വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് 2026-ന്റെ ഭാരത് പവലിയൻ ഉദ്ഘാടനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
03 MAR 2026 10:20PM by PIB Thiruvananthpuram
ലോകത്തിലെ മുൻനിര സാങ്കേതിക, ടെലികമ്മ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോമുകളിലൊന്നായ സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് 2026-ൽ, കേന്ദ്ര വാർത്താവിനിമയ, വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ ഇന്ന് ഭാരത് പവലിയൻ ഉദ്ഘാടനം ചെയ്തു.
ലോകം "IQ യുഗത്തിൽ" കണക്റ്റിവിറ്റിയുടെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, ബുദ്ധിശക്തിയും അടിസ്ഥാന സൗകര്യങ്ങളും സംഗമിക്കുന്നിടത്താണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു. ഇവിടെ കണക്റ്റിവിറ്റി ശേഷിയുമായും നൂതനാശയങ്ങളുമായും എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനവുമായും കൈകോർക്കുന്നു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ, ഇന്ത്യയുടെ ടെലികോം പരിവർത്തനം തദ്ദേശീയ ഗവേഷണ വികസനങ്ങളിലും, വിശ്വസനീയമായ ടെലികോം ആവാസവ്യവസ്ഥകളിലും, ഉത്പാദന-ബന്ധിത ഇൻസെൻ്റീവ് പദ്ധതികളിലും, ആഗോള മൂല്യശൃംഖലയുമായുള്ള ആഴത്തിലുള്ള സംയോജനത്തിലും അധിഷ്ഠിതമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
“ഇന്ന് നമ്മൾ ബാഴ്‌സലോണയിൽ നിൽക്കുമ്പോൾ, സന്ദേശം വ്യക്തമാണ്. ഇന്ത്യയിലെ 140 കോടി പൗരന്മാർക്കായി നെറ്റ്‌വർക്കുകൾ നിർമ്മിക്കുക മാത്രമല്ല, ലോകത്തിനുവേണ്ടി വിശ്വസനീയമായ ഡിജിറ്റൽ പാലങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നു. വസുധൈവ കുടുംബകം എന്ന തത്ത്വചിന്തയാൽ നയിക്കപ്പെടുന്ന കണക്റ്റിവിറ്റി മനുഷ്യരാശിയെ ശാക്തീകരിക്കുകയും പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുകയും പങ്കിട്ട അഭിവൃദ്ധി സൃഷ്ടിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു," കേന്ദ്ര മന്ത്രി പറഞ്ഞു.
ഈ വർഷത്തെ ഭാരത് പവലിയൻ, 4G/5G, വളർന്നുവരുന്ന 6G സാങ്കേതികവിദ്യകൾ, ഓപ്പൺ RAN, ഒപ്റ്റിക്കൽ-സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്, സെമികണ്ടക്ടർ ഡിസൈൻ, AI അധിഷ്ഠിത നെറ്റ്‌വർക്ക് ഇൻ്റലിജൻസ്, സൈബർ സുരക്ഷ, ടെലികോം സോഫ്റ്റ്‌വെയർ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലുടനീളമുള്ള 40-ലധികം ഇന്ത്യൻ ടെലികോം നൂതനാശയക്കാരെ ഒരുമിച്ച് കൊണ്ടുവരുന്നു. ഈ വിപുലമായ പങ്കാളിത്തം ഇന്ത്യയുടെ ടെലികോം ശേഷിയിലുള്ള വർദ്ധിച്ചുവരുന്ന ആഗോള വിശ്വാസത്തേയും അതിവേഗം ആഴത്തിലുള്ളതായി മാറുന്ന നവീന ആവാസവ്യവസ്ഥയേയും പ്രതിഫലിപ്പിക്കുന്നു.
പവലിയൻ സന്ദർശന വേളയിൽ, കേന്ദ്ര മന്ത്രി വിവിധ കമ്പനികളുടെ ബൂത്തുകൾ സന്ദർശിക്കുകയും അനന്ത് സിസ്റ്റംസ്, XS ഇൻഫോസോൾ പ്രൈവറ്റ് ലിമിറ്റഡ്, സിഗ്നൽചിപ്പ്, RV സൊല്യൂഷൻസ്, നിയോസോഫ്റ്റ് ടെക്നോളജീസ്, സെൽകോം, സി-ഡോട്ട് , GX ഇന്ത്യ തുടങ്ങിയവയുടെ പ്രതിനിധികളുമായി സംവദിക്കുകയും ചെയ്തു. ടെലികോം ഹാർഡ്‌വെയർ, സെമികണ്ടക്ടർ ഡിസൈൻ, AI അധിഷ്ഠിത പ്ലാറ്റ്‌ഫോമുകൾ, അടുത്ത തലമുറ നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ എന്നിവയിലുടനീളമുള്ള അവരുടെ തദ്ദേശീയ സാങ്കേതികവിദ്യകളും നൂതന പരിഹാരങ്ങളും അദ്ദേഹം വീക്ഷിച്ചു. ഇന്ത്യയുടെ സ്വയംപര്യാപ്തവും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ ടെലികോം ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള അവരുടെ സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു.
സുരക്ഷിതമായ നെറ്റ്‌വർക്കുകൾ നിർമ്മിക്കുന്നതിലും, AI അധിഷ്ഠിത ടെലികോം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും, വിശ്വസനീയമായ ആവാസവ്യവസ്ഥകൾ പ്രോത്സാഹിപ്പിക്കുന്നതിലും, ലോകമെമ്പാടും ടെലികോം കയറ്റുമതി വ്യാപിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് പവലിയനിലെ ഇന്ത്യൻ നൂതനാശയക്കാരുടെ ശക്തമായ സാന്നിധ്യം പ്രകടമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മൊബൈൽ വേൾഡ് കോൺഗ്രസ് 2026-ലെ ഇന്ത്യയുടെ ടെലികോം നൂതനാശയക്കാരുടെ പങ്കാളിത്തം, കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൻ്റെ (DoT) പിന്തുണയോടെ ടെലികോം എക്യുപ്‌മെൻ്റ് ആൻഡ് സർവീസസ് എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ (TEPC) ആണ് സംഘടിപ്പിച്ചിരിക്കുന്നത്.
*****
( റിലീസ് ഐ.ഡി: 2235253)
സന്ദര്‍ശക കൗണ്ടര്‍ : 28