വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
2026 ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി ഇന്ത്യയുടെ എഐ വിപ്ലവത്തിന്റെ അടിസ്ഥാന സ്തംഭമായി ടെലികോമിനെ ഉയർത്തിക്കാട്ടി:കേന്ദ്ര വാർത്താ വിനിമയ സഹമന്ത്രി ഡോ.പെമ്മസാനി ചന്ദ്രശേഖർ
പോസ്റ്റഡ് ഓണ്‍:
17 FEB 2026 5:53PM by PIB Thiruvananthpuram
2026 ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ സംസാരിച്ച കേന്ദ്ര വാർത്താ വിനിമയ - ഗ്രാമവികസന സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ ഇന്ത്യയുടെ എ ഐ പരിസ്ഥിതിയുടെ അടിസ്ഥാനഘടകമായി ടെലികോം അടിസ്ഥാനസൗകര്യത്തെ വിശേഷിപ്പിച്ചു.

ടെലികോം മേഖല രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന് ശക്തമായ അടിത്തറ ഒരുക്കുന്നുവെന്നും, എഐ അധിഷ്ഠിത സേവനങ്ങളുടെ വ്യാപനത്തിനും നവീകരണത്തിനും നിർണായക പിന്തുണ നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. “കണക്റ്റിവിറ്റി ഒരു ആഡംബരം അല്ല; സ്വാധീനാധികാരമാണ്,” എന്ന മന്ത്രിയുടെ വാക്കുകൾ സദസിൽ ശ്രദ്ധേയമായി.
എല്ലാവരേയും ഉൾക്കൊള്ളുന്നതും സർവജനപ്രാപ്യവുമായ ഡിജിറ്റൽ കണക്റ്റിവിറ്റിയാണ് ഇന്ത്യയെ സാങ്കേതിക നേതൃത്വത്തിലേക്ക് നയിക്കുന്നതെന്നും, രാജ്യത്തിന്റെ ഡിജിറ്റൽ ശാക്തീകരണ ദൗത്യത്തിൽ ടെലികോം മേഖലയ്ക്ക് കേന്ദ്രസ്ഥാനമാണുള്ളതെണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരത് മണ്ഡപത്തിൽ പുരോഗമിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച ടെലികോം നിർമ്മിത ബുദ്ധി സെഷനിൽ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര വാർത്താ വിനിമയ - ഗ്രാമവികസന സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ ഇന്ത്യയുടെ അതിവേഗം വളരുന്ന ടെലികോം മേഖലയെക്കുറിച്ചു വിശദീകരിച്ചു. 2014-ൽ 6 കോടി മാത്രമായിരുന്ന ബ്രോഡ്ബാൻഡ് സബ്സ്ക്രൈബർമാരുടെ എണ്ണം 2025-ഓടെ 100 കോടിയായി ഉയർന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശരാശരി പ്രതിമാസ മൊബൈൽ ഡാറ്റ ഉപഭോഗം ഓരോ ഉപയോക്താവിനും 24 ജിബിയ്ക്ക് മുകളിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫൈബർ വിന്യാസം 42 ലക്ഷം കിലോമീറ്റർ റൂട്ട് കടന്നതായും, ലോകത്തിലെ അതിവേഗ 5 ജി വ്യാപനങ്ങളിൽ ഒന്നായി ഇന്ത്യ മാറിയെന്നും മന്ത്രി വ്യക്തമാക്കി.

അവസാന ഗുണഭോക്താവിനുവരെ സേവനം എത്തിക്കുന്നതിന് മുൻഗണന നൽകുന്ന ഭാരത് നെറ്റ് പോലുള്ള പദ്ധതികളിലെ തുടർച്ചയായ നിക്ഷേപങ്ങൾ എ ഐ അധിഷ്ഠിത സേവനങ്ങൾ ഗ്രാമപ്രദേശങ്ങളിലേക്കും വിദൂര പ്രദേശങ്ങളിലേക്കും ഒരുപോലെ എത്തിക്കുന്നുവെന്നും അതുവഴി ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം ജനാധിപത്യവൽക്കരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഇപ്പോൾ കണക്റ്റിവിറ്റി വ്യാപനഘട്ടത്തിൽ നിന്ന് ശേഷിവ്യാപന ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മന്ത്രി നിരീക്ഷിച്ചു. ഉയർന്ന ശേഷിയുള്ള ഫൈബർ ബാക്ക്ഹോൾ, കുറഞ്ഞ ലേറ്റൻസി ആവശ്യമായ ആപ്ലിക്കേഷനുകൾക്കായുള്ള എഡ്ജ് കമ്പ്യൂട്ടിംഗ്, ക്ലൗഡ് അടിസ്ഥാനസൗകര്യ വികസനം, സ്റ്റാർട്ടപ്പുകൾക്കും സംരംഭങ്ങൾക്കും നവീകരണം സാധ്യമാക്കുന്ന ആക്സസ് എന്നിവയ്ക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ടയർ-2, ടയർ-3 നഗരങ്ങളിലുടനീളം സംരംഭകത്വവും സാങ്കേതിക നവീകരണവും വളരുന്ന സാഹചര്യത്തിൽ ഈ ഇടപെടലുകൾ നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ എഐ നവീകരണം വേഗത്തിൽ സാദ്ധ്യമാകുകയാണെന്നും, വലിയ സംരംഭങ്ങൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ എഐ സാങ്കേതികവിദ്യകൾ സജീവ ഉൽപ്പാദന അന്തരീക്ഷങ്ങളിൽ വിനിയോഗിച്ചുതുടങ്ങിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിശ്വാസ്യതയ്ക്കും സുരക്ഷയ്ക്കും നൽകുന്ന പ്രാധാന്യം ഊന്നിപ്പറഞ്ഞ കേന്ദ്ര വാർത്താ വിനിമയ സഹമന്ത്രി ശക്തിപ്പെടുത്തിയ ടെലികോം സുരക്ഷാ ചട്ടക്കൂടുകൾ മുന്നോട്ട് വച്ചു. 1,200-ത്തിലധികം സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന എ ഐ അധിഷ്ഠിത ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം, 86 ലക്ഷത്തിലധികം വ്യാജ സിം കാർഡുകൾ കണ്ടെത്തി വിച്ഛേദിച്ച ASTR ഉപകരണം, 1,400 കോടി രൂപയിലധികം മൂല്യമുള്ള തട്ടിപ്പ് ഇടപാടുകൾ തടഞ്ഞ ഫിനാൻഷ്യൽ ഫ്രോഡ് റിസ്‌ക് ഇൻഡിക്കേറ്റർ എന്നിവയുടെ പ്രവർത്തനം അദ്ദേഹം വിശദീകരിച്ചു.
എഐ അധിഷ്ഠിത സ്പാം കണ്ടെത്തൽ സംവിധാനങ്ങളും തട്ടിപ്പ്തടയൽ സംവിധാനങ്ങളും വഴി പൗരന്മാരെ സജീവമായി സംരക്ഷിക്കുകയും രാജ്യത്തെ ഡിജിറ്റൽ വിശ്വാസ്യത കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
ആഗോള രംഗത്ത് ഇന്ത്യയുടെ സ്ഥാനം പരാമർശിക്കവെ, ലോകത്തിലെ മുൻനിര എഐ പരിസ്ഥിതികളിൽ ഒന്നായ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ ടെലികോം വിപണിയായി വളർന്നുവെന്ന് കേന്ദ്ര വാർത്ത വിനിമയ- ഗ്രാമവികസന സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ വ്യക്തമാക്കി. സ്വയംപര്യാപ്തവും നവീകരണചാലകവുമായ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ രൂപപ്പെടുത്തുന്നതിനുള്ള ദീർഘകാല തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യ എഐ മിഷനു കീഴിൽ അനുവദിച്ച ഫണ്ടുകളും സെമികണ്ടക്ടർ നിർമ്മാണ മേഖലയിലെ വൻ നിക്ഷേപങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടെലികോം ഇനി വെറും കോളുകൾ ബന്ധിപ്പിക്കുന്നതിൽ മാത്രമല്ല, അവസരങ്ങളെ ബന്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് തന്റെ പ്രസംഗം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി അദ്ദേഹം വ്യക്തമാക്കി. എല്ലാവരെയും ഉൾക്കൊള്ളുന്നതും സുരക്ഷിതവും എഐ സജ്ജവുമായ ഡിജിറ്റൽ ഭാവി നിർമ്മിക്കാൻ ഇന്ത്യ പ്രതിബദ്ധമാണെന്നും അദ്ദേഹം ആവർത്തിച്ചു.

ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT), സോഫ്റ്റ്‌വെയർ ടെക്‌നോളജി പാർക്ക്‌സ് ഓഫ് ഇന്ത്യ, സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (COAI) എന്നിവയുടെ സഹകരണത്തോടെയാണ് ഈ സെഷൻ സംഘടിപ്പിച്ചത്.


****
( റിലീസ് ഐ.ഡി: 2229312)
സന്ദര്‍ശക കൗണ്ടര്‍ : 7