വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വ്യാജവും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ ഉള്ളടക്കങ്ങളുടെ വര്‍ധിച്ചുവരുന്ന ഭീഷണികളില്‍ അതീവ ജാഗ്രത പുലര്‍ത്തി കേന്ദ്രസര്‍ക്കാര്‍
പോസ്റ്റഡ് ഓണ്‍:
13 FEB 2026 4:57PM by PIB Thiruvananthpuram
ഭരണഘടനയുടെ 19-ാം അനുച്ഛേദം ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നു. അതേസമയം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ വ്യാജവും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ വിവരങ്ങളുടെ വര്‍ധിച്ചുവരുന്ന ഭീഷണികളെക്കുറിച്ച് സര്‍ക്കാരിന് വ്യക്തമായ ധാരണയുണ്ട്.
2000-ത്തിലെ വിവരസാങ്കേതിക നിയമപ്രകാരം 2021-ല്‍ വിവരസാങ്കേതിക (ഇന്റര്‍മീഡിയറി മാര്‍ഗനിര്‍ദേശങ്ങളും ഡിജിറ്റല്‍ മാധ്യമ ധാര്‍മികത നിയമാവലിയും) ചട്ടങ്ങള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ ചട്ടങ്ങളിലെ ഭാഗം-III ഓണ്‍ലൈനില്‍ പ്രത്യേകം തയ്യാറാക്കിയ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് (ഒടിടി പ്ലാറ്റ്ഫോമുകള്‍) വേണ്ടിയാണ്. നിലവില്‍ നിയമങ്ങളാല്‍ നിരോധിക്കപ്പെട്ട യാതൊരു ഉള്ളടക്കവും സംപ്രേഷണം ചെയ്യാന്‍ പാടില്ലെന്ന് മറ്റ് ചട്ടങ്ങള്‍ക്കൊപ്പം ഇതില്‍ വ്യക്തമാക്കുന്നു.
ചട്ടങ്ങളിലെ പട്ടികയില്‍ നല്‍കിയിരിക്കുന്ന പൊതു മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്ളടക്കം അഞ്ച് പ്രായപരിധി വിഭാഗങ്ങളായി തരംതിരിക്കാന്‍ നിയമം ആവശ്യപ്പെടുന്നു. കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. വാര്‍ത്തകളും സമകാലിക വിഷയങ്ങളും പ്രസിദ്ധീകരിക്കുന്നവര്‍ പാലിക്കേണ്ട ധാര്‍മിക നിയമാവലിയും ഈ ചട്ടങ്ങളില്‍ ഉള്‍പ്പെടുന്നു. 1995-ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് നിയമപ്രകാരം ബാധകമായ പ്രോഗ്രാം കോഡും 1978-ലെ പ്രസ് കൗണ്‍സില്‍ നിയമപ്രകാരം ബാധകമായ പത്രപ്രവര്‍ത്തക പെരുമാറ്റച്ചട്ടങ്ങളും പാലിക്കുന്നത് ഇതിലുള്‍പ്പെടുന്നു. വസ്തുതാവിരുദ്ധമോ തെറ്റിദ്ധരിപ്പിക്കുന്നതോ വ്യാജമോ അര്‍ധസത്യമോ ആയ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഈ രണ്ട് ചട്ടങ്ങളും വ്യവസ്ഥ ചെയ്യുന്നു.
കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ പരിശോധിക്കാന്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ 2019 നവംബറില്‍ ഒരു ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളില്‍ നിന്നോ വകുപ്പുകളില്‍ നിന്നോ അംഗീകൃത സ്രോതസ്സുകള്‍ വഴി വാര്‍ത്തകളുടെ ആധികാരികത പരിശോധിച്ച് ശരിയായ വിവരങ്ങള്‍ ഫാക്ട് ചെക്ക് യൂണിറ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കിടുന്നു.
സ്വകാര്യ ഉപഗ്രഹ ടിവി ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന എല്ലാ പരിപാടികളും പരസ്യങ്ങളും 1995-ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് (നിയന്ത്രണ) നിയമപ്രകാരം രൂപീകരിച്ച 1994-ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ചട്ടങ്ങളില്‍ നിര്‍ദേശിക്കുന്ന പ്രോഗ്രാം കോഡും പരസ്യ കോഡും പാലിക്കേണ്ടതുണ്ട്. ടിവി ചാനലുകളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് വിപുലമായ മാനദണ്ഡങ്ങള്‍ ഈ കോഡുകളിലുണ്ട്. അശ്ലീലമോ അപകീര്‍ത്തികരമോ മനഃപൂര്‍വ്വം കെട്ടിച്ചമച്ചതോ ആയ കാര്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന സൂചനകളോ അര്‍ദ്ധസത്യങ്ങളോ അടങ്ങിയതുമായ യാതൊരു പരിപാടിയും സംപ്രേഷണം ചെയ്യാന്‍ പാടില്ലെന്ന് മറ്റ് വ്യവസ്ഥകള്‍ക്കൊപ്പം പ്രോഗ്രാം കോഡ് വ്യക്തമാക്കുന്നു.
രാജ്യസഭയില്‍ ശ്രീ. തേജ്വീര്‍ സിങ്ങിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി ഡോ. എല്‍. മുരുകനാണ് ഈ വിവരങ്ങള്‍ നല്‍കിയത്.
***
( റിലീസ് ഐ.ഡി: 2227782)
സന്ദര്‍ശക കൗണ്ടര്‍ : 8