ജൽ ശക്തി മന്ത്രാലയം
‘സുജലം ശക്തി ദിവസ്’ ആയി രാജ്യമെങ്ങും ആചരിക്കുന്ന അന്താരാഷ്ട്ര വനിതാദിനത്തില്‍ ‘ജല മഹോത്സവം 2026’ രാജ്യവ്യാപക ക്യാംപയിന് ‘ജൽ അർപ്പൺ’ ദിനാഘോഷങ്ങളോടെ തുടക്കം
പോസ്റ്റഡ് ഓണ്‍:
08 MAR 2026 7:16PM by PIB Thiruvananthpuram
കേന്ദ്ര ജലശക്തി മന്ത്രാലയത്തിന് കീഴിലെ കുടിവെള്ള-ശുചിത്വ വകുപ്പിന്റെ രാജ്യവ്യാപക ക്യാംപയിന്‍ ‘ജല മഹോത്സവം 2026’-ന് തുടക്കമായി. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഗുജറാത്തിലെ നവ്സാരി ജില്ലയിലെ ഗന്ദേവി ബ്ലോക്കിലെ രഹേജ് ഗ്രാമത്തിൽ കേന്ദ്ര ജലശക്തി മന്ത്രി ശ്രീ സി. ആർ. പാട്ടീലാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ജൽ ജീവൻ മിഷന് കീഴിലെ ഗ്രാമീണ കുടിവെള്ള സംവിധാനങ്ങളുടെ സാമൂഹ്യ ഉടമസ്ഥാവകാശം ശക്തിപ്പെടുത്തുന്നതിന് കുടിവെള്ള ആസ്തികൾ ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറുന്നതിന്റെ പ്രതീകമായി ‘ജൽ അർപ്പൺ ദിവസ്’ ആചരിച്ചാണ് ക്യാംപയിന് തുടക്കം കുറിച്ചത്. ‘സുജലം ശക്തി ദിവസ്’ ആയി ആചരിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് ജല മഹോത്സവത്തിന്റെ ശുഭാരംഭം.
മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ കർലി ഗ്രാമത്തില്‍ പരൂലേബജാർ ഗ്രാമപഞ്ചായത്തിൽ നിന്നാണ് കേന്ദ്ര ജലശക്തി സഹമന്ത്രി ശ്രീ വി. സോമണ്ണ പരിപാടിയിൽ പങ്കെടുത്തത്. ബീഹാറിലെ മുസാഫർപൂർ ജില്ലയിലെ കുധാനി ബ്ലോക്കിലെ ഫകുലി പഞ്ചായത്തിൽ നിന്ന് കേന്ദ്ര ജലശക്തി സഹമന്ത്രി ശ്രീ രാജ് ഭൂഷൺ ചൗധരി ജല മഹോത്സവ പരിപാടിയുടെ ഭാഗമായി. ഇതോടെ രാജ്യവ്യാപക പ്രവർത്തനങ്ങൾക്ക് സംസ്ഥാനങ്ങളിലും ജില്ലകളിലും തുടക്കമായി.
ഗ്രാമീണ കുടിവെള്ള സംവിധാനങ്ങളുടെ നടത്തിപ്പില്‍ സാമൂഹ്യ പങ്കാളിത്തം ശക്തിപ്പെടുത്താനും ജൽ ജീവൻ മിഷന് കീഴിൽ ജലസംരക്ഷണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കേന്ദ്ര ജലശക്തി മന്ത്രാലയത്തിന് കീഴിലെ കുടിവെള്ള-ശുചിത്വ വകുപ്പ് തുടക്കം കുറിച്ച രാജ്യവ്യാപക ജല മഹോത്സവ ക്യാംപയിന്‍ മാർച്ച് 8 മുതൽ 22 വരെയാണ് രാജ്യത്തുടനീളം ആചരിക്കുന്നത്.
എല്ലാവർഷവും മാർച്ച് 8 മുതൽ 22 വരെ ജല മഹോത്സവം ക്യാംപയിൻ ആചരിക്കും.
"ഗ്രാമത്തിന്റെ ഉത്സവം, രാജ്യത്തിന്റെ മഹോത്സവം” എന്ന ആപ്തവാക്യത്തോടെ സംഘടിപ്പിക്കുന്ന പ്രചാരണപരിപാടി ഗ്രാമീണ തലത്തിലെ ജനകീയ ഇടപെടലുകൾ സുസ്ഥിര ജല പരിപാലനത്തിന്റെ രാജ്യവ്യാപക മുന്നേറ്റത്തിന് എങ്ങനെ സംഭാവന നൽകുന്നുവെന്ന് എടുത്തുകാട്ടുന്നു. ഗ്രാമീണ കുടിവെള്ള സംവിധാനങ്ങളുടെ സാമൂഹ്യ ഉടമസ്ഥാവകാശം പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രാമങ്ങളിലും ജില്ലകളിലും സംസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്ന വിവിധ പരിപാടികളോടെയാണ് ജല മഹോത്സവത്തിന് കീഴിലെ രാജ്യവ്യാപക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
നവ്സാരിയിലെ പരിപാടിയിൽ ഗ്രാമീണ വനിതകളും പഞ്ചായത്ത് പ്രതിനിധികളും വിദ്യാർത്ഥികളും ചേർന്ന് കേന്ദ്രമന്ത്രി ശ്രീ സി.ആർ. പാട്ടീലിനെ സ്വീകരിച്ചു. ജൽ ജീവൻ മിഷന് കീഴിലെ വിവിധ വകുപ്പുകൾ ഒരുക്കിയ പ്രദർശന സ്റ്റാളുകൾ സന്ദർശിച്ച അദ്ദേഹം ഫീൽഡ് പരിശോധന കിറ്റുകൾ ഉപയോഗിച്ച് ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന വനിതാ അംഗങ്ങളുമായി സംവദിക്കുകയും ചെയ്തു. തുടർന്ന് സംഘടിപ്പിച്ച ‘ജൽ അർപ്പൺ’ ചടങ്ങില്‍ ഗ്രാമപഞ്ചായത്തുകൾക്കും ഗ്രാമീണ കുടിവെള്ള-ശുചിത്വ സമിതികള്‍ക്കും കുടിവെള്ള വിതരണ പദ്ധതികൾ ഔദ്യോഗികമായി കൈമാറി.
ഗ്രാമത്തിലെ ജല അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളിൽ പ്രതീകാത്മക 'ജൽ ബന്ധൻ' പ്രവർത്തനങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. ഗ്രാമീണ ജലസംവിധാനങ്ങളുടെ സംരക്ഷണത്തിലും പരിപാലനത്തിലും സമൂഹത്തിന്റെ പ്രതിബദ്ധത ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാമീണ കുടിവെള്ള സേവനങ്ങളിൽ സാമൂഹ്യ ഉടമസ്ഥാവകാശം ശക്തിപ്പെടുത്തുന്നതിനെ പ്രതീകവല്‍ക്കരിച്ച് ജലസംഭരണികളില്‍ കേന്ദ്രമന്ത്രി പവിത്രമായ നൂലുകൾ ബന്ധിച്ചു.
ഗ്രാമീണ കുടിവെള്ള സേവനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിൽ ജനപങ്കാളിത്തത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി കുടിവെള്ള ലഭ്യതയെക്കുറിച്ചും ഗ്രാമീണ ജലവിതരണ സംവിധാനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചും കേന്ദ്രമന്ത്രിമാർ ഗ്രാമവാസികളുമായി ആശയവിനിമയം നടത്തി.
ചടങ്ങിനെ അഭിസംബോധന ചെയ്ത കേന്ദ്ര ജലശക്തി മന്ത്രി ശ്രീ സി.ആർ. പാട്ടീൽ അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതകൾക്ക് ആശംസകൾ നേരുകയും ജല പരിപാലന പ്രവര്‍ത്തനങ്ങളില്‍ അവരുടെ വളർന്നുവരുന്ന നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്തു. സ്വച്ഛ് ഭാരത് മിഷനും ജൽ ജീവൻ മിഷനും ഗ്രാമീണ ഇന്ത്യയിലെ ആരോഗ്യം, അന്തസ്സ്, ജീവിതനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിൽ ചെലുത്തിയ വിപ്ലവകരമായ സ്വാധീനത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. 24 ലക്ഷത്തിലധികം സ്ത്രീകൾ ഫീൽഡ് പരിശോധന കിറ്റുകൾ ഉപയോഗിച്ച് ജലഗുണനിലവാര പരിശോധനയിൽ സജീവമായി ഏർപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ‘ജൽ സഞ്ചയി’ന്റെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം മഴവെള്ള സംഭരണം, ഭൂഗർഭജല റീചാർജിങ്, ഉത്തരവാദിത്തപൂര്‍ണ ജലോപയോഗം എന്നിവ പ്രോത്സാഹിപ്പിക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്തു. ഈ ജലസംരക്ഷണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് ജല മഹോത്സവത്തിൽ സജീവമായി പങ്കെടുക്കാന്‍ ജനങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
ജലവിതരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലും ഗുജറാത്ത് സർക്കാരിന്റെ കാഴ്ചപ്പാടുകൾ നർമദ ജലവിഭവ-ജലവിതരണ വകുപ്പ് മന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ ഈശ്വർസിങ് പട്ടേൽ പങ്കുവെച്ചു.
ഗുജറാത്ത് ഗോത്രവർഗ വികസന-ഖാദി-ഗ്രാമവ്യവസായ വകുപ്പ് മന്ത്രി ശ്രീ നരേഷ്ഭായ് പട്ടേലും ചടങ്ങിൽ സംസാരിച്ചു.
നവ്സാരിയിലെ ജല മഹോത്സവ ചടങ്ങിൽ കേന്ദ്രമന്ത്രി ശ്രീ പാട്ടീലിനൊപ്പം ദേശീയ ജൽ ജീവൻ മിഷൻ അഡീഷണൽ സെക്രട്ടറിയും മിഷൻ ഡയറക്ടറുമായ ശ്രീ കമൽ കിഷോർ സോണും പങ്കെടുത്തു.
ജലത്തോടുള്ള ആദരവിന്റെയും ജലസംരക്ഷണം, ഉത്തരവാദിത്തപൂര്‍ണ ജല പരിപാലനം എന്നിവയോടുള്ള കൂട്ടായ പ്രതിബദ്ധതയുടെയും പ്രതീകമെന്ന നിലയില്‍ പരിപാടിയുടെ ഭാഗമായി വിശിഷ്ട വ്യക്തികൾ 'കലശ പൂജ' നിർവഹിച്ചു.
'സുജലം ശക്തി ദിവസ്' ആയി ആചരിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗ്രാമീണ ജലവിതരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി നടത്തുന്ന ശ്രമങ്ങൾ ഉൾക്കൊള്ളുന്ന ഹ്രസ്വചിത്രവും പ്രദർശിപ്പിച്ചു. ജൽ ജീവൻ മിഷന്റെ കേന്ദ്രബിന്ദുവായി സ്ത്രീകളെ ചിത്രീകരിക്കുന്ന ഈ ഹ്രസ്വചിത്രം പൈപ്പ് വെള്ളം ലഭ്യമായതോടെ വെള്ളം ശേഖരിക്കാന്‍ സ്ത്രീകള്‍ നേരിട്ട ബുദ്ധിമുട്ട് എങ്ങനെ കുറഞ്ഞുവെന്നും അത് സ്ത്രീ ശാക്തീകരണത്തിലേക്കും ഗ്രാമീണ കുടുംബങ്ങളുടെ പുരോഗതിയിലേക്കും എങ്ങനെ നയിച്ചുവെന്നും കാണിക്കുന്നു.
ഗ്രാമീണ കുടിവെള്ള സംവിധാനങ്ങളുടെ പ്രവർത്തനത്തിലും പരിപാലനത്തിലും സുപ്രധാന പങ്കുവഹിച്ച സ്വയംസഹായ സംഘാംഗങ്ങൾ, ഗ്രാമീണ കുടിവെള്ള -ശുചിത്വ സമിതി അംഗങ്ങൾ, യുവ സന്നദ്ധപ്രവര്‍ത്തകര്‍, ജലഗുണനിലവാര പരിശോധന നടത്തുന്ന ഗ്രാമീണ സ്ത്രീകൾ, പമ്പ് ജീവനക്കാര്‍ എന്നിവരുൾപ്പെടെ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് നടന്ന 'ജല സങ്കല്പ്' പ്രതിജ്ഞയിൽ ജലസംരക്ഷണത്തിനും കുടിവെള്ള സംവിധാനങ്ങളുടെ ഉത്തരവാദിത്തപൂര്‍ണ പരിപാലനത്തിനും ഗ്രാമവാസികൾ പ്രതിബദ്ധത ആവര്‍ത്തിച്ചു. 'ജൽ അർപ്പൺ' ചടങ്ങിലൂടെ കുടിവെള്ള വിതരണ ആസ്തികൾ ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറി. ഇത് ജൽ ജീവൻ മിഷന് കീഴിലെ ഗ്രാമീണ കുടിവെള്ള സംവിധാനങ്ങളിൽ സാമൂഹ്യ ഉടമസ്ഥാവകാശം ശക്തിപ്പെടുത്തുന്നതിനെ പ്രതിനിധീകരിക്കുന്നു.
മഹാരാഷ്ട്രയിലും ബീഹാറിലും 'ജൽ അർപ്പൺ' ആചരിച്ച് സമാന ജല മഹോത്സവ പരിപാടികൾ സംഘടിപ്പിച്ചു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ പരൂലേബജാർ പഞ്ചായത്തിലെ കർലി ഗ്രാമത്തിൽ നടന്ന പരിപാടിയിൽ കേന്ദ്ര ജലശക്തി സഹമന്ത്രി ശ്രീ വി. സോമണ്ണ പങ്കെടുത്തു. ജലനടത്തം, ജനങ്ങളുമായി ആശയവിനിമയം, ജലപൂജ, ജല്‍ ബന്ധൻ, 'ജൽ ശൃംഗാർ', ഫീൽഡ് പരിശോധന കിറ്റുകൾ ഉപയോഗിച്ച് ജലഗുണനിലവാര പരിശോധന, ജൽ സങ്കല്പ്, വൃക്ഷപൂജ എന്നിവ ജല അടിസ്ഥാനസൗകര്യ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. സ്വയംസഹായ സംഘാംഗങ്ങൾ, ഗ്രാമീണ കുടിവെള്ള-ശുചിത്വ സമിതി അംഗങ്ങൾ, നിര്‍മാണ തൊഴിലാളികള്‍, യുവ സന്നദ്ധപ്രവര്‍ത്തകര്‍, പമ്പ് ജീവനക്കാര്‍ എന്നിവരെ ആദരിക്കുകയും ജലസുരക്ഷയെക്കുറിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്ര മത്സ്യബന്ധന-തുറമുഖ വകുപ്പ് മന്ത്രി ശ്രീ നിതേഷ് റാണെ, സാവന്ത്വാടി എം.എൽ.എ ശ്രീ ദീപക് കേസ സർക്കർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
ദിനാഘോഷ പരിപാടിയ്ക്കിടെ കേന്ദ്ര ജലശക്തി സഹമന്ത്രി ശ്രീ വി. സോമണ്ണ ടാപ്പിൽ നിന്ന് നേരിട്ട് വെള്ളം കുടിച്ചു. ജൽ ജീവൻ മിഷന് കീഴിൽ ജലത്തിന്റെ ഗുണനിലവാരം കൃത്യമായി പാലിക്കുന്നുണ്ടെന്നും ശുദ്ധീകരിച്ച ശേഷം വിതരണം ചെയ്യുന്നതിനാല്‍ നേരിട്ട് കുടിക്കാവുന്ന തരം മികച്ച രുചിയാണ് വെള്ളത്തിനെന്നും അദ്ദേഹം അഭിസംബോധനയില്‍ പറഞ്ഞു. പ്രാദേശിക സമൂഹത്തെ അഭിനന്ദിച്ച അദ്ദേഹം മഴവെള്ള സംഭരണത്തിനുവേണ്ടി പ്രവർത്തിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ചു.
ബീഹാറിലെ മുസാഫർപുർ ജില്ലയിലെ ജല മഹോത്സവ പരിപാടികളിൽ കേന്ദ്ര ജലശക്തി സഹമന്ത്രി ശ്രീ രാജ് ഭൂഷൺ ചൗധരി ഗ്രാമവാസികള്‍ക്കൊപ്പം പങ്കെടുത്തു. ജൽ ചൗപ്പാൽ സംവാദങ്ങൾ, ജൽ ബന്ധൻ, ജൽ ശപഥ്, 'ജൽ സേവാ ആങ്കലൻ' ചർച്ചകൾ എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഗ്രാമീണ കുടിവെള്ള സംവിധാനങ്ങൾ പരിപാലിക്കുന്നതിൽ ഏർപ്പെട്ട വനിതാ പമ്പ് ജീവനക്കാരെയും സാമുദായിക അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. ബീഹാർ നിയമസഭാംഗം ശ്രീ കേദാർ പ്രസാദ് ഗുപ്തയും ചടങ്ങിൽ പങ്കെടുത്തു.
മുസാഫർപുരിലെ സമ്മേളനത്തെ അഭിസംബോധന ചെയ്ത കേന്ദ്ര ജലശക്തി സഹമന്ത്രി ശ്രീ രാജ് ഭൂഷൺ ചൗധരി പ്രാദേശിക 'മാതൃശക്തി'യുടെ ആവേശകരമായ പങ്കാളിത്തത്തെ അഭിനന്ദിക്കുകയും ജലഭരണവും സാമൂഹ്യ നേതൃത്വത്തിലെ ജലപരിപാലനവും ശക്തിപ്പെടുത്തുന്നതിൽ സ്ത്രീകളുടെ സുപ്രധാന പങ്ക് വിശദീകരിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്തുകളിലൂടെ ജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും ജലസംരക്ഷണ ശീലങ്ങൾ വളർത്താനുമാണ് ജല മഹോത്സവം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജൽ ജീവൻ മിഷന്റെ വിപ്ലവകരമായ സ്വാധീനത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം ഗ്രാമീണ വീടുകളിൽ പൈപ്പ് വെള്ളമെത്തിയത് ആരോഗ്യവും അന്തസ്സും ജീവിതനിലവാരവും മെച്ചപ്പെടുത്തിയെന്നും വെള്ളം കൊണ്ടുവരാൻ മണിക്കൂറുകളോളം ചെലവഴിച്ചിരുന്ന സ്ത്രീകളുടെ ജോലിഭാരം കുറച്ചുവെന്നും പറഞ്ഞു. ജലത്തിന്റെ ഉത്തരവാദിത്തപൂര്‍ണ ഉപയോഗം എടുത്തുപറഞ്ഞ അദ്ദേഹം ജലസംരക്ഷണത്തിൽ സജീവമായി പങ്കുചേരാനും ഗ്രാമീണ കുടിവെള്ള സംവിധാനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനും ജനങ്ങളെ ആഹ്വാനം ചെയ്തു.
രാജ്യത്തുടനീളം ഗ്രാമീണ-ജില്ലാ-സംസ്ഥാന തലങ്ങളിൽ ജല മഹോത്സവ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ജൽ അർപ്പൺ, സാമുദായിക ബോധവൽക്കരണ റാലികൾ, ജൽ ചൗപ്പാൽ സംവാദങ്ങൾ, ഫീൽഡ് പരിശോധന കിറ്റുകൾ ഉപയോഗിച്ച് ജലഗുണനിലവാര പരിശോധനാ പ്രദർശനങ്ങൾ, ജലസ്രോതസ്സുകളുടെ സുസ്ഥിരത ലക്ഷ്യമിടുന്ന പ്രതിജ്ഞകൾ, ഗ്രാമീണ കുടിവെള്ള സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന സാമൂഹ്യ സന്നദ്ധപ്രവര്‍ത്തകരെയും സ്വയംസഹായ സംഘാംഗങ്ങളെയും ഗ്രാമീണ കുടിവെള്ള-ശുചിത്വ സമിതി അംഗങ്ങളെയും ആദരിക്കൽ എന്നിവയാണ് ഇതിന്റെ ഭാഗമായി നടത്തുന്ന പ്രധാന പ്രവർത്തനങ്ങൾ. ജലശക്തി മന്ത്രാലയത്തിലെ കുടിവെള്ള-ശുചിത്വ വകുപ്പിലെ മേഖല ഉദ്യോഗസ്ഥരും ഡെപ്യൂട്ടി ഉപദേഷ്ടാക്കളുമടക്കം മുതിർന്ന ഉദ്യോഗസ്ഥരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജൽ അർപ്പൺ ദിനാഘോഷങ്ങളിൽ പങ്കുചേർന്നു.
ജല പരിപാലനത്തിലെ സ്ത്രീ നേതൃത്വം എടുത്തുകാട്ടുന്ന പരിപാടികളും നിരവധി ജില്ലകളിൽ സംഘടിപ്പിക്കുന്നുണ്ട്. അടിസ്ഥാന തലത്തിൽ വിശ്വസനീയ കുടിവെള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന വനിതാ പമ്പ് ജീവനക്കാരെയും ഗ്രാമീണ കുടിവെള്ള-ശുചിത്വ സമിതികളിലെ വനിതാ പ്രതിനിധികളെയും ഇത്തരം ചടങ്ങുകളിൽ ആദരിക്കുന്നു.
ഏകോപിത പ്രവർത്തനവും സാമൂഹ്യ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിന് ദേശീയം, സംസ്ഥാനം, ജില്ല, ഗ്രാമപഞ്ചായത്ത് എന്നിങ്ങനെ നാല് തലങ്ങളിലായാണ് ജല മഹോത്സവം സംഘടിപ്പിക്കുന്നത്.
ദേശീയ തലത്തിൽ പ്രചാരണ കാലയളവിൽ വിവിധ മന്ത്രാലയങ്ങളുടെ ഏകോപനത്തോടെ പരിപാടികൾ സംഘടിപ്പിക്കും. 2026 മാർച്ച് 11-നാണ് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ സാന്നിധ്യത്തിൽ ദേശീയ തല മെഗാ പരിപാടി സംഘടിപ്പിക്കുന്നത്. താഴെത്തട്ടിലെ ജലസംരക്ഷണ മേഖലയിലെ നേതാക്കളെ പരിപാടിയില്‍ ആദരിക്കും. മാർച്ച് 22-ന് (ലോക ജലദിനം) രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ജൽ അർപ്പൺ ചടങ്ങുകളോടെ ക്യാംപയിൻ സമാപിക്കും.
സംസ്ഥാന തലത്തിൽ ജൽ അർപ്പൺ പരിപാടികൾ, ജില്ലാ പരിശീലന യൂണിറ്റുകളുടെ ശേഷി വർധന, സുജലം ശക്തിയെക്കുറിച്ച് ജില്ലാ ഉദ്യോഗസ്ഥർക്ക് ബോധവല്‍ക്കരണ പരിപാടി, ജില്ലാ കുടിവെള്ള-ശുചിത്വ സമിതി യോഗങ്ങള്‍ എന്നിവ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സംഘടിപ്പിക്കും. ഇക്കാലയളവിൽ 'രാജ്യ ജൽ ഉത്സവ്/നദി ഉത്സവ്' കലണ്ടർ സംസ്ഥാനങ്ങൾ തയ്യാറാക്കും.
ജില്ലാ തലത്തിൽ ജൽ അർപ്പൺ പ്രോട്ടോക്കോളുകള്‍ സംബന്ധിച്ച ബോധവല്‍ക്കരണം, ജില്ലാ കുടിവെള്ള-ശുചിത്വ ദൗത്യങ്ങളുടെ ശാക്തീകരണം, സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പദ്ധതി ആസൂത്രണം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇക്കാലയളവിൽ 'ലോക് ജൽ ഉത്സവ്' കലണ്ടർ തയ്യാറാക്കാൻ ഗ്രാമപഞ്ചായത്തുകളെ സംസ്ഥാനങ്ങൾ സഹായിക്കും.
ഗ്രാമപഞ്ചായത്ത് തലത്തിൽ 'ഹർ ഘർ ജൽ' പ്രഖ്യാപനങ്ങൾ, ഗ്രാമീണ കുടിവെള്ള-ശുചിത്വ സമിതികളുടെ ബോധവല്ക്കരണം, ജൽ സേവാ ആങ്കലൻ, സ്കൂളുകളില്‍ ജലഗുണനിലവാര പരിശോധനാ പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കും.
ജലപരിപാലനത്തില്‍ ഗ്രാമപഞ്ചായത്തുകളിലൂടെ ജനപങ്കാളിത്തം ആഴത്തിലാക്കുക, സുസ്ഥിര ജലഉപയോഗത്തിനും ഗ്രാമീണ ഇന്ത്യയിലുടനീളം 'സുജൽ ഗ്രാമം' കെട്ടിപ്പടുക്കുന്നതിനും രാജ്യവ്യാപക പ്രസ്ഥാനമായി മാറുക എന്നിവയാണ് ജല മഹോത്സവത്തിന്റെ ലക്ഷ്യങ്ങള്‍. ഗ്രാമീണ കുടിവെള്ള സംവിധാനങ്ങളുടെ സാമൂഹ്യ ഉടമസ്ഥാവകാശത്തെയും വികസിത ഭാരതമെന്ന കാഴ്ചപ്പാടിലേക്ക് നടത്തുന്ന കൂട്ടായ പരിശ്രമത്തെയും ഇത് പ്രോത്സാഹിപ്പിക്കുന്നു.
ഗ്രാമപഞ്ചായത്തുകളിലൂടെ ജനപങ്കാളിത്തത്തിന്റെ ആവേശം എടുത്തുകാട്ടി 'ജല മഹോത്സവം 2026'-ന്റെ ശുഭാരംഭം ഗുജറാത്തിലെ നവ്സാരിയിൽ നിന്ന് തത്സമയം സംപ്രേഷണം ചെയ്തു.
പരിപാടിയുടെ തത്സമയ സംപ്രേഷണം താഴെ നല്‍കിയിരിക്കുന്ന ലിങ്കിലൂടെ കാണാം:
https://www.youtube.com/live/SMWmffMoLo4?si=C5JSz_rqBQdXu-9T
( റിലീസ് ഐ.ഡി: 2236859)
സന്ദര്‍ശക കൗണ്ടര്‍ : 3