉൾപ്പെടെയുള്ള വിവിധ നിരീക്ഷണ ഡാറ്റകളെ  സംയോജിപ്പിച്ചുകൊണ്ട്, വേഗമേറിയതും വിശ്വസനീയവുമായ മുന്നറിയിപ്പുകൾ ഈ സംവിധാനം ലഭ്യമാക്കുന്നു. കർഷകർ, ഗതാഗത സേവനങ്ങൾ, മത്സ്യത്തൊഴിലാളികൾ, ഊർജ്ജ ദാതാക്കൾ, വിനോദസഞ്ചാരം എന്നിവയ്‌ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മേഖലാധിഷ്ഠിത മുന്നറിയിപ്പുകളും ഇത് നൽകുന്നു.

 



 

ഇന്ത്യയിലുടനീളമുണ്ടാകാൻ സാധ്യതയുള്ള വിവിധ ദുരന്തങ്ങൾ സംബന്ധിച്ച് കൃത്യവും, തത്സമയവും, ആഘാതാധിഷ്ഠിതവുമായ പ്രവചനങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന സംയോജിതവും തദ്ദേശീയവുമായ ഒരു പ്രവചന സംവിധാനം സൃഷ്ടിക്കുക എന്നതാണ് MHEW-DSS ന്റെ പ്രാഥമിക ലക്ഷ്യം. വിവരവിനിമയം മെച്ചപ്പെടുത്തുന്നതിലൂടെയും സമയബന്ധിതമായി മുന്നറിയിപ്പുകൾ ലഭ്യമാക്കുന്നതിലൂടെയും കാലാവസ്ഥാ പ്രവചകർ, തീരുമാനങ്ങൾ കൈക്കൊള്ളേണ്ടവർ,  ജനവിഭാഗങ്ങൾ എന്നിവരെ പിന്തുണയ്ക്കുന്നതിനാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ശേഷികൾ വിനിയോഗിച്ച്, ആഘാതാധിഷ്ഠിത പ്രവചനവും അപകടസാധ്യതാ മുന്നറിയിപ്പുകളും ഇത് ലഭ്യമാക്കുന്നു. സങ്കീർണ്ണമായ കാലാവസ്ഥാ ഡാറ്റ ഉപയോക്താക്കൾക്ക് പ്രയോജനപ്രദമായ പ്രായോഗികവും പ്രവർത്തനക്ഷമവുമായ വിവരങ്ങളാക്കി മാറ്റാൻ ഇത് IMD യെ സഹായിക്കുന്നു. ഈ സമീപനം ദുരന്ത സന്നദ്ധത ശക്തിപ്പെടുത്തുകയും വ്യത്യസ്ത മേഖലകൾക്കും ജനസമൂഹങ്ങൾക്കും മുന്നറിയിപ്പുകൾ സുഗമമായി ലഭ്യമാക്കുകയും വിശ്വസനീയവും പ്രസക്തവുമാണെന്ന് ഉറപ്പാക്കിക്കൊണ്ട് പൊതു സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.


MHEW-DSS ന്റെ പ്രധാന സവിശേഷതകൾ

ഓട്ടോമേറ്റഡ് വെതർ ഡാറ്റ പ്രോസസ്സിംഗ്:

കാലാവസ്ഥാ ഡാറ്റ ശേഖരണം, ഗുണനിലവാര പരിശോധനകൾ, സംയോജനം എന്നിവയുടെ 90%-ത്തിലധികവും യന്ത്രവത്കൃതമാണ്, കാലാവസ്ഥാ സംഭവങ്ങളും അവയുടെ സാധ്യമായ ആഘാതങ്ങളും വേഗത്തിൽ കണ്ടെത്തുന്നതിന് ഇത് സഹായിക്കുന്നു.

പ്രവചന മോഡലുകളുടെ മികച്ച ഉപയോഗം:

95%-ത്തിലധികം സംഖ്യാധിഷ്ഠിത  (ഡാറ്റ) കാലാവസ്ഥാ ഇൻപുട്ടുകൾ ഇപ്പോൾ പ്രവചന  മോഡലുകളിൽ ഉപയോഗിക്കുന്നു, വ്യത്യസ്ത അപകടസാധ്യതകളുടെ വിലയിരുത്തൽ മെച്ചപ്പെടുത്തുന്നു.

പുനർനിർമ്മിച്ച പ്രവചന സംവിധാനം:

മുഴുവൻ പ്രവചന, മുന്നറിയിപ്പ് സൃഷ്ടിക്കൽ പ്രക്രിയയും പുനർനിർമ്മിച്ചു, ഇതിലൂടെ തത്സമയ മുന്നറിയിപ്പുകളും വേഗത്തിലുള്ള തീരുമാനമെടുക്കലും സാധ്യമാക്കുന്നു.

ദൈർഘ്യമേറിയ പ്രവചന ലീഡ് സമയം:

അധികാരികൾക്കും സമൂഹങ്ങൾക്കും വരാനിരിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾക്കായി ആസൂത്രണം ചെയ്യാനും തയ്യാറെടുക്കാനും കൂടുതൽ സമയം നൽകിക്കൊണ്ട്, പ്രവചന ലീഡ് സമയം 5 ദിവസത്തിൽ നിന്ന് 7 ദിവസമായി വർദ്ധിച്ചു.
 

വേഗത്തിലുള്ള പ്രവചന തയ്യാറെടുപ്പ്:

കാലാവസ്ഥാ പ്രവചനങ്ങൾ തയ്യാറാക്കാൻ ആവശ്യമായ സമയം 6 മണിക്കൂറിൽ നിന്ന് ഏകദേശം 3 മണിക്കൂറായി കുറച്ചു, ഇത് മുന്നറിയിപ്പുകൾ കൂടുതൽ വേഗത്തിൽ നൽകാൻ അനുവദിക്കുന്നു.

ചെലവ് കുറയ്ക്കലും സ്വാശ്രയത്വവും:

ഈ സംവിധാനം ഏകദേശം ₹250 കോടി ചെലവ് കുറയ്ക്കുകയും വിദേശ വിൽപ്പനക്കാരെ ആശ്രയിക്കുന്നത് ഇല്ലാതാക്കുകയും ചെയ്തു, ഇത് ഇന്ത്യയുടെ സാങ്കേതിക സ്വാശ്രയത്വം ശക്തിപ്പെടുത്തി.

ഫലപ്രദമായ ചുഴലിക്കാറ്റ് പ്രവചനം:

ബിപർജോയ്, ഡാന ചുഴലിക്കാറ്റ് എന്നിവ ആഞ്ഞു വീശിയപ്പോൾ, മുൻകൂട്ടി ലഭിച്ച കൃത്യമായ പ്രവചനങ്ങൾ ജനങ്ങളെ സമയബന്ധിതമായി ഒഴിപ്പിക്കാൻ സഹായിച്ചു, ഗുജറാത്തിലും ഒഡീഷയിലും ആളപായം പൂജ്യമായി.

ഒഴിപ്പിക്കുന്നതിനുള്ള ചെലവ് കുറച്ചു:

MHEW-DSS നടപ്പിലാക്കിയതിനുശേഷം, 1999 നും 2024 നും മദ്ധ്യേ ചുഴലിക്കാറ്റുമൂലമുള്ള ആളുകളുടെ ഒഴിപ്പിക്കൽ ചെലവ്  മൂന്നിലൊന്നായി കുറഞ്ഞു. ചുഴലിക്കാറ്റ് തീരം തൊടുന്ന സ്ഥലം 3–5 ദിവസം മുമ്പ് കൃത്യമായി പ്രവചിക്കാൻ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് (IMD) കഴിയുന്നതിനാലാണിത്.  

"കാലാവസ്ഥാ സജ്ജവും കാലാവസ്ഥാ സ്മാർട്ടും ആയ രാഷ്ട്രം" സൃഷ്ടിക്കുക എന്ന ഭാരത സർക്കാരിന്റെ  ദർശനത്തെ MHEW-DSS പ്രതിനിധീകരിക്കുന്നു, കൂടാതെ "ഹർ ഹർ മൗസം, ഹർ ഘർ മൗസം" എന്ന ദർശനം ഇത് ഉൾക്കൊള്ളുന്നു, സമയബന്ധിതവും പ്രവർത്തനക്ഷമവുമായ കാലാവസ്ഥാ വിവരങ്ങൾ എല്ലാ വീടുകളിലും മേഖലകളിലും പ്രദേശങ്ങളിലും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നു.


MHEW-DSS നെ പിന്തുണയ്ക്കുന്ന സ്ഥാപന ചട്ടക്കൂട്

മിഷൻ മൗസം സംരംഭത്തിന് കീഴിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു നൂതന ആപ്ലിക്കേഷനാണ് മൾട്ടി-ഹാസാർഡ് ഏർലി വാണിംഗ് ഡിസിഷൻ സപ്പോർട്ട് സിസ്റ്റം (MHEW-DSS). കാലാവസ്ഥാ പ്രവചനങ്ങൾ സൃഷ്ടിക്കുന്നതിനും, വലിയ അളവിലുള്ള കാലാവസ്ഥാ ഡാറ്റ കൈകാര്യം ചെയ്യുന്നതിനും, സമയബന്ധിതമായ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്നതിനുമായി രൂപകൽപ്പന ചെയ്ത ഒരു webGIS അധിഷ്ഠിത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണിത്. മൗസംഗ്രാം പോലുള്ള നിരവധി മേഖലാ-നിർദ്ദിഷ്ട ജിയോസ്പേഷ്യൽ ആപ്ലിക്കേഷനുകളും ഈ സംവിധാനത്തിൽ ഉൾപ്പെടുന്നു, ഇത് പൗരന്മാർക്കും കാലാവസ്ഥയെ ആശ്രയിക്കുന്ന മേഖലകൾക്കും അതീവ കൃത്യതയുള്ള പ്രാദേശിക കാലാവസ്ഥാ പ്രവചനങ്ങൾ ലഭ്യമാക്കുന്നു, നിർണായക കാലാവസ്ഥാ വിവരങ്ങൾ ഏറ്റവും ആവശ്യമുള്ള ആളുകളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.


ഭൗമ ശാസ്ത്ര മന്ത്രാലയം (MoES):

പൊതു സുരക്ഷയ്ക്കും ദേശീയ വികസനത്തിനുമായി അന്തരീക്ഷ, സമുദ്ര പ്രക്രിയകൾ നിരീക്ഷിക്കുന്നതിനും പ്രവചിക്കുന്നതിനും മനസ്സിലാക്കുന്നതിനും പ്രവർത്തനക്ഷമമായ സേവനങ്ങൾ നൽകുന്നതിനും ശാസ്ത്രീയ ഗവേഷണം നടത്തുന്നതിനും ഉത്തരവാദിത്തപ്പെട്ട കേന്ദ്രമന്ത്രാലയമാണ് ഭൗമ ശാസ്ത്ര മന്ത്രാലയം (MoES). രാജ്യത്തുടനീളം  കാലാവസ്ഥാ സേവനങ്ങൾ നൽകുന്ന ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഉൾപ്പെടെയുള്ള പ്രധാന സ്ഥാപനങ്ങളുടെയും പ്രവചന- ഗവേഷണ കേന്ദ്രങ്ങളുടെയും മേൽനോട്ടം ഇത് നിർവ്വഹിക്കുന്നു.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD):

1875-ൽ സ്ഥാപിതമായ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD), കാലാവസ്ഥാ ശാസ്ത്രത്തിനും അനുബന്ധ ശാസ്ത്രങ്ങൾക്കും ഉത്തരവാദിത്തപ്പെട്ട പ്രധാന സർക്കാർ ഏജൻസിയാണ്. ഇത് വ്യവസ്ഥാപിത കാലാവസ്ഥാ നിരീക്ഷണങ്ങൾ നടത്തുകയും ദുരന്തസാധ്യതാ ലഘൂകരണം, കൃഷി, വൈദ്യുതി, പുനരുപയോഗ ഊർജ്ജം, പരിസ്ഥിതി, ആരോഗ്യം, ജലം, ജലസേചനം, ഗതാഗതം, ഷിപ്പിംഗ്, വ്യോമയാനം, ഓഫ്‌ഷോർ, ഓൺഷോർ വ്യവസായങ്ങൾ, വിനോദസഞ്ചാരം തുടങ്ങിയ കാലാവസ്ഥാ സംവേദന മേഖലകളെ പിന്തുണയ്ക്കുന്നതിന് നിലവിലുള്ളതും പ്രവചനാത്മകവുമായ കാലാവസ്ഥാ വിവരങ്ങൾ നൽകുകയും ചെയ്യുന്നു. MHEW-DSS-ൽ, സംയോജിത ഡിജിറ്റൽ സംവിധാനങ്ങൾ മുഖേന തത്സമയ പ്രവചനങ്ങളും മുന്നറിയിപ്പുകളും സൃഷ്ടിച്ചുകൊണ്ട് IMD ഒരു പ്രധാന പങ്ക് വഹിക്കുന്നു.

മിഷൻ മൗസം:

2024 സെപ്റ്റംബറിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച മിഷൻ മൗസം, ഇന്ത്യയുടെ കാലാവസ്ഥാ പ്രവചനവും മുന്നറിയിപ്പ് ശേഷിയും ശക്തിപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു മുൻനിര പദ്ധതിയാണ്. ചുഴലിക്കാറ്റുകൾ, പേമാരി, ഉഷ്ണതരംഗങ്ങൾ തുടങ്ങിയ തീവ്ര കാലാവസ്ഥാ സംഭവങ്ങൾക്കായുള്ള പ്രവചനങ്ങളുടെ കൃത്യത, വിശദാംശങ്ങൾ, ലീഡ് സമയം എന്നിവ മെച്ചപ്പെടുത്തുന്നതിലാണ് മിഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. MHEW-DSS-ൽ, നിരീക്ഷണ ശൃംഖലകൾ, ഡാറ്റ സ്വാംശീകരണം, മോഡലിംഗ് ഉപകരണങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെയും ഫലപ്രദമായ ദുരന്ത തയ്യാറെടുപ്പിനെ പിന്തുണയ്ക്കുന്ന സമയബന്ധിതമായ കാലാവസ്ഥാ മുന്നറിയിപ്പുകൾ ലഭ്യമാക്കുന്നതിലൂടെയും പ്രവചനത്തിന്റെ ശാസ്ത്രീയവും സാങ്കേതികവുമായ അടിത്തറ ഇത് മെച്ചപ്പെടുത്തുന്നു.


നിങ്ങൾക്കറിയാമോ?

2024 ജനുവരിയിൽ ആരംഭിച്ച മൗസംഗ്രാം, ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് (MoES) കീഴിൽ IMD വികസിപ്പിച്ചെടുത്ത ഒരു വെബ് അധിഷ്ഠിത, ഹൈപ്പർ-ലോക്കൽ കാലാവസ്ഥാ പ്രവചന പോർട്ടലാണ്. ഇന്ത്യയിലുടനീളമുള്ള 1.5 ലക്ഷത്തിലധികം പിൻ കോഡുകൾ, 5,700 ബ്ലോക്കുകൾ, 6.2 ലക്ഷത്തിലധികം ഗ്രാമങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഈ പ്ലാറ്റ്‌ഫോം 10 ദിവസം വരെയുള്ള പ്രാദേശികാധിഷ്ഠിത പ്രവചനങ്ങൾ നൽകുന്നു. IMD വെബ്‌സൈറ്റ്, മൗസം മൊബൈൽ ആപ്പ്, SACHET പ്ലാറ്റ്‌ഫോം, ഇ-പഞ്ചായത്ത് സേവ, API-കൾ എന്നിവ മുഖേന ഇത് ഉപയോഗിക്കാൻ കഴിയും, ഇത് പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും പ്രവേശനം ഉറപ്പാക്കുന്നു. ഇത് പതിവായി അപ്‌ഡേറ്റുകൾ നൽകുന്നു - മണിക്കൂർ, ഓരോ 3 മണിക്കൂർ, ഓരോ 6 മണിക്കൂർ - അതിനാൽ ആളുകൾക്ക് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാനും കാലാവസ്ഥാ വ്യതിയാനങ്ങളോട് ഉടനടി പ്രതികരിക്കാനും കഴിയും. ഈ സംവിധാനത്തിലൂടെ, കാലാവസ്ഥാ പ്രവചനങ്ങൾ മത്സ്യത്തൊഴിലാളികൾ, കർഷകർ, പ്രാദേശിക ഉദ്യോഗസ്ഥർ, കൃഷി സഖി, പശു സഖി തുടങ്ങി, വിവിധ ഗ്രൂപ്പുകളിലേക്ക് എത്തിച്ചേരുന്നു, വിവിധ മന്ത്രാലയങ്ങളുടെ പിന്തുണയോടെ, കാലാവസ്ഥാ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി സമയബന്ധിതമായ നടപടികൾ സ്വീകരിക്കാൻ സഹായിക്കുന്നു.

ഈ സ്ഥാപനങ്ങളും പ്ലാറ്റ്‌ഫോമുകളുമെല്ലാം MHEW-DSS-ന്റെ പ്രധാന പ്രവർത്തന ചട്ടക്കൂടാണ്. നിരീക്ഷണം, മോഡലിംഗ്, ഡിജിറ്റൽ വ്യാപനം എന്നിവയിലെ വൈദഗ്ദ്ധ്യം സംയോജിപ്പിക്കുന്നതിലൂടെ, കൃത്യമായ, പ്രദേശ -നിർദ്ദിഷ്ട പ്രവചനങ്ങളും സമയബന്ധിതമായ മുന്നറിയിപ്പുകളും നൽകാനുള്ള ഇന്ത്യയുടെ ശേഷി അവ വർദ്ധിപ്പിക്കുന്നു, അതുവഴി രാജ്യത്തുടനീളമുള്ള ദുരന്ത സന്നദ്ധത മെച്ചപ്പെടുത്തുകയും കാലാവസ്ഥാ സംവേദന മേഖലകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.


MHEW-DSS ന്റെ പ്രവർത്തന ഘടനയും ചട്ടക്കൂടും.

MHEW-DSS വിപുലമായ കാലാവസ്ഥാ ഡാറ്റ സംയോജിപ്പിക്കുകയും മുഴുവൻ വർക്ക്ഫ്ലോയും പുനർരൂപകൽപ്പന ചെയ്തുകൊണ്ട് പ്രവചനം യന്ത്രവത്ക്കരിക്കുകയും ചെയ്യുന്നു.

റഡാറുകൾ, ഓട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രങ്ങൾ, ഉപഗ്രഹങ്ങൾ,  സമുദ്ര വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന ഷിപ്പ് ആൻഡ് ഓഷ്യൻ ബോയ്‌കൾ എന്നിവയുൾപ്പെടെ വിവിധ സ്രോതസ്സുകളിൽ നിന്ന് MHEW-DSS തത്സമയ കാലാവസ്ഥാ ഡാറ്റ കാര്യക്ഷമമായി ശേഖരിക്കുന്നു. ഇത് വിവരങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ഏകീകരിച്ച് വിശകലനം ചെയ്യുന്നു, വിപുലമായ വിശകലനത്തിനും ദൃശ്യവത്ക്കരണത്തിനും കാലാവസ്ഥാ പാറ്റേണുകൾ നന്നായി മനസ്സിലാക്കുന്നു. ഒന്നിലധികം മോഡലുകൾ സമന്വയിപ്പിച്ചുള്ള  പ്രവചനം ഉപയോഗിക്കുന്നതിലൂടെ, സിസ്റ്റം മോഡൽ ഔട്ട്‌പുട്ടുകളെ യഥാർത്ഥ നിരീക്ഷണങ്ങളുമായി താരതമ്യം ചെയ്യുന്നു, ഏറ്റവും കൃത്യമായ മോഡലുകൾ തിരഞ്ഞെടുക്കുന്നു, കൂടാതെ കൃത്യത മെച്ചപ്പെടുത്തുന്നതിന് എൻസെംബിൾ ടെക്നിക്കുകളും ബയസ് കറക്ഷനും പ്രയോഗിക്കുന്നു. ഈ ഉൾക്കാഴ്ചകൾ സമയബന്ധിതമായ തീരുമാനമെടുക്കൽ, മുന്നറിയിപ്പുകൾ വേഗത്തിൽ തയ്യാറാക്കൽ, പങ്കാളികൾക്കും പൊതുജനങ്ങൾക്കും വിവരങ്ങൾ ഫലപ്രദമായി ലഭ്യമാക്കൽ എന്നിവ സാധ്യമാക്കുന്നു.

 



 

GIS-അധിഷ്ഠിത മാപ്പുകൾ ഉപയോഗിച്ച് ഡാറ്റ വിശകലനം ചെയ്യാനും, ചാർട്ടുകൾ സൃഷ്ടിക്കാനും, കാലാവസ്ഥാ സാഹചര്യങ്ങൾ ദൃശ്യവത്ക്കരിക്കാനും പ്രവചകരെ അനുവദിക്കുന്ന വെതർ അനാലിസിസ് ആൻഡ് ഫോർകാസ്റ്റ് എനേബിളിംഗ് സിസ്റ്റം (WAFES) ആണ് ഈ സംവിധാനത്തിന്റെ കാതൽ. MHEW-DSS പഴയ മാനുഷിക പ്രവചന സമീപനത്തെ പരിവർത്തനം ചെയ്തു. ഇത് മോഡൽ ഔട്ട്‌പുട്ടുകളുമായി തത്സമയ നിരീക്ഷണങ്ങളെ താരതമ്യം ചെയ്യാനും കൂടുതൽ കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ സൃഷ്ടിക്കാനും കാലാവസ്ഥാ നിരീക്ഷകരെ പ്രാപ്തമാക്കുന്നു.

MHEW-DSS ന്റെ മറ്റൊരു പ്രധാന സവിശേഷത ആഘാതാധിഷ്ഠിത പ്രവചനത്തിലും അപകടസാധ്യതാധിഷ്ഠിത മുന്നറിയിപ്പുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ്. കാലാവസ്ഥാ സാഹചര്യങ്ങൾ പ്രവചിക്കുന്നതോടൊപ്പം കൃഷി, ആരോഗ്യം, ഊർജ്ജം, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളെ കാലാവസ്ഥ എങ്ങനെ ഗുരുതരമായി ബാധിക്കുമെന്ന് MHEW-DSS വിലയിരുത്തുന്നു. വ്യത്യസ്ത തലത്തിലുള്ള അപകടസാധ്യതകൾ സൂചിപ്പിക്കുന്നതിന് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന കളർ -കോഡഡ് മുന്നറിയിപ്പുകൾ ഈ സിസ്റ്റം നൽകുന്നു. GIS- അധിഷ്ഠിത  പ്ലാറ്റ്‌ഫോമിലൂടെ, ചുഴലിക്കാറ്റ്, കനത്ത മഴ, ഉഷ്ണതരംഗം, ഇടി/മിന്നൽ, സമുദ്ര സാഹചര്യങ്ങൾ തുടങ്ങിയ അപകടങ്ങൾക്കുള്ള മുന്നറിയിപ്പുകളെ ഒരുമിച്ച് കൊണ്ടുവരുന്നു. പ്രവചനങ്ങൾ തയ്യാറാക്കിക്കഴിഞ്ഞാൽ, മുന്നറിയിപ്പുകൾ അധികാരികളുമായും പൊതുജനങ്ങളുമായും പങ്കിടുന്നു, ഇത് സമയബന്ധിതമായ നടപടി സാധ്യമാക്കുകയും ദുരന്തനിവാരണ തയ്യാറെടുപ്പ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

നൂതന മോഡലിംഗ് ഉപകരണങ്ങളുമായി തത്സമയ നിരീക്ഷണങ്ങൾ സംയോജിപ്പിക്കുന്നതിലൂടെ, കാലാവസ്ഥാ പ്രവചനങ്ങളുടെയും മുന്നറിയിപ്പുകളുടെയും കൃത്യത, വേഗത, വ്യക്തത എന്നിവ പ്ലാറ്റ്‌ഫോം മെച്ചപ്പെടുത്തുന്നു. ശാസ്ത്രീയ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഉപദേശങ്ങളിലേക്ക് വിവർത്തനം ചെയ്യുന്നതിലൂടെ, അധികാരികളെയും സ്ഥാപനങ്ങളെയും ജനസമൂഹങ്ങളെയും സമയബന്ധിതമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ഇത് പ്രാപ്തമാക്കുന്നു, അതുവഴി ദുരന്ത തയ്യാറെടുപ്പ് മെച്ചപ്പെടുത്തുകയും തീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ ആഘാതം കുറയ്ക്കുകയും ചെയ്യുന്നു.  


തത്സമയ കാലാവസ്ഥാ പ്രവചനം സാധ്യമാക്കുന്ന MHEW-DSS-ന്റെ പ്രധാന സവിശേഷതകൾ.

 
ഫലപ്രദമായ മുന്നറിയിപ്പ് സേവനങ്ങൾ നൽകുന്നതിനായി സാങ്കേതികവിദ്യ, ഡാറ്റ, സ്ഥാപന ഏകോപനം എന്നിവ സമന്വയിപ്പിക്കുന്ന കരുത്തുറ്റതും ഭാവിസജ്ജവുമായ ഒരു സംവിധാനമായിട്ടാണ് MHEW-DSS വിഭാവനം ചെയ്തിരിക്കുന്നത്. വിപുലീകരണ സാധ്യത, പരസ്പരപ്രവർത്തനക്ഷമത, ഉപയോക്തൃ കേന്ദ്രീകൃത വിനിമയം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു, ഇത് വ്യത്യസ്ത മേഖലകളിലും പ്രദേശങ്ങളിലും സുഗമമായ പ്രവർത്തനം സാധ്യമാക്കുന്നു.


പരസ്പരപ്രവർത്തനക്ഷമത:

സംവിധാനത്തിന്റെ വിവിധ മൊഡ്യൂളുകൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ഒരുമിച്ച് പ്രവർത്തിക്കുന്നു, ഇത് പൊതുവായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മന്ത്രാലയങ്ങൾ, വകുപ്പുകൾ, മേഖലകൾ എന്നിവയിലുടനീളം തടസ്സരഹിതമായ ഡാറ്റ പങ്കിടൽ സാധ്യമാക്കുന്നു.

വിപുലീകരണ സാധ്യത:

കാലക്രമേണ സുഗമമായി വികസിക്കുന്ന തരത്തിലാണ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇത് വലിയ മാറ്റങ്ങൾ ആവശ്യമില്ലാതെ പുതിയ ഡാറ്റ, സാങ്കേതികവിദ്യകൾ, പ്രദേശങ്ങൾ, വിവിധതരത്തിലുള്ള ദുരന്തങ്ങൾ എന്നിവ കൂട്ടിച്ചേർക്കാൻ അനുവദിക്കുന്നു.

ആവർത്തന സാധ്യത:

സ്റ്റാൻഡേർഡ് രീതികൾ ഉപയോഗിച്ചാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്, ഇത് മറ്റ് മേഖലകളിൽ വ്യാപിപ്പിക്കാനും മറ്റ് രാജ്യങ്ങളിൽ പോലും നടപ്പാക്കാനും എളുപ്പമാണ്.


കാര്യക്ഷമത:

തത്സമയ പ്രവചനങ്ങളും ആഘാത കേന്ദ്രീകൃത മുന്നറിയിപ്പുകളും നൽകുന്നത് തയ്യാറെടുപ്പ് സമയം പകുതിയായി കുറയ്ക്കുകയും പ്രവചന കൃത്യത 30% വർദ്ധിപ്പിക്കുകയും ചെയ്തു.


പ്രതികരണശേഷിയുള്ളത്:

സിസ്റ്റം ഉപയോക്തൃ സൗഹൃദവും ചലനാത്മകവുമാണ്, SMS, API-കൾ, മൊബൈൽ ആപ്പുകൾ, വെബ്‌സൈറ്റുകൾ അടക്കമുള്ള ഒന്നിലധികം ചാനലുകൾ വഴി വിവരങ്ങൾ പങ്കിടുന്നു.

സുതാര്യം:

സുതാര്യമായ ഡാറ്റ പ്രക്രിയകളും തുറന്ന സംവിധാനങ്ങളും വിവരങ്ങൾ നിരീക്ഷിക്കാനും, കൃത്യത പരിശോധിക്കുന്നതിനും, ഉത്തരവാദിത്തം ഉറപ്പാക്കാനും സഹായിക്കുന്നു.

സുസ്ഥിരം:

ദീർഘകാല ആസൂത്രണം, പതിവ് പരിശീലനം, തുടർച്ചയായ നവീകരണം, വിവരവിനിമയം  എന്നിവയിലൂടെയാണ് ഈ സംവിധാനം ശക്തിപ്പെടുത്തുന്നത്.

മൊത്തത്തിലുള്ള ഈ സവിശേഷതകൾ MHEW-DSS ന്റെ ദുരന്ത നിവാരണ സന്നദ്ധത വർദ്ധിപ്പിക്കുകയും കൂടുതൽ അവബോധപൂർണ്ണമായ തീരുമാനമെടുക്കൽ പ്രക്രിയ സാധ്യമാക്കുന്ന പ്രായോഗികവും ഭാവി  സജ്ജവുമായ ഒരു പ്ലാറ്റ്‌ഫോമാക്കി ഇതിനെ മാറ്റുന്നു.



MHEW-DSS ന്റെ സ്വാധീനം: ദുരന്തപ്രതികരണ സന്നദ്ധതയിലൂടെ  ജീവനും ഉപജീവനമാർഗ്ഗങ്ങളും സംരക്ഷിക്കാൻ സഹായിക്കുന്നു.


MHEW-DSS, മുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും വിവിധ മേഖലകൾക്ക് അനുയോജ്യമായ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നു, ഇത് അധികാരികളെയും ജനസമൂഹങ്ങളെയും വ്യവസായങ്ങളെയും തീവ്ര കാലാവസ്ഥാ സംഭവങ്ങൾക്ക് നേരിടാൻ സജ്ജമാക്കുന്നു. ശാസ്ത്രീയ പ്രവചനങ്ങളെ വ്യക്തവും പ്രായോഗികവുമായ മുന്നറിയിപ്പുകളാക്കി മാറ്റുന്നതിലൂടെ, ഈ സംവിധാനം പൊതു സുരക്ഷ, ആരോഗ്യം, കൃഷി, ഊർജ്ജ പരിപാലനം, മൊത്തത്തിലുള്ള ദുരന്ത തയ്യാറെടുപ്പ് എന്നിവയെ പിന്തുണയ്ക്കുന്നു.  



ചുഴലിക്കാറ്റ്, സമുദ്ര സുരക്ഷ:

ചുഴലിക്കാറ്റുകൾ, കൊടുങ്കാറ്റ്, കനത്ത മഴ, കടൽക്ഷോഭം എന്നിവയെക്കുറിച്ച് വളരെ നേരത്തെ മുന്നറിയിപ്പ് നൽകുന്നു.

കാറ്റിന്റെ വേഗത മണിക്കൂറിൽ 45 കിലോമീറ്റർ കവിയുമ്പോൾ, കടൽ വളരെ പ്രക്ഷുബ്ധമാകുമ്പോൾ,  കാലാവസ്ഥ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പുകൾ നൽകുന്നു.

എസ്എംഎസ്, വാട്ട്‌സ്ആപ്പ്, മൊബൈൽ ആപ്പുകൾ, ആകാശവാണി, ദൂരദർശൻ, ഔദ്യോഗിക വെബ്‌സൈറ്റുകൾ എന്നിവയിലൂടെ മുന്നറിയിപ്പുകൾ പങ്കിടുന്നു.

ചുഴലിക്കാറ്റുകൾ ഉണ്ടാകുമ്പോൾ പതിവായി അപ്‌ഡേറ്റുകൾ നൽകുന്നത് തീരദേശ സമൂഹങ്ങളെയും മത്സ്യത്തൊഴിലാളികളെയും സമയബന്ധിതമായ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ സഹായിക്കുന്നു.



മാനുഷിക ആരോഗ്യം:

ഇത് ഉഷ്ണതരംഗ പ്രവചനങ്ങളും, ചൂടുമായി ബന്ധപ്പെട്ട രോഗങ്ങൾ തടയുന്നതിനുള്ള താപ പ്രതിരോധ പദ്ധതികൾക്കുള്ള മാർഗ്ഗനിർദ്ദേശവും നൽകുന്നു.

ദുരന്തസമയത്ത് വനിതകൾ, കുട്ടികൾ, ഗർഭിണികൾ തുടങ്ങിയ ദുർബല വിഭാഗങ്ങൾക്കായി ശീതീകരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലും, ആശുപത്രികൾ തയ്യാറാക്കുന്നതിലും, അടിയന്തര ആരോഗ്യ പ്രതികരണങ്ങൾ ഏകോപിപ്പിക്കുന്നതിലും ഇത് അധികാരികളെ സഹായിക്കുന്നു.

ഡെങ്കി, മലേറിയ തുടങ്ങിയ രോഗാണുക്കൾ മൂലം പകരുന്ന രോഗങ്ങൾ പ്രവചിക്കാൻ കാലാവസ്ഥാ ഡാറ്റ സഹായിക്കുന്നു, കൂടാതെ സമൂഹാരോഗ്യം, പോഷകാഹാരം, പ്രതിരോധ പരിപാടികൾ എന്നിവ ശക്തിപ്പെടുത്തുന്നു.

വായുവിന്റെ ഗുണനിലവാരത്തെയും താപനിലയെയും കുറിച്ചുള്ള ഉപദേശങ്ങൾ ദുർബല ജനവിഭാഗങ്ങളെ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സഹായിക്കുന്നു.


ഊർജ്ജ മേഖല:

പുനരുപയോഗ ഊർജ്ജ ആസൂത്രണത്തെ പിന്തുണയ്ക്കുന്നതിനായി സൗരവികിരണം, കാറ്റ്, മഴ, താപനില എന്നിവയെക്കുറിച്ചുള്ള പ്രവചനങ്ങൾ വാഗ്ദാനം ചെയ്യുന്നു.

സൗരോർജ്ജം, കാറ്റ്, ജലവൈദ്യുത ഉത്പാദനം എന്നിവ കൈകാര്യം ചെയ്യുന്നതിൽ സഹായിക്കുന്നു.

കാലാവസ്ഥ വ്യതിയാനങ്ങളിൽ നിന്ന് വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളെ സംരക്ഷിക്കാൻ  മുന്നറിയിപ്പുകൾ സഹായിക്കുന്നു.

ഓട്ടോമേഷൻ അടിസ്ഥാന സൗകര്യ ചെലവ് കുറയ്ക്കുകയും പ്രതിവർഷം ഏകദേശം 210,240 kWh വൈദ്യുതി ലാഭിക്കുകയും ചെയ്യുന്നു.

ജലവിഭവ പരിപാലനം:

മഴ, മൺസൂൺ, വരൾച്ചാ മുന്നറിയിപ്പുകൾ എന്നിവ സംബന്ധിച്ച കൃത്യമായ പ്രവചനങ്ങൾ നൽകുന്നു.

ജലസംഭരണികൾ കൈകാര്യം ചെയ്യുന്നതിനും, വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും, ജലസേചനം ആസൂത്രണം ചെയ്യുന്നതിനും, ഭൂഗർഭജല സ്രോതസ്സുകളുടെ മേൽനോട്ടത്തിനും ഇത് സഹായിക്കുന്നു.

കാർഷിക കാലാവസ്ഥാ ഉപദേശങ്ങളിലൂടെ ജലം സംരക്ഷിക്കാനും കാര്യക്ഷമമായി വിനിയോഗിക്കാനും കർഷകരെ സഹായിക്കുന്നു.

പേപ്പർ ചാർട്ട് സംവിധാനത്തിന് പകരമുള്ള ഡിജിറ്റൽ വർക്ക്ഫ്ലോകൾ ഓരോ വർഷവും ഏകദേശം 63 കിലോ ലിറ്റർ വെള്ളം ലാഭിക്കുന്നു.


പരിസ്ഥിതി സംരക്ഷണം:

കാലാവസ്ഥാ നിരീക്ഷണം, വായു ഗുണനിലവാര പ്രവചനം, പ്രകൃതിവിഭവ പരിപാലനം എന്നിവയെ പിന്തുണയ്ക്കുന്നു.

40 ഐഎംഡി ഓഫീസുകളിൽ മാനുവൽ ചാർട്ട് പ്ലോട്ടിംഗിന് പകരം ഡിജിറ്റൽ പ്രവചനം നിലവിൽ വന്നു.

പ്രതിവർഷം 23.4 ടൺ പേപ്പർ ലാഭിക്കുകയും പാരിസ്ഥിതികാഘാതം കുറയ്ക്കുകയും ചെയ്യുന്നു.

ഏകദേശം ₹1.40 കോടി വാർഷിക ലാഭം നേടുകയും 2.57 ടൺ CO₂ ബഹിർഗമനം ഒഴിവാക്കുകയും ചെയ്യുന്നു.


വിദ്യാഭ്യാസവും കാര്യക്ഷമത വർദ്ധിപ്പിക്കലും:

കാലാവസ്ഥാ നിരീക്ഷകർക്കും പങ്കാളികൾക്കും ഡിജിറ്റൽ പ്രവചന ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് പരിശീലന പരിപാടികൾ ഇത് വാഗ്ദാനം ചെയ്യുന്നു.

ബുള്ളറ്റിനുകൾ, മാപ്പുകൾ, ഓൺലൈൻ ഉറവിടങ്ങൾ എന്നിവയിലൂടെ  കാലാവസ്ഥാ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നു.

കാലാവസ്ഥാ ഡാറ്റയും കാലാവസ്ഥാ വിവരങ്ങളും നൽകിക്കൊണ്ട് ഗവേഷണത്തിനും ഉന്നത വിദ്യാഭ്യാസത്തിനും പിന്തുണ നൽകുന്നു.

മികച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും തയ്യാറെടുപ്പ് മെച്ചപ്പെടുത്തുന്നതിനും പ്രവചനങ്ങൾ മനസ്സിലാക്കുന്നതിൽ പങ്കാളികളെ ഇത് സഹായിക്കുന്നു.


സുസ്ഥിര കൃഷി:

കർഷകർക്ക് ആഴ്ചയിൽ രണ്ടുതവണ കാർഷിക ഉപദേശങ്ങളും വിളകളെക്കുറിച്ചുള്ള പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നു.

കാലാവസ്ഥയെ അടിസ്ഥാനമാക്കി വിതയ്ക്കൽ, ജലസേചനം, വിളവെടുപ്പ് എന്നിവ ആസൂത്രണം ചെയ്യാൻ കർഷകരെ സഹായിക്കുന്നു.

കാലാവസ്ഥാ നിർദ്ദേശങ്ങൾ ഉപയോഗപെടുത്തിയ കർഷകർ, അവ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് പ്രതിവർഷം 52.5% കൂടുതൽ വരുമാനം നേടി.

മഴയെ ആശ്രയിക്കുന്ന ജില്ലകളിലെ വിള കാലാവസ്ഥാ മുന്നറിയിപ്പുകൾ കർഷകർക്ക് ലഭിക്കുകയും ഉപയോഗിക്കുകയും ചെയ്താൽ, അവയിലൂടെ വാർഷിക സാമ്പത്തിക നേട്ടം 13,331 കോടി രൂപയായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു.
 
ഉപജീവന സംരക്ഷണം:

കർഷകർ, മത്സ്യത്തൊഴിലാളികൾ, ഗതാഗത തൊഴിലാളികൾ, ദിവസ വേതനക്കാർ എന്നിവർക്ക് സമയബന്ധിതമായ കാലാവസ്ഥാ വിവരങ്ങൾ നൽകുന്നു.

ആസ്തികൾ സംരക്ഷിക്കാനും പ്രവർത്തനങ്ങൾ സുരക്ഷിതമായി ആസൂത്രണം ചെയ്യാനും കാലാവസ്ഥയുമായി ബന്ധപ്പെട്ട നഷ്ടങ്ങൾ ഒഴിവാക്കാനും സമൂഹങ്ങളെ സഹായിക്കുന്നു.

കൃഷി, മത്സ്യബന്ധനം, വിനോദസഞ്ചാരം, ഗതാഗതം എന്നീ മേഖലകളിലെ ഉപജീവന സുരക്ഷ ഇത് വർദ്ധിപ്പിക്കുന്നു.


ഭരണനിർവ്വഹണം കാര്യക്ഷമമാക്കുന്നു:

ഡാറ്റ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും മുന്നറിയിപ്പുകൾ നൽകുന്നതിനുമായി പൂർണ്ണമായും ഡിജിറ്റൽ ഫോർകാസ്റ്റിംഗ് വർക്ക്ഫ്ലോ അവതരിപ്പിക്കുന്നു.

ഇത് പ്രവചന കൃത്യത വർദ്ധിപ്പിക്കുകയും ഡാറ്റ പങ്കിടൽ സുഗമമാക്കുകയും ഏജൻസികൾക്കിടയിലുള്ള ഏകോപനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

40 കാലാവസ്ഥാ നിരീക്ഷണ ഓഫീസുകളിലുടനീളമുള്ള മാനുഷിക ജോലികൾ കുറയ്ക്കുകയും ജീവനക്കാരുടെ കാര്യക്ഷമത പരമാവധിയാക്കുകയും ചെയ്യുന്നു.

ഡിജിറ്റൽ പരിവർത്തനം വാർഷികാടിസ്ഥാനത്തിൽ ഏകദേശം 57.6 കോടി രൂപയുടെ മനുഷ്യശക്തി ലാഭിക്കാൻ കാരണമായി.

NITI ആയോഗ്, ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) എന്നിവയുൾപ്പെടെ 200-ലധികം സ്ഥാപനങ്ങൾ IMD യുടെ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നു.

സമയബന്ധിതമായ പ്രവചനങ്ങൾ, അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള മുന്നറിയിപ്പുകൾ, മേഖലാധിഷ്ഠിത ഉപദേശങ്ങൾ എന്നിവ നൽകുന്നതിലൂടെ, MHEW-DSS സമൂഹങ്ങളുടെയും സ്ഥാപനങ്ങളുടെയും സന്നദ്ധത വർദ്ധിപ്പിക്കുന്നു. ദുരന്തസമയത്ത് ജീവൻ രക്ഷിക്കുന്നത് മുതൽ ഉപജീവനമാർഗ്ഗങ്ങളെ പിന്തുണയ്ക്കൽ, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, അവബോധപൂർണ്ണമായ ഭരണനിർവ്വഹണം എന്നിവ വരെ ഇതിന്റെ നേട്ടങ്ങളാണ്. മൊത്തത്തിൽ, കൂടുതൽ പ്രതിരോധശേഷിയുള്ളതും കാലാവസ്ഥ സജ്ജവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിലെ സുപ്രധാന ചുവടുവയ്പ്പാണ് ഈ സംവിധാനം.

MHEW-DSS ന് ലഭിച്ച ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ

സാങ്കേതികവിദ്യ, ഡാറ്റ, സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം എന്നിവയിലൂടെ ദുരന്തസാധ്യതകൾ കൈകാര്യം ചെയ്യുന്നതിലുള്ള ഇന്ത്യയുടെ സുപ്രധാന ചുവടുവയ്പ്പിനെയാണ് MHEW-DSS പ്രതിനിധീകരിക്കുന്നത്. ആഭ്യന്തര തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിൽ മാത്രമല്ല, ആഗോള മുന്നറിയിപ്പ് സംവിധാനങ്ങളിൽ ഇന്ത്യയുടെ സംഭാവന വർദ്ധിപ്പിക്കുന്നതിലും ഇതിന്റെ സ്വാധീനം പ്രതിഫലിക്കുന്നു. കൂടാതെ, ഈ സംവിധാനം പ്രാദേശിക സഹകരണം, കാലാവസ്ഥാ ശാസ്ത്രത്തിലെ അന്താരാഷ്ട്ര സഹകരണം, നൂതന സാങ്കേതികവിദ്യാധിഷ്ഠിത മുന്നറിയിപ്പ് സേവനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുകയും, ആഗോള ദുരന്തസാധ്യതാ ലഘൂകരണത്തിൽ പ്രധാന സംഭാവന നൽകുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.

അന്താരാഷ്ട്ര തലത്തിൽ, പ്രാദേശിക, ആഗോള ദുരന്ത സാധ്യത ലഘൂകരണ ഉദ്യമങ്ങളിൽ  ഇന്ത്യയുടെ പങ്ക് MHEW-DSS ശക്തിപ്പെടുത്തിയിട്ടുണ്ട്. ലോക കാലാവസ്ഥാ സംഘടന (WMO), ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾക്കായുള്ള ESCAP/WMO പാനലുമായി ഏകോപിപ്പിച്ച്, വടക്കേ ഇന്ത്യൻ മഹാസമുദ്രത്തിലും ഏഷ്യ-പസഫിക് മേഖലയിലുമുള്ള സമുദ്ര മുന്നറിയിപ്പുകൾ, വ്യോമയാന കാലാവസ്ഥാ വിവരങ്ങൾ, ഉഷ്ണമേഖലാ ചുഴലിക്കാറ്റ് പ്രവചനങ്ങൾ എന്നിവയുൾപ്പെടെയുള്ള കാലാവസ്ഥാ, കാലാവസ്ഥാ സേവനങ്ങൾ MHEW-DSS നൽകുന്നു. റീജിയണൽ സ്പെഷ്യലൈസ്ഡ് മെറ്റീരിയോളജിക്കൽ സെന്റർ (RSMC) എന്ന നിലയിൽ, ബംഗ്ലാദേശ്, മാലിദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, ശ്രീലങ്ക, തായ്‌ലൻഡ്, യുഎഇ, യെമൻ തുടങ്ങിയ രാജ്യങ്ങൾക്ക് നിർണായക പ്രവചനങ്ങളും കാലാവസ്ഥാ മുന്നറിയിപ്പുകളും നൽകുന്നതിന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  MHEW-DSS ഉപയോഗിക്കുന്നു, ഇത് പ്രാദേശിക സഹകരണവും സുപ്രധാന ഡാറ്റ പങ്കിടലും വർദ്ധിപ്പിക്കുന്നു.

ദേശീയ തലത്തിൽ, MHEW-DSS ഇന്ത്യയിൽ ദുരന്ത നിവാരണ  സന്നദ്ധതയും  പ്രതികരണ സംവിധാനങ്ങളും ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA), ദേശീയ ദുരന്ത നിവാരണ സേന (NDRF), സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികൾ (SDMA) തുടങ്ങിയ പ്രധാന ഏജൻസികൾ ഉൾപ്പെടെ 200-ലധികം സംഘടനകൾ നിലവിൽ ഈ സംവിധാനം ഉപയോഗിക്കുന്നു. ഇത് സമയബന്ധിതമായ പ്രവചനങ്ങളും ആഘാത കേന്ദ്രീകൃത മുന്നറിയിപ്പുകളും നൽകുന്നു. നഗര ആസൂത്രണം, വൈദ്യുതി യൂട്ടിലിറ്റികൾ, ആരോഗ്യ സേവനങ്ങൾ, വ്യോമയാനം തുടങ്ങിയ പ്രധാന മേഖലകൾക്ക് പ്രവർത്തനക്ഷമമായ കാലാവസ്ഥാ വിവരങ്ങൾ നൽകുകയും അടിയന്തര ഘട്ടങ്ങളിൽ മികച്ചതും അവബോധപൂർണ്ണവുമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സഹായിക്കുകയും ചെയ്യുന്നു.

ദുരന്തനിവാരണത്തിനും പൊതുസേവനത്തിനുമുള്ള സംഭാവനകൾക്ക് MHEW-DSS ദേശീയവും അന്തർദേശീയവുമായ അംഗീകാരങ്ങൾ കൈവരിച്ചിട്ടുണ്ട് . 2025 ലെ ഇ-ഗവേണൻസിനുള്ള ദേശീയ പുരസ്ക്കാരം, IMD ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്രയ്ക്ക്  ലഭിച്ച യുഎൻ ഓഫീസ് ഫോർ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ (UNDRR) സസകാവ 2025 പുരസ്ക്കാരം, പൊതു സേവന വിതരണത്തിൽ IMD യുടെ നൂതനാശയങ്ങളെ  അംഗീകരിച്ചുകൊണ്ട് 2026 ലെ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ ഉച്ചകോടിയിലെ എക്‌സലൻസ് പുരസ്ക്കാരം എന്നിവ ലഭിച്ചു. കൂടാതെ, "ദുരന്തനിവാരണവും പൊതുസുരക്ഷാ സാങ്കേതികവിദ്യയും" എന്ന വിഭാഗത്തിൽ 2026 ലെ ദി ഇക്കണോമിക് ടൈംസ് ഗവൺമെന്റ് അവാർഡും ലഭിക്കുകയുണ്ടായി.

സമഗ്രവീക്ഷണത്തിൽ, ഈ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ദുരന്തനിവാരണ മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിൽ MHEW-DSS ന്റെ ഫലപ്രാപ്തി പ്രകടമാക്കുന്നു. ദേശീയ തലത്തിൽ ദുരന്തങ്ങൾ കൈകാര്യം ചെയ്യാനുള്ള ഇന്ത്യയുടെ കഴിവിനെ ഈ സംവിധാനം എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്ന് മാത്രമല്ല, ദുരന്തസാധ്യതകൾ കൈകാര്യം ചെയ്യുന്നതിൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിൽ അതിന്റെ വളരുന്ന സംഭാവനയെയും അടിവരയിടുന്നു.


ഉപസംഹാരം

കാലാവസ്ഥാ പ്രവചനത്തിനും ദുരന്തസാധ്യത ലഘൂകരിക്കുന്നതിനുമുള്ള ഇന്ത്യയുടെ സമീപനത്തിലെ നിർണായക പരിവർത്തനത്തെയാണ് മൾട്ടി-ഹാസാർഡ് ഏർലി വാണിംഗ് ഡിസിഷൻ സപ്പോർട്ട് സിസ്റ്റം പ്രതിനിധീകരിക്കുന്നത്. തത്സമയ കാലാവസ്ഥാ നിരീക്ഷണം, സങ്കീർണ്ണമായ കമ്പ്യൂട്ടർ മോഡലുകൾ, ജിഐഎസ് അധിഷ്ഠിത വിശകലനം, ആശയവിനിമയ മാർഗ്ഗങ്ങൾ എന്നിവയെ ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കുന്നതിലൂടെ സങ്കീർണ്ണമായ കാലാവസ്ഥാ വിവരങ്ങളെ പ്രവർത്തനക്ഷമമായ മുന്നറിയിപ്പുകളാക്കി മാറ്റാൻ ഈ സംവിധാനം സഹായിക്കുന്നു.

പരിസ്ഥിതി, ഊർജ്ജം, ആരോഗ്യം, കൃഷി, ഉപജീവനമാർഗ്ഗങ്ങൾ, ഭരണനിർവ്വഹണം  തുടങ്ങിയ മേഖലകളിൽ MHEW-DSS (മൾട്ടി-ഹസാർഡ് ഏർലി വാണിംഗ് ഡിസിഷൻ സപ്പോർട്ട് സിസ്റ്റം) തയാറെടുപ്പുകൾ  ശക്തിപ്പെടുത്തിയിട്ടുണ്ട്. ജീവനുകൾ രക്ഷിക്കാനും, സാമ്പത്തിക നഷ്ടം കുറയ്ക്കാനും, മികച്ച സേവന വിതരണം ഉറപ്പാക്കാനും, സ്ഥിരവും ആഘാത കേന്ദ്രീകൃതവുമായ മുന്നറിയിപ്പുകളിലൂടെ പൊതുജനവിശ്വാസം ആർജ്ജിക്കാനും സഹായകമായിട്ടുണ്ട്. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള  മുന്നറിയിപ്പ് സംവിധാനങ്ങൾ സമൂഹത്തിനെ എപ്രകാരം വൻതോതിലുള്ള നേട്ടങ്ങളിലേക്ക് നയിക്കുമെന്ന്  ഈ സംവിധാനം വ്യക്തമാക്കുന്നു, ഒപ്പം  മൾട്ടി-ഹാസാർഡ് ഏർലി വാണിംഗ് സംവിധാനങ്ങളിൽ ഇന്ത്യയെ ആഗോള നേതൃത്വത്തിലേക്ക് ഉയർത്തുന്നു.
 


സൂചനകൾ 

India Meteorological Department

Council of Scientific & Industrial Research (CSIR)

Council on Energy, Environment and Water (CEEW)

Click here to see pdf

 

****


( റിലീസ് ഐ.ഡി: 2248897) സന്ദര്‍ശക കൗണ്ടര്‍ : 25
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Tamil