ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ഇന്ത്യയുടെ ഉത്തരവാദിത്തപൂർണ്ണമായ AI ദർശനത്തിന് ലഭിച്ച ശക്തമായ ആഗോള അംഗീകാരത്തോടെ ഇന്ത്യ AI ഇംപാക്ട് ഉച്ചകോടി 2026 ഭാരത് മണ്ഡപത്തിൽ സമാപിച്ചു.
പോസ്റ്റഡ് ഓണ്‍:
20 FEB 2026 8:32PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026 സമാപിച്ചു. ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും അഞ്ച് ദിവസത്തെ ആഗോള സമ്മേളനത്തിന്റെ വൈപുല്യം, ഫലപ്രാപ്തി, പ്രധാന പ്രഖ്യാപനങ്ങൾ എന്നിവ സംഗ്രഹിക്കുകയും ചെയ്തു. ഇലക്ട്രോണിക്സ്, വിവരസാങ്കേതിക സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയ സെക്രട്ടറി ശ്രീ എസ്. കൃഷ്ണൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ശ്രീ രന്ധീർ ജയ്സ്വാൾ, ഭാരതസർക്കാരിന്റെ മുഖ്യ വക്താവും പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടർ ജനറലുമായ ശ്രീ ധീരേന്ദ്ര ഓജ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ആഗോള നിർമ്മിതബുദ്ധി ആഖ്യാനത്തെ രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ വർധിച്ചു വരുന്ന നേതൃപരമായ പങ്ക് ഊട്ടിയുറപ്പിച്ച ഉച്ചകോടി അഭൂതപൂർവമായ അന്താരാഷ്ട്ര പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ 118 രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ പ്രതിനിധികളോടൊപ്പം 20-ലധികം രാഷ്ട്രത്തലവന്മാരും 59 മന്ത്രിതല പ്രതിനിധികളും പങ്കെടുത്തു. AI മേഖലയിലെ 100-ലധികം ആഗോള പ്രമുഖർ, CEO-മാർ, CXO-മാർ, ലോകമെമ്പാടുമുള്ള 500-ലധികം പ്രമുഖ AI വിദഗ്ദ്ധർ എന്നിവരെയും ഉച്ചകോടി ഒരുമിച്ചു ചേർത്തു.
ഇന്ത്യയുടെ AI മുന്നേറ്റത്തിലുള്ള ആഗോള താത്പര്യം പ്രതിഫലിപ്പിക്കുന്ന തരത്തിൽ, 5 ലക്ഷത്തിലധികം പേർ ഉച്ചകോടിയിൽ പങ്കെടുത്തു. 30 രാജ്യങ്ങളിലായി 550 പ്രീ-സമ്മിറ്റ് ഇവന്റുകളും പ്രധാന ഉച്ചകോടി ദിവസങ്ങളിൽ സംഘടിപ്പിച്ച 500-ലധികം സൈഡ് ഇവന്റുകളും പരിപാടിയുടെ ആഗോള പ്രാധാന്യം വർദ്ധിപ്പിച്ചു. നാളിതുവരെ നടന്നതിൽ വച്ച് ഏറ്റവും വിപുലമായ മൾട്ടി-സ്റ്റേക്ക്‌ഹോൾഡർ AI സമ്മേളനങ്ങളിൽ ഒന്നാണിത്.
ശക്തമായ ആഗോള പങ്കാളിത്തം, ഇന്ത്യയുടെ ഉത്തരവാദിത്തപൂർണ്ണമായ AI ദർശനത്തിനുള്ള വ്യാപകമായ അംഗീകാരം, രാജ്യത്തിന്റെ സാങ്കേതിക ശേഷിയിലെ വളർന്നുവരുന്ന ആത്മവിശ്വാസം എന്നിവ ഉയർത്തിക്കാട്ടിക്കൊണ്ട് ശ്രീ അശ്വിനി വൈഷ്ണവ് തന്റെ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു, "കണക്കുകൾ പ്രധാനമാണ്, പക്ഷേ അതിലും പ്രധാനം പുതിയ AI യുഗത്തിൽ ഇന്ത്യ വഹിക്കുന്ന പങ്കിൽ ലോകത്തിന് വിശ്വാസമുണ്ട് എന്നതാണ്. പങ്കാളിത്തത്തിന്റെ ഗുണനിലവാരം, സംഭാഷണത്തിന്റെ ഗഹനത, ഉത്തരവാദിത്തപൂർണ്ണവും പരമാധികാരയുക്തവുമായ AI എന്ന നമ്മുടെ സമീപനത്തിനുള്ള ആഗോള അംഗീകാരം എന്നിവ കാണിക്കുന്നത് ഇന്ത്യ ഈ പരിവർത്തനത്തിൽ പങ്കാളിയാവുക മാത്രമല്ല, അതിനെ രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു എന്നാണ്."

നിർമ്മിതബുദ്ധി മേഖലയിലെ ഇന്ത്യയുടെ ആഗോള നേതൃത്വത്തിന്റെ നാഴികക്കല്ലായി മാറിയ നിമിഷമെന്നാണ് എഐ ഉച്ചകോടിയെ മന്ത്രി വിശേഷിപ്പിച്ചത്. പ്രമുഖ ആഗോള എഐ രാഷ്ടങ്ങളുടെ, ശക്തമായ മന്ത്രിതല പങ്കാളിത്തവും, ഉത്തരവാദിത്തപൂർണ്ണവും ധാർമ്മികവുമായ എഐയെക്കുറിച്ചുള്ള ചർച്ചകളിൽ 2.5 ലക്ഷത്തിലധികം വിദ്യാർത്ഥികൾ സംഭാവന നൽകിയതുമുൾപ്പെടെ അഭൂതപൂർവമായ പങ്കാളിത്തം അദ്ദേഹം എടുത്തുപറഞ്ഞു. ഇത് ഒരു ഗിന്നസ് ലോക റെക്കോഡാണ്.
250 ബില്യൺ ഡോളർ കവിഞ്ഞ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട നിക്ഷേപ പ്രതിബദ്ധതയും 20 ബില്യൺ ഡോളർ ഡീപ്-ടെക് സംരംഭ പ്രതിബദ്ധതയും ഇന്ത്യയുടെ AI അടിസ്ഥാന സൗകര്യ ആവാസവ്യവസ്ഥയിൽ ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പരമാധികാരത്തിലൂന്നിയ AI മോഡൽ തന്ത്രത്തിന് ശക്തമായ അന്താരാഷ്ട്ര അംഗീകാരം ലഭിച്ച കാര്യം അദ്ദേഹം എടുത്തു പറഞ്ഞു. ചെലവ് കുറഞ്ഞ നൂതനാശയങ്ങളാൽ വികസിപ്പിച്ചെടുത്ത തദ്ദേശീയ മോഡലുകളുടെ ഗുണനിലവാരത്തെയും അദ്ദേഹം പ്രശംസിച്ചു.
2047 ഓടെ "വികസിത ഭാരതം" എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വിശാലമായ ദർശനത്തിന്റെ ഭാഗമായി ഈ മുന്നേറ്റങ്ങളെ അവതരിപ്പിച്ച അദ്ദേഹം, ദീർഘകാലീനമായ സാങ്കേതിക ശേഷിയും സെമികണ്ടക്ടർ ശേഷിയും തദ്ദേശീയമായി കെട്ടിപ്പടുക്കുന്നതിനുള്ള നിർണായക മുന്നേറ്റമായി ഉച്ചകോടിയെ വിശേഷിപ്പിച്ചു.
***
( റിലീസ് ഐ.ഡി: 2231039)
സന്ദര്‍ശക കൗണ്ടര്‍ : 4