പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തർപ്രദേശിലെ എച്ച്.സി.എൽ-ഫോക്‌സ്‌കോൺ സെമികണ്ടക്ടർ നിർമ്മാണ ശാലയുടെ ശിലാസ്ഥാപന ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
സാങ്കേതിക സ്വാശ്രയത്വത്തിലേക്കുള്ളൊരു ചുവടുവയ്പ്പാണ് ഉത്തർപ്രദേശിലെ എച്ച്.സി.എൽ-ഫോക്‌സ്‌കോൺ സെമികണ്ടക്ടർ ശാലയുടെ സ്ഥാപനം; ഇത് ആഗോള ചിപ്പ് ആവാസവ്യവസ്ഥയിൽ ഇന്ത്യയുടെ സാന്നിധ്യം വർദ്ധിപ്പിക്കും: പ്രധാനമന്ത്രി
സോഫ്റ്റ്‌വെയറിലും ഹാർഡ്‌വെയറിലും ഇന്ത്യ ഒരേസമയം മുന്നേറുന്നു; രാജ്യത്തിന്റെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയുടെ പ്രധാന കേന്ദ്രമായി ഉത്തർപ്രദേശ് മാറാനൊരുങ്ങുന്നു: പ്രധാനമന്ത്രി
എച്ച്.സി.എൽ-ന്റെയും ഫോക്‌സ്‌കോണിന്റെയും ഈ പുതിയ ഫാക്ടറി, സാങ്കേതിക ശക്തികേന്ദ്രം എന്ന നിലയിലുള്ള ഉത്തർപ്രദേശിന്റെ സ്വത്വത്തെ കൂടുതൽ ശക്തിപ്പെടുത്തും: പ്രധാനമന്ത്രി
ഈ ദശകം ഇന്ത്യയുടെ 'ടെക്കേഡ്' (Techade) ആണ്; രാജ്യത്തിൻ്റെ ഇന്നത്തെ സാങ്കേതിക മുന്നേറ്റങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നമ്മുടെ കരുത്തിന്റെ അടിത്തറയാകും: പ്രധാനമന്ത്രി
ചിപ്പ് നിർമ്മാണത്തിൽ സ്വാശ്രയത്വം കൈവരിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ശക്തമായ ആഭ്യന്തര സെമികണ്ടക്ടർ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്: പ്രധാനമന്ത്രി
ജനാധിപത്യ ഇന്ത്യ വിശ്വസനീയമായ ഒരു ആഗോള പങ്കാളിയാണ്; നമ്മുടെ പങ്കാളിത്തം ആഗോള മൂല്യശൃംഖലകളുടെ കരുത്ത് വർദ്ധിപ്പിക്കുന്നു: പ്രധാനമന്ത്രി
ലോകം ഇന്ന് ഇന്ത്യയെ സാങ്കേതിക ഭാവിയുടെ കേന്ദ്രമായി കാണുന്നു: പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
21 FEB 2026 8:05PM by PIB Thiruvananthpuram
ഉത്തർപ്രദേശിലെ എച്ച്.സി.എൽ-ഫോക്‌സ്‌കോൺ (HCL-Foxconn) സെമികണ്ടക്ടർ യൂണിറ്റിന്റെ തറക്കല്ലിടൽ കർമ്മത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു. ന്യൂഡൽഹിയിൽ സമാപിച്ച ഗ്ലോബൽ എഐ ഇംപാക്ട് ഉച്ചകോടിയ്ക്ക് തൊട്ടുപിന്നാലെ നടന്ന ഈ ചടങ്ങ്, ആഗോള സെമികണ്ടക്ടർ കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ യാത്രയിലെ ചരിത്രപരമായ ഒരു നാഴികക്കല്ലാണ്.
വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ അതിവേഗം കുതിക്കുകയാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. "ഇന്ത്യക്ക് നിൽക്കാനോ വിശ്രമിക്കാനോ സമയമില്ലെന്ന് ചുവപ്പുകോട്ടയുടെ കൊത്തളത്തിൽ നിന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. 2026-ന്റെ തുടക്കം മുതൽ ഇന്ത്യ അതിന്റെ വേഗത വർദ്ധിപ്പിച്ചു," പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ്, ഇന്ത്യയിലെ സ്റ്റാർട്ടപ്പ് വിപ്ലവത്തിന് ഊർജ്ജം പകർന്ന ദേശീയ സ്റ്റാർട്ടപ്പ് ദിനം, ഇന്ത്യയുടെ ശക്തി ലോകശ്രദ്ധയാകർഷിച്ച ഇന്ത്യ എനർജി ഉച്ചകോടി തുടങ്ങിയ സമീപകാല നേട്ടങ്ങൾ ശ്രീ മോദി എടുത്തുപറഞ്ഞു.
വികസിത ഭാരതത്തിനായുള്ള ബജറ്റ് രാജ്യത്തിന്റെ പുരോഗതിക്ക് പുതിയ വേഗത നൽകിയെന്നും ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സവിശേഷമായ ഒരു ചരിത്ര വാരമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗ്ലോബൽ എഐ ഇംപാക്ട് ഉച്ചകോടിയിൽ ലോക നേതാക്കളും ഭരണത്തലവന്മാരും സാങ്കേതിക രംഗത്തെ പ്രമുഖരും ഇന്ത്യയുടെ നിർമ്മിതബുദ്ധി ശേഷികൾക്ക് സാക്ഷ്യം വഹിക്കാനും രാജ്യത്തിന്റെ തന്ത്രപരമായ കാഴ്ചപ്പാടിനെ അംഗീകരിക്കാനും പ്രശംസിക്കാനും ഒത്തുചേർന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ എഐ ഉച്ചകോടി സമാപിച്ചതിന് തൊട്ടുപിന്നാലെ, ഇന്ന് ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള വമ്പിച്ച പദ്ധതിയുമായി രാജ്യം മുന്നോട്ട് നീങ്ങുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ മേഖലകളിൽ ഒരേസമയം പ്രവർത്തിച്ചുകൊണ്ട് ആധുനിക ലോകത്തെ മുന്നോട്ടുനയിക്കാനാവശ്യമായ ശക്തി നൽകുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങൾക്കൊപ്പം നിൽക്കാൻ ഇന്ത്യ ഇപ്പോൾ പരിശ്രമിക്കുകയാണ്", ശ്രീ മോദി എടുത്തുപറഞ്ഞു.
ഈ ദശകത്തെ ഇന്ത്യയുടെ 'ടെക്കേഡ്' (Techade) ആയി കാണുന്ന തന്റെ കാഴ്ചപ്പാട് ആവർത്തിച്ച പ്രധാനമന്ത്രി, ഹരിത ഊർജ്ജം, ബഹിരാകാശ സാങ്കേതികവിദ്യ, ഡിജിറ്റൽ സാങ്കേതികവിദ്യ, നിർമ്മിതബുദ്ധി എന്നിവയിലെ നിക്ഷേപങ്ങൾ 21-ാം നൂറ്റാണ്ടിലെ കരുത്തിന്റെ അടിത്തറയാകുമെന്ന് പ്രസ്താവിച്ചു. മനുഷ്യരാശിയുടെയും വികസനത്തിന്റെയും ഭാവി നിർണ്ണയിക്കുന്ന ഓരോ സാങ്കേതികവിദ്യയിലും ഇന്ത്യ ഇന്ന് അഭൂതപൂർവമായ നിക്ഷേപമാണ് നടത്തുന്നതെന്നും ഇന്ത്യയിലെ ഈ ശക്തമായ സെമികണ്ടക്ടർ ആവാസവ്യവസ്ഥയുടെ വികസനം ഇതിന് ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിപ്പുകളുടെ തന്ത്രപരമായ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവെ, ഇരുപതാം നൂറ്റാണ്ടിലെ എണ്ണയുടെ മൂല്യത്തോട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചിപ്പുകളെ പ്രധാനമന്ത്രി ഉപമിച്ചു. "കൊറോണ മഹാമാരിക്കാലത്ത് ചിപ്പ് വിതരണ ശൃംഖലയുടെ ബലഹീനത ലോകം കണ്ടു. വിതരണം തടസ്സപ്പെട്ടപ്പോൾ ആഗോള സമ്പദ്‌വ്യവസ്ഥകൾക്ക് തിരിച്ചടിയേറ്റു," ശ്രീ മോദി ചൂണ്ടിക്കാട്ടി. ആ പ്രതിസന്ധിയെ ഒരു അവസരമാക്കി മാറ്റാൻ ഇന്ത്യ പഠിച്ചുവെന്നും ചിപ്പ് നിർമ്മാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കണമെന്ന് രാജ്യം തീരുമാനിച്ചുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു."ഇന്നത്തെ പരിപാടി ഈ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ്," ശ്രീ മോദി എടുത്തുപറഞ്ഞു.
"മെയ്ഡ് ഇൻ ഇന്ത്യ" ചിപ്പുകൾ വികസിത ഭാരതത്തിന്റെ നട്ടെല്ലാണെന്നും നിർമ്മിതബുദ്ധി, 6G എന്നിവ മുതൽ പ്രതിരോധ മേഖലയും ഇലക്ട്രിക് വാഹനങ്ങളും വരെയുള്ള നിർണ്ണായക മേഖലകൾക്ക് ഇവ കരുത്ത് പകരുമെന്നും പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു. ഈ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനായി, 85,000 വിദഗ്ധർക്ക് പരിശീലനം നൽകുന്ന 'ചിപ്‌സ് ടു സ്റ്റാർട്ടപ്പ്' സംരംഭത്തെക്കുറിച്ചും സെമികണ്ടക്ടർ മിഷന്റെ രണ്ടാം ഘട്ടം, ഗവേഷണത്തിനും നിർമ്മാണത്തിനുമായുള്ള റെയർ എർത്ത് കോറിഡോറുകൾ തുടങ്ങിയ ബജറ്റ് അധിഷ്ഠിത മുന്നേറ്റങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
ഉത്തർപ്രദേശിൽ നിന്നുള്ള പാർലമെന്റ് അംഗം എന്ന നിലയിൽ സംസ്ഥാനത്തിന്റെ ഈ മാറ്റത്തിൽ വലിയ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ഡിസൈൻ ഹൗസുകൾ, ഗവേഷണ കേന്ദ്രങ്ങൾ, സ്റ്റാർട്ടപ്പ് സാഹചര്യങ്ങൾ എന്നിവ ഈ മേഖലയിലേക്ക് എത്തിക്കുന്നതിലൂടെ യുവാക്കൾക്ക് വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സെമികണ്ടക്ടർ ആവാസവ്യവസ്ഥയുടെ പ്രധാന കേന്ദ്രമായി യുപി മാറുകയാണ്," ശ്രീ മോദി പറഞ്ഞു.
കഴിഞ്ഞ 11 വർഷത്തിനിടയിൽ ഇന്ത്യയുടെ വ്യാവസായിക മേഖല വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചതായും ഇലക്ട്രോണിക്സ് നിർമ്മാണം ആറിരട്ടിയായി വളർന്നതായും പ്രധാനമന്ത്രി അടിവരയിട്ടു. "മൊബൈൽ വിപ്ലവത്തിലാണ് ഈ വളർച്ച ഏറ്റവും പ്രകടമാകുന്നത്; അവിടെ ആഭ്യന്തര ഉൽപ്പാദനം 28 മടങ്ങും കയറ്റുമതി 100 മടങ്ങും വർദ്ധിക്കുകയും ചെയ്തു," അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിജയഗാഥയിലെ ശക്തമായ സ്തംഭമായി ഉത്തർപ്രദേശ് മാറിയിട്ടുണ്ടെന്നും രാജ്യത്ത് നിർമ്മിക്കുന്ന മൊബൈൽ ഫോണുകളുടെ പകുതിയിലധികവും ഇപ്പോൾ ഈ സംസ്ഥാനത്ത് നിന്നാണെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ആഗോള നിർമ്മാണ കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണിത്.
ഒരുകാലത്ത് കുറ്റകൃത്യങ്ങളുമായും കുടിയേറ്റവുമായും ബന്ധപ്പെട്ട് നിന്നിരുന്ന ഉത്തർപ്രദേശിന്റെ സ്വത്വം അതിവേഗപാതകൾ, പ്രതിരോധ ഇടനാഴികൾ, ജെവാർ അന്താരാഷ്ട്ര വിമാനത്താവളം, സമർപ്പിത ചരക്ക് ഇടനാഴികൾ തുടങ്ങിയ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് പേരുകേട്ട ഒന്നാക്കി മാറ്റിയ "ഡബിൾ എഞ്ചിൻ ഗവൺമെന്റിനെ" പ്രധാനമന്ത്രി പ്രശംസിച്ചു. "തങ്ങളുടെ നിക്ഷേപത്തിന് മികച്ച നേട്ടം ലഭിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് ആഗോള നിക്ഷേപകർ യുപിയിലേക്ക് വരുന്നത്," പ്രധാനമന്ത്രി പറഞ്ഞു. ഡൽഹി-മീററ്റ് നമോ ഭാരത് ട്രെയിൻ ഇടനാഴി നാളെ ഉദ്ഘാടനം ചെയ്യുമെന്നും ഇത് മേഖലയുടെ കണക്റ്റിവിറ്റി കൂടുതൽ വർദ്ധിപ്പിക്കുമെന്നും ശ്രീ മോദി അറിയിച്ചു.
പ്രസംഗം അവസാനിപ്പിച്ചുകൊണ്ട്, എച്ച്.സി.എൽ ടെക്നോളജീസ് ചെയർപേഴ്സൺ റോഷ്നി നാടാർക്കും ഫോക്സ്കോൺ സെമികണ്ടക്ടർ ബിസിനസ് ഗ്രൂപ്പ് പ്രസിഡന്റ് ബോബ് ചെന്നിനും അവരുടെ പങ്കാളിത്തത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഫോക്സ്കോണിന്റെ സാന്നിധ്യം "ജനാധിപത്യ ഇന്ത്യ വിശ്വസിക്കാവുന്ന പങ്കാളിയാണ്. മൂല്യശൃംഖലയിലെ നമ്മുടെ പങ്കാളിത്തം അതിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നു, ഇത് ഇന്ത്യയ്ക്കും ലോകത്തിനും ഒരുപോലെ നേട്ടമാണ് ."എന്ന സന്ദേശം ലോകത്തിന് നൽകുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
NK
****
( റിലീസ് ഐ.ഡി: 2231415)
സന്ദര്‍ശക കൗണ്ടര്‍ : 8