വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

​ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്കായി സംരംഭമൂലധനം സമാഹരിക്കാൻ ‘സ്റ്റാർട്ടപ്പ് ഇന്ത്യ ഫണ്ട് ഓഫ് ഫണ്ട്സ് 2.0’-നു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം



ഡീപ് ടെക്, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നൂതന നിർമാണ സ്റ്റാർട്ടപ്പുകൾ, പ്രാരംഭ വളർച്ചാഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾ എന്നിവയെ പിന്തുണയ്ക്കുന്നതിനായി 10,000 കോടി രൂപയുടെ സഞ്ചിതനിധി

പോസ്റ്റഡ് ഓണ്‍: 14 FEB 2026 1:31PM by PIB Thiruvananthpuram

ഇന്ത്യയുടെ വളരുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് വലിയ കരുത്ത് പകർന്ന്, രാജ്യത്തെ സ്റ്റാർട്ടപ്പ് മേഖലയിലേക്ക് സംരംഭമൂലധനം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ 10,000 കോടി രൂപയുടെ ‘സ്റ്റാർട്ടപ്പ് ഇന്ത്യ ഫണ്ട് ഓഫ് ഫണ്ട്സ് 2.0’ (Startup India FoF 2.0) സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.

ഇന്ത്യയുടെ സ്റ്റാർട്ടപ്പ് പ്രയാണത്തിന്റെ അടുത്ത ഘട്ടത്തിന് വേഗം പകരുന്നതിനായി, ദീർഘകാല ആഭ്യന്തര മൂലധനം സമാഹരിക്കുക, സംരംഭമൂലധന ആവാസവ്യവസ്ഥയ്ക്ക് കരുത്ത് പകരുക, രാജ്യത്തുടനീളമുള്ള നൂതന ആശയങ്ങളിൽ അധിഷ്ഠിതമായ സംരംഭകത്വത്തെ പിന്തുണയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സ്റ്റാർട്ടപ്പ് ഇന്ത്യ ദൗത്യത്തിന് കീഴിൽ ആരംഭിച്ച ‘സ്റ്റാർട്ടപ്പ് ഇന്ത്യ ഫണ്ട് ഓഫ് ഫണ്ട്സ് 2.0’, ഇന്ത്യയെ ലോകത്തിലെ മുൻനിര സ്റ്റാർട്ടപ്പ് രാഷ്ട്രങ്ങളിലൊന്നാക്കി മാറ്റുന്നതിനായി കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ്. 2016-ൽ സ്റ്റാർട്ടപ്പ് ഇന്ത്യ ആരംഭിച്ചത് മുതൽ, രാജ്യത്തെ സ്റ്റാർട്ടപ്പ് മേഖലയിൽ അസാധാരണമായ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. അന്ന് 500-ൽ താഴെ മാത്രമായിരുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണം ഇന്ന് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) അംഗീകരിച്ച 2 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളായി വളർന്നു. 2025-ലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക സ്റ്റാർട്ടപ്പ് രജിസ്ട്രേഷൻ രേഖപ്പെടുത്തിയത്.

സ്റ്റാർട്ടപ്പുകൾക്കുള്ള ഫണ്ട് ഓഫ് ഫണ്ട്സ് കെട്ടിപ്പടുക്കൽ 1.0

ധനസഹായ വിടവുകൾ നികത്തുന്നതിനും സ്റ്റാർട്ടപ്പുകൾക്കായുള്ള ആഭ്യന്തര സംരംഭമൂലധന വിപണിക്ക് ഉത്തേജനം നൽകുന്നതിനുമായി 2016-ൽ ആരംഭിച്ച ‘ഫണ്ട് ഓഫ് ഫണ്ട്‌സ് ഫോർ സ്റ്റാർട്ടപ്പ്സി’ന്റെ (FFS 1.0) മികച്ച പ്രകടനത്തിന് പിന്നാലെയാണ് ‘സ്റ്റാർട്ടപ്പ് ഇന്ത്യ FoF 2.0’ വരുന്നത്.

FFS 1.0 പദ്ധതിക്ക് കീഴിൽ, 10,000 കോടി രൂപയുടെ മുഴുവൻ തുകയും 145 ബദൽ നിക്ഷേപ ഫണ്ടുകൾക്കായി (AIFs) അനുവദിച്ചു. ഇത്തരം AIF-കൾ വഴി രാജ്യത്തുടനീളമുള്ള 1,370-ലധികം സ്റ്റാർട്ടപ്പുകളിലായി 25,500 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. കൃഷി, നിർമിതബുദ്ധി, റോബോട്ടിക്സ്, ഓട്ടോമോട്ടീവ്, ക്ലീൻ ടെക്, ഉപഭോക്തൃ ഉൽപ്പന്നങ്ങളും സേവനങ്ങളും, ഇ-കൊമേഴ്‌സ്, വിദ്യാഭ്യാസം, ഫിൻടെക്, ഭക്ഷണപാനീയങ്ങൾ, ആരോഗ്യ സംരക്ഷണം, നിർമാണം, ബഹിരാകാശ സാങ്കേതികവിദ്യ, ജൈവസാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിലാണ് ഈ നിക്ഷേപങ്ങൾ എത്തിയിരിക്കുന്നത്.

ആദ്യമായി സംരംഭകത്വത്തിലേക്ക് കടന്നുവരുന്നവരെ പരിപോഷിപ്പിക്കുന്നതിലും, സ്വകാര്യ മൂലധനം സമാഹരിക്കുന്നതിലും, ഇന്ത്യയിലെ സംരംഭമൂലധന ആവാസവ്യവസ്ഥയ്ക്ക് കരുത്തുറ്റ അടിത്തറ പാകുന്നതിലും FFS 1.0 നിർണായക പങ്ക് വഹിച്ചു.

​പദ്ധതിയുടെ പ്രധാന സവിശേഷതകൾ:

ആദ്യ ഘട്ടം ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിൽ, ഇന്ത്യൻ നവസംരംഭങ്ങളെ അടുത്ത തലത്തിലേക്ക് എത്തിക്കാനാണ് ‘സ്റ്റാർട്ടപ്പ് ഇന്ത്യ ഫണ്ട് ഓഫ് ഫണ്ട്സ് 2.0’ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇനി പറയുന്ന കാര്യങ്ങൾ പിന്തുണയ്ക്കുന്നതിനായി ഈ പുതിയ നിധി ലക്ഷ്യാധിഷ്ഠിതവും വർഗീകരിച്ചതുമായ ധനസഹായരീതിയാകും പിന്തുടരുക:

a.    ഡീപ് ടെക്, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നൂതന നിർമാണം: ദീർഘകാലാടിസ്ഥാനത്തിലുള്ള മൂലധനം ആവശ്യമുള്ള അത്യാധുനിക സാങ്കേതിക മേഖലകളിലെ പുതിയ കണ്ടെത്തലുകൾക്ക് മുൻഗണന നൽകുന്നു.

b.    പ്രാരംഭ വളർച്ചാ ഘട്ടത്തിലുള്ള സംരംഭകരെ ശാക്തീകരിക്കൽ: നൂതനമായ പുതിയ ആശയങ്ങൾക്ക് സുരക്ഷാകവചം ഒരുക്കുന്നതിലൂടെ, ധനസഹായത്തിന്റെ അഭാവത്താൽ പ്രാരംഭ ഘട്ടത്തിൽ തന്നെ സ്റ്റാർട്ടപ്പുകൾ പരാജയപ്പെടുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുന്നു.

c.    ദേശീയതലത്തിലുള്ള വ്യാപനം: പ്രധാന മെട്രോ നഗരങ്ങൾക്കപ്പുറത്തേക്ക് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിലൂടെ, രാജ്യത്തിന്റെ എല്ലാ കോണുകളിലും നവസംരംഭങ്ങൾ തഴച്ചുവളരുന്നു എന്ന് ഉറപ്പാക്കുന്നു.

d.    ഉയർന്ന നഷ്ടസാധ്യതയുള്ള മൂലധന വിടവുകൾ പരിഹരിക്കുന്നതിനുള്ള രൂപകൽപ്പന: സ്വയംപര്യാപ്തതയ്ക്കും സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിനും പ്രധാനപ്പെട്ട മുൻഗണനാ മേഖലകളിലേക്ക് കൂടുതൽ മൂലധനം എത്തിക്കുന്നു.

e.    ഇന്ത്യയുടെ ആഭ്യന്തര സംരംഭമൂലധന അടിത്തറ ശക്തമാക്കൽ, പ്രത്യേകിച്ച് ചെറിയ ഫണ്ടുകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്തെ ആഭ്യന്തര നിക്ഷേപ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരൽ.

ഇന്ത്യയുടെ സാമ്പത്തിക പാത രൂപപ്പെടുത്തുന്നതിലും പരിവർത്തനാത്മക സ്വാധീനം ചെലുത്തുന്നതിലും ‘സ്റ്റാർട്ടപ്പ് ഇന്ത്യ ഫണ്ട് ഓഫ് ഫണ്ട്സ് 2.0’ നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയുടെ നവസംരംഭങ്ങളിലധിഷ്ഠിതമായ വികസന കാര്യപരിപാടി മുന്നോട്ടു കൊണ്ടുപോകുന്നതിൽ ‘സ്റ്റാർട്ടപ്പ് ഇന്ത്യ ഫണ്ട് ഓഫ് ഫണ്ട്‌സ് 2.0’ നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളതലത്തിൽ മത്സരക്ഷമതയുള്ള സാങ്കേതികവിദ്യകളും ഉൽപ്പന്നങ്ങളും പ്രതിവിധികളും വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിലൂടെ, ഇന്ത്യയുടെ സാമ്പത്തികശക്തി വർധിപ്പിക്കുന്നതിനും നിർമാണ ശേഷി ഉയർത്തുന്നതിനും ഈ ധനസഹായം പിന്തുണയേകും. കൂടാതെ, ഉയർന്ന ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇന്ത്യയെ ആഗോള നൂതനാശയ കേന്ദ്രമായി ഉയർത്താനും ഇത് വഴിതെളിക്കും.

വികസിത ഇന്ത്യ @ 2047 എന്ന ദേശീയ കാഴ്ചപ്പാടിന് അനുസൃതമായി, സംരംഭകരെ ശാക്തീകരിക്കുന്നതിനും നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ പൂർണശക്തി പുറത്തെടുക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ നിരന്തരമായ പ്രതിജ്ഞാബദ്ധതയെയാണ് ഈ ധനസഹായം പ്രതിനിധാനംചെയ്യുന്നത്.

-SK-


( റിലീസ് ഐ.ഡി: 2228133) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: Punjabi , English , Urdu , हिन्दी , Gujarati