ഷിപ്പിങ് മന്ത്രാലയം
പേർഷ്യൻ ഉൾക്കടലിലെ സമുദ്ര സ്ഥിതിഗതികൾ ഷിപ്പിംഗ് മന്ത്രാലയം അവലോകനം ചെയ്തു; ഇന്ത്യൻ കപ്പലുകളെയും നാവികരെയും സംരക്ഷിക്കുന്നതിനായി നിരീക്ഷണം ശക്തിപ്പെടുത്തി
പോസ്റ്റഡ് ഓണ്‍:
03 MAR 2026 7:32PM by PIB Thiruvananthpuram
പേർഷ്യൻ ഉൾക്കടലിലെ സമുദ്ര സുരക്ഷാ സാഹചര്യം, കേന്ദ്രതുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം (MoPSW) സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നു. മേഖലയിലുള്ള ഇന്ത്യൻ കപ്പലുകളെയും മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ നാവികരെയും സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തി.
പേർഷ്യൻ ഉൾക്കടലിലെ നിലവിലുള്ള സുരക്ഷാ അന്തരീക്ഷം വിലയിരുത്തുന്നതിനും ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ സമുദ്ര ആസ്തികളുടെയും ഉദ്യോഗസ്ഥരുടെയും അവസ്ഥ വിലയിരുത്തുന്നതിനുമായി ഇന്ന് ചേർന്ന അവലോകന യോഗത്തിൽ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി (MoPSW) സർബാനന്ദ സോനോവാൾ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ, മേഖലയിലെ നിലവിലുള്ള സാഹചര്യത്തെക്കുറിച്ചും ഇന്ത്യൻ പതാകവാഹക കപ്പലുകളുടെയും ഇന്ത്യൻ നാവികരുടെയും അവസ്ഥയെക്കുറിച്ചും ഷിപ്പിംഗ് ഡയറക്ടർ ജനറൽ മന്ത്രിയെ അറിയിച്ചു.
"സാഹചര്യം ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാവികരുടെ സുരക്ഷയും ക്ഷേമവും സമുദ്ര ആസ്തികളുടെ സംരക്ഷണവും ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ മുൻകരുതൽ, നിരീക്ഷണ, ഏകോപന സംവിധാനങ്ങളും സജീവമാക്കിയിട്ടുണ്ട്" എന്ന് യോഗത്തിന് ശേഷം കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു.
"പ്രധാന ദേശീയ, അന്തർദേശീയ ഏജൻസികളുമായി ഞങ്ങൾ നിരന്തരം ബന്ധം പുലർത്തുന്നുണ്ട്. ഏത് സാഹചര്യത്തിലും അടിയന്തരമായി പ്രതികരിക്കാൻ ഞങ്ങൾ സജ്ജമാണ് ." മന്ത്രി അറിയിച്ചു.
പേർഷ്യൻ ഉൾക്കടൽ , ഹോർമുസ് കടലിടുക്ക്, ഒമാൻ ഉൾക്കടൽ, സമീപ സമുദ്ര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മിസൈൽ, ഡ്രോൺ പ്രവർത്തനം, ഇലക്ട്രോണിക് ഉപകരണവിന്യാസം , മറ്റ് സമുദ്ര സുരക്ഷാ ആശങ്കകൾ എന്നിവയുൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ , ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (DGS) വഴി ഷിപ്പിംഗ് മന്ത്രാലയം ഇന്ത്യൻ നാവികരുടെയും ഇന്ത്യൻ കപ്പലുകളുടെയും നിരീക്ഷണവും സുരക്ഷാ മേൽനോട്ടവും സജീവമാക്കിയിട്ടുണ്ട്.
മന്ത്രാലയം, നിരന്തരമായുള്ള ഡിജിഎസ് വഴി ഇന്ത്യൻ പതാകവാഹക കപ്പലുകളുടെ തത്സമയ ട്രാക്കിംഗ് ആരംഭിച്ചു. കൂടാതെ എംഎംഡിഎസി ഡിജികോം സെന്റർ വഴി 24 മണിക്കൂറും നിരീക്ഷണം ആരംഭിച്ചിട്ടുണ്ട് . കപ്പലുകൾ, ഉടമകൾ, മാനേജർമാർ എന്നിവർക്ക് നിർബന്ധിത റിപ്പോർട്ടിംഗ് പ്രോട്ടോക്കോളുകളും നിർദ്ദേശിച്ചു.
ഇന്ത്യൻ നാവികസേന, വിദേശകാര്യ മന്ത്രാലയം, ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ–ഇന്ത്യൻ ഓഷ്യൻ റീജിയൻ (IFC-IOR), മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്റർ (MRCC), വിദേശത്തുള്ള ഇന്ത്യൻ എംബസികൾ എന്നിവയുമായി മികച്ച ഏകോപനം സൃഷ്ടിച്ചുണ്ട് . സമുദ്രയാന ജീവനക്കാരുടെ വിന്യാസത്തിൽ ജാഗ്രത പാലിക്കാനും നാവികരുമായും അവരുടെ കുടുംബങ്ങളുമായും പതിവായി ആശയവിനിമയം നടത്താനും ഷിപ്പിംഗ് കമ്പനികൾ, റിക്രൂട്ട്‌മെന്റ് & പ്ലേസ്‌മെന്റ് സർവീസ് ലൈസൻസികൾ എന്നിവയ്ക്ക് നിർദ്ദേശം നൽകി.
നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഡയറക്ടറേറ്റ്, IFC-IOR, മറ്റ് ഏജൻസികൾ എന്നിവ ഏകോപനത്തോടെ പ്രവർത്തിക്കുന്നു. നാവികർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകുന്നു.
അധികാരികൾക്കിടയിൽ സമയബന്ധിതമായ ഏകോപനം സാധ്യമാക്കുന്നതിനും, ഉയർന്നുവരുന്ന സാഹചര്യങ്ങളിൽ ഉടനടി പ്രതികരണം ഉറപ്പാക്കുന്നതിനും, ഇന്ത്യൻ നാവികർക്കും അവരുടെ കുടുംബങ്ങൾക്കും അടിയന്തര സഹായം നൽകുന്നതിനും ഒരു പ്രത്യേക ദ്രുത പ്രതികരണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഹെൽപ്പ്‌ലൈൻ നമ്പറുകൾ സജീവമാക്കുകയും RPSL-കൾ വഴി നാവികരുടെ കുടുംബങ്ങളുമായി അവ പങ്കിടുകയും ചെയ്തു.
ഉയർന്ന ജാഗ്രത പാലിക്കാനും നിർദ്ദിഷ്ട യാത്രാ അപകടസാധ്യതകൾ വിലയിരുത്താനും ബന്ധപ്പെട്ടവരോട് നിർദ്ദേശിച്ചിട്ടുണ്ട്. മേഖലയിൽ പ്രവർത്തിക്കുന്ന കപ്പലുകളോട്,കമാൻഡ് സെന്ററുകളുമായി മികച്ച ആശയവിനിമയവും ശക്തമായ സുരക്ഷാ വിന്യാസവും നിലനിർത്താനും, സംശയാസ്പദമായ പ്രവർത്തനം ഉടൻ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.
" ഇന്ത്യയുടെ നാവികർക്കും സമുദ്ര പങ്കാളികൾക്കും ഒപ്പം രാജ്യം ഉറച്ചുനിൽക്കുന്നു. ഇന്ത്യൻ കപ്പലുകളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ പ്രവർത്തനപരവും നയതന്ത്രപരവും മാനുഷികവുമായ പിന്തുണയും നൽകാൻ മന്ത്രാലയം സജ്ജമാണ്.കൂടാതെ ഇന്ത്യയുടെ സമുദ്ര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആഭ്യന്തര, അന്തർദേശീയ പങ്കാളികളുമായി സജീവമായ ഏകോപനം തുടരുകയും ചെയ്യും ." സമുദ്രമേഖലയിലെ സുരക്ഷയ്ക്കുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു സ്ഥിരീകരിച്ചുകൊണ്ട് ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു.

***
( റിലീസ് ഐ.ഡി: 2235180)
സന്ദര്‍ശക കൗണ്ടര്‍ : 49