|
ഉപരാഷ്ട്രപതിയുടെ കാര്യാലയം
തമിഴ് പൈതൃകവും സംസ്കാരവും വാസ്തുവിദ്യയും ആഘോഷിക്കുന്ന 13 പ്രസിദ്ധീകരണങ്ങൾ ഉപരാഷ്ട്രപതി ന്യൂഡൽഹിയിൽ പ്രകാശനം ചെയ്തു.
പോസ്റ്റഡ് ഓണ്‍:
02 MAR 2026 7:25PM by PIB Thiruvananthpuram
പ്രമുഖ തമിഴ് പണ്ഡിതന്മാർ, പൈതൃകം, വാസ്തുവിദ്യ, സാഹിത്യം, സംസ്കാരം, നാഗരിക ചിന്തകൾ എന്നിവയെ ആസ്പദമാക്കി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക്കേഷൻസ് ഡിവിഷൻ പുറത്തിറക്കിയ 16 സുപ്രധാന പുസ്തകങ്ങൾ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് ഉപരാഷ്ട്രപതി ഭവനിൽ പ്രകാശനം ചെയ്തു.
ഉത്തരേന്ത്യ മുതൽ ദക്ഷിണേന്ത്യ വരെയുള്ള ആത്മീയ ഐക്യത്തെ പ്രതീകപ്പെടുത്തുന്ന പുണ്യകേന്ദ്രമായ രാമേശ്വരം; ശ്രീ രാമാനുജൻ്റെ ജീവിതവും തത്ത്വചിന്തയും; ചരിത്രപരമായ നടുക്കൽ പാരമ്പര്യം; അരിക്കമേടിലെ പുരാതന വ്യാപാര കേന്ദ്രം; നയന്മാരുടേയും ആഴ്വാർമാരുടേയും ഭക്തിസാഹിത്യം; പ്രകൃതി കൃഷി രീതികൾ; പുരാതന തമിഴ് സംഗീത ഉപകരണങ്ങൾ; തമിഴ്‌നാട്ടിലെ നാടോടി ദേവതകൾ; ഉയർന്നുവരുന്ന ശാസ്ത്ര സാങ്കേതിക വിദ്യകൾ; മീനാക്ഷി അമ്മൻ ക്ഷേത്രത്തിൻ്റേയും ബൃഹദീശ്വര ക്ഷേത്രത്തിൻ്റേയും വാസ്തുവിദ്യാ അത്ഭുതങ്ങൾ എന്നിങ്ങനെ വിപുലമായ വിഷയങ്ങൾ ഈ പ്രസിദ്ധീകരണങ്ങൾ ഉൾക്കൊള്ളുന്നു. മണിമേഖലൈ, മഹാവിദ്വാൻ മീനാക്ഷി സുന്ദരം പിള്ള എന്നിവരെക്കുറിച്ചുള്ള കൃതികളും ഈ പ്രസിദ്ധീകരണങ്ങളുടെ ഭാഗമാണ്.
അതിയായ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ചുകൊണ്ട്, ഇന്ന് പ്രകാശനം ചെയ്ത പുസ്തകങ്ങൾ തമിഴ് നാഗരികതയുടെ ആഴവും വൈവിധ്യവും പ്രതിഫലിപ്പിക്കുന്നതാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ക്ഷേത്ര പാരമ്പര്യങ്ങൾ, തത്വശാസ്ത്രം, വാസ്തുവിദ്യ, സാഹിത്യം, സംഗീതം, ശാസ്ത്രം, സാമൂഹിക പരിഷ്കരണം, ആത്മീയ ചിന്തകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ബങ്കിം ചന്ദ്ര ചാറ്റർജിയെക്കുറിച്ചുള്ള തമിഴ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ഒരു പുസ്തകവും ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരത്തിലെ അനശ്വരമായ വരികൾ അനുസ്മരിച്ചുകൊണ്ട്, ആ ഗാനം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളിൽ വിപ്ലവം ജ്വലിപ്പിക്കുകയും എണ്ണമറ്റ സ്വാതന്ത്ര്യസമര സേനാനികൾക്ക് പ്രചോദനമാവുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. “ആ രണ്ട് വാക്കുകൾ നമ്മുടെ മണ്ണിൻ്റെ സുഗന്ധവും, നദികളുടെ കരുത്തും, മാതൃരാജ്യത്തിൻ്റെ ചൈതന്യവും വഹിക്കുന്നതായിരുന്നു,” ഈ പുസ്തകം പുറത്തിറക്കിയതിന് പബ്ലിക്കേഷൻസ് ഡിവിഷനെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
രണ്ട് സഹസ്രാബ്ദത്തിലേറെ നീളുന്ന സാഹിത്യ-ദാർശനിക പാരമ്പര്യമുള്ള, ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ ക്ലാസിക്കൽ ഭാഷകളിൽ ഒന്നാണ് തമിഴെന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, ഇന്ന് പ്രകാശനം ചെയ്ത പുസ്തകങ്ങൾ തമിഴ് വിജ്ഞാന സംവിധാനങ്ങളുടെ ബൗദ്ധിക ആഴവും നാഗരിക തുടർച്ചയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പറഞ്ഞു.
ഇന്ത്യൻ ക്ഷേത്രങ്ങൾ കേവലം ആരാധനാലയങ്ങൾ മാത്രമല്ലെന്നും, അവ കല, വാസ്തുവിദ്യ, സംഗീതം, ജ്യോതിശാസ്ത്രം, ഗണിതം, സാമൂഹിക സംഘടന എന്നിവയുടെ കേന്ദ്രങ്ങളാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. നമ്മുടെ പൂർവ്വികർ തത്വശാസ്ത്രം, സാഹിത്യം, ശാസ്ത്രം, സാമൂഹിക പരിഷ്കരണം എന്നിവയിൽ മികവ് പുലർത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതം പല ഭാഷകളുടെ നാടാണെങ്കിലും ഒരേ നാഗരിക ആത്മാവുള്ള രാജ്യമാണെന്ന് ഉപരാഷ്ട്രപതി അടിവരയിട്ടു പറഞ്ഞു. ഭാഷകളിലും മതങ്ങളിലും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിലും വ്യത്യാസങ്ങളുണ്ടെങ്കിലും, ഏക ധർമ്മത്താൽ സാംസ്കാരികമായി ഒന്നായ രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. വസുധൈവ കുടുംബകം, 'യാതും ഊരേ യാവരും കേളീർ' (എല്ലാ ഊരും എൻ്റേത്, എല്ലാവരും എൻ്റെ ബന്ധുക്കൾ) എന്നീ ആദർശങ്ങൾ ഒരേ ധർമ്മത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും രാമായണവും മഹാഭാരതവും സ്വാഭാവികമായി വ്യാപിച്ചതിനെക്കുറിച്ച് പരാമർശിക്കവേ, ഈ ഇതിഹാസങ്ങൾ ആരും അടിച്ചേൽപ്പിച്ചതല്ലെന്നും മറിച്ച് രാജ്യത്തെ പരസ്പരം ബന്ധിപ്പിക്കുന്ന പങ്കിട്ട ആത്മീയ ബോധത്തിലൂടെ ജനങ്ങൾ ഏറ്റെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.
2047-ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെക്കുറിച്ച് പരാമർശിക്കവേ, സാമ്പത്തിക പുരോഗതി സാംസ്കാരിക സംരക്ഷണവുമായി കൈകോർത്തു പോകണമെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ആഗോള വേദികളിൽ തിരുക്കുറലിനേയും സുബ്രഹ്മണ്യ ഭാരതിയേയും കുറിച്ച് അദ്ദേഹം നടത്തുന്ന പതിവായ പരാമർശങ്ങൾ ഉൾപ്പെടെ, തമിഴ് പൈതൃകത്തെ ആദരിക്കുന്നതിനായി പ്രധാനമന്ത്രി നടത്തുന്ന നിരന്തരമായ ശ്രമങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. മറ്റാരേക്കാളും ഉപരിയായി, പ്രധാനമന്ത്രി പോകുന്നിടത്തെല്ലാം തമിഴ് ഭാഷയുടെ മഹത്വത്തെ നിരന്തരം അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മലേഷ്യയിലെ ഒരു സർവ്വകലാശാലയിൽ തിരുവള്ളുവർ ചെയർ സ്ഥാപിക്കുമെന്ന പ്രഖ്യാപനം അദ്ദേഹം അനുസ്മരിക്കുകയും, കാശി തമിഴ് സംഗമം പോലുള്ള സംരംഭങ്ങളെ ദേശീയ ഐക്യത്തിൻ്റെ പ്രതീകങ്ങളായി പ്രശംസിക്കുകയും ചെയ്തു. തമിഴ് ഭാഷയ്ക്ക് ആഗോള അംഗീകാരം ലഭിക്കുന്നതിലും പുലിത്തേവർ, വേലു നാച്ചിയാർ, വീരപാണ്ഡ്യ കട്ടബൊമ്മൻ, ഒണ്ടിവീരൻ, തിരുപ്പൂർ കുമരൻ, തീരൻ ചിന്നമലൈ, കുയിലി, സുന്ദരലിംഗനാർ, മരുതു സഹോദരന്മാർ തുടങ്ങിയ തമിഴ് സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങൾ ഇപ്പോൾ ദേശീയതലത്തിൽ അംഗീകരിക്കപ്പെടുന്നതിലും ഉപരാഷ്ട്രപതി അഭിമാനം പ്രകടിപ്പിച്ചു.
പബ്ലിക്കേഷൻസ് ഡിവിഷൻ പുറത്തിറക്കിയ പുസ്തകങ്ങൾ കേവലം സാഹിത്യസൃഷ്ടികളല്ലെന്നും അവ യുവതലമുറയ്ക്കുള്ള വഴികാട്ടികളാണെന്നും ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക ലോകത്ത്, യുവജനങ്ങൾക്ക് പറക്കാൻ ചിറകുകൾക്കൊപ്പം ശക്തമായ വേരുകളും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും പുസ്തകങ്ങൾ വായിക്കാൻ അദ്ദേഹം യുവജനങ്ങളോട് ആഹ്വാനം ചെയ്തു.
ശ്രീ അശ്വിനി വൈഷ്ണവ്, ഡോ. എൽ. മുരുകൻ എന്നിവരുടെ നേതൃത്വത്തിലുള്ള വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും, ഈ പുസ്തകങ്ങൾ സൂക്ഷ്മതയോടെ പുറത്തിറക്കിയ പബ്ലിക്കേഷൻസ് ഡിവിഷനെ പ്രശംസിക്കുകയും ചെയ്തു.
വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ, സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം സാംസ്കാരിക കരുത്തും ഉണ്ടായിരിക്കണമെന്ന് പറഞ്ഞുകൊണ്ട് ഉപരാഷ്ട്രപതി തൻ്റെ പ്രസംഗം ഉപസംഹരിച്ചു.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക, റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്; വാർത്താ വിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ; ഉപരാഷ്ട്രപതിയുടെ സെക്രട്ടറി ശ്രീ അമിത് ഖാരെ; പബ്ലിക്കേഷൻസ് ഡിവിഷൻ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ശ്രീ ഭൂപേന്ദ്ര കൈന്തോള എന്നിവരോടൊപ്പം പ്രമുഖ പണ്ഡിതന്മാരും എഴുത്തുകാരും വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.
***
( റിലീസ് ഐ.ഡി: 2234785)
|