രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഒൻപതാം അന്താരാഷ്ട്ര സന്താൾ സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്തു

പോസ്റ്റഡ് ഓണ്‍: 07 MAR 2026 2:33PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2026 മാർച്ച് 7) പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ നടന്ന ഒമ്പതാമത് അന്താരാഷ്ട്ര സന്താൾ സമ്മേളനത്തെ അഭിസംബോധന ചെയ്തു.

 



 

തദവസരത്തിൽ  സംസാരിക്കവെ, ഏകദേശം 240 വർഷങ്ങൾക്ക് മുമ്പ് നമ്മുടെ പൂർവ്വികനായ തിൽക്ക മാജി ചൂഷണത്തിനെതിരെ കലാപത്തിൻ്റെ പതാക ഉയർത്തിയത് സന്താൾ സമൂഹത്തിന് അഭിമാനകരമായ കാര്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. അദ്ദേഹത്തിൻ്റെ  കലാപത്തിന് ഏകദേശം 60 വർഷങ്ങൾക്ക് ശേഷം, 1855-ൽ ധീര സഹോദരന്മാരായ സിദോ-കാൻഹു, ചന്ദ്-ഭൈരവ് എന്നിവരും അവരുടെ ധീര സഹോദരിമാരായ ഫൂലോയും ജാനോയും ചേർന്ന് 'സന്താൾ ഹുൾ' (സന്താൾ കലാപം) നയിച്ചുവെന്നും അവർ പറഞ്ഞു .


സന്താൾ സമൂഹത്തിൻ്റെ  ചരിത്രത്തിൽ 2003-ാം ആണ്ട് എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് രാഷ്ട്രപതി പറഞ്ഞു. ആ വർഷമാണ് സന്താളി ഭാഷയെ ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ വർഷം, മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷിക ദിനത്തിൽ, ഒൽ ചിക്കി (Ol Chiki) ലിപിയിൽ സന്താളി ഭാഷയിൽ എഴുതപ്പെട്ട ഇന്ത്യൻ ഭരണഘടന പ്രകാശനം ചെയ്ത കാര്യവും രാഷ്ട്രപതി സൂചിപ്പിച്ചു.

 


1925-ൽ പണ്ഡിറ്റ് രഘുനാഥ് മുർമുവാണ് ഒൽ ചിക്കി ലിപി വികസിപ്പിച്ചതെന്ന് രാഷ്ട്രപതി പറഞ്ഞു.ഈ ആവിഷ്കാരത്തിൻ്റെ  ശതാബ്ദി നാം  അടുത്തിടെ ആഘോഷിച്ചു. അദ്ദേഹത്തിൻ്റെ  സംഭാവനകൾ സന്താളി ഭാഷ സംസാരിക്കുന്നവർക്ക് ആവിഷ്കാരത്തിന്  പുതിയ വഴികൾ തുറന്നു.. "ബിദു ചന്ദൻ", "ഖേർവാൾ വീർ", "ദാലെഗെ ധൻ", "സിദോ കാൻഹു - സന്താൾ ഹുൾ" തുടങ്ങിയ നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇത്തരത്തിൽ സന്താൾ സമൂഹത്തിനിടയിൽ സാഹിത്യത്തിൻ്റെയും സാമൂഹിക അവബോധത്തിൻ്റെയും വെളിച്ചം അദ്ദേഹം പ്രചരിപ്പിച്ചു. സന്താൾ സമൂഹത്തിലെ അംഗങ്ങൾ മറ്റ് ഭാഷകളും ലിപികളും പഠിക്കണമെന്നും എന്നാൽ സ്വന്തം ഭാഷയുമായുള്ള ബന്ധം നിലനിർത്തണമെന്നും ശ്രീമതി മുർമു  കൂട്ടിച്ചേർത്തു.


ഗോത്രവർഗ സമൂഹങ്ങൾ അവരുടെ സംഗീതം,നൃത്തം, പാരമ്പര്യം എന്നിവ   നൂറ്റാണ്ടുകളായി കാത്തുസൂക്ഷിച്ചുപോരുന്നു എന്ന് രാഷ്ട്രപതി പറഞ്ഞു. തലമുറകളായി പകർന്നുനൽകുന്ന പ്രകൃതിയോടുള്ള കരുതൽ അവർ നിലനിർത്തുന്നുണ്ട്. പ്രകൃതി സംരക്ഷണത്തിൻ്റെ  പാഠങ്ങൾ വരുംതലമുറകൾക്ക് കൈമാറണമെന്ന് അവർ ഊന്നിപ്പറഞ്ഞു. ജനകീയ പാരമ്പര്യങ്ങളും പരിസ്ഥിതിയും സംരക്ഷിക്കുന്നതോടൊപ്പം, നമ്മുടെ ആദിവാസി സമൂഹങ്ങൾ ആധുനിക വികസനത്തെയും സ്വീകരിച്ച് പുരോഗതിയുടെ യാത്രയിൽ മുന്നോട്ട് പോകണമെന്നും അവർ ചൂണ്ടിക്കാട്ടി. സാന്താൾ സമൂഹം ഉൾപ്പെടെയുള്ള ആദിവാസി സമൂഹങ്ങൾ പുരോഗതിയും പ്രകൃതിയും തമ്മിലുള്ള സമന്വയത്തിന് മാതൃകയാകുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.


വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക ശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിൻ്റെ  ആവശ്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഗോത്രവർഗ യുവാക്കൾ വിദ്യാഭ്യാസത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും പുരോഗതി കൈവരിക്കണം. എന്നാൽ ഈ പരിശ്രമങ്ങളിലെല്ലാം തന്നെ അവർ തങ്ങളുടെ വേരുകളെ മറക്കരുത്. നമ്മുടെ ഭാഷയും സംസ്കാരവും സംരക്ഷിക്കാനും, വിദ്യാഭ്യാസത്തിന് മുൻഗണന നൽകാനും, സമൂഹത്തിൽ ഐക്യവും സാഹോദര്യവും നിലനിർത്താനും നാം പ്രതിജ്ഞാബദ്ധരാകണമെന്ന് അവർ പറഞ്ഞു. ഇത് ഒരു ശാക്തീകരിക്കപ്പെട്ട സമൂഹത്തെയും കരുത്തുറ്റ ഇന്ത്യയെയും കെട്ടിപ്പടുക്കാൻ നമ്മെ സഹായിക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

 

 

***

 

 

 

 


( റിലീസ് ഐ.ഡി: 2236374) സന്ദര്‍ശക കൗണ്ടര്‍ : 15
ഈ റിലീസ് വായിക്കുക: Tamil , Telugu , English , Urdu , हिन्दी , Bengali , Bengali-TR