ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
azadi ka amrit mahotsav

നോയിഡ സെക്ടർ 142 മുതൽ ബൊട്ടാണിക്കൽ ഗാർഡൻ വരെ മെട്രോ പാത 11.56 കിലോമീറ്റർ ദീർഘിപ്പിക്കുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; പാതയിൽ 8 സ്റ്റേഷനുകൾ

പോസ്റ്റഡ് ഓണ്‍: 14 FEB 2026 1:23PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം, നോയിഡ മെട്രോ റെയിൽ പദ്ധതിയുടെ ഭാഗമായ നോയിഡ സെക്ടർ 142 മുതൽ ബൊട്ടാണിക്കൽ ഗാർഡൻ വരെയുള്ള പാത ദീർഘിപ്പിക്കലിന് അംഗീകാരം നൽകി. 11.56 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ ഉയരത്തിലുള്ള 8 സ്റ്റേഷനാണുള്ളത്. ഈ പാത പ്രവർത്തനക്ഷമമാകുന്നതോടെ നോയിഡ, ഗ്രേറ്റർ നോയിഡ നഗരങ്ങളിലെ സജീവ മെട്രോ ശൃംഖല 61.62 കിലോമീറ്ററായി ഉയരും.

നേട്ടങ്ങളും വികസന സാധ്യതകളും:

നോയിഡ മെട്രോ റെയിൽ പദ്ധതിയുടെ സെക്ടർ 142 മുതൽ ബൊട്ടാണിക്കൽ ഗാർഡൻ വരെയുള്ള പാത ദീർഘിപ്പിക്കൽ നഗരത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിലെ സുപ്രധാന ചുവടുവയ്പാണ്. നോയിഡ നഗരത്തിലെ മെട്രോ ശൃംഖലയുടെ വലിയ വിപുലീകരണമായാണ് ഈ പദ്ധതി കണക്കാക്കപ്പെടുന്നത്.

മെച്ചപ്പെടുത്തിയ സമ്പർക്കസൗകര്യം:

നോയിഡ മെട്രോ പദ്ധതിയുടെ സെക്ടർ 142 മുതൽ ബൊട്ടാണിക്കൽ ഗാർഡൻ വരെയുള്ള പാത ദീർഘിപ്പിക്കലിലുടെ ഏകദേശം 11.56 കിലോമീറ്റർ പുതിയ മെട്രോപ്പാതകൾ നിലവിൽ വരും. ഇത് നോയിഡ നഗരത്തിലെ പൊതുഗതാഗത സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തും. നിലവിൽ കാര്യക്ഷമമായ ഗതാഗതസൗകര്യമില്ലാത്ത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും. കൂടാതെ, ബൊട്ടാണിക്കൽ ഗാർഡനിലെ ഇന്റർചേഞ്ച് വഴി ഡൽഹി മെട്രോയുടെ ബ്ലൂ ലൈൻ, മജന്ത ലൈൻ എന്നീ തിരക്കേറിയ പാതകളിലേക്ക് നേരിട്ടുള്ള ബന്ധം ഇത് ഉറപ്പാക്കുന്നു.

നോയിഡയിലെ പ്രധാന മേഖലകളെ സുഗമമായി സംയോജിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് താഴെ പറയുന്ന പ്രധാന കേന്ദ്രങ്ങളെ മെട്രോ ശൃംഖലയുടെ ഭാഗമാക്കുന്നു:

  • സെക്ടർ 142-ലെ അദ്വന്ത് വ്യവസായ പാർക്ക്, സെക്ടർ 98-ലെ സ്കൈമാർക്ക് വൺ മാൾ, സെക്ടർ 93-ലെ മാൾ ഓഫ് നോയിഡ തുടങ്ങിയ ഇടങ്ങളെ ഇത് ബന്ധിപ്പിക്കുന്നു.
  • മൈക്രോസോഫ്റ്റ് (സെക്ടർ 145), TCS (സെക്ടർ 157), ഹാവെൽസ് (സെക്ടർ 126), ഇൻഫോസിസ് (സെക്ടർ 132), കോഗ്നിസന്റ് (സെക്ടർ 135), അഡോബി (സെക്ടർ 132), ഒറാക്കിൾ (സെക്ടർ 127) തുടങ്ങിയ പ്രമുഖ ബഹുരാഷ്ട്ര-IT കമ്പനികളിലെ ഉദ്യോഗസ്ഥർക്ക് ഈ പാത സഹായകമാകും.
  • അമിറ്റി സർവകലാശാല (സെക്ടർ 125), പഞ്ച്ഷീൽ ബാലക് ഇന്റർ കോളേജ് (സെക്ടർ 91), മഹാമായ ബാലിക ഇന്റർ കോളേജ് (സെക്ടർ 44) എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും യാത്ര സുഗമമാകും.
  • സെക്ടർ 128-ലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിപോലുള്ള പ്രധാന ആശുപത്രികളിലേക്കു രോഗികൾക്കും ബന്ധുക്കൾക്കും വേഗത്തിൽ എത്തിച്ചേരാം.
  • ബൊട്ടാണിക്കൽ ഗാർഡൻ, സെക്ടർ 93 പാർക്ക് തുടങ്ങിയ പ്രധാന വിനോദകേന്ദ്രങ്ങളെയും ഈ മെട്രോ പാത കൂട്ടിയിണക്കുന്നു.
നോയിഡ സെക്ടർ 142 മുതൽ ബൊട്ടാണിക്കൽ ഗാർഡൻ വരെയുള്ള മെട്രോ പാത നീട്ടുന്നതിലൂടെ പ്രധാന മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നത് വഴി സമ്പർക്കസൗകര്യം മെച്ചപ്പെടുക മാത്രമല്ല, സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വലിയ കരുത്തു ലഭിക്കുകയും ചെയ്യും. ജോലി, കച്ചവടം, വിദ്യാഭ്യാസം, പൊതുയാത്ര എന്നിവയ്ക്കായി മെട്രോയെ ആശ്രയിക്കുന്ന നഗരവാസികൾക്കും യാത്രക്കാർക്കും ഈ പദ്ധതി നഗരയാത്ര കൂടുതൽ സുഗമമാക്കും.

·     ഗതാഗതക്കുരുക്കു കുറയ്ക്കൽ: മെട്രോ റെയിൽ കാര്യക്ഷമമായ ബദൽ ഗതാഗത മാർഗമെന്ന നിലയിൽ, നോയിഡ സെക്ടർ 142 മുതൽ ബൊട്ടാണിക്കൽ ഗാർഡൻ വരെയുള്ള പാതയുടെ വിപുലീകരണം നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും ഗതാഗതക്കുരുക്ക് ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റോഡുകളിലെ വാഹനങ്ങളുടെ എണ്ണം കുറയുന്നത് ഇനി പറയുന്ന ഗുണങ്ങൾക്കിടയാക്കും: റോഡുകളിലെ തിരക്ക് കുറയുന്നതോടെ വാഹനങ്ങൾക്ക് കൂടുതൽ സുഗമമായി സഞ്ചരിക്കാൻ സാധിക്കും; ഗതാഗത സമ്മർദം ഒഴിവാകുന്നതോടെ യാത്രക്കാർക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ വേഗത്തിൽ എത്തിച്ചേരാം; വാഹനങ്ങളുടെ അനിയന്ത്രിതമായ തിരക്ക് കുറയുന്നത് റോഡപകടങ്ങൾ ഇല്ലാതാക്കാനും സുരക്ഷ വർധിപ്പിക്കാനും സഹായിക്കും.

·     പരിസ്ഥിതിസൗഹൃദ നേട്ടങ്ങൾ: നോയിഡ മെട്രോ റെയിൽ പദ്ധതിയുടെ സെക്ടർ 142 മുതൽ ബൊട്ടാണിക്കൽ ഗാർഡൻ വരെയുള്ള പാത നീട്ടുന്നതിലൂടെയും നോയിഡ, ഗ്രേറ്റർ നോയിഡ നഗരങ്ങളിലെ മെട്രോ ശൃംഖലയുടെ ആകെ വർധന വഴിയും കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാൻ സാധിക്കും. പരമ്പരാഗത ഫോസിൽ ഇന്ധനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗതാഗത മാർഗങ്ങളെ അപേക്ഷിച്ച് പരിസ്ഥിതിക്ക് കുറഞ്ഞ ആഘാതം മാത്രമേ ഇത് സൃഷ്ടിക്കൂ.

·     സാമ്പത്തിക വളർച്ച: യാത്രാസമയം കുറയുന്നതും ഡൽഹി വിമാനത്താവളം, ഡൽഹിയിലെ റെയിൽവേ സ്റ്റേഷനുകൾ, വിവിധ ബസ് ഡിപ്പോകൾ തുടങ്ങിയ ഗതാഗത കേന്ദ്രങ്ങളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനവും ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ സഹായിക്കും. ഇത് ജനങ്ങൾക്ക് ജോലിസ്ഥലങ്ങളിലും മറ്റ് ലക്ഷ്യസ്ഥാനങ്ങളിലും കൂടുതൽ കാര്യക്ഷമമായി എത്തിച്ചേരാൻ അവസരമൊരുക്കുന്നു. കൂടാതെ, മെച്ചപ്പെട്ട സമ്പർക്കസൗകര്യം പ്രാദേശിക കച്ചവടക്കാർക്ക്, പ്രത്യേകിച്ച് പുതിയ മെട്രോ സ്റ്റേഷനുകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ വലിയ കരുത്ത് പകരും. ഇത് മുൻപ് പ്രവേശനസൗകര്യം കുറവായ മേഖലകളിൽ നിക്ഷേപവും വികസനവും ആകർഷിക്കാനും സഹായിക്കും.

·     സാമൂഹ്യ സ്വാധീനം: നോയിഡ മെട്രോ ശൃംഖലയുടെ സെക്ടർ 142 മുതൽ ബൊട്ടാണിക്കൽ ഗാർഡൻ വരെയുള്ള പാത നീട്ടുന്നത് വഴി പൊതുഗതാഗത സംവിധാനങ്ങളിൽ കൂടുതൽ തുല്യമായ പ്രവേശനം ഉറപ്പാക്കാൻ സാധിക്കും. ഇത് വിവിധ സാമൂഹ്യ-സാമ്പത്തിക വിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾക്ക് ഗുണകരമാകുകയും യാത്രാസൗകര്യങ്ങളിലെ അസമത്വം കുറയ്ക്കുകയും ചെയ്യും. യാത്രാസമയം കുറയുന്നതും അവശ്യസേവനങ്ങളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനവും നഗരവാസികളുടെ ജീവിതനിലവാരത്തിൽ വലിയ വർധന സൃഷ്ടിക്കാൻ സഹായിക്കും.

നോയിഡ മെട്രോ റെയിൽ പദ്ധതിയുടെ സെക്ടർ 142 മുതൽ ബൊട്ടാണിക്കൽ ഗാർഡൻ വരെയുള്ള പാത ദീർഘിപ്പിക്കൽ നഗരത്തിന് വലിയ മാറ്റങ്ങൾ സമ്മാനിക്കുന്ന വികസന പ്രവർത്തനമായിരിക്കും. മെച്ചപ്പെട്ട സമ്പർക്കസൗകര്യം, ഗതാഗതസമ്മർദം കുറയ്ക്കൽ, പരിസ്ഥിതിനേട്ടങ്ങൾ, സാമ്പത്തിക വളർച്ച, മെച്ചപ്പെട്ട ജീവിതനിലവാരം എന്നിവ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. നഗരം നേരിടുന്ന പ്രധാന വെല്ലുവിളികൾ പരിഹരിക്കുന്നതിലൂടെയും ഭാവിയിലെ വികസനത്തിന് കരുത്തുറ്റ അടിത്തറ പാകുന്നതിലൂടെയും, നോയിഡയുടെ വികസനഗതി രൂപപ്പെടുത്തുന്നതിലും സുസ്ഥിരത ഉറപ്പാക്കുന്നതിലും ഈ പദ്ധതി നിർണായക പങ്ക് വഹിക്കും.

-SK-

 

( റിലീസ് ഐ.ഡി: 2228137) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati