ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav AI Impact Summit 2026

അത്യാധുനിക സാങ്കേതിക മേഖലകളിൽ ഫിൻലൻഡും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിൻ്റെ വിപുലീകരണം എടുത്തുകാട്ടി 2026 ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി

പോസ്റ്റഡ് ഓണ്‍: 18 FEB 2026 3:29PM by PIB Thiruvananthpuram

2026 ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിലെ "സുസ്ഥിര ഭാവിക്കായി തദ്ദേശീയമായ അഗാധ സാങ്കേതികവിദ്യ കെട്ടിപ്പടുക്കുക" എന്ന സെഷനിൽ, നിർമ്മിത ബുദ്ധി, ബഹിരാകാശ സാങ്കേതികവിദ്യ, ക്വാണ്ടം കംപ്യൂട്ടിംഗ്, പുതുതലമുറ ഡിജിറ്റൽ നെറ്റ്‌വർക്കുകൾ എന്നിവ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക മേഖലകളിൽ ശക്തിപ്രാപിച്ചു വരുന്ന ഫിൻലൻഡും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം മുഖ്യ ചർച്ചാവിഷയമായി. ഗവേഷണം, എഞ്ചിനീയറിംഗ് മികവ്, ഹൈ-പെർഫോർമൻസ് കമ്പ്യൂട്ടിംഗ് എന്നീ മേഖലകളിലെ ഫിൻലൻഡിൻ്റെ ശേഷിയും, വൈപുല്യം, പ്രതിഭാ സമ്പന്നമായ മാനവ വിഭവശേഷി, ശക്തമായ പ്രയോഗികാധിഷ്ഠിത ആവാസവ്യവസ്ഥ എന്നിവയിൽ ഇന്ത്യയുടെ നേട്ടങ്ങളും കൈകോർക്കുമ്പോൾ, ഡീപ്പ്-ടെക് പരിഹാരങ്ങളുടെ സംയുക്ത മുന്നേറ്റത്തിനും ആഗോള തലത്തിൽ വ്യാപകമായ വിന്യാസത്തിനും ശക്തമായ അടിത്തറ ഒരുക്കാനാകുമെന്ന് ചര്‍ച്ചകൾ വ്യക്തമാക്കി.

ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ ത്വരിതപ്പെടുത്തുന്നതിലും അത് വാണിജ്യപരവും സാമൂഹികവുമായ ഫലങ്ങളിലേക്ക് വിവർത്തനം ചെയ്യുന്നതിലും പൊതു-സ്വകാര്യ പങ്കാളിത്തം, സംയുക്ത ഗവേഷണ അടിസ്ഥാന സൗകര്യങ്ങൾ, സുതാര്യമായ നൂതനാശയ ചട്ടക്കൂടുകൾ എന്നിവയുടെ പങ്ക് പ്രഭാഷകർ എടുത്തു പറഞ്ഞു. സുസ്ഥിര വികസനം, ചാക്രിക സമ്പദ്‌ വ്യവസ്ഥാ പരിഹാരങ്ങൾ, കാലാവസ്ഥാ പ്രവർത്തനം, മനുഷ്യ കേന്ദ്രീകൃത രൂപകൽപ്പന എന്നിവയുമായി ബന്ധപ്പെട്ടും ചർച്ചകൾ നടന്നു. ബഹിരാകാശ സാങ്കേതികവിദ്യകൾ, നൂതന കണക്റ്റിവിറ്റി, ഹൈബ്രിഡ് കമ്പ്യൂട്ടിംഗ് മാതൃകകൾ എന്നിവ ദീർഘകാല പ്രതിരോധശേഷിയിൽ നിർണായക പങ്ക് വഹിക്കുന്നതായും വിലയിരുത്തപ്പെട്ടു.

 



 

കമ്പ്യൂട്ടിംഗ് പവർ സംബന്ധിച്ച ആവശ്യകത വർദ്ധിക്കുന്നതിനനുസരിച്ച്, അക്കാദമിക മേഖലയ്ക്കും ബിസിനസ് മേഖലയ്ക്കും സൂപ്പർ കമ്പ്യൂട്ടിംഗ് ശേഷി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുകയെന്നത് നിർണായകമാണെന്ന് ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റെറി ഓർപോ, പ്രസ്താവനയിൽ വ്യക്തമാക്കി. ഫിൻലാൻഡിലെ എഐ ഗവേഷണത്തെയും പ്രയോഗത്തെയും അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്നതിന് പൊതു, സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങൾ സഹായകമാണ്. ഫിൻലാൻഡിലെ നൂതനാശയ ആവാസവ്യവസ്ഥ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ശക്തമായ പൊതു-സ്വകാര്യ നയത്തിലും സഹകരണത്തിലും അധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ സാങ്കേതിക ഭാവി കെട്ടിപ്പടുക്കുന്നതിന്, മുഴുവൻ മൂല്യ ശൃംഖലകളെയും അവയുടെ സാമൂഹിക സ്വാധീനത്തെയും നാം മനസ്സിലാക്കണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നൂതനമായ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ, എഐ സുസ്ഥിര വികസനം ത്വരിതപ്പെടുത്താൻ കഴിയും. ഇത് ചാക്രിക സമ്പദ്‌ വ്യവസ്ഥ പരിഹാരങ്ങൾ മെച്ചപ്പെടുത്തുകയും കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ജൈവവൈവിധ്യ നഷ്ടം എന്നിവ നേരിടാൻ സഹായിക്കുകയും എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുകയും ചെയ്യും. അന്താരാഷ്ട്ര പങ്കാളികളോടൊപ്പം ഫിൻലാൻഡിനും ഇന്ത്യയ്ക്കും പ്രതിരോധശേഷി, സുസ്ഥിരത, മനുഷ്യകേന്ദ്രീകൃത സാങ്കേതിക പുരോഗതി എന്നീ മേഖലകളിൽ നേതൃപരമായ പങ്ക് വഹിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.

സമകാലിക ആഗോള സാഹചര്യത്തിൽ പ്രതിരോധശേഷിയുള്ള സാങ്കേതികവിദ്യ രൂപപ്പെടുത്തുന്നതിൻ്റെ ആരംഭം, മനുഷ്യകേന്ദ്രിത നൂതനാശയങ്ങൾ, ശക്തമായ നൈപുണ്യ വികസനം, ഉത്തരവാദിത്തപൂർണ്ണമായ ഭരണ നിർവ്വഹണം എന്നിവയിൽ ഉറച്ചുനിൽക്കുന്നവരിൽ നിന്നാണെന്ന് ഫിന്നിഷ് പാർലമെൻ്റ് അംഗം ടിമോ ഹരക്ക വ്യക്തമാക്കി. ഫിൻലൻഡും ഇന്ത്യയും വിശ്വസനീയവും ധാർമ്മികവുമായ, സാമൂഹിക നന്മ ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്ത സാങ്കേതികവിദ്യകൾ സംബന്ധിച്ച സമാന ദർശനം സാക്ഷാത്ക്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിർമ്മിത ബുദ്ധി, ബഹിരാകാശ സംവിധാനങ്ങൾ, പുതു തലമുറ കണക്റ്റിവിറ്റി, ക്വാണ്ടം സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലുടനീളം ഇന്ത്യ–ഫിൻലാൻഡ് സഹകരണം പുരോഗമിക്കുന്നതായി അദ്ദേഹം പറഞ്ഞു. സുതാര്യമായ മാനദണ്ഡങ്ങൾ, സുരക്ഷിതവും വിശ്വാസ്യതയാർന്നതുമായ അടിസ്ഥാനസൗകര്യങ്ങൾ, ശക്തമായ അന്താരാഷ്ട്ര സഹകരണം എന്നിവയിൽ നിക്ഷേപം നടത്തുമ്പോഴാണ് ദീർഘകാല മത്സരക്ഷമതയും പ്രതിരോധശേഷിയും ശക്തിപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. യഥാർത്ഥ സാങ്കേതിക പരമാധികാരം ഒറ്റപ്പെടലല്ല, മറിച്ച് ജനങ്ങളെയും ഭൂമിയെയും പുരോഗതിയെയും നൂതനാശയങ്ങളെയും കേന്ദ്രബിന്ദുവായി കാണുന്ന വിശ്വസനീയമായ സഹകരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 



 

ഫിന്നിഷ് ഇന്നൊവേഷൻ ഫണ്ട് സിട്രയുടെ പ്രസിഡൻ്റ് ആറ്റെ ജാസ്‌കെലൈനൻ; റിയോർബിറ്റ് സിഇഒയും സ്ഥാപകയുമായ സെതു സവേദ സുവാനം; ഇൻഫോസിസ് സെൻ്റർ ഫോർ എമർജിംഗ് ടെക്‌നോളജി സൊല്യൂഷൻസിൻ്റെ എവിപിയും പ്രിൻസിപ്പൽ റിസർച്ച് അനലിസ്റ്റുമായ മഞ്ജുനാഥ കുക്കുരു; നോക്കിയ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ആൻഡ് ഇക്കോസിസ്റ്റംസ് സീനിയർ വൈസ് പ്രസിഡൻ്റ് പാസി ടോയ്‌വാനൻ; സിഎസ്‌സി ഐടി സെൻ്റർ ഫോർ സയൻസിലെ റിസർച്ച് ഓർഗനൈസേഷൻ കൊളാബറേഷൻ ആൻഡ് അക്കാദമിക് പാർട്ണർഷിപ്പ് ഡയറക്ടർ മാരി വാൾസ് എന്നിവർ സെഷനിൽ പങ്കെടുത്തു.

അന്താരാഷ്ട്ര സഹകരണത്തിലൂടെ സുതാര്യവും സുരക്ഷിതവും വിശ്വസനീയവുമായ സാങ്കേതിക ആവാസവ്യവസ്ഥകൾ കെട്ടിപ്പടുക്കുന്നതിനുള്ള സമാന പ്രതിബദ്ധതയാണ് സെഷൻ പ്രതിഫലിപ്പിച്ചത്. ഗവേഷണത്തെ യാഥാർത്ഥ്യത്തിലേക്ക് വിവർത്തനം ചെയ്യുന്നതിലും പരമാധികാരയുക്തവും സുസ്ഥിരവുമായ ഡീപ്-ടെക് നൈപുണ്യം കെട്ടിപ്പടുക്കുന്നതിലും ദീർഘകാല പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിലും സെഷൻ ശ്രദ്ധ കേന്ദ്രീകരിച്ചു.

 

***


( റിലീസ് ഐ.ഡി: 2229970) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil , Telugu , Kannada