PIB Headquarters
എഐയുടെ ഇടപെടൽ: ഇന്ത്യയുടെ ദൈനംദിന വെല്ലുവിളികളില്‍ പ്രായോഗിക പരിഹാരങ്ങളുമായി സ്റ്റാർട്ടപ്പുകൾ
പോസ്റ്റഡ് ഓണ്‍:
20 FEB 2026 1:53PM by PIB Thiruvananthpuram

ആമുഖം
ഭാരത് മണ്ഡപത്തിൽ 'ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026' മറ്റൊരു ആവേശകരമായ ദിനത്തെ വരവേറ്റു. ഒഴുകിയെത്തിയ സന്ദർശകർ വേദികളിലുടനീളം ആശയവിനിമയം നടത്തുകയും നൂതനാശയങ്ങൾ പര്യവേക്ഷണം ചെയ്യുകയും ചെയ്തു.

പ്രദര്‍ശന കേന്ദ്രങ്ങളിലെ സന്ദർശനം മുതൽ നൂതനാശയ സംരംഭകരും നയരൂപകര്‍ത്താക്കളും തമ്മിലെ ചർച്ചകൾ വരെ ഏറെ സജീവമായാണ് ഈ ദിവസവും കടന്നുപോയത്. എഐ കേവലം പ്രദര്‍ശന മാതൃകകളിൽ ഒതുങ്ങുന്നതല്ലെന്നും മറിച്ച് ദൈനംദിന സംവിധാനങ്ങളിലേക്ക് അത് വഴി കണ്ടെത്തുകയാണെന്നുമുള്ള സുപ്രധാന സന്ദേശമാണ് തത്സമയ പ്രദർശന വേദികളില്‍ ഒത്തുചേര്‍ന്ന സംഘങ്ങള്‍ എടുത്തുപറഞ്ഞത്.
വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളെ പ്രായോഗിക പൊതു ആപ്ലിക്കേഷനുകളാക്കി മാറ്റുന്നതിൽ സർക്കാർ നൽകിവരുന്ന തുടർച്ചയായ ഊന്നൽ നിര്‍മിതബുദ്ധി (എഐ) എങ്ങനെ പ്രതിഫലിപ്പിക്കുന്നുവെന്നതിലാണ് പരിപാടി ലളിതമായും നേരിട്ടും ശ്രദ്ധകേന്ദ്രീകരിച്ചത്. വേദികളിലുടനീളം ആശയങ്ങളുടെ കേവലം അവതരണം മാത്രമായിരുന്നില്ല, മറിച്ച് യഥാർത്ഥ ലോക പ്രായോഗിക സാഹചര്യങ്ങളെ മുൻനിർത്തി അവ പ്രദർശിപ്പിക്കുകയും പരീക്ഷിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു.

നേരിട്ടുള്ള ഇടപെടലുകളിലൂടെയും തുറന്ന ചർച്ചകളിലൂടെയും കേവലം ആശയവിനിമയത്തിനപ്പുറം പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്ന വേദിയായി മാറിയ എഐ ഇംപാക്ട് ഉച്ചകോടിയില്‍ നൂതനാശയങ്ങളെ വ്യക്തമായ പ്രവർത്തനപദ്ധതികളാക്കി മാറ്റാനായി. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, വ്യവസായ പ്രമുഖർ, നൂതന സംരംഭകർ എന്നിവരെ ഉച്ചകോടി ഒരുമിച്ച് കൊണ്ടുവരുന്നു. എഐ ഗവേഷണങ്ങളെ ഗതാഗതം, വിദ്യാഭ്യാസം, ഭരണനിര്‍വഹണം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി വിവിധ മേഖലകളില്‍ പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റുന്ന വിപുലമായ ദേശീയ ശ്രമത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

പഠന പരിശീലനത്തിന് എഐ
സന്ദർശകർ പ്രദര്‍ശന ഹാളിലേക്ക് കടക്കുമ്പോൾ ഒരു പഠന ഡാഷ്‌ബോർഡ് പ്രദർശിപ്പിക്കുന്ന സ്‌ക്രീനിന് ചുറ്റും ഒരു കൂട്ടം വിദ്യാർത്ഥികൾ ഒത്തുകൂടുന്നുണ്ടായിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെയും ഐഐടി കാൺപൂരിൻ്റെയും സംരംഭമായ സാഥി (സ്വയം മൂല്യനിര്‍ണയവും പരീക്ഷയും പ്രവേശന പരീക്ഷകള്‍ക്ക് സഹായവും) എന്ന സംവിധാനമാണിത്. 2023-ൽ തുടക്കം കുറിച്ച ഈ സംരംഭം JEE, NEET, CLAT, ICAR, CUET, SSC, RRB, IBPS എന്നീ എട്ട് പ്രധാന മത്സര പരീക്ഷകൾക്ക് എഐ അധിഷ്ഠിത തയ്യാറെടുപ്പും മാര്‍ഗനിര്‍ദേശ പിന്തുണയും പൂർണമായും സൗജന്യമായി നൽകിവരുന്നു.
എഐ അധിഷ്ഠിത സംശയനിവാരണം, പഠനാസൂത്രണങ്ങള്‍ തയ്യാറാക്കല്‍, ആശയക്കുഴപ്പങ്ങള്‍ കണ്ടെത്താനുള്ള സംവിധാനങ്ങള്‍, ശബ്ദസംഭാഷണങ്ങള്‍ കുറിപ്പുകളാക്കുകയും അവ സ്വയം ചുരുക്കിയെഴുതുകയും ചെയ്യുന്ന സംവിധാനം എന്നിവ സാഥി പ്ലാറ്റ് ഫോമിൻ്റെ സവിശേഷതകളാണ്. വിദ്യാർത്ഥികൾ എപ്പോഴും നിശ്ചിത സമയങ്ങളിൽ പഠിക്കണമെന്നില്ല. ഈ പശ്ചാത്തലം തിരിച്ചറിഞ്ഞ് പഠനത്തിൽ വഴക്കം കൊണ്ടുവരുന്നതിനായി എഐ അധിഷ്ഠിത സവിശേഷതകള്‍ സംയോജിപ്പിച്ചിരിക്കുന്നു. "വിദ്യാർത്ഥികൾ എപ്പോഴും 10 മുതൽ 6 വരെ പഠിക്കില്ലെന്ന് മനസ്സിലാക്കിയെന്നും അതിനാൽ എഐ കൺവെൻഷണൽ ടൂർ, ജെൻ സീ പഠിതാക്കൾക്ക് പ്രത്യേകിച്ചും സഹായകരമായ ഓര്‍മസഹായികള്‍, എഐ ദൃശ്യാത്മക പ്രശ്നോത്തരികള്‍ തുടങ്ങി വിവിധ എഐ ഫീച്ചറുകൾ കൂട്ടിച്ചേർത്തു. അതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് എപ്പോൾ വേണമെങ്കിലും പഠിക്കാനാകും" - ഐഐടി കാൺപൂരിലെ സോഫ്റ്റ്‌വെയർ എൻജിനീയറായ ശ്രീ ധ്രുവ് ഗാർഗ് വിശദീകരിക്കുന്നു.

തിരഞ്ഞെടുത്ത വിഷയങ്ങളിൽ ലഭ്യമായ പഠന സമയത്തിനനുസരിച്ച് വിദ്യാർത്ഥികൾക്ക് സ്വന്തമായി പഠനാസൂത്രണങ്ങള്‍ തയ്യാറാക്കാം. ക്ലാസുകളുടെ കുറിപ്പുകളില്‍നിന്ന് പ്രധാന ഫോർമുലകളും സംഗ്രഹങ്ങളും ഈ സംവിധാനം വേർതിരിച്ചെടുക്കുകയും ആവർത്തിച്ചുണ്ടാകുന്ന ആശയക്കുഴപ്പങ്ങൾ എടുത്തുകാണിക്കുകയും ചെയ്യുന്നു. നിലവിൽ 13 ഇന്ത്യൻ ഭാഷകളിൽ ലഭ്യമായ ഉള്ളടക്കം കൂടുതൽ ഭാഷകളിലേക്ക് വ്യാപിപ്പിക്കാന്‍ നടപടികൾ പുരോഗമിക്കുകയാണ്.
തിരഞ്ഞെടുത്ത സർക്കാർ സ്കൂളുകളിലെ പ്രാരംഭ ഘട്ട പദ്ധതിനിര്‍വഹണം മികച്ച ഫലങ്ങളാണ് നൽകുന്നതെന്ന് ഗാർഗ് എടുത്തുപറയുന്നു. JEE വിജയികളുടെ എണ്ണത്തിൽ 50% വരെയും NEET വിജയികളുടെ എണ്ണത്തിൽ 80% വരെയും വർധനയാണ് രേഖപ്പെടുത്തിയത്. പ്രത്യേകിച്ച് സ്വകാര്യ പരിശീലനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ഈ സേവനം ലഭ്യമാക്കുന്നതിലാണ് ഊന്നൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്യാമറകള്‍ ഇനി എഐ അധിഷ്ഠിത ഇൻ്റലിജൻ്റ് സംവിധാനങ്ങള്‍
അല്പം അകലെ, ചർച്ചകൾ വിദ്യാഭ്യാസരംഗത്തുനിന്ന് നിരീക്ഷണ സംവിധാനങ്ങളിലേക്ക് വഴിമാറി.
ഗുരുഗ്രാം ആസ്ഥാനമായി പത്തുവര്‍ഷമായി പ്രവർത്തിക്കുന്ന ഐറിസ് - വാല്യൂ കാറ്റലിസ്റ്റ്സ് എന്ന സ്ഥാപനത്തിൻ്റെ സ്റ്റാളിൽ പരമ്പരാഗത സുരക്ഷാ പരിഹാരങ്ങളിൽ എഐ സംയോജിപ്പിക്കുന്ന രീതിയെക്കുറിച്ച് സുരക്ഷാ രൂപകല്പന വിഭാഗം മാനേജര്‍ സിയ അഹമ്മദ് വിശദീകരിച്ചു. ഒരു സംഭരണശാലയോ റിയൽ എസ്റ്റേറ്റ് സ്വത്തോ സ്വന്തമായ ഒരാള്‍ക്ക് അതിൻ്റെ സമഗ്രമായ സുരക്ഷാ അപകടസാധ്യത വിലയിരുത്തൽ മുതല്‍ ആവശ്യകതകൾക്ക് അനുയോജ്യമായ എഐ അധിഷ്ഠിത സുരക്ഷാ പരിഹാരങ്ങൾ വരെ രൂപകല്പന ചെയ്യാനാവുമെന്ന് അദ്ദേഹം പറയുന്നു.
ഹാർഡ്‌വെയറുകൾ മാറ്റുന്നതിന് പകരം നിലവിലെ ക്യാമറ സംവിധാനങ്ങളെ എഐ അധിഷ്ഠിത സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് മെച്ചപ്പെടുത്തുകയാണ് 'ഐറിസ്' ചെയ്യുന്നത്. നേരത്തെ നിരീക്ഷണ സംവിധാനങ്ങൾ നേരിട്ട് നിരീക്ഷിക്കുന്ന രീതിയായിരുന്നു പ്രധാനമായും ആശ്രയിച്ചത്. എന്തെങ്കിലും സംഭവങ്ങളുണ്ടായാൽ റെക്കോഡ് ചെയ്ത മുഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കേണ്ടി വരുമായിരുന്നു. ഇത് വളരെയേറെ സമയവും അധ്വാനവും ആവശ്യമായ ഒന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇപ്പോൾ എഐ സൗകര്യമടങ്ങുന്ന സംവിധാനങ്ങളിലൂടെ ഒരൊറ്റ കമാൻഡ് ഉപയോഗിച്ച് പ്രസക്തമായ എല്ലാ വിവരങ്ങളും ഒരേസമയം വീണ്ടെടുക്കാനാവുമെന്ന് അഹമ്മദ് വിശദീകരിച്ചു. വസ്ത്രത്തിൻ്റെ നിറം അല്ലെങ്കില്‍ സമയത്തിൻ്റെ അടിസ്ഥാനത്തിൽ ദൃശ്യങ്ങൾ ഉടനടി തരംതിരിച്ചെടുക്കാന്‍ ഇൻ്റലിജൻ്റ് ഫിൽട്ടറിങ് രീതിയിലൂടെ സാധിക്കുന്നു. ഒപ്പം ക്യാമറകൾ, ചലന സെൻസറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന സംയോജിത സംവിധാനങ്ങൾ തൽസമയം ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുന്നു. ഇത് പ്രതികരണത്തിൻ്റെ വേഗവും കാര്യക്ഷമതയും ഗണ്യമായി വർധിപ്പിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

മഥുരയിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രമായ വൃന്ദാവൻ ചന്ദ്രോദയ മന്ദിർ ഉൾപ്പെടെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ സുരക്ഷാ അപകടസാധ്യത വിലയിരുത്തൽ നടത്തിവരികയാണ് ഈ സ്ഥാപനം. എഐ ഉപയോഗിക്കുന്ന പരിചയസമ്പന്നരായ വിദഗ്ധരുടെ പിന്തുണയോടെ വ്യവസ്ഥാപിത അപകടസാധ്യത ലഘൂകരണത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് അഹമ്മദ് വ്യക്തമാക്കി.
തകരാറിലാകും മുൻപേ റെയിൽവേ ട്രാക്കുകളുടെ നിരീക്ഷണം
റെയിൽലാബ്സ് - റെയിൽവേ ഡിജിറ്റൽ സുരക്ഷ കോ-ഫൗണ്ടര്‍ ശ്രീ സുമിത് ആനന്ദ് റെയില്‍പാളങ്ങള്‍ പരിശോധിക്കുന്ന 'അരിസ്റ്റ' എന്ന സ്വയം പ്രവര്‍ത്തിക്കുന്ന റോബോട്ടിനെ അഭിമാനപൂര്‍വം പരിചയപ്പെടുത്തുന്നു. എഐ അധിഷ്ഠിതവും സ്വയം പ്രവര്‍ത്തിക്കുന്നതുമായ പരിശോധനാ സംവിധാനത്തിലൂടെ റെയിൽലാബ്സിൻ്റെ 'അരിസ്റ്റ' റെയില്‍പാളത്തിൻ്റെ പരിപാലനവുമായി ബന്ധപ്പെട്ട് വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവരുന്നത്.
ചുറ്റുമുള്ള സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റോബോട്ടിനെ പരിശീലിപ്പിച്ചെടുത്തതെന്ന് അദ്ദേഹം പറയുന്നു. റെയില്‍പാളങ്ങളില്‍ ഉപരിതലത്തിലും താഴെയും വിള്ളലുകൾ കണ്ടെത്താൻ പ്രധാനമായും അൾട്രാസോണിക് ഡിറ്റക്ഷൻ സംവിധാനമാണ് ഉപയോഗിക്കുന്നത്. പാളത്തിൻ്റെ അടിസ്ഥാന വിശദാംശങ്ങള്‍ക്ക് ലേസറുകളും വിള്ളലുകൾ കണ്ടെത്താൻ എഐ അധിഷ്ഠിത ക്യാമറകളും ഈ റോബോട്ട് ഉപയോഗിക്കുന്നു. രണ്ട് പാളങ്ങളെ ബന്ധിപ്പിക്കുന്ന ഫിഷ് പ്ലേറ്റുകൾ കാണാതാവുകയോ ബോൾട്ടുകൾ ഇല്ലാതിരിക്കുകയോ മറ്റ് ഘടനാപരമായ തകരാറുകൾ ഉണ്ടാവുകയോ ചെയ്താൽ അവയെല്ലാം കണ്ടെത്താന്‍ ഈ സംവിധാനത്തിനാകുമെന്നും ആനന്ദ് പറഞ്ഞു.
നിലവിൽ മാനുഷിക രീതികളിലൂടെ ചെയ്യുന്നതിനേക്കാൾ 200% വരെ പരിശോധനാ കാര്യക്ഷമത വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹത്തിൻ്റെ കൂടെയുണ്ടായിരുന്ന റെയിൽലാബ്സ് ഓപ്പറേഷണൽ മാനേജർ നിശ്ചൽ രഞ്ജൻ നിലവിൽ വിപണിയില്‍ ലഭ്യമായ 'ചക്രവ്യൂ' എന്ന മറ്റൊരു ഉപകരണവും പരിചയപ്പെടുത്തി. ട്രെയിനിൻ്റെയോ കോച്ചിൻ്റെയോ ചക്രങ്ങളില്‍ വിള്ളലിനോ പാളികള്‍ അടര്‍ന്നുവീഴാനോ സാധ്യതയുണ്ടോ എന്ന് മുൻകൂട്ടി പ്രവചിക്കുന്ന വീൽ ഷെല്ലിങ് പ്രവചന സംവിധാനമാണിത്. ട്രെയിനുകള്‍ പാളം തെറ്റുന്നത് തടയാൻ ഇത് സഹായിക്കുന്നു. മുംബൈ, അഗർത്തല, റാഞ്ചി ഉൾപ്പെടെ നഗരങ്ങളിലായി 20 എൽഎച്ച്ബി, തേജസ് കോച്ചുകളിൽ ഈ സംവിധാനം നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
ചക്രങ്ങളില്‍ തകരാറുകൾ സംഭവിക്കുന്നതിന് മുൻപുതന്നെ തിരിച്ചറിയുന്നതുവഴി പ്രതിരോധാത്മക റെയിൽ സുരക്ഷയെ ഈ സംവിധാനം ശക്തിപ്പെടുത്തുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റൽ സുരക്ഷ മനുഷ്യ മേൽനോട്ടത്തിന് പകരമല്ലെന്നും മറിച്ച് കൃത്യതയോടെ അതിനെ ശക്തിപ്പെടുത്തുന്ന ഒന്നാണെന്നും അടിവരയിടുന്നതാണ് ഈ സംവിധാനങ്ങള്‍.
രണ്ട് മില്ലിമീറ്ററിന് മുകളിലെ ഒരു വിള്ളൽ പോലും അപകടകരമായേക്കാമെന്ന് അദ്ദേഹം പറയുന്നു. ഈ സാഹചര്യത്തിലാണ് മുൻകൂര്‍ കണ്ടെത്തൽ കേവലം സാങ്കേതിക ആഡംബരത്തിലപ്പുറം സുരക്ഷാ അനിവാര്യതയായി മാറുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഈ സംവിധാനങ്ങള്‍ ഒരുമിച്ച് തകരാറുകൾ മുൻകൂട്ടി കണ്ടെത്തുന്നതിലൂടെയും പാളം തെറ്റുന്നത് ഒഴിവാക്കുന്നതിലൂടെയും റെയിൽവേ സുരക്ഷാ സംവിധാനങ്ങളെ ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് ഉറപ്പുനൽകുന്നു. ഇത്തരം പ്രായോഗിക സാഹചര്യങ്ങളിൽ എഐ ഉപയോഗിക്കുന്നത് യഥാർത്ഥ ജീവിതത്തിൽ മികച്ച ഫലങ്ങൾ നൽകുന്നു.
ഈ കഥകൾക്കിടയിൽ ക്രമേണ ആവേശം കൈവരിക്കുകയാണ് എഐ ഉച്ചകോടി. പ്രദര്‍ശനവേദികളിലുടനീളം സ്‌ക്രീനുകൾ തെളിയുന്നു. പ്രദര്‍ശന കേന്ദ്രങ്ങള്‍ പതിയെ പ്രവർത്തിച്ചു തുടങ്ങുന്നു. നയരൂപകർത്താക്കളും വിദ്യാർത്ഥികളും സാങ്കേതിക വിദഗ്ധരും വ്യവസായ പ്രതിനിധികളും വിവിധ പ്രദര്‍ശന കേന്ദ്രങ്ങളിലൂടെ നടന്നുനീങ്ങുകയും തത്സമയ പ്രദർശനങ്ങൾ വീക്ഷിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു.
ഉപസംഹാരം
സായാഹ്നത്തോട് അടുക്കവെ പ്രദര്‍ശന വേദികളിലെ ലൈറ്റുകൾ മങ്ങിത്തുടങ്ങുമ്പോഴും സന്ദർശകർ സജീവമായി തുടരുകയും സംവിധാനങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയുമാണ്. ഉടനടി മാറ്റമൊന്നും ഈ ഉച്ചകോടി വാഗ്ദാനം ചെയ്യുന്നില്ല, മറിച്ച് ദൈനംദിന ജീവിതത്തെ രൂപപ്പെടുത്തുന്ന മേഖലകളിലേക്ക് ഇൻ്റലിജൻ്റ് സംവിധാനങ്ങളുടെ സുസ്ഥിര സംയോജനത്തെ പ്രതിഫലിപ്പിക്കുകയാണ് ഉച്ചകോടി. ഗതാഗത പാതകളിലും ക്ഷേത്ര സമുച്ചയങ്ങളിലും ക്ലാസ് മുറികളിലും മറ്റും കാര്യക്ഷമതയും ഉപയോഗക്ഷമതയും സുരക്ഷയും വർധിപ്പിക്കാന്‍ നിലവിലെ ചട്ടക്കൂടുകളിലേക്ക് എഐ സംയോജിപ്പിച്ചുകൊണ്ടിരിക്കുന്നു.
ക്രമാനുഗതമായ ആ സംയോജനത്തിലാണ് ഇന്ത്യയുടെ വികസന യാത്രയിൽ എഐ നൽകുന്ന ശാശ്വത വാഗ്ദാനങ്ങൾ അടങ്ങിയിരിക്കുന്നത്.
അവലംബം:
Others
https://impact.indiaai.gov.in/
Click here to see PDF
***
( റിലീസ് ഐ.ഡി: 2232975)
സന്ദര്‍ശക കൗണ്ടര്‍ : 4