ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ഭാരത് ടെക്സ് 2026-ന് തുടക്കം കുറിച്ചു

പോസ്റ്റഡ് ഓണ്‍: 11 MAR 2026 3:16PM by PIB Thiruvananthpuram
ആഗോള ടെക്സ്റ്റൈൽസ് സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന നേതൃത്വം വിളിച്ചോതിക്കൊണ്ട്, രാജ്യത്തിൻ്റെ മുൻനിര ആഗോള ടെക്സ്റ്റൈൽ മേളയായ ഭാരത് ടെക്സ് 2026-ന് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ് ഇന്ന് തുടക്കം കുറിച്ചു. വ്യവസായ, സർക്കാർ, വ്യാപാര സംഘടനകളിൽ  നിന്നുള്ള പങ്കാളികളെ അഭിസംബോധന ചെയ്തുകൊണ്ട്, നാരുകൾ, നൂൽ മുതൽ തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, സാങ്കേതിക തുണിത്തരങ്ങൾ, സുസ്ഥിര നൂതനാശയങ്ങൾ വരെയുള്ള മുഴുവൻ ടെക്സ്റ്റൈൽ മൂല്യ ശൃംഖലയേയും ഒരുമിച്ച് കൊണ്ടുവരുന്ന ഏറ്റവും വലിയ ആഗോള പ്ലാറ്റ്‌ഫോമായാണ് ഭാരത് ടെക്സിനെ വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി എടുത്തുപറഞ്ഞു. ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലുതും സമഗ്രവുമായ ടെക്സ്റ്റൈൽസ് പരിപാടിയായി ഇതിനെ വിശേഷിപ്പിച്ച അദ്ദേഹം, ടെക്സ്റ്റൈൽസിൻ്റെ  മുഴുവൻ മൂല്യ ശൃംഖലയേയും ഭാരത് ടെക്സ് എന്ന കുടക്കീഴിൽ കൊണ്ടുവരുന്നതിനായി ടെക്സ്റ്റൈൽ  ഇ.പി.സി-കളും മറ്റ് വ്യവസായ സംഘടനകളും നടത്തിയ അശ്രാന്ത പരിശ്രമങ്ങളേയും അർപ്പണബോധത്തേയും പ്രശംസിച്ചു. തുണിത്തരങ്ങൾക്കായുള്ള വിശ്വസനീയവും സുസ്ഥിരവുമായ ഒരു ഉറവിട കേന്ദ്രമെന്ന നിലയിലും വലിയ തോതിലുള്ള നിക്ഷേപ കേന്ദ്രമെന്ന നിലയിലും ഇന്ത്യയുടെ ആകർഷണീയത ഭാരത് ടെക്സ് വീണ്ടും ഉറപ്പിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നൂതനാശയങ്ങൾ, സഹകരണം, മേക്ക് ഇൻ ഇന്ത്യ സ്പിരിറ്റ് എന്നിവ കാതലായ ഈ പരിപാടി ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ 5F ദർശനത്തിൻ്റെ സാക്ഷാത്കാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 


 
ടെക്സ്റ്റൈൽസ്  മന്ത്രാലയം സെക്രട്ടറി ശ്രീമതി നീലം ഷമി റാവു, അഡീഷണൽ സെക്രട്ടറി ശ്രീ രോഹിത് കൻസാൽ, എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലുകളുടെ മുതിർന്ന പ്രതിനിധികൾ, വ്യവസായ പ്രമുഖർ ഉൾപ്പെടെയുള്ളവർ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഭാരത് ടെക്സ് 2026

മുൻപ് നടന്ന രണ്ട് പതിപ്പുകളുടേയും ശ്രദ്ധേയമായ വിജയത്തിൻ്റെ അടിസ്ഥാനത്തിൽ, ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലുതും സ്വാധീനമുള്ളതുമായ പതിപ്പായിരിക്കും ഭാരത് ടെക്സ് 2026. 2026 ജൂലൈ 14 മുതൽ 17 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 3,500-ലധികം ബിസിനസ്സ് പ്രദർശകർ, 140-ലധികം രാജ്യങ്ങളിൽ നിന്നുള്ള 7,000-ത്തിലധികം അന്താരാഷ്ട്ര വാങ്ങലുകാർ, 1,30,000-ത്തിലധികം വ്യാപാര സന്ദർശകർ എന്നിവരുടെ വലിയ തോതിലുള്ള പങ്കാളിത്തത്തിന് ഈ പതിപ്പ് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാരുകൾ, നൂലുകൾ, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, ഫാഷൻ, ഗാർഹിക തുണിത്തരങ്ങൾ, സാങ്കേതിക തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, കൈത്തറി, ബുദ്ധിപരമായ നിർമ്മാണ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെയുള്ള സമ്പൂർണ്ണ വസ്ത്രവ്യാപാര ആവാസവ്യവസ്ഥയെ ഈ പരിപാടിയിൽ പ്രദർശിപ്പിക്കും. ഉത്പാദനം, ഡിസൈൻ, സാങ്കേതികവിദ്യ, വ്യാപാരം എന്നിവയിലുടനീളമുള്ള ഇന്ത്യയുടെ സംയോജിത കരുത്തിനെ ഈ പരിപാടി പ്രതിഫലിപ്പിക്കുന്നു.

2024 ലും 2025 ലും നടന്ന മുൻ പതിപ്പുകളുടെ ശക്തമായ വിജയത്തെ അടിസ്ഥാനമാക്കിയാണ് ഭാരത് ടെക്സ് 2026 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചർച്ചകളെ പ്രായോഗിക ഫലങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രദർശനങ്ങൾ, വിജ്ഞാന സെഷനുകൾ, റിവേഴ്സ് ബയർ-സെല്ലർ മീറ്റുകൾ, നയ സംഭാഷണങ്ങൾ എന്നിവയുടെ സവിശേഷമായ സംഗമമായിരിക്കും. സുസ്ഥിരവും ചക്രീയവുമായ തുണിത്തരങ്ങൾ, സാങ്കേതിക തുണിത്തരങ്ങൾ, എംഎസ്എംഇ- സംയോജനം, നൂതനാശയങ്ങൾ, ആഗോള വിപണിയിലേക്കുള്ള  പ്രവേശനം എന്നിവയ്ക്കാണ് ഈ പതിപ്പിൽ പ്രത്യേക ശ്രദ്ധ നല്കുന്നത്.

ഇന്ത്യൻ എം.എസ്.എം.ഇ-കൾ, പ്രദർശകർ, സ്റ്റാർട്ടപ്പുകൾ, അക്കാദമിക് മേഖലയിലുള്ളവർ, ഡിസൈനർമാർ എന്നിവർക്ക് അവരുടെ ഏറ്റവും പുതിയ ടെക്സ്റ്റൈൽ നൂതനാശയങ്ങൾ പ്രദർശിപ്പിക്കാനും ആഗോള ഉത്പാദകരുമായും വാങ്ങുന്നവരുമായും ബന്ധപ്പെടാനും ഉന്നതതല ചർച്ചകളിൽ ഏർപ്പെടാനും തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കാനും ഈ പരിപാടി വേദിയൊരുക്കും. നിക്ഷേപം ആകർഷിക്കുന്നതിനും വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ ഉത്പാദന ആവാസവ്യവസ്ഥയ്ക്കും പരമ്പരാഗത കൈത്തറി മേഖലയ്ക്കും ദീർഘകാല നിലനിൽപ്പ് ഉറപ്പാക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയ പ്രധാന നയ സംരംഭങ്ങളും പരിഷ്കാരങ്ങളും പരിപാടിയിൽ പ്രദർശിപ്പിക്കും.

ആഗോള ടെക്സ്റ്റൈൽ ഡയലോഗ്

ഭാരത് ടെക്സ് 2026-ൻ്റെ  പ്രധാന ആകർഷണം ആഗോള ടെക്സ്റ്റൈൽ ഡയലോഗ് ആയിരിക്കും. ഇതിൻ്റെ  ഭാഗമായി നടക്കുന്ന വിജ്ഞാന സെഷനുകൾ നയരൂപകർത്താക്കൾ, ആഗോള വ്യവസായ പ്രമുഖർ, നൂതനാശയക്കാർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരും. ആഗോള വ്യാപാര ചലനാത്മകത, സുസ്ഥിരത, ESG മാനദണ്ഡങ്ങൾ, ഇൻഡസ്ട്രി 5.0, സാങ്കേതിക തുണിത്തരങ്ങൾ, കരുത്തുറ്റ വിതരണ ശൃംഖലകൾ തുടങ്ങിയ പുതിയ പ്രവണതകളെക്കുറിച്ച് അവർ ചർച്ചകൾ നടത്തും. ഇത് വ്യവസായ പങ്കാളികൾക്കും എം.എസ്.എം.ഇ-കൾക്കും വിലപ്പെട്ട ഉൾക്കാഴ്ചകൾ നല്കും.

വ്യവസായം നയിക്കുന്ന ഒരു സംരംഭം

ഈ പരിപാടി വ്യവസായ മേഖലയുടെ നേതൃത്വത്തിലുള്ള ഒരു സംരംഭമാണ്, ടെക്സ്റ്റൈൽ മേഖലയുമായി ബന്ധപ്പെട്ട 11 എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലുകളുടേയും (EPCs) മറ്റ് വ്യവസായ സംഘടനകളുടേയും കൂട്ടായ്മയായ ഭാരത് ടെക്സ് ട്രേഡ് ഫെഡറേഷൻ (BTTF) ആണ് ഇത് സംഘടിപ്പിക്കുന്നത്. BTTF ചെയർമാൻ ശ്രീ നരേൻ ഗോയങ്കയും സഹ-ചെയർമാൻ ശ്രീ ഭദ്രേഷ് ദോഡിയയും ഈ പരിപാടിയിൽ വിഭാവനം ചെയ്തിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.

ഭാരത് ടെക്സ് 2026 എക്സ്‌പോയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ  www.bharat-tex.com  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

 
***

( റിലീസ് ഐ.ഡി: 2238426) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Odia , Kannada