വനിതാ, ശിശു വികസന മന്ത്രാലയം
ന്യൂഡൽഹിയിലെ മനേക്ഷാ സെൻ്ററിൽ നടന്ന 2026-ലെ അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളിൽ രാഷ്ട്രപതി പങ്കെടുത്തു
പോസ്റ്റഡ് ഓണ്‍:
08 MAR 2026 7:10PM by PIB Thiruvananthpuram
2026-ലെ അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര വനിതാ, ശിശു വികസന മന്ത്രാലയം (MWCD) ന്യൂഡൽഹിയിലെ മനേക്ഷാ സെൻ്ററിൽ ഒരു ദേശീയതല പരിപാടി സംഘടിപ്പിച്ചു.

രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കേന്ദ്ര വനിതാ, ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണ്ണാ ദേവി, വനിതാ ശിശു വികസന മന്ത്രാലയം സഹമന്ത്രി ശ്രീമതി സാവിത്രി ഠാക്കൂർ എന്നിവരുൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.

രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസം, ഭരണനിർവ്വഹണം, നീതിന്യായ വ്യവസ്ഥ, സൈന്യം, വൈദ്യശാസ്ത്രം, ശാസ്ത്രം, സാങ്കേതികവിദ്യ, കല, സംരംഭകത്വം തുടങ്ങിയ എല്ലാ മേഖലകളിലും സ്ത്രീകൾ നേതൃത്വപരമായ പങ്ക് വഹിക്കുന്നുണ്ടെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ഗ്രാമീണ മേഖലയിലെ സ്ത്രീകൾ സ്വയംസഹായ സംഘങ്ങളിലൂടെ സാമ്പത്തികമായി സ്വയംപര്യാപ്തത നേടുന്നു. പഞ്ചായത്തുകളിലെ ഗ്രാമീണ വികസനത്തിന് അവർ നേതൃത്വം നല്കുന്നു. വ്യവസായം, സ്റ്റാർട്ടപ്പുകൾ, കോർപ്പറേറ്റ് ലോകം എന്നിവയിൽ നേതൃത്വം നല്കുന്നതിനായി നിരവധി സ്ത്രീകൾ തങ്ങളുടെ കഴിവുകളും ശേഷികളും പ്രയോജനപ്പെടുത്തുന്നു. കായികരംഗത്തും അവർ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. അവസരങ്ങളും പിന്തുണയും ലഭ്യമാക്കിയാൽ സ്ത്രീകൾക്ക് എല്ലാ മേഖലകളിലും മികവ് പുലർത്താൻ കഴിയുമെന്ന ആത്മവിശ്വാസം ഇത്തരം ഉദാഹരണങ്ങൾ നല്കുന്നു.
സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്ക് ഇന്ത്യ അതിവേഗം നീങ്ങുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ, സ്ത്രീകളുടെ പാതയിലെ തടസ്സങ്ങൾ നീക്കുന്നതിനായി ശക്തമായ അടിത്തറ പാകിയിട്ടുണ്ട്. സ്കൂൾ വിദ്യാഭ്യാസത്തിൽ ഇന്ത്യ ലിംഗസമത്വം കൈവരിച്ചു. ഉന്നതവിദ്യാഭ്യാസത്തിൽ പോലും, മൊത്തം പ്രവേശന അനുപാതത്തിൻ്റെ കാര്യത്തിൽ വിദ്യാർത്ഥിനികളുടെ എണ്ണം കൂടുതലാണ്. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (STEM) എന്നീ മേഖലകളിലെ വിദ്യാഭ്യാസത്തിൽ സ്ത്രീകളുടെ പങ്കാളിത്തം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. STEM വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ സഹായിക്കുന്നതിനായി ഓരോ ജില്ലയിലും ഒരു വനിതാ ഹോസ്റ്റൽ സ്ഥാപിക്കുന്നതിന് 2026-27 ലെ കേന്ദ്ര ബജറ്റിൽ വ്യവസ്ഥയുണ്ട്. വിജ്ഞാന സമ്പദ്‌വ്യവസ്ഥയിൽ നേതൃത്വപരമായ പങ്കുവഹിക്കാൻ നമ്മുടെ പെൺമക്കൾ തയ്യാറെടുക്കുകയാണ്.
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്കുചെയ്യുക-
https://static.pib.gov.in/WriteReadData/specificdocs/documents/2026/mar/doc202638815101.pdf
വനിതാ, ശിശു വികസന മന്ത്രാലയം സെക്രട്ടറി ശ്രീ അനിൽ മാലിക്കിൻ്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്. "ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും പ്രചോദനത്തിൻ്റെ ഉറവിടവും വെളിച്ചത്തിൻ്റെ സ്തംഭവുമാണ് " രാഷ്ട്രപതിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. "നമ്മുടെ എല്ലാ പെൺകുട്ടികളിലും സ്ത്രീകളിലും അമ്മമാരിലും സഹോദരിമാരിലുമുള്ള ദിവ്യശക്തിയെ തിരിച്ചറിയാൻ നമുക്ക് ഒരുമിച്ച് പ്രതിജ്ഞയെടുക്കാം" എന്ന് അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു. ഇത് ഒരു ദിവസത്തെ മാത്രം ആഘോഷമാക്കാതെ ദൈനംദിന ആചാരമായി മാറ്റാൻ ശ്രമിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കേന്ദ്ര വനിതാ, ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണ്ണാ ദേവി, രാഷ്ട്രപതിക്ക് ജാർഖണ്ഡിൻ്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന സർഹുൽ നൃത്യ ഉത്സവത്തിൻ്റെ കളിമണ്ണിൽ തീർത്ത ശില്പവും, ജാർഖണ്ഡിലെ സൊഹ്‌റായ് കല ഉൾക്കൊള്ളുന്ന ഒരു ഷാളും സമ്മാനിച്ചുകൊണ്ട് രാഷ്ട്രപതിയെ സ്വാഗതം ചെയ്തു.

രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്നതും വികസിത ഭാരതത്തിൻ്റെ അടിത്തറയുമായ ഇന്ത്യയിലെ സ്ത്രീകളുടെ നിശ്ചയദാർഢ്യം, സമർപ്പണം, നേട്ടങ്ങൾ എന്നിവയെയാണ് ഈ ദിവസം ആഘോഷിക്കുന്നതെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര വനിതാ, ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണ്ണാ ദേവി പറഞ്ഞു.
രാഷ്ട്രപതിയുടെ സാന്നിധ്യത്തെ പ്രശംസിച്ച അവർ, ഒരു സ്ത്രീക്ക് അവസരങ്ങളും ആദരവും ലഭിക്കുമ്പോൾ, എങ്ങനെ വലിയ ഉയരങ്ങളിലേക്ക് എത്താമെന്നും സമൂഹത്തിന് പുതിയൊരു പാത കാട്ടിക്കൊടുക്കാമെന്നുമുള്ളതിന് ജീവിക്കുന്ന ഉദാഹരണമാണ് രാഷ്ട്രപതിയെന്ന് അവർ പറഞ്ഞു.
ഇന്ന് ഇന്ത്യയുടെ പുരോഗതി നാരിശക്തിയാൽ നയിക്കപ്പെടുന്നു എന്നത് വളരെ അഭിമാനകരമായ കാര്യമാണെന്നും, അവരുടെ അഭിലാഷങ്ങളും നേതൃത്വവും സംഭാവനകളും രാഷ്ട്രത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തെ രൂപപ്പെടുത്തുകയും രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് പെൺമക്കൾക്ക് പ്രചോദനം നല്കുകയും ചെയ്യുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. "ഇന്നത്തെ സ്ത്രീകൾ വീട്ടമ്മമാർ മാത്രമല്ല, രാഷ്ട്ര നിർമ്മാതാക്കൾ കൂടിയാണ്," അവർ പറഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾ മൂലം കഴിഞ്ഞ ആറ് വർഷത്തിനിടെ തൊഴിൽ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം 22.3 ശതമാനത്തിൽ നിന്ന് 41.7 ശതമാനമായി ഗണ്യമായി വർദ്ധിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടി.
പരിപാടിയുടെ ഭാഗമായി, ഇന്ത്യയുടെ വികസന യാത്രയിൽ സ്ത്രീകളുടെ പരിവർത്തനാത്മക പങ്ക് വ്യക്തമാക്കുന്ന രണ്ട് ഹ്രസ്വ വീഡിയോകൾ പ്രദർശിപ്പിച്ചു.
"നാരിശക്തി, രാഷ്ട്രശക്തി" എന്ന് പേരിലുള്ള ആദ്യ ഹ്രസ്വചിത്രം, വിവിധ മേഖലകളിലെ സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തേയും പരമ്പരാഗതമായി പുരുഷന്മാർ ആധിപത്യം പുലർത്തിയിരുന്ന തൊഴിലുകളിലെ അവരുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തേയും എടുത്തുകാട്ടി. മെട്രോ ട്രെയിൻ ഓപ്പറേറ്റർമാർ, ഭാരത് ടാക്സിയിലെ സാരഥി ഡ്രൈവർമാർ, പോസ്റ്റ് വുമൺ, ഡ്രോൺ ദീദികൾ, പെട്രോൾ പമ്പ് മാനേജർമാർ എന്നിങ്ങനെ സേവനമനുഷ്ഠിക്കുന്ന സ്ത്രീകളെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. കമ്പനികളിലെ വനിതാ ഡയറക്ടർമാരുടെ വർദ്ധിച്ചുവരുന്ന എണ്ണവും, സ്ത്രീകളെ പുരോഗതിയുടെ ചാലകശക്തികളായി ഉയർന്നുവരാൻ പ്രാപ്തരാക്കുന്ന വിവിധ സാമ്പത്തിക, ശാക്തീകരണ സംരംഭങ്ങളുടെ ഗുണപരമായ സ്വാധീനവും ചൂണ്ടിക്കാട്ടിക്കൊണ്ട് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന നേതൃത്വത്തെക്കുറിച്ചും ചിത്രം അടിവരയിട്ടു.

“നാരിശക്തി: വികസിത് ഭാരത് കാ ആധാർ” എന്ന രണ്ടാമത്തെ ഹ്രസ്വ വീഡിയോ, രാജ്യത്തുടനീളമുള്ള സ്ത്രീ ശാക്തീകരണം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള പ്രധാന സർക്കാർ നയങ്ങളും മുൻനിര പരിപാടികളും സംരംഭങ്ങളും പ്രദർശിപ്പിച്ചു. സ്ത്രീകളുടെ വികസനത്തിൽ നിന്ന് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തെ ഇത് അടയാളപ്പെടുത്തി. പഞ്ചായത്ത് മുതൽ പാർലമെൻ്റ് വരെയുള്ള ജനാധിപത്യ സ്ഥാപനങ്ങളിൽ സ്ത്രീ പ്രാതിനിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള സംരംഭങ്ങൾ, ERSS, വുമൺ ഹെൽപ്പ് ലൈനുകൾ, പോലീസ് സ്റ്റേഷനുകളിലെ വുമൺ ഹെൽപ്പ് ഡെസ്കുകൾ, വൺ സ്റ്റോപ്പ് സെൻ്ററുകൾ, ഷീ-ബോക്സ് , ആൻ്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റ് എന്നിവയിലൂടെ സുരക്ഷയും നീതിയും വർദ്ധിപ്പിക്കൽ, കൂടാതെ ബാങ്ക് സഖി, മുദ്ര യോജന, സ്റ്റാൻഡ്-അപ്പ് ഇന്ത്യ, സ്വയം സഹായ സംഘങ്ങൾ, ബീമാ സഖി തുടങ്ങിയ പദ്ധതികളിലൂടെ സാമ്പത്തിക അവസരങ്ങൾ വിപുലീകരിക്കൽ എന്നിവ ചിത്രം എടുത്തുകാണിച്ചു. STEM, വ്യോമയാനം, പ്രതിരോധം, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തവും ചിത്രം അടിവരയിട്ടു. ഇത് വികസിത ഭാരതം @2047 -ൻ്റെ അടിസ്ഥാനശിലയായി നാരിശക്തിയെ കാണുന്ന ഇന്ത്യയുടെ വിശാലമായ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു.
ഉദ്ഘാടന സെഷനെത്തുടർന്ന് രണ്ട് പാനൽ ചർച്ചകളോടെ പരിപാടി തുടർന്നു.
“തൊഴിൽ നിയമങ്ങൾ – സ്ത്രീകളുടെ ശാക്തീകരണം വർദ്ധിപ്പിക്കുന്നു” എന്ന വിഷയത്തിലുള്ള ആദ്യ പാനൽ ചർച്ച, തൊഴിൽ മേഖലയിലെ സ്ത്രീകൾക്കായി ഇന്ത്യയുടെ പുതിയ തൊഴിൽ നിയമങ്ങൾ നല്കുന്ന സാധ്യതകൾ പര്യവേക്ഷണം ചെയ്തു. തുല്യ വേതനം, മെൻ്റർഷിപ്പ് പ്രോഗ്രാമുകൾ, തൊഴിലിടങ്ങളിലെ സുരക്ഷ, അസംഘടിത-ഗിഗ് സമ്പദ്‌വ്യവസ്ഥയിലെ സ്ത്രീകൾക്കുള്ള സാമൂഹിക സുരക്ഷാ പരിരക്ഷ, ഔദ്യോഗിക തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ എന്നിവയിൽ ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം ശ്രീ സഞ്ജീവ് സന്യാൽ, FICCI FLO നാഷണൽ പ്രസിഡൻ്റ് ശ്രീമതി പൂനം ശർമ്മ, സുപ്രീം കോടതി സീനിയർ അഡ്വക്കേറ്റ് ഡോ. പിങ്കി ആനന്ദ്, കേന്ദ്ര തൊഴിൽ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ശ്രീ അശുതോഷ് എ. ടി. പെഡ്നേക്കർ എന്നിവർ പാനലിൽ ഉൾപ്പെട്ടിരുന്നു.
“ സംരംഭകരായി സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകൾ ” എന്ന വിഷയത്തിലുള്ള രണ്ടാമത്തെ പാനൽ, സ്ത്രീകളുടെ സംരംഭകത്വവും സാമ്പത്തിക സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതിൽ സ്വയംസഹായ സംഘങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വിപണി ബന്ധങ്ങൾ ശക്തിപ്പെടുത്തുക, വായ്പയും മെൻ്റർഷിപ്പും ലഭ്യമാക്കുക, വിപണി പ്രവേശനത്തിനായുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങളെ ലഘു ഉപജീവന പ്രവർത്തനങ്ങളിൽ നിന്ന് വലിയ സംരംഭങ്ങളിലേക്ക് വളരാൻ പ്രാപ്തരാക്കുക തുടങ്ങിയ വിഷയങ്ങൾ ചർച്ചയുടെ കേന്ദ്രബിന്ദുവായി. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ശ്രീമതി സ്വാതി ശർമ്മ, മഹാരാഷ്ട്ര സർക്കാരിൻ്റെ റെസിഡൻ്റ് കമ്മീഷണർ ശ്രീമതി വിമല ആർ., നബാർഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഗോവർദ്ധൻ റാവത്ത്, ഇമാഗോ ഗ്ലോബൽ ഗ്രാസ്‌റൂട്ട്സ് ഇന്ത്യ കൺട്രി ഡയറക്ടർ ശ്രീമതി ഗായത്രി റാവു എന്നിവർ പാനലിൽ ഉൾപ്പെടുന്നു.
സായുധ സേന, പോലീസ്, മാധ്യമങ്ങൾ, ആരോഗ്യ പരിപാലനം, കായികം, അക്കാദമിക് മേഖല, സർക്കാർ സ്ഥാപനങ്ങൾ, താഴെത്തട്ടിലുള്ള സംഘടനകൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ ഏകദേശം 200 മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നും സംഘടനകളിൽ നിന്നുമായി ആയിരത്തിലധികം സ്ത്രീകൾ പരിപാടിയിൽ പങ്കെടുത്തു. വിവിധ മേഖലകളിൽ സ്ത്രീകളുടെ വൈവിധ്യമാർന്ന സംഭാവനകളേയും വികസിത ഭാരതം @2047-ലേക്കുള്ള ഇന്ത്യയുടെ യാത്ര രൂപപ്പെടുത്തുന്നതിൽ അവരുടെ വർദ്ധിച്ചുവരുന്ന നേതൃത്വത്തേയും അവരുടെ സാന്നിധ്യം പ്രതിഫലിപ്പിച്ചു.
മാർച്ച് 8-ന് ആഗോളതലത്തിൽ ആചരിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനം, വിവിധ മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങളേയും സംഭാവനകളേയും ആഘോഷിക്കുകയും ലിംഗസമത്വം, സുരക്ഷ, അന്തസ്സ്, സ്ത്രീ ശാക്തീകരണം എന്നിവയോടുള്ള കൂട്ടായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു.
https://www.pib.gov.in/PressReleasePage.aspx?PRID=2236565®=3&lang=1
***
( റിലീസ് ഐ.ഡി: 2236752)
സന്ദര്‍ശക കൗണ്ടര്‍ : 5