ആയുഷ്
2026-ലെ അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിലും പ്രദർശനത്തിലും ആഗോള ആരോഗ്യ സംരക്ഷണ സംവാദത്തിന്റെ കേന്ദ്രബിന്ദുവായി ആയുഷ്
പോസ്റ്റഡ് ഓണ്‍:
18 FEB 2026 7:15PM by PIB Thiruvananthpuram
പരമ്പരാഗതവും സംയോജിതവുമായ ആരോഗ്യ പരിപാലന രീതികളുടെ ആഗോള സ്വീകാര്യതയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, ദുബായിൽ നടന്ന മൂന്നാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനവും പ്രദർശനവും കേന്ദ്ര ആയുഷ് മന്ത്രാലയ സഹമന്ത്രി (സ്വതന്ത്ര ചുമതല) പ്രതാപ്‌റാവു ജാദവ് ഉദ്ഘാടനം ചെയ്തു. തുടർന്ന് സമാപന യോഗത്തെയും അദ്ദേഹം അഭിസംബോധന ചെയ്തു.
കേന്ദ്ര ഗവണ്മെന്റിൻ്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പേരിൽ ആശംസകൾ അറിയിച്ച മന്ത്രി, സംയോജിതവും പ്രതിരോധപരവും സുസ്ഥിരവുമായ ഒരു ആഗോള ആരോഗ്യ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത എടുത്തുപറഞ്ഞു.
ആയുർവേദം, യോഗ, സിദ്ധ, യുനാനി, ഹോമിയോപ്പതി എന്നീ ആയുഷ് സമ്പ്രദായങ്ങൾ പ്രകൃതിയോട് ഇണങ്ങി നിന്നു കൊണ്ട് ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമത്തെ പരിഗണിക്കുന്ന സമഗ്രമായ സമീപനങ്ങളായി ഇന്ന് ആഗോളതലത്തിൽ കൂടുതൽ അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് ശ്രീ ജാദവ് ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര പ്രമുഖരെയും ഗവേഷകരെയും വ്യവസായ നേതാക്കളെയും പ്രാക്ടീഷണർമാരെയും അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ലോകമെമ്പാടും വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങൾ, സമ്മർദ്ദം, മാനസികാരോഗ്യ വെല്ലുവിളികൾ എന്നിവയ്ക്ക് പ്രതിരോധപരവും സമഗ്രവുമായ പരിഹാരങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ശരീരം, മനസ്സ്, പരിസ്ഥിതി എന്നിവയെ സമന്വയിപ്പിച്ചുകൊണ്ട് ആയുഷ് തെളിവുകളുടെ പിന്തുണയുള്ള ഇടപെടലുകലാണ് നൽകുന്നത്.
മൂന്ന് ദിവസത്തെ സമ്മേളനത്തിൽ, 28-ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കൂടിയാലോചനകളിലും, ശാസ്ത്രീയ ചർച്ചകളിലും പങ്കാളിത്തങ്ങളിലും ഏർപ്പെട്ടു. പരമ്പരാഗത വൈദ്യശാസ്ത്രം ഇന്ന് ആഗോള ആരോഗ്യ സംരക്ഷണ ചർച്ചകളുടെ കേന്ദ്രബിന്ദുവാണെന്ന് ഇത് തെളിയിക്കുന്നു.
മനസ്സിൻ്റെയും ശരീരത്തിൻ്റെയും ആരോഗ്യത്തിനായുള്ള ആയുഷ് ഇടപെടലുകളെക്കുറിച്ചുള്ള അന്താരാഷ്ട്ര കരട് രേഖയിൻമേൽ നടന്ന വിശദമായ ചർച്ചകളാണ് ഈ സമ്മേളനത്തിൻ്റെ ഒരു സുപ്രധാന ഫലം. അനുഭവാധിഷ്ഠിത പരിശീലനത്തിൽ നിന്ന് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണത്തിലേക്കും, ഒറ്റപ്പെട്ട രീതികളിൽ നിന്ന് ഘടനാപരമായ ചികിത്സാ പെരുമാറ്റച്ചട്ടങ്ങളിലേക്കും, സമാന്തര സംവിധാനങ്ങളിൽ നിന്ന് സംയോജിത ആരോഗ്യ സംരക്ഷണ ചട്ടക്കൂടുകളിലേക്കും ആഗോള ധാരണയെ പരിവർത്തിപ്പിക്കുക എന്നതാണ് ഈ രേഖയുടെ ലക്ഷ്യം. അന്തിമരൂപം ലഭിച്ചുകഴിഞ്ഞാൽ, ഇന്റഗ്രേറ്റീവ് മെഡിസിൻ, പൊതുജനാരോഗ്യ നയം എന്നിവയിൽ പ്രവർത്തിക്കുന്ന സർക്കാരുകൾ, അക്കാദമിക സ്ഥാപനങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവയ്ക്കുള്ള ഒരു റഫറൻസ് രേഖയായി ഇത് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ന്യൂഡൽഹിയിൽ നടന്ന ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ആഗോള ഉച്ചകോടിയും ഡൽഹി പ്രഖ്യാപനവും, തെളിവുകളുടെ നിർമ്മാണം, സുരക്ഷാ മാനദണ്ഡങ്ങൾ, പരമ്പരാഗത വൈദ്യശാസ്ത്രത്തിൻ്റെ ഉത്തരവാദിത്തപരമായ സംയോജനം എന്നിവയോടുള്ള ആഗോള പ്രതിബദ്ധതയെ പുനഃ ദൃഢീകരിച്ചതായി മന്ത്രി അനുസ്മരിച്ചു. സംയുക്ത ഗവേഷണ പരിപാടികൾ, അക്കാദമിക കൈമാറ്റങ്ങൾ, ഭരണപരമായ സഹകരണം, നിക്ഷേപ പങ്കാളിത്തം, മെഡിക്കൽ മൂല്യ യാത്രയുടെയും ആയുഷ് സേവനങ്ങളുടെയും വിപുലീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെയാണ് സമ്മേളനം ഈ ആഗോള മുന്നേറ്റത്തെ ത്വരിതപ്പെടുത്തിയതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ആയുഷ് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ആഗോള സ്വീകാര്യത സാധ്യമാക്കുന്നതിന് ഗുണനിലവാര ഉറപ്പ്, ഫാർമക്കോപ്പിയൽ മാനദണ്ഡങ്ങൾ പാലിക്കൽ, അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ എന്നിവയുടെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇത്തരം അന്താരാഷ്ട്ര വേദികൾ ശാസ്ത്രീയ സംവാദം, ആരോഗ്യ നയതന്ത്രം, രാജ്യങ്ങൾക്കിടയിലുള്ള വിശ്വാസ്യത എന്നിവ ശക്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ ജാദവ്, ആഗോള ആരോഗ്യ സുരക്ഷയെയും പ്രതിരോധ പരിചരണത്തെയും പിന്തുണയ്ക്കുന്നതിനൊപ്പം സംസ്കാരങ്ങളെയും ആരോഗ്യ പരിചരണ സംവിധാനങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു പാലമായി ആയുഷിന് പ്രവർത്തിക്കാൻ കഴിയുമെന്ന് ഊന്നിപ്പറഞ്ഞു.
സംയോജിതവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതും മനുഷ്യകേന്ദ്രീകൃതവുമായ ഒരു ആഗോള പൊതുജനാരോഗ്യ ഘടന കെട്ടിപ്പടുക്കുന്നതിന് പങ്കാളികളായ രാജ്യങ്ങളുമായി സഹകരിക്കാനും, അവയെ നയിക്കാനും ഇന്ത്യ തയ്യാറാണെന്ന് ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കിക്കൊണ്ട് മന്ത്രി പ്രസ്താവിച്ചു.
ചർച്ചകൾ പ്രായോഗിക ഫലങ്ങളിലേക്കും സ്ഥാപനപരമായ പങ്കാളിത്തങ്ങളിലേക്കും പരിവർത്തിക്കണമെന്ന്, സമ്മേളനം വിജയകരമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ശ്രീ ജാദവ് പറഞ്ഞു. ഈ ചർച്ചകൾ ശാസ്ത്രീയ ഇടപെടലുകൾ, പങ്കാളിത്തങ്ങൾ എന്നിവ ശക്തിപ്പെടുത്തുകയും ആഗോള ആരോഗ്യ സംരക്ഷണത്തിൽ വിശ്വസനീയമായ ഒരു സംഭാവകനായി ആയുഷിനെ സ്ഥാനപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.



****
( റിലീസ് ഐ.ഡി: 2230053)
സന്ദര്‍ശക കൗണ്ടര്‍ : 4