രാഷ്ട്രപതിയുടെ കാര്യാലയം
സെർബിയൻ പ്രസിഡൻ്റ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
പോസ്റ്റഡ് ഓണ്‍:
19 FEB 2026 6:58PM by PIB Thiruvananthpuram
സെർബിയൻ പ്രസിഡൻ്റ് അലക്സാണ്ടർ വുചിച്ച് ഇന്ന് (2026 ഫെബ്രുവരി 19) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി.

രാഷ്ട്രപതി ഭവനിലെത്തിയ പ്രസിഡൻ്റ് വുചിച്ചിനെ സ്വാഗതം ചെയ്ത രാഷ്ട്രപതി, 2023 ജൂണിലെ തൻ്റെ സെർബിയ സന്ദർശനം സ്നേഹപൂർവ്വം അനുസ്മരിച്ചു. സന്ദർശന വേളയിൽ തനിക്ക് ലഭിച്ച ഉദാരമായ ആതിഥ്യമര്യാദയ്ക്ക് അവർ അദ്ദേഹത്തോടും സെർബിയൻ ഗവൺമെൻ്റിനോടും നന്ദി അറിയിച്ചു.

ചേരിചേരാ പ്രസ്ഥാനത്തിൻ്റെ സഹസ്ഥാപകർ എന്ന നിലയിൽ നിന്ന് തുടങ്ങി നിലവിൽ ഗ്ലോബൽ സൗത്തിലെ പങ്കാളികൾ എന്ന നിലയിൽ വരെ ഇന്ത്യയും സെർബിയയും ഒരു പ്രത്യേക ബന്ധം പങ്കിടുന്നുണ്ടെന്ന് രാഷ്‌ട്രപതി പറഞ്ഞു. ഗ്ലോബൽ സൗത്തിൽ ഇരുരാജ്യങ്ങൾക്കും ഒരുമിച്ച് സുപ്രധാനമായ പങ്ക് വഹിക്കാനുണ്ട്.
നിർമ്മിതബുദ്ധി മേഖലയിൽ സെർബിയയ്ക്കും ഇന്ത്യയ്ക്കുമുള്ള പ്രാവീണ്യം കണക്കിലെടുത്ത്, ഈ മേഖലയിൽ സഹകരണം ആഴത്തിലാക്കാൻ സാധിക്കുമെന്ന് രാഷ്‌ട്രപതി കൂട്ടിച്ചേർത്തു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വിപുലീകരിക്കാനും നല്ല സാധ്യതകളുണ്ട്. വിവരസാങ്കേതികവിദ്യ, ഉത്പാദനം, കൃഷി, ബയോടെക്നോളജി, ഫാർമസ്യൂട്ടിക്കൽസ്, വിനോദസഞ്ചാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾ വരും വർഷങ്ങളിൽ നമ്മുടെ സഹകരണത്തിൻ്റെ സുപ്രധാന സ്തംഭങ്ങളായി മാറും.
ഇന്ത്യയും സെർബിയയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കാൻ വളരെയധികം സാധ്യതകളുണ്ടെന്ന് ഇരുനേതാക്കളും സമ്മതിച്ചു. ഇരുരാജ്യങ്ങളിലേയും ജനങ്ങളുടെ പരസ്പര പ്രയോജനത്തിനും അഭിവൃദ്ധിക്കും വേണ്ടി തുടർച്ചയായ സഹകരണം ഉറപ്പാക്കണമെന്ന് അവർ ഊന്നിപ്പറഞ്ഞു.
***
( റിലീസ് ഐ.ഡി: 2230444)
സന്ദര്‍ശക കൗണ്ടര്‍ : 5