വനിതാ, ശിശു വികസന മന്ത്രാലയം
2026 ലെ അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കർതവ്യ പഥിൽ ' ശക്തി പദയാത്ര #SheLeadsBharat' സംഘടിപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
08 MAR 2026 7:28PM by PIB Thiruvananthpuram
2026 ലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേന്ദ്രവനിതാ-ശിശു വികസന മന്ത്രാലയം ഇന്ന് ന്യൂഡൽഹിയിലെ കർതവ്യ പഥിൽ "ശക്തി പദയാത്ര- #SheLeadsBharat" പരിപാടി സംഘടിപ്പിച്ചു. നാരീശക്തിയെ ആഘോഷിച്ച ഈ പരിപാടി, പുരോഗമനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഭാരതത്തെ രൂപപ്പെടുത്തുന്നതിൽ സ്ത്രീകളുടെ പങ്കിന്റെ പ്രാധാന്യത്തെ എടുത്തുകാണിച്ചു.

കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണ ദേവി, വനിതാ-ശിശു വികസന സഹമന്ത്രി ശ്രീമതി സാവിത്രി ഠാക്കൂർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്ത, ആരോഗ്യ-കുടുംബക്ഷേമം, രാസവസ്തുക്കൾ& വളങ്ങൾ എന്നീ വകുപ്പുകളുടെ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

ദേശീയ വനിതാ കമ്മീഷൻ (NCW) ചെയർപേഴ്‌സൺ വിജയ കിഷോർ രഹത്കർ, വനിതാ-ശിശു വികസന മന്ത്രാലയം സെക്രട്ടറി ശ്രീ അനിൽ മാലിക് എന്നിവർക്കൊപ്പം വിവിധ മേഖലകളിൽ നിന്നുള്ള വനിതകളടക്കമുള്ള ഉദ്യോഗസ്ഥർ, ഫീൽഡ് പ്രവർത്തകർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

മാർച്ച് 8 ന് ആഗോളതലത്തിൽ ആഘോഷിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനം , ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ള സ്ത്രീകളുടെ നേട്ടങ്ങളെയും അവരുടെ നേതൃമികവിനെയും ആഘോഷിക്കുന്നതിനൊപ്പം ലിംഗസമത്വം, സുരക്ഷ, അന്തസ്സ്, ശാക്തീകരണം എന്നിവയോടുള്ള കൂട്ടായ പ്രതിജ്ഞാബദ്ധതയെയും ആവർത്തിച്ച് സ്ഥിരീകരിക്കുന്നു.

ഇന്ത്യാ ഗേറ്റിലെ കർത്തവ്യപഥിൽ ദേശസ്നേഹത്തിന്റെ അന്തരീക്ഷം ഉണർത്തിക്കൊണ്ട് ദേശീയ ഗീതമായ വന്ദേമാതരം ആലപിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്. വിശിഷ്ട വ്യക്തികളും പങ്കാളികളും ഒത്തുകൂടി. തുടർന്ന് കേന്ദ്ര മന്ത്രി ശ്രീമതി അന്നപൂർണ ദേവി ശക്തി പദയാത്ര ഔപചാരികമായി ഫ്ലാഗ് ഓഫ് ചെയ്തു. സ്ത്രീ ശാക്തീകരണത്തിനായുള്ള കരുത്ത് , ഐക്യം, കൂട്ടായ പ്രതിജ്ഞാബദ്ധത എന്നിവയെ പദയാത്ര പ്രതീകപ്പെടുത്തി. പരിപാടിയുടെ അന്തസത്ത പ്രതിഫലിപ്പിച്ചുകൊണ്ട് പങ്കാളികൾ ആവേശത്തോടെ പദയാത്രയിൽ അണിനിരന്നു .

കർത്തവ്യ പഥിൽ ഇന്ത്യാ ഗേറ്റ് മുതൽ വിജയ് ചൗക്ക് വരെ ഏകദേശം 2 കിലോമീറ്റർ ദൂരം പദയാത്ര നടന്നു. സ്ത്രീകൾക്കായുള്ള പ്രധാന ഗവൺമെന്റ് പദ്ധതികളും സംരംഭങ്ങളും, കൂടാതെ വിവിധ മേഖലകളിലെ സ്ത്രീകളുടെ പ്രധാന നേട്ടങ്ങളും പ്രദർശിപ്പിക്കുന്ന ഇൻസ്റ്റലേഷനുകൾ വഴിയിലുടനീളം പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യയിലുടനീളമുള്ള സ്ത്രീകളുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യവും ശക്തിയും പ്രദർശിപ്പിക്കുന്ന ഊർജ്ജസ്വലമായ സാംസ്കാരിക പ്രകടനങ്ങളും പരിപാടിയിൽ നടന്നു. കർണാടകയിൽ നിന്നുള്ള ദൊല്ലു കുനിത, കേരളത്തിൽ നിന്നുള്ള കളരിപ്പയറ്റ്, ശിങ്കാ രിമേളം, അസമിൽ നിന്നുള്ള റാഞ്ചണ്ടി, രാജസ്ഥാനിൽ നിന്നുള്ള ഘൂമർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അവ ഓരോന്നും അതത് സംസ്ഥാനങ്ങളുടെ സവിശേഷമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു.

200 ഓളം മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള 3,000 ത്തിലധികം സ്ത്രീകൾ പരിപാടിയിൽ പങ്കെടുത്തു. സായുധ സേന, പോലീസ്, ആരോഗ്യ സംരക്ഷണ മേഖല, മാധ്യമങ്ങൾ, കായികം, വിദ്യാഭ്യാസം, ശുചിത്വം, വ്യോമയാനം, വ്യവസായം, ഗവണ്മെന്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ, ANM സേവന ദാതാക്കൾ, ഭാരത് ടാക്സി സാരഥികളിലെ വനിതാ ഡ്രൈവർമാർ, അധ്യാപകർ, ലോക്കോമോട്ടീവ് ഡ്രൈവർമാർ, മൈ ഭാരത് സന്നദ്ധ പ്രവർത്തകർ, ഫീൽഡ് തല പ്രവർത്തകർ , വനിതാ സംരംഭകർ എന്നിവരും പങ്കെടുത്തു.
അവരുടെ പങ്കാളിത്തം കർതവ്യ പഥിനെ നാരി ശക്തിയുടെ ഊർജ്ജസ്വലമായ ആഘോഷമാക്കി മാറ്റി. ഇത് 2047 ലെ വികസിത ഭാരതം എന്ന ദർശനത്തിലേക്ക് കൂട്ടായി മുന്നേറാനുള്ള സ്ത്രീകളുടെ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു.
ശക്തി പദയാത്രയിലൂടെ അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങൾ ആരംഭിക്കാനായത് രാജ്യമെമ്പാടും ശക്തമായ ഒരു സന്ദേശം നൽകുന്നതായി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണ ദേവി പറഞ്ഞു.
ഇന്ന് സ്ത്രീകൾ എല്ലാ മേഖലകളിലും കഴിവുകൾ പ്രകടിപ്പിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. കൂടാതെ ഭാരതത്തിലെ സ്ത്രീകളുടെയും പെൺമക്കളുടെയും സഹോദരിമാരുടെയും ശക്തിയെ തിരിച്ചറിഞ്ഞ് ഇന്ത്യയുടെ വികസന യാത്രയ്ക്ക് നേതൃത്വം നൽകാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിരന്തരമായ ശ്രമങ്ങളെയും മന്ത്രി എടുത്തുപറഞ്ഞു.
പ്രധാനമന്ത്രിയുടെ ദർശനത്തെ ഉദ്ധരിച്ച് അവർ ഇങ്ങനെ അഭിപ്രായപ്പെട്ടു: " ഇതാണ് ഇന്ത്യയുടെ സമയം, ശരിയായ സമയം - ഇതാണ് ഇന്ത്യയുടെ വിലയേറിയ സമയം."
“ഭാരതത്തിന്റെ ഭാഗ്യ വിധാതയാണ് നാരി ശക്തി” എന്ന് പദയാത്രയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്ത പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ സ്ത്രീകൾ രാജ്യത്തിന്റെ പുരോഗതിക്കായി നിരന്തരം സംഭാവന നൽകുമെന്നും അതിന് പുതിയ ദിശാബോധം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
സ്വന്തം വളർച്ചയ്ക്ക് മാത്രമല്ല, സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്കും സംഭാവന നൽകാനുള്ള സ്ത്രീകളുടെ കൂട്ടായ ദൃഢനിശ്ചയത്തെയാണ് കർത്തവ്യ പഥിലെ ശക്തി പദയാത്ര പ്രതീകപ്പെടുത്തുന്നതെന്ന് അവർ പറഞ്ഞു.
ഭാരതത്തിലെ സ്ത്രീകളുടെ ഉയർന്നുവരുന്ന അഭിലാഷങ്ങളെയും അപാരമായ കഴിവുകളെയും അടയാളപ്പെടുത്തിക്കൊണ്ട് , വിജയ് ചൗക്കിൽ വിശിഷ്ട വ്യക്തികളും പരിപാടിയിൽ പങ്കെടുത്ത വനിതകളും ചേർന്ന് "ശക്തി പദയാത്ര #SheLeadsBharat" എന്ന സന്ദേശം ഉൾക്കൊള്ളുന്ന ത്രിവർണ്ണ ബലൂണുകൾ ഉയർത്തിവിട്ടുകൊണ്ടാണ് പരിപാടി അവസാനിച്ചത്.
***
( റിലീസ് ഐ.ഡി: 2236742)
സന്ദര്‍ശക കൗണ്ടര്‍ : 13