ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഭാരത് മണ്ഡപത്തിൽ 2026 ദേശീയ സിഎസ്ആർ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ

പോസ്റ്റഡ് ഓണ്‍: 21 FEB 2026 2:05PM by PIB Thiruvananthpuram

ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് സംഘടിപ്പിച്ച ദേശീയ സിഎസ്ആർ ഉച്ചകോടി- 2026നെ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ അഭിസംബോധന ചെയ്തു.

ഉച്ചകോടി വിളിച്ചുചേർത്ത്- വിദഗ്ധരെയും ആശയങ്ങളെയും പ്രവർത്തനത്തിനുള്ള ആഹ്വാനത്തെയും ഒരുമിച്ച് ചേർത്തതിന് ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിനെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. സ്ഥാപനങ്ങൾ കൂട്ടായി പ്രവർത്തിക്കുമ്പോൾ, സമൂഹവും രാഷ്ട്രവും ഒരുമിച്ച് മുന്നോട്ട് പോകുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇന്ത്യയുടെ ഈ പരിവർത്തന യാത്രയിൽ അത്തരം സഹകരണം നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദശകത്തിൽ ഇന്ത്യ കൈവരിച്ച പുരോഗതി എടുത്തുകാണിച്ചുകൊണ്ട്, ഇന്ത്യ ലോകത്തിലെ പത്താമത്തെ വലിയ സമ്പദ്‌ വ്യവസ്ഥയിൽ നിന്ന് നാലാമത്തെ വലിയ സമ്പദ്‌ വ്യവസ്ഥയിലേക്ക് മാറിയെന്നും മൂന്നാമത്തെ വലിയ സമ്പദ്‌ വ്യവസ്ഥയായി മാറാനുള്ള പാതയിലാണെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഘടനാപരമായ പരിഷ്കാരങ്ങൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, ഡിജിറ്റൽ കണക്റ്റിവിറ്റി, സാമ്പത്തിക ഉൾപ്പെടുത്തൽ, അടിസ്ഥാന സൗകര്യ വികസനം എന്നിവ 25 കോടിയിലധികം പൗരന്മാരെ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. കൂടാതെ രാജ്യത്തിൻ്റെ എല്ലാ പ്രദേശങ്ങളിലും സമൂഹങ്ങളിലുടനീളവും അഭിലാഷങ്ങൾ ഉയർന്നുവരുന്നതിന് കാരണമായതായും അദ്ദേഹം പറഞ്ഞു.

 

വികസനത്തിൻ്റെ അടുത്ത ഘട്ടം ഗവൺമെൻ്റ്, വ്യവസായം, സിവിൽ സമൂഹം എന്നിവയ്ക്കിടയിൽ ആഴത്തിലുള്ള പങ്കാളിത്തം ആവശ്യപ്പെടുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഇനി ഉപരിപ്ലവമല്ല, മറിച്ച് ദേശീയ പുരോഗതിയുടെ കേന്ദ്രബിന്ദുവാണെന്ന് അദ്ദേഹം പറഞ്ഞു. സംരംഭങ്ങളെ സഹാനുഭൂതിയോടെ കാണുന്ന, ബാലൻസ് ഷീറ്റുകൾ മനുഷ്യരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന, വളർച്ച ലക്ഷ്യം നേടുന്ന ഇടമായി സി‌എസ്‌ആറിനെ വിശേഷിപ്പിച്ചു.

 

ആത്മനിർഭർ ഭാരത് എന്ന ഇന്ത്യയുടെ ദർശനവും 2047 ലെ വികസിത ഭാരതം എന്ന ലക്ഷ്യവും ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, വികസനം വിശാലാടിസ്ഥാനത്തിലുള്ളതും, ഏവരെയും ഉൾക്കൊള്ളുന്നതും, സുസ്ഥിരവുമായിരിക്കണമെന്ന് പറഞ്ഞു. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക, വിദൂര പ്രദേശങ്ങളിൽ പ്രാഥമിക ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുക, വ്യവസായങ്ങളുമായി പൊരുത്തപ്പെടുന്ന നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുക, സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുക, പുനരുപയോഗ ഊർജ്ജ, കാലാവസ്ഥാ പ്രതിരോധ സംരംഭങ്ങളിലൂടെ ഹരിത പരിവർത്തനം ത്വരിതപ്പെടുത്തുക എന്നിവയിലൂടെ സി‌എസ്‌ആറിന് ഒരു പരിവർത്തനാത്മക പങ്ക് വഹിക്കാൻ കഴിയുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.

 

 നിയമം പാലിക്കുന്നത് മാത്രമല്ല, രാഷ്ട്രത്തോടുള്ള പ്രതിജ്ഞാബദ്ധത കൂടിയാണ് സി‌എസ്‌ആർ എന്ന് ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. സത്യസന്ധരായ നികുതിദായകർ ഏറ്റവും ദേശസ്നേഹമുള്ള പൗരന്മാരാണെന്നും കോർപ്പറേറ്റ് ഇന്ത്യ സമൂഹങ്ങൾ, സുസ്ഥിരത, യുവത്വം, നൂതനാശയം എന്നിവയിൽ നിക്ഷേപിക്കുമ്പോൾ, അത് സാമൂഹിക മൂലധനം സൃഷ്ടിക്കുകയും ദീർഘകാല വളർച്ച ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യകളുടെ സ്വീകർത്താവ് എന്ന നിലയിൽ നിന്ന് നൂതനാശയങ്ങളിലേക്ക് ഇന്ത്യ പരിവർത്തനം ചെയ്യുകയാണെന്നും, ലോകം സ്വീകരിക്കുന്ന നൂതനാശയങ്ങൾക്കായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പം, ഡിജിറ്റൽ ഭരണം, ജിഎസ്ടി തുടങ്ങിയ നയ പരിഷ്കാരങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾ, ഈ നടപടികൾ സംവിധാനത്തിനുള്ള വിശ്വാസവും സുതാര്യതയും ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, നയങ്ങൾക്ക് മാത്രം ഒരു രാഷ്ട്രത്തെ പരിവർത്തനം ചെയ്യാൻ കഴിയില്ല; ഉച്ചകോടിയുടെ അന്തസത്ത വിഭാവനം ചെയ്യുന്നത് പോലെ ഗവൺമെൻ്റും വ്യവസായവും സിവിൽ സമൂഹവും ഐക്യത്തോടെ നീങ്ങുമ്പോഴാണ് മാറ്റം ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

ഉത്തരവാദിത്വമുള്ള മുതലാളിത്തത്തെക്കുറിച്ച് സംസാരിച്ച ഉപരാഷ്ട്രപതി, ലാഭവും ലക്ഷ്യവും ഒരുമിച്ച് നീങ്ങണമെന്ന് നിരീക്ഷിച്ചു. സാമൂഹിക ക്ഷേമത്തിനായുള്ള പ്രതിജ്ഞാബദ്ധതയോടെ നിയമാനുസൃത ലാഭം ആവശ്യമാണെന്നും, നൂതനാശയങ്ങളും ഉൾപ്പെടുത്തലും, വളർച്ചയും സുസ്ഥിരതയും പരസ്പരം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പ്രസ്താവിച്ചു.

 

സംസ്ഥാനങ്ങളിലും മേഖലകളിലും പുതിയ പ്രതിജ്ഞാബദ്ധതകൾക്കും അനുകരണീയ മാതൃകകൾക്കും ഉച്ചകോടി കാരണമാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോർപ്പറേറ്റ് നേതാക്കളോട് ധൈര്യത്തോടെ ചിന്തിക്കാനും, തന്ത്രപരമായി നിക്ഷേപിക്കാനും, ഗുണഫലം കർശനമായി നിർണയിക്കാനും ആവശ്യപ്പെട്ടു. സി‌എസ്‌ആറിനെ ഒരു ചെലവായിട്ടല്ല, മറിച്ച് രാഷ്ട്ര നിർമ്മാണ മൂലധനമായി കാണാനും അദ്ദേഹം ആവശ്യപ്പെട്ടു.

 

വികസന കഥകൾക്ക് കൂടുതൽ ഇടം നൽകണമെന്ന് ഉപരാഷ്ട്രപതി മാധ്യമങ്ങളോട് ആഹ്വാനം ചെയ്തു. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ജനാധിപത്യസംവിധാനത്തിൽ, ജനങ്ങൾ കേന്ദ്രബിന്ദുവായി തന്നെ തുടരണമെന്നും, പുരോഗതിയുടെ ഗുണകരമായ വിവരണങ്ങളിലൂടെ സംവിധാനത്തിലുള്ള അവരുടെ വിശ്വാസം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പ്രസ്താവിച്ചു. പൊതുജനപങ്കാളിത്തവും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിൽ തിരഞ്ഞെടുപ്പ് പ്രക്രിയകളുടെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കുന്നത് ശക്തമായ തീരുമാനമെടുക്കലിനും ദീർഘകാല നയ രൂപീകരണത്തിലും കാരണമാകുമെന്ന കാഴ്ചപ്പാടും അദ്ദേഹം പങ്കുവെച്ചു.

 

***


( റിലീസ് ഐ.ഡി: 2231203) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil