വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിനായുള്ള ആദ്യഘട്ട ചർച്ചകൾ ആരംഭിച്ചു

പോസ്റ്റഡ് ഓണ്‍: 24 FEB 2026 7:18PM by PIB Thiruvananthpuram

ഇന്ത്യ-ഇസ്രായേൽ സ്വതന്ത്ര വ്യാപാര കരാറിനായുള്ള (FTA) ആദ്യഘട്ട ചർച്ചകൾ 2026 ഫെബ്രുവരി 23 ന് ന്യൂഡൽഹിയിൽ ആരംഭിച്ചു. ഇത് 2026 ഫെബ്രുവരി 26 വരെ തുടരും. വ്യാപാരവും സാമ്പത്തിക സഹകരണവും വർദ്ധിപ്പിക്കുന്നതിനായി തിരിച്ചറിഞ്ഞ മേഖലകളിൽ ചർച്ചകൾ നടത്തുന്നതിനുള്ള ഒരു ഘടനാപരമായ ചട്ടക്കൂട് സ്ഥാപിച്ചുകൊണ്ട് 2025 നവംബറിൽ ടേംസ് ഓഫ് റഫറൻസ് (ToR) ഒപ്പുവെച്ചിരുന്നു.

2024–2025 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള മൊത്തം ചരക്ക് വ്യാപാരം 3.62 ബില്യൺ യുഎസ് ഡോളറായിരുന്നു. ഇന്ത്യയും ഇസ്രായേലും പല മേഖലകളിലും പരസ്പര പൂരകമായ പ്രത്യേകതകൾ പങ്കിടുന്നുണ്ട്. എംഎസ്എംഇ-കൾ ഉൾപ്പെടെയുള്ള ബിസിനസ്സ് സ്ഥാപനങ്ങൾക്ക് ഉറപ്പും പ്രവചനാത്മകതയും നല്കുന്നതിലൂടെ ഉഭയകക്ഷി വ്യാപാരം കൂടുതൽ മെച്ചപ്പെടുത്താൻ ഈ സ്വതന്ത്ര വ്യാപാര കരാർ ഒരു പ്രേരകമായി മാറും.

ഈ ഘട്ടത്തിൽ, ചരക്ക് വ്യാപാരം, സേവന വ്യാപാരം, ഉത്ഭവ നിയമങ്ങൾ, സാനിറ്ററി ആൻഡ് ഫൈറ്റോസാനിറ്ററി നടപടികൾ, വ്യാപാരത്തിലെ സാങ്കേതിക തടസ്സങ്ങൾ, കസ്റ്റംസ് നടപടിക്രമങ്ങളും വ്യാപാരം സുഗമമാക്കലും, ബൗദ്ധിക സ്വത്തവകാശം തുടങ്ങി സ്വതന്ത്ര വ്യാപാര കരാറിൻ്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന സെഷനുകളിൽ ഇരുപക്ഷത്തുനിന്നുമുള്ള സാങ്കേതിക വിദഗ്ധർ പങ്കെടുക്കും.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 2026 ഫെബ്രുവരി 25–26 തീയതികളിലെ ഇസ്രായേൽ സന്ദർശനത്തിൻ്റെ  ഉചിതമായ വേളയിലാണ് സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ ആരംഭിച്ചിരിക്കുന്നതെന്ന് ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ച വാണിജ്യ സെക്രട്ടറി ശ്രീ രാജേഷ് അഗർവാൾ എടുത്തുപറഞ്ഞു. നൂതനാശയങ്ങൾ, ശാസ്ത്ര സാങ്കേതിക വിദ്യ, നിർമ്മിതബുദ്ധി, സൈബർ സുരക്ഷ, ഹൈടെക് നിർമ്മാണം, കൃഷി, സേവനങ്ങൾ എന്നീ മേഖലകളിൽ ഇരുപക്ഷത്തിനും ലഭ്യമായ വലിയ അവസരങ്ങളെക്കുറിച്ച് ശ്രീ അഗർവാൾ അടിവരയിട്ടു പറഞ്ഞു. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താനും അവ പൂർണ്ണമായും  വിനിയോഗിക്കാനും സ്വതന്ത്ര വ്യാപാര കരാർ ഇരുരാജ്യങ്ങളേയും പ്രാപ്തരാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ചീഫ് നെഗോഷ്യേറ്ററും വാണിജ്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയുമായ ശ്രീ അജയ് ഭാദൂ, ഇരുരാജ്യങ്ങൾക്കും ഈ ചർച്ചകളിലുള്ള പ്രാധാന്യം ആവർത്തിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന പങ്കാളിത്തത്തിനായി ഭാവി ലക്ഷ്യമിട്ടുള്ള ഒരു ചട്ടക്കൂട് കെട്ടിപ്പടുക്കുന്നതിന് സന്തുലിതമായ ഒരു കരാറിൽ പ്രവർത്തിക്കാൻ  ഇരുപക്ഷത്തേയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ അടുത്ത ബന്ധം പങ്കിടുന്നുണ്ടെന്നും വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനും സഹകരണം വർദ്ധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങൾക്കുമായി പുതിയ വിപണികൾ തുറക്കുന്നതിനും ഈ സ്വതന്ത്ര വ്യാപാര കരാറിന്  ശേഷിയുണ്ടെന്നും ഇസ്രായേൽ സാമ്പത്തിക വ്യവസായ മന്ത്രാലയത്തിലെ ഫോറിൻ ട്രേഡ് അഡ്മിനിസ്‌ട്രേഷൻ സീനിയർ ഡയറക്ടറും (ട്രേഡ് പോളിസി ആൻഡ് അഗ്രിമെൻ്റ്സ്) ഡെപ്യൂട്ടി ട്രേഡ് കമ്മീഷണറുമായ, ഇസ്രായേലിൻ്റെ ചീഫ് നെഗോഷ്യേറ്റർ മിസ് യിഫാത്ത് അലോൺ പെരെൽ  അഭിപ്രായപ്പെട്ടു.

ഈ ചർച്ചകൾ ഇന്ത്യ-ഇസ്രായേൽ ഉഭയകക്ഷി ബന്ധത്തിൻ്റെ തന്ത്രപരമായ പ്രാധാന്യത്തെ എടുത്തുക്കാട്ടുന്നു. കൂടാതെ, ദേശീയ മുൻഗണനകൾക്കും ആഗോള അഭിലാഷങ്ങൾക്കും അനുസൃതമായി സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ഇത് ശക്തിപ്പെടുത്തുന്നു. പരസ്പര പ്രയോജനകരവും സന്തുലിതവുമായ ഒരു കരാറിലെത്താനാണ് ഇരുപക്ഷവും പരിശ്രമിക്കുന്നത്.

 

***


( റിലീസ് ഐ.ഡി: 2232388) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Telugu