PIB Headquarters
azadi ka amrit mahotsav

സ്ത്രീ ശാക്തീകരണത്തിൻ്റെ അടിസ്ഥാനശിലകള്‍

പോസ്റ്റഡ് ഓണ്‍: 06 MAR 2026 10:06AM by PIB Thiruvananthpuram

ആമുഖം 

ഒരു രാഷ്ട്രത്തിൻ്റെ  സാമ്പത്തിക കരുത്ത് രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവുമായും പങ്കാളിത്തവുമായും ഏറെ ബന്ധപ്പെട്ടിരിക്കുന്നു. പെൺകുട്ടികൾ ആരോഗ്യത്തോടെയും വിദ്യാഭ്യാസം നേടിയും സുരക്ഷിതരായും വളരുമ്പോൾ അവർക്ക് മികച്ച രീതിയിൽ പഠിക്കാനും ജോലി ചെയ്യാനും സമൂഹത്തിന് അർത്ഥപൂര്‍ണമായ സംഭാവനകൾ നൽകാനും സാധിക്കുന്നു. അതേസമയം  പോഷകാഹാരം, ആരോഗ്യ സംരക്ഷണം, സുരക്ഷ, വിദ്യാഭ്യാസം എന്നിവയിലെ കുറവുകൾ വ്യക്തികൾക്ക് മാത്രമല്ല, സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഒരുപോലെ അവസരങ്ങള്‍ പരിമിതപ്പെടുത്തുന്നു. ഇത് തിരിച്ചറിഞ്ഞ് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണം ലക്ഷ്യമിട്ട് ഒരു ‘ജീവിതചക്ര’ സമീപനത്തിന് കേന്ദ്രസര്‍ക്കാര്‍ മുൻഗണന നൽകിയിട്ടുണ്ട്.  കുട്ടിക്കാലം മുതൽ ആരംഭിച്ച് കൗമാരത്തിലും മുതിർന്ന പ്രായത്തിലും തുടരുന്ന ഒന്നാണിത്.  

കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയമാണ് ഈ സമീപനത്തിൻ്റെ  കേന്ദ്രബിന്ദു. പോഷകാഹാരം, പരിചരണം, സംരക്ഷണം, പിന്തുണ എന്നീ അടിസ്ഥാന സേവനങ്ങൾ ശക്തിപ്പെടുത്താന്‍ നിരവധി ലക്ഷ്യാധിഷ്ഠിത ഇടപെടലുകൾ  മന്ത്രാലയം നടപ്പാക്കിവരുന്നു. പോഷകാഹാര ലഭ്യതയും  ബാല്യകാല പരിചരണവും മെച്ചപ്പെടുത്തുന്ന 'സക്ഷം അങ്കണവാടി & പോഷണ്‍ 2.0', സ്ത്രീ സുരക്ഷയും ശാക്തീകരണവും വര്‍ധിപ്പിക്കുന്ന 'മിഷൻ ശക്തി', കുട്ടികളുടെ സംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്ന 'മിഷൻ വാത്സല്യ' എന്നിവ പ്രധാന പദ്ധതികളാണ്.  കൂടാതെ സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസ - ആരോഗ്യ സംബന്ധമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും നടത്തുന്ന പരിപാടികളുമുണ്ട്. ഈ പദ്ധതികൾ സ്ത്രീകൾക്കും കുട്ടികൾക്കും ആരോഗ്യകരവും വൈജ്ഞാനികവും സുരക്ഷിതവുമായ ജീവിതം നയിക്കാന്‍   അനുകൂല സാഹചര്യമൊരുക്കുന്നു.  എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് ഇത് അടിത്തറ പാകുന്നു.  

പ്രധാന അടിത്തറ പോഷകാഹാരവും ആരോഗ്യവും

ആരോഗ്യപൂര്‍ണവും സമ്പന്നവുമായ  രാഷ്ട്രം കെട്ടിപ്പടുക്കാന്‍  മികച്ച പോഷകാഹാരവും ശക്തമായ ആരോഗ്യപരിചരണവും അത്യന്താപേക്ഷിതമാണ്. പോഷകാഹാരം ലഭിക്കുന്ന പൗരന്മാരാണ് സുസ്ഥിര വളർച്ചയ്ക്കും സാമൂഹ്യ പുരോഗതിക്കും ചാലകശക്തിയാകുന്നതെന്ന് തിരിച്ചറിഞ്ഞ് മാതൃ-ശിശു ആരോഗ്യത്തിന് കേന്ദ്രസര്‍ക്കാര്‍ വലിയ മുൻഗണന നൽകുന്നു.

വിവരശേഖരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന ഇടപെടലുകളിലൂടെയും ദൗത്യരൂപേണ നടപ്പാക്കുന്ന പ്രവർത്തനങ്ങളിലൂടെയും കുട്ടികളിലും കൗമാരക്കാരായ പെൺകുട്ടികളിലും അമ്മമാരിലും  പോഷകാഹാരക്കുറവ് പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നു. വളർച്ചാ മുരടിപ്പ്, ഭാരക്കുറവ്, വിളർച്ച, ജനനസമയത്തെ ഭാരക്കുറവ്  എന്നിവ കുറയ്ക്കുന്നതിലാണ് ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംയോജിത സാമൂഹ്യ സേവനങ്ങൾ, ശാക്തീകരിച്ച മുന്‍നിര ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ, തത്സമയ നിരീക്ഷണം എന്നിവ നിര്‍ണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുകയും ആരോഗ്യകരവും പ്രതിരോധാത്മകവുമായ തലമുറയെ വാർത്തെടുക്കുകയും ചെയ്യുന്നു.

 

സക്ഷം അങ്കണവാടി & പോഷണ്‍ 2.0

ആറുവയസ്സുവരെ കുട്ടികൾ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ ലക്ഷ്യമിടുന്ന  സംയോജിത പോഷകാഹാര പിന്തുണാ പദ്ധതിയാണ് മിഷൻ സക്ഷം അങ്കണവാടി & പോഷണ്‍ 2.0. അനുബന്ധ പോഷകാഹാരം, ബാല്യകാല പരിചരണവും വിദ്യാഭ്യാസവും, കൃത്യമായ ആരോഗ്യ പരിശോധനകൾ, ശുചിത്വത്തെയും മുലയൂട്ടലിനെയും പൂരക ആഹാര രീതികളെയും കുറിച്ച്  അവബോധം എന്നിവ ഈ പദ്ധതിയിലൂടെ സംയോജിതമായി നല്‍കുന്നു. 

അവശ്യ പോഷകാഹാരം ഉറപ്പാക്കുന്നതിനൊപ്പം അങ്കണവാടി കേന്ദ്രങ്ങൾ സന്തോഷകരമായ പ്രാരംഭ പഠന ഇടങ്ങളായും നിലകൊള്ളുന്നു. 3 മുതൽ 6 വയസ്സുവരെ കുട്ടികൾക്ക് കളികളിലൂടെ  പ്രീ-സ്കൂൾ വിദ്യാഭ്യാസം നൽകി അവരുടെ അടിസ്ഥാന കഴിവുകൾ, സാമൂഹ്യ ശീലങ്ങൾ, സ്കൂൾ പഠനത്തിൻ്റെ തയ്യാറെടുപ്പ് എന്നിവ വികസിപ്പിക്കുന്നു.  പ്രൈമറി സ്കൂളുകളിലേക്ക് മാറുന്നത്   സുഗമമാക്കാനും ഭാവിയിലെ കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും ഇത് സഹായിക്കുന്നു. മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ നവീകരിച്ച അങ്കണവാടികളാണ് സക്ഷം അങ്കണവാടികൾ.

പദ്ധതിയിലെ മിഷൻ പോഷണ്‍ 2.0 എന്ന ഘടകം പോഷകാഹാരക്കുറവ് കുറയ്ക്കാനും ആരോഗ്യം, ക്ഷേമം, പ്രതിരോധശേഷി എന്നിവ മെച്ചപ്പെടുത്താനും നിലകൊള്ളുന്നു.  ഇതിന് കീഴിലെ സേവനങ്ങൾ  മൂന്ന് ഘടകങ്ങളിലൂടെയാണ് നൽകുന്നത്:

അങ്കണവാടി സേവനങ്ങൾ 

അർഹരായ ഗുണഭോക്താക്കൾക്ക് അനുബന്ധ പോഷകാഹാരം; പ്രീ-സ്കൂൾ അനൗപചാരിക വിദ്യാഭ്യാസം; പോഷകാഹാര-ആരോഗ്യ വിദ്യാഭ്യാസം; പ്രതിരോധ കുത്തിവെയ്പ്പ്; ആരോഗ്യ പരിശോധനകൾ; റഫറൽ സേവനങ്ങൾ എന്നിവയുൾപ്പെടെ  ഒരുകൂട്ടം സേവനങ്ങള്‍ നല്‍കുന്നു.  ഇതിൽ പ്രതിരോധ കുത്തിവെയ്പ്പ്, ആരോഗ്യ പരിശോധനകൾ, റഫറൽ സേവനങ്ങൾ എന്നിവ ആരോഗ്യ സംബന്ധമായ സേവനങ്ങളാണ്. ഇവ ദേശീയ ആരോഗ്യ ദൗത്യം, പൊതുജനാരോഗ്യ സംവിധാനങ്ങൾ എന്നിവയിലൂടെയാണ് നൽകുന്നത്. പഴങ്ങൾ, പച്ചക്കറികൾ, ഔഷധസസ്യങ്ങൾ എന്നിവ എളുപ്പത്തിലും കുറഞ്ഞ ചെലവിലും ലഭ്യമാക്കാനും ഭക്ഷണ വൈവിധ്യവും പ്രാദേശിക ഉല്പന്നങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് രാജ്യത്തെ അങ്കണവാടി കേന്ദ്രങ്ങളിൽ പോഷണ്‍ വാടികകൾ അഥവാ പോഷകത്തോട്ടങ്ങൾ വികസിപ്പിച്ചുവരുന്നു.

പോഷണ്‍ അഭിയാൻ 

കുട്ടികൾ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ ആവിഷ്കരിച്ച മുൻനിര പദ്ധതിയാണ് 2018 മാർച്ച് 8-ന് തുടക്കംകുറിച്ച പോഷണ്‍ അഭിയാൻ. സേവന വിതരണം ശക്തിപ്പെടുത്തിയും ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിച്ചും ആരോഗ്യം, ക്ഷേമം, പ്രതിരോധശേഷി എന്നിവയെ പിന്തുണയ്ക്കുന്ന  ആവാസവ്യവസ്ഥ കെട്ടിപ്പടുത്തും  പോഷകാഹാരക്കുറവ് പരിഹരിക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. ഗുണഭോക്താക്കളുടെ വിവരങ്ങൾ, കാര്യക്ഷമമായ സേവന വിതരണം, അങ്കണവാടികളുടെ പ്രവർത്തനം എന്നിവ നിരീക്ഷിക്കുന്നതിന് 'പോഷണ്‍ ട്രാക്കർ'  ആപ്പ് വഴി തത്സമയ നിരീക്ഷണ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

കൗമാര പെൺകുട്ടികള്‍ക്കായി പദ്ധതി 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലെയും മറ്റ് സംസ്ഥാനങ്ങളില്‍ വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന അഭിലഷണീയ ജില്ലകളിലെയും 14 മുതൽ 18 വയസ്സുവരെ പെൺകുട്ടികളെയാണ്  പദ്ധതി ലക്ഷ്യമിടുന്നത്. പെൺകുട്ടികളുടെ ആരോഗ്യവും പോഷകാഹാരവും മെച്ചപ്പെടുത്തി തലമുറകളായി കൈമാറി വരുന്ന പോഷകാഹാരക്കുറവ് പരിഹരിക്കാൻ  പദ്ധതി ശ്രമിക്കുന്നു. പോഷകാഹാര പിന്തുണയ്ക്ക് പുറമെ അയൺ-ഫോളിക് ആസിഡ് ഗുളികകളുടെ വിതരണം,  ആരോഗ്യ പരിശോധനകൾ, റഫറൽ സേവനങ്ങൾ, പോഷകാഹാര-ആരോഗ്യ വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യ വികസന പരിപാടികൾ തുടങ്ങി പോഷകാഹാരേതര സേവനങ്ങളും ഇതിലുൾപ്പെടുന്നു.

പോഷണ്‍ ഭി പഠായി ഭി 

ആറുവയസ്സുവരെ കുട്ടികൾക്ക് കളികളിലധിഷ്ഠിതമായ വിദ്യാഭ്യാസവും പോഷകാഹാരവും സമന്വയിപ്പിച്ച് അങ്കണവാടി കേന്ദ്രങ്ങളെ സന്തോഷകരമായ പ്രാരംഭ പഠന കേന്ദ്രങ്ങളാക്കി മാറ്റാൻ ലക്ഷ്യമിടുന്ന കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിൻ്റെ  മുൻനിര പ്രചാരണ പരിപാടിയാണ് 'പോഷണ്‍ ഭി പഠായി ഭി'.  ആദ്യകാല ബാല്യ പരിചരണവും വിദ്യാഭ്യാസവും സംബന്ധിച്ച 2020-ലെ  ദേശീയ വിദ്യാഭ്യാസ നയത്തിലെ ശിപാർശകൾക്കനുസൃതമാണിത്.  2025 ഡിസംബറോടെ 8.55 ലക്ഷത്തിലധികം അങ്കണവാടി പ്രവർത്തകർക്കും 41,645 മുഖ്യ പരിശീലകര്‍ക്കും  ഇതിനായി പരിശീലനം നൽകി. കൂടാതെ 'ആധാർശില' (3 വയസ്സ് വരെ), 'നവ്ചേതന' (3 മുതല്‍ 6 വയസ്സ് വരെ) എന്നീ പാഠ്യപദ്ധതികൾ 12 പ്രാദേശിക ഭാഷകളില്‍ രാജ്യവ്യാപകമായി നടപ്പാക്കി.  കരുത്തോടെയും ജിജ്ഞാസയോടെയും വളരാനും സ്കൂൾ പഠനത്തിന് സജ്ജരാകാനും ഇത്  കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്നു.

പി.എം. പോഷണ്‍ 

നേരത്തെ  ഉച്ചഭക്ഷണ പദ്ധതി എന്നറിയപ്പെട്ടിരുന്ന പി.എം. പോഷണ്‍ പദ്ധതിക്ക് കീഴിലെ  പോഷകസമൃദ്ധമായ സ്കൂൾ ഉച്ചഭക്ഷണം കുട്ടികളെ—പ്രത്യേകിച്ച് പെൺകുട്ടികളെ—വിശപ്പില്ലാതിരിക്കാനും  പതിവായി ക്ലാസുകളിൽ ഹാജരാകാനും മികച്ച രീതിയിൽ  ശ്രദ്ധ കേന്ദ്രീകരിക്കാനും  പഠനത്തില്‍ മുന്നേറാനും സഹായിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു. സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ചൂടോടെ പാകംചെയ്ത പോഷകസമൃദ്ധമായ ഭക്ഷണം നൽകാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണിത്. 

വരുമാനം കുറഞ്ഞ കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറച്ചും പഠനം പാതിവഴിയിൽ ഉപേക്ഷിച്ചേക്കാവുന്ന സാധ്യത ഒഴിവാക്കിയും ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് തുടർച്ചയായ സ്കൂൾ പ്രവേശനവും മികച്ച പഠനവും ആരോഗ്യകരമായ ഭാവിയും ഈ സംരംഭത്തിലൂടെ ഉറപ്പാക്കുന്നു.

പ്രധാനമന്ത്രി മാതൃ വന്ദന യോജന  

മിഷൻ ശക്തിയുടെ 'സമർത്ഥ്യ'  ഉപപദ്ധതിക്ക് കീഴിലെ മുൻനിര പ്രസവാനുകൂല്യ പദ്ധതിയാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന. അർഹരായ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ജനിക്കുന്ന ആദ്യത്തെ കുഞ്ഞിന് സാമ്പത്തിക സഹായം നൽകുന്നതിലൂടെ വേതനനഷ്ടം പരിഹരിക്കാനും മികച്ച പരിചരണം പ്രോത്സാഹിപ്പിക്കാനും പദ്ധതി സഹായിക്കുന്നു. മിഷൻ ശക്തിയുടെ മാർഗനിർദേശമനുസരിച്ച്   2022 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന പ്രധാനമന്ത്രി മാതൃ വന്ദന യോജന 2.0 പ്രകാരം അർഹരായ ഗുണഭോക്താക്കൾക്ക് ആദ്യത്തെ കുഞ്ഞിന് രണ്ട് ഗഡുക്കളായി 5,000 രൂപ ലഭിക്കുന്നു.

കൂടാതെ പെൺകുട്ടികളോട് നല്ല മനോഭാവം വളർത്താനും ജനനസമയത്തെ ലിംഗാനുപാതം മെച്ചപ്പെടുത്താനും പെണ്‍ഭ്രൂണഹത്യ തടയാനും ലക്ഷ്യമിട്ട്,  രണ്ടാമത് ജനിക്കുന്നത്  പെൺകുഞ്ഞാണെങ്കില്‍ ഒറ്റ ഗഡുവായി  6,000 രൂപയും പദ്ധതിയില്‍‍ നൽകുന്നു. 

ആനുകൂല്യങ്ങൾ ഗുണഭോക്താക്കളുടെ ആധാർ ബന്ധിത അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് കൈമാറുന്നത്.  ഗർഭം അലസൽ/മൃതപ്രസവം തുടങ്ങിയ സന്ദർഭങ്ങളിൽ പുതുതായി അപേക്ഷിക്കാനും വ്യവസ്ഥകളുണ്ട്.  ആനുകൂല്യപ്പട്ടികയില്‍ കാര്യക്ഷമമായി പേരുചേര്‍ക്കാനും  നിരീക്ഷണത്തിനും  രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കി വരുന്നു.

ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ 

പ്രത്യുല്പാദനം, മാതൃത്വം, നവജാതശിശു, ശൈശവം, കൗമാരം എന്നീ തലങ്ങളിലെ  ആരോഗ്യം കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ  ദേശീയ ആരോഗ്യ ദൗത്യത്തിലെ സുപ്രധാന ഘടകമാണ്. ഈ അഞ്ച് തലങ്ങളിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും സമഗ്ര പരിചരണം ഉറപ്പാക്കുന്നു. ജനനി സുരക്ഷാ യോജന, ജനനി ശിശു സുരക്ഷാ കാര്യക്രം തുടങ്ങിയ മുൻനിര പദ്ധതികൾ ഗർഭിണികൾക്കും നവജാതശിശുക്കൾക്കും സാമ്പത്തിക സഹായം നല്‍കുകയും സൗജന്യ മരുന്നുകളും പരിശോധനകളും അവശ്യഘട്ടങ്ങളില്‍ രക്തവും ഭക്ഷണവും ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ സുരക്ഷിത ആശുപത്രി പ്രസവങ്ങള്‍  പ്രോത്സാഹിപ്പിക്കുന്നു.  ഇത് മാതൃ-ശിശു മരണസാധ്യത കുറയ്ക്കുന്നു.  2019-ൽ ആരംഭിച്ച സുരക്ഷിത് മാതൃത്വ ആശ്വാസൻ ദൗത്യം നിലവിലെ എല്ലാ മാതൃ-ശിശു ആരോഗ്യ പദ്ധതികളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് സേവനം ഉറപ്പാക്കുന്ന സമഗ്ര സംരംഭമാണ്.

മിഷൻ ഇന്ദ്രധനുഷ്  

കുട്ടികൾക്കും ഗർഭിണികൾക്കും പൂർണ പ്രതിരോധ കുത്തിവെയ്പ്പ് ഉറപ്പാക്കുന്ന  മുൻനിര പദ്ധതിയാണിത്. സേവനലഭ്യത കുറഞ്ഞ  മേഖലകളെ ലക്ഷ്യമിട്ട് പതിവായതും വിട്ടുപോയതുമായ കുത്തിവെയ്പ്പുകൾ നൽകി  ശിശുക്കളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

ഈ പദ്ധതികൾ ഒരുമിച്ച് രാജ്യത്തിൻ്റെ  ആരോഗ്യരംഗത്ത് വലിയ പുരോഗതിക്ക് വഴിയൊരുക്കിയിട്ടുണ്ട്. പ്രധാന നേട്ടങ്ങൾ ഇവയാണ്:  

  • സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം പ്രസിദ്ധീകരിച്ച 2019-21-ലെ പ്രത്യേക ബുള്ളറ്റിൻ  പ്രകാരം രാജ്യത്തെ മാതൃമരണ നിരക്ക് 2014-16-ലെ ഒരു ലക്ഷം ജനനങ്ങൾക്ക് 130 എന്നതിൽ നിന്ന് 2019-21-ൽ 93 ആയി കുറഞ്ഞു (37 പോയിൻ്റുകളുടെ കുറവ്).

  • യു.എൻ ഇൻ്റര്‍ ഏജൻസി ഗ്രൂപ്പ് ഫോർ ചൈൽഡ് മോർട്ടാലിറ്റി എസ്റ്റിമേഷൻ  2025 മാർച്ച് 25-ന് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2015 നും 2023 നും ഇടയിൽ ഇന്ത്യയില്‍ അഞ്ചുവയസ്സിന് താഴെ കുട്ടികളുടെ മരണനിരക്ക് 1,000 ജനനങ്ങൾക്ക് 48 എന്നത്  28 ആയും നവജാതശിശു മരണനിരക്ക് 28-ൽ നിന്ന് 17 ആയും  കുറഞ്ഞു.

പോഷകാഹാരം, സുരക്ഷിത പ്രസവം, പ്രതിരോധ കുത്തിവെയ്പ്പ്, സാമൂഹ്യ നിരീക്ഷണം എന്നിവ മികച്ച നിലയില്‍ ഉറപ്പാക്കുന്നതാണ് ഈ നേട്ടങ്ങളിൽ പ്രതിഫലിക്കുന്നത്.  ആരോഗ്യപൂര്‍ണ തലമുറകൾക്ക് ഇത് ശക്തമായ അടിത്തറ പാകുന്നു.

ദീർഘകാല ശാക്തീകരണത്തിന് വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവും

മികച്ച അവസരങ്ങളിലേക്കും ആത്മവിശ്വാസത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും വാതായനങ്ങള്‍ തുറക്കുന്ന ശക്തമായ ഉപകരണമാണ് വിദ്യാഭ്യാസം - പ്രത്യേകിച്ച് പെൺകുട്ടികൾക്കും യുവതികൾക്കും. സ്ത്രീകളില്‍ ആത്മവിശ്വാസം വളർത്തുന്നതിൽ വിദ്യാഭ്യാസം സുപ്രധാന പങ്കുവഹിക്കുന്നു. മികച്ച രീതിയിൽ തീരുമാനങ്ങളെടുക്കാന്‍  പ്രാപ്തി കൈവരിക്കാനും ഇത് അവരെ സഹായിക്കുന്നു.

എല്ലാ തലങ്ങളിലും പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ നിരവധി പദ്ധതികളും പരിപാടികളും സംരംഭങ്ങളും നടപ്പാക്കിവരുന്നുണ്ട്.  ലിംഗസമത്വ പ്രോത്സാഹനം, ആരോഗ്യം, പോഷകാഹാരം, ആദ്യകാല ബാല്യ-കൗമാര പഠനത്തിനും  വികസനത്തിനും  പിന്തുണ, പെൺകുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകളും ഹോസ്റ്റലുകളും, അടിസ്ഥാന സൗകര്യ വികസനം,  തൊഴിൽ നൈപുണ്യ വികസനം, ശാസ്ത്രസാങ്കേതിക - എന്‍ജിനീയറിങ് -ഗണിത വിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനും പിന്തുണ എന്നിവ ഈ ശ്രമങ്ങളിലുൾപ്പെടുന്നു. ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന വളർച്ചയ്ക്കും ശാക്തീകരണത്തിനും ശക്തമായ അടിത്തറ പാകാൻ ഈ ഇടപെടലുകൾ സഹായിക്കുന്നു.

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ 

പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ജനുവരി 22-ന് തുടക്കം കുറിച്ച ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി സാമൂഹ്യ മനോഭാവത്തിലെ മാറ്റത്തിലും ലിംഗസമത്വത്തിലും ബഹുതല ഇടപെടലുകളിലും  ശ്രദ്ധ കേന്ദ്രീകരിച്ച് പെൺകുട്ടികളുടെ ശാക്തീകരണത്തിൻ്റെ   ദേശീയ പ്രസ്ഥാനമായി വികസിച്ചു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവ സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ  മികച്ച പുരോഗതിയാണ് പദ്ധതി  രേഖപ്പെടുത്തിയത്: 

  • ജനനസമയത്തെ ലിംഗാനുപാതം: ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ ഏറ്റവും പുതിയ ഹെൽത്ത് മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം റിപ്പോർട്ടനുസരിച്ച് ദേശീയതലത്തിൽ ഇത് 2014-15-ലെ 918-ൽനിന്ന് (1,000 ആൺകുട്ടികൾക്ക് എന്ന ക്രമത്തിൽ)  2024-25-ൽ 929 ആയി ഉയര്‍ന്നു. സെക്കൻഡറി തലത്തിൽ ആകെ ചേര്‍ന്ന പെൺകുട്ടികളുടെ അനുപാതം വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ഏകീകൃത ജില്ലാ വിദ്യാഭ്യാസ വിവര സംവിധാനത്തിന് കീഴിലെ കണക്കുകളനുസരിച്ച് ഗണ്യമായി വർധിച്ചു. പെൺകുട്ടികളുടെ സ്കൂൾ പങ്കാളിത്തവും പഠനത്തിലെ തുടർച്ചയും വർധിച്ചതിൻ്റെ സൂചനയാണിത്.  

കസ്തൂർബ ഗാന്ധി ബാലികാ വിദ്യാലയം: 

എസ്.സി, എസ്.ടി, ഒ.ബി.സി തുടങ്ങി സാമൂഹ്യ - സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളിലെ  10 മുതൽ 18 വയസ്സുവരെ  പെൺകുട്ടികൾക്ക് പ്രത്യേകിച്ച് വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന മേഖലകളില്‍ സുരക്ഷിത താമസ-പഠന സൗകര്യം കസ്തൂർബ ഗാന്ധി ബാലികാ വിദ്യാലയങ്ങൾ ഉറപ്പാക്കുന്നു. ആറ് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളും താമസസൗകര്യമവുമടങ്ങുന്ന ഈ വിദ്യാലയങ്ങള്‍ പെൺകുട്ടികൾക്ക് പഠിക്കാനും വളരാനും പ്രൈമറി തലം മുതല്‍ ഹയർ സെക്കൻഡറി തലം വരെ സുഗമമായി ഉയരാനും സഹായകമായ അന്തരീക്ഷമൊരുക്കുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ  ആഭിമുഖ്യത്തില്‍ സമഗ്ര ശിക്ഷാ പദ്ധതിക്ക് കീഴിൽ എല്ലാ കസ്തൂർബ ഗാന്ധി ബാലികാ വിദ്യാലയങ്ങളിലും ഹോസ്റ്റലുകളിലും ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി (ഐസിടി) ലാബുകളും സ്മാർട്ട് ക്ലാസ്മുറികളും ഒരുക്കുന്നു. പെൺകുട്ടികളെ ശാക്തീകരിക്കാനും അവരെ ഡിജിറ്റൽ സാക്ഷരരാക്കാനും പഠനനിലവാരം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. സമഗ്ര ശിക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി എല്ലാ പ്രവർത്തനക്ഷമമായ കസ്തൂർബ ഗാന്ധി ബാലികാ വിദ്യാലയങ്ങളിലും ഐ.സി.ടി ലാബുകളും സ്മാർട്ട് ക്ലാസ്മുറികളും പൂർണതോതിൽ ലഭ്യമാക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് 2024 ജൂലൈ 3-ന് പ്രഖ്യാപിച്ചു. ഇതനുസരിച്ച് 2024-25 സാമ്പത്തിക വർഷം 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3,564 ഐ.സി.ടി ലാബുകളും 3,655 സ്മാർട്ട് ക്ലാസ്മുറികളും സ്ഥാപിക്കാന്‍  28,841.96 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 

പദ്ധതി തുടങ്ങിയശേഷം ആദ്യമായി 2024-25-ൽ കസ്തൂർബ ഗാന്ധി ബാലികാ വിദ്യാലയങ്ങളിലെ വാർഡന്മാർക്കായി ദേശീയ വിദ്യാഭ്യാസ ആസൂത്രണ നിര്‍ഹണ  ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ (NIEPA) സഹകരണത്തോടെ സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ്  ഒരു പരിശീലന പരിപാടി രൂപകല്പന ചെയ്ത് നടപ്പാക്കി വരുന്നു. ഈ പരിശീലന ശില്പശാലകൾ എല്ലാ ഔദ്യോഗിക ഭാഷകളിലും നടത്താന്‍ വാർഡന്മാര്‍ക്കായി പ്രത്യേക പരിശീലന കൈപ്പുസ്തകം ഇംഗ്ലീഷിലും ഹിന്ദിയിലും തയ്യാറാക്കിയിട്ടുണ്ട്.  നിലവിൽ ഇത്  മറ്റ് ഭാഷകളിലേക്ക് വിവർത്തനം ചെയ്തുവരുന്നു.  

വനിതകള്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് 

രാജ്യത്ത് ഉന്നതവിദ്യാഭ്യാസ രംഗത്ത് എത്തിച്ചേരുന്ന സ്ത്രീകളുടെ ആകെ അനുപാതത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്.   ലിംഗസമത്വത്തിലുണ്ടായ പുരോഗതിയുടെ പ്രതിഫലനമാണിത്.  ഗുണമേന്മയോടുകൂടിയ ഉന്നതവിദ്യാഭ്യാസത്തിലേക്ക് സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രവേശനം ഉറപ്പാക്കുന്നതിന് സർക്കാർ നടത്തിയ സുപ്രധാന ഇടപെടലുകളുടെ നേര്‍സാക്ഷ്യമാണ്  അടുത്തകാലത്തെ ഈ സ്ഥിതിവിവരക്കണക്കുകൾ.

പി.എച്ച്.ഡി. ബിരുദത്തിലെ  വനിതാ സാന്നിധ്യം 

പി.എച്ച്.ഡി. ഗവേഷണത്തിന് ചേര്‍ന്ന വനിതകളുടെ  എണ്ണം ഇരട്ടിയിലധികമായി വർധിച്ചു. 2014-2015 മുതൽ 2022-2023 വരെ  കാലയളവിൽ 135.6% എന്ന ശ്രദ്ധേയ വളർച്ചയാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്.  അതായത്, 64,724 വനിതാ ഗവേഷകർ അധികമായി ഈ രംഗത്തേക്ക് കടന്നുവന്നു.  ഉന്നത വിദ്യാഭ്യാസ മേഖലകളിൽ സ്ത്രീകൾ കൈവരിച്ച ശക്തമായ പുരോഗതിയെ ഇത് എടുത്തുകാണിക്കുന്നു.

പെൺകുട്ടികള്‍ക്ക് സ്കോളർഷിപ്പ് പദ്ധതികൾ 

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പുകളും മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്.

കേന്ദ്ര സർക്കാരിൻ്റെ  ചില പ്രധാന സ്കോളർഷിപ്പുകള്‍: 

കോളേജ്, സര്‍വകലാശാല വിദ്യാർത്ഥികൾക്കായി കേന്ദ്രാവിഷ്കൃത സ്കോളര്‍ഷിപ്പ് പദ്ധതി

ഹയർ സെക്കൻഡറി / പന്ത്രണ്ടാം തരം ബോർഡ് പരീക്ഷാ ഫലത്തിൻ്റെ  അടിസ്ഥാനത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഈ സ്കോളർഷിപ്പുകൾ അനുവദിക്കുന്നത്. പാവപ്പെട്ട കുടുംബങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് സാമ്പത്തിക സഹായം നൽകുകയാണ് പദ്ധതി ലക്ഷ്യം. സ്കോളർഷിപ്പുകളുടെ 50% പെൺകുട്ടികൾക്കായി നീക്കിവെച്ചിട്ടുണ്ട്.  

ബിരുദാനന്തര ബിരുദ പഠനത്തിന് ദേശീയ സ്കോളർഷിപ്പ് 

നേരത്തെ നിലവിലുണ്ടായിരുന്ന നാല് പിജി സ്കോളർഷിപ്പുകളെ സംയോജിപ്പിച്ച് 2023-24-ൽ തുടക്കം കുറിച്ച ഈ കേന്ദ്രാവിഷ്കൃത പദ്ധതി പ്രതിവർഷം 10,000 പേർക്ക് സ്കോളർഷിപ്പ് നല്‍കുന്നു (ഇതിൽ 30% സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്—അതായത് 3,000 വനിതകളെ തിരഞ്ഞെടുക്കും). ശാസ്ത്രസാങ്കേതിക-എന്‍ജിനീയറിങ്-ഗണിത മേഖലയിലെ കോഴ്സുകള്‍ക്കും ഹ്യുമാനിറ്റീസ് വിഭാഗങ്ങൾക്കും തുല്യ വിഹിതം പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്.  തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം 1,50,000 രൂപ വീതം ലഭിക്കും. ഈ ശ്രമങ്ങളുടെ ഫലമായി ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്ന  പെണ്‍കുട്ടികളുടെ എണ്ണം AISHE വിവരങ്ങളനുസരിച്ച് 2014-15-ലെ 19.86 ലക്ഷത്തിൽ നിന്ന് 2022-23-ൽ 32.03 ലക്ഷമായി (61.3%) വർധിച്ചു  അതായത് ഉന്നത വിദ്യാഭ്യാസ രംഗത്ത് 12 ലക്ഷത്തിലധികം സ്ത്രീകൾ അധികമായി എത്തിച്ചേര്‍ന്നു. 

AICTE പ്രഗതി സ്കോളർഷിപ്പ് പദ്ധതി 

2014-15 മുതൽ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മിടുക്കരായ പെൺകുട്ടികളെ ശാക്തീകരിക്കുന്ന സംരംഭമാണ് പ്രഗതി സ്കോളർഷിപ്പ്. 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പ്രതിവർഷം 10,000 സ്കോളർഷിപ്പുകൾ (ഡിപ്ലോമയ്ക്കും ഡിഗ്രി കോഴ്സുകൾക്കും 5,000 വീതം) നൽകുന്നു. കൂടാതെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും ജമ്മുകശ്മീരിലേക്കും ഇത് വ്യാപിപ്പിച്ചിട്ടുണ്ട്. 2024–25-ൽ  35,998 വിദ്യാർത്ഥിനികളിലേക്ക് പദ്ധതി എത്തിച്ചേര്‍ന്നു.  മിടുക്കരായ പെൺകുട്ടികൾക്ക് സാമ്പത്തിക ആശങ്കകളില്ലാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മികച്ച തൊഴില്‍ കരസ്ഥമാക്കാനുമാവശ്യമായ സാമ്പത്തിക പിന്തുണ പദ്ധതിയിലൂടെ ഉറപ്പാക്കുന്നു.  

ശാസ്ത്രസാങ്കേതിക - എന്‍ജിനിയറിങ് - ഗണിത മേഖലകളിലെ (സ്റ്റെം) വിദ്യാഭ്യാസത്തിന് സ്ത്രീകള്‍ക്ക് പിന്തുണ 

വിജ്ഞാൻ ജ്യോതി പദ്ധതി 

ശാസ്ത്ര-സാങ്കേതിക വകുപ്പ്  നടപ്പാക്കുന്ന വിജ്ഞാൻ ജ്യോതി പദ്ധതി 9 മുതൽ 12 വരെ ക്ലാസുകളിലെ  ഗ്രാമീണ മേഖലയിലെ മിടുക്കരായ പെൺകുട്ടികളെ സ്റ്റെം  മേഖലകളിലെ അവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ പ്രേരിപ്പിക്കുന്നു. രാജ്യത്തെ ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിങ്, ഗണിതം എന്നീ മേഖലകളിലെ കുറഞ്ഞ സ്ത്രീ പ്രാതിനിധ്യം പരിഹരിക്കുകയാണ് പദ്ധതി ലക്ഷ്യം.  വ്യക്തിഗത കൗൺസിലിങ്, ലാബ് സന്ദർശനങ്ങൾ, പ്രായോഗിക ശില്പശാലകൾ, മാതൃകാ വനിതകളുമായി ആശയവിനിമയം,  ശാസ്ത്ര ക്യാമ്പുകൾ, അധിക അക്കാദമിക പിന്തുണ എന്നിവയിലൂടെ  വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വളർത്തുന്ന പദ്ധതി സ്റ്റെം മേഖലയിലെ വിവിധ തൊഴിലുകളിലേക്ക്  വഴി തുറക്കുന്നു.  തുടക്കം മുതൽ 35 സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ 300 ജില്ലകളിൽ 80,000-ത്തിലേറെ മിടുക്കരായ പെൺകുട്ടികളുടെ ജീവിതത്തെ പദ്ധതി സ്വാധീനിച്ചു.  ലിംഗപരമായ വിടവ് കുറയ്ക്കാനും   മേഖലയിൽ പെണ്‍കുട്ടികള്‍ക്കും ഇടമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താനും പദ്ധതി സഹായിക്കുന്നു.

സ്ത്രീകൾക്ക് അധിക സീറ്റുകൾ 

ശാസ്ത്രസാങ്കേതിക - എന്‍ജിനിയറിങ് - ഗണിത മേഖലകളില്‍ കൂടുതൽ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഐ.ഐ.ടികളിലും എൻ.ഐ.ടികളിലും  പെൺകുട്ടികൾക്ക് അധിക സീറ്റുകൾ അവതരിപ്പിച്ചു.  പത്ത് ശതമാനത്തിൽ താഴെയായിരുന്ന സ്ത്രീ പങ്കാളിത്തം 20 ശതമാനത്തിന് മുകളിലേക്ക് ഉയർത്താൻ ഇത് സഹായിച്ചു. രാജ്യവ്യാപകമായി വിവിധ സ്ഥാപനങ്ങളിൽ എന്‍ജിനീയറിങ്,  സാങ്കേതിക വിദ്യാഭ്യാസ മേഖലകളില്‍ കൂടുതൽ ലിംഗ വൈവിധ്യത്തിന് ഈ സമീപനം പ്രേരണയായി. മദ്രാസ് ഐ.ഐ.ടി-യുടെ ‘വിദ്യ ശക്തി’ പോലുള്ള പദ്ധതികള്‍ ഗ്രാമീണര്‍ക്കും വിദ്യാർത്ഥിനികൾക്കും ശാസ്ത്രസാങ്കേതിക - എന്‍ജിനിയറിങ് - ഗണിത മേഖലകളില്‍ മുന്നേറാൻ വഴിയൊരുക്കുന്നു.  സ്ത്രീകൾക്കും പെൺകുട്ടികൾക്കും എല്ലാവരെയും ഉൾക്കൊള്ളുന്നതും തുല്യവുമായ ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കാന്‍ നടത്തിവരുന്ന നിരന്തര ശ്രമങ്ങളുടെ  പ്രതിഫലനമാണിത്.  

കൗമാര പെൺകുട്ടികൾക്ക് തൊഴിലധിഷ്ഠിത പരിശീലനത്തിലൂടെ സ്വപ്നസാക്ഷാത്കാരം (നവ്യ പദ്ധതി) 

കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയവും നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും  സംയുക്തമായി 2025 ജൂൺ 24-ന് തുടക്കം കുറിച്ച സംരംഭമാണ് നവ്യ. പ്രധാനമന്ത്രി കൗശൽ വികാസ് യോജന നാലാംഘട്ടത്തിന് കീഴിൽ കുറഞ്ഞത് പത്താംതരം വിദ്യാഭ്യാസ യോഗ്യത നേടിയ 16 മുതൽ 18  വരെ പ്രായക്കാരായ കൗമാര പെൺകുട്ടികൾക്ക് നൈപുണ്യ പരിശീലനം നൽകാൻ പദ്ധതി ലക്ഷ്യമിടുന്നു. ഡിജിറ്റൽ മാർക്കറ്റിങ്,  സൈബർ സുരക്ഷ, നിര്‍മിതബുദ്ധി അധിഷ്ഠിത സേവനങ്ങൾ, ഹരിത തൊഴിലുകള്‍ തുടങ്ങി ആധുനിക പാരമ്പര്യേതര മേഖലകളിൽ പ്രായോഗിക തൊഴിൽ നൈപുണ്യവും  ജീവിത നൈപുണ്യവും സാമ്പത്തിക സാക്ഷരതയും ഡിജിറ്റൽ പ്രാവീണ്യവും ഇതിലൂടെ പെൺകുട്ടികൾക്ക് നൽകുന്നു. 19 സംസ്ഥാനങ്ങളിലെ 27 അഭിലഷണീയ ജില്ലകളിലും  വടക്കുകിഴക്കൻ ജില്ലകളിലുമാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.  3,850 പെൺകുട്ടികൾക്ക് പരിശീലനം നൽകാനാണ് പദ്ധതി ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന ആദ്യ ഘട്ടം 9 സംസ്ഥാനങ്ങളിലെ 9 ജില്ലകളെ ഉൾക്കൊള്ളും. 2025 ഡിസംബർ വരെ ലഭ്യമായ കണക്കനുസരിച്ച് 1,295 പെൺകുട്ടികൾ  പദ്ധതിയുടെ ഭാഗമാവുകയും അവരിൽ 671 പേർ പരിശീലനം പൂർത്തീകരിക്കുകയും ചെയ്തു.  

സുരക്ഷയും കരുതലും: ജീവിതവും ആത്മാഭിമാനവും ഉറപ്പാക്കല്‍ 

സുരക്ഷയും കരുതലുമാണ് ശരിയായ ശാക്തീകരണത്തിൻ്റെ  അടിത്തറ.  അതിക്രമങ്ങളോ  ഉപദ്രവങ്ങളോ ഭയക്കാതെ സ്ത്രീകൾക്കും കുട്ടികൾക്കും ജീവിക്കാനും ജോലി ചെയ്യാനും വളരാനും സാധിക്കുമ്പോഴാണ് അവർക്ക് വിദ്യാഭ്യാസവും തൊഴിലും വ്യക്തിഗത ലക്ഷ്യങ്ങളും  പിന്തുടരാൻ സ്വാതന്ത്ര്യമുണ്ടാകുന്നത്. അടിയന്തര സഹായം, ദീർഘകാല സംരക്ഷണം, സാമൂഹ്യ മാറ്റങ്ങൾ എന്നിവ ഉറപ്പാക്കുന്ന ലക്ഷ്യാധിഷ്ഠിത പദ്ധതികളിലൂടെ കേന്ദ്രസർക്കാർ  ഇതിനെ അഭിസംബോധന ചെയ്യുന്നു.  ലിംഗാധിഷ്ഠിത അക്രമങ്ങൾ കുറയ്ക്കാനും എല്ലാവർക്കും അന്തസ്സ് ഉറപ്പാക്കാനുമായി പ്രതിരോധം,  പ്രതികരണം, പുനരധിവാസം എന്നിവയിലാണ് ഈ ശ്രമങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മിഷൻ ശക്തി: സ്ത്രീ സുരക്ഷയുടെയും ശാക്തീകരണത്തിൻ്റെയും സമഗ്ര ചട്ടക്കൂട്

കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിൻ്റെ  നേതൃത്വത്തിലെ സുപ്രധാന സമഗ്ര പദ്ധതിയാണ് മിഷൻ ശക്തി. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയും ശാക്തീകരണവും രണ്ട് ഉപപദ്ധതികളിലായി ഇത് ഏകോപിപ്പിക്കുന്നു. സുരക്ഷയിലും കരുതലിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംബൽ,  സാമ്പത്തിക - സാമൂഹ്യ  ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമർത്ഥ്യ എന്നിവയാണ് ഈ ഉപപദ്ധതികള്‍.  

സംബൽ
 

അക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാനും അതിജീവനത്തിനും സ്ത്രീകളെ സഹായിക്കുന്ന പ്രായോഗികവും അടിസ്ഥാനപരവുമായ സംരക്ഷണ സംവിധാനങ്ങളാണ് സംബൽ ഉപപദ്ധതി ഉറപ്പാക്കുന്നത്.  സംബലിന് കീഴിലെ പ്രധാന ഘടകങ്ങളിൽ ചിലത് ഇവയാണ്:

ഏകജാലക സേവന കേന്ദ്രങ്ങൾ 

സഖി കേന്ദ്രങ്ങള്‍ എന്നും ഇവ അറിയപ്പെടുന്നു. ഏതെങ്കിലും തരത്തില്‍ അക്രമങ്ങൾ (ഗാർഹിക പീഡനം, ലൈംഗിക അതിക്രമം, ആസിഡ് ആക്രമണം, മനുഷ്യക്കടത്ത് മുതലായവ) നേരിടുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒരേ വേദിയില്‍  സംയോജിത അടിയന്തര  പിന്തുണ ഉറപ്പാക്കുന്ന സംവിധാനമാണിത്.  അടിയന്തര വൈദ്യസഹായം, നിയമോപദേശം, പൊലീസ് സഹായം, മാനസിക-സാമൂഹിക പിന്തുണ, താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് പ്രവേശനം എന്നിവ ഇതിലുള്‍പ്പെടുന്നു.

വനിതാ ഹെൽപ്പ്‌ലൈൻ (181) 

കൗൺസിലിങ്, വിവരങ്ങൾ, പൊലീസ് സഹായത്തിനോ വൈദ്യസഹായത്തിനോ  നിയമസഹായത്തിനോ അടിയന്തര നിര്‍ദേശം എന്നിവ വാഗ്ദാനം ചെയ്യുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോൾ ഫ്രീ അടിയന്തര സേവനമാണിത്. പ്രതിസന്ധി ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട ആദ്യ സംവിധാനമായി ഇത് നിലകൊള്ളുന്നു.   പ്രതിമാസം ആയിരക്കണക്കിന് കോളുകൾ കൈകാര്യം ചെയ്യുന്ന ഈ ഹെൽപ്പ്‌ലൈൻ സ്ത്രീകൾക്ക് അതിവേഗ പിന്തുണ ഉറപ്പാക്കുകയും  ഏകജാലക സേവന കേന്ദ്രങ്ങള്‍, അഭയകേന്ദ്രങ്ങൾ, നിയമസഹായം തുടങ്ങി  സമീപത്തെ സേവനങ്ങളുമായി അവശ്യഘട്ടങ്ങളില്‍ അവരെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.

നാരി അദാലത്ത് 

ഗാർഹിക പീഡനം, ഉപദ്രവം എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ മധ്യസ്ഥതയിലൂടെയും ബോധവൽക്കരണത്തിലൂടെയും പരിഹരിക്കുന്ന സാമൂഹ്യാധിഷ്ഠിത അനൗദ്യോഗിക കോടതികളാണ് നാരി അദാലത്തുകൾ.

സമർത്ഥ്യ  ‌

പിന്തുണാ സേവനങ്ങൾ, തൊഴിൽ നൈപുണ്യ വികസനം, സ്ഥാപനപരമായ പരിചരണം എന്നിവയിലൂടെ സ്ത്രീകളുടെ ദീർഘകാല സ്വാതന്ത്ര്യവും അതിജീവനശേഷിയും പൊതുജീവിതത്തിലെ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിലാണ് സമർത്ഥ്യ ഉപപദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സമർത്ഥ്യയ്ക്ക് കീഴിലെ പ്രധാന ഘടകങ്ങളിൽ ചിലത്:

ശക്തി സദൻ 

മനുഷ്യക്കടത്തിൽ നിന്ന് രക്ഷിക്കപ്പെട്ടവർക്കും പ്രയാസകരമായ സാഹചര്യങ്ങളിൽ കഴിയുന്നവർക്കും അഭയം, പരിചരണം, കൗൺസിലിങ്, നിയമസഹായം, പുനരധിവാസം എന്നിവ നൽകുന്ന സംയോജിത സഹായ പദ്ധതി. 

സഖി നിവാസ് 

ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മിതമായ നിരക്കില്‍ സുരക്ഷിത ഹോസ്റ്റൽ സൗകര്യം. സ്ത്രീകളുടെ തൊഴിലിനെയും സഞ്ചാരസ്വാതന്ത്ര്യത്തെയും പിന്തുണയ്ക്കുന്നതിന് സുരക്ഷിതമായ താമസസൗകര്യങ്ങൾ ഇതിലൂടെ ഉറപ്പാക്കുന്നു.  

ദേശീയ ക്രെഷ് പദ്ധതി (പൽന): 

ജോലി ചെയ്യുന്ന അമ്മമാരുടെ കുട്ടികൾക്ക് (6 മാസം മുതൽ 6 വയസ്സ് വരെ) ഡേകെയർ സൗകര്യങ്ങൾ നൽകി  സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കാൻ സഹായിക്കുന്നു. 

സങ്കല്പ് ഹബ് ഫോർ എംപവർമെൻ്റ് ഓഫ് വുമൺ: 

സർക്കാർ പദ്ധതികൾ, നൈപുണ്യ വികസനം, ശേഷി വർധന,  ഉപജീവന അവസരങ്ങൾ എന്നിവയിലേക്ക് സ്ത്രീകൾക്ക് പ്രവേശനം മെച്ചപ്പെടുത്തുന്നതിന് ദേശീയ-സംസ്ഥാന തലങ്ങളിൽ ഏകോപന സംവിധാനമായി പ്രവർത്തിക്കുന്നു.

ഷീ-ബോക്സ് പോർട്ടൽ - സ്ത്രീകൾക്ക് സുരക്ഷിത തൊഴിലിടം  

‍തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമ പരാതികൾ നിരീക്ഷിക്കാന്‍ ഏകജാലക കേന്ദ്രീകൃത ഡിജിറ്റൽ സംവിധാനമെന്ന നിലയില്‍  2024 ഓഗസ്റ്റ് 29-നാണ് 'സെക്ഷ്വല്‍ ഹരാസ്മെൻ്റ്  ഇലക്ട്രോണിക് ബോക്സ്'  അഥവാ ഷീ-ബോക്സ് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം  പുറത്തിറക്കിയത്.  2013 ഡിസംബർ 9-ന് നിലവിൽ വന്ന 'തൊഴിലിടങ്ങളിലെ സ്ത്രീകളോടുള്ള ലൈംഗിക അതിക്രമം (പ്രതിരോധവും നിരോധനവും  പരിഹാരവും) നിയമം, 2013' ൻ്റെ  നിര്‍വഹണം നിരീക്ഷിക്കുന്നത് ഇതിലൂടെ സുഗമമാക്കുന്നു. പൊതു, സ്വകാര്യ, സംഘടിത അല്ലെങ്കിൽ അസംഘടിത മേഖലകളിലെ സ്ത്രീകളെ പരാതികൾ സുരക്ഷിതമായി ഫയൽ ചെയ്യാൻ ഈ ഉപഭോക്തൃ സൗഹൃദ പോർട്ടൽ സഹായിക്കുന്നു.  പരാതികൾ ബന്ധപ്പെട്ട ആഭ്യന്തര സമിതിയ്ക്കോ  പ്രാദേശിക സമിതിയ്ക്കോ  സ്വയമേവ കൈമാറപ്പെടും. പരാതിയുടെ നില തത്സമയം അറിയാന്‍ സംവിധാനവും വിവിധ ഭാഷകളില്‍ പിന്തുണയും കർശന രഹസ്യസ്വഭാവവും പരിശീലന സാമഗ്രികളും മാർഗനിർദേശങ്ങളുമടങ്ങിയ വിഭവകേന്ദ്ര സംവിധാനവും ഷീ-ബോക്സിൻ്റെ പ്രത്യേകതകളാണ്.  ദ്രുതഗതിയില്‍  പരിഹാരവും ഉത്തരവാദിത്തവും സുരക്ഷിത തൊഴിലിടങ്ങളും ഉറപ്പാക്കുന്ന ഈ സംരംഭം സ്ത്രീ ശാക്തീകരണത്തിലേക്ക് അർത്ഥപൂര്‍ണ പുരോഗതിക്ക് ആക്കം കൂട്ടുന്നു.  

മിഷൻ വാത്സല്യ - കുട്ടികൾക്ക് പ്രത്യേക  സംരക്ഷണം 

ശിശുക്ഷേമത്തിലും സുരക്ഷയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമഗ്ര പദ്ധതിയാണ് മിഷൻ വാത്സല്യ. പീഡനം, അവഗണന, മനുഷ്യക്കടത്ത് അല്ലെങ്കിൽ മാതാപിതാക്കളുടെ സംരക്ഷണം നഷ്ടപ്പെടൽ എന്നീ സാഹചര്യങ്ങളില്‍  കുട്ടികളെ സ്ഥാപനപരവും അല്ലാത്തതുമായ പരിചരണം,  സ്പോൺസർഷിപ്പ്, താൽക്കാലിക കുടുംബ സംരക്ഷണം, ദത്തെടുക്കൽ, തുടർപരിചരണം എന്നിവയിലൂടെ  പദ്ധതി പിന്തുണയ്ക്കുന്നു. 

  • കുടുംബാധിഷ്ഠിത പരിചരണത്തിനും പുനരധിവാസത്തിനും പുനരേകീകരണത്തിനുമാണ്  പദ്ധതി മുൻഗണന നൽകുന്നത്. 

  • ശിശുസംരക്ഷണ  സ്ഥാപനങ്ങള്‍, ശിശുക്ഷേമ സമിതികള്‍,  ജുവനൈൽ ജസ്റ്റിസ് ബോർഡുകൾ, പ്രത്യേക ദത്തെടുക്കൽ ഏജൻസികൾ എന്നിവയിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്. 

  • ബാലവിവാഹം, മനുഷ്യക്കടത്ത്, ചൂഷണം എന്നിവ തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രതിവർഷം ആയിരക്കണക്കിന് കുട്ടികളെ സുരക്ഷിത സാഹചര്യങ്ങളിലേക്കെത്തിക്കാൻ  പദ്ധതിക്ക് സാധിക്കുന്നു. 

  • എല്ലാ ശിശുക്ഷേമ സംവിധാനങ്ങളുടെയും ഏകീകൃത ഇടമായി മിഷൻ വാത്സല്യ പോർട്ടൽ നിലകൊള്ളുന്നു. ദത്തെടുക്കൽ പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിന് 'CARINGS' സംവിധാനത്തെ ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു. 

  • അടിയന്തര സഹായത്തിന് 112-എന്ന നമ്പരുമായി ബന്ധിപ്പിച്ച ശിശുസംരക്ഷണ ഹെൽപ്പ്‌ലൈൻ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രവർത്തിക്കുന്നു. 2026 ജനുവരി 1-ലെ കണക്കനുസരിച്ച് 728 ജില്ലകളിൽ ഇത് സ്ഥാപിച്ചുകഴിഞ്ഞതോടെ  കുട്ടികൾക്കായി ഏകീകൃത ദേശീയ പ്രതികരണ സംവിധാനം സാധ്യമാക്കി. 

മിഷൻ ശക്തി (സംബൽ), മിഷൻ വാത്സല്യ എന്നീ സംരംഭങ്ങൾ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിത വീടുകളും തൊഴിലിടങ്ങളും സമൂഹങ്ങളും സൃഷ്ടിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്നു.  ലിംഗാധിഷ്ഠിത അതിക്രമങ്ങൾ കുറച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ കൃത്യസമയത്ത് സഹായം നൽകാനും അന്തസ്സും സമത്വവും പ്രോത്സാഹിപ്പിക്കാനും ഇവ വഴിയൊരുക്കുന്നു.  അടിയന്തര പ്രതികരണം, നിയമസഹായം, സാമൂഹ്യ ഇടപെടൽ, ശിശു കേന്ദ്രീകൃത സംരക്ഷണം എന്നിവ സമന്വയിപ്പിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും ഭയമില്ലാതെ ജീവിക്കാനും സമൂഹത്തിൽ പൂർണമായി ഇടപെടാനും   ഇവ ശക്തമായ അടിത്തറയൊരുക്കുന്നു.  

ഉപസംഹാരം: കരുത്തുറ്റ  ഭാവി കെട്ടിപ്പടുക്കൽ 

സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്നതിന് സംയോജിത സമീപനമാണ് ഇന്ത്യ അവലംബിച്ചിരിക്കുന്നത്.  സക്ഷം അങ്കണവാടി & പോഷണ്‍ 2.0, മിഷൻ ശക്തി തുടങ്ങിയ മുൻനിര പദ്ധതികൾ വിവിധ മന്ത്രാലയങ്ങൾ തമ്മിലെ ശക്തമായ ഏകോപനം ഉറപ്പാക്കുകയും താഴെത്തട്ടിൽ വരെ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. പോഷണ്‍ ട്രാക്കർ പോലുള്ള ഡിജിറ്റൽ സംവിധാനങ്ങള്‍ സുതാര്യതയും ഉത്തരവാദിത്തവും കാര്യക്ഷമമായ സേവന വിതരണവും വർധിപ്പിക്കുന്നു. 

സ്ത്രീകളുടെയും പെൺകുട്ടികളുടെയും ക്ഷേമം, വിദ്യാഭ്യാസം, സംരക്ഷണം എന്നിവയിൽ വലിയ നിക്ഷേപം നടത്തുന്ന ഈ സംരംഭങ്ങൾ കുടുംബങ്ങളെ ശക്തിപ്പെടുത്തുകയും സമൂഹങ്ങളെ ഉയർത്തുകയും മാനവ വിഭവശേഷി കെട്ടിപ്പടുക്കുകയും ചെയ്യുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കും ലിംഗസമത്വത്തിനും ദീർഘകാല ദേശീയ വികസനത്തിനും ഈ സംരംഭങ്ങള്‍ നേരിട്ട് സംഭാവന നൽകുന്നു. രാജ്യം മുന്നോട്ട് കുതിക്കുമ്പോൾ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണത്തിലെ  നിരന്തര ശ്രദ്ധ പരിവർത്തനാത്മക മാറ്റങ്ങൾ കൈവരിക്കുന്നതിലെ കേന്ദ്രബിന്ദുവായി തുടരുന്നു.

അവലംബം:

Click here to see pdf

***


( റിലീസ് ഐ.ഡി: 2236444) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: English , Urdu , Bengali , Bengali-TR , Gujarati , Tamil