യു.പി.എസ്.സി
2026-ലെ സിവിൽ സർവീസസ് പരീക്ഷയ്ക്കും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്കും സമര്‍പ്പിച്ച അപേക്ഷകളില്‍ തിരുത്തലിന് മൂന്ന് ദിവസത്തെ ഒറ്റത്തവണ അവസരവുമായി യുപിഎസ്‌സി
പോസ്റ്റഡ് ഓണ്‍:
11 FEB 2026 5:14PM by PIB Thiruvananthpuram
2026-ലെ സിവിൽ സർവീസസ് പരീക്ഷയ്ക്കും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്കും സമർപ്പിച്ച അപേക്ഷാ ഫോമുകളിലെ തെറ്റുകൾ തിരുത്തുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ഒറ്റത്തവണ നടപടിയായി മൂന്ന് ദിവസത്തെ "കറക്ഷൻ വിൻഡോ" തുറക്കാൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ തീരുമാനിച്ചു. പൊതു അപേക്ഷാ ഫോറത്തിലും പരീക്ഷാ അപേക്ഷാ ഫോറത്തിലും ആവശ്യമായ തിരുത്തലുകൾ വരുത്താനും വിവരങ്ങൾ എഡിറ്റ് ചെയ്യാനും ഇതുവഴി ഉദ്യോഗാർത്ഥികൾക്ക് അവസരം ലഭിക്കും. 2025-ലെ ദേശീയ പ്രതിരോധ അക്കാദമി (NDA), നാവിക അക്കാദമി (NA) പരീക്ഷ (II), സിഡിഎസ് പരീക്ഷ (II) എന്നിവയുടെ ഉദ്യോഗാർത്ഥികൾക്ക് കഴിഞ്ഞ വർഷവും സമാന തിരുത്തൽ സൗകര്യം നൽകിയിരുന്നു.
യുപിഎസ്‌സി ഓൺലൈൻ അപേക്ഷാ പോർട്ടലിലെ ഹോം പേജില്‍ പ്രത്യേക കാർഡുകളിലായി ക്രമീകരിച്ച നാല് ഭാഗങ്ങളുണ്ട്. ഇതിൽ അക്കൗണ്ട് സൃഷ്ടിക്കല്‍, സാര്‍വത്രിക രജിസ്ട്രേഷൻ, പൊതു അപേക്ഷാ ഫോം എന്നീ മൂന്ന് ഭാഗങ്ങൾ എല്ലാ പരീക്ഷകൾക്കും പൊതുവായി ബാധകമായ വിവരങ്ങൾ ഉൾക്കൊള്ളുന്നവയാണ്. ഉദ്യോഗാർത്ഥികൾക്ക് എപ്പോൾ വേണമെങ്കിലും ഇവ പൂരിപ്പിക്കാം. ‘പരീക്ഷകൾ’ എന്ന നാലാമത്തെ ഭാഗം പരീക്ഷാ അധിഷ്ഠിത മൊഡ്യൂളാണ്. പരീക്ഷാ വിജ്ഞാപനങ്ങൾ, പരീക്ഷാ അപേക്ഷ, അപേക്ഷയുടെ നില എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
അപേക്ഷാ പ്രക്രിയ കൂടുതൽ പ്രാപ്യവും സുതാര്യവും ഉദ്യോഗാർത്ഥി സൗഹൃദവുമാക്കാൻ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്ന് തെറ്റുകള്‍ തിരുത്താനായി ഏര്‍പ്പെടുത്തുന്ന സംവിധാനത്തെക്കുറിച്ച് സംസാരിക്കവെ യുപിഎസ്‌സി ചെയർമാൻ ഡോ. അജയ് കുമാർ പറഞ്ഞു. അപേക്ഷ അന്തിമമായി സമർപ്പിക്കുന്നതിന് മുൻപ് പോർട്ടലിൽ ഒന്നിലേറെ പരിശോധനകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അപേക്ഷാ പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കാനും അപേക്ഷകരുടെ യഥാർത്ഥ ആശങ്കകൾ പരിഹരിക്കാനുമായാണ് പരിമിത തിരുത്തൽ സൗകര്യം ഒറ്റത്തവണ നടപടിയായി നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓൺലൈൻ അപേക്ഷാ പ്രക്രിയ അവസാനിച്ചതിന് ശേഷമാണ് മൂന്ന് ദിവസത്തെ തിരുത്തല്‍ അവസരം ലഭ്യമാവുക. കൃത്യമായ തീയതികൾ, അനുവദനീയ തിരുത്തലുകളുടെ പരിധി എന്നിവ സംബന്ധിച്ച് വിശദമായ നിർദേശങ്ങൾ യഥാസമയം കമ്മീഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
നേരത്തെയുണ്ടായിരുന്ന ഒറ്റത്തവണ രജിസ്ട്രേഷൻ മൊഡ്യൂളിന് പകരം 2025 മെയ് 28-നാണ് പുതിയ ഓൺലൈൻ അപേക്ഷാ പോർട്ടൽ ആരംഭിച്ചത്. 2026-ലെ സിവിൽ സർവീസസ് പരീക്ഷ, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷ എന്നിവയ്ക്ക് ഈ പോർട്ടൽ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
*****
( റിലീസ് ഐ.ഡി: 2226756)
സന്ദര്‍ശക കൗണ്ടര്‍ : 7