വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

ന്യൂയോര്‍ക്കില്‍ നടന്ന 70-ാമത് കമ്മിഷന്‍ ഓണ്‍ ദി സ്റ്റാറ്റസ് ഓഫ് വുമണ്‍ (CSW-70) സമ്മേളനത്തില്‍, 'വനിതകള്‍ നേതൃത്വം നല്‍കുന്ന വികസനവും തെക്ക്-തെക്ക് സഹകരണവും' (Women-Led Development and South-South Cooperation) എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര വനിതാ ശിശുവികസന സഹമന്ത്രി സാവിത്രി ഠാക്കൂര്‍ പങ്കെടുത്തു

പോസ്റ്റഡ് ഓണ്‍: 13 MAR 2026 11:34AM by PIB Thiruvananthpuram

ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന 70-ാമത് കമ്മിഷന്‍ ഓണ്‍ ദി സ്റ്റാറ്റസ് ഓഫ് വുമണ്‍ (CSW-70) സമ്മേളനത്തിന്റെ  ഭാഗമായി, 2026 മാര്‍ച്ച് 12ന് സംഘടിപ്പിച്ച 'വനിതകള്‍ നേതൃത്വം നല്‍കുന്ന വികസനവും തെക്ക്-തെക്ക് സഹകരണവും – ഐ.ബി.എസ്.എ (IBSA) ഫണ്ടില്‍ നിന്നുള്ള വിജയഗാഥകള്‍' എന്ന വിഷയത്തിലുള്ള പരിപാടിയില്‍ കേന്ദ്ര വനിതാ ശിശുവികസന സഹമന്ത്രി  സാവിത്രി ഠാക്കൂര്‍ സംസാരിച്ചു.

 



വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന മന്ത്രിമാരും അന്താരാഷ്ട്ര സംഘടനാ പ്രതിനിധികളും ഈ ചടങ്ങില്‍ പങ്കെടുത്തു. ബ്രസീല്‍ വനിതാ വകുപ്പ് സഹമന്ത്രി എച്ച്.ഇ. യൂട്ടാലിയ ബാര്‍ബോസ റോഡ്രിഗസ് നാവെസ്; ദക്ഷിണാഫ്രിക്കന്‍ വനിതാ, യുവജന, ഭിന്നശേഷി കാര്യ മന്ത്രി എച്ച്. ഇ. സിന്ധിസിവെ ചികുങ്ക; യു.എന്‍.ഡി.പി അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ. അലക്‌സാണ്ടര്‍ ഡി ക്രൂ; ഗാംബിയന്‍ ലിംഗഭേദ, ശിശു, സാമൂഹിക ക്ഷേമ മന്ത്രി എച്ച്.ഇ. ഫതൗ കിന്റെ; ഫിജിയിലെ വനിതാ, ശിശു, സാമൂഹിക സംരക്ഷണ വകുപ്പ് ആക്ടിംഗ് പെര്‍മനന്റ്  സെക്രട്ടറി എച്ച്.ഇ. സെലീന കുരുലേക്ക; ഐക്യരാഷ്ട്രസഭയിലെ ലൈബീരിയന്‍ സ്ഥിരം പ്രതിനിധി അംബാസഡര്‍ ലൂയിസ് ജി. ബ്രൗണ്‍ II; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ സ്ഥിരം പ്രതിനിധി അംബാസഡര്‍ പി. ഹരീഷ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 



 

ചടങ്ങില്‍ സംസാരിച്ച കേന്ദ്രമന്ത്രി, ഗ്ലോബല്‍ സൗത്തിന്റെ    നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര സഹകരണം ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ സ്ത്രീശാക്തീകരണത്തിനും സുസ്ഥിര വികസനത്തിനും എപ്രകാരം സഹായകമാകുന്നു എന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ സര്‍ക്കാരുകള്‍ സംയുക്തമായി 2004ല്‍ രൂപീകരിച്ച ഐ.ബി.എസ്.എ  ഫണ്ട്, വികസന വെല്ലുവിളികള്‍ നേരിടുന്നതില്‍ 'തെക്ക്-തെക്ക്' (South-South) സഹകരണത്തിന്റെ കരുത്ത് തെളിയിച്ചിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഏകദേശം 40 രാജ്യങ്ങളിലായി 50ലധികം വികസന സഹായ പദ്ധതികള്‍ക്ക് ഈ ഫണ്ട് ഇതിനകം പിന്തുണ നല്‍കിയിട്ടുണ്ട്.

 



 

സ്ത്രീകളുടെ പങ്കാളിത്തവും നേതൃത്വപാടവവും വര്‍ദ്ധിപ്പിക്കുന്ന പദ്ധതികള്‍ക്ക് ഐ.ബി.എസ്.എ ഫണ്ട് വലിയ മുന്‍ഗണന നല്‍കുന്നുണ്ടെന്ന് മന്ത്രി എടുത്തു പറഞ്ഞു. ഇത് വനിതകള്‍  നേതൃത്വം നല്‍കുന്ന  വികസനം എന്ന രാജ്യത്തിന്റെ  വിശാലമായ കാഴ്ചപ്പാടിനെയാണ് പ്രതിഫലിപ്പിക്കുന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ക്കുള്ള ബഹുമുഖമായ പങ്ക് സര്‍ക്കാര്‍  തിരിച്ചറിയുന്നുണ്ടെന്നും, ദേശീയതലത്തിലുള്ള പദ്ധതികളിലൂടെയും അന്താരാഷ്ട്ര സഹകരണ പരിപാടികളിലൂടെയും സ്ത്രീകളുടെ  സമഗ്രമായ വികസനത്തിന് ഇന്ത്യ നിരന്തരം മുന്‍ഗണന നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 



 

ലൈബീരിയയില്‍ നടപ്പിലാക്കിവരുന്ന 'സുസ്ഥിര വികസനത്തിനായി ശബ്ദവും നേതൃത്വവും ലിംഗപരമായ പ്രതികരണാത്മക ഭരണവും പ്രോത്സാഹിപ്പിക്കുന്ന വനിതാ നിയമസഭാംഗങ്ങള്‍' എന്ന പദ്ധതിയെക്കുറിച്ച് മന്ത്രി പരാമര്‍ശിച്ചു. നിയമനിര്‍മ്മാണത്തിലൂടെയും മേല്‍നോട്ട പ്രക്രിയകളിലൂടെയും ലിംഗസമത്വം ഉറപ്പാക്കുന്നതില്‍ വുമണ്‍ ലെജിസ്ലേറ്റീവ് കോക്കസിന്റെ (Women Legislative Caucus) പങ്ക് ശക്തിപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി, മറ്റ് രാജ്യങ്ങളിലെ വനിതാ കോക്കസുകളുടെ വിജയകരമായ അനുഭവങ്ങളില്‍ നിന്ന് പഠിക്കാനും പ്രൊഫഷണല്‍ വൈദഗ്ധ്യം  വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന പ്രത്യേക ശേഷി വികസന പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലിംഗവിവേചനം പുലര്‍ത്തുന്ന  നിയമങ്ങള്‍ ഇല്ലാതാക്കുക, നിര്‍ദ്ദേശിക്കപ്പെട്ട നിയമപരിഷ്‌കാരങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുക, ലിംഗാധിഷ്ഠിത ഭരണത്തെ പിന്തുണയ്ക്കുന്നതിനായി സ്ത്രീകളുടെയും പുരുഷന്മാരുടെയും കൂട്ടായ്മകള്‍ രൂപീകരിക്കുക എന്നിവയും ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ഇതുവഴി ജനാധിപത്യ സ്ഥാപനങ്ങളെയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നയരൂപീകരണത്തെയും ശക്തിപ്പെടുത്താന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടുള്ളതും, അഞ്ചാം നമ്പര്‍ സുസ്ഥിര വികസന ലക്ഷ്യം (SDG 5) കൈവരിക്കാന്‍ സഹായിക്കുന്നതുമായ വിവിധ സംരംഭങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. പരിസ്ഥിതി സൗഹൃദമായ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ജോര്‍ദാനില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഫ്‌ലോറിക്കള്‍ച്ചര്‍ (പുഷ്പകൃഷി) പദ്ധതിയെക്കുറിച്ചും മന്ത്രി  പരാമര്‍ശിച്ചു.

 



 

താഫില (Tafileh) പ്ലാന്റില്‍ നിന്നുള്ള ശുദ്ധീകരിച്ച മലിനജലം പുനരുപയോഗിക്കുന്നതിനായി ഒരു റിവേഴ്‌സ് ഓസ്‌മോസിസ് (RO) യൂണിറ്റ് സ്ഥാപിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് 60 ഗ്രീന്‍ഹൗസുകളിലും അഞ്ച് ഹെക്ടര്‍ നഴ്‌സറിയിലും പുഷ്പകൃഷി  സാധ്യമാക്കും. ഈ സംരംഭത്തിലൂടെ വനിതകള്‍ നയിക്കുന്ന 50 ചെറുകിട സംരംഭങ്ങള്‍ രൂപപ്പെടുമെന്നും, 150 സ്ത്രീകള്‍ക്ക് പുഷ്പകൃഷിയിലും ബിസിനസ് നൈപുണ്യത്തിലും പരിശീലനം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതുവഴി കാലാവസ്ഥാ സൗഹൃദവും സുസ്ഥിരവുമായ സംരംഭകത്വം സ്ത്രീകള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കപ്പെടും.

 



 

സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തോടുള്ള രാജ്യത്തിന്റെ  പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട്, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ഡിജിറ്റല്‍ ശാക്തീകരണം, സംരംഭകത്വം എന്നീ മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര  സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ, ജെന്‍ഡര്‍ ബഡ്ജറ്റിംഗിലൂടെ തുടര്‍ച്ചയായ നയപരമായ പിന്തുണയും ഉറപ്പാക്കുന്നുണ്ട്.

2025-26 ലെ കേന്ദ്ര ബജറ്റില്‍ ജെന്‍ഡര്‍ ബഡ്ജറ്റിംഗിനായി ഏകദേശം 60 ബില്യണ്‍ യുഎസ് ഡോളര്‍ (5.01 ലക്ഷം കോടി രൂപ) വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനത്തിലധികം വര്‍ദ്ധനവാണിത്. ലിംഗസമത്വവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതില്‍ സര്‍ക്കാരിനുള്ള നിരന്തരമായ താല്‍പ്പര്യമാണ് ഇത് അടിവരയിടുന്നത്.

 



 

തന്റെ  വാക്കുകള്‍ ഉപസംഹരിച്ചുകൊണ്ട്, ആഗോള ദക്ഷിണ മേഖലയിലെ (Global South) രാജ്യങ്ങള്‍ വികസന മുന്‍ഗണനകളെ കൂട്ടായി അഭിസംബോധന ചെയ്യുന്നതിന്റെ   ഉത്തമ ഉദാഹരണമാണ് ഐ.ബി.എസ്.എ ഫണ്ട് എന്ന് മന്ത്രി പറഞ്ഞു. ഇത്തരം പങ്കാളിത്തങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത  ആവര്‍ത്തിച്ച് വ്യക്തമാക്കുകയും, സ്ത്രീ ശാക്തീകരണവും സുസ്ഥിര വികസനവും ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാവിയില്‍ കൂടുതല്‍ സ്വാധീനമുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന്  ശ്രീമതി സാവിത്രി ഠാക്കൂര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

 

സി.എസ്.ഡബ്ല്യു70 യുടെ ഭാഗമായി ദക്ഷിണാഫ്രിക്കയുടെ വനിതാ യുവജന ഭിന്നശേഷി കാര്യ മന്ത്രി സിന്ദിസിവെ ചിക്കുങ്കയുമായും മന്ത്രി ഉഭയകക്ഷി ചര്‍ച്ച നടത്തി. ഇന്ത്യ-ബ്രസീല്‍-ദക്ഷിണാഫ്രിക്ക ഡയലോഗ് ഫോറത്തിന് കീഴിലുള്ള സഹകരണത്തെക്കുറിച്ചും, ദാരിദ്ര്യവും വിശപ്പും നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള ഐ.ബി.എസ്.എ ഫണ്ടിനെക്കുറിച്ചും ഇരുപക്ഷവും ചര്‍ച്ച ചെയ്തു. ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍, വരാനിരിക്കുന്ന ജി20 പരിപാടികളിലെ വനിതാ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ പങ്ക് എന്നിവയുടെ പശ്ചാത്തലത്തില്‍ ജി20, ബ്രിക്‌സ്  തുടങ്ങിയ ബഹുരാഷ്ട്ര വേദികളിലെ സഹകരണത്തെക്കുറിച്ചും അവര്‍ ആശയവിനിമയം നടത്തി. സ്ത്രീ ശിശു വികസന മേഖലയില്‍ ഇന്ത്യ നടപ്പിലാക്കുന്ന നൂതന പദ്ധതികളെയും മികച്ച മാതൃകകളെയും കുറിച്ചുള്ള കാഴ്ചപ്പാടുകളും ചര്‍ച്ചയില്‍ പങ്കുവെച്ചു.

***


( റിലീസ് ഐ.ഡി: 2239949) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil