ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഹിമാചൽ പ്രദേശ് കേന്ദ്ര സർവകലാശാലയുടെ 9-ാമത് ബിരുദദാന ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി

പോസ്റ്റഡ് ഓണ്‍: 14 MAR 2026 1:51PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് ധർമ്മശാലയിൽ നടന്ന ഹിമാചൽ പ്രദേശ് കേന്ദ്ര സർവകലാശാലയുടെ 9-ാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്തു.

.

ഹിമാചൽ പ്രദേശിനെ 'ദേവഭൂമി' എന്നും 'വീരഭൂമി' എന്നും വിശേഷിപ്പിച്ച അദ്ദേഹം, രാജ്യത്തിൻ്റെ സായുധ സേനയ്ക്ക് സംസ്ഥാനം ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് പറഞ്ഞു. സംസ്ഥാനത്തിൻ്റെ തനതായ ആതിഥ്യമര്യാദയും ഊർജ്ജസ്വലമായ സംസ്കാരവും നിലനിൽക്കുന്ന പാരമ്പര്യങ്ങളും അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ സമ്പന്നമായ വിദ്യാഭ്യാസ പാരമ്പര്യത്തെക്കുറിച്ച് പരാമർശിച്ച ഉപരാഷ്ട്രപതി, പുരാതന പഠനകേന്ദ്രങ്ങളായ നളന്ദയും തക്ഷശിലയും അഭിവൃദ്ധി പ്രാപിച്ചത് അവിടുത്തെ അധ്യാപകരുടെ ജ്ഞാനം, പാണ്ഡിത്യം, നിരന്തരമായ ബൗദ്ധിക പരിണാമം എന്നിവ മൂലമാണെന്ന് ചൂണ്ടിക്കാട്ടി. ഈ സ്ഥാപനങ്ങളിലെ ഗുരുക്കന്മാരും ആചാര്യന്മാരും ജീവിതകാലം മുഴുവൻ പഠിതാക്കളായിരുന്നു. സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും ഗവേഷണങ്ങളിലൂടെയും അവർ തങ്ങളുടെ അറിവിനെ പരിഷ്കരിച്ചു. ആശയങ്ങൾ തഴച്ചുവളരാനും നാഗരികതകൾ പുരോഗമിക്കാനുമുള്ള അന്തരീക്ഷം അവർ സൃഷ്ടിച്ചു. ഇതേ മാതൃക പിന്തുടർന്ന്, സർവകലാശാലകൾ അധ്യാപക ശേഷിവികസനത്തിന് മുൻഗണന നൽകുകയും അതോടൊപ്പം അദ്ധ്യാപനം, അന്തർവൈജ്ഞാനിക ഗവേഷണം, ആഗോള സഹകരണം എന്നിവയിൽ നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിമാചൽ പ്രദേശ് കേന്ദ്ര സർവകലാശാല, 2020ലെ ദേശീയ വിദ്യാഭ്യാസ നയം ആവേശപൂർവ്വം നടപ്പിലാക്കുന്നതിനെ ഉപരാഷ്ട്രപതി പ്രകീർത്തിച്ചു. ഇന്ത്യയുടെ വിജ്ഞാന പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുത്തിയതിലൂടെ പുതിയ കാഴ്ചപ്പാടുള്ള ഒരു വിദ്യാഭ്യാസ സംസ്കാരം കെട്ടിപ്പടുക്കാൻ സർവകലാശാലയ്ക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

നിരവധി കൃതികളെ ഡോഗ്രി ഭാഷയിലേക്കും ഹിന്ദി സാഹിത്യത്തെ പഞ്ചാബിയിലേക്കും വിവർത്തനം ചെയ്ത സർവകലാശാലയുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. 'സ്വദേശി ചിന്തയ്ക്കും' ഇന്ത്യൻ ഗവേഷണ രീതികൾക്കും സർവകലാശാല നൽകുന്ന പ്രാധാന്യം, ഇന്ത്യയുടെ ബൗദ്ധിക പാരമ്പര്യത്തിലുള്ള ആത്മവിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണെന്ന് ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. സംയുക്ത ഗവേഷണം, അധ്യാപന വൈദഗ്ധ്യത്തിൻ്റെ പരസ്പരമുള്ള പങ്കുവെപ്പ്, ഡിജിറ്റൽ വിഭവങ്ങൾ, അക്കാദമിക് കൈമാറ്റങ്ങൾ എന്നിവയിലൂടെ രൂപപ്പെടുന്ന ഇത്തരം പങ്കാളിത്തങ്ങൾ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഗുണം ചെയ്യുന്ന ഒരു വിശാല പഠനസമൂഹം സൃഷ്ടിക്കുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ആഗോളതലത്തിൽ മത്സരക്ഷമതയുള്ള ഒരു ഉന്നത വിദ്യാഭ്യാസ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ ഇത്തരത്തിലുള്ള പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാർട്ടപ്പ് ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ തുടങ്ങിയ സംരംഭങ്ങൾ യുവ നവീനാശയക്കാർക്ക് പുതിയ വഴികൾ തുറന്നിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. യുവാക്കൾക്കിടയിൽ നവീനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികളും അധ്യാപകരും സമീപ പ്രദേശങ്ങളുമായി ഇടപഴകുന്നതിനും, ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും, ഗ്രാമീണ ഇന്ത്യയുടെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനും സഹായിക്കുന്ന "കമ്മ്യൂണിറ്റി ലാബ്" സംരംഭത്തിനും അദ്ദേഹം സർവകലാശാലയെ അഭിനന്ദിച്ചു.

സ്വാതന്ത്ര്യത്തിൻ്റെ നൂറാം വാർഷികത്തോടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിന് സാമ്പത്തിക വളർച്ച, സാമൂഹിക ഉൾച്ചേരൽ, സാങ്കേതിക പുരോഗതി, പരിസ്ഥിതി സുസ്ഥിരത, ധാർമ്മിക നേതൃത്വം എന്നിവ ആവശ്യമാണെന്ന്  'വികസിത ഇന്ത്യ -2047' എന്ന ദർശനത്തെക്കുറിച്ച് പരാമർശിക്കവേ അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും നിർണ്ണായക പങ്കുവഹിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മുടെ സംസ്ഥാനങ്ങളോ സമൂഹത്തിലെ ഒരു വിഭാഗമോ പിന്നാക്കം പോകാത്ത തരത്തിൽ സമഗ്രമായ വികസനത്തെ അടിസ്ഥാനമാക്കിയുള്ളതാകണം വികസിത ഇന്ത്യയുടെ ദർശനമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ലഹരി മുക്ത ക്യാമ്പസ് സൃഷ്ടിക്കുന്നതിനായി സർവകലാശാല സ്വീകരിച്ചിരിക്കുന്ന നടപടികളെ അഭിനന്ദിച്ച അദ്ദേഹം, ലഹരി വസ്തുക്കൾ യുവജനങ്ങളെയും സമൂഹത്തെയും രാജ്യത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന് പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെ കൂടുതൽ അവബോധം സൃഷ്ടിക്കാൻ ഉപരാഷ്ട്രപതി എല്ലാവരോടും അഭ്യർത്ഥിച്ചു.

സമൂഹത്തിൻ്റെ ക്ഷേമത്തിനായി സ്വന്തം അറിവ് വിനിയോഗിക്കാനും, രാജ്യ പുരോഗതിക്കായി ജീവിതം സമർപ്പിക്കാനും, “ലഹരി അരുത് ” എന്ന് എപ്പോഴും പറയാനും, അതിലുപരി “രാജ്യം ആദ്യം” എന്ന നിലപാട് സ്വീകരിക്കാനും ശ്രീ സി.പി. രാധാകൃഷ്ണൻ യുവാക്കളെ ആഹ്വാനം ചെയ്തു.

ബിരുദദാന ചടങ്ങിൽ 700-ലധികം മികച്ച വിദ്യാർത്ഥികൾക്ക് ബിരുദങ്ങളും മെഡലുകളും നൽകിയതായും അവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 32 സ്വർണ്ണ മെഡൽ ജേതാക്കളിൽ 23 പേരും യുവതികളാണെന്നും, ഇത് രാജ്യ പുരോഗതിയിൽ സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന ശാക്തീകരണത്തിൻ്റെയും സംഭാവനയുടെയും പ്രതിഫലനമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

ഹിമാചൽ പ്രദേശ് ഗവർണർ കവിന്ദർ ഗുപ്ത, ഹിമാചൽ പ്രദേശ് കൃഷി മന്ത്രി ചന്ദർ കുമാർ, ഹിമാചൽ പ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ജയ് റാം താക്കൂർ, പാർലമെൻ്റ് അംഗങ്ങളായ രാജീവ് ഭരദ്വാജ്, അനുരാഗ് സിംഗ് താക്കൂർ, ചാൻസലർ ഹർമോഹിന്ദർ സിംഗ് ബേദി, വൈസ് ചാൻസലർ സത് പ്രകാശ് ബൻസാൽ എന്നിവരും അധ്യാപകരും വിദ്യാർത്ഥികളും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു.

***


( റിലീസ് ഐ.ഡി: 2240200) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil