PIB Headquarters
ആഗോള ആരോഗ്യപരിചരണ രംഗത്ത് ഇന്ത്യയുടെ ഔഷധമേഖല
“ആഭ്യന്തര ഉൽപ്പാദനം മുതൽ അന്താരാഷ്ട്ര വിപണികൾ വരെ”
പോസ്റ്റഡ് ഓണ്‍:
21 MAR 2026 10:32AM by PIB Thiruvananthpuram
ആമുഖം - പൊതുജനാരോഗ്യവും സാമ്പത്തിക പുരോഗതിയും തമ്മിലുള്ള ബന്ധം
സാമ്പത്തിക വികസനത്തിൻ്റെ ചാലകശക്തിയായും അതിൻ്റെ ഫലമായുമാണ് ആരോഗ്യം നിലകൊള്ളുന്നത്. ഈ രണ്ട് മേഖലകളും സംഗമിക്കുന്ന സവിശേഷമായ സ്ഥാനമാണ് ഔഷധവ്യവസായത്തിനുള്ളത്. അവശ്യ മരുന്നുകളുടെയും വാക്സിനുകളുടെയും ലഭ്യത ഉറപ്പാക്കുന്നതിലൂടെ, പൊതുജനാരോഗ്യ ഫലങ്ങളും സാമൂഹ്യക്ഷേമവും മെച്ചപ്പെടുത്തുന്നതിൽ ഈ വ്യവസായം നിർണായക പങ്ക് വഹിക്കുന്നു. അതോടൊപ്പം, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, വിതരണശൃംഖലയുടെ കരുത്ത് വർധിപ്പിക്കാനും, വിശാലമായ സാമൂഹ്യ-സാമ്പത്തിക വികസനത്തിന് സംഭാവന നൽകാനും ഇതിന് സാധിക്കുന്നു. കാലക്രമേണ, ലോകത്തിലെ ഏറ്റവും സവിശേഷവും സാമൂഹ്യപ്രാധാന്യമുള്ളതുമായ മേഖലകളിലൊന്നായി ഇന്ത്യയിലെ ഔഷധവ്യവസായം രൂപപ്പെട്ടു. ഇത് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലുതും സാങ്കേതികമായി പുരോഗതി കൈവരിച്ചതുമായ ഔഷധ ഉൽപ്പാദകരിൽ മുൻനിരയിൽ എത്തിച്ചു.

ആഗോള ഔഷധ വിപണിയിൽ ഇന്ത്യ
മിതമായ നിരക്കും ഉറപ്പായ ഗുണമേന്മയും ഒത്തുചേരുന്ന സവിശേഷതയാണ് 'ലോകത്തിൻ്റെ ഔഷധശാല' എന്ന ഇന്ത്യയുടെ ഖ്യാതിക്ക് ആധാരം. ഇത് ആഗോള വിപണികളിലുടനീളം ഇന്ത്യൻ മരുന്നുകൾക്ക് മുൻഗണന നേടിക്കൊടുത്തു. ശക്തമായ ശാസ്ത്രീയ തൊഴിൽശക്തിയുടെയും ഉൽപ്പാദനശേഷിയുടെയും കരുത്തിൽ, ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ, അവശ്യ മരുന്നുകൾ തുടർച്ചയായി വിതരണം ചെയ്യാൻ ചെലവ് കുറഞ്ഞ നിർമാണ രീതികളിലൂടെ ഇന്ത്യക്ക് സാധിക്കുന്നു.

ആഗോളതലത്തിൽ ഉൽപ്പാദനത്തിൻ്റെ കാര്യത്തിൽ മൂന്നാം സ്ഥാനത്തും വിപണിമൂല്യത്തിൻ്റെ കാര്യത്തിൽ 11-ാം സ്ഥാനത്തുമാണ് ഇന്ത്യയിലെ ഔഷധവ്യവസായം. 3,000-ത്തിലധികം കമ്പനികളും 10,500 നിർമാണ യൂണിറ്റുകളും ഈ മേഖലയിലുണ്ട്. 60 ശതകോടി അമേരിക്കൻ ഡോളർ മൂല്യമുള്ള ആഭ്യന്തര ഔഷധവിപണി, 2030-ഓടെ 130 ശതകോടി അമേരിക്കൻ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2025-26-ലെ സാമ്പത്തിക സർവേ പ്രകാരം, 2024-25 സാമ്പത്തിക വർഷത്തിൽ ഈ മേഖലയുടെ വാർഷിക വിറ്റുവരവ് 4.72 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ ദശകത്തിൽ (2014-15 മുതൽ 2024-25 വരെ) കയറ്റുമതിയിൽ 7 ശതമാനം വാർഷിക വളർച്ചനിരക്കാണ് (CAGR) രേഖപ്പെടുത്തിയത്. ജനറിക് മരുന്നുകളുടെ ലോകത്തിലെ ഏറ്റവും വലിയ വിതരണക്കാരാണ് ഇന്ത്യ. ആഗോള വിതരണത്തിൻ്റെ ഏകദേശം 20 ശതമാനവും ഇന്ത്യയുടെ വിഹിതമാണ്. 60 ചികിത്സാ വിഭാഗങ്ങളിലായി ഏകദേശം 60,000 ജനറിക് ബ്രാൻഡുകൾ ഇന്ത്യ ഉൽപ്പാദിപ്പിക്കുന്നു. HIV ചികിത്സയ്ക്കുള്ള മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയും, ചെലവ് കുറഞ്ഞ വാക്സിനുകളുടെ മുൻനിര ആഗോള വിതരണക്കാരായി മാറിയും ഇന്ത്യയിലെ ഔഷധവ്യവസായം രാജ്യത്തിനകത്തും അന്താരാഷ്ട്രതലത്തിലും പൊതുജനാരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

അമേരിക്കയ്ക്ക് പുറത്ത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (USFDA) അംഗീകരിച്ച ഏറ്റവും കൂടുതൽ നിർമാണ പ്ലാൻ്റുകൾ ഉള്ളത് ഇന്ത്യയിലാണ്. ഇത് ഇന്ത്യൻ ഔഷധങ്ങളുടെ സുരക്ഷയിലും ഗുണമേന്മയിലുമുള്ള അന്താരാഷ്ട്ര വിശ്വാസം കൂടുതൽ ഉറപ്പിക്കുന്നു. ഏകദേശം 500 സജീവ ഔഷധനിർമാണഘടക (API) ഉൽപ്പാദകർ ഇന്ത്യയിലുണ്ട്. ഇത് ആഗോള API വ്യവസായത്തിൻ്റെ ഏകദേശം 8 ശതമാനം വരും.

ഔഷധ കയറ്റുമതി - ആഗോള വ്യാപനവും നിക്ഷേപ വളർച്ചയും
ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ് (DPT), BCG, അഞ്ചാംപനി എന്നിവയ്ക്കുള്ള വാക്സിൻ വിതരണത്തിൽ ഇന്ത്യ ലോകത്ത് മുൻനിരയിലാണ്. യുണൈറ്റഡ് നേഷൻസ് ഇൻ്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ടിന് (UNICEF) ആവശ്യമായ വാക്സിനുകളുടെ ഏകദേശം 60 ശതമാനവും നൽകുന്നത് ഇന്ത്യൻ നിർമാതാക്കളാണ്. DPT, BCG വാക്സിനുകളുടെ ആഗോള ആവശ്യകതയുടെ 40-70 ശതമാനവും ഇന്ത്യ നിറവേറ്റുന്നു. കൂടാതെ, ലോകാരോഗ്യ സംഘടനയുടെ അഞ്ചാംപനി വാക്സിൻ ആവശ്യകതയുടെ 90 ശതമാനവും നിറവേറ്റുന്നത് ഇന്ത്യയാണ്. ഇന്ത്യൻ ഔഷധ കയറ്റുമതിയുടെ കരുത്തും ആഗോള ആരോഗ്യപരിചരണ വിതരണശൃംഖലയുമായുള്ള അതിൻ്റെ ആഴത്തിലുള്ള ബന്ധവുമാണ് ഇത് വ്യക്തമാക്കുന്നത്.
കയറ്റുമതി പ്രകടനം
2025-26 ലെ സാമ്പത്തിക സർവേ പ്രകാരം, മൂല്യം അടിസ്ഥാനത്തിൽ ഔഷധ കയറ്റുമതിയിൽ ഇന്ത്യ നിലവിൽ ആഗോളതലത്തിൽ 11-ാം സ്ഥാനത്താണ്. 2024-25 ൽ 191 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയുണ്ടായിരുന്നു. അതിൽ 50 ശതമാനം അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഉയർന്ന നിയന്ത്രിത വിപണികളിലേക്കാണ് കയറ്റുമതി ചെയ്‍തത്.ഇത് ഇന്ത്യൻ ഔഷധങ്ങളുടെ വ്യാപകമായ അന്താരാഷ്ട്ര സ്വീകാര്യതയെ പ്രതിഫലിപ്പിക്കുന്നു. 2024-25 ൽ, ഔഷധ കയറ്റുമതി 30.5 ശതകോടി യുഎസ് ഡോളറായിരുന്നു, 2000-01 ലെ 1.9 ശതകോടി യുഎസ് ഡോളറിൽ നിന്ന് ഏകദേശം 16 മടങ്ങ് വർധന രേഖപ്പെടുത്തി . എല്ലാ മാസവും കയറ്റുമതി ആക്കം ശക്തമായി തുടരുന്നു. മരുന്നുകളുടെയും ഔഷധങ്ങളുടെയും കയറ്റുമതി 2025 ജനുവരിയിലെ 2.59 ശതകോടി യുഎസ് ഡോളറിൽ നിന്ന് 2026 ജനുവരിയിൽ 2.66 ശതകോടി യുഎസ് ഡോളറായി,ഏകദേശം 2.70 ശതമാനം വർദ്ധിച്ചു. കൂടാതെ, മെഡിക്കൽ ഉപകരണ കയറ്റുമതി 2020-21 ൽ 2.5 ശതകോടി യുഎസ് ഡോളറിൽ നിന്ന് 2024-25 ൽ 4.1 ശതകോടി യുഎസ് ഡോളറായി ഗണ്യമായി വർധിച്ചു . 2025 സാമ്പത്തിക വർഷത്തിൽ 187 രാജ്യങ്ങളിലേക്കുള്ള കയറ്റുമതി രേഖപ്പെടുത്തി
വർദ്ധിച്ചുവരുന്ന കയറ്റുമതിയിലൂടെയും സ്ഥിരമായ വിദേശ നിക്ഷേപത്തിലൂടെയും ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ മേഖല ആഗോളതലത്തിൽ സാന്നിധ്യം വികസിപ്പിച്ചു. അന്താരാഷ്ട്രതലത്തിൽ ഉൽപ്പാദന, നിയന്ത്രണ മാനദണ്ഡങ്ങളിലെ ഇന്ത്യയുടെ ആത്മവിശ്വാസത്തെ ഇത് സൂചിപ്പിക്കുന്നു. മൊത്തത്തിൽ, ഇത് ഇന്ത്യയെ ഗുണനിലവാരമുള്ളതും താങ്ങാനാവുന്ന വിലയിലുള്ളതുമായ മരുന്നുകളുടെ വിശ്വസനീയമായ വിതരണ രാജ്യമായി സ്ഥാപിക്കുകയും കയറ്റുമതി അടിസ്ഥാനമാക്കിയുള്ള വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിക്കാർ നൈജീരിയ, മെക്സിക്കോ, യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാൻസാനിയ, നെതർലാൻഡ്‌സ്, ഫ്രാൻസ്, ബ്രസീൽ, ശ്രീലങ്ക, സൗദി അറേബ്യ, സ്പെയിൻ എന്നിവയുൾപ്പെടെ ഉയർന്നുവരുന്നതും പുതിയതുമായ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബൾക്ക് ഔഷധങ്ങൾ , ശസ്ത്രക്രിയാ ഉൽപ്പന്നങ്ങൾ, ഫോർമുലേഷനുകൾ എന്നിവയുടെ കയറ്റുമതി നടത്തുന്നു.ഇതിലൂടെ തന്ത്രപരമായി കയറ്റുമതി ഇടപാടുകൾ വൈവിധ്യവൽക്കരിച്ചു. വ്യക്തിഗത വിപണികളിൽ കേന്ദ്രീകരിച്ചിരിക്കുന്ന താരിഫ് സംബന്ധമായ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിലൂടെ വിപണി വൈവിധ്യവൽക്കരണത്തിനും , കയറ്റുമതി മേഖലയിൽ പ്രതിരോധശേഷി ആർജിക്കുന്നതിനും സഹായകമായി.
നേരിട്ടുള്ള വിദേശനിക്ഷേപം
വിദേശ നിക്ഷേപകരുടെ താല്പര്യമുള്ള കേന്ദ്രമായി ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖല ഉയർന്നുവന്നിട്ടുണ്ട്. കൂടാതെ ഇന്ത്യയിൽ വിദേശ നിക്ഷേപം ആകർഷിക്കുന്ന മികച്ച 10 വ്യവസായങ്ങളിൽ ഒന്നാണ് ഇത് . 2025-26 സാമ്പത്തിക വർഷത്തിൽ (സെപ്റ്റംബർ വരെ) മരുന്നുകളിലും ഫാർമസ്യൂട്ടിക്കലുകളിലുമുള്ള വിദേശ നിക്ഷേപം 13,193 കോടിയിലെത്തി. നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനും, ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും, നിയന്ത്രണ സ്ഥിരതയ്ക്കും, ആഗോള ഉൽപ്പാദന കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പാക്കുന്നതിനും ഇത് വഴി തെളിക്കുന്നു.
വ്യാപാര കരാറുകളിലൂടെ ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഉപകരണ കയറ്റുമതി ശക്തിപ്പെടുത്തുന്നു
ഇന്ത്യയുടെ ശക്തിപ്പെടുന്ന വ്യാപാര കരാറുകൾ ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഉപകരണ മേഖലകളിലേക്കുള്ള ആഗോള വിപണി പ്രവേശനം വികസിപ്പിക്കുന്നു. ലോകമെമ്പാടുമായി താങ്ങാനാവുന്ന വിലയ്ക്ക് മരുന്നുകളുടെയും മെഡിക്കൽ സാങ്കേതികവിദ്യകളുടെയും വിശ്വസനീയമായ വിതരണ രാജ്യം എന്ന നിലയിൽ ഇന്ത്യയുടെ പദവിയെ ഈ പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നു. യൂറോപ്പുമായും ന്യൂസിലൻഡുമായും ഉള്ള സമീപകാല കരാറുകൾ കയറ്റുമതി, നിക്ഷേപം, ആഗോള ആരോഗ്യ സംരക്ഷണ മൂല്യ ശൃംഖലകളിലേക്കുള്ള സംയോജനം എന്നിവയെ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യ-ഇയു എഫ്‌ടിഎ
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഉപകരണ മേഖലകൾക്കുള്ള അവസരങ്ങൾ ഗണ്യമായി വികസിപ്പിക്കുന്ന ഒരു സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ ഇന്ത്യയും യൂറോപ്യൻ യൂണിയനും പൂർത്തിയാക്കി. ഏകദേശം 572.3 ശതകോടി യുഎസ് ഡോളർ വിലമതിക്കുന്ന,ഔഷധങ്ങളും മെഡിക്കൽ സാങ്കേതികവിദ്യകളും അടങ്ങുന്ന ഉൽപ്പന്നങ്ങളുടെ യൂറോപ്യൻ യൂണിയനിലേക്കുള്ള മെച്ചപ്പെട്ട വിപണി പ്രവേശനം ഈ കരാർ നൽകുന്നു. താരിഫ് ഉദാരവൽക്കരണം ഇന്ത്യൻ മെഡിക്കൽ ഉപകരണങ്ങളുടെ ആഗോള മത്സരശേഷി മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നിർമ്മാണ കേന്ദ്രങ്ങളിൽ കയറ്റുമതി വർധന ഉണ്ടാകാൻ സാധ്യതയുണ്ട്. വിദഗ്ധ തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനും, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും, ആഗോള ആരോഗ്യ സംരക്ഷണ മൂല്യ ശൃംഖലകളിലേക്കുള്ള ഇന്ത്യയുടെ സംയോജനം കൂടുതൽ ആഴത്തിലാക്കുന്നതിനും ഈ കരാർ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യ-യുകെ സിഇടിഎ
2025 ജൂലൈയിൽ ഒപ്പുവച്ച ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (സിഇടിഎ) ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഉപകരണ മേഖലകൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. കരാർ പ്രകാരം, 56 ഫാർമസ്യൂട്ടിക്കൽ താരിഫ് ലൈനുകൾക്ക് തീരുവ രഹിത വിപണി പ്രവേശം ലഭിക്കും. യൂറോപ്പിലെ ഇന്ത്യയുടെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ കയറ്റുമതി വിപണിയായി തുടരുന്ന യുകെയിൽ ഇന്ത്യൻ ജനറിക് മരുന്നുകളെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുന്നതിനും ഇത് സഹായിക്കുന്നു.
ശസ്ത്രക്രിയാ ഉപകരണങ്ങൾ, ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ, ഇസിജി മെഷീനുകൾ, എക്സ്-റേ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ നിരവധി മെഡിക്കൽ ഉപകരണങ്ങൾക്ക് തീരുവ രഹിത വിപണി നൽകാനും കരാർ അനുവദിക്കുന്നു. ഇത് ഇന്ത്യൻ നിർമ്മാതാക്കളുടെ ചെലവ് കുറയ്ക്കുകയും, യുകെ വിപണിയിൽ അവരുടെ മത്സരശേഷി ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യ -ന്യൂസിലൻഡ് എഫ്‌ടിഎ
2025 ഡിസംബറിൽ അവസാനിച്ച ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ, ഏകദേശം 90 താരിഫ് ലൈനുകളിൽ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്ക് തീരുവ രഹിത വിപണി നൽകുന്നതിലൂടെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിക്കുള്ള അവസരങ്ങൾ വികസിപ്പിക്കുന്നു.
അതുകൊണ്ട് തന്നെ ഈ കരാറുകൾ ആരോഗ്യ സംരക്ഷണഉൽപ്പന്ന വ്യാപാരത്തെ കൂടുതൽ ആഴത്തിലാക്കുകയും ഇന്ത്യയുടെ ഔഷധ നിർമ്മാണ ആവാസവ്യവസ്ഥയുടെ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഔഷധമേഖലയെ പിന്തുണയ്ക്കുന്ന ഗവണ്മെൻ്റ് ഇടപെടലുകൾ:
ഗവണ്മെൻ്റ് തന്ത്രങ്ങളുടെ മുൻനിരയിൽ നിൽക്കുന്നത് ഉൽപ്പാദനബന്ധിത ആനുകൂല്യ (PLI) പദ്ധതികളാണ്. ഔഷധങ്ങൾ, ബൾക്ക് ഡ്രഗ്‌സ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ആഭ്യന്തര ഉൽപ്പാദനം ശക്തിപ്പെടുത്തുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും കയറ്റുമതി വർധിപ്പിക്കുന്നതിനും ഈ പദ്ധതികൾ ലക്ഷ്യമിടുന്നു. ബൾക്ക് ഡ്രഗ് - മെഡിക്കൽ ഡിവൈസ് പാർക്കുകൾ, വ്യവസായ പിന്തുണാപദ്ധതികൾ, ഗവേഷണ പ്രോത്സാഹന നടപടികൾ എന്നിവയുടെ സഹായത്തോടെ ഈ പദ്ധതികൾ ഉൽപ്പാദന ശേഷി വികസിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആഗോളതലത്തിൽ മത്സരശേഷിയുള്ള ഔഷധ ഹബ്ബെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഇത് കൂടുതൽ ഉറപ്പിക്കുന്നു.
ഉൽപ്പാദനബന്ധിത ആനുകൂല്യ (PLI) പദ്ധതികൾ:
ഔഷധനിർമാണ വകുപ്പ് നടപ്പാക്കുന്ന ഉൽപ്പാദനബന്ധിത ആനുകൂല്യ പദ്ധതികൾ, ആഭ്യന്തര ഉൽപ്പാദനം ശക്തിപ്പെടുത്തുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ അടിസ്ഥാനശിലയാണ്. ഔഷധങ്ങൾക്കും ബൾക്ക് ഡ്രഗ്‌സിനുമുള്ള PLI പദ്ധതികൾ വഴി സജീവ ഔഷധനിർമാണ ഘടകങ്ങൾ (API), കീ സ്റ്റാർട്ടിങ് മെറ്റീരിയലുകൾ (KSM), ഡ്രഗ് ഇൻ്റർമീഡിയറ്റുകൾ (DIs) എന്നിവയുടെ 3,591 കോടി രൂപയുടെ ഇറക്കുമതി ഒഴിവാക്കാൻ ഇതിനകം സാധിച്ചു. ഇത് ഇറക്കുമതിയെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കുന്നതിനും ഇന്ത്യയുടെ ഉൽപ്പാദനശക്തി വർധിപ്പിക്കുന്നതിനും കാരണമായി.
സജീവ ഔഷധനിർമാണ ഘടകങ്ങൾ (API)
ഔഷധ ഉൽപ്പന്നത്തിൻ്റെ നിർമാണത്തിൽ ഉപയോഗിക്കുന്നതും അന്തിമ മരുന്നിലെ സജീവ ഘടകമായി മാറുന്നതുമായ പദാർഥമാണിത്. രോഗനിർണയം, ചികിത്സ അല്ലെങ്കിൽ രോഗപ്രതിരോധം എന്നിവയിൽ നേരിട്ടുള്ള ഔഷധഗുണമോ ചികിത്സാപരമായ ഫലമോ നൽകുന്നത് ഈ ഘടകമാണ്.
ഡ്രഗ് ഇൻ്റർമീഡിയറ്റ് (DI)
മരുന്നിൻ്റെ നിർമാണപ്രക്രിയകൾക്കിടെ രൂപപ്പെടുന്ന പദാർഥമാണിത്. ഇത് സജീവ ഔഷധനിർമാണ ഘടകമായി (API) മാറുന്നതിന് മുൻപ് കൂടുതൽ സംസ്കരണ നടപടികൾക്ക് വിധേയമാകേണ്ടതുണ്ട്.
കീ സ്റ്റാർട്ടിങ് മെറ്റീരിയൽ (KSM)
API നിർമാണത്തിനായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുവോ, ഇൻ്റർമീഡിയറ്റോ അല്ലെങ്കിൽ മറ്റൊരു API-യോ ആണിത്. ഇത് API-യുടെ ഘടനയിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇതിന് നിശ്ചിത രാസഗുണങ്ങളുണ്ടാകും. ഇത് വിപണിയിൽ നിന്ന് വാങ്ങുന്നതോ അല്ലെങ്കിൽ സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നതോ ആകാം.
ഔഷധങ്ങൾക്കായുള്ള PLI പദ്ധതി
ഉയർന്ന മൂല്യമുള്ള ബയോഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, സങ്കീർണമായ ജനറിക് മരുന്നുകൾ, ഓട്ടോ ഇമ്മ്യൂൺ മരുന്നുകൾ എന്നിവയുടെ ആഭ്യന്തര ഉൽപ്പാദനത്തെ ഈ പദ്ധതി പിന്തുണയ്ക്കുന്നു. ഇത് വലിയ തോതിലുള്ള വിൽപ്പനയ്ക്കും കയറ്റുമതിക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. 2025 സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച്, 17,274.96 കോടി രൂപ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് 40,890 കോടി രൂപയുടെ നിക്ഷേപം ഈ പദ്ധതിക്ക് കീഴിൽ എത്തിയിട്ടുണ്ട്.
2021-ൽ ആരംഭിച്ചതിനുശേഷം:
2025 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം ആകെ വിൽപ്പന 3,16,797 കോടി രൂപയിലെത്തി.
ആകെ വിൽപ്പനയിൽ കയറ്റുമതി 2,03,730 കോടി രൂപയായിരുന്നു.
2025 സെപ്റ്റംബർ വരെ കരാർ തൊഴിലാളികളും അപ്രൻ്റീസ് തൊഴിലാളികളും ഉൾപ്പെടെ ഏകദേശം 97,000 പേർ ഈ പദ്ധതിക്ക് കീഴിൽ ജോലി ചെയ്തിട്ടുണ്ട്.
മരുന്നുകളിലെ സജീവ ഔഷധ ഘടകങ്ങൾക്കായുള്ള പിഎൽഐ പദ്ധതി (API/KSM/DI)
നിർണ്ണായക ഘടകങ്ങളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുകയും ഒരൊറ്റ സ്രോതസ്സിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
2025 സെപ്റ്റംബർ വരെ:
26 നിർണായക API/KSMകൾക്കായി പ്രതിവർഷം 55,100 മെട്രിക് ടൺ എന്ന മൊത്തം ഉൽപാദന ശേഷി സ്ഥാപിച്ചു.
തുടക്കം (2022) മുതലുള്ള ആകെ വിൽപ്പന 2,313.16 കോടി രൂപയിലെത്തി. ഇതിൽ 508.12 കോടി രൂപയുടെ കയറ്റുമതിയും ഉൾപ്പെടുന്നു.
പദ്ധതി പ്രകാരമുള്ള സമാഹരണ ലക്ഷ്യം 4,329.95 കോടി രൂപയായിരുന്നെങ്കിലും സമാഹരിച്ച നിക്ഷേപം 4,763.34 കോടി രൂപയാണ്.
ഈ പദ്ധതി പ്രകാരം 4,929 പേർക്ക് തൊഴിൽ ലഭിച്ചു.
മെഡിക്കൽ ഉപകരണങ്ങളുടെ ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പിഎൽഐ പദ്ധതി:
ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും മെഡിക്കൽ ഉപകരണ മേഖലയിൽ ഗണ്യമായ നിക്ഷേപം ആകർഷിക്കുന്നതിനുമാണ് ഈ പദ്ധതി ഉദ്ദേശിക്കുന്നത്.
2025 സെപ്റ്റംബർ വരെ:
പദ്ധതിയുടെ കീഴിലുള്ള മൊത്തം വിൽപ്പന 12,344.37 കോടി രൂപയാണ്. ഇതിൽ 5,869.36 കോടി രൂപയുടെ കയറ്റുമതിയും ഉൾപ്പെടുന്നു.
ഈ പദ്ധതി 1,093.69 കോടി രൂപയുടെ യഥാർത്ഥ നിക്ഷേപം ആകർഷിച്ചു.
ഔഷധ ഘടകം (ബൾക്ക് ഡ്രഗ്), മെഡിക്കൽ ഉപകരണങ്ങൾക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികൾ
ബൾക്ക് ഡ്രഗ് പാർക്കുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി:
ബൾക്ക് ഡ്രഗ് പാർക്കുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ഔഷധ ഘടകങ്ങളുടെ നിർമ്മാണത്തിനുള്ള ഒരു പൊതു അടിസ്ഥാന സൗകര്യ വികസനത്തെ പിന്തുണയ്ക്കുന്നു. ഈ പദ്ധതി പ്രകാരം, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മൂന്ന് ബൾക്ക് ഡ്രഗ് പാർക്കുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. സംസ്ഥാന നിർവ്വഹണ ഏജൻസികൾ വഴി ഇവ വികസനത്തിൻ്റെ വിവിധ ഘട്ടങ്ങളിലാണ്. 2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ഈ പാർക്കുകളുടെ ആകെ പദ്ധതി ചെലവ് 6,306.68 കോടി രൂപയിലധികമാണ്. പൊതുവായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനായി ഓരോന്നിനും 1,000 കോടി രൂപ കേന്ദ്ര സഹായം നൽകുന്നു (3,000 കോടി രൂപ ബജറ്റ് വിഹിതം).
മെഡിക്കൽ ഉപകരണ പാർക്കുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി:
പൊതുവായ പരിശോധനയും ലബോറട്ടറി സൗകര്യങ്ങളും/കേന്ദ്രങ്ങളും ഒരിടത്ത് തന്നെ നൽകുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.ഇത് വഴി ഉത്തർപ്രദേശ് (ഗ്രേറ്റർ നോയിഡ), മധ്യപ്രദേശ് (ഉജ്ജൈൻ), തമിഴ്‌നാട് (കാഞ്ചീപുരം) എന്നിവിടങ്ങളിൽ മൂന്ന് പാർക്കുകളുടെ വികസനം നിർമാണപുരോഗതി കൈവരിക്കുന്നു . ഈ പാർക്കുകളുടെ ആകെ പദ്ധതി ചെലവ് 871.11 കോടി രൂപയാണ് . പൊതു അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനായി കേന്ദ്ര ഗ്രാൻ്റ്-ഇൻ-എയ്ഡ് 100 കോടി രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. 2025 ഡിസംബർ വരെ, മൂന്ന് പാർക്കുകളിലായി 199 മെഡിക്കൽ ഉപകരണ നിർമ്മാതാക്കൾക്ക് ഭൂമി അനുവദിച്ചു. ആകെ 306.64 ഏക്കർ ഭൂമിയിൽ 34 യൂണിറ്റുകൾ അവരുടെ പ്ലാൻ്റുകളുടെ നിർമ്മാണം ആരംഭിച്ചു.
നൂതനാശയങ്ങൾക്കും മെച്ചപ്പെട്ട പ്രവേശനത്തിനുമുള്ള മറ്റ് സംരംഭങ്ങൾ:
ഗവേഷണവും നൂതനാശയവും:
ഫാർമ മെഡ്‌ടെക്കിലെ ഗവേഷണ-നൂതനാശയ പ്രോത്സാഹന പദ്ധതി (PRIP),- ജനറിക് മരുന്ന് ഉൽപാദനത്തിനപ്പുറം നൂതനാശയ-പ്രേരിത വളർച്ചയിലേക്ക് നീങ്ങിക്കൊണ്ട് ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ടെക്നോളജി ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നു. വ്യവസ്ഥാപിതമായ രണ്ട് ഘടകങ്ങളിലൂടെ ഗവേഷണം, ഉൽപ്പന്ന വികസനം, വ്യവസായവും അക്കാദമിക മേഖലയും തമ്മിലുള്ള അടുത്ത സഹകരണം എന്നിവയെ ഇത് പിന്തുണയ്ക്കുന്നു.
ഘടകം എ പ്രകാരം,ആകെ 700 കോടി രൂപ ചെലവിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ ഓരോന്നിലും ഉൾപ്പെടെ 7 മികവ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
2025 നവംബർ വരെ, 111 ഗവേഷണ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു, 46 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. മികവിൻ്റെ കേന്ദ്രങ്ങൾക്ക് കീഴിൽ 6 പേറ്റൻ്റുകൾ ഫയൽ ചെയ്തു.
ഘടകം ബി പ്രകാരം, ഫാർമ മെഡ്‌ടെക് മേഖലയിലെ തിരിച്ചറിഞ്ഞ മുൻഗണനാ മേഖലകളിലെ ഗവേഷണത്തിനായി വ്യവസായങ്ങൾ, എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് സാമ്പത്തിക സഹായം നൽകുന്നു.
താങ്ങാനാവുന്ന വിലയിലുള്ള മരുന്നുകളുടെ. ലഭ്യത
രാജ്യമെമ്പാടും താങ്ങാനാവുന്ന നിരക്കിൽ, ഗുണനിലവാരമുള്ള ജനറിക് മരുന്നുകളുടെ ലഭ്യത മെച്ചപ്പെടുത്തുക എന്നതാണ് പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന (PMBJP) ലക്ഷ്യമിടുന്നത്. ഔട്ട്‌ലെറ്റുകളുടെ വിശാല ശൃംഖലയിലൂടെ, മരുന്നുകൾക്കായി ചെലവാക്കേണ്ടി വരുന്ന തുക കുറയ്ക്കാനും അവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ന്യായമായ വിലയ്ക്ക് ലഭ്യമാണെന്ന് ഉറപ്പാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
2026 മാർച്ച് വരെ, (28.02.2026) 18,646-ലധികം ജൻ ഔഷധി കേന്ദ്രങ്ങൾ (ജെഎകെ) പ്രവർത്തനക്ഷമമാണ്.
ഉൽപ്പന്നങ്ങളിൽ 2,110 മരുന്നുകൾ, 315 മെഡിക്കൽ ഉപകരണങ്ങൾ, ചികിത്സയ്ക്കായുള്ള 29 ഇനം ഉപഭോഗവസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു.
ജൻ ഔഷധി സുവിധ സാനിറ്ററി നാപ്കിനുകൾ ഒരു പാഡിന് ഒരു രൂപ നിരക്കിൽ ലഭ്യമാണ്. 31.01.2026 വരെ 100 കോടിയിലധികം പാഡുകൾ വിറ്റു. ഇതിൽ, 2025-26 സാമ്പത്തിക വർഷത്തിൽ 31.01.2026 വരെ 22.50 കോടിയിലധികം ജൻ ഔഷധി സുവിധ സാനിറ്ററി പാഡുകൾ വിറ്റു.
2024-25 ൽ 2,022.47 കോടി രൂപയുടെ വിൽപ്പന നടന്നു. ഇതിലൂടെ പൗരന്മാർക്ക് ഏകദേശം 8,000 കോടി രൂപയുടെ ലാഭം ഉണ്ടായതായി കണക്കാക്കപ്പെടുന്നു.
2025-26 ൽ 2025 നവംബർ 30 വരെ 1,409.32 കോടി രൂപയുടെ വിൽപ്പന നടത്താനായി. ഇതിലൂടെ പൗരന്മാർക്ക് ഏകദേശം 5,637 കോടി രൂപയുടെ ലാഭം നേടാനായി.
ആഭ്യന്തര ഉൽപ്പാദനം ശക്തിപ്പെടുത്തുന്നതിനും, നൂതനാശയം പ്രോത്സാഹിപ്പിക്കുന്നതിനും, താങ്ങാനാവുന്ന നിരക്കിൽ വില മെച്ചപ്പെടുത്തുന്നതിനും, ഫാർമസ്യൂട്ടിക്കൽ, മെഡ്‌ടെക് മേഖലകളിലുടനീളം ആഗോള മത്സരശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള ഏകോപിത നയ സമീപനമാണ് ഈ സംരംഭങ്ങൾ പ്രകടമാക്കുന്നത്.
ബയോഫാർമ ശക്തി - ഇന്ത്യയുടെ ബയോഫാർമസ്യൂട്ടിക്കൽ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു
2026-27 ലെ കേന്ദ്ര ബജറ്റിൽ, ഇന്ത്യയെ ആഗോള ബയോഫാർമസ്യൂട്ടിക്കൽ നിർമ്മാണ കേന്ദ്രമായി സ്ഥാപിക്കുന്നതിനായി ബയോഫാർമ ശക്തി (അറിവ്, സാങ്കേതികവിദ്യ, നൂതനാശയം എന്നിവയിലൂടെ ആരോഗ്യ സംരക്ഷണ പുരോഗതിക്കുള്ള തന്ത്രം) എന്ന സംരംഭം ഗവണ്മെൻ്റ് നിർദ്ദേശിച്ചിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മൊത്തം 10,000 കോടി രൂപയുടെ അടങ്കലോടെയാണ് ഈ സംരംഭം ആരംഭിക്കുക. കൂടാതെ ബയോളോജിക്സുകളുടെയും ബയോസിമിലറുകളുടെയും ആഭ്യന്തര ഉൽപാദനത്തിനായി ശക്തമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതും ഇതിൻ്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.
പുതുതായി സ്ഥാപിക്കുന്ന 3 എണ്ണവും നിലവിലുള്ള 7 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (NIPERs) നവീകരിക്കുന്നതും ഉൾപ്പെടെ ബയോഫാർമ കേന്ദ്രീകരിച്ചുള്ള ഒരു സ്ഥാപന ശൃംഖല സൃഷ്ടിക്കുന്നതും ബയോഫാർമ ശക്തിയിൽ ഉൾപ്പെടും. ഇന്ത്യയിലുടനീളം 1,000-ത്തിലധികം അംഗീകൃത ക്ലിനിക്കൽ പരീക്ഷണ കേന്ദ്രങ്ങളുടെ ഒരു ശൃംഖല സൃഷ്ടിക്കും. ക്ലിനിക്കൽ ഗവേഷണ ശേഷി ശക്തിപ്പെടുത്തുന്നതിനും ഉയർന്ന മൂല്യമുള്ള ബയോഫാർമസ്യൂട്ടിക്കൽ തെറാപ്പികളിലെ നൂതനാശയങ്ങളെ പിന്തുണയ്ക്കുന്നതിനും ഈ പരിപാടി പ്രോത്സാഹനം നൽകും.
ബയോഫാർമസ്യൂട്ടിക്കൽസ് അഥവാ ബയോളോജിക്സിൽ വാക്സിനുകൾ, തെറാപ്യൂട്ടിക് പ്രോട്ടീനുകൾ, രക്ത ഘടകങ്ങൾ,ശരീര കലകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്നു. അവ ജീവനുള്ള സ്രോതസ്സുകളിൽ നിന്നാണ് വേർതിരിച്ചെടുത്തത്. രാസപരമായി സംശ്ലേഷണം ചെയ്തെടുക്കുന്ന മരുന്ന് തന്മാത്രകളെക്കാൾ ഇവ സങ്കീർണ്ണവുമാണ്. ഒരു അടിസ്ഥാന ഉൽപ്പന്നത്തെ ആധാരമാക്കി, അംഗീകൃത ബയോളോജിക് മരുന്നുകളുടെ പതിപ്പുകളെ ആസ്പദമാക്കിയാണ് ബയോസിമിലറുകൾ നിർമ്മിക്കുന്നത്.
മരുന്ന് വിലനിർണ്ണയവും നിയന്ത്രണവും - ഭരണ, പാലന നടപടികളും
രാജ്യത്തുടനീളമുള്ള മരുന്നുകളുടെ സുരക്ഷ, താങ്ങാനാവുന്ന വില, ഏകീകരണം എന്നിവ ഉറപ്പാക്കുന്ന ശക്തമായ ഒരു നിയന്ത്രണ, ഗുണനിലവാര ചട്ടക്കൂടാണ് ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ സംവിധാനത്തെ പിന്തുണയ്ക്കുന്നത്.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO)
മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയ്ക്കായുള്ള ഇന്ത്യയുടെ ദേശീയ നിയന്ത്രണ അതോറിറ്റിയായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) പ്രവർത്തിക്കുന്നു. പുതിയ മരുന്ന് അംഗീകാരങ്ങൾ, ക്ലിനിക്കൽ പരീക്ഷണ നിയന്ത്രണം, ഇറക്കുമതി, നിർമ്മാണ ലൈസൻസിംഗ്, ഉൽപ്പന്ന സുരക്ഷ, ഗുണനിലവാരം, ഫലപ്രാപ്തി എന്നിവ ഉറപ്പാക്കുന്നതിനായി നിരീക്ഷണം എന്നിവയ്ക്ക് ഇത് മേൽനോട്ടം വഹിക്കുന്നു. 1940-ലെ ഡ്രഗ്സ് & കോസ്മെറ്റിക്സ് ആക്റ്റും അനുബന്ധ നിയമങ്ങളും അനുസരിച്ചാണ് ഇതിൻ്റെ നിർവഹണം നിയന്ത്രിക്കുന്നത്. വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രീയവും സാങ്കേതികവുമായ പുരോഗതിക്ക് അനുസൃതമായി ഇവ നിരന്തരം പരിഷ്കരിക്കപ്പെടുന്നു.
നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (NPPA)
2013 ലെ ഡ്രഗ്സ് (പ്രൈസ് കൺട്രോൾ) ഓർഡറിൻ്റെ (DPCO) വ്യവസ്ഥകൾ പ്രകാരം മരുന്നുകളുടെ വില നിശ്ചയിക്കാനും പരിഷ്കരിക്കാനും നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (NPPA) യെ ഉത്തരവാദിത്വപ്പെടുത്തിയിരിക്കുന്നു. അതേസമയം ഇത്, അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും ഫാർമസ്യൂട്ടിക്കൽ നയത്തിൽ ഉപദേശം നൽകുകയും ചെയ്യുന്നു. ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് നിയുക്തമാക്കിയ അധികാരങ്ങൾക്ക് കീഴിൽ NPPA ആണ് ഈ ഉത്തരവ് നടപ്പിലാക്കുന്നത്.
ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ (IPC)
1940 ലെ ഡ്രഗ്സ് & കോസ്മെറ്റിക്സ് നിയമ പ്രകാരം മരുന്ന് മാനകങ്ങളുടെ ഔദ്യോഗിക സംഗ്രഹമായ 'ഇന്ത്യൻ ഫാർമക്കോപ്പിയ' ആനുകാലിക പ്രസിദ്ധീകരണത്തിന് മേൽനോട്ടം വഹിക്കാൻ കേന്ദ്രഗവൺമെൻ്റ് ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ (IPC) സ്ഥാപിച്ചു. ഇന്ത്യയിൽ വിപണനം ചെയ്യുന്ന മരുന്നുകൾക്ക് തിരിച്ചറിയൽ , ഗുണമേന്മ , ഫലപ്രാപ്തി എന്നിവയുടെ മാനദണ്ഡങ്ങൾ ഫാർമക്കോപ്പിയ നിർദ്ദേശിക്കുന്നു.ഇത് ഫാർമസ്യൂട്ടിക്കൽ സംവിധാനത്തിൽ ഏകീകൃത ഗുണനിലവാരം ഉറപ്പാക്കുന്നു. 19 രാജ്യങ്ങളിൽ അംഗീകരിക്കപ്പെട്ട ഇത്, ഇന്ത്യയുടെ സാങ്കേതിക, നിയന്ത്രണ കഴിവുകളിൽ വളരുന്ന അന്താരാഷ്ട്ര ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ശാസ്ത്രീയവും നിയന്ത്രണപരവുമായ റഫറൻസ് രേഖയായി പ്രവർത്തിക്കുന്നു.
ഇത്തരമൊരു ശക്തമായ നിയന്ത്രണ ആവാസവ്യവസ്ഥ പൊതുജനാരോഗ്യം സംരക്ഷിക്കുക മാത്രമല്ല, ഇന്ത്യൻ ഔഷധ നിർമ്മാണ മേഖലയ്ക്ക് ആഗോളതലത്തിലുള്ള ആത്മവിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ മേഖലയിലെ വളർച്ച, കയറ്റുമതി, നൂതനാശയങ്ങൾ എന്നിവ നിലനിർത്തുന്നതിന് ഈ അടിത്തറ നിർണായകമായി തുടരുന്നു.
ഉപസംഹാരം
ഇന്ത്യയുടെ ഔഷധ ആവാസവ്യവസ്ഥ ആഗോളതലത്തിൽ സംയോജിതവും നയപരവുമായ പിന്തുണയുള്ളതുമായ ഒരു സംവിധാനമായി വികസിച്ചിരിക്കുന്നു.അത് വിപുലത , താങ്ങാനാവുന്ന വില, നിയന്ത്രണ വിശ്വാസ്യത എന്നിവയെ സംയോജിപ്പിക്കുന്നു. ശക്തമായ ഉൽപാദന മികവ് , വർദ്ധിച്ചുവരുന്ന കയറ്റുമതി, വളരുന്ന വിദേശ നിക്ഷേപം, നിർദിഷ്ട ഗവണ്മെൻ്റ് പദ്ധതികൾ എന്നിവ ആഭ്യന്തര ഉൽപാദനത്തെ ശക്തിപ്പെടുത്തുകയും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും ആഗോള വിപണി സാന്നിധ്യം വർദ്ധിപ്പിക്കുകയും ചെയ്തു. അതേസമയം, താങ്ങാനാവുന്ന വില, നൂതനാശയങ്ങൾ , ഗുണനിലവാര മേന്മ, നിയന്ത്രണ മേൽനോട്ടം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങൾ പൊതുജനാരോഗ്യ ഫലങ്ങളെയും അന്താരാഷ്ട്ര ആത്മവിശ്വാസത്തെയും ശക്തിപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് കിംഗ്ഡം, ന്യൂസിലൻഡ് എന്നിവയുമായുള്ള നിർദ്ദിഷ്ടവും അടുത്തിടെ അന്തിമമാക്കിയതുമായ വ്യാപാര കരാറുകൾ ഇന്ത്യയുടെ ഔഷധ, മെഡിക്കൽ ഉപകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കരാറുകൾ വിപണി പ്രവേശനം വർധിപ്പിക്കുകയും ഈ മേഖലയിലെ ഇന്ത്യയുടെ ആഗോള വ്യാപാര ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുകയും ചെയ്യും. ഈ ഘടകങ്ങൾ ഒരുമിച്ച്, ഇന്ത്യയുടെ ഔഷധ മേഖലയെ സ്ഥിരതയുള്ളതും ഭാവി സജ്ജവുമായ പാതയിൽ സ്ഥാപിക്കുന്നു.ഇത്,സുസ്ഥിര വളർച്ച, ആഗോള ഇടപെടൽ, ദീർഘകാല പ്രതിരോധം എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യൂന്നു.
അവലംബം:
Click here to see pdf
***
( റിലീസ് ഐ.ഡി: 2243627)
സന്ദര്‍ശക കൗണ്ടര്‍ : 12