തെരഞ്ഞെടുപ്പ് കമ്മീഷന്‍
രാഷ്ട്രീയ പാർട്ടികൾ അവരുടെ പരസ്യങ്ങൾക്ക് MCMC-യുടെ മുൻകൂർ സർട്ടിഫിക്കറ്റ് വാങ്ങണം
പോസ്റ്റഡ് ഓണ്‍:
20 MAR 2026 2:32PM by PIB Thiruvananthpuram
1. അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നിയമസഭകളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൻ്റേയും 6 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടേയും സമയക്രമം 2026 മാർച്ച് 15-ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) പ്രഖ്യാപിച്ചു.
2. രജിസ്റ്റർ ചെയ്ത ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോ, ഏതെങ്കിലും സംഘടനകളുടെ ഗ്രൂപ്പുകളോ/അസോസിയേഷനുകളോ, അല്ലെങ്കിൽ മത്സരിക്കുന്ന ഏതെങ്കിലും സ്ഥാനാർത്ഥിയോ/വ്യക്തിയോ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലെ (ടെലിവിഷൻ, റേഡിയോ, പൊതുസ്ഥലങ്ങളിലെ എവി ഡിസ്‌പ്ലേകൾ, ഇ-പേപ്പറുകൾ, ബൾക്ക് എസ്എംഎസ്/വോയ്‌സ് സന്ദേശങ്ങൾ പോലുള്ളവ) എല്ലാ രാഷ്ട്രീയ പരസ്യങ്ങളുടേയും പ്രസിദ്ധീകരണത്തിന് മുമ്പ് മുൻകൂർ സാക്ഷ്യപ്പെടുത്തലിനായി മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിക്ക് (MCMC) അപേക്ഷ നല്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു.
3. വ്യക്തികൾക്കോ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കോ പരസ്യങ്ങളുടെ സർട്ടിഫിക്കേഷനായി ജില്ലാതല MCMC-യിൽ അപേക്ഷിക്കാവുന്നതാണ്. ഒരു സംസ്ഥാനത്തോ കേന്ദ്രഭരണ പ്രദേശത്തോ ആസ്ഥാനമുള്ള രജിസ്റ്റർ ചെയ്ത എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അത്തരം പരസ്യങ്ങളുടെ സർട്ടിഫിക്കേഷനായി സംസ്ഥാനതല MCMC-യിൽ അപേക്ഷിക്കാം. അപേക്ഷകൾ നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കേണ്ടതാണ്. ജില്ലാ/സംസ്ഥാന MCMC-കളുടെ തീരുമാനങ്ങൾക്കെതിരായ അപ്പീലുകൾ പരിഗണിക്കുന്നതിനായി ചീഫ് ഇലക്ട്രൽ ഓഫീസറുടെ (CEO) നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ ഒരു അപ്പലേറ്റ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
4. അതത് MCMC-യിൽ നിന്നുള്ള മുൻകൂർ സർട്ടിഫിക്കറ്റ് നേടാതെ, രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർത്ഥികളോ സോഷ്യൽ മീഡിയ വെബ്‌സൈറ്റുകൾ ഉൾപ്പെടെയുള്ള ഇൻ്റർനെറ്റ് അധിഷ്ഠിത മാധ്യമങ്ങളിലോ വെബ്‌സൈറ്റുകളിലോ ഒരു രാഷ്ട്രീയ പരസ്യവും നല്കാൻ പാടുള്ളതല്ല.
5. മാധ്യമങ്ങളിൽ പണം നല്കി പ്രസിദ്ധീകരിക്കുന്നതായി സംശയിക്കുന്ന വാർത്തകളിൽ MCMC-കൾ കർശന ജാഗ്രത പുലർത്തുകയും ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. കൂടാതെ, സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് അവരുടെ സത്യവാങ്മൂലത്തിൽ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ പങ്കുവെയ്ക്കേണ്ടതുണ്ട്.
6. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 77(1) പ്രകാരവും ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ അനുസരിച്ചും, സോഷ്യൽ മീഡിയ വെബ്‌സൈറ്റുകൾ ഉൾപ്പെടെ ഇൻ്റർനെറ്റ് വഴിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവാക്കിയ തുകയുടെ വിശദാംശങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി 75 ദിവസത്തിനുള്ളിൽ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കേണ്ടതുണ്ട്.
7. അത്തരം ചെലവുകളിൽ, പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനായി ഇൻ്റർനെറ്റ് കമ്പനികൾക്കും വെബ്‌സൈറ്റുകൾക്കും നല്കിയ പണവും, ഉള്ളടക്ക വികസനത്തിനായുള്ള പ്രചാരണവുമായി ബന്ധപ്പെട്ട ചെലവുകളും, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സജീവമായി നിലനിർത്താൻ വേണ്ടിവന്ന പ്രവർത്തന ചെലവുകളും ഉൾപ്പെടും.
8. ഇത് സംബന്ധിച്ച്, മേൽപ്പറഞ്ഞ വ്യവസ്ഥകളെക്കുറിച്ച് അവബോധം നല്കുന്നതിനും, തിരഞ്ഞെടുപ്പ് സമയത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന തെറ്റായ വിവരങ്ങൾ, ദുഷ്പ്രചരണങ്ങൾ, വ്യാജ വാർത്തകൾ എന്നിവയ്‌ക്കെതിരെ സമയബന്ധിതമായി നടപടി ഉറപ്പാക്കുന്നതിനുമായി ചീഫ് ഇലക്ട്രൽ ഓഫീസർമാർ (CEOs), സംസ്ഥാന പോലീസ് നോഡൽ ഓഫീസർമാർ, തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലേയും/കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഐടി നോഡൽ ഓഫീസർമാർ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ (SMPs) പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് 2026 മാർച്ച് 19-ന് യോഗം ചേർന്നു.
****
( റിലീസ് ഐ.ഡി: 2243129)
സന്ദര്‍ശക കൗണ്ടര്‍ : 47