ആയുഷ്‌
azadi ka amrit mahotsav

യോഗ മഹോത്സവം–2026

പോസ്റ്റഡ് ഓണ്‍: 13 MAR 2026 6:24PM by PIB Thiruvananthpuram
കേന്ദ്ര ആയുഷ് (സ്വതന്ത്ര ചുമതല), ആരോഗ്യ കുടുംബക്ഷേമ  സഹമന്ത്രി  പ്രതാപ്‌റാവു ജാദവ് യോഗ മഹോത്സവം–2026  ഇന്ന് ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് 12-ാമത് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ (IDY) 100 ദിവസത്തെ കൗണ്ട്ഡൗണിന് തുടക്കം കുറിച്ചു.  ചടങ്ങില്‍, വിവിധ പ്രായക്കാര്‍ക്കും വ്യത്യസ്ത ആരോഗ്യസ്ഥിതിയിലുള്ളവര്‍ക്കുമായി രൂപകല്‍പ്പന ചെയ്ത, ജീവിതശൈലീ രോഗപ്രതിരോധത്തിനുള്ള  10 യോഗാ പ്രോട്ടോക്കോളുകള്‍ മന്ത്രി പ്രകാശനം ചെയ്തു.

അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ നോഡല്‍ മന്ത്രാലയമായ ആയുഷ് മന്ത്രാലയം, ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തത്തോടെ ഇതുവരെ പതിനൊന്ന് യോഗാ ദിനങ്ങള്‍ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്. യോഗയുടെ വിവിധ തലങ്ങള്‍ പ്രചരിപ്പിക്കാനും ആരോഗ്യം, ക്ഷേമം, സമാധാനം എന്നിവയ്ക്കായുള്ള  ആഗോള മുന്നേറ്റത്തിന് പ്രചോദനം നല്‍കാനും ലക്ഷ്യമിട്ടുള്ള 12-ാമത് അന്താരാഷ്ട്ര യോഗാ ദിനത്തിലേക്കുള്ള 100 ദിവസത്തെ യാത്രയുടെ ഔദ്യോഗിക തുടക്കമാണ് യോഗ മഹോത്സവം–2026.


 'കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയില്‍,  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തില്‍, അന്താരാഷ്ട്ര യോഗാ ദിനം ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും ആഗോള ആഘോഷമായി പരിണമിച്ചു. യോഗ എന്നത് കേവലം ഒരു ജീവിതശൈലി മാത്രമല്ല, മറിച്ച് മാനസിക വ്യക്തതയും ശാരീരിക ആരോഗ്യവും വൈകാരിക സന്തുലിതാവസ്ഥയും പ്രോത്സാഹിപ്പിക്കുന്ന ശക്തമായ ഒരു അച്ചടക്കം കൂടിയാണ്. മഹാമാരി പോലുള്ള വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ പോലും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് കരുത്തും ക്ഷേമവും നിലനിര്‍ത്താന്‍ ഇതിന്റെ ഗുണങ്ങള്‍ സഹായിച്ചു.' ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.


 വിവിധ പ്രായക്കാര്‍ക്കും വ്യത്യസ്ത ജീവിതഘട്ടങ്ങളിലുള്ളവര്‍ക്കും തങ്ങളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനും, ശാരീരികവും മാനസികവുമായ കരുത്ത് വര്‍ദ്ധിപ്പിക്കാനും, ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന രീതിയിലാണ് നടപടിക്രമങ്ങള്‍  രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് ജീവിതശൈലീ രോഗങ്ങള്‍ക്കും (NCDs) പ്രത്യേക വിഭാഗങ്ങള്‍ക്കുമായുള്ള 10 യോഗാ പ്രോട്ടോക്കോളുകള്‍ പുറത്തിറക്കിക്കൊണ്ട് മന്ത്രി പറഞ്ഞു.

അടുത്തിടെ നടന്ന ബജറ്റ് അനന്തര വെബിനാറിനെ (Post-Budget Webinar) പരാമര്‍ശിച്ചുകൊണ്ട്, പ്രതിരോധത്തിനും സമഗ്ര ആരോഗ്യപരിചരണത്തിനുമുള്ള (preventive and holistic healthcare) ഇന്ത്യയുടെ കാഴ്ചപ്പാടിനെക്കുറിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി അടിവരയിട്ട് പറഞ്ഞ കാര്യം മന്ത്രി ഓര്‍മിപ്പിച്ചു. യോഗയും ആയുര്‍വേദവും ഈ സമീപനത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാനയാത്രക്കാര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ 'യോഗ ഫോര്‍ എയര്‍ ട്രാവല്‍'  പ്രോട്ടോക്കോളും മന്ത്രി ഉദ്ഘാടനം ചെയ്തു. ഇരുന്നുകൊണ്ട് തന്നെ ചെയ്യാവുന്ന യോഗാഭ്യാസങ്ങള്‍, ശ്വസന വ്യായാമങ്ങള്‍, ലഘുവായ ധ്യാനം എന്നിവ ഉള്‍പ്പെടുന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു പരിശീലന രീതിയാണിത്. യാത്രയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും, രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും, പേശികളുടെ അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിനും, വിമാനയാത്രയ്ക്കിടയില്‍ മാനസിക ശാന്തത നല്‍കുന്നതിനുമായി വിദഗ്ധരാണ് ഈ എയര്‍ ട്രാവല്‍ യോഗ വികസിപ്പിച്ചത്.

2026ലെ അന്താരാഷ്ട്ര യോഗാ ദിനത്തിലേക്കുള്ള 100 ദിവസത്തെ കൗണ്ട്ഡൗണിന്റെ ഭാഗമായി, മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗ (MDNIY), 'ഹബില്‍ഡ്' (Habuild)-മായി സഹകരിച്ച് യോഗ 365 കാമ്പയിന് കീഴില്‍ സൗജന്യ പ്രതിദിന ഓണ്‍ലൈന്‍ യോഗ സെഷനുകള്‍ നല്‍കുന്നതിനായി ധാരണാപത്രം  ഒപ്പിട്ടു.

 'വ്യക്തികള്‍, യോഗയെ  ഒരു ദൈനംദിന ശീലമായി സ്വീകരിക്കുന്നതിനും, 2026ലെ അന്താരാഷ്ട്ര യോഗാ ദിനത്തിന് മുന്നോടിയായി യോഗാഭ്യാസത്തില്‍ കൂടുതല്‍ താല്പര്യവും തുടര്‍ച്ചയും കൊണ്ടുവരുന്നതിനുമാണ് 'യോഗ 365' ലക്ഷ്യമിടുന്നത്.' മന്ത്രി പറഞ്ഞു.

പരിപാടിയുടെ ഭാഗമായി, 'യോഗ 365' കാമ്പയിനില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിന് 1800-315-7008 എന്ന ടോള്‍ ഫ്രീ നമ്പര്‍ സൗരഭ് ബോത്ര പങ്കുവച്ചു.

യോഗയിലേക്കുള്ള പ്രവേശനം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള വിവിധ ഡിജിറ്റല്‍ സംരംഭങ്ങളെക്കുറിച്ച് ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കോട്ടെച്ച വിശദീകരിച്ചു. യോഗാസനങ്ങള്‍ ചെയ്യുന്ന രീതി(postures) കൃത്യമാക്കാന്‍ യോഗ അഭ്യസിക്കുന്നവരെ സഹായിക്കുന്നതിനായി 'ആയുഷ് ഗ്രിഡ്' വഴി ഒരു നിര്‍മ്മിത ബുദ്ധി(AI) അധിഷ്ഠിത സംവിധാനം മന്ത്രാലയം വികസിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

യോഗയ്ക്ക് ആഗോളതലത്തില്‍ വലിയ ജനപ്രീതി ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും, 2025ലെ അന്താരാഷ്ട്ര യോഗാ ദിനത്തില്‍ 26 കോടിയിലധികം ആളുകള്‍ പങ്കെടുത്തത് ഈ മുന്നേറ്റത്തിന്റെ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നുവെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. യോഗ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി 'അഡ്വാന്‍സ്ഡ് വൈ-ബ്രേക്ക്' (Advanced Y-Break) പോലുള്ള കോഴ്‌സുകള്‍ 'കര്‍മ്മയോഗി ഭാരത്' പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ഇതിനോടകം 10 ലക്ഷത്തിലധികം പേര്‍ ഇതില്‍ അംഗമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്-വ്യാസ (S-VYASA) സൊസൈറ്റി പ്രസിഡന്റ് എച്ച്. ആര്‍. നാഗേന്ദ്ര, ജീവിതശൈലീ രോഗങ്ങളെയും പകര്‍ച്ച വ്യാധികളല്ലാത്ത രോഗങ്ങളെയും  പ്രതിരോധിക്കുന്നതില്‍ യോഗയ്ക്കുള്ള വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞു. യോഗ ഫലപ്രദമായ ഒരു രോഗപ്രതിരോധചികിത്സാ രീതിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഇത് സമന്വയിപ്പിക്കണമെന്നും ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

 'ലോകത്തിന് ഇന്ത്യ നല്‍കിയ ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണ് യോഗ. മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും ഏകോപിപ്പിക്കുന്ന ഒരു സമഗ്ര ദര്‍ശനത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.' അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് ആയുഷ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി മോണാലിസ ദാഷ് പറഞ്ഞു.

രാവിലെ 7:00 മണിക്ക് മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗയില്‍ നടന്ന 'കോമണ്‍ യോഗ പ്രോട്ടോക്കോളിന്റെ' (CYP) തത്സമയ പ്രദര്‍ശനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ആയിരത്തിലധികം യോഗ പ്രേമികള്‍ ഇതില്‍ പങ്കെടുത്തു. ശരീരത്തിന്റെ വഴക്കം, കരുത്ത്, സന്തുലിതാവസ്ഥ, ആന്തരിക സമാധാനം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന യോഗാസനങ്ങള്‍, പ്രാണായാമം, ധ്യാനം എന്നിവയുടെ ഒരു നിര തന്നെ സി.വൈ.പി യില്‍ ഉള്‍പ്പെടുന്നു.

ഒരു ദിവസം നീണ്ടുനിന്ന യോഗ മഹോത്സവം–2026ല്‍ പ്രധാനമായും മൂന്ന് സാങ്കേതിക സെഷനുകളാണ് നടന്നത്:

മുതിര്‍ന്ന പൗരന്മാര്‍ക്കായി യോഗ

യോഗ, സംരംഭകത്വത്തിനുള്ള ബിസിനസ് മോഡല്‍ (Business Module for Yoga Etnrepreneurship)
യോഗയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും

യോഗ, വൈദ്യശാസ്ത്രം, ശാസ്ത്ര ഗവേഷണം എന്നീ മേഖലകളിലെ പ്രമുഖ വിദഗ്ധര്‍ പങ്കെടുത്തു. യോഗയുടെ ശാസ്ത്രീയവും ചികിത്സാപരവുമായ സാധ്യതകളെ ശക്തിപ്പെടുത്തുന്ന സുപ്രധാനമായ  അറിവ് പങ്കുവെക്കല്‍ വേദിയായി ഇത് മാറി. മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗ ഡയറക്ടര്‍ നന്ദി രേഖപ്പെടുത്തുകയും 2026ലെ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് നടക്കാനിരിക്കുന്ന പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

യോഗാചാര്യന്മാര്‍, പണ്ഡിതന്മാര്‍, നയരൂപകര്‍ത്താക്കള്‍, ഉദ്യോഗസ്ഥര്‍, കോര്‍പ്പറേറ്റ് പ്രൊഫഷണലുകള്‍, യോഗാഭ്യാസികള്‍, അനുബന്ധ ശാസ്ത്ര മേഖലകളിലെ വിദഗ്ധര്‍ എന്നിവരടക്കം ഏകദേശം 1,500 പേര്‍ യോഗ മഹോത്സവം–2026ല്‍ പങ്കെടുത്തു.

സമഗ്രമായ ആരോഗ്യത്തിലേക്കും ക്ഷേമത്തിലേക്കുമുള്ള പുനരുജ്ജീവിപ്പിക്കപ്പെട്ട ഒരു ആഗോള മുന്നേറ്റത്തിന് യോഗ മഹോത്സവം–2026 തുടക്കം കുറിച്ചിരിക്കുകയാണ്. കര്‍ത്തവ്യ പഥ് മുതല്‍ ഐക്യരാഷ്ട്രസഭ വരെ, അന്താരാഷ്ട്ര യോഗാ ദിനം ആഗോള ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യയുടെ നേതൃത്വത്തെ ശക്തിപ്പെടുത്തി. 2026ലെ അന്താരാഷ്ട്ര യോഗാ ദിനത്തിലേക്കുള്ള കൗണ്ട്ഡൗണ്‍ ആരംഭിക്കുമ്പോള്‍, യോഗയുടെ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കാനും ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിനായി ഈ കാലാതീതമായ പരിശീലനം സ്വീകരിക്കാന്‍ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാനുമുള്ള പ്രതിജ്ഞാബദ്ധത ആയുഷ് മന്ത്രാലയം ആവര്‍ത്തിച്ചു.
 
 
***

( റിലീസ് ഐ.ഡി: 2239982) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Marathi , हिन्दी , Tamil