ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം
ഗോത്രവർഗ്ഗ കല, സംസ്കാരം, സംരംഭകത്വം, പങ്കാളിത്തം എന്നിവയുടെ ഉന്നമനത്തിനായി വൻ പദ്ധതികൾ; സുപ്രധാന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ഗോത്രകാര്യ മന്ത്രി ശ്രീ ജുവൽ ഓറം
പോസ്റ്റഡ് ഓണ്‍:
28 FEB 2026 4:35PM by PIB Thiruvananthpuram
പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന് കീഴിൽ, കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം 2026 മാർച്ചിൽ ദേശീയ സംരംഭങ്ങളുടെ ഒരു പരമ്പര സംഘടിപ്പിക്കുന്നു. ഗോത്രവർഗ്ഗ പൈതൃകം സംരക്ഷിക്കുന്നതിനും, സർഗ്ഗാത്മക മികവ് പ്രോത്സാഹിപ്പിക്കുന്നതിനും, സംരംഭകത്വം ശക്തിപ്പെടുത്തുന്നതിനും ഈ പദ്ധതികൾ ലക്ഷ്യമിടുന്നു. ഒപ്പം, വിപണി സാധ്യതകൾ വർദ്ധിപ്പിച്ചും കോർപ്പറേറ്റ് പങ്കാളിത്തം ഉറപ്പാക്കിയും സുസ്ഥിര ഗോത്രവികസനം സാധ്യമാക്കുന്നതിനുമുള്ള ഒരു സംയോജിത രൂപരേഖ ഈ സംരംഭങ്ങൾ മുന്നോട്ട് വയ്ക്കുന്നു.

ഈ സംരംഭങ്ങളുടെ വ്യാപ്തിയെയും തന്ത്രപരമായ കാഴ്ചപ്പാടിനെയും കുറിച്ച് ഇന്ന് ബഹുമാനപ്പെട്ട കേന്ദ്ര ഗോത്രകാര്യ മന്ത്രി ശ്രീ ജുവൽ ഓറം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. സാംസ്കാരിക സംരക്ഷണം, സംരംഭകത്വ വികസനം, ദേശീയ വളർച്ച എന്നിവയുടെ കേന്ദ്ര സ്ഥാനത്ത് ഗോത്ര സമൂഹങ്ങളെ പ്രതിഷ്ഠിച്ചുകൊണ്ട് ദീർഘകാല സാമൂഹിക-സാമ്പത്തിക സ്വാധീനം സൃഷ്ടിക്കുന്നതിനായി ഭാവി പരിപാടികൾ രൂപകൽപ്പന ചെയ്യേണ്ടതെങ്ങനെയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ അവസരത്തിൽ, ഗോത്രവർഗ ആർട്ട് ഫെസ്റ്റ്, ലിവിംഗ് റൂട്ട്സ് ഫെസ്റ്റിവൽ - സൗണ്ട്സ്കേപ്സ് ഓഫ് ട്രൈബൽ ഇന്ത്യ, ഭാരത് ട്രൈബ്സ് ഫെസ്റ്റ് 2026 എന്നിവയുടെ ലോഗോയും ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി ഔപചാരികമായി പുറത്തിറക്കി.

ട്രൈബ്സ് ആർട്ട് ഫെസ്റ്റ് (TAF) 2026 | 2026 മാർച്ച് 02 മുതൽ 13 വരെ ന്യൂഡൽഹി ട്രാവൻകൂർ പാലസിൽ
രാജ്യത്തുടനീളമുള്ള 30-ലധികം വ്യത്യസ്ത ഗോത്ര കലാരൂപങ്ങളെ പ്രതിനിധീകരിക്കുന്ന എഴുപതോളം പ്രമുഖ ഗോത്ര കലാകാരന്മാരെയും അവരുടെ ആയിരത്തോളം കലാരൂപങ്ങളെയും ട്രൈബ്സ് ആർട്ട് ഫെസ്റ്റ് (TAF) 2026 ഒരൊറ്റ വേദിയിൽ എത്തിക്കുന്നു. ഇന്ത്യയുടെ ഗോത്രവർഗ്ഗ ദൃശ്യപാരമ്പര്യങ്ങൾക്കായുള്ള ഒരു ദേശീയ പ്ലാറ്റ്‌ഫോമായി വിഭാവനം ചെയ്തിരിക്കുന്ന ഈ മേളയിൽ, വിദഗ്ധമായി തയ്യാറാക്കിയ പ്രദർശനയാത്രകൾ, തത്സമയ ചിത്രരചനകൾ, ചിത്രീകരണങ്ങൾ സഹിതമുള്ള പ്രഭാഷണങ്ങൾ, മെൻ്റർഷിപ്പ് ശില്പശാലകൾ, കലാകാരന്മാരും ക്യൂറേറ്റർമാരും ഡിസൈനർമാരും പങ്കെടുക്കുന്ന ചർച്ചകൾ എന്നിവ ഉണ്ടായിരിക്കും.
സമകാലിക കലാകാരന്മാരുമായുള്ള സഹകരണം, വനിതകളുടെ നേതൃത്വത്തിലുള്ള തത്സമയ ചിത്രരചനകൾ, പൈതൃക കലകളെ വിപണിയുമായി ബന്ധിപ്പിക്കുന്നതിൽ സംവാദങ്ങൾ എന്നിവ ഇതിൻ്റെ പ്രത്യേകതകളാണ്. പ്രദർശനം, വിപണി സൗകര്യം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയിലൂടെ ഗോത്ര കലാകാരന്മാരെ ദേശീയ, ആഗോള പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുവാനും അതിലൂടെ, ഇന്ത്യയുടെ സൃഷ്ടിപരമായ സമ്പദ് വ്യവസ്ഥയുടെ ഒരു പ്രധാന ഘടകമായി ഗോത്ര കലയെ പ്രതിഷ്ഠിക്കാനും അതിനൊപ്പം ദൃശ്യപരത, അന്തസ്സ്, സുസ്ഥിര ഉപജീവന അവസരങ്ങൾ എന്നിവ വർദ്ധിപ്പിക്കാനും ട്രൈബ്സ് ആർട്ട് ഫെസ്റ്റ് ഇതിലൂടെ ലക്ഷ്യമിടുന്നു.
ഈ പ്രദർശനം കലാകാരന്മാരുടെ ചിത്രങ്ങളുടെ നേരിട്ടുള്ള വിൽപ്പന സാധ്യമാക്കുന്നു. സന്ദർശകർക്കും വിഭവങ്ങൾ ശേഖരിക്കുന്നവർക്കും ഇടനിലക്കാരില്ലാതെ സ്രഷ്ടാക്കളിൽ നിന്ന് നേരിട്ട് കലാരൂപങ്ങൾ വാങ്ങാനാകുന്നു. അതോടൊപ്പം ഗോത്ര വർഗ്ഗ കലാകാരന്മാർക്ക് ന്യായമായ വരുമാനവും ശക്തമായ വിപണി ബന്ധങ്ങളും ഉറപ്പാക്കാനും ഇത് ലക്ഷ്യമിടുന്നു.

ലിവിംഗ് റൂട്ട്സ് ഫെസ്റ്റിവൽ – ദ സൗണ്ട്സ്കേപ്സ് ഓഫ് ട്രൈബൽ ഇന്ത്യ
ബിക്കാനീർ ഹൗസ്, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിൽ 2026 മാർച്ച് 13 മുതൽ 15 വരെ
ഇന്ത്യയുടെ സജീവമായ ഗോത്ര സംഗീത പാരമ്പര്യങ്ങളെ ആഘോഷിക്കുന്ന മൂന്ന് ദിവസത്തെ സാംസ്കാരിക വിരുന്നാണ് ലിവിംഗ് റൂട്ട്സ് ഫെസ്റ്റിവൽ. ഗോത്ര സംഗീതത്തെ അതിൻ്റെ തനിമ ചോരാതെ ആധുനിക ലോകത്ത് അംഗീകാരം ലഭിക്കത്തക്ക വിധത്തിൽ സാമ്പത്തിക കെട്ടുറപ്പുള്ള ഒരു സാംസ്കാരിക ശക്തിയായി പുനഃപ്രതിഷ്ഠിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.
ഉച്ചകഴിഞ്ഞുള്ള സെഷൻ ബിക്കാനീർ ഹൗസിൽ (ഉച്ചയ്ക്ക് 1:30 മുതൽ വൈകിട്ട് 5:00 വരെ) നടക്കും. മുഖ്യപ്രഭാഷണങ്ങൾ, ആഴത്തിലുള്ള സംഗീതാവിഷ്‌കാരങ്ങൾ, സംരക്ഷണവും നവോത്ഥാനവും സംബന്ധിച്ച പാനൽ ചർച്ചകൾ, ബൗദ്ധിക സ്വത്തവകാശം, ഉടമസ്ഥത, നൈതിക സഹകരണം എന്നിവയെക്കുറിച്ചുള്ള കേന്ദ്രീകൃത സെഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടും.
വൈകുന്നേരങ്ങളിലെ സാംസ്‌കാരിക പരിപാടികൾ കർത്തവ്യപഥിൽ (വൈകിട്ട് 5:00 മുതൽ രാത്രി 9:15 വരെ) നടക്കും. ഇന്ത്യയുടെ പ്രശസ്തമായ പൊതുവേദികളിലൊന്നിൽ മൂന്ന് ദിവസങ്ങളിലായി 15 വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ അരങ്ങേറും. വിവിധ പ്രദേശങ്ങളിലെയും ഗോത്ര വിഭാഗങ്ങളിലെയും സംഗീത വൈവിധ്യങ്ങൾ ഇവിടെ അവതരിപ്പിക്കപ്പെടും.
പ്രകടനങ്ങൾ, സംവാദങ്ങൾ, മെൻ്റർഷിപ്പ് ഇടപെടലുകൾ എന്നിവയിലൂടെ ഗോത്ര സംഗീതജ്ഞർക്കു സ്ഥിരമായ അംഗീകാരവും അവസരങ്ങളും ഉറപ്പാക്കുകയാണ് ഫെസ്റ്റിവലിൻ്റെ പ്രധാന ലക്ഷ്യം.
ഭാരത് ട്രൈബ്സ് ഫെസ്റ്റ് (BTF) 2026 | 2026 മാർച്ച് 18 മുതൽ 30 വരെ ന്യൂഡൽഹി സുന്ദർ നഴ്സറിയിൽ
ഭാരത് ട്രൈബ്സ് ഫെസ്റ്റ് 2026 ഒരു സമഗ്ര ദേശീയ വിപണന കേന്ദ്രമായും സാംസ്കാരിക വേദിയായും പ്രവർത്തിക്കും. ആയിരത്തിലധികം ഗോത്രവർഗ്ഗ കരകൗശല വിദഗ്ധർ, വൻ ധൻ വികാസ് കേന്ദ്രങ്ങൾ (VDVK-കൾ), ഗോത്രവർഗ്ഗ പാചകവിദഗ്ധർ, കലാസംഘങ്ങൾ എന്നിവർ ഇതിൽ പങ്കെടുക്കും. 200-ലധികം സ്റ്റാളുകളിലായി വൈവിധ്യമാർന്ന കലകൾ, കരകൗശല വസ്തുക്കൾ, വിഭവങ്ങൾ എന്നിവ പ്രദർശിപ്പിക്കും.
അത്യാധുനിക ഗോത്ര ഉൽപ്പന്നങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. കൂടാതെ, ഗോത്രവർഗ്ഗ ഫാഷനും കരകൗശലവസ്തുക്കളും പ്രീമിയം-ആഗോള വിപണികളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ മന്ത്രാലയത്തിൻ്റെ "റിസ" എന്ന ബ്രാൻഡും ഇവിടെ പുറത്തിറക്കും. ഓസ്‌ട്രേലിയ, ഫിജി, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തദ്ദേശീയ കലാകാരന്മാർ ഇതിൽ പങ്കെടുക്കും. ഇതുവഴി ആഗോള ഗോത്ര സഹകരണത്തിന് പുതിയ വാതായനങ്ങൾ തുറക്കപ്പെടും. 21 സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ഭക്ഷണശാലകൾ, തത്സമയ പ്രദർശനങ്ങൾ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സായാഹ്‌ന സാംസ്കാരിക പരിപാടികൾ എന്നിവ സന്ദർശകർക്ക് ഒരു പുത്തൻ അനുഭവം സമ്മാനിക്കുകയും സാംസ്കാരിക വിനിമയവും ദേശീയ ഒരുമയും ഇതിലൂടെ ശക്തിപ്പെടുകയും ചെയ്യും. ഗോത്ര ഉൽപാദകർക്ക് നേരിട്ടുള്ള വിപണി പ്രവേശനം ഉറപ്പാക്കി വരുമാന വർധനവിന് അവരെ പ്രാപ്തരാക്കുക എന്നതാണ് ഫെസ്റ്റിൻ്റെ മുഖ്യ ലക്ഷ്യം.
ട്രൈബൽ ബിസിനസ് കോൺക്ലേവ്: ഭാരത് ട്രൈബ്സ് ഫെസ്റ്റ് 2026-ൻ്റെ ഒരു പ്രധാന സ്തംഭമാണ് 14 ദിവസം നീളുന്ന ഈ ദേശീയ ബിസിനസ് കോൺക്ലേവ്. ഗോത്രവർഗ്ഗ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഗോത്രവർഗ്ഗ സംരംഭങ്ങളെ ആഭ്യന്തര-ആഗോള മൂല്യശൃംഖലകളുമായി ബന്ധിപ്പിക്കുന്നതിനുമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാട്ടുവിഭവങ്ങളിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, സുസ്ഥിര വസ്ത്രങ്ങളും കരകൗശലവസ്തുക്കളും, പരിസ്ഥിതി സൗഹൃദ ഫാഷൻ, ഗോത്ര ഉൽപ്പന്നങ്ങളെ പ്രീമിയം ബ്രാൻഡുകളായി വിപണിയിൽ എത്തിക്കൽ, ഗോത്ര ഉൽപ്പന്നങ്ങളിൽ പുതിയ സാങ്കേതികവിദ്യകൾ സമന്വയിപ്പിക്കൽ, പരിശീലനത്തിലൂടെ കൂടുതൽ തൊഴിൽ സാധ്യതകൾ കണ്ടെത്തൽ, പരമ്പരാഗത അറിവുകളുടെ സംരക്ഷണവും അവയുടെ ശരിയായ വാണിജ്യവൽക്കരണവും ഗോത്രവർഗ്ഗ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വിനോദസഞ്ചാര പദ്ധതികൾ തുടങ്ങിയ വിഷയങ്ങളിൽ ഈ കോൺക്ലേവ് പ്രത്യേക സെഷനുകൾ സംഘടിപ്പിക്കും. വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിലുള്ള നേരിട്ടുള്ള ബന്ധം മെച്ചപ്പെടുത്താനും, പുതിയ പങ്കാളിത്തങ്ങൾ ഉറപ്പാക്കാനും, ഗോത്രവർഗ്ഗ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനും ഈ കോൺക്ലേവ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സിഎസ്ആർ ഉച്ചകോടി | 2026 മാർച്ച് 24ന് ന്യൂഡൽഹി സുന്ദർ നഴ്സറിയിൽ: കോർപ്പറേറ്റ് നേതാക്കൾ, സിഎസ്ആർ മേധാവികൾ, നിർവ്വഹണ പങ്കാളികൾ, സംസ്ഥാന ഗോത്രക്ഷേമ വകുപ്പുകൾ എന്നിവരെ ഒരു പൊതുവേദിയിൽ കൊണ്ടുവരുന്നതിനായി മന്ത്രാലയം 2026 മാർച്ച് 24 ന് ഒരു ദേശീയ സിഎസ്ആർ ഉച്ചകോടി സംഘടിപ്പിക്കും. ഗോത്ര വികസനത്തിനായി സിഎസ്ആർ പിന്തുണ ആവശ്യമായ മുൻഗണനാ മേഖലകൾ അവതരിപ്പിക്കുക, ഗോത്ര വികസനത്തിൽ സംഭാവന ചെയ്യുന്ന കോർപ്പറേറ്റ് പങ്കാളികളെ ആദരിക്കുക, ദേശീയ മുൻഗണനകളോട് ചേർന്ന് ഘടനാപരമായ സഹകരണങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന ഉദ്ദേശ്യങ്ങൾ.
നിലവിൽ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളിൽ ഡിജിറ്റൽ വിദ്യാഭ്യാസം, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ സ്പേസ് ലബോറട്ടറികൾ, വിദ്യാർത്ഥിനികൾക്കായുള്ള ആരോഗ്യ-ശുചിത്വ പരിപാടികൾ, വിവിധ സംസ്ഥാനങ്ങളിലെ നൈപുണ്യ വികസന പദ്ധതികൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, കോർപ്പറേറ്റ് സമ്മാനങ്ങൾക്കും മറ്റും ഉപയോഗിക്കാൻ കഴിയുന്ന ഗോത്രവർഗ്ഗ ഉൽപ്പന്നങ്ങളുടെ വൈദഗ്ധ്യവും സാധ്യതകളും ഈ ഉച്ചകോടിയിൽ പ്രദർശിപ്പിക്കും.
സംസ്കാരം, വാണിജ്യം, കോർപ്പറേറ്റ് പങ്കാളിത്തം എന്നിവയെ സംയോജിപ്പിക്കുന്ന സമഗ്രമായ ഒരു സമീപനമാണ് ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ, കേന്ദ്ര മന്ത്രി ഊന്നിപ്പറഞ്ഞു. കല, സംഗീതം, സംരംഭകത്വ വികസനം, തന്ത്രപരമായ സഹകരണം എന്നിവയെ ഒരു ഏകോപിത ചട്ടക്കൂടിനുള്ളിൽ കൊണ്ടുവരുന്നതിലൂടെ, ഇന്ത്യയുടെ സാംസ്കാരികവും സാമ്പത്തികവുമായ പരിവർത്തനത്തിൽ ഗോത്രസമൂഹങ്ങൾ ശാക്തീകരിക്കപ്പെട്ട പങ്കാളികളാണെന്ന് ഉറപ്പാക്കാൻ മന്ത്രാലയം ലക്ഷ്യമിടുന്നു. ഗോത്രവർഗ്ഗ പരിപാടികളെയും സംരംഭങ്ങളെയും മുഖ്യധാരയിലെത്തിക്കാനും പൊതുജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കാനും മന്ത്രി മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. ഗോത്രവർഗ്ഗ സ്വത്വം സംരക്ഷിക്കുന്നതിനും ഉപജീവനമാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിപണി സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും ഇന്ത്യയുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനഗാഥയുടെ കേന്ദ്രബിന്ദുവായി ഗോത്ര പൈതൃകത്തെ പ്രതിഷ്ഠിക്കുന്നതിനുമുള്ള കേന്ദ്ര സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധത ഈ പരിപാടികൾ വീണ്ടും ഉറപ്പിക്കുന്നു.
ട്രൈബ്സ് ആർട്ട് ഫെസ്റ്റ് 2026, ലിവിംഗ് റൂട്ട്സ് ഫെസ്റ്റ്, ഭാരത് ട്രൈബ്സ് ഫെസ്റ്റ് 2026, ട്രൈബൽ ബിസിനസ് കോൺക്ലേവ്, സിഎസ്ആർ ഉച്ചകോടി എന്നീ അഞ്ച് സുപ്രധാന സംരംഭങ്ങൾ ഒത്തുചേർന്ന് സാംസ്കാരിക സംരക്ഷണം, സാമ്പത്തിക ശാക്തീകരണം, തന്ത്രപര പങ്കാളിത്തം എന്നിവയ്ക്കായുള്ള ഒരു സംയോജിത ദേശീയ രൂപരേഖയ്ക്ക് രൂപം നൽകുന്നു. സർഗ്ഗാത്മക വ്യവസായങ്ങളെ ശക്തിപ്പെടുത്തൽ, വിപണി സാധ്യതകൾ വിപുലീകരിക്കൽ, മൂല്യശൃംഖലകൾ ഔപചാരികമാക്കൽ, സംരംഭകത്വം പ്രോത്സാഹിപ്പിക്കൽ, കോർപ്പറേറ്റ് സഹകരണം ത്വരിതപ്പെടുത്തൽ എന്നിവയിലൂടെ ഈ സംരംഭങ്ങൾ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ 'വികസിത ഭാരതം 2047' എന്ന കാഴ്ചപ്പാടുമായി കൈകോർക്കുന്നു. ഗോത്രസമൂഹങ്ങളെ കേവലം ഗുണഭോക്താക്കളായി മാത്രം കാണാതെ, അവരെ ഇന്ത്യയുടെ വികസന യാത്രയിലെ സാംസ്കാരിക നായകന്മാരും സാമ്പത്തിക ദാതാക്കളായും തുല്യ പങ്കാളികളുമായി മാറ്റാനാണ് മന്ത്രാലയം ശ്രമിക്കുന്നത്.
കേന്ദ്ര ഗോത്രകാര്യ സഹമന്ത്രി ശ്രീ ദുർഗാദാസ് ഉയ്കെ, സെക്രട്ടറി ശ്രീമതി രഞ്ജന ചോപ്ര, ജോയിൻ്റ് സെക്രട്ടറി ശ്രീ അനന്ത് പ്രകാശ് പാണ്ഡെ, ട്രൈഫെഡ് മാനേജിംഗ് ഡയറക്ടർ ശ്രീ എം. രാജ മുരുകൻ, പി.ഐ.ബിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ശ്രീ ധർമ്മേന്ദ്ര തിവാരി എന്നിവരും കേന്ദ്രമന്ത്രി ശ്രീ ജുവൽ ഓറത്തിനോടൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.




****
( റിലീസ് ഐ.ഡി: 2234046)
സന്ദര്‍ശക കൗണ്ടര്‍ : 7