ഉപരാഷ്ട്രപതിയുടെ കാര്യാലയം
ലുമാമിയിലെ നാഗാലാൻഡ് സർവ്വകലാശാലയുടെ എട്ടാമത് ബിരുദദാന ചടങ്ങിനെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്തു
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ നേതൃത്വത്തിൽ ഒപ്പുവെച്ച ചരിത്രപരമായ ത്രികക്ഷി കരാറിനെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
06 MAR 2026 2:52PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് നാഗാലാൻഡിലെ ലുമാമി കാമ്പസിൽ നടന്ന നാഗാലാൻഡ് സർവ്വകലാശാലയുടെ എട്ടാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റെടുത്ത ശേഷം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള തൻ്റെ ആദ്യ സന്ദർശന വേളയിൽ നാഗാലാൻഡ് സന്ദർശിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പ്രകടിപ്പിച്ചു. പ്രകൃതിയും സംസ്കാരവും ധീരതയും ഒത്തുചേരുന്ന സ്ഥലമാണ് നാഗാലാൻഡ് എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സംസ്ഥാനത്തിൻ്റെ യഥാർത്ഥ ശക്തി അവിടുത്തെ ജനങ്ങളിലും അവരുടെ സജീവമായ പാരമ്പര്യങ്ങളിലുമാണെന്ന് പറഞ്ഞു.
ഇന്ത്യയുടെ വൈവിധ്യത്തിലെ ഏകത്വത്തെ എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, രാജ്യത്തിൻ്റെ കരുത്ത് ഭിന്നതകളിലല്ല, മറിച്ച് ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഐക്യത്തിലാണെന്ന് ചൂണ്ടിക്കാട്ടി.
1994-ൽ നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് വേർപെടുത്തി രൂപീകരിച്ചതിന് ശേഷം ഉന്നതവിദ്യാഭ്യാസ രംഗത്ത് നാഗാലാൻഡ് സർവ്വകലാശാല നല്കിയ ശ്രദ്ധേയമായ സംഭാവനകളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. സർവ്വകലാശാല അതിൻ്റെ അക്കാദമിക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയും മേഖലയിലുടനീളം ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്ന സാഹചര്യത്തിന് കരുത്തുപകരുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ക്യാൻസർ ഗവേഷണ ലബോറട്ടറി സ്ഥാപിച്ചതുൾപ്പെടെ വിവിധ മേഖലകളിലെ സർവ്വകലാശാലയുടെ നേട്ടങ്ങളേയും, തദ്ദേശീയ നാഗാ ഭാഷകളും ആചാരപരമായ നിയമങ്ങളും സംരക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
ബിരുദം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച ഉപരാഷ്ട്രപതി, വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് ലക്ഷ്യബോധത്തോടെ പുരോഗതിക്കായി പരിശ്രമിക്കാൻ അവരോട് ആഹ്വാനം ചെയ്തു.
ഉത്തരവാദിത്തമുള്ള ജീവിതം നയിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിച്ച അദ്ദേഹം, ശക്തമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ പ്രതിജ്ഞാബദ്ധരായിരിക്കാനും മയക്കുമരുന്നിനോട് "നോ" എന്ന് ഉറപ്പിച്ചു പറയാനും വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
ലോകം എക്കാലത്തേക്കാളും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ട ഉപരാഷ്ട്രപതി, ഉയർന്നുവരുന്ന വെല്ലുവിളികളോടും അവസരങ്ങളോടും പൊരുത്തപ്പെടുന്നതിനായി അറിവും നൈപുണ്യവും നിരന്തരം നവീകരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിന് കേന്ദ്ര സർക്കാർ നല്കുന്ന മുൻഗണനയെക്കുറിച്ചും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക വികസനം, ഉപജീവന പദ്ധതികൾ എന്നിവയെ പിന്തുണയ്ക്കുന്ന വടക്കുകിഴക്കൻ മേഖലയ്ക്കായുള്ള പ്രധാനമന്ത്രിയുടെ വികസന സംരംഭത്തെക്കുറിച്ച് (പിഎം-ഡിവൈൻ) അദ്ദേഹം പരാമർശിച്ചു. ഈ സംരംഭങ്ങൾ യുവജനങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും മേഖലയിലെ എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ച ത്വരിതപ്പെടുത്തുന്നതിനും ഗണ്യമായ സംഭാവന നല്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരും നാഗാലാൻഡ് സർക്കാരും ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷനും തമ്മിൽ 2026 ഫെബ്രുവരിയിൽ ഒപ്പുവച്ച ത്രികക്ഷി കരാറിനെക്കുറിച്ച് പരാമർശിച്ച ഉപരാഷ്ട്രപതി, ഈ കരാർ ദീർഘകാലമായുള്ള ആശങ്കകൾ പരിഹരിക്കുമെന്നും മേഖലയിലെ സമാധാനവും വികസനവും പ്രോത്സാഹിപ്പിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സംസ്ഥാനത്തെ വികസന, സമാധാന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നാഗാലാൻഡ് ഗവർണ്ണർ ശ്രീ അജയ് കുമാർ ഭല്ലയും സംസ്ഥാന സർക്കാരും വഹിക്കുന്ന പങ്കിനേയും ഉപരാഷ്ട്രപതി പ്രശംസിച്ചു.
കഴിഞ്ഞ ദശകത്തിൽ വടക്കുകിഴക്കൻ മേഖലയിലുണ്ടായ പരിവർത്തനാത്മകമായ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുമ്പോൾ, ജനങ്ങൾ തമ്മിലുള്ള ഇടപെടലുകളാണ് ദേശീയ ഐക്യത്തെ ശക്തിപ്പെടുത്തുന്നതെന്ന് ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
സന്ദർശന വേളയിൽ നാഗാലാൻഡ് സർവകലാശാലയിലെ HEFA ഫേസ് II കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഉപരാഷ്ട്രപതി നിർവ്വഹിച്ചു.
നാഗാലാൻഡ് ഗവർണ്ണറും നാഗാലാൻഡ് സർവ്വകലാശാലയുടെ ചീഫ് റെക്ടറുമായ ശ്രീ അജയ് കുമാർ ഭല്ല, നാഗാലാൻഡ് ഉപമുഖ്യമന്ത്രി ശ്രീ ടി. ആർ. സെലിയാങ്, നാഗാലാൻഡ് സർവ്വകലാശാല ചാൻസലർ ഡോ. സമുദ്ര ഗുപ്ത കശ്യപ്, വൈസ് ചാൻസലർ പ്രൊഫ. ജഗദീഷ് കുമാർ പട്നായിക് ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
***
( റിലീസ് ഐ.ഡി: 2236001)
സന്ദര്‍ശക കൗണ്ടര്‍ : 10