ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav AI Impact Summit 2026

ലോകത്തെ ഏറ്റവും വലിയ എഐ ഉച്ചകോടിയായി മാറിയ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി എഐ രംഗത്തെ ഇന്ത്യയുടെ കാഴ്ചപ്പാടിന്റെ വ്യാപ്തിയും അഭിലാഷവും പ്രതിഫലിപ്പിക്കുന്നു: ശ്രീ അശ്വിനി വൈഷ്ണവ്

പോസ്റ്റഡ് ഓണ്‍: 17 FEB 2026 9:13PM by PIB Thiruvananthpuram
വിവിധ ദേശീയ അന്തർദേശീയ മത്സരങ്ങളിലെ മികച്ച നിര്‍മിതബുദ്ധി നൂതനാശയങ്ങളെ അംഗീകരിക്കുന്ന പുരസ്കാര വിതരണ ചടങ്ങോടെയാണ് ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയുടെ രണ്ടാം ദിനത്തിന് പരിസമാപ്തി കുറിച്ചത്. തുടര്‍ന്ന് ഇന്ത്യയുടെ സമ്പന്ന കലാസാംസ്കാരിക പൈതൃകം ആഘോഷിക്കുന്ന സാംസ്കാരിക പരിപാടിയും സംഘടിപ്പിച്ചു.  എല്ലാവരെയും ഉൾക്കൊള്ളുന്ന നൂതനാശയങ്ങള്‍,  വിപുലമായ സാമൂഹ്യ സ്വാധീനം,  ഇന്ത്യയുടെ എഐ ആവാസവ്യവസ്ഥയിൽ യുവജനങ്ങള്‍ നേതൃത്വം നല്‍കുന്ന പങ്കാളിത്തം എന്നിവയ്ക്ക് ഊന്നൽ നൽകി സംഘടിപ്പിച്ച എഐ ബൈ ഹെർ, എഐ ഫോർ ഓൾ, യുവ-എഐ എന്നീ മൂന്ന് മുൻനിര സംരംഭങ്ങളിലെ വിജയികളെയാണ് പുരസ്കാര വിതരണ ചടങ്ങിൽ ആദരിച്ചത്.  
 


യഥാർത്ഥ ലോക വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താന്‍  പാരമ്പര്യേതര നൂതനാശയക്കാരുടെയും കോഡർമാരുടെയും ശാക്തീകരണം എന്നതായിരുന്നു ഉച്ചകോടിയുടെ നിർണായക പ്രമേയം. മുതിർന്നവരും യുവജനങ്ങളുമടക്കം രാജ്യത്തെ പൗരന്മാർ കേവലം എഐ ഉപഭോക്താക്കളായി  തുടരുന്നതിന് പകരം അവര്‍ ഉള്ളടക്ക സ്രഷ്ടാക്കളും യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നവരുമായി മാറുന്നുവെന്ന് ഉറപ്പാക്കാന്‍ ഹാക്കത്തണുകളിലൂടെയും ഓപ്പൺ ഇന്നൊവേഷൻ പ്ലാറ്റ്‌ഫോമുകളിലൂടെയും അടിസ്ഥാനതലം മുതൽ അവസരങ്ങൾ സൃഷ്ടിച്ചു. പരിഹാരങ്ങളില്‍ കേന്ദ്രീകൃതമായി തീരുമാനം കൈക്കൊള്ളുന്ന പരമ്പരാഗത സാങ്കേതിക മാതൃകകളിൽ നിന്ന് വ്യത്യസ്തമായി നിയന്ത്രണവും ഉത്തരവാദിത്തവും സമൂഹങ്ങളിലെത്തിക്കുന്നതാണ് ഈ സമീപനം.  നേരിടുന്ന പ്രശ്നങ്ങൾ തിരിച്ചറിയാനും സ്വതന്ത്ര എഐ സംവിധാനങ്ങള്‍  പ്രയോജനപ്പെടുത്താനും  വ്യക്തിഗതമല്ലാതെ സമൂഹത്തിന് സമഗ്രമായി വന്‍തോതിൽ നടപ്പാക്കാവുന്ന പരിഹാരങ്ങൾ സാക്ഷാത്കരിക്കാനും  പങ്കാളികളെ പ്രോത്സാഹിപ്പിക്കുന്ന ഈ രീതി നൂതനാശയങ്ങളെ ജനാധിപത്യവൽക്കരിക്കുകയും ഇന്ത്യയുടെ ജനകേന്ദ്രീകൃത എഐ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി ലോകത്തെ ഏറ്റവും വലിയ എഐ ഉച്ചകോടിയായി ഉയർന്നു വന്നിരിക്കുന്നുവെന്നും  ഇന്ത്യയുടെ എഐ കാഴ്ചപ്പാടിന്റെ വ്യാപ്തിയെയും അഭിലാഷത്തെയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ആഗോള നൂതനാശയ മത്സരങ്ങളിലെ വിജയികളെ അഭിനന്ദിച്ച കേന്ദ്ര ഇലക്ട്രോണിക്സ്  വിവരസാങ്കേതിക, വാര്‍ത്താവിതരണ പ്രക്ഷേപണ, റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്  അഭിപ്രായപ്പെട്ടു. മികച്ച സംഭാവനകൾ നൽകിയതിനും നിര്‍മിതബുദ്ധി  എങ്ങനെ സമൂഹത്തിന് പരിവർത്തനകരമായ സ്വാധീനം നൽകുമെന്ന് തെളിയിച്ചതിനും  വിജയികളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.  

ഇന്ത്യയുടെ എഐ യാത്രയുടെ ഭാവി യുവാക്കളാണെന്ന കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ കാഴ്ചപ്പാടിനെയാണ് യുവ-എഐ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക, വാണിജ്യവ്യവസായ സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ പറഞ്ഞു.  ജനങ്ങളുടെയും സാങ്കേതികവിദ്യയുടെയും അവസരങ്ങളുടെയും മിശ്രിതമാണ് നിര്‍മിതബുദ്ധിയെന്നും എല്ലാവരും ഇതിൽ പങ്കാളികളാവുകയും സ്വന്തം രീതിയിൽ സംഭാവന നൽകുകയും ചെയ്യുമ്പോൾ സുപ്രധാന ആഗോള എഐ സേവന ദാതാവായി ഇന്ത്യയ്ക്ക് ഉയരാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് ഈ രംഗത്ത് ഉൾച്ചേര്‍ക്കല്‍  പ്രധാനമാകുന്നതെന്ന് എഐ ബൈ ഹെർ  പോലുള്ള സംരംഭങ്ങൾ  വ്യക്തമാക്കുന്നു.  സ്ത്രീകളെയും യുവാക്കളെയും ഒരുപോലെ ശാക്തീകരിക്കുന്നത് മാത്രമാണ് ഇന്ത്യയുടെ എഐ ഭാവിയെയും അതിന്റെ  ഉത്തരവാദിത്തത്തെയും യഥാർത്ഥത്തിൽ രൂപപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  

യുവ-എഐ - ഗ്ലോബല്‍ യൂത്ത് ചലഞ്ച്:

മൈ ഭാരത്,  NIELIT എന്നിവയുമായി സഹകരിച്ച് നടപ്പാക്കുന്ന യുവ-എഐ  ആഗോള യൂത്ത് ചലഞ്ച്  യഥാർത്ഥ ലോക വെല്ലുവിളികളെ നേരിടാനാവുന്ന എഐ അധിഷ്ഠിത പരിഹാരങ്ങൾ വികസിപ്പിക്കാൻ 13 മുതല്‍ 21 വരെ പ്രായക്കാരായ യുവ നൂതനാശയക്കാരെ ക്ഷണിക്കുന്നു.

യുവ-എഐ ഗ്ലോബല്‍ യൂത്ത് ചലഞ്ചിന് കീഴിൽ പാരാസ്പീക്ക്, അഗ്നിസേന, ഇസഡ്-ട്രാക്സ്  എന്നിവരാണ് ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. ഇവർക്ക് 15 ലക്ഷം രൂപ വീതം ഗ്രാന്റ് ലഭിച്ചു. രണ്ടാം സ്ഥാനം നേടിയ സൈറ്റോസ്കാൻ ഇസഡ്,  വെയ്‌വ്, വോക്സ്-എയ്ഡ്  എന്നിവർക്ക് 10 ലക്ഷം രൂപ വീതം ഗ്രാന്റ് ലഭിച്ചു. കൂടാതെ, മലേറിയ-എക്സ്, കെഡോവോ എഐ എന്നിവർക്ക് 5 ലക്ഷം രൂപ വീതം  പ്രത്യേക  പുരസ്കാരവും  ലഭിച്ചു.

എഐ ബൈ ഹെർ ചലഞ്ച്:

പ്രതിഭാ നൈപുണ്യ വിശകലനം, രോഗ നിര്‍ണയം, കൃത്യതയാര്‍ന്ന പോഷണം, എഐ അധിഷ്ഠിത പഠനവേദികള്‍,  സ്പീച്ച് തെറാപ്പി, ഇഎസ്ജി ഇന്റലിജൻസ്, എംഎസ്എംഇ ശാക്തീകരണം തുടങ്ങിയ മേഖലകളിലെ യഥാർത്ഥ ആഗോള പ്രശ്നങ്ങള‍െ നേരിടാന്‍ വനിതകളുടെ നേതൃത്വത്തില്‍ എഐ അധിഷ്ഠിത പരിഹാരങ്ങൾ വികസിപ്പിക്കുന്ന ടീമുകളെ അംഗീകരിക്കാനും പിന്തുണയ്ക്കാനുമാണ് 'എഐ ബൈ ഹെർ' മത്സരം രൂപകല്പന ചെയ്തിരിക്കുന്നത്.

എഐ ബൈ ഹെർ മത്സരത്തില്‍ ഫാർമർ ലൈഫ് ലൈൻ വിജയിയായി.  പെരിവിങ്കിൾ ടെക്നോളജീസിനാണ് രണ്ടാംസ്ഥാനം.   വോളാർ അൾട്ടയും  റെമിഡിയോയും മൂന്നാംസ്ഥാനം പങ്കിട്ടു. വിജയികളിൽ ഓരോരുത്തർക്കും 25 ലക്ഷം രൂപയുടെ ഗ്രാന്റ് ലഭിച്ചു. കൂടാതെ എഐ ബൈ ഹെർ പരിപാടിയ്ക്ക് കീഴിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ 10 സ്റ്റാർട്ടപ്പുകളിലെ ടീമുകൾക്ക് ആകെ 10 ലക്ഷം രൂപയുടെ അധിക ഗ്രാന്റും നൽകി.

എഐ ഫോർ ഓൾ ഗ്ലോബല്‍ ഇംപാക്ട് ചലഞ്ച്:

വിവിധ മേഖലകളിൽ വലിയ തോതില്‍ സാമൂഹ്യ സ്വാധീനം ചെലുത്താനാവുന്നതും വ്യാപകമായി നടപ്പാക്കാനാവുന്നതുമായ എഐ പരിഹാരങ്ങളെ അംഗീകരിക്കാനാണ് 'എഐ ഫോർ ഓൾ: ഗ്ലോബൽ ഇംപാക്ട് ചലഞ്ച്' സംഘടിപ്പിച്ചത്.    ശക്തമായ ആഗോള പ്രതികരണം നേടിയ പരിപാടിയില്‍  വിഷയ വിദഗ്ധരും നയരൂപകർത്താക്കളും വ്യാവസായിക പ്രമുഖരുമടങ്ങിയ പാനലുകൾ കര്‍ശന ബഹുതല പ്രക്രിയയിലൂടെയാണ് അപേക്ഷകൾ വിലയിരുത്തിയത്.

ഇൻഫിഹീൽ ഹെൽത്ത്‌ടെക് പ്രൈവറ്റ് ലിമിറ്റഡ്; ഇൻഫിഅസ് ഹെൽത്തിന്റെ ഇക്വിറ്റിവിൻ; വൺ ഗ്ലോബൽ മെഡിക്കൽ ടെക്നോളജി ലിമിറ്റഡ് (ഹീലിയം ഹെൽത്ത്); റെസിലിയൻസ് 360; കാലാവസ്ഥാ-സൗഹൃദ വായ്പകൾക്കായി സാറ്റ്‌സൂറിന്റെ ഫാം സ്കോർ;  മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വൈസയുടെ  കോൺവർസേഷണൽ എഐ; കിഡൗറ ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്; ഡയബറ്റിക് റെറ്റിനോപ്പതി പരിശോധനയ്ക്ക് മധുനേത്ര എഐ; കാർബ്ജെം ഇങ്ക്; ബയോം മേക്കേഴ്‌സ് ഇങ്കിന്റെ ബീകോപ്പ് സോയിൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം എന്നിവയാണ് ഈ വിഭാഗത്തില്‍ തിരഞ്ഞെടുത്ത മികച്ച പത്ത് പരിഹാരങ്ങള്‍.  ആദ്യ 10 ടീമുകളിൽ ഓരോരുത്തർക്കും 25 ലക്ഷം രൂപ വീതം ഗ്രാന്റ് നൽകി.

ആരോഗ്യ പരിരക്ഷ- രോഗനിർണയം, കാലാവസ്ഥാ പ്രതിരോധ കൃഷി, ഡാറ്റാധിഷ്ഠിത വായ്പകളിലൂടെ സാമ്പത്തിക ഉൾച്ചേര്‍ക്കല്‍, മാനസികാരോഗ്യ പിന്തുണ, സോയിൽ ഇന്റലിജൻസ്, സാങ്കേതികവിദ്യ അധിഷ്ഠിത പ്രതിരോധം തുടങ്ങി പ്രധാന വികസന മുൻഗണനകളുമായി ചേര്‍ന്നുനില്‍ക്കുന്ന  സ്വാധീനമേറിയ മേഖലകളിലുടനീളം ഈ പരിഹാരങ്ങൾ വ്യാപിച്ചു കിടക്കുന്നു.

 

പുരസ്കാര വിതരണ ചടങ്ങിന് ശേഷം ഇന്ത്യയുടെ വൈവിധ്യമാർന്ന കലാ പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുന്ന സാംസ്കാരിക പരിപാടി അരങ്ങേറി. ന്യൂഡൽഹിയിലെ സംഗീത നാടക അക്കാദമി വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അവതരിപ്പിച്ച "നൃത്ത മേളകം" എന്ന പ്രത്യേക നൃത്ത പരിപാടി  രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തെയും കലാപരമായ പൈതൃകത്തെയും ഐക്യം, ഉൾച്ചേര്‍ക്കല്‍, ദേശീയ വികസനം എന്നീ പ്രമേയങ്ങളെയും പ്രതിഫലിപ്പിച്ചു.  വിവിധ പ്രദേശങ്ങളിലെ കലാകാരന്മാരെ ഒരുമിപ്പിച്ച ഈ പ്രകടനം ഇന്ത്യയുടെ നാടോടി-ശാസ്‌ത്രീയ പാരമ്പര്യങ്ങളുടെ സമ്പന്ന പൈതൃകത്തെ എടുത്തുകാട്ടി.  
 
SKY
 
******

( റിലീസ് ഐ.ഡി: 2229493) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Kannada