വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-ബ്രസീൽ വ്യാപാരം 15 ബില്യൺ യുഎസ് ഡോളർ കടന്ന് ബഹുദൂരം മുന്നേറുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും പ്രതിരോധം, പുനരുപയോഗ ഊർജം, ഫാർമ, നൂതന സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനും ആഹ്വാനം ചെയ്ത് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ

പോസ്റ്റഡ് ഓണ്‍: 21 FEB 2026 7:54PM by PIB Thiruvananthpuram

ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-ബ്രസീൽ ബിസിനസ് ഫോറത്തിൻ്റെ  പ്ലീനറി സെഷനെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ അഭിസംബോധന ചെയ്തു. വിവിധ മേഖലകളിൽ ഇന്ത്യയും ബ്രസീലും തമ്മിലുള്ള സഹകരണം വർധിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഉഭയകക്ഷി വ്യാപാരത്തിൽ 25 ശതമാനം വളർച്ചയുണ്ടായി. വ്യപാരം 15 ബില്യൺ യുഎസ് ഡോളറിലെത്തിയതിനെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, അത് അപര്യാപ്തമാണെന്ന് പറഞ്ഞു. സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ അദ്ദേഹം ഇരുപക്ഷത്തോടും ആഹ്വാനം ചെയ്തു.

പ്രസിഡൻ്റ്  ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിശ്ചയിച്ച ഉയർന്ന ലക്ഷ്യങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ഇരു രാജ്യങ്ങൾക്കും വേഗത്തിൽ വളരാനും വലുതാകാനും സംയുക്ത അഭിവൃദ്ധിക്കായി ഒരുമിച്ച് മുന്നേറാനും കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യ-ബ്രസീൽ പങ്കാളിത്തത്തെ ഉയർത്തിക്കാട്ടവേ, ജനാധിപത്യം, വൈവിധ്യം, വികസനത്തിനായുള്ള സമാന അഭിലാഷങ്ങൾ എന്നിവയാൽ ബന്ധിതമായ സ്വാഭാവിക പങ്കാളികളാണ് ഇരു രാജ്യങ്ങളുമെന്ന് മന്ത്രി വിശേഷിപ്പിച്ചു. ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളും മേഖലകളിലുടനീളം വ്യാപിച്ച സഹകരണവും നയിക്കുന്ന ശക്തവും ബഹുമുഖവും തന്ത്രപരവുമായ പങ്കാളിത്തമായി ഈ ബന്ധം പരിണമിച്ചിട്ടുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. പ്രതിരോധം, ഊർജ്ജം, കൃഷി, കാർഷിക രാസവസ്തുക്കൾ എന്നിവയിൽ ഉഭയകക്ഷി ബന്ധം ആഴത്തിലാകുന്നതിനാൽ, ലാറ്റിൻ അമേരിക്കയിലും കരീബിയൻ മേഖലയിലും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ബ്രസീൽ.

ബ്രിക്‌സ്, ഐബിഎസ്‌എ, ജി20, ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) എന്നിവയ്ക്ക് കീഴിലുള്ള ദക്ഷിണ-ദക്ഷിണ സഹകരണം ഉൾപ്പെടെയുള്ള പങ്കാളിത്തത്തിൻ്റെ  വിശാലമായ മാനങ്ങളെക്കുറിച്ചും ശ്രീ ഗോയൽ ഊന്നിപ്പറഞ്ഞു. ഉഭയകക്ഷി ബന്ധങ്ങളുടെ ശോഭനമായ ഭാവിയിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യയുടെ വ്യാപാര തന്ത്രത്തെക്കുറിച്ച് പരാമർശിക്കവേ, ആഗോള ബിസിനസിനും നിക്ഷേപത്തിനും വിശ്വസനീയവും പ്രത്യാശാജനകവുമായ ലക്ഷ്യസ്ഥാനമായി ഇന്ത്യ  വളർന്നുവരുന്ന കാര്യം മന്ത്രി എടുത്തുപറഞ്ഞു, 2025 സാമ്പത്തിക വർഷത്തിൽ ഏകദേശം 80 ബില്യൺ യുഎസ് ഡോളർ നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിച്ചു, ഇത് ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇന്ത്യ അടുത്തിടെ ഉന്നത നിലവാരമുള്ള സ്വതന്ത്ര വ്യാപാര കരാറുകളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചിട്ടുണ്ടെന്നും കൂടുതൽ കരാറുകൾ സംബന്ധിച്ച് സജീവ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ കരാറുകളിലൂടെ ഇന്ത്യ ഇപ്പോൾ  ആഗോള വ്യാപാരത്തിൻ്റെ  മൂന്നിൽ രണ്ട് ഭാഗത്തെയും സ്വാധീനിച്ചിട്ടുണ്ട്. ഇസ്രായേലുമായും ഗൾഫ് സഹകരണ കൗൺസിലുമായും (GCC) ടേംസ് ഓഫ് റഫറൻസ് അന്തിമമാക്കിയിട്ടുണ്ടെന്നും കാനഡയുമായിചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും സമീപഭാവിയിൽ  മറ്റ് പല ചർച്ചകളും ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.

മെർകോസൂർ (MERCOSUR) മേഖലയുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. വിപണി പ്രവേശനം വർദ്ധിപ്പിക്കുന്നതിനും നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതിക പങ്കാളിത്തം വളർത്തുന്നതിനും കായികം, വിദ്യാഭ്യാസം, സംസ്കാരം എന്നിവയിലെ ഇടപെടൽ ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യ-മെർകോസൂർ മുൻഗണനാ വ്യാപാര കരാർ  (India–MERCOSUR Preferential Trade Agreement)  വിപുലീകരിക്കാൻ  ഇന്ത്യ ശ്രമിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു.

ഇരുസമ്പദ്‌വ്യവസ്ഥകളും പുതു ചലനാത്മകത കൈവരിക്കുന്ന സമയത്താണ് ഈ ചർച്ചകൾ നടക്കുന്നതെന്ന് ശ്രീ ഗോയൽ പറഞ്ഞു. ഇന്ത്യ നിലവിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണെന്നും രണ്ടാം പാദത്തിലെ യഥാർത്ഥ ജിഡിപി വളർച്ച 8 ശതമാനത്തിലധികമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ജർമ്മനിയെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള പ്രയാണത്തിലാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നികുതി, ലോജിസ്റ്റിക്‌സ്, നിർമ്മാണം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, അനുവർത്തനം, ബിസിനസ്സ് സുഗമമാക്കുന്നതടക്കമുള്ള വിവിധ പരിഷ്കാരങ്ങളാൽ നയിക്കപ്പെടുന്ന 2014 മുതലുള്ള ഘടനാപരമായ പരിവർത്തനത്തെ ഈ വളർച്ച പ്രതിഫലിപ്പിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ വിദേശ നിക്ഷേപത്തെ സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും വ്യവസായത്തെ ആഭ്യന്തരമായും അന്തർദേശീയമായും വികസിപ്പിക്കാൻ സ്വതന്ത്ര വ്യാപാര കരാറുകൾ നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബ്രസീലിൻ്റെ  ശക്തികളെക്കുറിച്ച് വിവരിച്ച ശ്രീ ഗോയൽ, ആഗോള ഊർജ്ജ പരിവർത്തനത്തിനും ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾക്കും അത്യന്താപേക്ഷിതമായ നിയോബിയം, ലിഥിയം, ഇരുമ്പയിര് എന്നിവയുൾപ്പെടെയുള്ള സമ്പന്നമായ പ്രകൃതിവിഭവങ്ങളെക്കുറിച്ച് പരാമർശിച്ചു. കൃഷി, എയ്‌റോസ്‌പേസ്, ഓട്ടോമോട്ടീവ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നീ മേഖലകളിലെ ബ്രസീലിൻ്റെ  ശക്തി അദ്ദേഹം എടുത്തുകാട്ടി, ഇവയെ സഹകരണത്തിനുള്ള മേഖലകളായി വിശഷിപ്പിച്ചു. വിഭവങ്ങൾ, നൂതനാശയങ്ങൾ, ഭാവിയിലേക്കുള്ള ദർശനം എന്നിവയിലൂടെ ആഗോള മൂല്യ ശൃംഖലകൾ പുനർനിർമ്മിക്കാൻ ഇന്ത്യ-ബ്രസീൽ കൂട്ടായ്മയ്ക്ക് ശേഷിയുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു, കൂടാതെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും മൂല്യം വർദ്ധിപ്പിക്കുന്നതിലും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലും ഇന്ത്യയുമായി സഹകരിക്കാൻ ബ്രസീലിയൻ കമ്പനികളെ അദ്ദേഹം ക്ഷണിച്ചു.

ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ആഗോള ബൗദ്ധിക സ്വത്തവകാശ ചട്ടക്കൂടുകൾക്കുള്ളിൽ, പ്രത്യേകിച്ച് തദ്ദേശീയ സാങ്കേതികവിദ്യകൾ സംരക്ഷിക്കുന്നതിൽ സമത്വപൂർണ്ണമായ പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും സമാന പ്രതിബദ്ധത മന്ത്രി ആവർത്തിച്ചു. 2025 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രസീൽ സന്ദർശന വേളയിൽ, ഇന്ത്യ-ബ്രസീൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ പ്രധാനമന്ത്രി മോദിയും പ്രസിഡൻ്റ്  ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും സമ്മതിച്ച കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു.

 ഇപ്പോഴത്തെ ചർച്ചകൾ ഭാവിയിലേക്കുള്ള അജണ്ട രൂപപ്പെടുത്തുന്നതിനും തന്ത്രപരമായ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അവസരമൊരുക്കുമെന്ന് പ്രസംഗം ഉപസംഹരിച്ചു കൊണ്ട് ശ്രീ ഗോയൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വരും വർഷങ്ങളിൽ സംയുക്ത അഭിവൃദ്ധി എന്ന സമാന ദർശനത്തിലൂടെയും സഹകരണത്തിലൂടെയും നൂതനാശയങ്ങളിലൂടെയും ശക്തമായ ഇന്ത്യ-ബ്രസീൽ പങ്കാളിത്തം വളർത്തിയെടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

***
 


( റിലീസ് ഐ.ഡി: 2231432) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , हिन्दी , Gujarati