രാഷ്ട്രപതിയുടെ കാര്യാലയം
വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര കപ്പൽ വ്യൂഹ പരേഡിന് രാഷ്ട്രപതി സാക്ഷ്യം വഹിച്ചു
സമാന മനസ്കരായ പങ്കാളികൾക്കിടയിലെ കൂട്ടായ ഉത്തരവാദിത്വം, സഹകരണം എന്നിവയെ അടിസ്ഥാനമാക്കിയാണ് മികച്ച സമുദ്ര വ്യവസ്ഥയുണ്ടാകുന്നതെന്ന് ഇന്ത്യ വിശ്വസിക്കുന്നു: രാഷ്‌ട്രപതി ദ്രൗപദി മുർമു
പോസ്റ്റഡ് ഓണ്‍:
18 FEB 2026 2:12PM by PIB Thiruvananthpuram
രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (ഫെബ്രുവരി 18, 2026) ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര കപ്പൽ വ്യൂഹ പരേഡിന് സാക്ഷ്യം വഹിച്ചു. 70 ലധികം രാജ്യങ്ങളുടെ നാവികസേനകൾ 2026 ലെ അന്താരാഷ്ട്ര കപ്പൽ വ്യൂഹ പരേഡിൽ പങ്കെടുക്കുന്നുണ്ട്.
സമുദ്ര പാരമ്പര്യങ്ങളോടുള്ള വിവിധ രാജ്യങ്ങളുടെ ഐക്യം, വിശ്വാസം, ആദരവ് എന്നിവയെയാണ് അന്താരാഷ്ട്ര കപ്പൽവ്യൂഹ പരേഡ് പ്രതിഫലിപ്പിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. വ്യത്യസ്ത പതാകകളുള്ള കപ്പലുകളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാവികരും ഒരുമയുടെ അന്തസത്തയെ പ്രകടിപ്പിക്കുന്നു. ഈ ഐക്യത്തിന്റെ ചൈതന്യം, 'സമുദ്രങ്ങളിലൂടെ ഐക്യം'(United Through Oceans) എന്ന ഈ പരേഡിന്റെ പ്രമേയത്തിൽ മികച്ച നിലയിൽ പ്രതിഫലിക്കുന്നതായി അവർ എടുത്തുപറഞ്ഞു. ഈ കൂട്ടായ നാവിക ശക്തിയുടെ പ്രതിജ്ഞാബദ്ധതയും ദൃഢനിശ്ചയവും വഴി എല്ലാ വെല്ലുവിളികളെയും മറികടക്കാൻ കഴിയുമെന്നത് ആഗോള സമൂഹത്തിനുള്ള ഒരു ശുഭകരമായ സന്ദേശമാണ്.
സമുദ്ര മേഖലയിൽ ഉൾപ്പെടെ അന്താരാഷ്ട്ര ബന്ധങ്ങളോടുള്ള ഇന്ത്യയുടെ സമീപനം 'വസുധൈവ കുടുംബകം' അല്ലെങ്കിൽ 'ലോകം ഒരു കുടുംബമാണ്' എന്ന നമ്മുടെ ധാർമ്മികതയാൽ നയിക്കപ്പെടുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ആഗോള സുരക്ഷയും വളർച്ചയും, സുസ്ഥിരതയും പങ്കാളിത്തത്തിലൂടെയാണ് കെട്ടിപ്പടുക്കുന്നത് എന്ന വിവേകത്തെ ഈ സമീപനം പ്രതിഫലിപ്പിക്കുന്നു. ഈ പങ്കാളിത്ത മനോഭാവമാണ് ശാശ്വതമായ ആഗോള ക്രമത്തിന്റെ അടിത്തറ. അതിനാൽ, സമാന ചിന്താഗതിക്കാരായ പങ്കാളികൾക്കിടയിലെ കൂട്ടായ ഉത്തരവാദിത്വത്തിലും സഹകരണപരമായ പ്രവർത്തനത്തിലും അധിഷ്ഠിതമാണ് മികച്ച സമുദ്ര ക്രമമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. മേഖലകളിലുടനീളം സുരക്ഷയും വളർച്ചയും പ്രോത്സാഹിപ്പിക്കുന്ന,പരസ്പരവും സമഗ്രവുമായ പുരോഗതിക്കായി നിലകൊള്ളുന്ന മഹാസാഗറിനെ(MAHASAGAR )നെക്കുറിച്ചുള്ള ഇന്ത്യയുടെ ദർശനത്തെ ഈ കപ്പൽവ്യൂഹ പരേഡ് പ്രതിഫലിപ്പിക്കുന്നതായി അവർ പറഞ്ഞു.

ഇന്ത്യയുടെ സമുദ്ര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും വിശാലമായ സമുദ്ര പൊതുമേഖലകളിൽ സ്ഥിരത കൈവരിക്കുന്നതിലും ഇന്ത്യൻ നാവികസേന ജാഗ്രത പുലർത്തുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സമുദ്രങ്ങളിൽ ഉയർന്നുവരുന്ന ഭീഷണികൾക്കും വെല്ലുവിളികൾക്കുമെതിരെ പ്രതിരോധത്തിനും ചെറുത്തുനിൽപ്പിനുമുള്ള വിശ്വസനീയമായ സംവിധാനമായി മേഖലയിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ നാവികസേനയുടെ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. മാനുഷിക പ്രതിസന്ധികളുടെയും പ്രകൃതി ദുരന്തങ്ങളുടെയും സമയത്ത് ഇന്ത്യൻ നാവികസേന പലപ്പോഴും ആദ്യം പ്രതികരിക്കുന്നു. സേനയുടെ കഴിവുപയോഗിച്ച് അനുകമ്പയയോടെ വേഗത്തിലുള്ള സഹായം നൽകുന്നു. ലോകമെമ്പാടുമുള്ള നാവികസേനകൾക്കിടയിൽ യശസ്സ് വളർത്തുന്നതിലും വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും പാലങ്ങൾ കെട്ടിപ്പടുക്കുന്നതിലും ഇന്ത്യൻ നാവികസേന നിർണായക പങ്ക് വഹിക്കുന്നു.

സൗഹൃദ വിദേശ നാവികസേനകളിലെ ഉദ്യോഗസ്ഥരെയും നാവികരെയും രാഷ്ട്രപതി അഭിനന്ദിച്ചു. അവരുടെ രാഷ്ട്രങ്ങളുടെയും സേവനങ്ങളുടെയും മികച്ച പാരമ്പര്യങ്ങളെ അവർ പ്രതിനിധീകരിക്കുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു. അവരുടെ അച്ചടക്കം, സമർപ്പണം, നൈപുണ്യം എന്നിവയാണ് കൂട്ടായ സമുദ്രസുരക്ഷ കെട്ടിപ്പടുക്കുന്നതിന്റെ അടിത്തറ. കപ്പൽവ്യൂഹത്തിലെ അവരുടെ സാന്നിധ്യം നമ്മുടെ വിശ്വാസബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും സമുദ്ര മേഖലയിൽ സമാധാനം, സ്ഥിരത, സഹകരണം എന്നിവയ്ക്കുള്ള നമ്മുടെ പൊതുവായ പ്രതിജ്ഞാബദ്ധതയെ ആവർത്തിച്ചുറപ്പിക്കുകയും ചെയ്തുവെന്ന് അവർ അടിവരയിട്ടു. ആഗോള സമൂഹത്തിന്റെ വളർച്ച, സമൃദ്ധി, സമഗ്ര ക്ഷേമം എന്നിവയ്ക്കുള്ള കവാടങ്ങളായി സമുദ്രങ്ങൾ അഭിവൃദ്ധി പ്രാപിക്കാൻ ഈ പരേഡിൽ പ്രതിനിധീകരിക്കുന്ന എല്ലാ നാവികസേനകളും കൂട്ടായി പ്രായത്നിക്കുമെന്ന്അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
****
( റിലീസ് ഐ.ഡി: 2229675)
സന്ദര്‍ശക കൗണ്ടര്‍ : 7